2023, ഡിസംബർ 25, തിങ്കളാഴ്‌ച

കലാപത്തിന്റെ നാട്

കഴിഞ്ഞ ഒരു മാസമായി കേരളം കലാപത്തിന്റെ നാടായി മാറുകയായിരുന്നു. ഇടതുപക്ഷ ഗവൺമെന്റിന്റെ നയങ്ങളും വികസനവും ജനങ്ങളുമായി ചർച്ചചെയ്യാൻ നടത്തിയ നവകേരള സദസിന്റെ മണ്ഡലങ്ങൾ തോറുമുള്ള യാത്രക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ ഉയർത്തിയ കരിങ്കൊടി പ്രതിഷേധത്തെ പോലീസും ഭരണപക്ഷ യുവജന സംഘടനകളും ചേർന്ന് മൃഗീയമായ രീതിയിൽ ആണ് കൈകാര്യം ചെയ്തത്. ഗവൺമെന്റിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക ഗവണ്മെന്റ് നയങ്ങളോടും പരിപാടികളോടും വിയോജിപ്പുള്ള ഓരോ പൗരന്റെയും അവകാശമാണ്. അങ്ങനെ പ്രതിഷേധിക്കുന്നവർ മന്ത്രിമാർക്കും മറ്റും തടസം ഉണ്ടാക്കാതെ നോക്കുക പോലീസിന്റെ കടമയാണ്. പ്രതിഷേധക്കാർ അക്രമാസക്തർ ആകാത്തിടത്തോളം അവരെ തടയേണ്ട ആവശ്യമില്ല. അക്രമാസക്തർ ആയാൽ അവരെ അറസ്റ്റ് ചെയ്തു നീക്കുക , കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനു നടപടിയെടുക്കുക ഇതാണ് പോലീസിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ പോലീസ് എക്കാലത്തും ഭരണപക്ഷത്തിന് സന്തോഷകരമാകും വിധത്തിൽ പ്രതിപക്ഷ സമരത്തെ ചോരയിൽ കുതിർത്തുക ആണ് ചെയ്തിട്ടുള്ളത് .ഏറ്റവും പുതിയതായി കണ്ടത് ഭരണപക്ഷ യുവജന സംഘടനയിലെ പ്രവർത്തകർ പോലീസിന്റെ ജോലി ഏറ്റെടുക്കുന്ന കാഴ്ചയാണ്. അവർ പോലീസിന്റെ പിടിയിലായ പ്രതിപക്ഷ യുവജന പ്രവർത്തകരെ ഹെൽമെറ്റും , ചെടിച്ചട്ടിയും കൊണ്ട് അടിച്ചു വീഴ്‌ത്തുന്ന കാഴ്ച അവിശ്വസനീയതയോടെ ആണ് കേരളം നോക്കികണ്ടത് . അവർ ചെയ്ത ക്രിമിനൽ പ്രവർത്തനത്തിന് കേസ് എടുക്കുന്നതിന് പകരം ജീവൻ രക്ഷാപ്രവർത്തകർ എന്ന് വിശേഷിപ്പിച്ചത് പാർട്ടി പ്രവർത്തകരെ മാത്രമേ സന്തോഷിപ്പിക്കാൻ തരമുള്ളു. നവകേരള സദസ്സ് എന്ന പേര് ആരാണ് ഇട്ടത് എന്നറിയില്ല. എന്തായാലും ആ പേരും, യാത്രക്ക് തിരഞ്ഞെടുത്ത സമയവും ഒട്ടും ശരിയായി എന്ന് തോന്നുന്നില്ല. കേരളം മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള സാമ്പത്തിക ഞെരുക്കത്തിലൂടെ ആണ് കടന്നു പോകുന്നത്. നിത്യനിതാന ചിലവിനു വരെ പണം കണ്ടെത്താൻ വിഷമിക്കുന്ന ഈ കാലത്ത് എങ്ങനെയാണ് നവകേരള സദസ്സ് നടത്താൻ കഴിയുക. ജനങ്ങളോട് പട്ടിണിയേയും പരിവട്ടത്തെയും കുറിച്ചല്ലാതെ വേറെന്താണ് പറയാനുള്ളത്? അപേക്ഷകൾക്ക് സ്പോട്ടിൽ തീരുമാനം എടുത്തായിരുന്നു ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടി അടത്തിയത്. അതിനെ അൽപ്പം പുശ്ചത്തോടെ ആണ്‌ അന്ന് കണ്ടിരുന്നതെങ്കിലും നവകേരള സദസ് അത് മാറ്റിയെടുത്തു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ജന മനസുകളിൽ കൂടുതൽ ആഴത്തിൽ പതിപ്പിക്കാൻ മാത്രമേ നവകേരള സദസ്സിനു കഴിഞ്ഞിട്ടുള്ളൂ എന്നതാണ് സത്യം. നാട് നന്നാവണം. സ്വജന പക്ഷപാതം, അഴിമതി ഇതൊന്നും ഉണ്ടാവരുത് . തൊഴിൽ മേഖലകൾ മെച്ചപ്പെടണം , നാട്ടുകാരുടെ കയ്യിൽ നിന്ന് കൂടുതൽ കരം പിരിച്ച് ഖജനാവ് നിറയ്ക്കാതെ , വ്യവസായങ്ങളിൽ നിന്നും, കൃഷിയിൽ നിന്നും തൊഴിലിൽ നിന്നുമൊക്കെ വരുമാനം ഉണ്ടാകുകയും, അങ്ങനെ ഖജനാവ് നിറയുകയും വേണം. ഒരു നല്ല ഭരണത്തിൽ നിന്ന് സാധാരണ ജനം പ്രതീക്ഷിക്കുന്നത് ഇവയൊക്കെയാണ്. എന്നാൽ ഇതൊന്നും അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. അതിനു ആത്മാർത്ഥതയും, അറിവും കൂടി ചേരണം. അക്കാദമികവും പ്രായോഗികവുമായ അറിവുണ്ടാകണം. വൃദ്ധ നേതൃത്തത്തിൽ നിന്നും അധികാരം ചെറുപ്പക്കാരിലേക്ക് കടന്നു വരണം. രോഗികൾ ആയ വൃദ്ധർ അധികാരത്തിൽ കടിച്ചു തൂങ്ങാതെ ജീവിതത്തിന്റെ അവസാന കാലം പ്രകൃതിയുടെ താളവും ലയവും മനസിലാക്കി വിശ്രമ ജീവിതം തിരഞ്ഞെടുക്കണം. ജനാധിപത്യത്തിന്റെ ഏറ്റവും മനോഹാരിത അതിന്റെ പരസ്പര ബഹുമാനമാണ്. ഭരണ പക്ഷം ആണ് ഇതിന് കൂടുതൽ ശ്രദ്ധിക്കേണ്ടത് . കാരണം അവർ ശക്തർ ആണ്. അവരുടെ കയ്യിൽ അധികാരം ഉണ്ട്. ഭരണത്തോട് പ്രതിഷേധം ഉണ്ടാവുക ജനാധിപത്യം നിലനിൽക്കുന്ന നാടുകളിൽ സാധാരണമാണ്. ഭരണം കൂടുതൽ നന്നാക്കാൻ അത് അവസരം നൽകും. അധികാരത്തിൽ ഇരിക്കുന്നവർ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എളിമയുള്ളവർ ആകണം. ഇലക്ഷൻ വരെ ജനത്തെ തൊഴുകയും ഇലക്ഷൻ കഴിഞ്ഞാൽ അവരെ പുച്ഛത്തോടെ കാണുകയും ചെയ്യുന്ന രീതി നമ്മുടെ മോഡൽ ജനാധിപത്യത്തിൽ സാധാരണം ആണ്. കാരണം ജനങ്ങളുടെ മനസിനെ സ്വാധീനിക്കാൻ കഴിയുന്ന കോർപ്പറേറ്റ് ഇലക്ഷൻ തന്ത്രങ്ങൾ ഒരുക്കി അടുത്ത തവണ അധികാരത്തിൽ വരാം എന്നവർക്കറിയാം. പക്ഷെ എക്കാലവും ഇത് നടക്കില്ല എന്ന് ഓരോ രാഷ്ട്രീയ പാർട്ടികളും ഓർക്കുന്നത് നന്ന്. ലോകത്തിന്റെ പല ഭാഗത്തും തിരിച്ചു വരാൻ ആവാത്ത വിധം കാലത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നത് ഗുണം ചെയ്യും. നേതൃത്തത്തെ തിരുത്തുകയും വിമർശിക്കുകയും ചെയ്യുന്ന അണികൾ ആണ് ഓരോ രാഷ്ട്രീയപ്പാർട്ടിക്കും ഉണ്ടാവേണ്ടത് .അടിമകൾ ആയ അണികൾ ഉള്ള ഏതു പ്രസ്ഥാനം ആയാലും അത് കാലത്തെ സാക്ഷിയാക്കി കടന്നു പോകുക തന്നെ ചെയ്യും.

2023, ഡിസംബർ 13, ബുധനാഴ്‌ച

ഹമാസിന്റെ ക്രൂരത

ഇസ്രയേലും പലസ്റ്റീനും തമ്മിലുള്ള യുദ്ധം അവസാനം ഇല്ലാതെ തുടരുകയാണ്. ലോകത്തിന്റെ പല ഭാഗത്തും റാലികൾ നടക്കുന്നു. എല്ലാവരും ഏതാണ്ട് പലസ്റ്റീന്റെ ഒപ്പം ആണ്. പതിനെണ്ണായിരത്തോളം പലസ്റ്റീനികൾ ആണ് ഡിസംബർ പകുതി ആകുമ്പോൾ മരണപ്പെട്ടിട്ടുള്ളത്. ഇസ്രായേലിന് നൂറിനടുത്ത സൈനികരും, 1200 സിവിലിയന്മാരും, നഷ്ട്ടപെട്ടിട്ടുണ്ട്. ഇരുന്നൂറോളം തടവുകാരിൽ നൂറോളം പേരെ തിരിച്ചു കിട്ടിയിട്ടുമുണ്ട്. അതിശയിപ്പിക്കുന്ന കാര്യം യുദ്ധം തുടങ്ങാൻ ഇസ്രയേലിനെ നിർബന്ധിച്ച സാഹചര്യം ആളുകൾക്ക് പ്രശനം അല്ല എന്നതാണ്. ബന്ദി ആക്കി കൊണ്ടുപോയവരെ വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കാൻ ആരും പറഞ്ഞു കേൾക്കുന്നില്ല. എന്താണ് ഹമാസ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നുമില്ല. ഹമാസിനെ എല്ലാവരും ന്യായീകരിച്ചു. പോരാളികൾ എന്ന് വിളിച്ച് പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടു തന്നെ ഇസ്രായേൽ തിരിച്ചടിച്ചപ്പോൾ മരണമടഞ്ഞ പതിനായിരങ്ങളുടെ ജീവനും, തകർന്നടിഞ്ഞ പട്ടണങ്ങൾക്കും , വീടുകൾക്കും,സ്വപ്നങ്ങൾക്കും മറുപടിപറയേണ്ടത് ഹമാസിന്റെ ഒപ്പം അവരെ പ്രോത്സാഹിപ്പിച്ച ലോക ജനത തന്നെയാണ്. ഒക്ടോബർ 7 ലേക്കല്ല നോക്കേണ്ടത്, അതിനുമുമ്പുള്ള സംഭവങ്ങളെ മറന്നുകളയരുത് എന്നാണ് ഹമാസ് അനുകൂലികൾ പറയുന്നത്. അതിനു മുമ്പത്തെ സംഭവങ്ങൾ എന്താണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇരുമ്പയുഗം തീരും മുമ്പേ പലസ്റ്റീൻപ്രദേശത്ത് താമസം തുടങ്ങിയവർ ആണ് യഹൂദന്മാർ. അസ്സീറിയക്കാരുടെയും ബാബിലോണിയരുടെയും കൊടിയ പീഡനത്തെ അതിജീവിക്കാൻ യഹൂദർക്കൊഴികെ പലസ്തീൻ പ്രദേശത്തുണ്ടായിരുന്ന മറ്റൊരു ജനതക്കും കഴിഞ്ഞില്ല. ഇസ്ലാം മതം പലസ്തീനിൽ വരുന്നത് AD 7 -ഴാം നൂറ്റാണ്ടോടെയാണ്. അത് വരെ പലസ്തീനിൽ 72 ശതമാനം ക്രിസ്ത്യാനികളും 17 ശതമാനം യഹൂദരും ഉണ്ടായിരുന്നു. ബാക്കി ശമര്യാക്കാരും . ഖലീഫ ഉമ്മർ നയിച്ച ആക്രമണത്തിൽ രാജ്യം മാത്രമല്ല മതവും ഉപേക്ഷിക്കേണ്ടി വന്ന ഒരു ജനത ആയിരുന്നു അന്ന് പലസ്തീനിൽ . യഹൂദർ മതം മാറ്റത്തെ ചെറുത്തപ്പോൾ ക്രിസ്ത്യാനികൾക്കും , ശമര്യക്കാർക്കും അതിന് കഴിഞ്ഞില്ല. പലസ്റ്റീനിൽ അറബികൾ സ്ഥിരതാമസം ആക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. അവിടം മുതൽ പാലസ്റ്റീന്റെ കഥ മറ്റൊന്നാണ്. ഇസ്രായേൽ രാഷ്ട്രം 1948 ൽ ഔപചാരികമായി പ്രഖ്യാപിക്കുമ്പോൾ പലസ്തീനിൽ യഹൂദരുടെ ജനസംഖ്യ 38 ശതമാനം ആയിരുന്നു. ആ ചെറിയ രാജ്യത്തെ ജീവിക്കാൻ സമ്മതിക്കാതെ അറബ് സഖ്യ രാജ്യങ്ങൾ എത്ര എത്ര യുദ്ധങ്ങൾ ചെയ്തു. ഒരു സ്വതന്ത്ര പലസ്തീൻ ഉണ്ടാക്കി ജീവിക്കാൻ ശ്രമിക്കാതെ ഇസ്രായേൽ എന്ന രാഷ്ട്രത്തെ ഇല്ലാതാക്കാൻ ആദ്യകാലത്ത് PLO ഒളിപ്പോരുമായി രംഗത്ത് വന്നു. അവർ സമാധാനത്തിന്റെ പാത സ്വീകരിച്ചപ്പോൾ ഹമാസ് തീവ്ര നിലപാടുമായി രംഗത്ത് വന്നു. നാലുപാടും ശത്രുക്കൾ വളഞ്ഞിരിക്കുന്നതിനാൽ ഇസ്രായേൽ മതിലുകൾ കെട്ടി സ്വയം രക്ഷിക്കാൻ ശ്രമിച്ചു. ഓരോ പലസ്തീൻകാരെയും സംശയത്തോടെ നോക്കാൻ തുടങ്ങി. അത് പലസ്തീൻകാരനോടുള്ള വിവേചനമായും പീഡനമായും മാറി. ഇസ്രയേലിന്റെ ഭയം ആണ് പലസ്തീൻകാരന്റെ യാതനക്ക് പിന്നിൽ. പരസ്പര വിശ്വാസവും, സഹകരണവും ആണ് അതിനുള്ള മരുന്ന്. ലോകത്തെ ഒരു ശക്തിക്കും തകർക്കാൻ പറ്റാത്തത്ര ശക്തമായ ഒരു രാഷ്ട്രം ആണ് കേരളത്തിന്റെ പകുതി മാത്രം വലിപ്പമുള്ള ഇസ്രായേൽ. അതിനെ തോൽപ്പിക്കാൻ എങ്ങനെ ഹമാസിന് കഴിയും? സ്വന്തം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഹമാസിന് കഴിയുന്നില്ല. ഏതു ഭീകര സംഘടനയും ചെയ്യും വിധം ഭൂമിക്കടിയിൽ അവർ മറഞ്ഞിരിക്കുകയാണ് . ആശുപത്രികളുടെയും സ്‌കൂളുകളുടെയും കീഴെ ഭീകര താവളങ്ങൾ തീർത്ത് ജനത്തെ കുരുതി കൊടുക്കുന്ന ഈ സംഘടനാ വിമർശിക്കപ്പെടേണ്ടതാണ്. നമ്മുടെ മതമോ, രാഷ്ട്രീയമോ അതിന് തടസമാവരുത്. യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് കീഴടങ്ങുക തന്നെ വേണം. അല്ലെങ്കിൽ ടണലുകളിൽ നിന്ന് പുറത്ത് വന്ന് ധീരമായി യുദ്ധം ചെയ്യണം. പലസ്തീൻ കാരനും ഒരു സ്വപ്നം ഉണ്ട്. ഈ ഭൂമിയിലെ വായു ശ്വസിച്ച് , പ്രകൃതി ആസ്വദിച്ച്, മക്കളും കൊച്ചുമക്കളുമായി അവർക്കും സമാധാനത്തോടെ ഇവിടെ ജീവിക്കണം. അതിന് സമാധാനം സ്ഥാപിക്കപ്പെടണം. ഭീകര സംഘടനകൾ ഇല്ലാതാവുകയും, ജനാധിപത്യ സംവിധാനങ്ങൾ ഉണ്ടാവുകയും വേണം.

2023, ഡിസംബർ 10, ഞായറാഴ്‌ച

ിലിസ്ത്യർ.

പലസ്റ്റീൻ ഇസ്രായേൽ സംഘർഷത്തിന്റെ സമയത്ത് അറിഞ്ഞിരിക്കേണ്ട ഒരു കൂട്ടർ കൂടിയുണ്ട് അവരാണ് ഫിലിസ്ത്യർ. ഇന്നത്തെ പലസ്തീൻ , ഇസ്രായേൽ പ്രദേശങ്ങൾ ആയ ഗാസ, എസ്കേലോൺ, അഷോട് , ഗെത്ത് , എക്രോൺ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് ഫിലിസ്ത്യർ താമസിച്ചിരുന്നത്.BC പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്ന് കുടിയേറിയ കടൽക്കൊള്ളക്കാർ ആയിരുന്നു ഫിലിസ്ത്യർ. ഫിലിസ്ത്യ എന്ന വാക്കിൽ നിന്നാണ് പലസ്തീൻ എന്ന വാക്ക് തന്നെ രൂപം കൊണ്ടത്. എന്നാൽ ഇന്നത്തെ പലസ്റ്റീൻ കാരും ഈ ഫിലിസ്ത്യരും തമ്മിൽ കാര്യമായ ബന്ധം ഒന്നും തന്നെയില്ല. പരസ്പരം കൃഷി നശിപ്പിക്കുക , ദേവാലയങ്ങൾ തീയിട്ടു നശിപ്പിക്കുക , ആളുകളെ കൊല്ലുക ഇതൊക്കെ ആണ് ഇസ്രയേലും ഫിലിസ്ത്യരും തമ്മിൽ നിത്യേന എന്നവണ്ണം അക്കാലങ്ങളിൽ നടന്നിരുന്നത് . ബൈബിൾ വായിച്ചിട്ടില്ലാത്തവർക്ക് ഈ ഫിലിസ്ത്യരെ അത്ര കണ്ട് പരിചയം ഉണ്ടാവില്ല. എന്നാൽ ഗോലിയാത്തിനെ തോൽപ്പിച്ച ദാവീദിനെ അറിയാത്തവർ ആയി ആരും ഉണ്ടാവില്ല. ഗോലിയാത്ത് ഒരു ഫിലിസ്ത്യൻ ആയിരുന്നു. ദാവീദ് ഇസ്രായേലുകാരനും . അത് പോലെ തന്നെയാണ് സാംസന്റെ കഥയും . ഇസ്രായേലി യോദ്ധാവ് ആയിരുന്നു സാംസൺ. സാംസൺ ഒറ്റയ്ക്ക് തന്നെ അനേകായിരം ഫിലിസ്ത്യരെ കൊന്നൊടുക്കിയിട്ടുണ്ട് . തങ്ങളുടെ ഈ വലിയ ശത്രുവിനെ ഏതു വിധേനയും നിഗ്രഹിക്കാൻ ഫിലിസ്ത്യർ തക്കം പാർത്തു നടന്നു. ദലീല എന്നൊരു ഫിലിസ്റ്റിയ പെൺകുട്ടിയെ അവർ അതിനായി ഉപയോഗിച്ചു .അവളുടെ പ്രണയ കുരുക്കിൽ വീണ് സാംസൺ ഫിലിസ്ത്യരുടെ തടവിലായെങ്കിലും അനേകായിരം ഫിലിസ്ത്യരുടെ ജീവനെടുത്തുകൊണ്ട് സ്വയം മരണം വരിച്ചാണ് സാംസൺ അതിന് പ്രതികാരം ചെയ്തത് . വലിയ ശത്രുക്കൾ ആയിരുന്നെങ്കിലും ദുരന്തങ്ങൾ ഒരുമിച്ചാണ് ഇരു കൂട്ടരും അനുഭവിച്ചത്‌. ആദ്യം അസ്സീറിയാക്കാരുടെ ആക്രമണം. പിന്നെ നെബുക്കത് നാസ്സറുടെയും. ഒരു പാട് ഫിലിസ്ത്യക്കാരും ഇസ്രയേല്യരും കൊല്ലപ്പെട്ടു. ചിലർ അടുത്ത രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഗണ്യമായ ഒരു ജനതയെ ബാബിലോണിയയിലേക്ക് അടിമകൾ ആയി പിടിച്ച് കൊണ്ട് പോയി. പിന്നീട് പേർഷ്യാക്കാർ ബാബിലോൺ ആക്രമിച്ചപ്പോൾ യഹൂദന്മാർ മോചിപ്പിക്കപ്പെട്ട് ഇസ്രായേലിലേക്ക് മടങ്ങിയെങ്കിലും ഫിലിസ്ത്യർക്ക് ഒരു മടക്കമുണ്ടായില്ല.അവർ ബാബിലോണിയരുമായി ഇടകലർന്നു സ്വന്തം അസ്തിത്വം നഷ്ട്ടപെടുത്തിക്കഴിഞ്ഞിരുന്നു. BC 63 ൽ റോമാക്കാർ ലെവന്ത് പ്രദേശങ്ങൾ ( ഇസ്രായേൽ , ജോർദാൻ, ഫിലിസ്ത്യ തുടങ്ങിയ ദേശങ്ങൾ) ആക്രമിച്ചു . ധാരാളം യഹൂദന്മാർ വീണ്ടും പ്രവാസികൾ ആയി. അവശേഷിച്ച ഫിലിസ്ത്യരും ഒരു ചെറു ജനസമൂഹം ആയി അപ്പോഴും ഉണ്ടായിരുന്ന യഹൂദരും, ശമര്യക്കാരും ഒക്കെ റോമൻ ഭരണത്തിന്റെ കീഴിൽ പലസ്റ്റീനിൽ കഴിയുന്ന നാളുകളിൽ ആണ് യേശുവിന്റെ ജനനം. പിന്നീട് ക്രിസ്തുമതം പ്രചരിച്ചപ്പോൾ നല്ലൊരു വിഭാഗം യഹൂദരും, ഫിലിസ്ത്യക്കാരും, ശമര്യക്കാരും അടങ്ങുന്ന ജനത ക്രിസ്ത്യാനികൾ ആയി മാറി. AD ഏഴാം നൂറ്റാണ്ടിൽ ഖലീഫ ഉമ്മർ ഈ പ്രദേശം ആക്രമിച്ചപ്പോൾ പാലസ്റ്റീനിൽ ആകെ ജനസംഖ്യയിൽ 17 ശതമാനം യഹൂദരും, 11ശതമാനം ശമര്യക്കാരും, 72 ശതമാനം ക്രിസ്ത്യാനികളും ആയിരുന്നു. ഖലീഫ ഉമ്മറിന്റെ കൂടെ ധാരാളം അറബ് മുസ്‌ലിംസ് ഈ പ്രദേശത്ത് എത്തിച്ചേരുകയും സ്ഥിരതാമസം ആക്കുകയും ചെയ്തു. കാലക്രമത്തിൽ നല്ലൊരു ശതമാനം യഹൂദ ക്രിസ്ത്യാനികളും, ശമര്യക്കാരും ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തതോടെ പലസ്റ്റീനിലെ ജനസംഖ്യയിൽ ഭൂരിഭാഗം മുസ്‌ലിം ജനവിഭാഗം ആയി മാറി. ഇന്നത്തെ പലസ്റ്റീൻകാരുടെ വേരുകൾ തേടി പോയാൽ നമ്മൾ ചെന്നെത്തുക , യഹൂദരിലും, മണ്മറഞ്ഞു പോയ ഫിലിസ്റ്റിയരിലും , ശമര്യക്കാരിലും, അറബികളിലും ഒക്കെയാണ്.

2023, ഡിസംബർ 6, ബുധനാഴ്‌ച

അറബികൾ

ആരാണ് അറബികൾ എന്നത് പലർക്കും നിശ്ചയം ഇല്ലാത്ത കാര്യം ആണ് . മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ താമസിക്കുന്ന മുസ്ലീങ്ങൾ ആണ് അറബികൾ എന്നാണ് പൊതുവെ ഉള്ള ധാരണ. ഇസ്ലാം മത വിശ്വാസികളിൽ നിലനിൽക്കുന്ന ഒരു ധാരണ ഇസഹാക്കിന്റെ പുത്രനായ ഇസ്മായേലിന്റെ സന്തതി പരമ്പരകൾ ആണ് അറബികൾ എന്നാണ് . യഹൂദരും അറബികളും രണ്ടു വംശങ്ങൾ ആണെന്നാണ് വിശ്വാസം. എന്നാൽ ഇതിൽ വസ്തുതാ പരമായ പല പ്രശ്നങ്ങളും ഉണ്ട്. അറബി എന്നത് കേവലം ഒരു സമൂഹം അല്ല. അത് ഒരു വംശം ആണ്. ഇസഹാക്കിന്റെ പുത്രൻ ഇസ്മായേൽ ആണ് അറബികളുടെ പിതാവ് എന്ന് വന്നാൽ ഇസ്മായേലിന്റെ പിതാവ് അനറബിയും, പുത്രൻ അറബിയും ആയി മാറുന്ന ഒരു വിചിത്ര പ്രതിഭാസം ഉടലെടുക്കും. എന്നാൽ ക്രോമോസോം പഠനങ്ങൾ കാണിക്കുന്നത് അറബികളും യഹൂദന്മാരും സഹോദരന്മാർ ആണെന്നാണ്. അവരുടെ Y ക്രോമോസോമുകൾ തമ്മിൽ നല്ല സാമ്യതയാണുള്ളത്. അതായത് അറബി എന്ന വംശത്തിന്റെ വിത്ത് യഹൂദരിലും ഉണ്ട്. അപ്പോൾ യഹൂദനും അറബി ആണ്. ഇസഹാക്ക് അറബി ആണെങ്കിൽ അബ്രഹാമും അദ്ദേഹത്തിന്റെ പ്രപിതാമഹൻ നോഹയും അറബി ആയിരിക്കും. നോഹയും കുടുംബവും ആണ് പ്രളയത്തിന് ശേഷം ഭൂമിയിൽ അവശേഷിച്ച മനുഷ്യർ. നോഹക്ക് മൂന്ന് മക്കൾ . ശേം, ഹാം , ജഫേത് എന്നിവരാണ് അവർ. ഇതിൽ ശേമിന്റെ പരമ്പരയിൽ വരുന്നതാണ് ക്രിസ്ത്യാനികളുടെയും, മുസ്ലീങ്ങളുടെയും, യഹൂദരുടെയും പിതാവായ അബ്രഹാം . പ്രളയത്തിന് ശേഷം നോഹയും കുടുംബവും പിന്നെ നോഹ രക്ഷിച്ച ജീവജാലങ്ങളും ഒഴികെ ബാക്കി എല്ലാ ജീവികളും നശിച്ചു പോയെങ്കിൽ നോഹയുടെ സന്തതികൾ ആയിരിക്കും ഇന്ന് ഭൂമിയിൽ ഉള്ളവർ എല്ലാം. അങ്ങനെയെങ്കിൽ നിങ്ങളും ഞാനുമെല്ലാം നോഹയുടെ മക്കൾ. നമ്മൾ എല്ലാം അറബികൾ. അങ്ങനെയല്ലേ വരുക? ദ്രാവിഡനും ആര്യനും ഒന്നുമില്ല. അറബികൾ മാത്രം. മത ഗ്രന്ഥങ്ങളിലൂടെ ചരിത്രം തിരയാനിറങ്ങി പുറപ്പെട്ടാൽ നമ്മൾ ചെന്നെത്തുന്നത് ഇത്തരം കണ്ടെത്തലുകളിൽ ആണ്. ഇന്ന് നമുക്ക് ലഭിച്ച അറിവുകളുടെ വെളിച്ചത്തിൽ ആഫ്രിക്കയിൽ ആണ് ആദിമ മനുഷ്യർ രൂപം കൊണ്ടത് എന്ന നിഗമനത്തിൽ ആണ് എത്തിച്ചേർന്നിട്ടുള്ളത് . 1,25,000 വര്ഷത്തിനും 60,000 വർഷത്തിനും ഇടയിൽ ആഫ്രിക്കയിൽ നിന്ന് പോന്ന ആദിമ വർഗക്കാരിൽ ചിലർ തൊട്ടടുത്ത പ്രദേശമായ അറേബ്യൻ മണലാരണ്യങ്ങളിൽ താമസമാക്കി. മറ്റു ചിലർ തെക്കേ ഏഷ്യയിലേക്കും, ഓസ്‌ട്രേലിയ , യൂറോപ്പ് , അമേരിക്ക എന്നീ പ്രദേശങ്ങളിലും ഒക്കെ ആയി കുടിയേറി പാർത്തു. ഇതിൽ അറേബ്യൻ പ്രദേശത്ത് എത്തി ചേർന്ന ആദിമ വർഗക്കാരുടെ സന്തതി പരമ്പരകൾ ആണ് അറബികൾ എന്നറിയപ്പെടുന്നത്. കാട്ടറബികൾ എന്നറിയപ്പെടുന്ന നൊമാഡുകളായ ബുഡുവിൻ ഗോത്ര വർഗ്ഗങ്ങളും ഇതിൽ പെടുന്നു. അറബികൾ പല ഗോത്രങ്ങൾ ആയി കാലക്രമത്തിൽ പിരിഞ്ഞിട്ടുണ്ട്. അതിൽ ഒരു ഗോത്രം ആണ് യഹൂദാ ഗോത്രം. മറ്റൊന്ന് ഖുറേഷി ഗോത്രം. ഇനിയും അനേകം ഗോത്രങ്ങൾ ഉണ്ട്. എണ്ണിയാൽ ഒടുങ്ങാത്തത്ര ദൈവങ്ങളെ ആരാധിച്ചു പോന്നിരുന്ന അനേകം അറബി ഗോത്ര സമൂഹങ്ങളുടെ പിന്മുറക്കാർ മിഡിൽ ഈസ്റ്റിലും, നോർത്ത് ആഫ്രിക്കയിലും ഒക്കെയായി ജീവിച്ചു പോരുന്നുണ്ട്. ക്രിസ്തുവിന് ശേഷം യഹൂദരിൽ നല്ലൊരു വിഭാഗം ക്രിസ്ത്യാനികൾ ആയി മാറി. യഹൂദർ മാത്രമല്ല ഇതര അറബി ഗോത്രങ്ങളിലെ ആളുകളും പുതുതായി രൂപം കൊണ്ട് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തുമതത്തിൽ ചേർന്നു . അങ്ങനെ അറബി യഹൂദരെ കൂടാതെ അറബി ക്രിസ്ത്യാനികളും ഉണ്ടായി. അവർ അറേബിയയിൽ വലിയ ഒരു ക്രിസ്ത്യൻ സമൂഹമായി വളരുകയും രാഷ്ട്രങ്ങൾ കെട്ടിപ്പെടുക്കുകയും ചെയ്തു. ലെബനൻ , ജോർദാൻ, സിറിയ, പാലസ്റ്റീൻ , ഇറാക്ക് , ഈജിപ്ത് മുതലായ രാജ്യങ്ങളിൽ എല്ലാം ഇസ്ലാം മതംപ്രചരിക്കുന്നതു വരെ പ്രധാന മതം ക്രിസ്തുമതം ആയിരുന്നു. എങ്കിലും ബഹു ദൈവ ആരാധന നിലവിലുണ്ടായിരുന്ന പല ഗോത്രങ്ങളും അതോടൊപ്പം തന്നെ ഉണ്ടായിരുന്നു. അത്തരത്തിൽ ഒരു ഗോത്രം ആയിരുന്നു ഖുറേഷി ഗോത്രം. മുഹമ്മദ് നബി ഈ ഗോത്രത്തിൽ ആണ് പിറന്നത്. AD ആറാം നൂറ്റാണ്ടിൽ അറേബിയയിൽ ഇസ്‌ലാം മതം സ്ഥാപിക്കപ്പെടുന്നതോടെ യഹൂദ, ക്രിസ്ത്യൻ അറബികളിൽ നല്ലൊരു പങ്കും ഇസ്ലാം മതവിശ്വാസികൾ ആയി മാറി. ഇന്ന് ഇസ്‌ലാം എന്നതിന്റെ പര്യായ പദം പോലെ ആയി തീർന്നിരിക്കുന്നു അറബി എന്ന വാക്ക് .

2023, നവംബർ 17, വെള്ളിയാഴ്‌ച

ക്രിസംഘി

ക്രിസംഘി വളരെ പെട്ടെന്ന് നമ്മുടെ സമൂഹത്തിൽ ഉരുത്തിരിഞ്ഞു വന്ന വാക്കുകളിൽ ഒന്നാണ് ക്രിസംഘി . ഈ വാക്ക് ആദ്യമായി കേൾക്കുന്നത് ഒരു കത്തോലിക്കാ പുരോഹിതൻ ഇടയ ജനങ്ങളോട് മതപരമായ കാര്യങ്ങളിൽ എടുക്കുന്ന തീവ്ര നിലപാടുകൾ കാരണം മറ്റുള്ളവർ ഇപ്പോൾ നമ്മളെ ക്രിസംഘികൾ എന്നാണ് വിളിക്കുന്നത് . ആ വിളി ഒഴിവാക്കണം . എല്ലാവരും കരുതലോടെ പ്രവർത്തിക്കണം എന്നൊക്കെ പറയുന്ന ഒരു വീഡിയോ കണ്ടപ്പോൾ ആണ്. അത് പോലെ തന്നെ പെട്ടെന്ന് ഉണ്ടായ ചില വാക്കുകൾ ആണ് . കൊങ്ങി , കമ്മി, സുഡാപ്പി ,മുതലായവ. സംഘി നേരത്തെ ഉണ്ടായിരുന്നതാണ് . എമുക്കൾ എന്ന് പറയുന്ന ഒരു വിഭാഗവും നിലവിൽ ഉണ്ട്. ഇസ്ലാം മതം വിട്ട അവിശ്വാസികൾ ആണ് എമുക്കൾ . ഇത് കൂടാതെ മുസംഘി എന്ന ഒരു പുതിയ കൂട്ടരും രൂപം കൊണ്ട് വരുന്നു. മുസംഘികൾ ക്രിസന്ഘികളെ പോലെ തന്നെയാണ് . മുസ്‌ലിം മതത്തിലെ വിശ്വാസികൾ ആയ കൂട്ടരാണ് . പക്ഷെ ഇവർ ഇസ്ലാം മതത്തിലെ മാമൂലുകൾക്ക് എതിരാണ്. ഒരു സംഘി ലൈൻ. കേരളീയ സമൂഹം പൊതുവെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നവർ ആണ് . അതിന്റെ ഒരു ബഹുമാനം സംസ്ഥാനം വിട്ട് യാത്ര നടത്തുമ്പോൾ നമുക്ക് കിട്ടാറുമുണ്ട് .ഉയർന്ന വിദ്യാഭ്യാസവും മതപരമായ കാര്യങ്ങളിൽ നമ്മൾ വച്ച് പുലർത്തുന്ന സഹവർത്തിത്തവും ഒക്കെ ആണ് അതിനു കാരണം. എന്നാൽ ഇന്ന് കാര്യങ്ങൾ വ്യത്യസ്തമായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയ ശക്തമായതും , രാഷ്ട്രീയക്കാരുടെ ഇടപെടലുകളും ഒക്കെ ആണ് ഈ ധ്രൂവീകരണത്തിന് പിന്നിൽ. ഹിന്ദു ഇസ്‌ലാം പ്രശ്നങ്ങൾ സ്വാതന്ത്ര്യത്തിന് മുമ്പേ ഉണ്ടായിരുന്നതാണ്. വിഭജനം അത് ആളിക്കത്തിച്ചു . പക്ഷെ നമ്മുടെ നാട്ടിൽ സമാധാനം നിലനിന്നു. കാരണം പുറത്ത് നടക്കുന്നത് നമ്മൾ ആരും അറിഞ്ഞില്ല . അറിയാത്തകാര്യങ്ങൾ പറഞ്ഞു കുത്തി തിരിപ്പിക്കാൻ അന്നത്തെ രാഷ്ട്രീയക്കാരും ശ്രമിച്ചില്ല. എന്നാൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും വളരെ സൗഹാർദ്ദത്തിൽ ആണ് ഇവിടെ കഴിഞ്ഞിരുന്നത്. അവർ തമ്മിൽ ഒരു സംഘട്ടനവും നടന്നതായി പറഞ്ഞു കേട്ടിട്ട് പോലും ഇല്ല. പഴയ കുരിശുയുദ്ധത്തിന്റെ വൈര്യം ഒന്നും ഇവിടെ ഇല്ലായിരുന്നു. കാരണം ബഹു ഭൂരിപക്ഷത്തിനും അതെന്താണെന്നു പോലും അറിയില്ല. എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിൽ നിരന്തരം സംഘർഷത്തിൽ ആയിരുന്നു. ആ സംഘർഷത്തിലെ ഒരേടാണ് ക്രിസ്ത്യൻ ദേവാലയം ആയിരുന്ന തുർക്കിയിലെ ഹഗ്ഗിയ സോഫിയ മ്യൂസിയം അവിടുത്തെ സർക്കാർ മുസ്‌ലിം ദേവാലയം ആക്കി മാറ്റുന്നത്. സാധാരണ ഗതിയിൽ നമ്മളെ അത് ബാധിക്കേണ്ട കാര്യം ഇല്ല. തുർക്കിയിലെ മ്യൂസിയം അവിടുത്തെ സർക്കാരിന് ഇഷ്ടമുള്ളതു പോലെ ചെയ്യട്ടെ . അതിനെതിരെ അവിടുത്തെ ക്രിസ്ത്യാനികൾ പ്രതിഷേധിക്കട്ടെ . അങ്ങനെ കരുതിയാൽ മതി. എന്നാൽ ഒരു മുസ്‌ലിം രാഷ്ട്രീയ നേതാവ് അദ്ദേഹത്തിന്റെ പാർട്ടി പത്രത്തിൽ ഹഗ്ഗിയ മ്യൂസിയം മോസ്‌ക്ക് ആക്കി മാറ്റിയതിനെ അനുകൂലിച്ച് ലേഖനം എഴുതി. തുർക്കി സർക്കാരിനെ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്തു. ഇത് കേരളത്തിലെ ക്രിസ്ത്യൻ വിശ്വാസികളെ വിഷമിപ്പിച്ചു. ജോസഫ് സാറിന്റെ കൈ വെട്ടി ക്രിസ്ത്യാനികളെ ഒരേ സമയം അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തതിന്റെ കൂടെയാണിത്. അങ്ങനെ മുസ്‌ലിം സമൂഹത്തിൽ കേരളത്തിലെ ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന വിശ്വാസം തകർന്നു. ഈ അന്തരീക്ഷത്തെ രാഷ്ട്രീയ പാർട്ടികൾ എല്ലാവരും നന്നായി മുതലെടുത്തു . ക്രിസ്ത്യാനികളെ കൂടെ നിർത്താനും, മുസ്ലീങ്ങളെ കൂടെ നിർത്താനും, രണ്ടു പേരെയും കൂടെ നിർത്താനും ഒക്കെ വലിയ പ്രവർത്തനങ്ങൾ നടന്നു. ക്രിസന്ഘികളുടെ ജനനം ഈ സാഹചര്യത്തിൽ ആണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ പലസ്തീന്റെ പേരിൽ ഇവിടെ വെറുപ്പ് വളർത്തുകയാണ്. ഇസ്ലാമിന്റെ ചോര കണ്ടു രസിക്കുന്ന കഴുതപ്പുലികൾ ആണ് ക്രിസ്ത്യാനികൾ എന്നാണു ഒരു രാഷ്ട്രീയ പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. പലസ്തീൻ വിഷയത്തിൽ നമ്മുടെ രാജ്യം ഒരു തീരുമാനം എടുത്തിട്ടുണ്ട്. അത് ഹമാസിന് എതിരും, പലസ്തീനികൾക്ക് അനുകൂലവും ആണ്. പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നതുമാണത് . പലസ്തീനിൽ മുസ്ലീങ്ങൾ അല്ല അക്രമത്തിന് ഇരയാകുന്നത് . അറബികൾ ആണ് . ആ അറബികളിൽ 2,14,000 യഹൂദന്മാരും , 50,000 ക്രിസ്ത്യാനികളും ഉണ്ട്. ബോംബ് വന്ന് വീഴുന്നത് എല്ലാവരുടെയും മീതെ ആണ്. കൊല്ലപ്പെടുന്നതും, അനാഥർ ആക്കപെടുന്നതും ഇവരൊക്കെ തന്നെയാണ്.. ഇതാണ് പലസ്റ്റീന്റെ അവസ്ഥ. അപ്പോൾ പിന്നെ എന്തിനാണ് മുസ്ലീങ്ങൾ മാത്രമായി പ്രതിഷേധിക്കുന്നത്? ഇസ്രയേലിന്റെ കടന്നു കയറ്റങ്ങൾ , മനുഷ്യാവകാശ നിഷേധങ്ങൾ ഒക്കെ ലോകത്തിന് പരിഹരിക്കേണ്ട പ്രശ്നങ്ങൾ ആണ്. അതിന് പലസ്തീനികൾക്ക് നമ്മൾ പിന്തുണ കൊടുക്കേണ്ടതാണ്. അതിനോടൊപ്പം തന്നെ ഹമാസ് എന്ന സംഘടന നടത്തിയ ഒക്ടോബർ 7 ലെ നരനായാട്ട് നമുക്ക് എങ്ങനെ ന്യായീകരിക്കാൻ പറ്റും? PLO യെ പോലുള്ള ഒരു സംഘടന അല്ല ഹമാസ്. ഇസ്രായേലിൽ ഒളിച്ചു കടന്ന് കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തി ഇരുന്നൂറിൽ അധികം ആളുകളെ തട്ടിക്കൊണ്ട് പോയ പ്രവർത്തനത്തെ എങ്ങനെ ആണ് ലോകത്തിന് ഭീകരപ്രവർത്തനം അല്ല എന്ന് പറയാൻ പറ്റുക? അതിന്റെ പേരിൽ ഇസ്രായേൽ കൊന്നൊടുക്കിയ പതിനായിരങ്ങളുടെ ജീവന് ആരാണ് സമാധാനം പറയുക? തട്ടിക്കൊണ്ട് പോയ ബന്ദികളെ വിട്ടുകൊടുത്തു യുദ്ധം അവസാനിപ്പിക്കാൻ അവർ തയ്യാറുമല്ല. ലോകത്തിന്റെ മുമ്പിൽ പരിഹരിക്കപ്പെടേണ്ട ഒരു പ്രശനം ആണിത്. ഈ കേരളത്തിൽ കിടന്ന് നമ്മൾ മതം തിരിഞ്ഞും രാഷ്ട്രീയം തിരിഞ്ഞും തമ്മിൽ തല്ലിയത് കൊണ്ട് നമ്മുടെ സാമുദായിക അന്തരീക്ഷം മോശമാക്കാം എന്നല്ലാതെ മറ്റെന്തു ഗുണമാണുള്ളത്? അത് കൊണ്ട് രാഷ്ട്രീയക്കാരെ, മുട്ടനാടുകളുടെ ചോര കുടിക്കുന്ന തന്ത്രം അവസാനിപ്പിച്ച് സ്വന്തം രാജ്യത്തിന്റെ, സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്ന് ചേർന്ന് പ്രവർത്തിക്കുക. ഒരു ജനത ആയി നമുക്ക് ഏറെ ദൂരം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്.

2023, നവംബർ 4, ശനിയാഴ്‌ച

നഗോർണോ കൊറോബ

നഗോർണോ കൊറോബ മറ്റൊരു പാലസ്റ്റീൻ ആണ് .പാലസ്റ്റീനിൽ നിന്ന് 29 മണിക്കൂർ കാറിൽ സഞ്ചരിച്ചാൽ എത്തിച്ചേരാവുന്നത്ര അടുത്താണ് ഈ പ്രദേശം. പഴയ സോവിയറ്റ് രാജ്യമായ അസർബൈജാന്റെ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന 4403 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ഈ പ്രദേശത്ത് വസിക്കുന്നത് അർമേനിയൻ ക്രിസ്ത്യാനികൾ ആണ്. സോവിയറ്റ് ഭരണകാലത്ത് അർമേനിയയിൽ നിന്ന് അടർത്തിയെടുത്ത് അസിർബൈജാന്റെ കൂടെ ചേർത്തതാണ് ഈ പ്രദേശം. അർമേനിയ ഒരു ക്രിസ്ത്യൻ രാഷ്ട്രവും അസിർബൈജാൻ ഒരു മുസ്‌ലിം രാഷ്ട്രവും ആണ്. അസിർബൈജാന്റെ അതിർത്തിക്കുള്ളിൽ ആണ് നഗോർണോ എങ്കിലും , അവിടുത്തെ ജനങ്ങളും ഭരണകൂടവും അർമേനിയയോട് കൂറ് പുലർത്തുന്നവർ ആണ്. അസിർബൈജാന് ആ പ്രദേശത്ത് കാര്യമായ സ്വാധീനം ഇല്ല. ഇതിന്റെ പേരിൽ അർമേനിയയും അസിർബൈജാനും ഒരുപാട് യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്. സൈനികരും ജനങ്ങളും ഉൾപ്പെടെ ഏതാണ്ട് 30,000 ആളുകളോളം ഇതിനകം മരണമടഞ്ഞു കഴിഞ്ഞു. അവസാന യുദ്ധം അരങ്ങേറിയത്‌ 2023 സെപ്റ്റംബർ 19നാണ് . ടാങ്കുകളും, പടക്കോപ്പുകളും ഒക്കെയായി അസിർബൈജാൻ പട്ടാളം നഗോർണോയിൽ ഇരച്ചു കയറി. ഒരു ലക്ഷത്തി ഇരുപതിനായിരം ജനങ്ങൾ മാത്രമുള്ള ഈ പ്രദേശത്ത് അരങ്ങേറിയ നരനായാട്ടിൽ 200 ഓളം ആളുകൾ ആണ് മരിച്ചത്. ഒരു ലക്ഷത്തോളം ആളുകൾ വീടും നാടും ഉപേക്ഷിച്ച് കുട്ടികളെയും വൃദ്ധരെയും ഒക്കെ കൂട്ടി അർമേനിയയിലേക്ക് പലായനം ചെയ്തു. ശേഷിക്കുന്ന ആളുകളെ അസിർബൈജാൻ പട്ടാളം വളഞ്ഞിരിക്കുക ആണ്‌ . വെള്ളവും, വൈദുതിയും, ഇന്ധനവും, മരുന്നുകളും ഒക്കെ തടയുന്നതിനായി നഗോർണ്ണോക്ക് ചുറ്റും ഉപരോധം തീർത്തിരിക്കുക ആണവർ. AD നാലാം നൂറ്റാണ്ടു മുതൽ തനത് സംസ്ക്കാരവും, മതവിശ്വാസവും പിന്തുടർന്നുവന്ന ഒരു ജനതയെ ആ നാട്ടിൽ നിന്നും പൂർണമായും തുടച്ചു നീക്കുക ആണ് ഈ സൈനീക നീക്കത്തിലൂടെ അസിർബൈജാൻ. നഗോർണോയിലെ ഈ കൂട്ട കുരുതി നമ്മൾ ആരും അറിഞ്ഞില്ല. പത്രങ്ങളും മറ്റു മാധ്യമങ്ങളും അങ്ങനെ ഒരു സംഭവമേ ഉള്ളതായി റിപ്പോർട്ട് ചെയ്തില്ല. ലോകം മുഴുവൻ പാലസ്റ്റീൻ ജനതയോട് ഐക്യപ്പെടുമ്പോഴും നഗോർണോയിലെ പീഡിത ക്രൈസ്തവരെ ആരും കണ്ടതായി ഭാവിച്ചില്ല. അതിന് ഒറ്റ കാരണമേ ഉള്ളൂ. അർമേനിയൻ ക്രൈസ്തവർക്ക് ലോക രാജ്യങ്ങളിലെ രാഷ്ട്രീയത്തിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിയില്ല എന്നത് തന്നെ. ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘട്ടനത്തെ മുസ്ലീങ്ങളെ നശിപ്പിക്കാനുള്ള ജൂത അജണ്ട ആയാണ് മുസ്ലിം രാജ്യങ്ങൾ പൊതുവെ നോക്കി കാണുന്നത്. അത് കൊണ്ടാണ് മുസ്ലിം രാജ്യങ്ങളോട് ഇസ്രയേലിനെതിരെ അണി നിരക്കാൻ ആഹ്വാനം ചെയ്യുന്നത്. എന്നാൽ നഗോർണോയിലെ നിസ്സഹായരായ ക്രൈസ്തവരെ പീഡിപ്പിക്കുന്നത് അസിർബൈജാനിലെ ഇസ്‌ലാം ഭരണകൂടം ആണ്‌ . അസിർബൈജാന് ആയുധം നൽകി കൂടെ നിക്കുന്ന സുഹൃത്ത് ആരാണെന്നറിഞ്ഞാൽ നമ്മൾ ഞെട്ടും. അത് മറ്റാരുമല്ല ഇസ്രായേൽ ആണ്. ഒരിടത്ത് യഹൂദൻ ഇസ്ലാമിന്റെ ശത്രുവായി പരിഗണിക്കപ്പെടുമ്പോൾ മറ്റൊരിടത്ത് ഇസ്ലാമിന്റെ ഉറ്റ മിത്രവും ആകുന്ന അതിശയിപ്പിക്കുന്ന കാഴ്ച. ഇസ്രായേൽ അസിർബൈജാന്റെ കൂടെയെങ്കിൽ ഇറാൻ ആരുടെ കൂടെയായാണ്? ഉറപ്പായും അർമേനിയയുടെ കൂടെത്തന്നെ. വിചിത്രമായ ഈ ബന്ധങ്ങളിൽ നിഴലിക്കുന്നത് ആയുധകച്ചവടത്തിന്റെ രാഷ്ട്രീയം ആണ്‌ . അതിന് ഇര ആകുന്നതോ സാധാരണ ജനങ്ങളും. ഇത് തിരിച്ചറിയുന്നതിൽ ജനങ്ങൾ പരാചയപെടുന്നു എന്നിടത്താണ് കച്ചവടക്കാരുടെ വിജയം. പലസ്തീനിലെ ഉൾപ്പെടെ ലോകത്ത് നിസ്സഹായാർ ആയ ജനതയുടെ മേൽ അധികാരത്തിന്റെ തേർവാഴ്ച നടത്തുന്നവർക്കെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്തം എല്ലാ ജനങ്ങളുടേതും ആണ്. അതിന് ജാതി തിരിഞ്ഞും , രാഷ്ട്രീയം നോക്കിയും, പ്രതികരിക്കുന്നതും, പ്രതികരിക്കാൻ ആഹ്വാനം നൽകുന്നതും ലോകത്തിന്റെ തന്നെ നില നിൽപ്പ് അപകടത്തിൽ ആക്കുന്ന പ്രവണത ആണ്.

2023, ഒക്‌ടോബർ 22, ഞായറാഴ്‌ച

പലസ്തീൻ

പലസ്തീൻ ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം എന്നും വേദനയുടേതാണ്. എല്ലാ യുദ്ധത്തിലും ചോര മണക്കുമെങ്കിലും ഇവിടെ അതിൽ വൈകാരികത കൂടി കലരുന്നു. ഈ സംഘർഷങ്ങളെ ഇസ്‌ലാം - ജൂത യുദ്ധമായി നോക്കി കാണാനാണ് പൊതുവെ ശ്രമിക്കുന്നത്. എന്നാൽ ഇത് ഒരു മതപരമായ പ്രശനം അല്ലേ അല്ല. തദ്ദേശവാസികളും കടന്നു കയറ്റക്കാരും തമ്മിലുള്ള സംഘർഷം ആണ്. ഇതിൽ ആരാണ് കടന്നു കയറിയത് , ആരാണ് തദ്ദേശവാസികൾ എന്നതിൽ മാത്രമാണ് തർക്കമുള്ളത്‌ . എല്ലാവരും വിചാരിക്കുന്നത് രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലും ചിതറി പോയ യഹൂദരെ ഒരു പുതിയ രാഷ്ട്രം ഉണ്ടാക്കി അധിവസിപ്പിക്കുക ആണ് ഉണ്ടായത് എന്നാണ് . എന്നാൽ അങ്ങനെ അല്ല. ഗണ്യമായ ഒരു ജൂത സമൂഹം ആ നാട്ടിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം. യേശുവിനെ ക്രൂശിച്ച കയ്യഫാസും, ഹെരോദാവും ഒക്കെ നയിച്ചിരുന്ന ഒരു വലിയ യഹൂദ കൂട്ടായ്മ അവിടെ ഉണ്ടായിരുന്നു. അധികാരം ഇല്ലാതെ, സാധാജനക്കൂട്ടമായി . ഇന്നത്തെ പലസ്തീൻ , ഇസ്രായേൽ , ജോർദാൻ, ലെബനൻ ഒക്കെ ഉൾക്കൊള്ളുന്ന പഴയ പലസ്‌തീനിൽ ഒരു ഇസ്രായേൽ രാജ്യം സ്ഥാപിതമായിരുന്നു എന്ന് ബൈബിൾ പറയുന്നുണ്ട്. BC 1035 ൽ ശൗൽ രാജാവ് ഇസ്രായേൽ എന്ന രാജ്യം ഭരിച്ചിരുന്നതായും, തുടർന്ന് ദാവീദ്, ശലോമോൻ തുടങ്ങിയവരുടെ നേതൃത്തത്തിൽ രാജ്യം സുസ്ഥിരമായിരുന്നതായും പറയപ്പെടുന്നു. ഇസ്രായേൽ , ജൂദ എന്നീ രണ്ടു രാജ്യങ്ങൾ ആയി അത് പകുക്കപ്പെടുകയും തുടർന്ന് അസിറിയ ക്കാരുടെയും , ബാബിലോണിയരുടെയും ആക്രമണത്തിൽ രാജ്യം തകരുകയും , ധാരാളം യഹൂദൻ മാർ പാലസ്റ്റീൻ വിട്ട് പലായനം ചെയ്യാൻ ഇടയായതായും പറയുന്നു. ശലോമോൻ യഹോവക്ക് പണിത പ്രാർത്ഥനാ ഗോപുരം എന്ന ജൂത വൈകാരികത ഈ യുദ്ധത്തിൽ തകർക്കപ്പെട്ടു. തുടർന്ന് പേർഷ്യൻ രാജാവ് ഈ സ്ഥലം ആക്രമിക്കുകയും ചിതറി പോയ യഹൂദൻമാർക്ക് മടങ്ങി വരാൻ അവസരം ഉണ്ടാക്കുകയും ചെയ്തു. വീണ്ടും ഒരിക്കൽ കൂടി അവർ യഹോവക്ക് പ്രാർത്ഥനാ ഗോപുരം തീർത്തു. എന്നാൽ ഈ ഗോപുരവും BC 1 ,2 നൂറ്റാണ്ടുകളിൽ നടന്ന റോമൻ ആക്രമണത്തിൽ തകർക്കപ്പെട്ടു. യഹൂദ ജനതയിൽ ഒരു നല്ല ശതമാനം വീണ്ടും പലായനം ചെയ്യാൻ നിർബന്ധിതരായി . ഇങ്ങനെ പലായനം ചെയ്ത ജനത യൂറോപ്പ് , ഏഷ്യ, ആഫ്രിക്ക തുടങ്ങി എല്ലാ ഭൂഖണ്ഡങ്ങളിലും എത്തപ്പെട്ടു. നമ്മുടെ നാട്ടിൽ എത്തിയവർ കൊടുങ്ങല്ലൂരും, മട്ടാഞ്ചേരിയിലും ഒക്കെ ആയി ജീവിച്ചുകൊണ്ടിരിക്കുമ്പോഴും , ഇസ്രായേലിലേക്ക് മടങ്ങി പോകുവാനും യഹോവയുടെ പ്രാർത്ഥനാ ഗോപുരം വീണ്ടും പണിതുയർത്തുവാനും സ്വപ്നം കണ്ടാണ് ഉറങ്ങിയിരുന്നത് . അവരുടെ വിവാഹ ആചാരങ്ങളിൽ പോലും തകർക്കപ്പെട്ട വിശുദ്ധ ഗോപുരത്തെ ഓർമിക്കുകയും അത് പുനർ സ്രഷ്ട്ടിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലോകത്തെവിടെയെങ്കിലും ഇത്രയും വിശ്വാസ തീവ്രത ഉള്ള ഒരു ജനത ഉണ്ടോ എന്ന് സംശയം ആണ്. പലസ്തീനിൽ ആകട്ടെ, അവശേഷിച്ചിരുന്ന ജൂതന്മാരും, അറബികളും ഒക്കെ ഉൾക്കൊള്ളുന്ന ഒരു ജനത പല രാജ ഭരണങ്ങളുടെ കീഴിൽ ജീവിച്ചു പോന്നു . പിന്നീട് ഈ സ്ഥലം ഓട്ടോമൻ എംപയറുടെ കീഴിലും തുടർന്ന് ബ്രിട്ടീഷ് നിയന്ത്രണത്തിലും വന്നു ചേർന്നു. ലോകത്തിന്റെ പല ഭാഗത്തും യഹൂദന്മാർ അവരുടെ ബുദ്ധിയുടെയും , കഴിവിന്റെയും മികവിൽ തങ്ങളുടേതായ സ്വാധീന വലയങ്ങൾ തീർത്തിരുന്നു. അങ്ങനെ യഹൂദന്മാർക്ക് ഒരു രാജ്യം വേണം എന്ന ചിന്ത യൂറോപ്പിൽ സജീവമായിത്തീർന്നു. ഹിറ്റ്ലറുടെ ജൂത വേട്ട ,ആ ജനതയെ പ്രതി ലോകത്തിന്റെ അനുതാപത്തിനു കാരണമായി.1947 ൽ അന്നത്തെ പലസ്തീനിനെ വിഭജിച്ച് ഒരു രാജ്യം ഉണ്ടാക്കാൻ ഐക്യരാഷ്ട്ര തീരുമാനമെടുത്തു . 36 ശതമാനം ജനസംഖ്യ ഉണ്ടായിരുന്ന യഹൂദർക്ക് ഭൂമിയുടെ 56 ശതമാനവും , 60 ശതമാനത്തിനു മുകളിൽ ജനസംഖ്യയുള്ള പാലസ്റ്റീൻ അറബികൾക്ക് ഭൂമിയുടെ 42 ശതമാനവും, ബാക്കി പ്രദേശങ്ങൾ ഉൾപ്പെടുന്ന ജെറുസലേം , ബേത്ലഹേം എന്നിവ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ നിലനിർത്താനും ധാരണയായി . യഹൂദർക്ക് ലഭിച്ച 56 % ഭൂമിയിൽ 4,99,000 യഹൂദരും , 4,38,000 അറബികളും ഉണ്ടായിരുന്നു. പലസ്റ്റീനികൾക്ക് ലഭിച്ച 42 % ഭൂമിയിൽ 8,18,000 അറബികളും , 10,000 യഹൂദന്മാരും ഉണ്ടായിരുന്നു. ജറുസലേമിൽ ഒരു ലക്ഷം യഹൂദന്മാരും അത്ര തന്നെ അറബികളും ഉണ്ടായിരുന്നു. UN പ്രഖ്യാപനത്തെ യഹൂദന്മാർ കയ്യടിച്ച് സമ്മതിച്ചപ്പോൾ , അറബികൾ അത് എതിർത്തു. ഭൂരിപക്ഷം ഉള്ള ആളുകളുടെ ഭരണ സംവിധാനം ആണ് ഉണ്ടാവേണ്ടത് എന്ന വാദം അവർ മുമ്പോട്ട് വച്ചു . ഇത് കാര്യങ്ങളെ ആഭ്യന്തര യുദ്ധത്തിൽ കൊണ്ടെത്തിച്ചു. 1947 -48 കാല ഘട്ടങ്ങളിൽ ഈജിപ്ത് നയിച്ച അറബ് രാജ്യങ്ങളുടെ സഖ്യം യഹൂദരുമായി ഏറ്റുമുട്ടി. വിജയം യഹൂദരുടെ കൂടെ ആയിരുന്നു. 1948 ൽ ഇസ്രായേൽ സ്വയം ഒരു രാജ്യം ആയി വിളംബരം ചെയ്തു. ഉടൻ തന്നെ അമേരിക്കയും സോവിയറ്റ് യൂണിയനും ഐക്യരാഷ്ട്ര സഭയും അതിനെ അംഗീകരിച്ചു. യുദ്ധം വീണ്ടും മുറുകി. ഇറാക്ക് , ഈജിപ്ത്, ജോർദാൻ, സിറിയ, സൗദി അറേബിയ, ലെബനോൻ , യമൻ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സേന ഇസ്രയേലിനെ ആക്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ യുദ്ധത്തിൽ 7 ലക്ഷം അറബികൾ പാലസ്റ്റീൻ വിട്ടു പോകാൻ നിർബന്ധിക്കപ്പെട്ടു .അതേസമയത്ത് തന്നെ 7 ലക്ഷത്തോളം യഹൂദൻമാർ ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഇസ്രായേലിലേക്ക് കുടിയേറി. അങ്ങനെ ആധൂനിക ഇസ്രായേൽ രാഷ്ട്രം ഉണ്ടായി. അവശേഷിക്കുന്ന അറബികൾ ഇസ്രയേലിലും, ഗ്യാസായിലും വെസ്റ്റ് ബാങ്കിലും ആയി ജീവിക്കുന്നു. 42 % വന്നിരുന്ന ഭൂപ്രദേശത്ത് ഒരു സ്വതന്ത്ര രാജ്യം രൂപീകരിക്കാൻ ഒരു നാളും പാലസ്റ്റീൻ തയ്യാറായിരുന്നില്ല. അവർ ഇസ്രയേലിന്റെ രൂപീകരണത്തെ തന്നെയാണ് എതിർത്തിരുന്നത് . അതിനെതിരെ ആണ് അവരുടെ ശബ്ദം ഉയർന്നത്. പാലസ്റ്റീനിൽ പ്രധാനപ്പെട്ട രണ്ടു പാർട്ടികൾ ആണുള്ളത്. അതിൽ ഒന്നാണ് ഹമാസ് , രണ്ടാമത്തേത് ഫത്തയും . യാസർ അരാഫത്തിന്റെയും മഹമൂദ് അബ്ബാസിന്റെയും ഒക്കെ പാർട്ടി ആണ് ഫത്ത . സമാധാനപ്രീയരായ ഇവരുടെ സംഘടനയാണ് PLO . വെസ്റ്റ് ബാങ്കിന്റെ ഭരണം PLO യുടെ നിയന്ത്രണത്തിൽ ആണ്. എന്നാൽ ഗാസയുടെ നിയന്ത്രണം ആകട്ടെ ഹമാസിന്റെയും. ഒരു തരത്തിലും ഇസ്രയേലിനോട് സന്ധി ചെയ്യാൻ ഹമാസ് തയ്യാറല്ല. മനുഷ്യ ബോംബ് മുതൽ, ഗറില്ല യുദ്ധമുറകൾ വരെ, തരാതരം പോലെ പുറത്തെടുക്കുന്ന ഇവരെ ലോക രാഷ്ട്രങ്ങൾ ഒരു രഷ്ട്രീയ പാർട്ടിയായി ഇത് വരെ അംഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല ഒരു ഭീകര സംഘടന ആയി മുദ്ര കുത്തുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലാകട്ടെ ലോക രാഷ്ട്രങ്ങൾക്ക് തള്ളിക്കളയാൻ പറ്റാത്ത ഒരു ശക്തമായ രാഷ്ട്രമായി മാറിക്കഴിഞ്ഞു. അന്ത്യ ദിനത്തിൽ പ്രയോഗിക്കാനുള്ള സാംസൺ ഡിഫെൻസ് ഒരുക്കി വച്ച് അവർ കാത്തിരിക്കുക ആണ്.