2023, ജൂൺ 23, വെള്ളിയാഴ്‌ച

ആരാണ് ഈ രാജ്യത്തെ രക്ഷിക്കുക ?

നമ്മുടെ രാജ്യം ഒരു വലിയ രാജ്യം ആണ്. ഭൂസമ്പത്തും, പ്രകൃതി സമ്പത്തും കൊണ്ട് സമ്പന്നമായ ഒരു രാജ്യം. ഈ സമ്പത്ത് കൊണ്ടാണ് യൂറോപ്പിലെ പല രാജ്യങ്ങളും സമ്പന്നരായത്. ഒടുവിൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ രാജ്യം ദരിദ്രാവസ്ഥയിൽ എത്തിയെങ്കിലും അപ്പോഴും ഉപയോഗിക്കപ്പെടാത്ത സമ്പത്ത് ധാരാളം ഉണ്ടായിരുന്നു താനും. ഒരു മികച്ച തുടക്കം കുറിക്കാൻ ജവാഹർലാൽ നെഹ്രുവിനു കഴിഞ്ഞു എങ്കിലും സ്വാതന്ത്ര്യത്തിനു എത്രയും കാലത്തിനു ശേഷവും തലയുയർത്തി നിൽക്കാൻ പറ്റുന്ന ഒരു സാമ്പത്തിക അവസ്ഥ, ജീവിത ചുറ്റുപാട് ഒന്നും തന്നെ നേടിയെടുക്കാൻ നമുക്കായില്ല. ലോക രാജ്യങ്ങളുടെയിടയിൽ മൊത്തം ആസ്തി വച്ച് നോക്കിയാൽ അഞ്ചാം സ്ഥാനം ആണ് നമുക്കുള്ളത്. എന്നാൽ ആ ആസ്തി ആളോഹരിയിലേക്കു മാറ്റുമ്പോൾ നമ്മുടെ സ്ഥാനം പരിതാപകരമാം വിധം വളരെ താഴെയാണ്. അത് ബംഗ്ലാദേശിനും താഴെയാണ് എന്ന് പറയുമ്പോൾ നില ഊഹിക്കാമല്ലോ. 1948 ൽ മാത്രം രൂപം കൊണ്ട ഇസ്രയേലിന്റെ ആളോഹരി വരുമാനം ആകട്ടെ നമ്മുടെ ആളോഹരി വരുമാനത്തിന്റെ 25 മടങ്ങോളം കൂടുതൽ ആണ്. പ്രകൃതി സമ്പത്തുകൊണ്ടും ജോലിചെയ്യാൻ പ്രാപ്തരായ ആളുകളുടെ എണ്ണത്തിലും സമ്പന്നമായ ഒരു രാജ്യം ആയിട്ടും ഒരു നിലനിൽക്കുന്ന സാമ്പത്തിക അവസ്ഥ കൈവരിക്കാൻ നമുക്ക് കഴിയാതെ പോയത് എന്ത് കൊണ്ടാണ് ? കാനഡയിലും, ഗൾഫിലും, യൂറോപ്യൻ രാജ്യങ്ങളിലും ഒക്കെ ചേക്കേറി നമ്മുടെ ജനങ്ങൾ ജീവിക്കാൻ വ്യഗ്രത കൂട്ടന്നത് ഇവിടെ ഒരു നല്ല ജീവിത സാഹചര്യം ഉണ്ടാവില്ല എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ ആണ്. അല്ലെങ്കിൽ ഇന്ത്യയിലെ നല്ല ഭൂപ്രകൃതിയും കാലാവസ്ഥയും ഉപേക്ഷിച്ച് അധിചൂടിലും അധിശൈത്യത്തിലും ജീവിക്കുവാൻ അവർ മുതിരുമായിരുന്നില്ല. ഇത്തരം ഒരവസ്ഥ എന്തുകൊണ്ടാണ് ഉണ്ടാവുന്നത്? ആരാണ് നമ്മുടെ വികസനത്തെ പിന്നോട്ട് വലിക്കുന്നത്? ആർക്കാണ് ഇത് കൊണ്ട് നേട്ടം? ആരാണ് ഇതിനുത്തരവാദി? രണ്ടു സഹോദരന്മാർക്ക് പൈതൃകമായി ഓരോ വ്യവസായ സ്ഥാപനങ്ങൾ ലഭിച്ചു എന്ന് വിചാരിക്കുക. രണ്ടു പേർക്കും ഈ കമ്പനികളുടെ നടത്തിപ്പിനെ കുറിച്ച് വലിയ അറിവൊന്നുമില്ല . കാര്യമായ വിദ്യാഭ്യാസവും ഇല്ല . എങ്കിലും അതിൽ ഒരുവൻ അയാൾക്ക് ലഭിച്ച സ്ഥാപനം തനിച്ച് നടത്തും എന്ന് വിചാരിച്ച് അതിന്റെ താക്കോൽ സ്ഥാനത്ത് സ്വയം അവരോധിച്ചു. കാര്യമായ വിദ്യാഭ്യാസം ഇല്ലാത്ത മക്കളെയും ,മറ്റ് ബന്ധുക്കളെയും എതിര് പറയാത്ത സുഹൃത്തുക്കളെയും ഒക്കെ ഉയർന്ന പോസ്റ്റുകളിൽ വച്ചു . ജോലിക്കാരെ നിയമിച്ചപ്പോൾ വിദ്യാഭ്യാസവും വിവരവും ഉള്ളവരെ തിരഞ്ഞെടുത്തു എങ്കിലും അനുസരണക്ക് ആയിരുന്നു പ്രധാന മുൻഗണന നൽകിയത്. ജോലിക്കാരെ അടിമകളെ പോലെ കൈകാര്യം ചെയ്തു. ഓരോരോ പദ്ധതികൾക്ക് എന്ന് പറഞ്ഞു പണം കണക്കില്ലാതെ ചിലവഴിച്ചു . കസ്റ്റമേഴ്സിനോട് മോശമായി പെരുമാറി . മിക്കവാറും കുടുംബ സമേതം വിദേശ യാത്ര നടത്തി. ശമ്പളം ആയി എഴുതി എടുക്കുന്ന തുകയിൽ നിന്നല്ലാതെ ഈ ചിലവുകൾ എല്ലാം സ്ഥാപനത്തിന്റെ പ്രവർത്തന മൂലധനത്തിൽ നിന്നും എടുത്തു .ഇത്തരം ഒരു സ്ഥാപനത്തിന് അധികനാൾ മുൻപോട്ടു പോകാൻ കഴിയില്ല എന്നത് തീർച്ചയാണ്. ഈ കമ്പനിയുടെ ബാലൻസ് ഷീറ്റിൽ ഉണ്ടാവുക പട്ടിണിയും പരിവട്ടവും തന്നെ. എന്നാൽ രണ്ടാമത്തെ ആൾ ആവട്ടെ തനിക്ക് വിദ്യാഭ്യാസം കുറവാണെന്നും കമ്പനി നടത്തിക്കൊണ്ടു പോകാനുള്ള അറിവില്ലെന്നും ആദ്യമേ തിരിച്ചറിഞ്ഞു. അയാൾ ആദ്യം ചെയ്തത് യോഗ്യരായ ആളുകളെ കണ്ടെത്തുക എന്നതായിരുന്നു. മക്കളെ ആകട്ടെ ഈ വ്യവസായം സംബന്ധിച്ചുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നിടത്ത് പറഞ്ഞു വിട്ട് പഠിപ്പിച്ചു . സ്ഥാപനത്തിലെ ജീവനക്കാരോടും ഉപഭോക്ത്താക്കളോടും ഒക്കെ നല്ല നിലയിൽ ഇടപെട്ടു . അവരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തു . ആവശ്യമുള്ളിടത്ത് ചെലവ് ചെയ്തു. അനാവശ്യ ചിലവുകൾ വെട്ടിക്കുറച്ചു. സ്വന്തം ആർഭാടങ്ങൾക്കോ , വിദേശ യാത്രകൾക്കോ ഒന്നും കമ്പനിയുടെ പണം എടുത്ത് ധൂർത്തടിച്ചില്ല. അത്തരം ചിലവുകൾ എല്ലാം സ്വന്തം ശമ്പളത്തിൽ നിന്ന് ചിലവഴിച്ചു . ഈ കമ്പനി കാലക്രമേണ വികസിക്കുകയും, പുതിയ വ്യവസായ സംഭരംഭങ്ങളിൽ ഏർപ്പെട്ട് വലിയ ഒരു സ്ഥാപനം ആയി മാറുകയും ചെയ്യും എന്നതിൽ ഒരു സംശയവും ഇല്ല. ഇതിനു സമാനമാണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥയും. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്, തൊഴിലാളി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു ജയിലിൽ കിടന്നിട്ടുണ്ട് എന്ന കാരണങ്ങളാൽ ഈ രാജ്യം ഭരിക്കാനുള്ള അവകാശം എനിക്കാണ്, ഞങ്ങൾക്കാണ് എന്ന് പറഞ്ഞു ഭരണ പരിചയമോ അതിനാവശ്യമായ വിദ്യാഭ്യാസമോ ഇല്ലാത്തവർ അധികാരത്തിൽ വന്നത് മുതൽ ആണ് നമ്മുടെ പതനം ആരംഭിച്ചത്. എന്നാൽ നെഹ്രുവുവിന്റെ മന്ത്രി സഭയും ആദ്യകാല സംസ്ഥാന സഭകളും അക്കാലത്തെ സമാചിമാരുമൊക്കെ തീർച്ചയായും വലിയ ആളുകൾ തന്നെയായിരുന്നു. ഒരു ഫുൾ പേജ് കടലാസ്സിൽ എഴുതാൻ പറ്റാത്ത വിധം ഉയർന്ന ബിരുദങ്ങൾ നേടിയിരുന്ന അംബേദ്ക്കർ ഉൾപ്പെടെ ആ നിര അങ്ങനെ നിറഞ്ഞു നിന്നു . എല്ലാവരും പ്രതിഭകൾ. എന്നാൽ കാലക്രമത്തിൽ രണ്ടാം നിര നേതാക്കൻ എത്തിയപ്പോൾ മുതൽ ഇതിനു ശോഷണം സംഭവിച്ചു. പാര്ലമെന്റ് ,നിയമസഭ പോലുള്ള വലിയ ഇടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ആളുകൾ ജാതിയുടെയോ,പാർട്ടിയുടേയോ ഒക്കെ ലേബലിൽ കടന്നു കൂടി. നിയമ നിർമാണം , സാമ്പത്തിക ആസൂത്രണം ,ഭരണം തുടങ്ങിയ കാര്യങ്ങളിൽ അൽപ്പം പോലും ജ്ഞാനം ഇവർക്കുണ്ടായിരുന്നില്ല . ഒന്നാമത്തെ സഹോദരന്റെ കമ്പനി പോലെ ഇത് തകരുന്നതിൽ എന്താണത്ഭുതം . വെറുതെ ഗൂഗിളിൽ ഒന്ന് പരാതിയപ്പോൾ കിട്ടിയതാണ് . ഇന്ത്യൻ പാർലമെൻറിൽ ഇപ്പോൾ ഉള്ള MP മാരിൽ എഴുത്തും വായനയും അറിയാത്ത രണ്ട് പേരാണുള്ളത്. എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം ഉള്ള 6 പേരും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം ഉള്ള 5 പേരുമുണ്ട് . 44 പേര് പത്താം ക്ലാസ്സും 66 പേർ പന്ത്രണ്ടാം ക്‌ളാസും പാസ്സായിട്ടുണ്ട്. കേരള നിയമ സഭയിലേക്കു വന്നാൽ അഞ്ചാം ക്ലാസ്സ് പാസ്സായ ഒരാൾ എട്ടാം ക്ലാസ്സ് പാസ്സായ 6 ആൾ പത്താം ക്ലാസ്സ് പാസ്സായ 25 പേർ പന്ത്രണ്ടാം ക്ലാസ് പാസ്സായ 16 പേർ എന്നിങ്ങനെ ആണ് ആ കണക്ക് . ഒന്നാലോചിച്ചു നോക്കൂ . പോസ്റ്റ് ഗ്രാജുവേഷനും , IAS ഉം വിവിധ ട്രെയിനിങ്ങുകളും ഒക്കെ ലഭിച്ചവർക്ക് പോലും ഒരു വകുപ്പിലെ കാര്യങ്ങൾ മനസിലാക്കാൻ ഒന്ന് രണ്ടു വർഷം എടുക്കുന്നിടത്താണ് ഈ അഞ്ചാം ക്ലാസ്സുകാരും പത്താം ക്ലാസ്സുകാരും അൽപ്പം പോലും ജോലി ഭയം ഇല്ലാതെ ഇരിക്കുന്നത് . ഇത്തരം ആളുകളെ വളർച്ചയിൽ താല്പര്യമുള്ള മറ്റേതെങ്കിലും സ്ഥാപനമായിരുന്നെങ്കിൽ അതിന്റെ പരിസരത്തുപോലും അടിപ്പിക്കുമായിരുന്നോ? ഈ രാജ്യം എങ്ങനെ ആണ് മുന്നോട്ട് പോകുക? വിദ്യാഭ്യാസമുള്ള , ഊർജസ്വലരായ ചെറുപ്പക്കാർ അന്യദേശങ്ങൾ തേടി യുള്ള യാത്രയിൽ ആണ്. ഈ രാജ്യത്തെ ആര് രക്ഷിക്കും?