2021, നവംബർ 6, ശനിയാഴ്‌ച

ജിഹാദികൾ

ജിഹാദ് എന്നാൽ വിശുദ്ധ യുദ്ധം എന്നാണ് . നമുക്കതിനെ തിന്മക്കെതിരെ നന്മയുടെ പക്ഷത്തു നിന്നു നടത്തുന്ന സമരം എന്ന് വ്യാഖാനിക്കാം . എന്നാൽ അതിന്റെ നേരെ വിപരീത അർഥത്തിൽ ആണ് ഇന്നാ വാക്ക് ഉപയോഗിക്കപ്പെടുന്നത് . പൊതുവെ ഇസ്ലാം ഭീകരവാദികൾ നടത്തുന്ന തീവ്രവാദ ആക്രമണങ്ങളും അതിക്രമങ്ങളും ആണ് ജിഹാദ് എന്ന വാക്കിന്റെ നടപ്പു വ്യാഖാനം. എന്നാൽ വസ്തുത അതല്ല. ജിഹാദ് ഒരു മതത്തിന്റെ മാത്രം തലയിൽ കെട്ടിവയ്‌ക്കേണ്ടതില്ല. എല്ലാ രംഗത്തും ജിഹാദികൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനമായി കാണപ്പെടുന്നത് മതത്തിലും, രാഷ്ട്രീയത്തിലും ശാസ്ത്രത്തിലും ആണ്. എല്ലാ മതങ്ങളിലും നിങ്ങൾക്കിവരെ കാണാം. ഇവർ മതത്തിന്റെ ശരിയായ അർഥം മനസിലാക്കാത്തവരും , അറിവിൽ കുറഞ്ഞവരും ആണ്. അക്കാദമിക ബിരുദങ്ങളുടെ അഭാവം കൊണ്ടല്ല ഇവരൊന്നും അറിവില്ലാത്തവർ ആയി മാറുന്നത്. പുരാതന കാലത്തെഴുതിയ മതഗ്രന്ഥങ്ങൾ ദൈവ ദത്തമാണെന്ന് വിശ്വസിക്കുന്നവരും കാലത്തിനൊത്തു ഗുണപരമായ വ്യാഖ്യാനങ്ങൾ നൽകി അത്തരം പുസ്തകങ്ങളുടെ നന്മയെ സാംശീകരിക്കാൻ കഴിയാത്തവരും ആണ് ഇക്കൂട്ടർ. മതത്തിന്റെ ശരിയായ ലക്‌ഷ്യം മനുഷ്യനിൽ നന്മ ഉണ്ടാക്കുകയും ഒരു ആത്മീയ അന്തരീക്ഷത്തിൽ ജീവിതം ചിട്ടപ്പെടുത്തുകയും ആണ്. എല്ലാ മതങ്ങളും ഇത് തന്നെ ആണ് ഉദ്ദേശിക്കുന്നത്. എന്നാൽ മതം ജീവിനമാർഗമായി സ്വീകരിച്ചിട്ടുള്ള ആളുകളുടെ ഇടപെടൽ അതിനെ ഒരു സ്ഥാപനമായി ചിട്ടപ്പെടുത്തുകയും വിശ്വാസികളെ ആ സ്ഥാപങ്ങളെ സംരക്ഷിക്കനുള്ള യോദ്ധാക്കളായി മാറ്റുകയും ആണ് ചെയ്യുന്നത്. ഒരു മതവും ഇതിൽ നിന്ന് വിഭിന്നമല്ല. രാഷ്ട്രീയവും ഇത് തന്നെ അല്ലെ ചെയ്യുന്നത്? എന്താണ് രാഷ്ട്രീയ പാർട്ടികളുടെ യഥാർത്ഥ ലക്‌ഷ്യം ?. മനുഷ്യനും സമസ്ത ജീവജാലങ്ങൾക്കും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ പറ്റുന്ന ഒരിടം ആയി രാഷ്ട്രത്തിനെ മാറ്റിയെടുക്കുന്ന പ്രകീയയിൽ പങ്കാളി ആവുക എന്നതാണ് ഓരോ രാഷ്ട്രീയ പാർട്ടികളുടെയും യഥാർത്ഥ ലക്‌ഷ്യം ആകേണ്ടത്. എന്നാൽ സംഭവിക്കുന്നതോ ? രാഷ്ട്രീയം ഉപജീവനത്തിനും അധികാരത്തിനും ഉള്ള വേദി ആക്കി മാറ്റുന്നു. രാഷ്ട്രത്തിന് എന്തും സംഭവിക്കട്ടെ എന്റെ പാർട്ടി പക്ഷെ നിലനിൽക്കണം. ആ നിലനിൽപ്പിനു എതിരെ നിൽക്കുന്ന പാർട്ടികളെ ഒതുക്കണം അണികളെ കൊന്നു തള്ളണം. വിമർശനം വേണ്ടേ വേണ്ട. ഇതല്ലേ ശരിയായ ജിഹാദ് ? ഈ രാഷ്ട്രീയ ജിഹാദികളും മത ജിഹാദികളും തമ്മിൽ കൈകോർക്കുമ്പോഴോ !? ഏറ്റവും ഭീകര ജിഹാദികൾ ശാസ്ത്ര രംഗത്താണെന്നത് നമ്മളെ ഞെട്ടിക്കും. അതിന്റെ രൂക്ഷത കൂടുതൽ പ്രകടമാകുന്നത് ആരോഗ്യ ശാസ്ത്രത്തിലും. ആരോഗ്യ ശാസ്ത്രത്തിന്റെ ലക്‌ഷ്യം മനുഷ്യന് ശാരീരികവും മാനസികവും ആയ സ്വാസ്ഥ്യം നിലനിർത്തി ആയുസെത്തും വരെ രോഗ ഭീതി കൂടാതെ ജീവിക്കാൻ സഹായിക്കുക എന്നതാണ്. ശാസ്ത്രീയ ചികിത്സ എന്ന പേരിൽ അലോപ്പതിയും സമാന്തര ചികിത്സ എന്ന പേരിൽ ഹോമിയോപ്പതി , ആയുർവേദം, പ്രകൃതി ചികിത്സ, സിദ്ധ ചികിത്സ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ചികിത്സാ ശാഖകളും ഉണ്ട്. ഈ സമാന്തര ചികിത്സകളിലൂടെ എത്ര പേരുടെ രോഗം മാറ്റിയാലും അതിനെ ചികിത്സ ആയി അലോപ്പതിക്കാർ അംഗീകരിക്കില്ല. അത് ശാസ്ത്രീയം അല്ലത്രേ ..! ഇതര ചികിത്സാ ശാഖകളോട് ഇവർ കാണിക്കുന്ന അവജ്ഞ , അവഗണന, ആക്ഷേപം ഒക്കെ തന്നെ മറ്റേതു ജിഹാദികളേക്കാൾ മുന്നിൽ ആണ്. തെറ്റായ ഭക്ഷണം നൽകി മനുഷ്യനെ രോഗി ആക്കാൻ ശ്രമിക്കുന്ന ഭക്ഷണ മാഫിയയും , രോഗത്തെ ചികിതസിക്കാൻ വലിയ സംവിധാനങ്ങൾ ഒരുക്കുന്ന മരുന്ന് മാഫിയയും സമ്പത്തു സമാഹരിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്നിൽ കണ്ടു കൈകോർത്തു നിൽക്കുമ്പോൾ മറ്റാരും പ്രസക്തരാകുന്നില്ല. ഇവർക്ക് കുഴലൂത്തുകാരായി നിൽക്കുന്ന (അ)ശാസ്ത്രഞ്ജനാനികൾ ആണ് ഇവരുടെ ജിഹാദി സേന. ഈ ഭീകര ജിഹാദികളിൽ നിന്നും നമുക്ക് മോചനം ലഭിക്കേണ്ടതുണ്ട്. യഥാർത്ഥ മതവും യഥാർത്ഥ രാഷ്ട്രീയവും യഥാർത്ഥ ശാസ്ത്രവും കൈകോർത്തു പിടിക്കുമ്പോൾ ആണ് ജിഹാദിന്റെ നല്ല അർഥം നമുക്ക് മനസിലാക്കാൻ കഴിയുക.

2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

നമ്മുടെ ദൈവങ്ങൾ

ഈശ്വര വിശ്വാസം മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ ഉണ്ടായിരുന്നു . പ്രകൃതി ശക്തികളുമായി മല്ലടിച്ചു ജീവിതം മുൻപോട്ട് കൊണ്ടുപോകേണ്ടി വന്നപ്പോൾ , കാറ്റും മഴയും മിന്നലും ഇടിയുമെല്ലാം ഓരോ ദേവന്മാരുടെ പേരിലും നമ്മൾ ചാർത്തി കൊടുത്തു. മൃഗങ്ങളും ദൈവങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ദേവ പ്രീതിക്ക് വേണ്ടി നരബലി തന്നെ നമ്മുടെ പൂർവികർ നടത്തി. ദൈവങ്ങളുടെ പേരിൽ പരസ്പരം ചേരി തിരിഞ് ആക്രമിച്ചു. നൂറ്റാണ്ടുകൾ മുന്നോട്ട് വന്നപ്പോൾ നമ്മുടെ അറിവുകൾ വളർന്നു. പുതിയ ചിന്തകൾ കടന്നു വന്നു. പഴയ ദൈവങ്ങളെ നമ്മൾ മാറ്റി. പകരം പുതിയ ദൈവങ്ങൾ .... അഴകും ആരോഗ്യവും ഒത്തു ചേർന്ന ദേവന്മാരു ദേവികളുടെയും രൂപത്തിൽ ….. ലോകത്ത് എല്ലായിടത്തെയും ഇത് തന്നെ ആയിരുന്നു അവസ്ഥ. അപ്പോഴും പക്ഷെ ദൈവത്തിന്റെ പേരിൽ നമ്മൾ കലഹം തുടർന്ന് കൊണ്ടേയിരുന്നു . ആ കലഹം ഇന്ന് പുതിയ രൂപത്തിൽ ഹിംസാത്മകമായി മാറിയിരിക്കുന്നു. യുക്തി ചിന്ത മനുഷ്യന് ജന്മസിദ്ധമായി ലഭിച്ചതാണ്. ഈ യുക്തി ചിന്തയിലൂന്നിയാണ് ശാസ്ത്രംവളർന്നത്.ശാസ്ത്രനേട്ടങ്ങൾനിത്യജീവിതത്തിൽഅനുനിമിഷം പ്രയോജനപ്പെടുത്തുമ്പോഴും നമ്മിൽ പലരിലും ശാസ്ത്ര ബോധം അരികിൽ കൂടിപ്പോലും പോയതായി കാണുന്നില്ല. യുക്തി ഇല്ലായ്മയുടെ ഒന്നാമത്തെ ഉദാഹരണം ആണ് നമ്മുടെ ദൈവ സങ്കല്പംതന്നെ .പ്രധാനപ്പെട്ട മൂന്നു മതങ്ങൾ ആണ് ഇന്ത്യയിൽ ഉള്ളത്. ക്രിസ്തുമതവും, ഇസ്ലാം മതവും, ഹിന്ദു മതവും. മൂന്ന് മതങ്ങളിലും വ്യത്യസ്ത ദൈവങ്ങൾ ആണ് ഉള്ളത്. ഓരോ മതത്തിലെ ദൈവങ്ങളും സർവ വ്യാപിയും, സർവശക്തനും, മനുഷ്യരൂപിയും ആണ്. ക്രിസ്തുമതത്തിലും, ഇസ്ലാം മതത്തിലും ഏക ദൈവ വിശ്വാസം നിലനിൽക്കുമ്പോൾ ഹിന്ദുക്കൾ ആകട്ടെ മുപ്പത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവർ ആണ്. അൽപ്പം പോലും യുക്തി ബോധം ഇല്ലാതെ ആണ് എല്ലാ മതസ്ഥരുടെയും ദൈവങ്ങളിൽ ഉള്ള വിശ്വാസം. സാധാരണ ഭാഷയിൽ യുക്തി ചിന്ത എന്നത് നിരീശ്വര വാദം എന്നാണ് നമ്മൾ ധരിക്കുക. എന്നാൽ യുക്തി വാദികൾ നിരീശ്വര വാദികൾ അല്ല. യുക്തി പൂർവം കാര്യങ്ങൾ മനസിലാക്കുന്നവർ ആണ്. പടിഞ്ഞാറൻ യുക്തിവാദ ചിന്തയുടെ ആചാര്യൻ ആയ റെനേ ദേകർത്തെ തുടങ്ങി ഉള്ള ചിന്തകർ എല്ലാം തന്നെ ദൈവത്തിന്റെ അസ്തിത്വത്തെ അടിവരയിടുന്നവർ ആണ്. പക്ഷെ അവരുടെ ദൈവസങ്കല്പം നമ്മുടെ ദൈവസങ്കല്പത്തിൽ നിന്നും വ്യത്യസ്തമാണ്. ആ ദൈവം നമ്മുടെ മുൻനിര ദൈവങ്ങളെപ്പോലെ ശാസിക്കുകയോ , അനുഗ്രഹിക്കുകയോ, ആഹ്ലാദിക്കുകയോ ഒന്നും ചെയ്യില്ല. നമ്മൾ പൂജിച്ചാലും ഇല്ലെങ്കിലും ആ ദൈവം നമ്മളോട് വിരോധം വയ്ക്കില്ല. ദൈവം നാമ രൂപങ്ങൾക്കും അപ്പുറമാണ്. എല്ലാ തരത്തിലുമുള്ള ഗുണങ്ങൾക്കും അതീതമാണ്. അത് പ്രപഞ്ച ശക്തി ആണ്. ആ ശക്തിയെ ആരാധിക്കാൻ ഒരു വഴിയേ ഉള്ളു...പ്രാർത്ഥന അല്ല നല്ല ഇടപെടൽ . അന്യരെ സ്നേഹിച്ചില്ലെങ്കിലും അവരുമായി സഹവർത്തിത്തത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ദൈവത്തോട് ചേർന്ന് നിൽക്കുന്നു. നമ്മുടെ നിലനിപ്പിനു മാത്രമുള്ളത് സ്വീകരിച്ചു എല്ലാവരുമായി വിഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ നാം ദൈവത്തോട് ഒപ്പം ആണുള്ളത് പ്രകൃതിയെ നശിപ്പിക്കാതെ സംരക്ഷിച്ചാൽ നമ്മുടെ ഭാവി ഉറപ്പാക്കി ദൈവവും നമുക്കൊപ്പം ഉണ്ടാവും. ഇത് തന്നെ ആണ് ശങ്കര വേദാന്തത്തിൽ പറയുന്ന നിർഗുണ പരബ്രഹ്മവും. ഒരു ഗുണവും ഇല്ലാത്തതു എന്നല്ല എല്ലാ ഗുണവും ഒരു പോലെ കൂടി ചേർന്നത് വഴി എല്ലാ ഗുണങ്ങൾക്കും അതീതമായി നിലനിൽക്കുന്നത് ആണത് . ഈ ദൈവം പോരെ മനുഷ്യന്. ഇപ്പോഴുള്ള ദൈവങ്ങളെ ഉപേക്ഷിക്കാൻ നമുക്ക് മനസുവരില്ല. അതുകൊണ്ട് നമ്മൾ ആരാധനാ തുടരുക. പക്ഷെ ഈശ്വരനും അള്ളായും , ക്രിസ്തുവും, ബുദ്ധനും ജൈനനും എല്ലാം ഒരേ ദൈവത്തിന്റെ വ്യത്യസ്ത രൂപങ്ങളും നാമങ്ങളും ആണ് എന്ന് മനസിലാക്കാൻ വൈകുന്നിടത്താണ് നമ്മളിലെ വർഗീയ വാദികൾ സജ്ജരാകുന്നത്. നമ്മുടെ ദൈവത്തിൽ വിശ്വസിക്കാത്തവർ എല്ലാം നരകത്തിൽപോകുമെന്നും സത്യ ദൈവം നമ്മുളുടേതു മാത്രമാണെന്നും ആ ലക്ഷ്യത്തിനു വേണ്ടി മറ്റുള്ളവരെ കൊന്നൊടുക്കുന്നത് പുണ്യപ്രവർത്തിയാണ് എന്ന് ചിന്തിക്കുകയും ചെയ്യുന്നത് എന്ത് യുക്തിയുടെ പേരിൽ ആണ്? നമ്മുടെ ഒട്ടു മിക്ക ശാസ്ത്രജ്ഞൻ മാരും , ഡോക്ടർമാരും , അധ്യാപകരും കവികളും വലിയ പണ്ഡിതന്മാരും ഒക്കെ അവരവരുടെ ദൈവത്തിന്റെ അടുത്ത് മാത്രം മുട്ടുകുത്തുന്നവരും ദേവപ്രീതിക്കു വേണ്ടി അധര വ്യായാമം ചെയ്യുന്നവരുമാണ് . യുക്തി ബോധം ഇല്ലാത്ത ഒരു തലമുറ വളരുന്നത് ഇവരുടെ ശിക്ഷണത്തിലാണ് . കൃത്യമായ ഇടവേളകളിൽ മാത്രം ദൈവത്തോട് പ്രാർത്ഥിക്കാതെ ജീവിതം തന്നെ ഒരു പ്രാർത്ഥന ആക്കി മാറ്റുക ആണ് വേണ്ടത്.

2021, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

വിറളി പിടിപ്പിക്കുന്ന മത ബോധം

നമ്മുടെ കൊച്ചുകേരളത്തിൽ നടക്കുന്ന സംഭവങ്ങൾ വളരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ തന്നെ . കടുത്ത മത ബോധത്തിന്റെ അടിമകളായി മാറിയിരിക്കുകയാണ് ഇന്ന് കേരളീയരിൽ നല്ല പങ്കും . ആലോചിക്കുമ്പോൾ നാണക്കേട് തന്നെ . കേരളം ആണത്രേ കേരളം . നമുക്ക് എന്നും ഒരഹങ്കാരം ഉണ്ടായിരുന്നു . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ ഒരു കൊമ്പുണ്ടെന്ന ചിന്ത . ഏറ്റവും വിദ്യാഭ്യാസം ഉള്ള ആളുകൾ വസിക്കുന്ന സ്ഥലം . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ അമ്പതു വർഷം മുമ്പിൽ . എന്നിട്ടോ ...എല്ലാം വെറും കുമിളകൾ എന്ന് തെളിഞ്ഞില്ലേ .സത്യം ഇതാണ്. നമ്മൾ പഠിച്ച വിഡ്ഢികൾ . ഒരു ജോലിക്കു വേണ്ടി പഠിച്ചു . ജോലി കിട്ടി , സമ്പത്തു വന്നു . ശേഷം വർഗീയ കോമരങ്ങൾ ആയി മാറി . ഒന്നും മനസിലാക്കിയില്ല . ചെറിയ ഒരു വാക്കിൽ ഇളകി തെറിക്കുന്ന ബലം മാത്രമേ നമ്മുടെ മത ബോധത്തിനുള്ളു . എല്ലാം ദൈവത്തിന്റെ പേരിൽ . എന്താണ് ദൈവം എന്ന ചിന്ത ഒന്നും ആർക്കും ഇല്ല . ഓരോരുത്തരും അവരവരുടെ മതത്തിലും അവരവരുടെ ദൈവത്തിലും ഉറച്ചു നിൽക്കുന്നു. മറ്റുള്ളവരുടെ ദൈവത്തിൽ അവർക്കു വിശ്വാസം ഇല്ല . എന്ന് മാത്രമല്ല ആ ദൈവത്തിൽ വിശ്വസിച്ചാൽ നരകത്തിൽ പോകുമെന്നും അവർ കരുതുന്നു . ഈ ചിന്ത എല്ലാ മതക്കാർക്കും ഉണ്ട് . യൂട്യൂബിൽ ഒന്ന് പരതിയാൽ മതി കേരളീയന്റെ മത ബോധത്തിന്റെ സാക്ഷ്യപ്പെടുത്തൽ കാണാൻ . ഒരു മത വേദിയിൽ ഒരു ചെറുപ്പക്കാരൻ ചോദിക്കുന്നു . നമ്മുടെ മതത്തിൽ വിശ്ശ്വസിക്കാത്ത അന്യമതത്തിൽ ഉള്ള നന്മ ചെയ്യുന്ന ആൾ സ്വർഗത്തിൽ പോകുമോ ?. മതപണ്ഡിതന്റെ ഉത്തരം പെടുന്നനെ വന്നു . നന്മ ചെയ്യുന്നവർ ഉറപ്പായും സ്വർഗത്തിൽ പോകും . എന്നാൽ നന്മ മൂന്നുകാര്യങ്ങളിൽ അധിഷ്ട്ടിതമാണത്രെ . ഒന്ന് സ്രഷ്ട്ടാവിലുള്ള വിശ്വാസം . രണ്ടും മൂന്നും കേൾക്കാൻ ഞാൻ നിന്നില്ല . മറ്റൊരിക്കൽ ഒരു കൂട്ടം പൊന്തകൊസ്തുകാർ ഒരു പാവം സ്ത്രീയെ ട്രെയിനിൽ വച്ച് മതം മാറ്റാൻ ശ്രമിക്കുന്നതു കണ്ടു . അവർ ക്രിസ്ത്യാനി ആണ് . എന്നാൽ അവർ ഇപ്പോൾ നിൽക്കുന്ന ക്രിസ്തുമതത്തിൽ യേശുവിനെ അറിയാൻ കഴിയില്ലത്രേ ! ഈ വിധം പോകുന്ന എത്ര എത്ര സംഭവങ്ങൾ . സെമറ്റിക് മതങ്ങളുടെ ഒരു പ്രത്യേകത ആണിത് . ഞാനല്ലാതെ മറ്റു ദൈവങ്ങൾ നിനക്കുണ്ടാവരുത് . കടുത്ത ശാസനം തന്നെ കൊടുത്തിരിക്കുക ആണ് . ആരാണ് ദൈവം? മറ്റുള്ളവരെ തമ്മിൽ അടിപ്പിക്കുന്ന ഒരു യുദ്ധപ്രഭുവോ? . ദിവസം മുഴുവനും നമ്മുടെ പ്രാർത്ഥനകൾ ആവശ്യപ്പെടുന്ന മുഖസ്തുതി ഇഷ്ട്ടപെടുന്ന ആളാണോ ദൈവം? നമ്മൾ പ്രീതിപ്പെടുത്തിയാൽ ശത്രുക്കളെ നിഗ്രഹിക്കാൻ ഇറങ്ങിപുറപ്പെടുന്ന ഒരു ഗുണ്ടയെപ്പോലെ ആണോ ദൈവത്തെ നിങ്ങൾ കാണുന്നത് ? കഷ്ട്ടം തന്നെ . അൽപ്പം യുക്തി വേണ്ടേ ചിന്തയിൽ ? ദൈവം സർവ്വ ശക്തനാണ് . സർവ്വവ്യാപിയാണ് . അതുല്യനാണ് .സമ്മതിച്ചോ ? എങ്കിൽ അനേകം ദൈവം ഉണ്ടാകാമോ ? ഒരു ദൈവം അല്ലെ ഉണ്ടാവൂ? ഉണ്ടാവാൻ തരമുള്ളു? പിന്നെ നിങ്ങളുടെ മതത്തിൽ പറയുന്ന ദൈവം ആണ് യഥാർത്ഥ ദൈവം എന്ന് നിങ്ങൾ എങ്ങിനെ അറിഞ്ഞു ? ഇപ്പോൾ നിങ്ങൾ ദൈവം എന്ന് കരുതി പോരുന്ന രൂപം എത്രവർഷക്കാലമായി ഈ രൂപത്തിൽ നിൽക്കാൻ തുടങ്ങിയിട്ട് ? അല്ല മനുഷ്യനെത്ര വയസായി ? ഭൂമിക്കോ ? ഭൂമി എങ്ങിനെ ഉണ്ടായി ? നിങ്ങൾ കരുതും പോലെ ദൈവം സ്രഷ്ട്ടിച്ചതോ ? എങ്കിൽ എന്ന്? ഇന്നത്തെ ഹോമോസാപിയൻ ഉണ്ടായിട്ടു രണ്ടരക്കോടി വർഷമേ ആയിട്ടുള്ളു എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട് . ഹോമോ ഇറക്ടസും , നിഅണ്ടർത്താൽ മനുഷ്യനും ഒക്കെ മനുഷ്യവർഗത്തിൽ തന്നെ പിറന്നവർ ആണ് . നിങ്ങളെ പോലെ കയ്യും കാലും മുഖവും ഒക്കെ ഉള്ളവർ . അവസാനത്തെ ഇതര മനുഷ്യ ജീവികൾ പതിനായിരം വർഷം മുമ്പ് വരെ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് ഫോസ്സിലുകളുടെ പഠനം തെളിവ് നൽകുന്നു . നിങ്ങൾക്ക് അതൊന്നും പ്രശനം അല്ല . വളരെ വൈകി മാത്രം ഭൂമിയിൽ അവതരിച്ച ഹോമോസാപ്പിയൻ എന്ന നിങ്ങൾ ദൈവത്തിന്റെ തനി രൂപത്തിൽ സ്രഷ്ട്ടിക്ക പെട്ടവരാണെങ്കിൽ അതിനു മുമ്പ് മനുഷ്യരായിരുന്നവർ ആരുടെ രൂപത്തിൽ ? സത്യം ഇതാണ് . നിങ്ങൾ ഇപ്പോൾ ദൈവം എന്ന് കരുതുന്നതല്ല യഥാർത്ഥ ദൈവം . ഇനി അതാണ് യഥാർത്ഥ ദൈവം എങ്കിൽ നിങ്ങൾ മനസിലാക്കുന്ന ഗുണമല്ല ആ ദൈവത്തിനുള്ളത് . നിങ്ങളുടെ പ്രാർത്ഥനയും ഹോമവും ഒന്നും ആ ദൈവത്തിന് ആവശ്യമില്ല . സർവ ഗുണങ്ങൾക്കും മേലെ ആണ് ദൈവം . നിങ്ങളുടെ ചെറിയ അളവ് കോലുകൊണ്ടു ദൈവത്തെ അളക്കാൻ ശ്രമിക്കരുത് . രണ്ടരക്കോടി വർഷം ആണ് മനുഷ്യന്റെ ഇതുവരെയുള്ള ആയുസ്. മനുഷ്യൻ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ കാരണം ഒരയ്യായിരം വർഷത്തെ അതിജീവിക്കാൻ ഇനി മനുഷ്യന് കഴിയില്ല . നിങ്ങളുടെ പ്രവർത്തികൾ അതിനു വേഗത വർധിപ്പിക്കാനെ ഉപകരിക്കൂ . ശാന്തമായി ജീവിക്കൂ . നിങ്ങൾക്ക് ഒരു ദൈവത്തിൽ വിശ്വസിച്ചാലേ സമാധാന ജീവിതം സാധ്യമാവൂ എങ്കിൽ അങ്ങനെ ആവട്ടെ . മറ്റുള്ളവരെ മതം മാറ്റുന്നത് നിർത്തൂ. നിങ്ങളുടെ ദൈവത്തിന്റെ അധികാരം മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കാതിരിക്കൂ. സ്വന്തം വിഡ്ഢിത്തത്തിന്റെ കാവൽക്കാരായി തുടരൂ . കേരളത്തെ വെറുതെവിടൂ.