2023, ജൂലൈ 15, ശനിയാഴ്‌ച

മറുനാട്

നമ്മുടെ നാട്ടിലെ വർത്തമാനകാല സംഭവങ്ങൾ ഏതോ മറുനാട്ടിൽ നടക്കുന്നവയാണെന്ന് തോന്നിപ്പിക്കുന്ന വിധം അവിശ്വസനീയമാണ്. പല വിഷയങ്ങൾ ഉള്ളതിൽ ഒരു ഓൺലൈൻ ചാനലുകാരനെതിരെ നടക്കുന്ന നടപടികൾ ആണ് സാമാന്യ യുക്തിയെ പരീക്ഷിച്ചു കൊണ്ട് മുന്നേറുന്നത്. ശ്രീ ഷാജൻ സ്‌കറിയയുടെ മറുനാടൻ ചാനൽ ആളുകളിൽ അത്ര കണ്ട് സ്വാധീനം ഉള്ള ഒരു ചാനൽ ഒന്നും അല്ല. വല്ലപ്പോഴും ഒക്കെ കേൾക്കാറുണ്ട് എന്നതൊഴിച്ചാൽ അത്ര വലിയ പ്രാധാന്യത്തോടെ അതിനെ കണ്ടിരുന്നില്ല. സംഭവങ്ങളെ അങ്ങ് പെരുപ്പിക്കുന്ന ഒരു സ്വഭാവം അതിൽ ഉള്ളതായി തോന്നിയിട്ടുണ്ട്. എന്നാൽ ശ്രീ പി വി അൻവർ ചാനലിനെതിരെ നൽകിയ പരാതികളും തുടർന്നുള്ള നടപടികളും ശ്രീ ശ്രീനിജൻ ഫയൽ ചെയ്ത പട്ടിക ജാതി ആക്ഷേപ പരാതിയും അതിനെ തുടർന്നുള്ള വിവിധ കോടതികളുടെ വിധി പ്രസ്താവനകളും, ഒക്കെ തന്നെ സാമാന്യ യുക്തിയെ വെല്ലു വിളിക്കുന്നവയാണ്. ഈ ചാനൽ സശ്രദ്ധം കേട്ട് നോക്കി. അപ്പോൾ അതിൽ പ്രക്ഷേപണം ചെയ്ത പല കാര്യങ്ങളും ഷാജനെ പണ്ടേ ജയിലിൽ എത്തിക്കുന്നവ ആയിരുന്നു എന്ന് തോന്നി പോയി. ശ്രീ പി വി അൻവറിനെതിരെയും, ശ്രീ ശ്രീനിജനെതിരെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ കാർക്കെതിരെയും , അദ്ദേഹത്തിന്റെ ചാനലിലൂടെ എത്രകണ്ടാരോപണങ്ങൾ ഉന്നയിച്ചിട്ടും അതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കിയില്ല എന്നത് ശരിക്കും ഞെട്ടിപ്പിച്ചു. ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തതോ പട്ടിക ജാതിക്കാരനായ MLA യെആക്ഷേപിച്ചു എന്ന് പറഞ്ഞും. പട്ടിക ജാതി അധിക്ഷേപം നടത്തിയെന്ന് ആ വീഡിയോ കണ്ടാൽ ആർക്കും തോന്നില്ല. MLA യെ നന്നായി വിമർശിച്ചിട്ടുണ്ട് . അത്രമാത്രം. സമൂഹത്തിന്റെ വളരെ ഉയർന്ന തട്ടിൽ എത്തി നിൽക്കുന്ന പട്ടിക ജാതിക്കാരനായ ഒരു വ്യക്തിക്കെതിരെ അത്തരം ഒരാക്ഷേപം നടത്തടിയാൽ ഈ വകുപ്പിന്റെ സഹായം ഇല്ലാതെ തന്നെ അതിനെ പ്രതിരോധിക്കാൻ കഴിയേണ്ടതാണ്. ഈ ചാനലുകാരൻ ഉയർത്തിയ ഏതെങ്കിലും അഴിമതി ആരോപണങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്ത് അതിനു ശിക്ഷ വാങ്ങി കൊടുത്തിരുന്നെങ്കിൽ അതിൽ സന്തോഷിക്കാമായിരുന്നു. മറ്റ് ചാനലുകാർക്കും പത്രക്കാർക്കും ഒരു പാഠവും ആവുമായിരുന്നു. എന്നാൽ അഴിമതി ആരോപിതർ അക്കാര്യത്തിൽ മൗനം പാലിച്ചു. സ്വാഭാവികമായും അത് ശരി എന്ന് ജനവും വിശ്വസിച്ചു. അഴിമതി ആരോപണങ്ങളിൽ മൗനം പാലിച്ചവർ കുടുക്കാൻ പറ്റിയ ഒരു വകുപ്പ് കണ്ടെത്തി കേസ് ഫയൽ ചെയ്തത് കേരളത്തിലെ ജനങ്ങൾ എങ്ങനെ കണ്ടു എന്നതിന്റെ നേർ സാക്ഷ്യം ആണ് ആ ചാനലിന് ഇപ്പോൾ കിട്ടുന്ന ജനപ്രീതി. ഇരുപതു ലക്ഷത്തിൽ അധികം വരിക്കാരോടെ ചാനൽ മുകളിലേക്ക്. അതിനർഥം, കുടുംബ സമേതം കാണുന്ന കണക്കു കൂടിയെടുത്താൽ, ഏതാണ്ട് 50 ലക്ഷം പേരിലേക്ക് ചാനൽ നേരിട്ടെത്തുന്നു എന്നാണ് . ചാനലുകാരനെ അറസ്റ്റ് ചെയ്തു ജയിലിലിടാൻ പോലീസ് കാണിക്കുന്ന ഉത്സാഹം അമ്പരപ്പിക്കുന്നതാണ്. അയാൾക്ക് മുൻ‌കൂർ ജാമ്യം എടുക്കണമെങ്കിൽ അതിന് എന്ത് കൊണ്ട് അവസരം കൊടുത്തുകൂടാ. കൊള്ളക്കാരനോ, കൊലപാതകിയെ ഒന്നും അല്ലല്ലോ അയാൾ. അവാസ്തവമായ, നിലനിൽക്കില്ലെന്ന് അധികം വാദങ്ങൾക്കിട നൽകാതെ തന്നെ സുപ്രീം കോടതി പറഞ്ഞ ഒരു കേസിൽ ആണ് ഈ പരാക്രമം ഒക്കെയെന്നോർക്കണം. അതിനു ചാനൽ റെയ്ഡ് ചെയ്തു കംപ്യൂട്ടറുകളും ജീവനക്കാരുടെ മൊബൈലും ഒക്കെ പിടിച്ചെടുത്ത് അവരുടെ ജീവിതത്തിൽ ഭീതി വിതച്ചത് കേസന്വേക്ഷണത്തിന്റെ പുതിയ രീതിയായിരിക്കാം. ഏറ്റവും ഭീതി ഉളവാക്കുന്നത് ഹൈ കോടതി പോലും കേസിൽ മെറിറ്റുണ്ട് എന്ന് കണ്ടെത്തിയതാണ് . ഇപ്പോൾ ഒരു ക്രിസ്ത്യാനി കേസ് കൊടുത്തിരിക്കുകയാണ്. അയാളുടെ മത വിശ്വാസത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച്. ഷാജൻ വിമർശിച്ചത് മത പരിവർത്തനത്തെയാണ്. ബൈബിളിൽ പോലും മത പരിവർത്തനത്തിനെതിരെ പൗലോസ് അപ്പോസ്തോലൻ പറഞ്ഞിട്ടുണ്ട് എന്നാണോർമ. അപ്പോൾ പിന്നെ എന്താണ് ആ കേസിന്റെ മെറിറ്റ് . ജാമ്യത്തിന് സുപ്രീം കോടതി വേണ്ടി വരുമായിരിക്കാം. അത് പോലെ തന്നെ യൂസഫലിക്കെതിരെ ഷാജൻ ധാരാളം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് . അതിൽ ഒന്ന് സർക്കാർ ഭൂമിയിൽ ലുലു മാൾ കെട്ടിയെന്നാണ്. ഉറപ്പായും കേസിൽ പെടുത്തേണ്ട കാര്യം ആയിരുന്നു. വ്യക്തമായ രേഖകളോടെ ഷാജനെതിരെ കേസ് ഫയൽ ചെയ്ത് ശിക്ഷ വാങ്ങി കൊടുത്തിരുന്നെങ്കിൽ ജനം കൈ അടിക്കുമായിരുന്നു. പകരമോ, അദ്ദേഹം വിവാഹം സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് കേൾക്കുന്നു ശരി ആണോ എന്നറിയില്ല എന്ന് പറഞ്ഞതിന്റെ പേരിൽ ആണ് കേസ്. എന്താല്ലേ ? ഭരണമാണോ, ചെറിയ അഴിമതികൾ, സ്വജന പക്ഷപാതങ്ങൾ ഒക്കെ ഉണ്ടാവും.. അഴിമതിയിൽ നിന്ന് മുക്തമായി ഭരിക്കാൻ സാധ്യമല്ല. അത് കൊണ്ടാണ് ഗാന്ധിയെപ്പോലുള്ള ആളുകളൊക്കെ അതിന് പുറം തിരിഞ്ഞു നിന്നത് . ഒരു പരിധിക്ക് അപ്പുറം ഉള്ള അഴിമതികൾ ആണ് പ്രശ്‍നം ആകുന്നത്. കോൺഗ്രസ് കാലത്തെ സംഭവങ്ങളും ഭരണവും ഒക്കെ കണ്ടു വിഷമിച്ചു പോയ ജനത്തിനോട് LDF വരട്ടെ എല്ലാം ശരിയാവും എന്നു പറഞ്ഞപ്പോൾ അവർക്കതൊരു ആശ്വാസവും പ്രതീക്ഷയും ആയിരുന്നു. എന്നാൽ ഇപ്പോൾ ആവട്ടെ നാളിതു വരെയുള്ള ഒരു ഗവൺമെന്റും കേൾക്കാത്ത പഴി ആണ് ഈ സർക്കാർ കേൾക്കുന്നത്. അതിനൊരു പരിഹാരം വേണം. നിയമപരമായ പരിഹാരം ആണ് വേണ്ടത്. അഴിമതി ആരോപണങ്ങളെ രേഖാമൂലം ഘണ്ണിക്കണം. അര്രോപനം ഉന്നയിച്ചവർക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുക തന്നെ വേണം. ജനങ്ങളുടെ കോടതിയിൽ മറുപടി പറയും എന്ന് പറയുന്നത് എത്ര ദയനീയമാണ്. ജനം വോട്ട് ചെയ്യുന്നത് ഇതൊന്നും നോക്കിയല്ല എന്ന് ആർക്കാണ് അറിയാത്തത്. വിമർശനത്തെ നേരിടുകയും അതിനോട് യുക്തിപരമായ രീതിയിൽ പ്രതികരിക്കുകയും ആണ് വേണ്ടത് . അല്ലാതെ, പറയുന്നവർക്കും കേൾക്കുന്നവർക്കും മനസിലാവാത്ത മറു ഭാഷ ഉപയോഗിച്ചതിനെ പുച്ഛിക്കരുത്. അപ്പോഴേ ഒരു പ്രസ്ഥാനം വളരൂ. സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. ആ ഒരു വിശ്വാസം ,ഉറപ്പ് , അതാണ് ജനത്തിനു വേണ്ടത്.