2023, ഓഗസ്റ്റ് 30, ബുധനാഴ്‌ച

ശാസ്ത്രവും വിശ്വാസവും

ശാസ്ത്രവും വിശ്വാസവും ഒന്നിച്ച് പോകുക സാധാരണഗതിയിൽ ബുദ്ധിമുട്ടാണ്. ഓരോ പ്രതിഭാസങ്ങളെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അപഗ്രഥിച്ച് മനസിലാക്കുന്നതാണ് ശാസ്ത്രമെങ്കിൽ വിശ്വാസത്തിന് ആധാരമായിട്ടുള്ളത് കേവല വിശ്വാസം മാത്രമാണ്. ശാസ്ത്ര അറിവുകൾ തലമുറകളായി കൈമാറുന്നത് പോലെ വിശ്വാസവും കൈമാറ്റം ചെയ്യപ്പെടുന്നു. മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ എന്ന് പറയാം രണ്ടിന്റെയും പ്രാഗ്‌രൂപങ്ങളുടെ ഉത്ഭവം. സാധാരണ മനുഷ്യർ ഒരേ സമയം തന്നെ ശാസ്ത്ര കാര്യങ്ങളിൽ വ്യാപാരിക്കുന്നവരും മതപരമായ കാര്യങ്ങൾ വരുമ്പോൾ ശാസ്ത്രത്തെ പാടെ ഉപേക്ഷിച്ച് വിശ്വാസത്തെ മുറുകെ പിടിക്കുന്നവവരും ആണ്. എന്നാൽ ശാസ്ത്രജ്ഞൻമാരും, ശാസ്ത്രത്തിന്റെ ടൂളുകൾ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളും, ഒക്കെ ശാസ്ത്രവും വിശ്വാസവും കോർത്തിണക്കിയ ഒരു ജീവിതം നയിച്ചു കാണുമ്പോൾ അത് ഒരഭംഗിയായി തോന്നുക സ്വാഭാവികമാണ്. സാധാരണ ജനങ്ങളിൽ അത് സ്രഷ്ട്ടിക്കുന്ന ഒരു കൺഫ്യൂഷൻ ആണ് ഏറ്റവും പ്രധാനം. നമ്മൾ ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറക്കി. പക്ഷെ അതിന്റെ ക്രെഡിറ്റ് ശാസ്ത്രത്തിന് പൂർണമായും നൽകാതെ ശാസ്ത്രജ്ഞൻമാർ തനി വിശ്വാസികളെ പോലെ പെരുമാറി ആരാധനാമൂർത്തികളെ പ്രാർത്ഥിക്കുന്നതും വഴിപാടുകൾ കഴിക്കുന്നതും ഒക്കെ കാണുമ്പോൾ ഒരസ്വസ്ഥത തോന്നുക സ്വാഭാവികമാണ്. ആസന്നമായ ഭൂമിയുടെ മൃത്യു മുന്നിൽ കണ്ട് ഗോളാന്തര യാത്രകൾ നടത്തി മറ്റു ഗാലക്‌സികളിൽ ജീവനെ പറിച്ച് നടാൻ കഴിയുമോ എന്ന അന്വേക്ഷണം ആണ് ശാസ്ത്രം നടത്തുന്നത്. ഒരു ദൈവത്തിനു പോലും തട്ടിമാറ്റാൻ കഴിയാത്തവണ്ണം അത്ര മാത്രം സുനിശ്ചിതമായ ഒന്നാണ് ഭൂമിയുടെ നാശവും ജീവന്റെയും അന്ത്യവും. അപ്പോൾ ശാസ്ത്രകാരന്മാരുടെ വിശ്വാസം സാധാരണ ജനത്തിന് എന്ത് സന്ദേശം ആണ് നൽകുക? ചെറുപ്പക്കാർ വിശ്വാസം ഉപേക്ഷിച്ച് ശാസ്ത്രത്തിലേക്ക് എങ്ങനെയാണ് വരിക? ശാസ്ത്രത്തിനു ഒരു ഭൗതീക തലവും ( ഫിസിക്സ്) ഒരു അതിഭൗതീക ( മെറ്റാഫിസിക്സ് ) തലവും ഉണ്ട്. പ്രപഞ്ചത്തിലെ പദാർത്ഥത്തിന്റെ ചലനവും അവയുടെ നിശ്ചലാവസ്ഥയും ഒക്കെ പ്രത്യേക നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് കണ്ടെത്തി ആ നിയമങ്ങൾ എല്ലാം വ്യാഖ്യാനിക്കാനാണ് ശാസ്ത്രം ശ്രമിച്ചത്. എന്നാൽ പദാർത്ഥം എങ്ങനെ ഉണ്ടായി ,ചലനം എങ്ങനെ ഉണ്ടായി, ആരാണ് ചലിപ്പിച്ചത് തുടങ്ങിയ ചോദ്യങ്ങൾ മെറ്റാഫിസിക്സ്ന്റെ തലത്തിൽ ഉള്ളതാണ് . ഇതിന് ശാസ്ത്രത്തിന് കൃത്യമായ ഉത്തരം തരാൻ കഴിയില്ല. പല തിയറികളും ഉണ്ട്. എന്നാൽ അവയൊന്നും തന്നെ അവസാനത്തേതും അല്ല. ഇവിടെയാണ് മതങ്ങൾ പ്രവർത്തിക്കുന്നത്. ഈ ഭൂമിയും സമസ്ത പ്രപഞ്ചവും ദൈവം ആണ് സ്രഷ്ട്ടിച്ചതെന്ന് മതങ്ങൾ സ്ഥാപിച്ചു. മരണാനന്തരം ദൈവം നല്ലവർക്ക് സ്വർഗ്ഗവും ദുഷ്ടന്മാർക്ക് നരകവും ഒരുക്കി വച്ചിട്ടുണ്ടെന്നും വിശ്വാസം. ശാസ്ത്രത്തിന്റെ മെറ്റാഫിസിക്സ് തലത്തിലെ ഈ ദൗർബല്യം മതങ്ങൾക്ക് തഴച്ചു വളരാനുള്ള മണ്ണായി മാറി. എന്നാൽ ദൈവ വിശ്വാസത്തിന് തത്വ ശാസ്ത്രത്തിൽ നല്ല വ്യാഖ്യാനങ്ങൾ ഉണ്ട്. അരിസ്റ്റോട്ടിൽ ദൈവത്തിനെ പ്രഥമ ചാലകൻ (prime mover) എന്ന് വിളിച്ചു. ഈ ദൈവത്തെ പക്ഷെ പ്രത്യേക ഗുണ ഗണാദികൾ ഇല്ലാത്ത ഒന്നായാണ് അദ്ദേഹം വ്യാഖ്യാനിച്ചത്. ഈ വ്യാഖ്യാനം തന്നെ ആണ് ഭാരതീയർ ദൈവത്തിനു നൽകിയത്. ഉപനിഷത്തുക്കൾ അൾട്ടിമേറ്റ് റീയാലിറ്റിയെ ബ്രഹ്മം എന്ന് വ്യാഖ്യാനിച്ചു. പിന്നീട് ശങ്കരാചാര്യർ അതിന് പ്രചാരം നൽകി. നിർഗുണ ബ്രഹ്മം എന്നത് അരിസ്റ്റോട്ടിൽ ന്റെ prime mover നേക്കാൾ ഒരു പടികൂടി മുകളിൽ ആയി. ലോകത്തിൽ നിറഞ്ഞു നിൽക്കുന്ന ശക്തിയെ ബ്രഹ്‌മമായും, ഓരോ വ്യക്തികളിലും ഉള്ള ശക്തിയെ ആത്മൻ ആയും, മരണത്തെ ആത്മൻ ബ്രഹ്മ്മത്തിൽ ലയിക്കുന്നതായും വ്യാഖ്യാനിച്ചു. ബ്രഹ്‌മജ്ഞാനം ലഭിക്കാത്ത ആളുകൾ മാത്രമാണ് ലോകത്തെ നാമരൂപങ്ങളിലൂടെ അറിയുന്നതെന്നും ബ്രഹ്മത്തെ അറിയും വരെ ഈശ്വര പൂജ ആകാമെന്നും എന്നാൽ ഈശ്വരൻ ബ്രഹ്മത്തെ അറിയാനുള്ള ഒരുപാധി മാത്രമാണെന്നും ബ്രഹ്മജ്ഞാനം ലഭിച്ച ആൾക്ക് പിന്നെ ഈശ്വരന്റെ ആവശ്യം ഇല്ല എന്നും പറഞ്ഞു വച്ചത് ഏതു കാലഘട്ടത്തിലെയും ജ്ഞാനാന്വേക്ഷികൾക്ക് മാതൃക ആയി എടുക്കാവുന്നതാണ്. ഐൻസ്റ്റിൻ ഉൾപ്പെടെ ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞൻമാരൊക്കെ തന്നെ ഇത്തരം പാന്തീയ്സ്റ്റ് (Pantheist) കാഴ്ചപാടുകാരാണ്. ഈ കാഴ്ചപ്പാടിലൂടെ ഓരോ മതക്കാരും അവരവരുടെദൈവത്തെ കാണുമെങ്കിൽ ദൈവങ്ങൾ തമ്മിൽ വേർതിരിവ് ഇല്ലാതാവും. എല്ലാ ദൈവവും ഒന്നിന്റെ പര്യായം ആയി മാറും. പരമമായ അറിവ് ലഭിച്ചു കഴിഞ്ഞാൽ ദൈവവും നമ്മളും പ്രപഞ്ചവും എല്ലാം ഒന്നാണ് എന്ന കാഴ്ചപ്പാടിൽ എത്തി നിൽക്കും. ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഉണ്ടാവേണ്ടത് ആ അറിവാണ്. അല്ലാതെ അവർ ശാസ്ത്രത്തിന്റെ ദൗർബല്യം ആകാൻ പാടില്ല. വ്യക്തിപരമായ സ്പേസ് ആയി മതത്തെയും ഔദ്യോഗിക സ്പേസ് ആയി ശാസ്ത്രത്തെയും കാണുന്നത് ഇരട്ടത്താപ്പാണ്. ശാസ്ത്രത്തോടും ജനങ്ങളോടും ചെയ്യുന്ന വഞ്ചന ആണത്. മതാധിഷ്ഠിതമായ ഒരു രാഷ്ട്രത്തിൽ അധികാരം കയ്യെത്തി പിടിക്കാനുള്ള ഒരുപാധി മാത്രമാണത്.

2023, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

ചന്ദ്രയാനിലെ അപശ്രുതികൾ

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയോ എന്നത് ഇപ്പോഴും തർക്കവിഷയം ആണെങ്കിലും ഇന്ത്യയുടെ ചന്ദ്രയാൻ 3 ദക്ഷിണധ്രൂവത്തിൽ സുരക്ഷിതമായി ഇറങ്ങി എന്നത് പകൽ പോലെ സത്യമായിരിക്കുന്നു. ഈ ആഹ്ലാദ നിമിഷങ്ങൾ ലോകമെമ്പാടും ആഘോഷിച്ചെങ്കിലും ഇത് ധൂർത്തല്ലേ വിശക്കുന്ന മനുഷ്യന്റെ അന്നമെടുത്ത് വേണോ ഈ ധൂർത്ത് എന്നോർത്ത് വിലപിക്കുന്നവരും കുറവല്ല. ഈ ദൗത്യത്തിന്റെ പ്രസക്തി എന്താണെന്ന് പലർക്കും അങ്ങ് ബോധ്യമായിട്ടില്ല എന്നാണു തോന്നുന്നത്. ഇനി കുറെ കാശുള്ളവർ ചന്ദ്രനിൽ പോയി ടൂർ അടിച്ചു വരും. അതിനാണ് ഈ തോന്നിയവാസങ്ങൾ. എന്ന് ശുദ്ധഗതിക്കാരും ദൈവത്തിനെ വെല്ലുവിളിക്കുക ആണ് മനുഷ്യൻ, എവിടം വരെ എത്തുമെന്ന് നമുക്ക് കാണാല്ലോ എന്ന് മത വിശ്വാസികളും ചിന്തിക്കുമ്പോൾ ചന്ദ്രനെ ഒരു സ്പേസ് സ്റ്റേഷൻ ആക്കി വികസിപ്പിച്ചെടുക്കാനും അവിടെ നിന്ന് മറ്റൊരു സൗരയൂഥത്തിൽ കുടിയേറി പാർക്കാനും ഉള്ള തയ്യാറെടുപ്പിലാണ് ശാസ്ത്ര ലോകം. ഇതൊന്നും രാഷ്ട്രീയ കാർക്ക് അങ്ങ് കത്തിയിട്ടുണ്ടോ എന്ന് തോന്നുന്നില്ല. മുൻകാല ഭരണാധിപന്മാരുടെ പങ്കിനെകുറിച്ചോന്നും പരാമർശിക്കാതെ തങ്ങളുടെ ഭരണകാലത്തെ മികച്ച നേട്ടം എന്ന നിലയിൽ മാത്രം ആണ് അവർ ഇതിനെ കാണുന്നത് . ഈ ഭൂമിയിൽ തന്നെ ഒരു സുന്ദര ലോകം ഉണ്ടാകും എന്ന് മത വിശ്വാസികളെ പോലെ അവരും ചിന്തിക്കുകയും അക്കാലത്ത് ഭരിക്കാനായി തങ്ങളുടെ പാർട്ടി മാത്രമേ ഉണ്ടാകാവൂ എന്ന് വിചാരിച്ച് പ്രവർത്തിച്ചു പോരുക ആണ് ഓരോ രാഷ്ട്രീയ പാർട്ടികളും. പേടകം വിക്ഷേപിക്കുന്നതിനു മുമ്പ് എല്ലാമറിയുന്ന ശാസ്ത്രജ്ഞൻമാർ ദൈവത്തിന്റെ അനുഗ്രഹം വാങ്ങിയത് ഒരു കല്ലുകടി ആയി. ദൈവം വിചാരിച്ചിരുന്നെങ്കിൽ നമുക്ക് ഈ ഗതി വരില്ലായിരുന്നല്ലോ. രാഷ്ട്രീയ യജമാനൻമാരെ തൃപ്തി പെടുത്താൻ ആയിരിക്കണം അവർ അങ്ങനെ ചെയ്തത്. സാധാരണ ആളുകൾ മനസ്സിലാക്കിയിട്ടുള്ളത് ഈ ഭൂമിയിൽ എത്ര വർഷം വേണമെങ്കിലും നമുക്ക് ജീവിക്കാൻ പറ്റും എന്നാണ് . മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർക്ക് ദൈവം നൽകിയ ഇടം ആണ് ഭൂമി. ദൈവത്തിന് അനിഷ്ടമായി ജീവിച്ചാൽ ദൈവം ഭൂമിയെ നശിപ്പിക്കും. അങ്ങനെ നശിപ്പിച്ച ചരിത്രം എല്ലാ മതക്കാർക്കും പറയാനുണ്ട് താനും. അങ്ങനെ ദൈവത്തെ പ്രാർത്ഥിച്ച് ദൈവത്തിന് വേണ്ടി മറ്റുള്ളവരോട് പോരടിച്ച് സർവരെയും അവരവരുടെ മതത്തിൽ ചേർത്ത് ദൈവത്തിന്റെ ഇഷ്ടക്കാരൻ ആയി സ്വർഗത്തിൽ സുഖമായി വാഴാം എന്നാണു ചിന്ത. എന്നാൽ എത്ര മൂഢലോകത്താണ് അത്തരക്കാർ കഴിയുന്നതെന്ന് അവർക്കറിയില്ല. ദൈവം ആണ് മനുഷ്യനെ സ്രഷ്ട്ടിച്ചത് എന്നാണ് ഇപ്പോഴും വിശ്വാസം. സൗരയൂഥത്തിലെ ഒരു ഗ്രഹം ആണ് ഭൂമി എന്നും സൂര്യൻ ആണ് ഭൂമിക്ക് ഊർജം പകർന്നു തരുന്നതെന്നും സൂര്യൻ ഇല്ലാതായാൽ ഭൂമി ഉണ്ടാവില്ല എന്നുമുള്ള അറിവ് ഇത്തരക്കാർക്ക് ഉണ്ടോ എന്നറിയില്ല. സൂര്യനിലെ ഊർജത്തിന്റെ ഉറവിടം ഹൈഡ്രജൻ വാതകം കത്തി ഹീലിയം വാതകം ആയി മാറുന്നതാണ്. 450 കോടി വർഷമായി സൂര്യൻ കത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ പകുതി ആയുസ് കഴിഞ്ഞിരിക്കുക ആണ്. അതായത് ഇനി ഒരു450 കോടി വർഷത്തേക്ക് കൂടി കത്താനുള്ള ഹൈഡ്രേജൻ മാത്രമാണ് സൂര്യനിൽ ഉള്ളത്. അത് കഴിഞ്ഞാൽ സൂര്യൻ വെളുത്ത കുള്ളൻ എന്ന ഒരു അവസ്ഥയിലേക്ക് മാറുകയും അതിന്റെ ആകർഷണ ശക്തി വളരെ വർധിച്ചു സ്വന്തം ഗ്രഹങ്ങളെയും അതിലേക്ക് വലിച്ചടുപ്പിച്ച് നീണ്ട സമാധിയിലേക്ക് കടക്കുകയും ചെയ്യും . അതിന് എത്രയോ കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവന്റെ കണികകൾ അപ്രത്യക്ഷമായിട്ടുണ്ടാകും. ഇപ്പോൾ തന്നെ ചൂട് കൂടി വരുന്നു. ഇനി ചൂട് വർധിച്ചു ഭൂമിയിലെ സകല ഐസ് പാളികളും ഉരുകി ഒലിച്ച് ഒരു വെള്ളപ്പൊക്കം ഉണ്ടാകും. അന്ന് നോഹിന്റെ പെട്ടകം കൊണ്ടൊന്നും ഒരു രക്ഷയും ഉണ്ടാകില്ല. പിന്നീട് ചൂട് കൂടി വെള്ളം വറ്റി ഭൂമി വരണ്ടുണങ്ങാൻ തുടങ്ങും .അതിനും വളരെ നാളുകൾക്ക് മുമ്പ് മനുഷ്യൻ ഭൂമിയിൽ നിന്ന് മറ്റൊരു സൗരയൂഥത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള വഴിയാണ് ചന്ദ്രയാൻ ഉൾപ്പെടെയുള്ള പര്യവേഷണങ്ങൾ വഴി ശാസ്ത്ര ലോകം തേടുന്നത്. ഇക്കാര്യത്തിനെല്ലാം മനുഷ്യന്റെ കൈ വശം ഇനി അവശേഷിക്കുന്നതോ ആയിരം അല്ലെങ്കിൽ രാണ്ടായിരം വർഷം മാത്രം. അപ്പോൾ മുണ്ടു മുറുക്കി ഉടുത്തിട്ടാണെങ്കിലും മുറുമുറുപ്പില്ലാതെ വരും തലമുറയെ ഓർത്ത് ശാസ്ത്ര ഗവേഷണങ്ങളോട് നമ്മൾ സഹകരിക്കേണ്ടതുണ്ട് .

2023, ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

ജനാധിപത്യത്തിലെ നല്ല നാളുകൾ

ജനാധിപത്യം മനോഹരമാകുന്നത് ജനങ്ങൾ ബോധപൂർവം തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ ഭരണം നടത്തുമ്പോൾ ആണ്. ഇന്ന് നമ്മുടെ രാജ്യത്തുടനീളം കാണുന്ന ഭരണ വ്യവസ്ഥയെ ജനാധിപത്യം എന്ന് വിളിച്ച് വരുന്നുണ്ടെങ്കിലും അതിൽ ജനതാൽപ്പര്യത്തിന് ഒരു സ്ഥാനവും ഇല്ല. പണ്ട് ജനാധിപത്യത്തെ നിയന്ത്രിച്ചിരുന്നത് ഭൂപ്രഭുക്കൾ ആയിരുന്നെങ്കിൽ ഇന്ന് മതാധിഷ്ടിതമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന പാർട്ടികൾ ആണ് അതിന്റെ അമരക്കാർ എന്ന് മാത്രം. പലവിധ സ്വാധീനങ്ങൾക്കും ഭീഷണികൾക്കും വിധേയരായി സമ്മതിദാനം വിനിയോഗിക്കുന്ന യന്ത്രസമം ആണ് ജനങ്ങൾ ഇന്ന്. നമ്മൾ പോലും അറിയാതെ നമ്മളോരോരുത്തരും വർഗീയമായി സംഘടിപ്പിക്കപ്പെട്ടിരിക്കുക ആണ് . രണ്ടു തരത്തിലുള്ള രാഷ്ട്രീയമാണ് ഇവിടെ ഉള്ളത്. ഭൂരിപക്ഷ രാഷ്ട്രീയവും ന്യൂനപക്ഷ രാഷ്ട്രീയവും. അവരവരുടെ വോട്ടു ബാങ്കുകൾ ഏതു മതത്തിൽ പെടുന്നവർ ആണ് എന്ന് മനസിലാക്കി അതനുസരിച്ചാണ് വർഗീയ പ്രീണനം നടത്തുന്നത് . ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ വളർച്ച അത്ഭുതകരം തന്നെ ആണ്. ഇനി ഒരു പത്തിരുപത് വര്ഷം ഭരിക്കാനുള്ള ചേരുവകൾ ആ പാർട്ടിക്കുണ്ട്. 70 ശതമാനത്തിനു മുകളിൽ ഹിന്ദുക്കളുള്ള ഈ രാജ്യത്ത് ആ പാർട്ടിയുടെ കരുത്തായിരിക്കുന്നത് ഹൈന്ദവ വിശ്വാസവും അതിന്റെ സംരക്ഷണവും ആണ്. മറ്റു പാർട്ടിക്കാരും വെറുതെയിരുന്നില്ല. വർഗീയ ചേരിതിരിവുകൾ മനസിലാക്കി അതിനെ പ്രതിരോധിച്ച് തങ്ങളുടെ വോട്ടു വിഹിതം നിലനിർത്താൻ അവർ ആവോളം പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൈകി ഓടിയവന്റെ കുറവ് ഒരു കുറവായി തന്നെ നിലനിന്നു. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കണോ അതോ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കണോ എന്ന ചിന്താക്കുഴപ്പം അവരെ ഈ മത്സരത്തിൽ വളരെ ദൂരം പിന്നിലാക്കി. എന്നാൽ സംസ്ഥാനങ്ങളിൽ ചില പാർട്ടികൾ ഇതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എങ്ങോട്ടാണ് നമ്മൾ പോകുന്നത്? എന്തിനും ഏതിനും എന്തിനാണ് മതാടിസ്ഥാനത്തിൽ നമ്മൾ ചിന്തിക്കുന്നത്? ഇന്ത്യയിൽ ന്യൂനപക്ഷങ്ങളിൽ പെടുന്നവരും ഭൂരിപക്ഷത്തിൽ പെടുന്നവരും ഒരേ മതക്കാർ തന്നെയാണ് എന്ന് മനസിലാകാത്തതോ മനസിലാക്കാത്തതോ? ഒന്നും അഞ്ചും നൂറ്റാണ്ടുകളിൽ മാത്രം രൂപം കൊണ്ട രണ്ടു പ്രബല മത സമൂഹമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആയി കരുതപ്പെടുന്നത്. അതിനു മുമ്പ് ഇവരുടെ പൂർവികർ ആരായിരുന്നു എന്ന് ചിന്തിച്ചിരുന്നെങ്കിൽ ഈ ഭൂരിപക്ഷ ന്യൂനപക്ഷ ഭീതി നമുക്കുണ്ടാകുമായിരുന്നില്ല. പല നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ഒരേ ജനസമൂഹം തന്നെയാണ് നമ്മൾ. മതം ആണ് ആളുകളെ അകറ്റുന്നത് . മത വിശ്വാസം വേണ്ട എന്ന് വയ്ക്കുക എല്ലാവർക്കും സാധ്യമല്ല. പക്ഷെ മതം വ്യക്തിപരം ആകണം. മതപരമായി സംഘടിക്കുകയോ സമ്മർദ ശക്തിയായി നിൽക്കുകയോ ചെയ്‌താൽ സംഭവിക്കുന്നത് സർവ നാശമായിരിക്കും. അതിന് നിർബന്ധിക്കുന്ന രാഷ്ട്രീയ മത നേതാക്കളെ പുറത്താക്കുക തന്നെ വേണം. ജനങ്ങൾ അങ്ങനെ ചെയ്യുമെങ്കിൽ പിന്നെ രാഷ്ട്രീയക്കാർക്ക് പുതിയ റോൾ ആണുള്ളത് . ന്യൂനപക്ഷ ഭൂരിപക്ഷ ഭീതി ഇല്ലാത്ത സാഹചര്യത്തിൽ അവർ അഴിമതി ഇല്ലാത്ത നല്ല ഭരണം കാഴ്ചവയ്ക്കാൻ നിർബന്ധിക്കപ്പെടും . കഴിവും പ്രാപ്തിയും നല്ല വിദ്യാഭ്യാസവും ഉള്ള മിടുക്കൻ മാർ രാഷ്ട്രീയത്തിലേക്ക് കടന്നു വരും. തെമ്മാടിയുടെ അവസാന അഭയസ്ഥാനം ആണ് രാഷ്ട്രീയം എന്ന അവസ്ഥ മാറും. ജീവിതാവസാനം വരെ ഭരിച്ച് കസേരയിലിരുന്നു മരിക്കുന്ന സാഹചര്യം ഉണ്ടാവില്ല. . രാഷ്ട്രീയം തൊഴിൽ ആയി സ്വീകരിക്കാൻ ആരെയും അനുവദിക്കരുത്. തൊഴിലാളി നേതാവ് വിയർപ്പിന്റെ അസുഖം ഉള്ള ആളാകരുത് . രാജ്യം തീർച്ചയായിട്ടും മാറും. അതിന് ഞാനും നിങ്ങളും നമ്മുടെ ദൈവത്തിനെ വീട്ടിലേക്കും ഹൃദയത്തിലേക്കും കൊണ്ടുപോയാൽ മാത്രം മതി.

2023, ഓഗസ്റ്റ് 5, ശനിയാഴ്‌ച

കമ്മ്യൂണിസവും വർഗീയതയും

സത്യസന്ധമായി പറഞ്ഞാൽ ഷംസീറിന്റേത് ഒരു വർഗീയ പരാമർശം അല്ലെ?ഗണപതി മിത്താണെന്ന് പറഞ്ഞാൽ അത് ഒരു സ്വതന്ത്ര ചിന്താഗതിക്കാരന്റെ ഭാഷയിൽ ശരി ആണ്. എന്നാൽ മറ്റൊരു മതവിശ്വാസി അതും സ്വന്തം മതം പൂർണമായും ശരി ആണെന്ന് ധരിക്കുന്ന ഒരാൾ തീർച്ചയായും പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. ഇത്തരം വിശ്വാസങ്ങളെ അശാസ്ത്രീയം എന്ന് വിശേഷിപ്പിക്കുമെങ്കിൽ എല്ലാ മതങ്ങളും ആ വിശേഷണത്തിൽ വരും. മതങ്ങളിലെ ദൈവ സങ്കല്പം, നരകം സ്വർഗം ഒക്കെ തന്നെ ഒരു തമാശ ആയാണ് മതങ്ങളെ കുറിച്ച് പഠിക്കുമ്പോൾ തോന്നുക. ഫിലോസഫിയും, നരവംശ ശാസ്ത്രവും ഷംസീർ പഠിച്ചു എന്നത് എന്നെ അത്ഭുത പെടുത്തി. അങ്ങനെഎങ്കിൽ അദ്ദേഹം, നമുക്ക് മുൻഗാമികൾ ആയിരുന്ന നീയൊണ്ടേർത്താൽ , ഡെനിസോവൻസ്, ഹോമോ എറിക്ട്‌സ് തുടങ്ങിയ മണ്മറഞ്ഞു പോയ മനുഷ്യവംശങ്ങളെ കുറിച്ചും പഠിച്ചിട്ടുണ്ടാവണം. അത്തരം ഒരു പഠനത്തിന്റെ ഭാഗമായി കാര്യങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ ഇപ്പോഴുള്ള മതങ്ങളും അവയുടെ ദൈവ സങ്കൽപ്പങ്ങളും കേവലം കെട്ട് കഥകൾക്കപ്പുറം ഒന്നും അല്ലെന്ന് മനസിലാകും. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നെഞ്ചുറപ്പോടെ സത്യം പറയുകയും പറഞ്ഞത് മാറ്റി പറയാതിരിക്കുകയും ചെയ്യണമെങ്കിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ജീവിതത്തിൽ സാംശീകരിക്കുകയും ആ ആശയങ്ങൾക്കനുസരിച്ച് ജീവിക്കുകയും വേണം. ഈ ആശയങ്ങൾ ഒട്ടും തന്നെ സാംശീകരിക്കാതെ ജീവിക്കുന്നവരും ഭരിക്കുന്നവരും ആണ് ലോകത്തെല്ലായിടത്തും തന്നെ കമ്മ്യൂണിസത്തെ നാണം കെടുത്തുന്നത്. ഭൗതീകവാദ ആശയങ്ങൾ ആണ് കമ്മ്യൂണിസത്തിന്റെ അടിത്തറ എന്നാണ് മനസിലാക്കുന്നത്. പഥാർഥം ( മാറ്റർ ) ആണ്‌ പരമമായ സത്യമെന്നും ശരീരവും മനസും പഥാർഥതത്തിന്റെ ഡയമെൻഷനുകൾ ആണെന്നും വൈരുദ്ധ്യാത്മകമായ പഥാർഥത്തിന്റെ വളർച്ചയാണ് പ്രപഞ്ചം എന്നും മറ്റാരും വിശ്വസിച്ചില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ എങ്കിലും വിശ്വസിക്കണം. അങ്ങനെ വിശ്വസിക്കാൻ പറ്റില്ലെങ്കിൽ പാർട്ടി അംഗത്വം ഉപേക്ഷിച്ച് അനുഭാവി ആയി മാറുക ആണ് വേണ്ടത് . ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയി ജീവിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ് . അത് ഭൗതീക വാദത്തിൽ അധിഷ്ഠിതമാണെങ്കിലും മനുഷ്യ സ്നേഹത്തിന്റെയും നന്മയുടെയും വിശുദ്ധിയുടെയും ഒക്കെ പര്യായമായി നിലകൊള്ളുന്നതാണ് . അന്യന്റെ ശബ്ദം സംഗീതമായി ആസ്വദിക്കുന്ന ഒരു കാലം സ്വപ്നം കാണുന്നവർ ആണ് ശരിയായ കമ്മ്യൂണിസ്റ്റുകാർ . സ്വന്തം മതത്തിൽ അടിയുറച്ച് നിൽക്കുകയും ആ മതം മഹത്തരം ആണ് എന്ന് കിട്ടുന്ന അവസരങ്ങളിൽ എല്ലാം പറയുകയും ചെയ്യുന്നയാൾ മറ്റു മതത്തിലെ ദൈവ സങ്കൽപ്പങ്ങളെ അവഹേളിക്കുമ്പോൾ അത് വർഗീയത അല്ലാതെ മറ്റെന്താണ്? മാപ്പ് പറയുക മാത്രം അല്ല വേണ്ടത് ,കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അനുസരിച്ച് ജീവിക്കാൻ സാധ്യം അല്ല എന്ന് മനസിലാക്കി മത വിശ്വാസം അനുസരിച്ച് ജീവിക്കുക ആണ് വേണ്ടത്. ചിലതൊക്കെ നമുക്ക് മാറ്റിയെടുക്കാൻ പറ്റും . എന്നാൽ കുട്ടിക്കാലം മുതൽ ആഴത്തിൽ വേരോടിയ വിശ്വാസങ്ങൾ മാറ്റുക എളുപ്പമല്ല.