2023, നവംബർ 17, വെള്ളിയാഴ്‌ച

ക്രിസംഘി

ക്രിസംഘി വളരെ പെട്ടെന്ന് നമ്മുടെ സമൂഹത്തിൽ ഉരുത്തിരിഞ്ഞു വന്ന വാക്കുകളിൽ ഒന്നാണ് ക്രിസംഘി . ഈ വാക്ക് ആദ്യമായി കേൾക്കുന്നത് ഒരു കത്തോലിക്കാ പുരോഹിതൻ ഇടയ ജനങ്ങളോട് മതപരമായ കാര്യങ്ങളിൽ എടുക്കുന്ന തീവ്ര നിലപാടുകൾ കാരണം മറ്റുള്ളവർ ഇപ്പോൾ നമ്മളെ ക്രിസംഘികൾ എന്നാണ് വിളിക്കുന്നത് . ആ വിളി ഒഴിവാക്കണം . എല്ലാവരും കരുതലോടെ പ്രവർത്തിക്കണം എന്നൊക്കെ പറയുന്ന ഒരു വീഡിയോ കണ്ടപ്പോൾ ആണ്. അത് പോലെ തന്നെ പെട്ടെന്ന് ഉണ്ടായ ചില വാക്കുകൾ ആണ് . കൊങ്ങി , കമ്മി, സുഡാപ്പി ,മുതലായവ. സംഘി നേരത്തെ ഉണ്ടായിരുന്നതാണ് . എമുക്കൾ എന്ന് പറയുന്ന ഒരു വിഭാഗവും നിലവിൽ ഉണ്ട്. ഇസ്ലാം മതം വിട്ട അവിശ്വാസികൾ ആണ് എമുക്കൾ . ഇത് കൂടാതെ മുസംഘി എന്ന ഒരു പുതിയ കൂട്ടരും രൂപം കൊണ്ട് വരുന്നു. മുസംഘികൾ ക്രിസന്ഘികളെ പോലെ തന്നെയാണ് . മുസ്‌ലിം മതത്തിലെ വിശ്വാസികൾ ആയ കൂട്ടരാണ് . പക്ഷെ ഇവർ ഇസ്ലാം മതത്തിലെ മാമൂലുകൾക്ക് എതിരാണ്. ഒരു സംഘി ലൈൻ. കേരളീയ സമൂഹം പൊതുവെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളിൽ നിന്നും വ്യത്യസ്തമായി നിലകൊള്ളുന്നവർ ആണ് . അതിന്റെ ഒരു ബഹുമാനം സംസ്ഥാനം വിട്ട് യാത്ര നടത്തുമ്പോൾ നമുക്ക് കിട്ടാറുമുണ്ട് .ഉയർന്ന വിദ്യാഭ്യാസവും മതപരമായ കാര്യങ്ങളിൽ നമ്മൾ വച്ച് പുലർത്തുന്ന സഹവർത്തിത്തവും ഒക്കെ ആണ് അതിനു കാരണം. എന്നാൽ ഇന്ന് കാര്യങ്ങൾ വ്യത്യസ്തമായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയ ശക്തമായതും , രാഷ്ട്രീയക്കാരുടെ ഇടപെടലുകളും ഒക്കെ ആണ് ഈ ധ്രൂവീകരണത്തിന് പിന്നിൽ. ഹിന്ദു ഇസ്‌ലാം പ്രശ്നങ്ങൾ സ്വാതന്ത്ര്യത്തിന് മുമ്പേ ഉണ്ടായിരുന്നതാണ്. വിഭജനം അത് ആളിക്കത്തിച്ചു . പക്ഷെ നമ്മുടെ നാട്ടിൽ സമാധാനം നിലനിന്നു. കാരണം പുറത്ത് നടക്കുന്നത് നമ്മൾ ആരും അറിഞ്ഞില്ല . അറിയാത്തകാര്യങ്ങൾ പറഞ്ഞു കുത്തി തിരിപ്പിക്കാൻ അന്നത്തെ രാഷ്ട്രീയക്കാരും ശ്രമിച്ചില്ല. എന്നാൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും വളരെ സൗഹാർദ്ദത്തിൽ ആണ് ഇവിടെ കഴിഞ്ഞിരുന്നത്. അവർ തമ്മിൽ ഒരു സംഘട്ടനവും നടന്നതായി പറഞ്ഞു കേട്ടിട്ട് പോലും ഇല്ല. പഴയ കുരിശുയുദ്ധത്തിന്റെ വൈര്യം ഒന്നും ഇവിടെ ഇല്ലായിരുന്നു. കാരണം ബഹു ഭൂരിപക്ഷത്തിനും അതെന്താണെന്നു പോലും അറിയില്ല. എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിൽ നിരന്തരം സംഘർഷത്തിൽ ആയിരുന്നു. ആ സംഘർഷത്തിലെ ഒരേടാണ് ക്രിസ്ത്യൻ ദേവാലയം ആയിരുന്ന തുർക്കിയിലെ ഹഗ്ഗിയ സോഫിയ മ്യൂസിയം അവിടുത്തെ സർക്കാർ മുസ്‌ലിം ദേവാലയം ആക്കി മാറ്റുന്നത്. സാധാരണ ഗതിയിൽ നമ്മളെ അത് ബാധിക്കേണ്ട കാര്യം ഇല്ല. തുർക്കിയിലെ മ്യൂസിയം അവിടുത്തെ സർക്കാരിന് ഇഷ്ടമുള്ളതു പോലെ ചെയ്യട്ടെ . അതിനെതിരെ അവിടുത്തെ ക്രിസ്ത്യാനികൾ പ്രതിഷേധിക്കട്ടെ . അങ്ങനെ കരുതിയാൽ മതി. എന്നാൽ ഒരു മുസ്‌ലിം രാഷ്ട്രീയ നേതാവ് അദ്ദേഹത്തിന്റെ പാർട്ടി പത്രത്തിൽ ഹഗ്ഗിയ മ്യൂസിയം മോസ്‌ക്ക് ആക്കി മാറ്റിയതിനെ അനുകൂലിച്ച് ലേഖനം എഴുതി. തുർക്കി സർക്കാരിനെ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്തു. ഇത് കേരളത്തിലെ ക്രിസ്ത്യൻ വിശ്വാസികളെ വിഷമിപ്പിച്ചു. ജോസഫ് സാറിന്റെ കൈ വെട്ടി ക്രിസ്ത്യാനികളെ ഒരേ സമയം അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തതിന്റെ കൂടെയാണിത്. അങ്ങനെ മുസ്‌ലിം സമൂഹത്തിൽ കേരളത്തിലെ ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന വിശ്വാസം തകർന്നു. ഈ അന്തരീക്ഷത്തെ രാഷ്ട്രീയ പാർട്ടികൾ എല്ലാവരും നന്നായി മുതലെടുത്തു . ക്രിസ്ത്യാനികളെ കൂടെ നിർത്താനും, മുസ്ലീങ്ങളെ കൂടെ നിർത്താനും, രണ്ടു പേരെയും കൂടെ നിർത്താനും ഒക്കെ വലിയ പ്രവർത്തനങ്ങൾ നടന്നു. ക്രിസന്ഘികളുടെ ജനനം ഈ സാഹചര്യത്തിൽ ആണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ പലസ്തീന്റെ പേരിൽ ഇവിടെ വെറുപ്പ് വളർത്തുകയാണ്. ഇസ്ലാമിന്റെ ചോര കണ്ടു രസിക്കുന്ന കഴുതപ്പുലികൾ ആണ് ക്രിസ്ത്യാനികൾ എന്നാണു ഒരു രാഷ്ട്രീയ പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. പലസ്തീൻ വിഷയത്തിൽ നമ്മുടെ രാജ്യം ഒരു തീരുമാനം എടുത്തിട്ടുണ്ട്. അത് ഹമാസിന് എതിരും, പലസ്തീനികൾക്ക് അനുകൂലവും ആണ്. പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നതുമാണത് . പലസ്തീനിൽ മുസ്ലീങ്ങൾ അല്ല അക്രമത്തിന് ഇരയാകുന്നത് . അറബികൾ ആണ് . ആ അറബികളിൽ 2,14,000 യഹൂദന്മാരും , 50,000 ക്രിസ്ത്യാനികളും ഉണ്ട്. ബോംബ് വന്ന് വീഴുന്നത് എല്ലാവരുടെയും മീതെ ആണ്. കൊല്ലപ്പെടുന്നതും, അനാഥർ ആക്കപെടുന്നതും ഇവരൊക്കെ തന്നെയാണ്.. ഇതാണ് പലസ്റ്റീന്റെ അവസ്ഥ. അപ്പോൾ പിന്നെ എന്തിനാണ് മുസ്ലീങ്ങൾ മാത്രമായി പ്രതിഷേധിക്കുന്നത്? ഇസ്രയേലിന്റെ കടന്നു കയറ്റങ്ങൾ , മനുഷ്യാവകാശ നിഷേധങ്ങൾ ഒക്കെ ലോകത്തിന് പരിഹരിക്കേണ്ട പ്രശ്നങ്ങൾ ആണ്. അതിന് പലസ്തീനികൾക്ക് നമ്മൾ പിന്തുണ കൊടുക്കേണ്ടതാണ്. അതിനോടൊപ്പം തന്നെ ഹമാസ് എന്ന സംഘടന നടത്തിയ ഒക്ടോബർ 7 ലെ നരനായാട്ട് നമുക്ക് എങ്ങനെ ന്യായീകരിക്കാൻ പറ്റും? PLO യെ പോലുള്ള ഒരു സംഘടന അല്ല ഹമാസ്. ഇസ്രായേലിൽ ഒളിച്ചു കടന്ന് കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തി ഇരുന്നൂറിൽ അധികം ആളുകളെ തട്ടിക്കൊണ്ട് പോയ പ്രവർത്തനത്തെ എങ്ങനെ ആണ് ലോകത്തിന് ഭീകരപ്രവർത്തനം അല്ല എന്ന് പറയാൻ പറ്റുക? അതിന്റെ പേരിൽ ഇസ്രായേൽ കൊന്നൊടുക്കിയ പതിനായിരങ്ങളുടെ ജീവന് ആരാണ് സമാധാനം പറയുക? തട്ടിക്കൊണ്ട് പോയ ബന്ദികളെ വിട്ടുകൊടുത്തു യുദ്ധം അവസാനിപ്പിക്കാൻ അവർ തയ്യാറുമല്ല. ലോകത്തിന്റെ മുമ്പിൽ പരിഹരിക്കപ്പെടേണ്ട ഒരു പ്രശനം ആണിത്. ഈ കേരളത്തിൽ കിടന്ന് നമ്മൾ മതം തിരിഞ്ഞും രാഷ്ട്രീയം തിരിഞ്ഞും തമ്മിൽ തല്ലിയത് കൊണ്ട് നമ്മുടെ സാമുദായിക അന്തരീക്ഷം മോശമാക്കാം എന്നല്ലാതെ മറ്റെന്തു ഗുണമാണുള്ളത്? അത് കൊണ്ട് രാഷ്ട്രീയക്കാരെ, മുട്ടനാടുകളുടെ ചോര കുടിക്കുന്ന തന്ത്രം അവസാനിപ്പിച്ച് സ്വന്തം രാജ്യത്തിന്റെ, സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്ന് ചേർന്ന് പ്രവർത്തിക്കുക. ഒരു ജനത ആയി നമുക്ക് ഏറെ ദൂരം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: