2023, ജനുവരി 16, തിങ്കളാഴ്‌ച

ബ്രാഹ്മണിക്കൽ ഹെജിമണി

അടുത്തകാലത്ത് പെടുന്നനെ കടന്നു വന്ന ഒരു വാക്കാണ് ബ്രാഹ്മണിക്കൽ ഹെജിമണി . ബ്രാഹ്മണ മേധാവിത്വം എന്നർത്‌ഥം . കേരള സമൂഹത്തിൽ ഒരു കാലത്ത് ബ്രാഹ്മണരുടെ വാക്കുകൾ കല്ലേൽ പിളർക്കുന്നതായിരുന്നു. കാലം കടന്നു പോയി . ജനാധിപത്യം വന്നു. എന്നിട്ടും നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ബ്രാഹ്മണ അധീശ്വത്വം നില നിൽക്കുന്നു എന്നാണ് സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപെട്ടുണ്ടായ ഇപ്പോഴത്തെ വിവാദത്തിന്റെ സാരം. ഇതിൽ എത്ര കണ്ടു ശരി ഉണ്ട് , ഉണ്ടെങ്കിൽ ആരാണ് അതിനു കാരണക്കാർ എന്ന ഒരു അന്വേക്ഷണം നടത്തണ്ടേ? ശരി ആണ് . ബ്രാഹ്മണർ ,എന്ന് വച്ചാൽ മലയാള ബ്രാഹ്മണർ, കേരളത്തിൽ ഒരു കാലത്ത് കാട്ടി കൂട്ടിയ ഭ്രാന്ത് കേരള സമൂഹത്തിലെ ഇതര വിഭാഗങ്ങളെ മനുഷ്യത്വ രഹിതമായ അവസ്ഥയിൽ കൊണ്ടുചെന്നെത്തിച്ചിട്ടുണ്ട് . എന്നാൽ മറ്റുള്ളവരെ പീഡിപ്പിക്കുക മാത്രമല്ല ബ്രാഹ്മണർ ചെയ്തത് അവർ സ്വയം പീഡനം ഏറ്റു വാങ്ങുകയും ചെയ്തു. ഏറ്റവും പീഡിപ്പിക്കപ്പെട്ടത് ആ സമൂഹത്തിലെ സ്ത്രീകൾ ആണ്. ഇന്ന് താലിബാനോ,ഐ എസ്സോ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ബ്രാഹ്മണ സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വന്ന അവസ്ഥയുമായി തട്ടിച്ച് നോക്കുമ്പോൾ ഒന്നുമല്ല എന്ന് തന്നെ പറയാം. കുടുംബത്തിലെ മൂത്ത നമ്പൂതിരിക്ക് മാത്രമാണ് വിവാഹം കഴിക്കാൻ അനുവാദം ഉണ്ടായിരുന്നത് , മറ്റുള്ള നമ്പൂതിരി മാർ താഴ്ന്ന ജാതിയിൽ പെട്ട നായർ സമൂഹത്തിലെ സ്ത്രീകളുമായി സംബന്ധത്തിൽ ഏർപ്പെടാൻ നിര്ബന്ധിക്കപ്പെട്ടു. അതിന്റെ ഫലമായി നമ്പൂതിരി സ്ത്രീകൾ വിവാഹം നടക്കാതെ മൂത്തു നരകിച്ച്, സമൂഹവുമായി ഇടപഴകാൻ കഴിയാതെ ,ഇല്ലത്തിനകത്ത് എരിഞ്ഞടങ്ങി. നമ്പൂതിരി വിഭാഗത്തിലെ മിടുക്കന്മാരായ ചെറുപ്പക്കാർ എത്ര വേണമെങ്കിലും ഉണ്ടായിരുന്നു. പക്ഷെ അവരെ ശാന്തി പണിക്ക് ആവശ്യമായ വിദ്യാഭ്യാസം മാത്രമേ സ്വീകരിക്കാൻ അനുവദിച്ചിരുന്നുള്ളു. കടൽ കടന്ന് പോകുന്നത് വിലക്കി. എന്തിന് , കോരപ്പുഴ കടക്കുന്നതിനു പോലും വിലക്കേർപ്പെടുത്തി. സുഭിക്ഷമായി ഭക്ഷണം, വെടി പറച്ചിൽ, കഥകളി കാണൽ, സംബന്ധം കൂടൽ തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ട് ആ സമൂഹത്തിലെ ചെറുപ്പക്കാർ നാശത്തിന്റെ പാതയിലൂടെ നടന്നു നീങ്ങി. പഴയകാലത്ത് ആ സമൂഹം കാണിച്ച ഉത്തരവാദിത്തമില്ലായ്മയുടെ ബാക്കി പത്രമാണ് ആധുനിക കേരളം ഉണ്ടായപ്പോൾ സംഭവിച്ചത്. അവർക്ക് അധികാരവും, തൊഴിലും നഷ്ട്ടപെട്ടു. മലയാള ബ്രാഹ്മണർ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി തൊഴിൽ തേടാൻ മടിച്ച് നിന്നപ്പോൾ ഇതര സംസ്ഥാനത്ത് നിന്നും വന്ന ബ്രാഹ്മണർ ആ ശൂന്യതയിൽ കടന്നു കയറി. ഇപ്പോഴത്തെ മലയാള ബ്രാഹ്മണരുടെ ഭൂരിപക്ഷത്തിന്റെയും അവസ്ഥ വളരെ ദയനീയം തന്നെ. സർക്കാർ തൊഴിലിൽ അവരുടെ സാന്നിധ്യം വളരെ കുറവ്, സമ്പത്തെല്ലാം ക്ഷയിച്ച് നിത്യവൃത്തിക്ക് വഴിയില്ലാതെ പഴയകാലത്ത് പൂർവികർ കാട്ടിക്കൂട്ടിയ വിഢിത്തങ്ങളുടെ ഭാരം പേറി കേരള സമൂഹത്തിൽ ഒതുങ്ങി ജീവിക്കുന്നു. ഈ ബ്രാഹ്മണർ ആണോ ബ്രാഹ്മണിക്കൽ ഹെജിമണി നടപ്പിൽ വരുത്തുന്നത്. സത്യത്തിൽ ബ്രാഹ്മണിക്കൽ ഹെജിമണി നില നിൽക്കുന്നുണ്ട് . അത് പക്ഷെ ബ്രാഹ്മണർ അല്ല നടപ്പാക്കുന്നത്. അവർ ഒഴികെയുള്ള മറ്റു പിന്നാക്ക സമൂഹങ്ങളാണ്. അടിമക്ക് ഉടമയോട് ഒരു വിധേയത്വം ഉണ്ട്. വിധേയനിൽ നമ്മൾ ഇത് കണ്ടതാണല്ലോ. വെളുത്ത തൊലി ഉള്ള സായിപ്പിനോട് നമുക്കുള്ള വിധേയത്വവും ഇതിനോട് കൂട്ടി ചേർത്ത് വായിക്കണം. ഇത് തന്നെ ആണ് കാരണം. നമ്മുടെ ഉള്ളിൽ ഒരു ബ്രാഹ്മണ വിധേയത്വം ഉണ്ട്. ഒരു വീട് കയറി താമസം, വിവാഹം തുടങ്ങിയ ചടങ്ങുണ്ടെന്നു വയ്ക്കുക. ഉടൻ അന്വേഷിക്കുന്നത് ബ്രാഹ്മണ പുരോഹിതനെ കിട്ടുമോ എന്നാണ് , ഇല്ലെങ്കിൽ നായർ അല്ലെങ്കിൽ ഈഴവ ഇങ്ങനെ നമ്മുടെ മനസ്സിൽ ജാതീയമായ ഒരു ഗ്രേഡ് കൊടുത്തിട്ടുണ്ട് . അത് പോലെ നാല് പുത്തൻ കയ്യിൽ വന്ന താഴ്ന്ന ജാതിക്കാർ (നായർ മുതൽ) ബ്രാഹ്മണനെ അനുകരിച്ച് ഭാഷയും, വേഷവും ആചാരവും ഒക്കെ ആ വിധം ആക്കാൻ ശ്രമിക്കുന്നു. എന്തിന് , ക്രിസ്ത്യാനി വരെ പണ്ട് ബ്രാഹ്മണൻ ആയിരുന്നെന്നവകാശപെടുന്നു. മറ്റുള്ളവരുടെ ഈ ദാസ്യഭാവത്തിന്, അല്ലെങ്കിൽ പകർന്നാട്ടത്തിന്, പാവം ബ്രാഹ്മണൻ എന്ത് പിഴച്ചു. സ്വന്തം ദൈവത്തെ പോലും കൈ വിട്ട് ,ബ്രാഹ്മണ ദൈവത്തെയും, ബ്രാഹ്മണ ഭക്ഷണത്തെയും, ആചാരങ്ങളെയും അനുഷ്ട്ടാനകളെയും ഒക്കെ സ്വന്തമാക്കിയ അഭിനവ ബ്രാഹ്മണ സമൂഹം അല്ലെ ബ്രാഹ്മണിക്കൽ ഹെജിമണി എന്നൊന്നുണ്ടെങ്കിൽ അത് കേരള സമൂഹത്തിൽ നില നിർത്തുന്നത്.