2023, മാർച്ച് 28, ചൊവ്വാഴ്ച

പുക മറകൾ

പുകമറകൾ സ്രഷ്ട്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളും നാളുകളായി പയറ്റി വരുന്ന ഒരു തന്ത്രം ആണ്. വെള്ളം നന്നായി അങ്ങ് കലക്കുക എന്നിട്ട് മീൻ പിടിക്കുക. രാഹുൽ ഗാന്ധിയുടെ ശിക്ഷയും, പാർലമെന്റ് അംഗത്വം നഷ്ട്ടപ്പെടുന്ന പുതിയ സാഹചര്യവും സൃഷ്ട്ടിക്കുന്ന പുകമറ ആണ് ഇപ്പോഴുള്ളത് . എല്ലാ കള്ളൻ മാരുടെയും പേരിന്റെ കൂടെ എങ്ങനെ മോഡി വരുന്നു എന്നത് ഒരു സാധാരണക്കാരന് വേണമെങ്കിൽ പറയാവുന്ന കാര്യമാണ്. അതിൽ ചെറിയ ഒരു ഹ്യുമറും ഉണ്ട്. എന്നാൽ ഉത്തര വാദിത്തമുള്ള ഒരു രാഷ്ട്രീയ നേതാവ് പൊതു വേദിയിൽ അങ്ങനെ പറയുമ്പോൾ മോഡി സമുദായത്തിൽ പെട്ടവർ അല്ലെങ്കിൽ മോഡി എന്ന വാൽ പേര് സ്വീകരിച്ചിട്ടുള്ളവർക്ക് അത് അവമതിപ്പ് ഉണ്ടാക്കുന്നത് സ്വാഭാവികമാണ് . അങ്ങനെ ഒരു തെറ്റ് പറ്റിയെന്നു മനസ്സിലായാൽ നിർവ്യാജം ക്ഷമ പറയുക എന്നതാണ് മാന്യതയും, മര്യാദയും. അതിമന് രാഹുൽ തയ്യാറാകാത്തതിന്റെ ബാക്കി പത്രം ആണ് കോടതി വിധി. അതിനു നിയമപരമായ ഒരു പരിഹാരം കാണുക ആണ് വേണ്ടത് . അല്ലാതെ പാവം ജനത്തെ ഇളക്കി വിട്ട് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നത് അല്പത്തം ആണ്. എന്നാൽ ബിജെപി സർക്കാരിനെ താഴെയിറക്കാൻ ഇത് കൊണ്ടൊന്നും സാധ്യമല്ല എന്നറിയുക. ബിജെപി സംശയ രഹിതമായും ഒരു വർഗീയ പാർട്ടിയാണ്. ഇന്ത്യ ഹൈന്ദവ രാജ്യം ആണെന്നും ഒരു ഹൈന്ദവ രാജ്യം ആയി മാറാൻ, മാറ്റാൻ എന്ത് ചെയ്യാൻ പറ്റും എന്നുള്ള ചിന്തയിൽ നിന്ന് സ്വരൂപിക്കുന്നതാണ് അതിന്റെ ഊർജം. എന്നാൽ എങ്ങനെ ബിജെപി ഇത്രയേറെ വളർന്നു എന്ന് അന്വേഷിക്കുക അല്ലെ ആദ്യം വേണ്ടത്. ബിജെപി യുടെ വളർച്ചയിൽ ഊർജമായി നിൽക്കുന്നത് ക്രിസ്ത്യൻ വിരോധവും, മുസ്ലിം വിരോധവും ആണ് . സ്വാതന്ത്ര്യ സമരത്തിന്റെ സത് ഗുണങ്ങൾ നിറഞ്ഞു നിന്ന ഒരു മണ്ണിൽ വർഗീയ ശക്തികൾക്ക് വളർന്നു വരാൻ കഴിഞ്ഞില്ല. എന്നാൽ എത്ര പെട്ടെന്നാണ് ബിജെപി രണ്ടു സീറ്റിൽ നിന്നും ഇന്നത്തെ മൃഗീയ ഭൂരിപക്ഷത്തിലേക്ക് വളർന്നത് എന്നത് അത്ഭുത കാര്യമായി തോന്നുന്നില്ലേ. വോട്ടിൽ കൃത്രിമം കാട്ടിയാണോ അവർ ഭരണത്തിൽ വന്നത്? അല്ല. പിന്നെയോ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വോട്ട് നേടി തന്നെയാണ്. ഇതേ ഹിന്ദുക്കൾ തന്നെയല്ലേ ബിജെപി യെ ഭരണത്തിൽ വരാതെ തടഞ്ഞു നിർത്തിയതും. പിന്നെയെങ്ങനെ അവർ ഇപ്പോൾ ബിജെപിയെ പിന്തുണക്കുന്നു . അതിന് ഒരു കാരണമേ ഉള്ളു. അവർക്ക് അരക്ഷിതാവസ്ഥത തോന്നുന്ന ഒരു അന്തരീക്ഷം രാജ്യത്തും , ലോകത്തിലും നില നിൽക്കുന്നുണ്ട്. അല്ലെങ്കിൽ അവരെ ആ വിധം തെറ്റി ധരിപ്പിക്കുന്നുണ്ട് . ക്രിസ്ത്യാനികൾക്കെതിരെ ബിജെപി ഭരണത്തിൽ അക്രമം നടക്കുന്നുണ്ട് എന്ന ആക്ഷേപം പരക്കെയുണ്ട് . അതിൽ ശരിയുമുണ്ട് താനും. എന്നാൽ ഇത് ക്രിസ്ത്യാനികൾ വിളിച്ചു വരുത്തിയ ശത്രുത അല്ലേ ? ക്രിസ്ത്യൻ മിഷനറി മാരുടെ ലക്‌ഷ്യം ഇന്ത്യയിലെ അവസാനത്തെ ഹിന്ദുവിനെയും ക്രിസ്ത്യാനി ആക്കി മാറ്റുക എന്നതാണ്. അതിനു വേണ്ടി വിദേശ ഫണ്ടും ലഭിക്കുന്നുണ്ട് എന്ന ആക്ഷേപവും പരക്കെയുണ്ട് . പട്ടിണിക്കോലങ്ങളായ ട്രൈബൽ മേഖലകളിലെ ജനങ്ങളെ ക്രിസ്തുമതത്തിൽ ചേർത്ത് അവർക്കു സാമ്പത്തിക സഹായം നൽകി , പള്ളികൾ കെട്ടി പൊക്കി ക്രിസ്ത്യാനി വളർന്നു വരുമ്പോൾ ഹിന്ദുവിൽ സ്വാഭാവികമായ ഭീതി ഉണ്ടാവും. അതിനെ ആളിക്കത്തിക്കുക മാത്രമാണ് ബിജെപി ചെയ്തത്. ഇസ്ലാം മതത്തെ ആകട്ടെ ഒരു ഭീതിയോടെ ആണ് ഹിന്ദുക്കൾ ഓർക്കുന്നത്. ഹിന്ദു മുസ്ലിം ലഹളകൾ നടന്ന ആ പഴയ വൈര്യത്തിന്റെ ജനിതക വിത്തുകൾ ഇപ്പോൾ പക്ഷെ കൂടുതൽ കരുത്തർജിച്ചിരിക്കുന്നു എന്ന് മാത്രം. മത പരിവർത്തനത്തിന് ക്രിസ്ത്യാനികളുടെ അത്രയും മുസ്ലിങ്ങൾ മുന്നിട്ടു നിൽക്കുന്നില്ലെങ്കിലും, ഇസ്ലാമിലെ തീവ്ര ആശയക്കാർ ഉയർത്തി വിടുന്ന നിലപാടുകൾ , ഹിന്ദുക്കളിൽ അരക്ഷിതാവസ്ഥ സ്രഷ്ട്ടിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ ഐഎസും , താലിബാനും ഒക്കെ കാട്ടിക്കൂട്ടുന്ന ക്രൂരതകൾ അനിസ്ളാമികമാണെന്നു ഉറക്കെ പറയേണ്ട ബാധ്യത ഇന്ത്യൻ ഇസ്ലാമിനാണ് ഉള്ളത്. കൈവെട്ടും, തലവെട്ടും ഒന്നും സമാധാനത്തിന്റെ , ദൈവ സ്നേഹത്തിന്റെ മാർഗങ്ങളല്ലെന്നു ഉറക്കെ പറയാൻ മടിച്ച് നിൽക്കുന്നുണ്ടെങ്കിൽ അവിടെ ആശങ്ക ഉടലെടുക്കും. അത് ജീവികളുടെ സ്വാഭാവികമായ പ്രതികരണമാണ് . അതിനുള്ള മറുപടി ആണ് ബിജെപി . ബിജെപി യെ ഒരു വർഗീയ പാർട്ടിയെന്ന് പറയുമ്പോൾ ഓർക്കണം ആ പാർട്ടിയുടെ പേരിലെങ്കിലും വർഗീയതയില്ല. എന്നാൽ മുസ്ലിം ലീഗിൽ എന്ത് സെക്കുലറിസം ആണുള്ളത്. പേരിൽ ക്രിസ്ത്യാനി ഇല്ലെങ്കിലും കേരള കോൺഗ്രസ്സുകാരും പള്ളിയുടെ നിയന്ത്രണത്തിൽ നിന്ന് മുക്തരല്ല. വോട്ട് പിടുത്തത്തിൽ ബിഷപ്പുമാരും ഇടപെടുന്നുണ്ട്. കോൺഗ്രസ്സിനും ഇടതു പക്ഷങ്ങൾക്കും പ്രത്യേകം നില പാടുകൾ ഇല്ല. അജണ്ട നിശ്ചയിക്കുന്നത് ബിജെപി ആണ്. അതിലെ ആട്ടക്കാർ മാത്രമാണവർ. രണ്ടു കൂട്ടരും ന്യൂന പക്ഷങ്ങളെ സംരക്ഷിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവർ ആണ്.എന്നാൽ ന്യൂന പക്ഷങ്ങളെ നിയന്ത്രിക്കാൻ തയ്യാറല്ല താനും. ന്യൂന പക്ഷങ്ങൾക്ക് ഇവിടെ എന്തിനാണ് ഒരു പ്രത്യേക പരിഗണന. മതം മാറിയത് കൊണ്ട് ഒരാൾ എങ്ങനെ ആണ് ന്യൂന പക്ഷമാകുന്നത്. ഹിന്ദു ആയാലും, ക്രിസ്ത്യാനി ആയാലും , മുസ്‌ലിം ആയാലും നല്ല ഒന്നാം തരം ദ്രാവിഡൻ തന്നെ. എല്ലാവർക്കും ഒരേ നീതി, ഒരേ പരിഗണന . അത് മതി . അതിനപ്പുറം ഒന്നും നൽകേണ്ടതില്ല. ഇത്തരം നില പാടുകൾ എടുക്കാൻ എന്ന് തയ്യാറാകുന്നുവോ, മത പരിവർത്തനത്തിനെയും, മത ഭീകരതയെയും തള്ളി പറയാൻ എന്ന് തയ്യാറാകുന്നുവോ, അഴിമതി രഹിതമായി ഒരു ഭരണം കാഴ്ച വെക്കാൻ, അധികാരമുള്ള സ്ഥലങ്ങളിൽ എങ്കിലും ബിജെപി ഇതര പാർട്ടികൾ എന്ന് തയ്യാറാകുന്നുവോ, അന്ന് മുതൽ മാത്രമേ ബിജെപി യുടെ കൌണ്ട് ഡൌൺ ആരംഭിക്കയുള്ളു. വെറുതെയുയർത്തുന്ന ഈ പുകമറകൾക്ക് അൽപ്പായുസ് മാത്രം.