2022, ജൂൺ 11, ശനിയാഴ്‌ച

നമ്മുടെ രാഷ്ട്രീയം

അനേകം രാഷ്ട്രീയ പാർട്ടികൾ നമുക്കിന്നുണ്ട്. അതിൽ ചിലതു പ്രാദേശിക പാർട്ടികൾ ആണ്. ദേശീയ പാർട്ടികളും അന്തർ ദേശീയ പാർട്ടികളും അക്കൂട്ടത്തിൽ ഉണ്ട്. ഓരോ രാഷ്ട്രീയ പാർട്ടിക്കും ദീർഘ കാല അടിസ്ഥാനത്തിൽ ഒരു ലക്‌ഷ്യം ഉണ്ട്. ആ ലക്ഷ്യത്തെ എത്തിപ്പിടിക്കുന്നതിനാണ് നടപ്പു കാലഘട്ടത്തിൽ ഓരോ നയങ്ങളും സ്വീകരിക്കുന്നത്. ഒരു ആഗോള രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ദീർഘ കാല ലക്‌ഷ്യം ഒരു സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് സമൂഹം സൃഷ്ടിക്കുക എന്നതാണ്. മത രാഷ്ട്രീയക്കാരുടെ ദീർഘ കാല ആശയം ഒരു മത രാഷ്ട്രം അതായത് രാമരാജ്യം അല്ലെങ്കിൽ ഖലീഫേറ്റ് സ്ഥാപിക്കുക എന്നതാണ്. ഗാന്ധിയൻ സോഷ്യലിസമെന്ന ദീർഘകാല ആശയത്തിലേക്ക് അടിവച്ചു നീങ്ങിയ ദേശീയ പാർട്ടിക്ക് ആകട്ടെ ഇന്ന് ഒരു ലക്ഷ്യവും ഇല്ലാതെയായി മാറിയിട്ടുണ്ട്. ഇതിൽ ഗൗരവത്തിൽ കാണേണ്ടത് കമ്മൂണിസ്റ്റ് പാർട്ടികളെയാണ്. വലിയ ഒരാശയത്തിന്റെ ചുമതലക്കാരാണവർ. പ്രാകൃത കമ്മൂണിസം, ഫ്യുഡലിസം , മുതലാളിത്തം, സോഷ്യലിസം, എന്നിങ്ങനെ ഓരോ ഘട്ടങ്ങളും കടന്ന് കമ്മൂണിസം എന്ന കാനാൻ ദേശത്തേക്ക് മാനവ രാശി എത്തുമെന്ന് കരുതുന്നവർ ആണ് ഇക്കൂട്ടർ. ഇതിനുള്ള ഉറപ്പായി ചൂണ്ടി കാട്ടുന്നത് ഈ ആശയം ശാസ്ത്രീയമാണ് എന്നതാണ്. വൈരുദ്ധ്യാത്മക ഭൗതീക വാദം എന്ന ദർശനം മാർക്സ് മുന്നോട്ടു വയ്ക്കുകയും ശാസ്ത്രീയ നിരീകഷണത്തിന്റെ വെളിച്ചത്തിൽ സാമൂഹിക ,സാമ്പത്തീക ശാസ്ത്രങ്ങളെ അദ്ദേഹം വ്യാഖ്യാനിക്കുകയും ചെയ്തു. ശാസ്ത്രം ശരി എങ്കിൽ ഈ ദർശനവും ശരി എന്നാണ് ലോകത്തെല്ലായിടത്തും കമ്മൂണിസ്റ്റുകൾ കരുതിയിരുന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കമ്മൂണിസം എന്ന ദീർഘകാല ആശയം തന്നെ ചോദ്യം ചെയ്യപ്പെട്ടു. വൈരുദ്ധ്യാത്മക ഭൗതീക വാദം എന്ന ആശയം മാർക്സ് മുന്നോട്ട് വച്ചത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ശാസ്ത്രമായ ന്യൂട്ടന്റെ ചലന നിയമങ്ങളെ ആധാരമാക്കിയായിരുന്നു. അതാകട്ടെ കോസ് എഫക്ട് ബന്ധത്തിൽ ( law of causality ) അധിഷ്ട്ടിതമായതും . എന്നാൽ ക്വണ്ടം ബലതന്ത്രത്തിന്റെ കടന്നു വരവോടെ cause -effect ബന്ധത്തിന്റെ കടക്കൽ കത്തി വീണു. സൂക്ഷ്മ ലോകത്തു കണികാ കളുടെ ചലനം പ്രവചനം അസാധ്യമാക്കി കൊണ്ടുള്ളതാണെന്നു ഹൈസം ബെർഗ് തെളിയിച്ചു. സ്ഥൂല ലോകത്തു ഒരു നിയമവും സൂക്ഷമ ലോകത്തു മറ്റൊരു നിയമവും പ്രകൃതി നിയമം അല്ലെന്നു വന്നതോടെ ശാസ്ത്രീയ സോഷ്യലിസത്തിന്റെ നില നിൽപ്പ് തന്നെ ഇളകി. മാർക്സിനു ശേഷം മാർക്സിയൻ ദർശന ശാസ്ത്രത്തെ ഏറെയൊന്നും മുന്നോട്ടു കൊണ്ട് പോകുവാൻ തുടർന്ന് വന്ന ചിന്തകർക്കു കഴിഞ്ഞില്ല. പിന്നീട് കണ്ടത് മാർക്സിസം ഒരു മതം എന്ന നിലയിലേക്ക് മാറുന്ന കാഴ്ചയാണ് . ബെട്രാൻഡ് റസ്സൽ റഷ്യൻ കമ്മൂണിസത്തെ കുറിച്ച് പറഞ്ഞത് കമ്മ്യൂണിസ്റ്റുകൾ ദൈവത്തെ നിഷ്കാസിതനാക്കി പകരം അവിടെ പാർട്ടി സെക്രട്ടറിയെ സ്ഥാപിച്ചു എന്നാണു. അങ്ങനെ കമ്മൂണിസത്തിന്റെ ദീർഘ കാല പദ്ധതിയും പൊളിഞ്ഞു. സോവിയറ്റ് യൂണിയൻ ഉൾപ്പെടെ ഇത് തെളിയിക്കാൻ എത്ര എത്ര മാതൃകകൾ ഇന്ന് നമുക്ക് മുന്നിലുണ്ട്. കൃത്യമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഏതാണ്ട് കമ്മൂണിസ്റ്റ് പാർട്ടികൾക്ക് ഇല്ലാതായിരിക്കുന്നു. പുതിയ ചിന്തകൾ ഇല്ല. പഴയ ചിന്തകളുടെ ജീർണിച്ച ശവശരീരങ്ങൾ മാലയിട്ടെഴുന്നള്ളിക്കുക മാത്ര മാണ് ചെയ്യുന്നത്. അണികളിൽ രാഷ്ട്രീയ വിദ്യാഭ്യാസം കുറഞ്ഞു വരുന്നു. വായനകൾ ഇല്ല. എല്ലാ മത രാഷ്ട്രീയ പാർട്ടികളോടും സന്ധി ചെയ്യുന്നു. അധികാരവും അതിന്റെ പ്രയോഗവും ലോകത്തെല്ലായിടത്തും തന്നെ അതിനെ അനഭിമതമാക്കിയിരിക്കുന്നു.