2024, മാർച്ച് 2, ശനിയാഴ്‌ച

വിദ്യാർത്ഥി രാഷ്ട്രീയം

വിദ്യാർത്ഥി രാഷ്ട്രീയം കേരളത്തെ അത്ഭുതപ്പെടുത്തുകയും, അമ്പരപ്പിക്കുകയും, രോഷം കൊള്ളിക്കുകയും ചെയ്ത ഒരു സംഭവം ആണ് സിദ്ധാർത്ഥന്റെ കൊലപാതകം. ഇത് നിർവഹിച്ചത് സ്വാതന്ത്ര്യവും , ജനാധിപത്യവും, സോഷ്യലിസവും വാഗ്ദാനം ചെയ്യുന്ന ഒരു വിദ്യാർത്ഥി സംഘടനയുടെ കയ്യാൽ ആണെന്നുള്ളത് അതിലേറെ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. എല്ലാ കൊലപാതകങ്ങളും , ആത്മഹത്യകളും സമൂഹത്തിനു നേരെ ആണ് വിരൽ ചൂണ്ടുന്നത് . അവയിൽ എല്ലാം തന്നെ അതിനു കാരണക്കാർ ആയ വ്യക്തികളെപ്പോലെ നമ്മൾ ഓരോരുത്തർക്കും പങ്കുണ്ട് എന്നതാണ് സത്യം. രാഷ്ട്രീയം നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ്. രാജ്യത്തെ മുമ്പോട്ട് നയിക്കുന്നതിന് നല്ല രാഷ്ട്രീയക്കാർ രൂപപ്പെട്ടു വരേണ്ടതുണ്ട്. അതിനു വിളനിലം ആകേണ്ടത് ക്യാമ്പസുകൾ തന്നെ ആണ്. അതിനാൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയം ഒഴിച്ചുകൂടാൻ പറ്റാത്ത കാര്യം ആണ്. ഓരോ വിദ്യാർത്ഥികളും രാഷ്ട്രീയം മനസിലാക്കേണ്ടതുണ്ട്. പ്രതികരിക്കേണ്ടതുണ്ട്. അത് പക്ഷെ അറിവുള്ള പ്രതിഭാശാലികൾ ആയ വിദ്യാർത്ഥികൾ എന്ന നിലക്കായിരിക്കണം. തനി ക്രിമിനലുകൾ ആയി അവരുതെന്നു മാത്രം. കോളേജ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്‌ഷ്യം കൃത്യമായ അറിവ് നേടുക എന്നത് തന്നെയാണ്. ഒരു വിഭാഗം വിദ്യാർത്ഥികൾ പഠനത്തെ ഗൗരവം ആയി കണ്ടു മുന്നോട്ടു പോകുമ്പോൾ മറ്റൊരു വിഭാഗത്തിന് അതുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് അവസ്ഥ . കോളേജിലും , ഹോസ്റ്റലിലും അത് വഴി രാഷ്ട്രീയത്തിലും കയറിക്കൂടാൻ പറ്റുന്ന ഒരു മാർഗം മാത്രമാണ് അവർക്ക് പഠനം. 35 ഉം 40 ഉം വയസായ വിദ്യാർത്ഥികൾ വരെ ക്യാമ്പസുകളിൽ കാണാം. ഇത്തരം ക്രിമിനൽ കൂട്ടങ്ങൾ കലാലയങ്ങളിലും, സമൂഹത്തിലും അരാചകാവസ്ഥ സൃഷ്ടിക്കുക സ്വാഭാവികമാണ്. സിദ്ധാർഥ് എന്ന വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയെ തല്ലിച്ചതച്ച് 3 ദിവസം പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിക്കുകയും അവസാനം മരണത്തിലേക്ക് തള്ളി വിടുകയും ചെയ്തിട്ടും പ്രതികരിക്കാതെ ഒരു വീഡിയോ ക്ലിപ്പ് പോലും പകർത്താതെ അതിനു മൂക സാക്ഷികൾ ആയ വിദ്യാത്ഥികളെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? നമ്മുടെ സമൂഹത്തിന്റെ നേർ പരിച്ഛേദം തന്നെ ആണ് അവരും . അവരെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. രാജ്യത്തിൻെറ രാഷ്ട്രീയ വളർച്ചക്ക് , സ്വാതന്ത്ര്യ ലബ്ധിക്ക് ഒക്കെ തന്നെ കലാലയങ്ങൾ വലിയ സംഭാവനകൾ ആണ് ചെയ്തത്. എന്നാൽ തുടർന്നും അധികാരം നിലനിർത്തുന്നതിനുള്ള ഒരു സംവിധാനമായി കലാലയങ്ങളെ മുഖ്യധാരാ രാഷ്ട്രീയക്കാർ കണ്ടു തുടങ്ങിയത് മുതൽ കോളേജുകളിലെ പ്രധാന വിഷയം രാഷ്ട്രീയം ആയി മാറി . ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടെ യൂണിറ്റുകൾ കോളേജുകളിൽ സ്ഥാപിച്ചു. പഠനത്തിൽ ഒന്നും ശ്രദ്ധിക്കാതെ ,അടിപിടിയും മയക്കുമരുന്നുമൊക്കെയായി ക്യാമ്പസ്സിൽ തുടരുന്ന ക്രിമിനൽ സ്വഭാവം കാണിക്കുന്ന വിദ്യാർത്ഥികളെ അതിന്റെ യൂണിറ്റ് സെക്രെട്ടറിമാരായി നിയമിച്ചു. അവർ വിദ്യാർത്ഥികളെ മാത്രമല്ല തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വച്ച് അധ്യാപകരെയും നിയന്ത്രിക്കാൻ തുടങ്ങിയതോടെ കോളേജുകൾ വിദ്യാർത്ഥികളുടെ പേടി സ്വപ്നം ആയി മാറി. ആരോഗ്യമുള്ള ഒരു സമൂഹമായി നമുക്ക് നിലനിൽക്കണമെങ്കിൽ കോളേജുകളിലെ രാഷ്ട്രീയ അന്തരീക്ഷം അടിമുടി മാറേണ്ടതുണ്ട്. ഒരു കോളേജിലെ രാഷ്ട്രീയം ആ കോളേജിൽ മാത്രമായി ഒതുങ്ങി നിൽക്കണം. പഠിക്കുന്ന കോളേജിന്റെ പേരുമായി ബന്ധപ്പെട്ട ഒരു പേര് എല്ലാ സംഘടനകളും സ്വീകരിക്കണം. പഠിപ്പു മുടക്കി ഒരു സമരവും നടത്താൻ അവസരം ഉണ്ടാവരുത്. എല്ലാ വിഷയത്തിനും ചുരുങ്ങിയത് എ ഗ്രേഡ് എങ്കിലും വാങ്ങിയ വിദ്യാർത്ഥികളെ മാത്രമേ ഇലക്ഷനിൽ പങ്കെടുപ്പിക്കാവൂ. 50 ശതമാനം സീറ്റിൽ മാത്രമേ ഒരു സംഘടനാ മത്സരിക്കാവൂ. ഏക പക്ഷീയമായി തിരഞ്ഞെടുക്കപ്പെടരുത്. എല്ലാ സീറ്റിലും മത്സരം വേണം. കോളേജിന്റെ എല്ലാ ഭരണവും വിദ്യാർത്ഥി സംഘടനകൾ ഒന്ന് ചേർന്ന് നിർവഹിക്കണം. നാട്ടിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളും കോളേജ് വിദ്യാർത്ഥികൾ ഏറ്റെടുക്കരുത്. ആ വിഷയങ്ങളിൽ പഠനങ്ങളും പ്രതികരണങ്ങളുമൊക്കെ ആവാം. പക്ഷെ അത് കാമ്പസിനുള്ളിൽ തന്നെ നിലനിൽക്കണം. മുഖ്യധാരാ രാഷ്ട്രീയക്കാരെ അവർ ഭരണഘടനാ പദവിയിൽ ഉള്ളവർ അല്ലെങ്കിൽ കോളേജിന്റെ ക്യാമ്പസ്സിൽ പോലും പ്രവേശിപ്പിക്കരുത്. പഠനത്തിലും പഠനേതര വിഷയങ്ങളിലും മികവ് തെളിയിച്ച മിടുക്കന്മാർ ആയി വേണം ഓരോ വിദ്യാർത്ഥിയും ക്യാമ്പസ് വിട്ട് പുറത്തു വരേണ്ടത്. ഇന്ന് നമ്മൾ രാഷ്ട്രീയത്തിൽ കാണുന്ന പൊട്ടന്മാരെപ്പോലെ ഒരു തലമുറ ആവരുത് ഇനി ഉണ്ടാവേണ്ടത്. അതിന് ആദ്യം നമ്മൾ തന്നെ മാറേണ്ടതുണ്ട്. ആ മാറ്റത്തിന് പക്ഷെ സമയം എടുത്തേക്കാം. എന്നാലും അമാന്തിച്ചുകൂടാ. അറിവും പ്രായോഗിക പരിജ്ഞാനവും, സമൂഹസേവന തല്പരതയും ഉള്ള ഒരു രാഷ്ട്രീയ സമൂഹം നമുക്ക് ഉണ്ടാവുക തന്നെ ചെയ്യും.