2022, ഒക്‌ടോബർ 16, ഞായറാഴ്‌ച

ദൈവത്തിന്റെ സ്വന്തം നാട്

ആരാണ് ഇങ്ങനെ ഒരു പേര് കേരളത്തിന് ചാർത്തി നൽകിയത് എന്നറിയില്ല. ഇന്നത് പക്ഷെ, അക്ഷരം പ്രതി ശരിയായിരിക്കുകയാണ്. ദൈവങ്ങളുടെ സ്വന്തം നാടായി മാറിയിരിക്കുന്നു കേരളം. അനേകം ദൈവങ്ങൾ നമുക്കിന്നുണ്ട് . ചിലർ പൂർണ്ണ വെജിറ്റേറിയൻ മാരാണ് . അവർക്ക് പഴങ്ങളും, നാളികേരവും ഒക്കെയാണ് ഇഷ്ട്ടം. ചിലർക്കിഷ്ടം മാംസവും മദ്യവും ആണ്. അവരെ പ്രസാദിപ്പിക്കാൻ ഭക്തൻ മാർ കോഴി , ആട് , കാളക്കുട്ടി തുടങ്ങിയവയെ ഒക്കെ അറുത്ത് നിവേദിക്കും. ചില ദൈവങ്ങൾക്ക് പ്രസാദിക്കാൻ അത് പോരാ. മനുഷ്യ മാംസവും രക്തവും തന്നെ വേണം. മനുഷ്യനെ കൊല്ലുന്നതിനു വിലക്കുള്ളതിനാൽ ഭക്തന്മാർ ഒളിഞ്ഞും മറഞ്ഞും വളരെ പണിപ്പെട്ട് സൂത്രത്തിൽ കൃത്യം നടത്തി തങ്ങളുടെ ഇഷ്ട്ട ദേവന് നിവേദ്യമായി അർപ്പിക്കും. പകരം ധനവും, ഐശ്വര്യവും ആ ദൈവങ്ങൾ അവർക്കു കൊടുക്കും. ഇങ്ങനെയുള്ള ഭക്തന്മാരെ രണ്ടായി തിരിച്ചിട്ടുണ്ട്. പഴവും നാളികേരവും ഒക്കെ കൊടുക്കുന്ന കൂട്ടർ ആണ് ഏറ്റവും ഉത്തമന്മാർ . കോഴി ആട് മുതലായവയെ നിവേദിക്കുന്നവവരും ഇക്കൂട്ടത്തിൽ പലപ്പോഴും ഉണ്ടാവാറുണ്ട്. ഇവരെ വിശ്വാസികളായ ഭക്തൻമാർ എന്നു പറയുന്നു. എന്നാൽ മനുഷ്യനെ കുരുതി കൊടുത്തു ദൈവത്തെ പ്രീതി പെടുത്തുന്നവരെ വിളിക്കുന്നത് അന്ധവിശ്വാസികൾ എന്നാണ് . രണ്ടു കൂട്ടരും ചെയ്യുന്നത് ഒന്നാണ്. നിർമലമായ മനസോടെ ദേവ പ്രീതിക്കായി വഴിപാട് നൽകുന്നു. ദൈവത്തെ പ്രീതി പെടുത്തുക മാത്രമല്ല ഭക്തൻമാർ ചെയ്യുന്നത്. ദൈവത്തിന്റെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തവും അവർ ഏറ്റ് എടുക്കുന്നുണ്ട്. തങ്ങളുടെ ദൈവത്തിനെതിരെ അപകീർത്തികരമായ എന്തെങ്കിലും പറഞ്ഞാൽ, ചിത്രങ്ങൾ വരച്ചാൽ, ഭക്തൻമാർ ചേരി തിരിഞ്ഞു പരസ്പരം കുടൽമാല എടുക്കാൻ മടിക്കില്ല. അത്രയും വലിയ സംരക്ഷണമാണ് ദൈവത്തിനു നമ്മുടെ നാട്ടിൽ കിട്ടുന്നത്. അപ്പോൾ പിന്നെ എങ്ങനെ കേരളം ദൈവത്തിന്റെ സ്വന്തം നാട് അല്ലാതാകും. ഭക്തൻ മാർ കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു വിഭാഗം അല്ല. ലോക ചരിത്രത്തിലേക്ക് ഒന്നിറങ്ങി ചെന്നാൽ എത്ര വേണമെങ്കിലും ഭക്ത സമൂഹങ്ങളെ കണ്ടു മുട്ടാൻ പറ്റും . അത്തരം ഒരു വിശ്വാസ ഗോത്രത്തിന്റെ തലവൻ ആയിരുന്നു അബ്രഹാം. പ്രാർത്ഥനയിലൂടെ തനിക്ക് ലഭിച്ച ഏക ജാതനായ പുത്രനെ ബലീ നൽകാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ കത്തിയും തേച്ചു മിനുക്കി പുത്രനെയും കൂട്ടി കഴുത പുറത്തു പുറപ്പെടുകയായിരുന്നു അദ്ദേഹം . വളരെ ഭാഗ്യത്തിനാണ് ചരിത്രത്തിലെ ആ നരബലി ഒഴിവായത്. അത് അന്ധ വിശ്വാസമല്ല നമുക്ക് . പിന്നെയോ, ദൈവത്തോടുള്ള അചഞ്ചലമായ വിശ്വാസം. ഇങ്ങനെ വിശ്വാസവും അന്ധവിശ്വാസവും ആപേക്ഷികമായി പരസ്പരം കെട്ട് പിരിഞ്ഞു കിടക്കുകയാണ്. ഏതാണ് വിശ്വാസം ഏതാണ് അന്ധവിശ്വാസം എന്ന് തീർത്തു പറയാൻ പറ്റാത്ത അവസ്ഥ. ലോകത്തെല്ലായിടത്തും ഇങ്ങനെയെങ്കിൽ പിന്നെ കേരളം മാത്രമായി എന്തിനു പഴി കേൾക്കണം ? അതിനു കാരണം നമ്മൾ തന്നെയാണ്. നമുക്കെല്ലാവരോടും പുച്ഛമാണ്. തമിഴനോട്,, ബംഗാളിയോട്, ബീഹാറിയോട് ഒക്കെ പുച്ഛം. ഇന്ത്യയുടെ നിറുകയിൽ ചൂടിയിരിക്കുന്ന രത്‌നമാണ് കേരളം എന്നാണു ഭാവം. അതാണ് നമ്മുടെ പ്രശ്നവും. മറ്റു സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം ഇല്ലാത്തതാണ് പ്രശ്നമെങ്കിൽ ഇവിടെ വിദ്യാഭ്യാസം കൂടിയതാണ് പ്രശനം. പഠിച്ചവൻ ആണ് ഇവിടുത്തെ വിശ്വാസി. റോക്കറ്റ് വിക്ഷേപിക്കുന്നതിനു മുമ്പ് ഗണപതി പൂജ നടത്തുന്നവർ ആണ് ഇവിടെയുള്ളവർ. പതിമൂന്നാം നമ്പറിന്റെ പേടി മാറാത്ത ഒരു സമൂഹമാണ് നമ്മളുടേത് . മനുഷ്യരാശിക്ക് ഒരു വലിയ ഭീഷണിയായി മാറുമായിരുന്ന IS എന്ന ഭീകര സംഘടനയിൽ ചേർന്ന് ആളുകളുടെ കഴുത്തു മുറിച്ചു സ്വർഗത്തിന് അവകാശികൾ ആവാൻ ഇന്ത്യയിൽ നിന്ന് ഇറങ്ങി പുറപെട്ടവരിൽ പഠിപ്പുള്ള കേരളീയരായിരുന്നു കൂടുതൽ. ശാസ്ത്രത്തിന്റെ സ്വന്തം ആളുകൾ എന്ന് കരുതുന്ന രാഷ്ട്രീയ പാർട്ടികൾ ആവട്ടെ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്രത്തിനായാണ് പ്രവർത്തിക്കുന്നത്. ഭൂമിയിലുള്ള സമസ്ത ജീവജാലങ്ങളും നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞു വന്നവർ ആണ് എന്ന് ശാസ്ത്രം പഠിപ്പിക്കുന്നു. നമ്മളിൽ കുറെ പേരെ ഒരു ദൈവവും, മറ്റു കുറേപ്പേരെ വേറൊരു ദൈവവും ജനിപ്പിച്ചതല്ല എന്ന് മനസിലാക്കാൻ നമുക്ക് ഒരിക്കലും കഴിയുന്നില്ല . ഞാനും നിങ്ങളും, സമസ്ത ജീവജാലങ്ങളും ഒരേ ജനിതക ദ്രവത്തിന്റെ പങ്കു പറ്റുന്നവർ ആണ്. നമ്മൾ രണ്ടല്ല ഒന്നാണ് എന്ന യാഥാർഥ്യം ഭാരതീയ ഗുരുക്കൻമാർ കണ്ണാടി പ്രതിമ സ്ഥാപിച്ചു എത്രയോ നാള് മുമ്പ് നമ്മെ പഠിപ്പിച്ചിരിക്കുന്നു. ലോകത്തിന്റെ ഐശ്വര്യത്തിനായി ആണ് നമ്മൾ പ്രാർത്ഥിക്കേണ്ടത്, വ്യക്തിപരമായ നേട്ടത്തിനായല്ല . അമ്പലത്തിലോ പള്ളിയിലോ പോയി മുട്ടിപ്പായി നടത്തുന്ന അധര വ്യായാമം അല്ല പ്രാർത്ഥന . നമ്മുടെ ജീവിതം തന്നെയാവണം നമ്മുടെ പ്രാർത്ഥനയും.

2022, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ഹംപി

മൂന്നു ദിവസവും മൂവായിരം രൂപയും ഒത്തു കിട്ടിയാൽ നേരെ ഹംപിയിലേക്ക് വണ്ടി പിടിക്കുക. ഒരു മഹത്തായ രാജ്യത്തിൻറെ തിരുശേഷിപ്പുകൾ കണ്ടു ഹൃദയ വേദനയോടെ മടങ്ങാം. വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപി ഇന്നൊരു പ്രേത ഭൂമിക പോലെ തോന്നുമെങ്കിലും അൽപ്പമൊന്നു കണ്ണടച്ച് നിന്നാൽ ആ രാജ്യത്തിൻറെ പ്രതാപ കാലത്തിന്റെ കുതിര കുളമ്പടി ശബ്ദം കേൾക്കാം. മഹാൻ മാരായ രാജാക്കൻ മാർ ശാസനം നടത്തിയിരുന്ന കൊട്ടാരങ്ങൾ, വലിയ അമ്പലങ്ങൾ, കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന പാണ്ടിക ശാലകൾ, തുംഗ ഭദ്ര നദിയുടെ കരകളിലായി വിളഞ്ഞു കിടക്കുന്ന നെൽപ്പാടങ്ങൾ, വിശേഷ തരം പഴങ്ങളും , പച്ചക്കറികളും നിറഞ്ഞ തോട്ടങ്ങൾ, രത്ന ഖനികൾ, അധ്വാനികളായ ചെറുപ്പക്കാർ , യോദ്ധാക്കൾ, കച്ചവടത്തിനായെത്തിയ വിദേശികളും അവരുടെ കുതിരകളും നിറഞ്ഞ തെരിവുകൾ, വൃത്തിയുള്ളതും മനോഹരങ്ങളുമായ വീടുകളും ഉദ്യാനങ്ങളും ,ഉത്സവ പ്രതീതിയോടെ നിരത്തിലൂടെ നീങ്ങുന്ന സ്ത്രീകളും കുട്ടികളും വൃദ്ധരും , ഒക്കെ അടങ്ങുന്ന ഒരു പട്ടണത്തിന്റെ ചിത്രം നമ്മുടെ സ്‌മൃതിപഥത്തിലേക്കു ഓടി വരും. വിജയ നഗര സാമ്രാജ്യം എന്ന് കേൾക്കുമ്പോൾ നമ്മുടെ ഓർമയിലേക്ക് ആദ്യം വാരിക അതിന്റെ സ്ഥാപകരായ രണ്ടു ചെറുപ്പക്കാരുടെ പേരുകളാണ്. ഹരിഹരനും ബുക്കനും. പിന്നെ ഓർമയിലേക്ക് വരുന്നത് കൃഷ്ണ ദേവരായരും അദ്ദേഹത്തിന്റെ അഷ്ട ദിഗ്ഗജങ്ങളിൽ പ്രധാനിയായ തെന്നാലി രാമനും ആണ്. ഒരു ശരാശരിക്കാരന്റെ ചരിത്ര ബോധം അവിടെ തീരുന്നു. നാല് രാജ വംശങ്ങൾ ആണ് വിജയ നഗര രാജാക്കന്മാർ എന്നറിയപ്പെടുന്നത്. ഹരിഹരനും ബുക്കാനും സ്ഥാപിച്ച വംശത്തെ സംഗം രാജ വംശം എന്നറിയപ്പെടുന്നു. 12 രാജാക്കന്മാർ സംഗം രാജവംശത്തിൽ ഉണ്ടായിരുന്നു. അവസാനത്തെ സംഗം രാജാവിന്റെ സേനാ നായകൻ ഭരണം പിടിച്ചടക്കി സലുവ രാജ വംശത്തിനു രൂപം നൽകി. 3 രാജാക്കന്മാരാണ് ഈ വംശം ഭരിച്ചത് .അവസാന സലുവ രാജാവിന്റെ കമാണ്ടർ അധികാരം പിടിച്ചടക്കി തുലുവ രാജവംശത്തിനു രൂപം കൊടുത്തു. ഈ രാജ വംശത്തിലെ മൂന്നാമത്തെ രാജാവാണ് കൃഷ്ണ ദേവരായർ . അദ്ദേഹത്തിന് ശേഷം രണ്ടു രാജാക്കന്മാർ കൂടി ഭരിച്ചു . തുടർന്ന് നാലാമത്തെ രാജവംശം ആയ അരവിടു രാജവംശം നിലവിൽ വന്നു. കൃഷ്ണ ദേവരായാരുടെ പുത്രിയുടെ ഭർത്താവായിരുന്നു ഈ രാജവംശം സ്ഥാപിച്ചത്. 8 രാജാക്കൻമാർ ഈ രാജവംശത്തിൽ ഉണ്ടായിരുന്നു. അവസാനം സംയുക്ത ഡെക്കാൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടായി. കല്ലിന്മേൽ കല്ല് ശേഷിക്കാതെ എന്നന്നേക്കുമായി ആ ആക്രമണത്തിൽ വിജയനഗര സാമ്രാജ്യം നിലം പതിച്ചു. കൊട്ടാരങ്ങളും , അമ്പലങ്ങളും വീടുകളും മാസങ്ങളോളം നിന്നു കത്തി എന്നാണ് അക്കാലത്തെ സഞ്ചാരികൾ നൽകുന്ന വിവരണങ്ങൾ. ക്ഷേത്രങ്ങളും ശില്പങ്ങളും തച്ചു തകർക്കപ്പെട്ടു. മൂന്നു നൂറ്റാണ്ടോളം ഭരിച്ച ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ഈ രാജ വംശത്തെ വലിയ പ്രതികാര ബുദ്ധിയോടെ ആണ് ശത്രു സൈന്യം നേരിട്ടത്. അതിന്റെ പ്രതാപത്തോടും, ഐശ്വര്യത്തോടും സമ്പത്തിനോടും അത്ര വെറുപ്പായിരുന്നു ശത്രു രാജാക്കന്മാർക്ക് . വിജയ നഗര സാമ്രാജ്യത്തിന്റെ പതനത്തിനു രണ്ടു വർഷത്തിന് ശേഷം അവിടം സന്ദർശിച്ച സീസർ ഫെഡെറിക് എന്ന ഇറ്റാലിയൻ സഞ്ചാരി രേഖ പെടുത്തുന്നത് ഒരു കാലത്തു പ്രതാപത്തിന്റെ പര്യായമായിരുന്നു തലസ്ഥാന നഗരം പാമ്പുകളുടെയും ഹിംസ്ര ജന്തുക്കളുടെയും വിഹാര രംഗമായ കൊടും കാടായി തീർന്നിരുന്നു എന്നാണ്. ഹംപി കണ്ടു വരുമ്പോൾ നമ്മുടെ മനസ്സിൽ മറ്റൊരു ചിത്രം കൂടി തെളിഞ്ഞു വരും. നമ്മുടെ കൊച്ചു കേരളം. പ്രതാപികളായ വിജയ നഗര രാജാക്കൻ മാർ പതിനാലാം നൂറ്റാണ്ടിൽ ഹംപിയിൽ ഭരണം തുടങ്ങുമ്പോൾ എന്തായിരുന്നു നമ്മുടെ അവസ്ഥ . കോഴിക്കോടും , കൊച്ചിയും, തിരുവിതാം കൂറുമായി ഭരണം ഉണ്ടായിരുന്നെകിലും കടുത്ത ദാരിദ്ര്യത്തിൽ ആയിരുന്നു രാജാക്കൻമാരും ജനങ്ങളും. വാസ്ഗോഡ ഗാമ ആദ്യം കോഴിക്കോട്ടെത്തുമ്പോൾ സാമൂതിരിയുടെ കൊട്ടാരം ഓല മേഞ്ഞതായിരുന്നു എന്നാണു രേഖ പെടുത്തിയിരിക്കുന്നത്. രാജാവിന് വരുമാനം ഇല്ല. കൃഷിയും വ്യവസായവും ഒന്നും രാജ്യത്തിൻറെ സാമ്പത്തിക സ്രോതസ്സായി വളർത്തിയെടുത്തില്ല. അത് കൊണ്ട് തന്നെ അധസ്ഥിത ജനങ്ങളിൽ നിന്ന് പിരിക്കുന്ന കരമായിരുന്നു ഒരേയൊരു വരുമാന മാർഗം. ഇപ്പോൾ ആ കരങ്ങളുടെ പേരുകൾ നമ്മളെ ഒരേ സമയം ചിരിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യും. വിജയ നഗര രാജാക്കൻ മാർ കച്ചവടത്തിലൂടെയും, കൃഷിയിലൂടെയും, കര ബലത്തിലൂടെയും സമ്പത്തുണ്ടാക്കി രാജ്യത്തെ ലോകത്തിന്റെ നിറുകയിൽ എത്തിച്ചപ്പോൾ നമ്മുടെ രാജാക്കൻമാർ മുല കരവും, മീശ കരവും, തളപ്പ് കരവും കത്തിക്കരവും ഒക്കെ ചുമത്തി സ്വന്തം ജനതയുടെ നീരൂറ്റുകയായിരുന്നു. ഇന്നും ഇതിനൊരു മാറ്റമുണ്ടോ? മുലക്കരത്തിനും , മീശക്കരത്തിനും പകരം ലോട്ടറിയും, മദ്യവും വരുമാന സ്രോതസുകളായി എന്ന് മാത്രം . കൃഷിയും വ്യവസായവും ഒക്കെ നമ്മുടെ പ്രധാന വരുമാന സ്രോതസുകൾ ആകുന്ന കാലം എന്നാണു വരുക.!!!