2023, ഡിസംബർ 25, തിങ്കളാഴ്‌ച

കലാപത്തിന്റെ നാട്

കഴിഞ്ഞ ഒരു മാസമായി കേരളം കലാപത്തിന്റെ നാടായി മാറുകയായിരുന്നു. ഇടതുപക്ഷ ഗവൺമെന്റിന്റെ നയങ്ങളും വികസനവും ജനങ്ങളുമായി ചർച്ചചെയ്യാൻ നടത്തിയ നവകേരള സദസിന്റെ മണ്ഡലങ്ങൾ തോറുമുള്ള യാത്രക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ ഉയർത്തിയ കരിങ്കൊടി പ്രതിഷേധത്തെ പോലീസും ഭരണപക്ഷ യുവജന സംഘടനകളും ചേർന്ന് മൃഗീയമായ രീതിയിൽ ആണ് കൈകാര്യം ചെയ്തത്. ഗവൺമെന്റിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക ഗവണ്മെന്റ് നയങ്ങളോടും പരിപാടികളോടും വിയോജിപ്പുള്ള ഓരോ പൗരന്റെയും അവകാശമാണ്. അങ്ങനെ പ്രതിഷേധിക്കുന്നവർ മന്ത്രിമാർക്കും മറ്റും തടസം ഉണ്ടാക്കാതെ നോക്കുക പോലീസിന്റെ കടമയാണ്. പ്രതിഷേധക്കാർ അക്രമാസക്തർ ആകാത്തിടത്തോളം അവരെ തടയേണ്ട ആവശ്യമില്ല. അക്രമാസക്തർ ആയാൽ അവരെ അറസ്റ്റ് ചെയ്തു നീക്കുക , കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനു നടപടിയെടുക്കുക ഇതാണ് പോലീസിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ പോലീസ് എക്കാലത്തും ഭരണപക്ഷത്തിന് സന്തോഷകരമാകും വിധത്തിൽ പ്രതിപക്ഷ സമരത്തെ ചോരയിൽ കുതിർത്തുക ആണ് ചെയ്തിട്ടുള്ളത് .ഏറ്റവും പുതിയതായി കണ്ടത് ഭരണപക്ഷ യുവജന സംഘടനയിലെ പ്രവർത്തകർ പോലീസിന്റെ ജോലി ഏറ്റെടുക്കുന്ന കാഴ്ചയാണ്. അവർ പോലീസിന്റെ പിടിയിലായ പ്രതിപക്ഷ യുവജന പ്രവർത്തകരെ ഹെൽമെറ്റും , ചെടിച്ചട്ടിയും കൊണ്ട് അടിച്ചു വീഴ്‌ത്തുന്ന കാഴ്ച അവിശ്വസനീയതയോടെ ആണ് കേരളം നോക്കികണ്ടത് . അവർ ചെയ്ത ക്രിമിനൽ പ്രവർത്തനത്തിന് കേസ് എടുക്കുന്നതിന് പകരം ജീവൻ രക്ഷാപ്രവർത്തകർ എന്ന് വിശേഷിപ്പിച്ചത് പാർട്ടി പ്രവർത്തകരെ മാത്രമേ സന്തോഷിപ്പിക്കാൻ തരമുള്ളു. നവകേരള സദസ്സ് എന്ന പേര് ആരാണ് ഇട്ടത് എന്നറിയില്ല. എന്തായാലും ആ പേരും, യാത്രക്ക് തിരഞ്ഞെടുത്ത സമയവും ഒട്ടും ശരിയായി എന്ന് തോന്നുന്നില്ല. കേരളം മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള സാമ്പത്തിക ഞെരുക്കത്തിലൂടെ ആണ് കടന്നു പോകുന്നത്. നിത്യനിതാന ചിലവിനു വരെ പണം കണ്ടെത്താൻ വിഷമിക്കുന്ന ഈ കാലത്ത് എങ്ങനെയാണ് നവകേരള സദസ്സ് നടത്താൻ കഴിയുക. ജനങ്ങളോട് പട്ടിണിയേയും പരിവട്ടത്തെയും കുറിച്ചല്ലാതെ വേറെന്താണ് പറയാനുള്ളത്? അപേക്ഷകൾക്ക് സ്പോട്ടിൽ തീരുമാനം എടുത്തായിരുന്നു ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടി അടത്തിയത്. അതിനെ അൽപ്പം പുശ്ചത്തോടെ ആണ്‌ അന്ന് കണ്ടിരുന്നതെങ്കിലും നവകേരള സദസ് അത് മാറ്റിയെടുത്തു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ജന മനസുകളിൽ കൂടുതൽ ആഴത്തിൽ പതിപ്പിക്കാൻ മാത്രമേ നവകേരള സദസ്സിനു കഴിഞ്ഞിട്ടുള്ളൂ എന്നതാണ് സത്യം. നാട് നന്നാവണം. സ്വജന പക്ഷപാതം, അഴിമതി ഇതൊന്നും ഉണ്ടാവരുത് . തൊഴിൽ മേഖലകൾ മെച്ചപ്പെടണം , നാട്ടുകാരുടെ കയ്യിൽ നിന്ന് കൂടുതൽ കരം പിരിച്ച് ഖജനാവ് നിറയ്ക്കാതെ , വ്യവസായങ്ങളിൽ നിന്നും, കൃഷിയിൽ നിന്നും തൊഴിലിൽ നിന്നുമൊക്കെ വരുമാനം ഉണ്ടാകുകയും, അങ്ങനെ ഖജനാവ് നിറയുകയും വേണം. ഒരു നല്ല ഭരണത്തിൽ നിന്ന് സാധാരണ ജനം പ്രതീക്ഷിക്കുന്നത് ഇവയൊക്കെയാണ്. എന്നാൽ ഇതൊന്നും അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. അതിനു ആത്മാർത്ഥതയും, അറിവും കൂടി ചേരണം. അക്കാദമികവും പ്രായോഗികവുമായ അറിവുണ്ടാകണം. വൃദ്ധ നേതൃത്തത്തിൽ നിന്നും അധികാരം ചെറുപ്പക്കാരിലേക്ക് കടന്നു വരണം. രോഗികൾ ആയ വൃദ്ധർ അധികാരത്തിൽ കടിച്ചു തൂങ്ങാതെ ജീവിതത്തിന്റെ അവസാന കാലം പ്രകൃതിയുടെ താളവും ലയവും മനസിലാക്കി വിശ്രമ ജീവിതം തിരഞ്ഞെടുക്കണം. ജനാധിപത്യത്തിന്റെ ഏറ്റവും മനോഹാരിത അതിന്റെ പരസ്പര ബഹുമാനമാണ്. ഭരണ പക്ഷം ആണ് ഇതിന് കൂടുതൽ ശ്രദ്ധിക്കേണ്ടത് . കാരണം അവർ ശക്തർ ആണ്. അവരുടെ കയ്യിൽ അധികാരം ഉണ്ട്. ഭരണത്തോട് പ്രതിഷേധം ഉണ്ടാവുക ജനാധിപത്യം നിലനിൽക്കുന്ന നാടുകളിൽ സാധാരണമാണ്. ഭരണം കൂടുതൽ നന്നാക്കാൻ അത് അവസരം നൽകും. അധികാരത്തിൽ ഇരിക്കുന്നവർ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എളിമയുള്ളവർ ആകണം. ഇലക്ഷൻ വരെ ജനത്തെ തൊഴുകയും ഇലക്ഷൻ കഴിഞ്ഞാൽ അവരെ പുച്ഛത്തോടെ കാണുകയും ചെയ്യുന്ന രീതി നമ്മുടെ മോഡൽ ജനാധിപത്യത്തിൽ സാധാരണം ആണ്. കാരണം ജനങ്ങളുടെ മനസിനെ സ്വാധീനിക്കാൻ കഴിയുന്ന കോർപ്പറേറ്റ് ഇലക്ഷൻ തന്ത്രങ്ങൾ ഒരുക്കി അടുത്ത തവണ അധികാരത്തിൽ വരാം എന്നവർക്കറിയാം. പക്ഷെ എക്കാലവും ഇത് നടക്കില്ല എന്ന് ഓരോ രാഷ്ട്രീയ പാർട്ടികളും ഓർക്കുന്നത് നന്ന്. ലോകത്തിന്റെ പല ഭാഗത്തും തിരിച്ചു വരാൻ ആവാത്ത വിധം കാലത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നത് ഗുണം ചെയ്യും. നേതൃത്തത്തെ തിരുത്തുകയും വിമർശിക്കുകയും ചെയ്യുന്ന അണികൾ ആണ് ഓരോ രാഷ്ട്രീയപ്പാർട്ടിക്കും ഉണ്ടാവേണ്ടത് .അടിമകൾ ആയ അണികൾ ഉള്ള ഏതു പ്രസ്ഥാനം ആയാലും അത് കാലത്തെ സാക്ഷിയാക്കി കടന്നു പോകുക തന്നെ ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല: