2024, ജനുവരി 5, വെള്ളിയാഴ്‌ച

കാശ്മീർ

ഇന്ത്യക്കാരെ എന്നും മോഹിപ്പിക്കുകയും ഒപ്പം ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു പേരാണ് കാഷ്മീരിന്റെത്. ഇത് ശരിക്കും ഇന്ത്യ ആണോ, അതോ പാകിസ്ഥാനോ അതുമല്ല ഒരു സ്വതന്ത്ര രാജ്യമോ, എന്നൊക്കെയുള്ള സംശയം ഒരു ശരാശരി ഇന്ത്യക്കാരനുണ്ട്. സ്വന്തമായി ഭരണഘടനയും, സിവിൽ ക്രിമിനൽ നിയമങ്ങളും പതാകയും ഒക്കെ ഉണ്ടായിരുന്ന ഒരേയൊരു ഇന്ത്യൻ സംസ്ഥാനം ! ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്ത് പർവ്വതനിരകളുടെ മാറോട് ചേർന്ന് കിടക്കുന്ന ഈ മോഹഭൂമി നമ്മളെ മാത്രമല്ല ആകർഷിക്കുന്നത്. പാകിസ്ഥാനും, ചൈനാക്കാരനും ഒക്കെ ആ ഭൂമിയിൽ കണ്ണുണ്ട്. ആപ്പിൾ തോട്ടങ്ങളും , കുങ്കുമപ്പാടങ്ങളും , മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന മനോഹരമായ പർവ്വതനിരകളും , വില്ലോമരങ്ങളും ദേവദാരുക്കളും അതിരിടുന്ന താഴ് വരകളും പൂക്കളുടെ വസന്തം വിരിയിക്കുന്ന മലമേടുകളും, പർവത നിരകളിൽ നിന്ന് ചാലിട്ടൊഴുകുന്ന നദികളും, തടാകങ്ങളും, ഒക്കെ നിറഞ്ഞ ആ മരതക ഭൂമി സ്വന്തമാക്കി സുഖമായി ജീവിക്കാൻ വേണ്ടിയല്ല അവരാരും ഈ പ്രദേശത്ത് കണ്ണ് വയ്ക്കുന്നത്. അവർക്ക് കശ്മീർ തന്ത്രപ്രധാനമായ ഒരു യുദ്ധമുഖം മാത്രമാണ്. നമുക്കോ അതൊരു സംരക്ഷണ കവചവും . പർവ്വതനിരകളുടെ നിമ്നോന്നതങ്ങളിലൂടെ നൂണ്ടിറങ്ങി വരുന്ന ശത്രു രാജ്യത്തിലെ സൈനികർക്കും , ഭീകരവാദികൾക്കും ഒരു പേടി സ്വപ്നം ആണ് കശ്മീരിലെ ഉയർന്ന പർവ്വതനിരകൾ . അസ്ഥി മരവിപ്പിക്കുന്ന തണുപ്പത്ത് പർവ്വതങ്ങൾക്ക് മുകളിൽ അവരെ കാത്ത് ഇന്ത്യൻ പട്ടാളം ഉണ്ടായിരിക്കും. അത് കൊണ്ട് തന്നെ കശ്മീർ സ്വന്തമായാൽ പിന്നെ ഇന്ത്യയെ കീഴടക്കുക എളുപ്പമാണ് എന്നവർക്കറിയാം . കാരണം, പിന്നീട് യുദ്ധം സമതല പ്രദേശത്തേക്ക് മാറും. ജമ്മുവും കടന്നു പഞ്ചാബിലെ പരന്ന നെൽ വയലുകളിലേക്ക് തങ്ങളുടെ ടാങ്ക് ഓടിച്ച് കയറ്റാനായാൽ എന്നാണ് ഓരോ കശ്മീർ മോഹികളുടെയും ആഗ്രഹം. പാക്കിസ്ഥാന് കശ്മീർ കിട്ടിയാൽ അത് ചൈനക്ക് കിട്ടിയത് പോലെ തന്നെ. ഇന്ത്യയെ സംബന്ധിച്ച് അത് കേവലം പോരാട്ടത്തിന്റെ ഭൂമിക മാത്രമല്ല. സിന്ധുവും അതിന്റെ കൈവഴികളും ചേർന്നൊഴുകുന്ന, പുരാതന സൈന്ധവ സംസ്‌കാരത്തിന്റെയും ഹൈന്ദവ വിശ്വാസങ്ങളുടെയും പിതൃഭൂമിയായ ഈ മണ്ണുമായി ഒരു പൊക്കിൾകൊടി ബന്ധം ആണ് നമ്മൾ സൂക്ഷിക്കുന്നത്. അതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിൽ ചിലവഴിക്കുന്നതിൽ കൂടുതൽ പണം ഇവിടെ ചിലവഴിക്കാൻ രാജ്യം പിശുക്ക് കാണിക്കാത്തത്. കാശ്മീരിലേക്കൊരു യാത്ര ചെറുപ്രായത്തിലേ മനസ്സിൽ കയറിക്കൂടിയതാണ് . പക്ഷെ അപ്പോഴൊക്കെ നിലക്കാത്ത വെടിയൊച്ചകൾ അതിൽ നിന്നും പിന്തിരിപ്പിച്ചു. അടിത്തൂൺ പറ്റി പിരിഞ്ഞതിന് ശേഷമാണ് അതിനവസരം കൈവന്നത്. കശ്മീർ അപ്പോഴേക്കും ശാന്തമായി കഴിഞ്ഞിരുന്നു.ഒക്ടോബർ മാസത്തിലെ ഒരുരണ്ടാം വെള്ളിയാഴ്ച, രണ്ടു സുഹൃത്തുക്കൾക്കൊപ്പം കാശ്മീരിലേക്ക് ഹിമസാഗർ എക്സ്പ്രെസ്സിൽ യാത്ര തിരിച്ചു. ഇന്ത്യയുടെ തെക്കേ അറ്റം മുതൽ വടക്കേയറ്റം വരെയുള്ള ഗ്രാമങ്ങളെയും, പട്ടണങ്ങളെയും, നദികളെയും പർവ്വതങ്ങളെയും , മനുഷ്യരെയും ഒക്കെ കാട്ടി തന്ന് മൂന്നാം ദിവസം രാവിലെ ജമ്മുവിൽ ഞങ്ങളെ ഇറക്കി വിടുമ്പോൾ ഹിമസാഗർ നന്നായി തളർന്നിരുന്നുവെന്ന് തോന്നി. ശബ്ദത്തിനൊക്കെയൊരു ഇടർച്ച പോലെ. ജമ്മുവേ ആയിട്ടുള്ളു. കാശ്മീരിലേക്ക് ഇനിയും കിടക്കുന്നു യാത്ര. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യാസപ്പെടുന്ന ഒന്നും ജമ്മുവിൽ ഇല്ല എന്ന് തോന്നി. അവിടെ നിന്ന് ഉധംപൂർ വഴി കാശ്മീരിലേക്ക് 8 മണിക്കൂർ എടുക്കുന്ന ഒരു ബസ് യാത്രയായിരുന്നു പിന്നീട്. മനോഹരമായ യാത്ര. ഭൂപ്രകൃതി മാറുന്നു. ചുറ്റും പർവത നിരകൾ, താഴ് വരകൾ , റോഡിനും വളരെ താഴെ ബസിനു കൂട്ടെന്നപോലെ ഒഴുകി പോകുന്ന താവി നദി . രാത്രി 7 മണിയോടെ താമസസ്ഥലത്തെത്തി. കശ്മീരിലെ ആദ്യത്തെ മഴ ഞങ്ങളെ സ്വാഗതം ചെയ്തു. പിറ്റേന്ന് കശ്മീരിന്റെ കാഴ്ചകളിലേക്ക്.. സഞ്ചാരികൾ സാധാരണ പോകുന്ന പ്രദേശങ്ങൾ. ഗുൽമാർഗ് എന്ന പ്രദേശത്തേക്കാണ് ആദ്യ യാത്ര. 40 കിലോമീറ്ററോളം ദൂരമുണ്ട് ഗുൽമാർഗിലേക്ക് . മഞ്ഞു പുതഞ്ഞു കിടക്കുന്ന ഗുൽമാർഗിലെ പർവ്വത നിരകളിലേക്ക് കേബിൾ കാറിൽ ചെന്നിറങ്ങിയപ്പോൾ ഒരു സ്വപ്ന ഭൂമിയിൽ എത്തിയ പ്രതീതി. ഐസ് വീണുകിടക്കുന്ന പ്രദേശം ആദ്യമായി കാണുകയാണ്. വാടകക്കെടുത്ത, പ്രത്യേക കോട്ടിലും ബൂട്ടിലും ആണെങ്കിലും വിറക്കാതിരിക്കാൻ നന്നേ പണിപ്പെടേണ്ടി വന്നു. പിറ്റേ ദിവസം സോനാമാർഗിലേക്ക് പോയി. വീണ്ടും 40 കിലോമീറ്റർ . ഇന്ത്യയുടെ യുദ്ധചരിത്രത്തിൽ ഏറെ കേട്ട് പരിചയിച്ച സോജിലാ പാസ് മലമ്പാതയിലൂടെ വണ്ടി ഓടി കൊണ്ടിരുന്നു. ചുറ്റുപാടും, പർവതങ്ങൾ , താഴ്വരകൾ, പര്വതങ്ങൾക്കുമുകളിൽ അകലെ ചെറുതായി കാണുന്ന വില്ലോമരങ്ങളും ദേവദാരുക്കളും . സോനാമാർഗിൽ നിന്നും സീറോ പോയിന്റ് എന്ന സ്ഥലത്തേക്ക് ആണ് ഇനിയുള്ള യാത്ര. താപ നില പൂജ്യം ആണെന്നർത്ഥം .അതിനു പ്രത്യേക പണം കൊടുക്കണം.സീറോ പോയിന്റിനിൽ നിന്നും കാർഗിലേക്കും തുടർന്ന് ലഡാക്ക് , ടിബറ്റ് ,ചൈന അങ്ങനെ പോകുന്നു ആ മലമ്പാത. സീറോ പോയിന്റിൽ ഞങ്ങൾ യാത്ര അവസാനിപ്പിച്ച് തിരിച്ചു പോന്നു . അടുത്ത ദിവസം പഹൽഗാമിലേക്ക് യാത്ര. ആപ്പിൾ തോട്ടങ്ങൾ വഴി നീളെ. കുങ്കുമപ്പടങ്ങളും കാണാം .പഹൽഗാമിൽ കുതിര സവാരി ആണ് സ്പെഷ്യൽ. രണ്ടര മണിക്കൂർ വരുന്ന കുതിര സവാരി. രസകരമായിരുന്നെങ്കിലും, പെട്ടിയിലായി തിരിച്ചു വരാൻ അത് ധാരാളം മതി. ചെങ്കുത്തായ പർവ്വതങ്ങളിലൂടെ കുതിര കയറുമ്പോൾ ഉള്ളൊന്നു കാളും . നാലാം ദിവസത്തെ കാഴ്ച ശ്രീനഗർ നഗരം ആണ്. ദാൽ തടാകത്തിലെ സവാരിയും, പട്ടണക്കാഴ്ചകളും. പൂന്തോട്ടങ്ങളും, മോസ്കുകളും , ക്ഷേത്രങ്ങളും ഒക്കെ കണ്ടുതീർക്കാനുണ്ട് ഈ ഓട്ടപ്രദക്ഷിണത്തിൽ . നാലുദിവസത്തെ യാത്രയിൽ ഇത്രയും ഒക്കെയേ നടക്കൂ. ലെയും ലഡാക്കും ഒക്കെ മാടി വിളിക്കുന്നുണ്ടെങ്കിലും തിരിച്ചു പോരേണ്ടി വന്നു. അങ്ങോട്ടേക്കുള്ള യാത്ര ഇനി മറ്റൊരിക്കൽ. കാശ്മീരികൾ പൊതുവെ ഉത്സാഹികൾ ആണ്. നല്ല സ്നേഹമുള്ളവർ. ജോലിയോട് ആത്മാർത്ഥതയും കൂറും ഉള്ളവർ. ഭരണഘടനയിലെ പ്രത്യേക പരിഗണന എടുത്ത് മാറ്റിയതൊന്നും അവരുടെ പ്രശ്‍നം ആയി തോന്നിയില്ല. ധാരാളം ടൂറിസ്റ്റുകൾ വരുന്നു. അവർക്ക് ധാരാളം പൈസയും തൊഴിലും വന്നു ചേരുന്നു. രാഷ്രീയക്കാർക്കും ഭീകര പ്രവർത്തകർക്കും മാത്രമാണ് അവിടെ പ്രതിസന്ധി ഉള്ളതെന്ന് തോന്നി.