2023, ഡിസംബർ 25, തിങ്കളാഴ്‌ച

കലാപത്തിന്റെ നാട്

കഴിഞ്ഞ ഒരു മാസമായി കേരളം കലാപത്തിന്റെ നാടായി മാറുകയായിരുന്നു. ഇടതുപക്ഷ ഗവൺമെന്റിന്റെ നയങ്ങളും വികസനവും ജനങ്ങളുമായി ചർച്ചചെയ്യാൻ നടത്തിയ നവകേരള സദസിന്റെ മണ്ഡലങ്ങൾ തോറുമുള്ള യാത്രക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ ഉയർത്തിയ കരിങ്കൊടി പ്രതിഷേധത്തെ പോലീസും ഭരണപക്ഷ യുവജന സംഘടനകളും ചേർന്ന് മൃഗീയമായ രീതിയിൽ ആണ് കൈകാര്യം ചെയ്തത്. ഗവൺമെന്റിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക ഗവണ്മെന്റ് നയങ്ങളോടും പരിപാടികളോടും വിയോജിപ്പുള്ള ഓരോ പൗരന്റെയും അവകാശമാണ്. അങ്ങനെ പ്രതിഷേധിക്കുന്നവർ മന്ത്രിമാർക്കും മറ്റും തടസം ഉണ്ടാക്കാതെ നോക്കുക പോലീസിന്റെ കടമയാണ്. പ്രതിഷേധക്കാർ അക്രമാസക്തർ ആകാത്തിടത്തോളം അവരെ തടയേണ്ട ആവശ്യമില്ല. അക്രമാസക്തർ ആയാൽ അവരെ അറസ്റ്റ് ചെയ്തു നീക്കുക , കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനു നടപടിയെടുക്കുക ഇതാണ് പോലീസിൽ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ പോലീസ് എക്കാലത്തും ഭരണപക്ഷത്തിന് സന്തോഷകരമാകും വിധത്തിൽ പ്രതിപക്ഷ സമരത്തെ ചോരയിൽ കുതിർത്തുക ആണ് ചെയ്തിട്ടുള്ളത് .ഏറ്റവും പുതിയതായി കണ്ടത് ഭരണപക്ഷ യുവജന സംഘടനയിലെ പ്രവർത്തകർ പോലീസിന്റെ ജോലി ഏറ്റെടുക്കുന്ന കാഴ്ചയാണ്. അവർ പോലീസിന്റെ പിടിയിലായ പ്രതിപക്ഷ യുവജന പ്രവർത്തകരെ ഹെൽമെറ്റും , ചെടിച്ചട്ടിയും കൊണ്ട് അടിച്ചു വീഴ്‌ത്തുന്ന കാഴ്ച അവിശ്വസനീയതയോടെ ആണ് കേരളം നോക്കികണ്ടത് . അവർ ചെയ്ത ക്രിമിനൽ പ്രവർത്തനത്തിന് കേസ് എടുക്കുന്നതിന് പകരം ജീവൻ രക്ഷാപ്രവർത്തകർ എന്ന് വിശേഷിപ്പിച്ചത് പാർട്ടി പ്രവർത്തകരെ മാത്രമേ സന്തോഷിപ്പിക്കാൻ തരമുള്ളു. നവകേരള സദസ്സ് എന്ന പേര് ആരാണ് ഇട്ടത് എന്നറിയില്ല. എന്തായാലും ആ പേരും, യാത്രക്ക് തിരഞ്ഞെടുത്ത സമയവും ഒട്ടും ശരിയായി എന്ന് തോന്നുന്നില്ല. കേരളം മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള സാമ്പത്തിക ഞെരുക്കത്തിലൂടെ ആണ് കടന്നു പോകുന്നത്. നിത്യനിതാന ചിലവിനു വരെ പണം കണ്ടെത്താൻ വിഷമിക്കുന്ന ഈ കാലത്ത് എങ്ങനെയാണ് നവകേരള സദസ്സ് നടത്താൻ കഴിയുക. ജനങ്ങളോട് പട്ടിണിയേയും പരിവട്ടത്തെയും കുറിച്ചല്ലാതെ വേറെന്താണ് പറയാനുള്ളത്? അപേക്ഷകൾക്ക് സ്പോട്ടിൽ തീരുമാനം എടുത്തായിരുന്നു ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടി അടത്തിയത്. അതിനെ അൽപ്പം പുശ്ചത്തോടെ ആണ്‌ അന്ന് കണ്ടിരുന്നതെങ്കിലും നവകേരള സദസ് അത് മാറ്റിയെടുത്തു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ജന മനസുകളിൽ കൂടുതൽ ആഴത്തിൽ പതിപ്പിക്കാൻ മാത്രമേ നവകേരള സദസ്സിനു കഴിഞ്ഞിട്ടുള്ളൂ എന്നതാണ് സത്യം. നാട് നന്നാവണം. സ്വജന പക്ഷപാതം, അഴിമതി ഇതൊന്നും ഉണ്ടാവരുത് . തൊഴിൽ മേഖലകൾ മെച്ചപ്പെടണം , നാട്ടുകാരുടെ കയ്യിൽ നിന്ന് കൂടുതൽ കരം പിരിച്ച് ഖജനാവ് നിറയ്ക്കാതെ , വ്യവസായങ്ങളിൽ നിന്നും, കൃഷിയിൽ നിന്നും തൊഴിലിൽ നിന്നുമൊക്കെ വരുമാനം ഉണ്ടാകുകയും, അങ്ങനെ ഖജനാവ് നിറയുകയും വേണം. ഒരു നല്ല ഭരണത്തിൽ നിന്ന് സാധാരണ ജനം പ്രതീക്ഷിക്കുന്നത് ഇവയൊക്കെയാണ്. എന്നാൽ ഇതൊന്നും അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. അതിനു ആത്മാർത്ഥതയും, അറിവും കൂടി ചേരണം. അക്കാദമികവും പ്രായോഗികവുമായ അറിവുണ്ടാകണം. വൃദ്ധ നേതൃത്തത്തിൽ നിന്നും അധികാരം ചെറുപ്പക്കാരിലേക്ക് കടന്നു വരണം. രോഗികൾ ആയ വൃദ്ധർ അധികാരത്തിൽ കടിച്ചു തൂങ്ങാതെ ജീവിതത്തിന്റെ അവസാന കാലം പ്രകൃതിയുടെ താളവും ലയവും മനസിലാക്കി വിശ്രമ ജീവിതം തിരഞ്ഞെടുക്കണം. ജനാധിപത്യത്തിന്റെ ഏറ്റവും മനോഹാരിത അതിന്റെ പരസ്പര ബഹുമാനമാണ്. ഭരണ പക്ഷം ആണ് ഇതിന് കൂടുതൽ ശ്രദ്ധിക്കേണ്ടത് . കാരണം അവർ ശക്തർ ആണ്. അവരുടെ കയ്യിൽ അധികാരം ഉണ്ട്. ഭരണത്തോട് പ്രതിഷേധം ഉണ്ടാവുക ജനാധിപത്യം നിലനിൽക്കുന്ന നാടുകളിൽ സാധാരണമാണ്. ഭരണം കൂടുതൽ നന്നാക്കാൻ അത് അവസരം നൽകും. അധികാരത്തിൽ ഇരിക്കുന്നവർ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എളിമയുള്ളവർ ആകണം. ഇലക്ഷൻ വരെ ജനത്തെ തൊഴുകയും ഇലക്ഷൻ കഴിഞ്ഞാൽ അവരെ പുച്ഛത്തോടെ കാണുകയും ചെയ്യുന്ന രീതി നമ്മുടെ മോഡൽ ജനാധിപത്യത്തിൽ സാധാരണം ആണ്. കാരണം ജനങ്ങളുടെ മനസിനെ സ്വാധീനിക്കാൻ കഴിയുന്ന കോർപ്പറേറ്റ് ഇലക്ഷൻ തന്ത്രങ്ങൾ ഒരുക്കി അടുത്ത തവണ അധികാരത്തിൽ വരാം എന്നവർക്കറിയാം. പക്ഷെ എക്കാലവും ഇത് നടക്കില്ല എന്ന് ഓരോ രാഷ്ട്രീയ പാർട്ടികളും ഓർക്കുന്നത് നന്ന്. ലോകത്തിന്റെ പല ഭാഗത്തും തിരിച്ചു വരാൻ ആവാത്ത വിധം കാലത്തിന്റെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നത് ഗുണം ചെയ്യും. നേതൃത്തത്തെ തിരുത്തുകയും വിമർശിക്കുകയും ചെയ്യുന്ന അണികൾ ആണ് ഓരോ രാഷ്ട്രീയപ്പാർട്ടിക്കും ഉണ്ടാവേണ്ടത് .അടിമകൾ ആയ അണികൾ ഉള്ള ഏതു പ്രസ്ഥാനം ആയാലും അത് കാലത്തെ സാക്ഷിയാക്കി കടന്നു പോകുക തന്നെ ചെയ്യും.

2023, ഡിസംബർ 13, ബുധനാഴ്‌ച

ഹമാസിന്റെ ക്രൂരത

ഇസ്രയേലും പലസ്റ്റീനും തമ്മിലുള്ള യുദ്ധം അവസാനം ഇല്ലാതെ തുടരുകയാണ്. ലോകത്തിന്റെ പല ഭാഗത്തും റാലികൾ നടക്കുന്നു. എല്ലാവരും ഏതാണ്ട് പലസ്റ്റീന്റെ ഒപ്പം ആണ്. പതിനെണ്ണായിരത്തോളം പലസ്റ്റീനികൾ ആണ് ഡിസംബർ പകുതി ആകുമ്പോൾ മരണപ്പെട്ടിട്ടുള്ളത്. ഇസ്രായേലിന് നൂറിനടുത്ത സൈനികരും, 1200 സിവിലിയന്മാരും, നഷ്ട്ടപെട്ടിട്ടുണ്ട്. ഇരുന്നൂറോളം തടവുകാരിൽ നൂറോളം പേരെ തിരിച്ചു കിട്ടിയിട്ടുമുണ്ട്. അതിശയിപ്പിക്കുന്ന കാര്യം യുദ്ധം തുടങ്ങാൻ ഇസ്രയേലിനെ നിർബന്ധിച്ച സാഹചര്യം ആളുകൾക്ക് പ്രശനം അല്ല എന്നതാണ്. ബന്ദി ആക്കി കൊണ്ടുപോയവരെ വിട്ടുകൊടുത്ത് യുദ്ധം അവസാനിപ്പിക്കാൻ ആരും പറഞ്ഞു കേൾക്കുന്നില്ല. എന്താണ് ഹമാസ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നുമില്ല. ഹമാസിനെ എല്ലാവരും ന്യായീകരിച്ചു. പോരാളികൾ എന്ന് വിളിച്ച് പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടു തന്നെ ഇസ്രായേൽ തിരിച്ചടിച്ചപ്പോൾ മരണമടഞ്ഞ പതിനായിരങ്ങളുടെ ജീവനും, തകർന്നടിഞ്ഞ പട്ടണങ്ങൾക്കും , വീടുകൾക്കും,സ്വപ്നങ്ങൾക്കും മറുപടിപറയേണ്ടത് ഹമാസിന്റെ ഒപ്പം അവരെ പ്രോത്സാഹിപ്പിച്ച ലോക ജനത തന്നെയാണ്. ഒക്ടോബർ 7 ലേക്കല്ല നോക്കേണ്ടത്, അതിനുമുമ്പുള്ള സംഭവങ്ങളെ മറന്നുകളയരുത് എന്നാണ് ഹമാസ് അനുകൂലികൾ പറയുന്നത്. അതിനു മുമ്പത്തെ സംഭവങ്ങൾ എന്താണെന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും. ഇരുമ്പയുഗം തീരും മുമ്പേ പലസ്റ്റീൻപ്രദേശത്ത് താമസം തുടങ്ങിയവർ ആണ് യഹൂദന്മാർ. അസ്സീറിയക്കാരുടെയും ബാബിലോണിയരുടെയും കൊടിയ പീഡനത്തെ അതിജീവിക്കാൻ യഹൂദർക്കൊഴികെ പലസ്തീൻ പ്രദേശത്തുണ്ടായിരുന്ന മറ്റൊരു ജനതക്കും കഴിഞ്ഞില്ല. ഇസ്ലാം മതം പലസ്തീനിൽ വരുന്നത് AD 7 -ഴാം നൂറ്റാണ്ടോടെയാണ്. അത് വരെ പലസ്തീനിൽ 72 ശതമാനം ക്രിസ്ത്യാനികളും 17 ശതമാനം യഹൂദരും ഉണ്ടായിരുന്നു. ബാക്കി ശമര്യാക്കാരും . ഖലീഫ ഉമ്മർ നയിച്ച ആക്രമണത്തിൽ രാജ്യം മാത്രമല്ല മതവും ഉപേക്ഷിക്കേണ്ടി വന്ന ഒരു ജനത ആയിരുന്നു അന്ന് പലസ്തീനിൽ . യഹൂദർ മതം മാറ്റത്തെ ചെറുത്തപ്പോൾ ക്രിസ്ത്യാനികൾക്കും , ശമര്യക്കാർക്കും അതിന് കഴിഞ്ഞില്ല. പലസ്റ്റീനിൽ അറബികൾ സ്ഥിരതാമസം ആക്കാൻ തുടങ്ങിയ സമയമായിരുന്നു അത്. അവിടം മുതൽ പാലസ്റ്റീന്റെ കഥ മറ്റൊന്നാണ്. ഇസ്രായേൽ രാഷ്ട്രം 1948 ൽ ഔപചാരികമായി പ്രഖ്യാപിക്കുമ്പോൾ പലസ്തീനിൽ യഹൂദരുടെ ജനസംഖ്യ 38 ശതമാനം ആയിരുന്നു. ആ ചെറിയ രാജ്യത്തെ ജീവിക്കാൻ സമ്മതിക്കാതെ അറബ് സഖ്യ രാജ്യങ്ങൾ എത്ര എത്ര യുദ്ധങ്ങൾ ചെയ്തു. ഒരു സ്വതന്ത്ര പലസ്തീൻ ഉണ്ടാക്കി ജീവിക്കാൻ ശ്രമിക്കാതെ ഇസ്രായേൽ എന്ന രാഷ്ട്രത്തെ ഇല്ലാതാക്കാൻ ആദ്യകാലത്ത് PLO ഒളിപ്പോരുമായി രംഗത്ത് വന്നു. അവർ സമാധാനത്തിന്റെ പാത സ്വീകരിച്ചപ്പോൾ ഹമാസ് തീവ്ര നിലപാടുമായി രംഗത്ത് വന്നു. നാലുപാടും ശത്രുക്കൾ വളഞ്ഞിരിക്കുന്നതിനാൽ ഇസ്രായേൽ മതിലുകൾ കെട്ടി സ്വയം രക്ഷിക്കാൻ ശ്രമിച്ചു. ഓരോ പലസ്തീൻകാരെയും സംശയത്തോടെ നോക്കാൻ തുടങ്ങി. അത് പലസ്തീൻകാരനോടുള്ള വിവേചനമായും പീഡനമായും മാറി. ഇസ്രയേലിന്റെ ഭയം ആണ് പലസ്തീൻകാരന്റെ യാതനക്ക് പിന്നിൽ. പരസ്പര വിശ്വാസവും, സഹകരണവും ആണ് അതിനുള്ള മരുന്ന്. ലോകത്തെ ഒരു ശക്തിക്കും തകർക്കാൻ പറ്റാത്തത്ര ശക്തമായ ഒരു രാഷ്ട്രം ആണ് കേരളത്തിന്റെ പകുതി മാത്രം വലിപ്പമുള്ള ഇസ്രായേൽ. അതിനെ തോൽപ്പിക്കാൻ എങ്ങനെ ഹമാസിന് കഴിയും? സ്വന്തം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഹമാസിന് കഴിയുന്നില്ല. ഏതു ഭീകര സംഘടനയും ചെയ്യും വിധം ഭൂമിക്കടിയിൽ അവർ മറഞ്ഞിരിക്കുകയാണ് . ആശുപത്രികളുടെയും സ്‌കൂളുകളുടെയും കീഴെ ഭീകര താവളങ്ങൾ തീർത്ത് ജനത്തെ കുരുതി കൊടുക്കുന്ന ഈ സംഘടനാ വിമർശിക്കപ്പെടേണ്ടതാണ്. നമ്മുടെ മതമോ, രാഷ്ട്രീയമോ അതിന് തടസമാവരുത്. യുദ്ധം അവസാനിപ്പിക്കാൻ ഹമാസ് കീഴടങ്ങുക തന്നെ വേണം. അല്ലെങ്കിൽ ടണലുകളിൽ നിന്ന് പുറത്ത് വന്ന് ധീരമായി യുദ്ധം ചെയ്യണം. പലസ്തീൻ കാരനും ഒരു സ്വപ്നം ഉണ്ട്. ഈ ഭൂമിയിലെ വായു ശ്വസിച്ച് , പ്രകൃതി ആസ്വദിച്ച്, മക്കളും കൊച്ചുമക്കളുമായി അവർക്കും സമാധാനത്തോടെ ഇവിടെ ജീവിക്കണം. അതിന് സമാധാനം സ്ഥാപിക്കപ്പെടണം. ഭീകര സംഘടനകൾ ഇല്ലാതാവുകയും, ജനാധിപത്യ സംവിധാനങ്ങൾ ഉണ്ടാവുകയും വേണം.

2023, ഡിസംബർ 10, ഞായറാഴ്‌ച

ിലിസ്ത്യർ.

പലസ്റ്റീൻ ഇസ്രായേൽ സംഘർഷത്തിന്റെ സമയത്ത് അറിഞ്ഞിരിക്കേണ്ട ഒരു കൂട്ടർ കൂടിയുണ്ട് അവരാണ് ഫിലിസ്ത്യർ. ഇന്നത്തെ പലസ്തീൻ , ഇസ്രായേൽ പ്രദേശങ്ങൾ ആയ ഗാസ, എസ്കേലോൺ, അഷോട് , ഗെത്ത് , എക്രോൺ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് ഫിലിസ്ത്യർ താമസിച്ചിരുന്നത്.BC പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്ന് കുടിയേറിയ കടൽക്കൊള്ളക്കാർ ആയിരുന്നു ഫിലിസ്ത്യർ. ഫിലിസ്ത്യ എന്ന വാക്കിൽ നിന്നാണ് പലസ്തീൻ എന്ന വാക്ക് തന്നെ രൂപം കൊണ്ടത്. എന്നാൽ ഇന്നത്തെ പലസ്റ്റീൻ കാരും ഈ ഫിലിസ്ത്യരും തമ്മിൽ കാര്യമായ ബന്ധം ഒന്നും തന്നെയില്ല. പരസ്പരം കൃഷി നശിപ്പിക്കുക , ദേവാലയങ്ങൾ തീയിട്ടു നശിപ്പിക്കുക , ആളുകളെ കൊല്ലുക ഇതൊക്കെ ആണ് ഇസ്രയേലും ഫിലിസ്ത്യരും തമ്മിൽ നിത്യേന എന്നവണ്ണം അക്കാലങ്ങളിൽ നടന്നിരുന്നത് . ബൈബിൾ വായിച്ചിട്ടില്ലാത്തവർക്ക് ഈ ഫിലിസ്ത്യരെ അത്ര കണ്ട് പരിചയം ഉണ്ടാവില്ല. എന്നാൽ ഗോലിയാത്തിനെ തോൽപ്പിച്ച ദാവീദിനെ അറിയാത്തവർ ആയി ആരും ഉണ്ടാവില്ല. ഗോലിയാത്ത് ഒരു ഫിലിസ്ത്യൻ ആയിരുന്നു. ദാവീദ് ഇസ്രായേലുകാരനും . അത് പോലെ തന്നെയാണ് സാംസന്റെ കഥയും . ഇസ്രായേലി യോദ്ധാവ് ആയിരുന്നു സാംസൺ. സാംസൺ ഒറ്റയ്ക്ക് തന്നെ അനേകായിരം ഫിലിസ്ത്യരെ കൊന്നൊടുക്കിയിട്ടുണ്ട് . തങ്ങളുടെ ഈ വലിയ ശത്രുവിനെ ഏതു വിധേനയും നിഗ്രഹിക്കാൻ ഫിലിസ്ത്യർ തക്കം പാർത്തു നടന്നു. ദലീല എന്നൊരു ഫിലിസ്റ്റിയ പെൺകുട്ടിയെ അവർ അതിനായി ഉപയോഗിച്ചു .അവളുടെ പ്രണയ കുരുക്കിൽ വീണ് സാംസൺ ഫിലിസ്ത്യരുടെ തടവിലായെങ്കിലും അനേകായിരം ഫിലിസ്ത്യരുടെ ജീവനെടുത്തുകൊണ്ട് സ്വയം മരണം വരിച്ചാണ് സാംസൺ അതിന് പ്രതികാരം ചെയ്തത് . വലിയ ശത്രുക്കൾ ആയിരുന്നെങ്കിലും ദുരന്തങ്ങൾ ഒരുമിച്ചാണ് ഇരു കൂട്ടരും അനുഭവിച്ചത്‌. ആദ്യം അസ്സീറിയാക്കാരുടെ ആക്രമണം. പിന്നെ നെബുക്കത് നാസ്സറുടെയും. ഒരു പാട് ഫിലിസ്ത്യക്കാരും ഇസ്രയേല്യരും കൊല്ലപ്പെട്ടു. ചിലർ അടുത്ത രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഗണ്യമായ ഒരു ജനതയെ ബാബിലോണിയയിലേക്ക് അടിമകൾ ആയി പിടിച്ച് കൊണ്ട് പോയി. പിന്നീട് പേർഷ്യാക്കാർ ബാബിലോൺ ആക്രമിച്ചപ്പോൾ യഹൂദന്മാർ മോചിപ്പിക്കപ്പെട്ട് ഇസ്രായേലിലേക്ക് മടങ്ങിയെങ്കിലും ഫിലിസ്ത്യർക്ക് ഒരു മടക്കമുണ്ടായില്ല.അവർ ബാബിലോണിയരുമായി ഇടകലർന്നു സ്വന്തം അസ്തിത്വം നഷ്ട്ടപെടുത്തിക്കഴിഞ്ഞിരുന്നു. BC 63 ൽ റോമാക്കാർ ലെവന്ത് പ്രദേശങ്ങൾ ( ഇസ്രായേൽ , ജോർദാൻ, ഫിലിസ്ത്യ തുടങ്ങിയ ദേശങ്ങൾ) ആക്രമിച്ചു . ധാരാളം യഹൂദന്മാർ വീണ്ടും പ്രവാസികൾ ആയി. അവശേഷിച്ച ഫിലിസ്ത്യരും ഒരു ചെറു ജനസമൂഹം ആയി അപ്പോഴും ഉണ്ടായിരുന്ന യഹൂദരും, ശമര്യക്കാരും ഒക്കെ റോമൻ ഭരണത്തിന്റെ കീഴിൽ പലസ്റ്റീനിൽ കഴിയുന്ന നാളുകളിൽ ആണ് യേശുവിന്റെ ജനനം. പിന്നീട് ക്രിസ്തുമതം പ്രചരിച്ചപ്പോൾ നല്ലൊരു വിഭാഗം യഹൂദരും, ഫിലിസ്ത്യക്കാരും, ശമര്യക്കാരും അടങ്ങുന്ന ജനത ക്രിസ്ത്യാനികൾ ആയി മാറി. AD ഏഴാം നൂറ്റാണ്ടിൽ ഖലീഫ ഉമ്മർ ഈ പ്രദേശം ആക്രമിച്ചപ്പോൾ പാലസ്റ്റീനിൽ ആകെ ജനസംഖ്യയിൽ 17 ശതമാനം യഹൂദരും, 11ശതമാനം ശമര്യക്കാരും, 72 ശതമാനം ക്രിസ്ത്യാനികളും ആയിരുന്നു. ഖലീഫ ഉമ്മറിന്റെ കൂടെ ധാരാളം അറബ് മുസ്‌ലിംസ് ഈ പ്രദേശത്ത് എത്തിച്ചേരുകയും സ്ഥിരതാമസം ആക്കുകയും ചെയ്തു. കാലക്രമത്തിൽ നല്ലൊരു ശതമാനം യഹൂദ ക്രിസ്ത്യാനികളും, ശമര്യക്കാരും ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയോ പലായനം ചെയ്യുകയോ ചെയ്തതോടെ പലസ്റ്റീനിലെ ജനസംഖ്യയിൽ ഭൂരിഭാഗം മുസ്‌ലിം ജനവിഭാഗം ആയി മാറി. ഇന്നത്തെ പലസ്റ്റീൻകാരുടെ വേരുകൾ തേടി പോയാൽ നമ്മൾ ചെന്നെത്തുക , യഹൂദരിലും, മണ്മറഞ്ഞു പോയ ഫിലിസ്റ്റിയരിലും , ശമര്യക്കാരിലും, അറബികളിലും ഒക്കെയാണ്.

2023, ഡിസംബർ 6, ബുധനാഴ്‌ച

അറബികൾ

ആരാണ് അറബികൾ എന്നത് പലർക്കും നിശ്ചയം ഇല്ലാത്ത കാര്യം ആണ് . മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ താമസിക്കുന്ന മുസ്ലീങ്ങൾ ആണ് അറബികൾ എന്നാണ് പൊതുവെ ഉള്ള ധാരണ. ഇസ്ലാം മത വിശ്വാസികളിൽ നിലനിൽക്കുന്ന ഒരു ധാരണ ഇസഹാക്കിന്റെ പുത്രനായ ഇസ്മായേലിന്റെ സന്തതി പരമ്പരകൾ ആണ് അറബികൾ എന്നാണ് . യഹൂദരും അറബികളും രണ്ടു വംശങ്ങൾ ആണെന്നാണ് വിശ്വാസം. എന്നാൽ ഇതിൽ വസ്തുതാ പരമായ പല പ്രശ്നങ്ങളും ഉണ്ട്. അറബി എന്നത് കേവലം ഒരു സമൂഹം അല്ല. അത് ഒരു വംശം ആണ്. ഇസഹാക്കിന്റെ പുത്രൻ ഇസ്മായേൽ ആണ് അറബികളുടെ പിതാവ് എന്ന് വന്നാൽ ഇസ്മായേലിന്റെ പിതാവ് അനറബിയും, പുത്രൻ അറബിയും ആയി മാറുന്ന ഒരു വിചിത്ര പ്രതിഭാസം ഉടലെടുക്കും. എന്നാൽ ക്രോമോസോം പഠനങ്ങൾ കാണിക്കുന്നത് അറബികളും യഹൂദന്മാരും സഹോദരന്മാർ ആണെന്നാണ്. അവരുടെ Y ക്രോമോസോമുകൾ തമ്മിൽ നല്ല സാമ്യതയാണുള്ളത്. അതായത് അറബി എന്ന വംശത്തിന്റെ വിത്ത് യഹൂദരിലും ഉണ്ട്. അപ്പോൾ യഹൂദനും അറബി ആണ്. ഇസഹാക്ക് അറബി ആണെങ്കിൽ അബ്രഹാമും അദ്ദേഹത്തിന്റെ പ്രപിതാമഹൻ നോഹയും അറബി ആയിരിക്കും. നോഹയും കുടുംബവും ആണ് പ്രളയത്തിന് ശേഷം ഭൂമിയിൽ അവശേഷിച്ച മനുഷ്യർ. നോഹക്ക് മൂന്ന് മക്കൾ . ശേം, ഹാം , ജഫേത് എന്നിവരാണ് അവർ. ഇതിൽ ശേമിന്റെ പരമ്പരയിൽ വരുന്നതാണ് ക്രിസ്ത്യാനികളുടെയും, മുസ്ലീങ്ങളുടെയും, യഹൂദരുടെയും പിതാവായ അബ്രഹാം . പ്രളയത്തിന് ശേഷം നോഹയും കുടുംബവും പിന്നെ നോഹ രക്ഷിച്ച ജീവജാലങ്ങളും ഒഴികെ ബാക്കി എല്ലാ ജീവികളും നശിച്ചു പോയെങ്കിൽ നോഹയുടെ സന്തതികൾ ആയിരിക്കും ഇന്ന് ഭൂമിയിൽ ഉള്ളവർ എല്ലാം. അങ്ങനെയെങ്കിൽ നിങ്ങളും ഞാനുമെല്ലാം നോഹയുടെ മക്കൾ. നമ്മൾ എല്ലാം അറബികൾ. അങ്ങനെയല്ലേ വരുക? ദ്രാവിഡനും ആര്യനും ഒന്നുമില്ല. അറബികൾ മാത്രം. മത ഗ്രന്ഥങ്ങളിലൂടെ ചരിത്രം തിരയാനിറങ്ങി പുറപ്പെട്ടാൽ നമ്മൾ ചെന്നെത്തുന്നത് ഇത്തരം കണ്ടെത്തലുകളിൽ ആണ്. ഇന്ന് നമുക്ക് ലഭിച്ച അറിവുകളുടെ വെളിച്ചത്തിൽ ആഫ്രിക്കയിൽ ആണ് ആദിമ മനുഷ്യർ രൂപം കൊണ്ടത് എന്ന നിഗമനത്തിൽ ആണ് എത്തിച്ചേർന്നിട്ടുള്ളത് . 1,25,000 വര്ഷത്തിനും 60,000 വർഷത്തിനും ഇടയിൽ ആഫ്രിക്കയിൽ നിന്ന് പോന്ന ആദിമ വർഗക്കാരിൽ ചിലർ തൊട്ടടുത്ത പ്രദേശമായ അറേബ്യൻ മണലാരണ്യങ്ങളിൽ താമസമാക്കി. മറ്റു ചിലർ തെക്കേ ഏഷ്യയിലേക്കും, ഓസ്‌ട്രേലിയ , യൂറോപ്പ് , അമേരിക്ക എന്നീ പ്രദേശങ്ങളിലും ഒക്കെ ആയി കുടിയേറി പാർത്തു. ഇതിൽ അറേബ്യൻ പ്രദേശത്ത് എത്തി ചേർന്ന ആദിമ വർഗക്കാരുടെ സന്തതി പരമ്പരകൾ ആണ് അറബികൾ എന്നറിയപ്പെടുന്നത്. കാട്ടറബികൾ എന്നറിയപ്പെടുന്ന നൊമാഡുകളായ ബുഡുവിൻ ഗോത്ര വർഗ്ഗങ്ങളും ഇതിൽ പെടുന്നു. അറബികൾ പല ഗോത്രങ്ങൾ ആയി കാലക്രമത്തിൽ പിരിഞ്ഞിട്ടുണ്ട്. അതിൽ ഒരു ഗോത്രം ആണ് യഹൂദാ ഗോത്രം. മറ്റൊന്ന് ഖുറേഷി ഗോത്രം. ഇനിയും അനേകം ഗോത്രങ്ങൾ ഉണ്ട്. എണ്ണിയാൽ ഒടുങ്ങാത്തത്ര ദൈവങ്ങളെ ആരാധിച്ചു പോന്നിരുന്ന അനേകം അറബി ഗോത്ര സമൂഹങ്ങളുടെ പിന്മുറക്കാർ മിഡിൽ ഈസ്റ്റിലും, നോർത്ത് ആഫ്രിക്കയിലും ഒക്കെയായി ജീവിച്ചു പോരുന്നുണ്ട്. ക്രിസ്തുവിന് ശേഷം യഹൂദരിൽ നല്ലൊരു വിഭാഗം ക്രിസ്ത്യാനികൾ ആയി മാറി. യഹൂദർ മാത്രമല്ല ഇതര അറബി ഗോത്രങ്ങളിലെ ആളുകളും പുതുതായി രൂപം കൊണ്ട് ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന ക്രിസ്തുമതത്തിൽ ചേർന്നു . അങ്ങനെ അറബി യഹൂദരെ കൂടാതെ അറബി ക്രിസ്ത്യാനികളും ഉണ്ടായി. അവർ അറേബിയയിൽ വലിയ ഒരു ക്രിസ്ത്യൻ സമൂഹമായി വളരുകയും രാഷ്ട്രങ്ങൾ കെട്ടിപ്പെടുക്കുകയും ചെയ്തു. ലെബനൻ , ജോർദാൻ, സിറിയ, പാലസ്റ്റീൻ , ഇറാക്ക് , ഈജിപ്ത് മുതലായ രാജ്യങ്ങളിൽ എല്ലാം ഇസ്ലാം മതംപ്രചരിക്കുന്നതു വരെ പ്രധാന മതം ക്രിസ്തുമതം ആയിരുന്നു. എങ്കിലും ബഹു ദൈവ ആരാധന നിലവിലുണ്ടായിരുന്ന പല ഗോത്രങ്ങളും അതോടൊപ്പം തന്നെ ഉണ്ടായിരുന്നു. അത്തരത്തിൽ ഒരു ഗോത്രം ആയിരുന്നു ഖുറേഷി ഗോത്രം. മുഹമ്മദ് നബി ഈ ഗോത്രത്തിൽ ആണ് പിറന്നത്. AD ആറാം നൂറ്റാണ്ടിൽ അറേബിയയിൽ ഇസ്‌ലാം മതം സ്ഥാപിക്കപ്പെടുന്നതോടെ യഹൂദ, ക്രിസ്ത്യൻ അറബികളിൽ നല്ലൊരു പങ്കും ഇസ്ലാം മതവിശ്വാസികൾ ആയി മാറി. ഇന്ന് ഇസ്‌ലാം എന്നതിന്റെ പര്യായ പദം പോലെ ആയി തീർന്നിരിക്കുന്നു അറബി എന്ന വാക്ക് .