2025, നവംബർ 3, തിങ്കളാഴ്‌ച

വിസ്മയിപ്പിക്കുന്ന കേരളം

അത്ഭുതകരമായ ഒരു സംസ്ഥാനം ആണ് കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സാമൂഹികമായും, സാമ്പത്തികമായും , സാംസ്കാരികമായുമൊക്കെ അത് വേറിട്ട് നിൽക്കുന്നു. കേരളത്തിന്റെ മഹത്വം എന്തെന്നറിയണമെങ്കിൽ കേരളത്തിന് പുറത്തേക്ക് ഒന്ന് യാത്ര ചെയ്‌താൽ മതിയാകും. പാലക്കാടു ചുരം കടന്ന് ട്രെയിൻ തമിഴ്‌നാട്ടിലേക്ക് കടക്കുമ്പോൾ തന്നെ ആ വ്യത്യാസം മനസിലാകും. റെയിൽ ട്രാക്കുകളിൽ വിസർജ്ജനം നടത്തുന്ന പുരുഷന്മാർ , ലോട്ടയിൽ വെള്ളവുമായി ട്രെയിൻ പോകാൻ കാത്തു നിൽക്കുന്ന സ്ത്രീകൾ, ഇതൊന്നും കേരളത്തിൽ കാണാൻ കഴിയില്ല. കേരളീയൻ ആണെന്ന് പറയുമ്പോൾ തന്നെ ഒരു ബഹുമാനം ഒക്കെ മറ്റു സംസ്ഥാനക്കാർ നൽകാറുമുണ്ട്. എന്നാൽ ഈ വിധം കേരളം എങ്ങനെ മാറി എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. കാര്യമായ ഒരു പൈതൃകം കേരളത്തിനില്ല എന്നതാണ് സത്യം. തമിഴിൽ നിന്ന് വേർപിരിഞ്ഞു പോന്ന ഒരു സമൂഹം. ഗഡാഗഡിയൻമാരായ രാജാക്കന്മാരൊന്നും കേരളം ഭരിച്ചിരുന്നില്ല. വലിയ അമ്പലങ്ങളോ, കോട്ടകളോ ഒന്നും തന്നെ കേരളത്തെ അടയാളപ്പെടുത്താൻ ഇല്ല. ദാരിദ്ര്യം അതിന്റെ എല്ലാ ഭാവത്തിലും കേരളത്തിൽ നിറഞ്ഞാടിയിരുന്നു. 1498 ൽ അന്നത്തെ ഏറ്റവും അധികാരമുള്ളതും സമ്പന്നനുമായ സാമൂതിരിയെ കാണാൻ ചെന്നപ്പോൾ ഒരു രണ്ടാം മുണ്ടും പുതച്ച് അർദ്ധ നഗ്നനായി ഓലമേഞ്ഞ കൊട്ടാരത്തിൽ ഇരിക്കുന്ന രാജാവിനെ കണ്ട് വാസ്ഗോഡഗാമക്ക് ചിരി പൊട്ടിയത്രേ. പോർട്ടുഗീസുകാർ സാമൂതിരിയോട് പിണങ്ങി കൊച്ചിയിലേക്ക് താവളം മാറ്റിയതിനു ശേഷം മാത്രമാണ് കൊച്ചി രാജാക്കന്മാർ ഓടിട്ട കൊട്ടാരത്തിൽ അന്തിയുറങ്ങാൻ തുടങ്ങിയത്. BC കാലഘട്ടത്തിൽ പോലും മറ്റു സംസ്ഥാനങ്ങളിൽ വലിയ കോട്ടകളും, കൊട്ടാരങ്ങളും ഉണ്ടായിരുന്നപ്പോൾ ആണ് കേരളത്തിലെ ഈ പരിതാപകരമായ അവസ്ഥ . ആ കേരളം ഇന്ന് ആരോഗ്യം, വിദ്യാഭ്യാസം , ശുചിത്തം തുടങ്ങി പല ഇൻഡക്സുകളിലും രാജ്യത്ത് മുന്നിലാണ് . എങ്ങനെ ആണ് ഈ നേട്ടമൊക്കെ കേരളത്തിന് കൈവരിക്കാൻ കഴഞ്ഞത് ? രാഷ്ട്രീയക്കാർ, പ്രത്യേകിച്ച് കമ്മൂണിസ്റ്റ് രാഷ്ട്രീയക്കാർ പറയുന്നത് കമ്മൂണിസ്റ് പാർട്ടികൾ കേരളത്തിൽ ഉണ്ടായത് ആണ് അതിനു കാരണം എന്നാണ് . ശരിയാണ് കമ്മൂണിസ്റ്റ് ഗവൺമെന്റിന് നല്ലൊരു സംഭാവന നൽകാൻ കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഇ.എം.എസ് നയിച്ച ഒന്നാം കമ്മൂണിസ്റ്റ് മന്ത്രി സഭ. എന്നാൽ ബംഗാളിലും ത്രിപുരയിലും ഒക്കെ ഇതേ കമ്മൂണിസ്റ്റ് പാർട്ടികൾ ഉണ്ടായിരുന്നു . അവിടെയൊന്നും ഇത്തരം പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല ജനങ്ങൾ 50 വർഷങ്ങൾക്ക് പുറകിൽ ആണ് ഇപ്പോഴും. അപ്പോൾ പിന്നെ എന്തായിരിക്കണം കേരളത്തിന്റെ കരുത്ത്? ഒന്നാമതായി എടുത്ത് പറയേണ്ടത് കേരളത്തിന്റെ ഭൂപ്രകൃതിയാണ്. സമൃദ്ധമായി മഴ ലഭിക്കുന്ന, നദികളാൽ സമ്പന്നമായ ഒരു പ്രകൃതി നമുക്ക് പൈതൃകമായി കിട്ടി. രണ്ടാമത് കേരളത്തിലെ ജനങ്ങൾ തന്നെയാണ്. രാജാക്കന്മാരുടെ ശാസനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും രണ്ടു നേരം പല്ലു തേച്ചും കുളിച്ചും മലയാളി വ്യത്യസ്തനായി . അടുത്ത സ്ഥാനം കേരളത്തിൽ നടപ്പിലായ വിദ്യാഭ്യാസത്തിനാണ്. ബുദ്ധ ദേവാലയങ്ങളോട് ചേർന്ന് രൂപം കൊണ്ട പള്ളിക്കൂടങ്ങൾ ആയിരുന്നു അറിവിന്റെ ആദ്യ കേന്ദ്രങ്ങൾ. പിന്നീട് ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം ദേവാലയങ്ങളോട് ചേർന്ന് പള്ളിക്കൂടങ്ങൾ വന്നു. ആദ്യകാലങ്ങളിൽ മത പാഠങ്ങൾ മാത്രം പഠിപ്പിച്ചിരുന്ന പള്ളിക്കൂടങ്ങൾ ആധൂനിക വിദ്യാഭ്യാസം ലഭിക്കുന്ന പള്ളിക്കൂടങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെടുന്നത് ക്രിസ്ത്യൻ മിഷനറിമാരുടെ വരവോടെയാണ്. ഇക്കാലങ്ങളിൽ ഒക്കെയും അധസ്ഥിത വർഗങ്ങൾക്ക് പക്ഷെ വിദ്യാഭ്യാസം ലഭിച്ചില്ല. ഇതിനൊരു മാറ്റം വന്നത് രാജാ പാർവതി ഭായിയുടെയും കേണൽ മണ്റോയുടെയും ഒക്കെ ഇടപെടലിലൂടെ ആണ്. അതിനോടൊപ്പം തന്നെ, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും അയ്യൻകാളിയുമൊക്കെ അതാതു സമുദായങ്ങളുടെയും , പൊതുവേയുമുള്ള വിദ്യാഭ്യാസത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. അതിന്റെ തുടർച്ചയായി ഒന്നാം കമ്മൂണിസ്റ്റ് മന്ത്രി സഭയിലെ അതി പ്രമുഖരും വിദ്യാസമ്പന്നരും, പ്രതിഭാശാലികളുമായ രാഷ്ട്രീയക്കാർ സാർവത്രിക വിദ്യാഭ്യാസം സർക്കാർ തലത്തിൽ യാഥാർഥ്യമാക്കി. ഈയൊരു സാമൂഹിക മാറ്റം മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായില്ല. പട്ടണവും പട്ടണ വാസികളും വിദ്യാസമ്പന്നരും ധനികരുമായി അവിടങ്ങളിൽ വളർന്നപ്പോൾ, ഗ്രാമങ്ങൾ ഒഴിവാക്കപ്പെട്ടു. എന്നാൽ കേരളത്തിൽ പട്ടണങ്ങൾ ഗ്രാമങ്ങളിലേക്ക് വളർന്നു. വിദ്യാസമ്പന്നരായ യുവതി യുവാക്കൾ അന്യ ദേശങ്ങളിൽ ജോലിക്ക് പോയി സംസ്ഥാനത്തിന്റെ ഖജനാവ് നിറച്ചു . കേരളം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചു. എന്നാൽ ഈ നേട്ടങ്ങൾ ഒന്നും തന്നെ കേരളത്തിന് തുടർന്നുണ്ടായില്ല. അന്ധമായ രാഷ്ട്രീയവും, ഭരണാധികാരികളുടെ അറിവില്ലായ്മയും മൂലം കേരളത്തിന് അവസരങ്ങൾ നഷ്ട്ടപ്പെട്ടുകൊണ്ടേയിരുന്നു. . കമ്പ്യൂട്ടറും, ട്രാക്ടറും, സ്വാശ്രയ കോളേജുകളുമൊക്കെ കടന്നു വന്ന ആദ്യ നാളുകളിൽ ബൂർഷ്വാ സംവിധാനങ്ങൾ എന്ന് കണ്ട് പുറം കൈകൊണ്ട് ആട്ടി പായിച്ചു . ഇന്ത്യയുടെ സിലിക്കൺവാലി ആയി വളരേണ്ടിയിരുന്ന കേരളത്തിൽ നിന്ന് ചെറുപ്പക്കാർ പഠനത്തിനും ജോലിക്കുമായി ബാംഗ്ളൂരിലേക്കും, മദ്രാസിലേക്കും ഹൈദ്രാബാദിലേക്കുമൊക്കെ വണ്ടികയറി. പലരും രാജ്യം തന്നെ വിട്ടു. എന്നാൽ, കാട്ടിലും , മേട്ടിലും , നഗര പ്രാന്തങ്ങളിലും അവസരം നഷ്ട്ടപ്പെട്ടവർ ദരിദ്രരും അതിദരിദ്രരുമായി തുടരുമ്പോൾ സ്റ്റാറ്റിസ്റ്റിക്സിന്റെ മാസ്മരിക വിദ്യയാൽ ദരിദ്രരെയും അതി ദരിദ്രരെയും നാടുകടത്തി മേനി നടിക്കുക ആണ് രാഷ്ട്രീയ നേതൃത്വം. ആത്മാർത്ഥതയും, അർപ്പണവും, പാർട്ടിയേക്കാൾ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന നല്ല പ്രൊഫഷണലുകൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നില്ലെങ്കിൽ ചരിത്രത്തിനു പുറകിലേക്കായിരിക്കും ഇനിയുള്ള കേരളത്തിന്റെ യാത്ര.

അഭിപ്രായങ്ങളൊന്നുമില്ല: