കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2025, ഒക്‌ടോബർ 25, ശനിയാഴ്‌ച
കേരളത്തിന്റെ പഠന വൈകല്യങ്ങൾ
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുക ആണ് . എന്നാൽ ഹൈന്ദവ കേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ആണ് ഇവിടെ നടപ്പാക്കുന്നതെന്നും പശുരാഷ്ട്രീയത്തിന്റെ കടന്നുകയറ്റം ആണ് ഇതെന്നുമുള്ള ആരോപണം ഉന്നയിച്ച് കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ അതിനു പുറം തിരിഞ്ഞു നിൽക്കുകയാണ്. കേരളത്തിൽ യുഡിഫ് ഉം എൽഡിഎഫ് ഉം ഒരുപോലെ ഇതിനെ എതിർക്കുന്നുണ്ട്. ഇത് പശുവിനെ തിരിച്ചു കൊണ്ട് വരാനുള്ള തങ്ങളുടെ സർക്കാരിന്റെ തന്ത്രം തന്നെയാണ് എന്ന് ചിന്തിച്ച് ബിജെപി അണികളും സന്തോഷിക്കുന്നു. എന്നാൽ എതിർക്കുന്നവരുടെയും സന്തോഷിക്കുന്നവരുടെയും ഒരു ശതമാനത്തിനു പോലും എന്താണ് ഇതെന്ന് മനസിലായ മട്ടില്ല. കംപ്യൂട്ടറും, ട്രാക്ടറും, സ്വാശ്രയ കോളേജുകളും, മൊബൈലുകളും ഒക്കെ കടന്നു വന്നപ്പോൾ കണ്ട അതേ എതിർപ്പാണ് ഇപ്പോഴുമുള്ളത് . ഇതിനു പ്രധാന കാരണം രാഷ്ട്രീയക്കാരിൽ 70 വയസു കഴിഞ്ഞ ആളുകൾ ആണ് തീരുമാനങ്ങൾ എടുക്കുന്നത് എന്നതാണ്. ഇടുങ്ങിയ പ്രത്യയശാസ്ത്രങ്ങളുടെയും രാഷ്ട്രീയ അന്ധകാരത്തിന്റെയും തടവിൽ കഴിയുന്ന അവർക്ക് ഇത്രയേ കഴിയൂ. ഇവരെ പിണക്കിയാൽ രാഷ്ട്രീയ ഭാവി പോകും എന്ന ഭയത്താലും , പ്രതികരണശേഷി ഇല്ലാത്തതിനാലും , അജ്ഞതയാലും പീഡിതരായ അണികൾ മുകളിൽ നിന്നെഴുതിക്കൊടുക്കുന്ന ലേഖനങ്ങൾ സോഷ്യൽ മീഡിയയിൽ പരത്തി സായൂജ്യമടയുന്നു.
ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്ന വിദ്യാഭ്യാസ രീതികൾ എത്ര നിലവാരം കുറഞ്ഞതാണെന്ന് നമ്മൾ മനസിലാക്കുന്നത് രാജ്യത്തിന് പുറത്തേക്ക് നോക്കുമ്പോഴാണ്. ലോകത്ത് ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ സ്ഥാനം എത്രയോ താഴെയാണ്. ഒരു ഇന്ത്യൻ യൂണിവേഴ്‌സിറ്റിയും ലോകത്തെ 100 യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ വരുന്നില്ല എന്നോർക്കണം . കേരളത്തിന്റെ അവസ്ഥ ആണ് ഏറ്റവും പരിതാപകരം. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ ഇന്ത്യയിലെ മികച്ച 20 യൂണിവേഴ്സിറ്റികളിൽ ഒന്ന് പോലും ഇല്ല. ഭാരതത്തിൽ മൊത്തം ഉള്ള ഈ നിലവാരം ഇല്ലായ്മ പരിഹരിക്കാനും അതിനെ അന്തർദേശീയ തലത്തിൽ അംഗീകാരം ലഭിക്കും വിധം ആക്കി തീർക്കാനും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര ഗവർണ്മെന്റ് വിഭാവനം ചെയ്ത പദ്ധതിയാണ് NEP പദ്ധതി. യുനെസ്കോയുടെ 2030 വിദ്യാഭ്യാസ പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മികച്ച വിദ്യാഭ്യാസവും, നൈപുണ്യ വികസനവും ലക്ഷ്യമിട്ട് ജീവിതകാലത്തുടനീളം ഓരോ വ്യക്തിയെയും പ്രായോഗിക തലത്തിലും വൈജ്ഞാനിക മേഖലയിലും അറിവും കഴിവുമുള്ളവരാക്കി മാറ്റിയെടുത്ത് നമ്മുടെ മാനവ ശേഷിയെ പരമാവധി പ്രയോജനപ്പെടുത്താനാണ് NEP ലക്ഷ്യമിടുന്നത്. ഇന്ത്യൻ അറിവ് സമ്പ്രദായങ്ങളും ഉൾക്കൊണ്ടിട്ടുള്ള ഈ നൂതന പാഠ്യ പദ്ധതി 2020 ൽ ആണ് കേന്ദ്രഗവൺമെന്റ് നടപ്പിലാക്കിയത് . എന്നാൽ കേരളം ഉൾപ്പെടെയുള്ള രണ്ടുമൂന്നു സംസ്ഥാനങ്ങൾ മാത്രം അതിൽ നിന്ന് വിട്ടു നിൽക്കുകയാണ്. കേരളത്തിൽ ആവട്ടെ KCF എന്ന പേരിൽ NEP യുടെ വികലമായ ഒരനുകരണം ആണ് ഇപ്പോഴുള്ളത്.
നമ്മൾ തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായം 4 ( LP )+3 (UP )+3(HS ) +2 എന്നതാണ് . NEP യിൽ ഇത് 3 വയസിൽ തുടങ്ങുന്ന രണ്ടാം ക്‌ളാസ് വരെയുള്ള 5 വർഷപഠനം , 3 മുതൽ 5 വരെയുള്ള 3 വർഷപഠനം ,6 മുതൽ 8 വരെയുള്ള 3 വർഷപഠനം, 9 മുതൽ 12 വരെയുള്ള 4 വർഷപഠനം എന്ന രീതിയിൽ ആണുള്ളത്. കേരളത്തിൽ നിന്ന് 12 വർഷ പഠനത്തിന് ശേഷം plus 2 പാസ്സായി ചെല്ലുന്ന ഒരു വിദ്യാർത്ഥിക്ക് ദേശീയ തലത്തിൽ 15 വർഷ പഠനം നടത്തിയ വിദ്യാർത്ഥിയോട് തുല്യതപ്പെടുത്തി സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ഒരുപാട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണുനീർ ഇനി വീഴാനിരിക്കുന്നു. പക്ഷെ അതൊന്നും കാണാൻ ഇപ്പോഴത്തെ വൃദ്ധ നേതൃത്വങ്ങൾ ഉണ്ടാവുകയുമില്ല.
കോളേജിൽ എത്തുമ്പോൾ ഡിഗ്രി 4 വർഷമായാണ് ഈ സ്‌കീമിൽ ഉള്ളത് . പോസ്റ്റ് ഗ്രാജുവേഷൻ 1 വർഷവും. ഒരു വർഷ പഠനം വിജയകരമായി പൂർത്തീകരിച്ചാൽ ഒരു സർട്ടിഫിക്കറ്റ് കൊടുക്കും. ഒരിടവേളക്ക് ശേഷം അയാൾക്ക് പിന്നീട് രണ്ടാം വർഷ പഠനം പൂർത്തിയാക്കണമെങ്കിൽ അങ്ങനെയും ആകാം. അപ്പോൾ ഒരു ഡിപ്ലോമ സർട്ടിഫിക്കറ്റ് കൊടുക്കും. മൂന്നാം വർഷം പൂർത്തിയായാൽ ബിരുദം നൽകും. നാലാം വർഷം പൂർത്തിയായാൽ ഹോണേഴ്‌സ് ബിരുദവും നൽകും. ഇതൊന്നും പക്ഷെ കേരളത്തിൽ ഉണ്ടാവില്ല. പകരം വിദ്യാർത്ഥികളുടെ കണ്ണീരൊഴുകും. എല്ലാം വൈകിയേ ഇവിടെ നടപ്പാക്കൂ. പ്രീ ഡിഗ്രി വേർപെടുത്താൻ പറഞ്ഞു. നടപ്പാക്കിയില്ല. അവസാനം വളരെ വൈകി അത് നടപ്പാക്കേണ്ടി വന്നു . കേരളം ഭാരതത്തിൽ ആണെന്ന് പലപ്പോഴും മറന്നു പോകുന്നു.
NEP കൃത്യമായി നടപ്പാക്കുന്നത് ത്വരിതപ്പെടുത്താൻ PM USHA എന്ന പദ്ധതി കൊണ്ടുവന്നു. വലിയ ഫണ്ട് ആണ് അത് യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും നൽകുന്നത്. 2023 ൽ വന്ന ഈ പദ്ധതി കേരളത്തിൽ 2025 സെപ്റ്റംബറിൽ ആണ് നടപ്പാക്കാൻ തീരുമാനിക്കുന്നത് . മറ്റു സംസ്ഥാനങ്ങൾ ഇത് നേരത്തെ നടപ്പാക്കി ഫണ്ട് പ്രയോജനപ്പെടുത്തിയപ്പോൾ , കേരളത്തിന് അത് ലഭിച്ചില്ല. പേര് പക്ഷെ കേന്ദ്ര അവഗണന. അത് പോലെ തന്നെയാണ് പിഎം ശ്രി സ്‌കൂളുകൾ . 30,000 ൽ അധികം സ്‌കൂളുകൾ കേരളത്തിൽ ഉണ്ട്. അതിൽ 400 റോളം സ്‌കൂളുകൾക്ക് പ്രത്യേക ഫണ്ട് നൽകി അവയെ മോഡൽ സ്‌കൂളുകൾ ആയി ഉയർത്താനാണ് ഉദ്ദേശം. ഓരോ സ്‌കൂളിനും 2.5 കോടി രൂപയോളം സഹായം ലഭിക്കും. 2022 ൽ വന്ന ഈ പദ്ധതി 2025 ഒക്ടോബറിൽ ആണ് ഒപ്പിട്ടത് . അതിന്റെ ബഹളം ആണിപ്പോൾ നടക്കുന്നത്.
ഈ പദ്ധതികൾ എല്ലാം നടപ്പാക്കാൻ എന്താ പ്രയാസം എന്ന് ചോദിച്ചാൽ പറയുക പശു രാഷ്ട്രീയം കൊണ്ട് വരാനുള്ള ശ്രമം ആണ്, കേന്ദ്രം വിദ്യാഭ്യാസ കാര്യത്തിൽ കേരളത്തെ ശ്വാസം മുട്ടിക്കുന്നു എന്നൊക്കെയാവും. ശരിയാണ് സിലബസിൽ ഇന്ത്യയുടെ അറിവ് സമ്പ്രദായങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട് . ഉദാഹരണം തച്ചു ശാസ്ത്രം, സസ്യ ശാസ്ത്രം, വാന നിരീക്ഷണം, ഗണിതശാസ്ത്രം, ദർശന ശാസ്ത്രം, വൈദ്യം, കൃഷി അങ്ങനെ ഉള്ളവ. ഓരോ രാജ്യത്തിനും അതിന്റെതായ വൈജ്ഞാനിക സംഭാവനകൾ ഉണ്ട് . അതിനെ കുറിച്ച് അതാത് രാജ്യത്തെ കുട്ടികൾപഠിക്കേണ്ടതും ഉണ്ട്. അത് പശു രാഷ്ട്രീയം ആണെന്ന് പറയുന്നത് അറിവില്ലായ്മയും അന്ധമായ രാഷ്ട്രീയവും മാത്രമാണ്. ഓരോ സർവ്വകലാശാലൾക്കും , ബോർഡുകൾക്കും പൊതു മാനദണ്ഡത്തിന്റെ ചട്ടത്തിനുള്ളിൽ നിന്ന് സിലബസുകൾ തയ്യാറാക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ ഇന്ത്യയിലെ എല്ലാ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും 80 ശതമാനത്തിലധികം സാമ്യതയുള്ള കോഴ്‌സുകൾ പഠിക്കും. അപ്പോൾ എലിജിബിലിറ്റിയും, ഇക്വലൻസിയും ഒന്നും വേണ്ടി വരില്ല. ഒരേ രീതിയിലുള്ള മേന്മയുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ എല്ലാവർക്കും ലഭിക്കും. അതാണ് സോഷ്യലിസം. കേരളത്തിന് മാതൃക കാണിക്കാൻ ഒരവസരവും കൂടി ഉണ്ട്. പി എം ശ്രി സ്‌കൂളുകൾ വരുമ്പോൾ ആദ്യ പരിഗണന ട്രൈബൽ സ്‌കൂളുകൾക്ക് നൽകണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ