2023, ഫെബ്രുവരി 26, ഞായറാഴ്‌ച

സൽഭരണം

എല്ലാവരുടെയും ആഗ്രഹമാണ് നല്ല ഒരു ഭരണം ഉണ്ടാവുക എന്നത്. വളരെ താൽപ്പര്യത്തോടെ ആണ് നമ്മൾ ഒരു പാർട്ടിയെ വോട്ട് ചെയ്ത് അധികാരത്തിൽ ഇരുത്തുന്നത്. കഴിഞ്ഞ സർക്കാരിന്റെ ദുർഭരണം, അഴിമതി, സ്വജന പക്ഷപാതം, വർഗീയത, ലൈംഗീക കോമാളിത്തങ്ങൾ , പ്രകൃതിനശീകരണം അങ്ങനെ പല പല കാരണങ്ങൾ ആണ് നിലവിലെ ഭരണ കക്ഷിയെ പുറത്താക്കി പുതിയ കക്ഷിക്ക് ഭരണം ഏൽപ്പിച്ചു കൊടുക്കുന്നതിന്റെ പിന്നിലുള്ളത്. എന്നാൽ ഭരണത്തിൽ കയറി അധിക നാൾ കഴിയും മുമ്പ് നമ്മൾ വേദനയോടെ തിരിച്ചറിയും ഭരണത്തിൽ കയറിയവർ മുമ്പിരുന്നവരേക്കാൾ കുഴപ്പക്കാരാണെന്ന് . അപ്പോഴേക്കും നമ്മൾ വെറുത്തിരുന്ന പഴയ ഭരണ പക്ഷം മര്യാദാപുരുഷോത്തമൻമാരായി നമ്മുടെ ഒപ്പമുണ്ടാകും. അവർ അപ്പോൾ പറയുന്നത് കേട്ടാൽ ‘ഓ പാവം! വ്യത്യസ്തനായ ഈ ബാലനെ’ ആണല്ലോ നമ്മൾ തിരിച്ചറിയാൻ വൈകിയത് എന്നോർത്ത് വിഷമിക്കും. അപ്പോഴേക്കും ഭരണപക്ഷം നന്നായി വെറുപ്പിച്ചിട്ടുമുണ്ടായിരിക്കും . അടുത്ത പ്രാവശ്യം നമ്മുടെ കൂടെ നിന്ന പാവം പ്രതിപക്ഷത്തെ നമ്മൾ ആവേശത്തോടെ ഭരണത്തിലിരുത്തും . ചരിത്രം വീണ്ടും ആവർത്തിക്കും. ഇതല്ലേ കേരളത്തിൽ നടക്കുന്നത് ? ഈ നാടകത്തിൽ പാവം ജനത്തിന്റെ റോൾ എന്താണ്? പ്രധാനമായും രണ്ടു രാഷ്ട്രീയ പാർട്ടികളെയാണ് നമ്മൾ ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത് . ബിജെപി , ആം ആദ്മി തുടങ്ങിയ പുതിയ പരീക്ഷണങ്ങൾ ഊഴം ചോദിച്ചു നിൽക്കുന്നു. ജനം എന്ന നിലയിൽ നമുക്ക് എന്താണ് വേണ്ടത്? നല്ല ഭരണം വേണം. അഴിമതി ഇല്ലാതാവണം. ഭരണത്തിൽ സുതാര്യത വേണം. പാർട്ടി മാഫിയ ഉണ്ടാവരുത്. ഭരണത്തിന്റെ സത്ഗുണങ്ങൾ എല്ലാവർക്കും ലഭിക്കണം. സർക്കാർ എല്ലാവരുടേതും ആയിരിക്കണം. ഭരണത്തിൽ ജോപ്പൻമാരും,ശങ്കരന്മാരും ഒന്നും ഉണ്ടാവരുത്. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ആവശ്യം ഇത് തന്നെയാണ് . എല്ലാ രാഷ്ട്രീയ പാർട്ടികളും വാഗ്ദാനം ചെയ്യുന്നതും ഇത് തന്നെ. അടിസ്ഥാനപരമായി എല്ലാ പാർട്ടികളും നല്ല പാർട്ടികൾ ആണ്. എല്ലാവരുടെയും ലക്‌ഷ്യം വികസനം, തുല്യത, സമത്വം , സാഹോദര്യം ഇവയൊക്കെ തന്നെയാണ് . പിന്നെ എവിടെയാണ് തെറ്റുന്നത്? അത്, അണികൾ എന്ന അടിമ വംശം ജനിക്കുന്നത് മുതൽ ആണ്. 80 ശതമാനം ജനങ്ങളും ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളോ, സഹ യാത്രികരോ ആണ്. അവർ ആകട്ടെ ഭീരുക്കളും, അടിമകളും ആണ്. അവരവരുടെ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ എന്ത് തെറ്റ് ചെയ്താലും അവർ അങ്ങ് ന്യായീകരിച്ചു കളയും . ചോദ്യം ചെയ്യില്ല. അപ്പോൾ പിന്നെ ഭരണത്തിൽ ഇരിക്കുന്നവർ ആരെ ഭയപ്പെടണം? എതിർത്താൽ, അപ്പോൾ കാണാം. അത് വരെ ഇല്ലാതിരുന്ന ഒരു കേസിൽ പ്രതിയാണ് എന്ന് പറഞ്ഞുഅവർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം . എതിർപ്പിന്റെ തീവ്രത അനുസരിച്ച് സാമൂഹിക ബഹിഷ്‌കരണം, തൊഴിലിടത്തിൽ ഒറ്റപ്പെടൽ , സ്ഥലം മാറ്റം, സൈബർ ആക്രമണം മുതലായ പീഡന പർവ്വങ്ങളിലൂടെ കടന്നു പോകേണ്ടി വന്നേക്കാം. ഒരു രാഷ്ട്രീയ കൊലപാതകത്തിന് പോലും സ്കോപ്പുണ്ട്. ആ ഒരു ഭയം ഉള്ളത് കൊണ്ടാണ് ഓരോരുത്തരും ഭീരുക്കളായ രാഷ്ട്രീയ അടിമകൾ ആയി തുടരുന്നത്. പോരാത്തതിന് ഭരണത്തിന്റെ അമൃതും ഇടക്ക് നുകരാം. അർഹതപെടാത്ത ഒന്നും ആവശ്യമില്ല എന്ന് ഓരോരുത്തരും ചിന്തിച്ചു തുടങ്ങുന്നിടത്ത് നമ്മുടെ ഭരണം നന്നാവാൻ തുടങ്ങും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഔദാര്യം കൊണ്ടല്ല നമുക്ക് കിട്ടുന്ന ഓരോ സഹായം എന്നും കൂടി തിരിച്ചറിയാൻ കഴിഞ്ഞാൽ ഭേഷായി. രാഷ്ട്രീയ പാർട്ടികൾ തെക്കോട്ടും വടക്കോട്ടും ഓരോ യാത്രകൾ നടത്തും. പക്ഷെ ജനം അതിന്റെ പുറകെ പോകരുത്. പകരം ജോലിക്ക് പോകണം . യാത്ര നടത്തി ആളുകളുടെ കണ്ണിൽ പൊടിയിടാതെ നല്ല ഭരണം കൊണ്ട് വരൂ എന്ന് ഓരോ പാർട്ടിയുടെയും അണികൾ പറയണം. ഇപ്പോൾ ഏതു പാർട്ടിയിൽ ആണോ നിൽക്കുന്നത് അവിടെ തന്നെ തുടർന്നും നിൽക്കണം. ഒരടിമയായല്ല, ഉത്തര വാദിത്തമുള്ള, ചോദ്യം ചെയ്യാൻ മടിക്കാത്ത പാർട്ടി അംഗമായി. പാർട്ടി മോശമായത് കൊണ്ടല്ല ഭരണം മോശമാകുന്നത് . മറിച്ച് നമ്മുടെ ദാസ്യഭാവം കൊണ്ടാണ് എന്ന് തിരിച്ചറിയണം . നമ്മുടെ രാജ്യവും, രാഷ്ട്രീയ പാർട്ടികളും , ഭരണവും ഒക്കെ നന്നാവണമെങ്കിൽ നമ്മൾ ഓരോരുത്തരും തീരുമാനിക്കണം. അവരവരുടെ പാർട്ടികളെ തുറന്നു വിമർശിക്കണം. പുറത്ത് നിന്നുള്ള വിമർശനങ്ങൾക്ക് ചെവി കൊടുക്കണം. കൂടാതെ, ഭരണത്തിനായി തിരഞ്ഞെടുക്കുന്ന പ്രതിനിധികൾക്ക് സാമാന്യ വിദ്യാഭ്യാസം എങ്കിലും ഉണ്ട് എന്ന് ഉറപ്പാക്കുകയും വേണം. അപ്പോൾ മനോഹരമായ ഒരു ഭരണ സംവിധാനം ഇവിടെ ഉണ്ടാവും. കേരളത്തിൽ മാത്രമല്ല ഭാരതത്തിലും .

അഭിപ്രായങ്ങളൊന്നുമില്ല: