2022, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ഹംപി

മൂന്നു ദിവസവും മൂവായിരം രൂപയും ഒത്തു കിട്ടിയാൽ നേരെ ഹംപിയിലേക്ക് വണ്ടി പിടിക്കുക. ഒരു മഹത്തായ രാജ്യത്തിൻറെ തിരുശേഷിപ്പുകൾ കണ്ടു ഹൃദയ വേദനയോടെ മടങ്ങാം. വിജയ നഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംപി ഇന്നൊരു പ്രേത ഭൂമിക പോലെ തോന്നുമെങ്കിലും അൽപ്പമൊന്നു കണ്ണടച്ച് നിന്നാൽ ആ രാജ്യത്തിൻറെ പ്രതാപ കാലത്തിന്റെ കുതിര കുളമ്പടി ശബ്ദം കേൾക്കാം. മഹാൻ മാരായ രാജാക്കൻ മാർ ശാസനം നടത്തിയിരുന്ന കൊട്ടാരങ്ങൾ, വലിയ അമ്പലങ്ങൾ, കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന പാണ്ടിക ശാലകൾ, തുംഗ ഭദ്ര നദിയുടെ കരകളിലായി വിളഞ്ഞു കിടക്കുന്ന നെൽപ്പാടങ്ങൾ, വിശേഷ തരം പഴങ്ങളും , പച്ചക്കറികളും നിറഞ്ഞ തോട്ടങ്ങൾ, രത്ന ഖനികൾ, അധ്വാനികളായ ചെറുപ്പക്കാർ , യോദ്ധാക്കൾ, കച്ചവടത്തിനായെത്തിയ വിദേശികളും അവരുടെ കുതിരകളും നിറഞ്ഞ തെരിവുകൾ, വൃത്തിയുള്ളതും മനോഹരങ്ങളുമായ വീടുകളും ഉദ്യാനങ്ങളും ,ഉത്സവ പ്രതീതിയോടെ നിരത്തിലൂടെ നീങ്ങുന്ന സ്ത്രീകളും കുട്ടികളും വൃദ്ധരും , ഒക്കെ അടങ്ങുന്ന ഒരു പട്ടണത്തിന്റെ ചിത്രം നമ്മുടെ സ്‌മൃതിപഥത്തിലേക്കു ഓടി വരും. വിജയ നഗര സാമ്രാജ്യം എന്ന് കേൾക്കുമ്പോൾ നമ്മുടെ ഓർമയിലേക്ക് ആദ്യം വാരിക അതിന്റെ സ്ഥാപകരായ രണ്ടു ചെറുപ്പക്കാരുടെ പേരുകളാണ്. ഹരിഹരനും ബുക്കനും. പിന്നെ ഓർമയിലേക്ക് വരുന്നത് കൃഷ്ണ ദേവരായരും അദ്ദേഹത്തിന്റെ അഷ്ട ദിഗ്ഗജങ്ങളിൽ പ്രധാനിയായ തെന്നാലി രാമനും ആണ്. ഒരു ശരാശരിക്കാരന്റെ ചരിത്ര ബോധം അവിടെ തീരുന്നു. നാല് രാജ വംശങ്ങൾ ആണ് വിജയ നഗര രാജാക്കന്മാർ എന്നറിയപ്പെടുന്നത്. ഹരിഹരനും ബുക്കാനും സ്ഥാപിച്ച വംശത്തെ സംഗം രാജ വംശം എന്നറിയപ്പെടുന്നു. 12 രാജാക്കന്മാർ സംഗം രാജവംശത്തിൽ ഉണ്ടായിരുന്നു. അവസാനത്തെ സംഗം രാജാവിന്റെ സേനാ നായകൻ ഭരണം പിടിച്ചടക്കി സലുവ രാജ വംശത്തിനു രൂപം നൽകി. 3 രാജാക്കന്മാരാണ് ഈ വംശം ഭരിച്ചത് .അവസാന സലുവ രാജാവിന്റെ കമാണ്ടർ അധികാരം പിടിച്ചടക്കി തുലുവ രാജവംശത്തിനു രൂപം കൊടുത്തു. ഈ രാജ വംശത്തിലെ മൂന്നാമത്തെ രാജാവാണ് കൃഷ്ണ ദേവരായർ . അദ്ദേഹത്തിന് ശേഷം രണ്ടു രാജാക്കന്മാർ കൂടി ഭരിച്ചു . തുടർന്ന് നാലാമത്തെ രാജവംശം ആയ അരവിടു രാജവംശം നിലവിൽ വന്നു. കൃഷ്ണ ദേവരായാരുടെ പുത്രിയുടെ ഭർത്താവായിരുന്നു ഈ രാജവംശം സ്ഥാപിച്ചത്. 8 രാജാക്കൻമാർ ഈ രാജവംശത്തിൽ ഉണ്ടായിരുന്നു. അവസാനം സംയുക്ത ഡെക്കാൻ സൈന്യത്തിന്റെ ആക്രമണം ഉണ്ടായി. കല്ലിന്മേൽ കല്ല് ശേഷിക്കാതെ എന്നന്നേക്കുമായി ആ ആക്രമണത്തിൽ വിജയനഗര സാമ്രാജ്യം നിലം പതിച്ചു. കൊട്ടാരങ്ങളും , അമ്പലങ്ങളും വീടുകളും മാസങ്ങളോളം നിന്നു കത്തി എന്നാണ് അക്കാലത്തെ സഞ്ചാരികൾ നൽകുന്ന വിവരണങ്ങൾ. ക്ഷേത്രങ്ങളും ശില്പങ്ങളും തച്ചു തകർക്കപ്പെട്ടു. മൂന്നു നൂറ്റാണ്ടോളം ഭരിച്ച ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ഈ രാജ വംശത്തെ വലിയ പ്രതികാര ബുദ്ധിയോടെ ആണ് ശത്രു സൈന്യം നേരിട്ടത്. അതിന്റെ പ്രതാപത്തോടും, ഐശ്വര്യത്തോടും സമ്പത്തിനോടും അത്ര വെറുപ്പായിരുന്നു ശത്രു രാജാക്കന്മാർക്ക് . വിജയ നഗര സാമ്രാജ്യത്തിന്റെ പതനത്തിനു രണ്ടു വർഷത്തിന് ശേഷം അവിടം സന്ദർശിച്ച സീസർ ഫെഡെറിക് എന്ന ഇറ്റാലിയൻ സഞ്ചാരി രേഖ പെടുത്തുന്നത് ഒരു കാലത്തു പ്രതാപത്തിന്റെ പര്യായമായിരുന്നു തലസ്ഥാന നഗരം പാമ്പുകളുടെയും ഹിംസ്ര ജന്തുക്കളുടെയും വിഹാര രംഗമായ കൊടും കാടായി തീർന്നിരുന്നു എന്നാണ്. ഹംപി കണ്ടു വരുമ്പോൾ നമ്മുടെ മനസ്സിൽ മറ്റൊരു ചിത്രം കൂടി തെളിഞ്ഞു വരും. നമ്മുടെ കൊച്ചു കേരളം. പ്രതാപികളായ വിജയ നഗര രാജാക്കൻ മാർ പതിനാലാം നൂറ്റാണ്ടിൽ ഹംപിയിൽ ഭരണം തുടങ്ങുമ്പോൾ എന്തായിരുന്നു നമ്മുടെ അവസ്ഥ . കോഴിക്കോടും , കൊച്ചിയും, തിരുവിതാം കൂറുമായി ഭരണം ഉണ്ടായിരുന്നെകിലും കടുത്ത ദാരിദ്ര്യത്തിൽ ആയിരുന്നു രാജാക്കൻമാരും ജനങ്ങളും. വാസ്ഗോഡ ഗാമ ആദ്യം കോഴിക്കോട്ടെത്തുമ്പോൾ സാമൂതിരിയുടെ കൊട്ടാരം ഓല മേഞ്ഞതായിരുന്നു എന്നാണു രേഖ പെടുത്തിയിരിക്കുന്നത്. രാജാവിന് വരുമാനം ഇല്ല. കൃഷിയും വ്യവസായവും ഒന്നും രാജ്യത്തിൻറെ സാമ്പത്തിക സ്രോതസ്സായി വളർത്തിയെടുത്തില്ല. അത് കൊണ്ട് തന്നെ അധസ്ഥിത ജനങ്ങളിൽ നിന്ന് പിരിക്കുന്ന കരമായിരുന്നു ഒരേയൊരു വരുമാന മാർഗം. ഇപ്പോൾ ആ കരങ്ങളുടെ പേരുകൾ നമ്മളെ ഒരേ സമയം ചിരിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യും. വിജയ നഗര രാജാക്കൻ മാർ കച്ചവടത്തിലൂടെയും, കൃഷിയിലൂടെയും, കര ബലത്തിലൂടെയും സമ്പത്തുണ്ടാക്കി രാജ്യത്തെ ലോകത്തിന്റെ നിറുകയിൽ എത്തിച്ചപ്പോൾ നമ്മുടെ രാജാക്കൻമാർ മുല കരവും, മീശ കരവും, തളപ്പ് കരവും കത്തിക്കരവും ഒക്കെ ചുമത്തി സ്വന്തം ജനതയുടെ നീരൂറ്റുകയായിരുന്നു. ഇന്നും ഇതിനൊരു മാറ്റമുണ്ടോ? മുലക്കരത്തിനും , മീശക്കരത്തിനും പകരം ലോട്ടറിയും, മദ്യവും വരുമാന സ്രോതസുകളായി എന്ന് മാത്രം . കൃഷിയും വ്യവസായവും ഒക്കെ നമ്മുടെ പ്രധാന വരുമാന സ്രോതസുകൾ ആകുന്ന കാലം എന്നാണു വരുക.!!!

അഭിപ്രായങ്ങളൊന്നുമില്ല: