കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില് ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്ന്ന കമ്പനിയില് പെട്ട ഏവര്ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല് ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2024, നവംബർ 28, വ്യാഴാഴ്‌ച
മതാവിഷ്ടർ
മതങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ മനുഷ്യർ ഇതിലും സന്തോഷത്തോടെ ജീവിക്കുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഹാപ്പിനെസ്സ് ഇൻഡക്സിൽ മുകളിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നും തന്നെ മതം ഇല്ല എന്നതാണ് അതിനൊരു തെളിവ്. ഇന്ത്യയും, അഫ്ഗാനിസ്ഥാനും , പാകിസ്ഥാനും ഒക്കെ ഉൾപ്പെടുന്ന മതാടിസ്ഥാനത്തിൽ ചിന്തിക്കുന്ന രാജ്യങ്ങൾ ഈ ഇൻഡക്സിൽ വളരെ താഴെ ആണെന്നുള്ളത് ഈ വിശ്വാസത്തിനെ കൂടുതൽ ബലപ്പെടുത്തുന്നു. സഹജീവികളോടുള്ള പെരുമാറ്റങ്ങൾ മതമൂല്യങ്ങളുമായി കൂട്ടിക്കെട്ടി തീരുമാനമെടുക്കുന്നവർ ആണ് മത രാജ്യങ്ങളിൽ ഉള്ളത്. ദൈവം ആണ് അവരെ നയിക്കുന്നത്. ദൈവം വെറുക്കാനും കൊല്ലാനും പറഞ്ഞാൽ രണ്ടാമതൊന്നാലോചിക്കാതെ നടപ്പാക്കാൻ ഇറങ്ങി പുറപ്പെടുക ആണ് ഇക്കൂട്ടർ ചെയ്യുക. സ്വന്തം പുത്രനെ ബലി നൽകാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ ഒരു ഒട്ടകത്തിന്റെ പുറത്ത് പുത്രനെയും ഇരുത്തി , വിറകുമായി ബലിസ്ഥലത്തേക്ക് രണ്ടാമതൊന്നാലോചിക്കുക പോലും ചെയ്യാതെ ഇറങ്ങി പുറപ്പെട്ട ഒരു പിതാവ് യഹൂദനും , ക്രിസ്ത്യാനിക്കും, മുസ്ലീമിനും ഉണ്ട്. വളരെ ഭക്തിയോടെയാണ് ഇക്കൂട്ടർ ഈ സംഭവത്തെ ഓർമപ്പെടുത്തുന്ന ദിവസം ആഘോഷിക്കുന്നത്. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടുള്ള പിതാവായിരുന്നെങ്കിൽ ദൈവത്തെ നിഷേധിക്കുകയും സ്വയം ബലിമൃഗം ആയി മാറുകയും ചെയ്യുമായിരുന്നു. മതവും, ദൈവത്തിന്റെ വാക്കുകളും ആണ് വിശ്വാസികളുടെ പ്രമാണം. അവർക്ക് ജനാധിപത്യ മൂല്യങ്ങളും , പരസ്പര സ്നേഹവും വിശ്വാസവും ഒക്കെ അതിനു താഴെയേ വരുന്നുള്ളു.
കാലം ഏറെ മാറിക്കഴിഞ്ഞു. ഇരുണ്ട കാലഘട്ടത്തിൽ നിന്നും നമ്മൾ വളരെ മുമ്പോട്ടെത്തിക്കഴിഞ്ഞു. നമുക്കറിയാത്ത ഒരു പാട് കാര്യങ്ങൾ ഈലോകത്ത് ഉണ്ട്. എന്നാൽ കുറെ കാര്യങ്ങൾ ഒക്കെ നമ്മൾ ഇതിനോടകം മനസിലാക്കിയിട്ടുമുണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയല്ല , മറിച്ച് ദൈവം ആണ് മനുഷ്യന്റെ സൃഷ്ട്ടി എന്ന കാര്യം. നോക്കെത്തുന്ന ദൂരത്തിലുള്ള ആകാശവും, ഭൂമിയും കടലും നൽകിയ പരിമിതമായ അറിവിൽ നിന്നും ഗ്രഹങ്ങളിലേക്കും , അതിനും പുറത്തുള്ള അനന്തമായ വിഹായസിലേക്കും ഒക്കെ കണ്ണെത്തിച്ചു മനുഷ്യൻ മനസിലാക്കിയ ഒരു കാര്യം ഉണ്ട്. നമ്മൾ ആരാലും സൃഷ്ടിക്കപ്പെട്ട ജീവികളല്ല , മറിച്ച് അനുകൂല, ഭൗതീക സാഹചര്യങ്ങളിൽ ചെറു കീടങ്ങൾ രൂപം കൊള്ളുന്നത് പോലെ പരിണമിച്ചുണ്ടായതാണ്. മാത്രവുമല്ല നമ്മുടെ വാസസ്ഥലമായ ഈ ഭൂമി ഇനി അധിക കാലം ഇനി ഉണ്ടാവില്ല . മനുഷ്യൻ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെടാനുള്ള സാഹചര്യം നാൾക്കുനാൾ രൂപപ്പെട്ടു വരുകയും ചെയ്യുന്നു. പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഇര പിടിക്കാൻ ശ്രമിക്കുന്നത് പോലെ , മനുഷ്യൻ ഇതൊന്നും അറിയാതെ ഇല്ലാത്ത ദൈവത്തിന്റെ അപദാനങ്ങൾ പാടിക്കൊണ്ട് , പരസ്പരം വെറുപ്പും , വൈരവും പടർത്തി ദുസ്സഹമായ ഒരന്തരീക്ഷം തീർക്കുകയാണിവിടെ.
മതങ്ങൾ ഉണ്ടാക്കുന്ന ഈ വെറുപ്പിന്റെ സാമൂഹിക അവസ്ഥ മുതലാക്കുന്നതു രാഷ്ട്രീയ പാർട്ടികൾ ആണ്. കൃത്യമായ രാഷ്ട്രീയം പറഞ്ഞു വോട്ടുപിടിക്കാൻ അവർ ശ്രമിക്കുന്നില്ല. അതിനു പകരം വിവിധ മതങ്ങളെ പ്രാദേശികമായും, ദേശീയമായും ഉപയോഗപ്പെടുത്തി സാങ്കേതികമായ ഭൂരിപക്ഷം ഉണ്ടാക്കി ഭരണം നടത്തുകയാണ്. ഒരു രാജ്യത്തെ ജനത പ്രാഥമികമായും ആ രാജ്യത്തിൻറെ സംസ്ക്കാരത്തിനൊത്ത് വേണം ജീവിക്കാൻ. വേഷത്തിലും, ഭാഷയിലും , സംസ്‌കാരത്തിലും ഏകത്വം വരുമ്പോഴേ ഒന്നാണ് എന്ന തോന്നൽ ഉണ്ടാവൂ. സമൂഹത്തിലെ പൊതു ധാരയിൽ നിന്നും മാറിനിന്ന് ചിന്തിക്കുകയും, വ്യത്യസ്തമായി പെരുമാറുകയും ചെയ്യുമ്പോൾ ഒന്നാണ് എന്ന തോന്നൽ ഉണ്ടാകില്ല. പണ്ട് ദാരിദ്ര്യം കൊടികുത്തിവാണ കാലത്ത് എല്ലാവർക്കും എല്ലാവരെയും വേണമായിരുന്നു. അന്ന് ഹിന്ദുവിനെയും, ക്രിസ്ത്യാനിയെയും , മുസ്ലീമിനെയും കണ്ടാൽ തിരിച്ചറിയുക വളരെ പ്രയാസം ആയിരുന്നു. എന്നാൽ ഇന്ന് അത് എളുപ്പം സാധിക്കും. എല്ലാവരും മതത്തിന്റെ തോടിലേക്ക് വലിഞ്ഞിരിക്കുക ആണ്. ആയുധങ്ങളുമായി മാത്രമേ ഇനി അവർ പുറത്തുവരൂ. നല്ല വിദ്യാഭ്യാസവും , ഉയർന്ന ജോലിയും, സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുകയും ഒക്കെ ചെയ്യുന്ന പലരുടെയും പോസ്റ്റുകൾ കാണുമ്പോൾ എത്ര അസഹിഷ്ണുത ഉള്ളവർ ആണ് അവരെന്നും, യാതൊരടിസ്ഥാനവും ഇല്ലാതെ അവർ വിശ്വസിക്കുന്ന മതത്തിന്റെ എന്ത് വലിയ അടിമകൾ ആണ് ഇക്കൂട്ടർ എന്നും വേദനയോടെ ഓർക്കാറുണ്ട്.
2024, നവംബർ 10, ഞായറാഴ്‌ച
ജനാധിപത്യവും തിരഞ്ഞെടുപ്പും
ജനാധിപത്യവും തിരഞ്ഞെടുപ്പും
ജനാധിപത്യത്തിന്റെ ഒരു സവിശേഷത കൃത്യമായ ഇടവേളകളിൽ നടക്കുന്ന തിരഞ്ഞെടുപ്പാണ്. ജനങ്ങൾ മറ്റു പരിഗണനകൾ ഒന്നും കണക്കിലെടുക്കാതെ അടുത്ത തവണ രാജ്യം ഭരിക്കുന്നതിനു അനുയോജ്യർ ആയ ആളുകളെ കണ്ടെത്തി രാജ്യ ഭരണം ഏൽപ്പിച്ചു കൊടുക്കുന്ന പ്രക്രീയ ആണിത്. ഭീമമായ ഒരു തുക ആണ് ഇതിനായി ഇന്ത്യ പോലുള്ള ഒരു രാജ്യത്തിനു ചെലവാക്കേണ്ടി വരുന്നത് . അർദ്ധപ്പട്ടിണിയും , മുഴുപ്പട്ടിണിയും ഇപ്പോഴും അരങ്ങുവാഴുന്ന ഒരു രാജ്യത്ത് ഇത് വലിയൊരു ആർഭാടം ആണെങ്കിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ചെലവ് തന്നെയാണ്. ജനങ്ങളുടെ സമ്മതിദാനത്തെ പണം കൊണ്ടോ , ഭീതി കൊണ്ടോ , പ്രലോഭനം കൊണ്ടോ ഒന്നും ഒരു തരത്തിലും സ്വാധീനിക്കരുത് എന്നുറപ്പു വരുത്താൻ ഇലക്ഷൻ കമ്മീഷൻ ബദ്ധശ്രദ്ധയോടെ കാവൽ നിൽക്കുന്നുണ്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തി ആണ് ഓരോ ഇലക്ഷനും നമ്മെ കടന്നു പോകുന്നത്.
പല തരത്തിൽ ആണ് ജനങ്ങൾ സ്വാധീനിക്കപ്പെടുന്നത്. ജനങ്ങളെ പ്രശ്നങ്ങളിൽ കുരുക്കി കഷ്ട്ടപെടുത്തുകയും ഒടുവിൽ അതഴിച്ചെടുക്കുകയും ഡെമോക്ലിസിന്റെ വാളുപോലെ ഒരു ഭയം അവരുടെമുകളിൽ നിലനിർത്തിയും ആണ് മിക്കവാറും രാഷ്ട്രീയ പാർട്ടികൾ ആളുകളെ സ്വാധീനിക്കുന്നത്. വളരെ ഭവ്യതയോടെ ജനങ്ങളുടെ മുമ്പിൽ തൊഴുതു നിൽക്കുന്ന സ്ഥാനാർത്ഥിയെന്ന സാധു ഇലക്ഷനിൽ വിജയിച്ചുകഴിഞ്ഞാൽ ഭസ്മാസുരൻ ആയി വളരുന്നത് കണ്ടാൽ അന്തം വിട്ടു പോകും. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലും വളരെ ശ്രദ്ധ പുലർത്തി ആണ് ഓരോരാഷ്ട്രീയ പാർട്ടിയും മുന്നോട്ട് പോകുന്നത്. അതാതു പ്രദേശത്തെ മതത്തിനു പ്രത്യേക പ്രാധാന്യം നൽകി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്ന രീതി ആണ് പൊതുവെ ഉള്ളത് . ഉന്നത കുലജാതരെ പ്രത്യേകം തിരഞ്ഞെടുക്കാൻ ഓരോപാർട്ടിയും ശ്രദ്ധിക്കും. മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സംവരണ സീറ്റുകളിൽ പേരിനു മാത്രം അടിസ്ഥാന ജനവിഭാവങ്ങളെ മത്സരിപ്പിക്കും. ഭരണം കിട്ടിയാൽ അതിനെ നയിക്കുന്നവരും സ്വാധീനമുള്ളവരും ഉന്നത കുലക്കാരുമാണെന്ന് ഉറപ്പുവരുത്തും. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒരേ പാത ആണ് സ്വീകരിക്കുന്നത്. എതിർ പാർട്ടികളിൽ നിന്ന് ചാടി വരുന്നവരെ പരീക്ഷിക്കുന്നതാണ് മറ്റൊരു സംഗതി. പാർട്ടികൾക്ക് വേണ്ടി രാപകൽ അധ്വാനിക്കുന്ന സാധാരണ പ്രവർത്തകരെ ഒക്കെ തഴഞ്ഞു അതുവരെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്ക് എതിരെ പ്രവർത്തിച്ചു നടന്ന ഒരുവനെ യാതൊരു ഉളുപ്പുമില്ലാതെ ചുമക്കുന്നതാണ് ഈ രംഗത്തെ ഏറ്റവും മ്ലേച്ഛമായ കാഴ്ച.
സിനിമ നടന്മാരെയും നടികളെയും നിർത്തി മത്സരിപ്പിക്കുന്നതാണ് മറ്റൊരു കാര്യം. വെളുപ്പിനോടും സൗന്ദര്യത്തോടും നമ്മുടെ ആളുകൾക്ക് ഒരു പ്രത്യേക അടിമ മനോഭാവം ഉണ്ട്. തലയിൽ ആൾതാമസം ഇല്ലെങ്കിലും സൗന്ദര്യം എന്ന ഒറ്റസംഗതിയിൽ വോട്ട് കിട്ടും എന്ന വസ്തുത കൊണ്ടാണ് ഈ പരീക്ഷണം നടത്തുന്നത്. എല്ലാ രാഷ്ട്രീയപാർട്ടികളും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കും. അറിവുള്ള ആരെയും അവർ മത്സര രംഗത്ത് കൊണ്ട് വരില്ല. അഥവാ വന്നാൽ അവരെ മൻമോഹൻ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കും. ജനാധിപത്യത്തിന് മൂന്ന് ചിയേർസ് ആണ് ഈ. എം. ഫോസ്റ്റർ നൽകിയിരിക്കുന്നത്. അത് പക്ഷെ അടിമ മനോഭാവം ഉള്ള നമ്മുടെ പോലുള്ള ഒരു രാജ്യത്തിലെ ഭരണ സംവിധാനത്തിന് ചേരാൻ വഴിയില്ല. മതമോ, രാഷ്ട്രീയ അടിമത്തമോ, പ്രാദേശിക വാദമോ , ജൻഡർ ഡിസ്ക്രിമിനേഷനോ , കുലവർഗ പ്രേമമോ ഒന്നുമില്ലാത്ത ഒരു ജനതയ്ക്ക് മാത്രമേ മൂന്നു ചിയേർസ് നേടുന്ന ജനാധിപത്യത്തിലെ അംഗങ്ങൾ ആവാൻ സാധിക്കൂ. നമ്മുടേതുപോലുള്ള ഒരു സംവിധാനത്തിൽ പേരിൽ മാത്രമേ ജനാധിപത്യം നിലനില്ക്കൂ.
ഉപതെരഞ്ഞെടുപ്പുകൾ ആണ് നമ്മുടെ ചോര ഊറ്റി കുടിക്കുന്ന മറ്റൊരു ഭീഷണി. സ്ഥാനാർത്ഥിയുടെ മരണം കൊണ്ട് ആണ് ഉപതിരഞ്ഞെടുപ്പുണ്ടാകുന്നതെങ്കിൽ അത് അനിവാര്യം ആണ്. എന്നാൽ, രണ്ടു സീറ്റുകളിൽ മത്സരിക്കുന്നത് മൂലമോ , ഒരു സഭയിൽ അംഗം ആയിരിക്കെ മറ്റൊരു സഭയിൽ മത്സരിച്ച് ജയിച്ചത് മൂലമോ ഉണ്ടാകുന്ന ഒഴിവാണെങ്കിൽ എത്ര ദുരന്ത പൂരിതമായിരിക്കും ഈ പാഴ്ച്ചിലവ്. ഈ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ ഒരു നേരത്തെ വിശപ്പടക്കാൻ മാറ്റി വയ്ക്കാവുന്ന തുകയാണ് യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഇങ്ങനെ ധൂർത്തടിക്കുന്നത് . നമ്മുടെ പാർട്ടിയും അവരുടെ പാർട്ടിയും ഒക്കെ ഇതാണ് ചെയ്യുന്നതെന്നോർക്കണം. എന്നാൽ ഇതൊന്നും മനസിലാക്കാതെ തന്റെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ നേതാവ് പറഞ്ഞത് കേട്ട് വീടും കുടിയും ജോലിയും ഉപേക്ഷിച്ച് പ്രവർത്തിക്കുന്ന അണികളും ഇവരുടെ പ്രവർത്തനം എന്ന പീഡനം ഏറ്റുവാങ്ങുന്ന ജനങ്ങളും അടങ്ങുന്ന ഈ ജനാധിപത്യക്കാഴ്ച എത്ര ദയനീയമാണ്.
2024, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച
സർക്കാർ ജീവനം
സ്വകാര്യ മേഖല അത്ര കണ്ടു ശക്തമല്ലാതിരുന്ന ഒരു കാലത്ത് സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്നം ഒരു സർക്കാർ ജോലി നേടുക എന്നതായിരുന്നു. ലക്ഷക്കണക്കിനാളുകൾ ഭാഗ്യം പരീക്ഷിക്കുന്ന ഈ മത്സര പരീക്ഷകളിൽ ഇരുന്നൂറോ , മുന്നൂറോ പേർക്കായിരിക്കും ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടാവുക. ബാക്കിയുള്ളവർ അടുത്ത ടെസ്‌റ്റിനും , അതും കിട്ടിയില്ലെങ്കിൽ കൂലിപ്പണിയിലും , അന്യദേശങ്ങളിൽ ജോലിഅന്വേക്ഷിച്ച് പോകലിലും , രാഷ്ട്രീയത്തിലും ഒക്കെ ചെന്നെത്തുക ആണ് പതിവ്. മത്സര പരീക്ഷകൾക്ക് പരിശീലനം കൊടുക്കുന്ന സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന ഒരു കാലത്ത് ഒന്നാം ക്ലാസ്സ് മുതൽ അടുക്കും ചിട്ടയോടും കൂടി പഠിച്ച് ക്ലാസ്സിൽ ഒന്നാം നിരയിൽ നിൽക്കുന്നവർക്കായിരിക്കും മിക്കവാറും സർക്കാർ ജോലികൾ ലഭിക്കുക. ഏതാണ്ട് എല്ലാവരും തന്നെ മിഡിൽ ക്ലാസ്സോ അതിൽ താഴെയോ നിലയിൽ ഉള്ളവരും ആയിരിക്കും.
എഴുത്തും വായനയും അറിയാത്ത വെറും സാധാരണ ജനങ്ങളും, ജോലി കിട്ടാത്ത അഭ്യസ്ത വിദ്യരും , രാഷ്ട്രീയക്കാരും , അന്യനാടുകളിൽ ജോലി ചെയ്യുന്നവരും , സർക്കാർ ജീവനക്കാരും അടങ്ങുന്ന നമ്മുടെപോലെ ഒരു സമൂഹത്തിൽ സ്ഥിരം ജോലി ഉള്ള സർക്കാർ ജോലിക്കാരോട് എന്നും ഒരു വെറുപ്പ് സമൂഹത്തിൽ നിലനിന്നിരുന്നു. ഓട്ടത്തിൽ പിഴച്ചവന്റെ നീരസം മാത്രമല്ല ഇതിനു കാരണം സർക്കാർ ജോലിക്കാരന്റെ പെരുമാറ്റവും അഹങ്കാരവും ഒക്കെ ഇതിന്റെ പിന്നിലുണ്ട് . എന്നാൽ ഓട്ടത്തിൽ പിന്നിൽ ആയാലും രാഷ്ട്രീയത്തിൽ ചെന്ന് പെട്ട മിടുക്കന്മാർ ഒന്നാം ബഞ്ചിലെ ബുദ്ധിരാക്ഷസന്മാരേക്കാൾ വേഗം വളർന്ന് ഭരണാധിപന്മാർ ആയി മാറുന്നതിലൂടെ ഉദ്യോഗസ്ഥരുടെ മേൽ അധികാരം എന്ന മധുര പ്രതികാരത്തിലൂടെ സംതൃപ്തരാകുന്നു. ഈ രണ്ടു കൂട്ടരും കൈകോർത്ത് നിന്നുകൊണ്ട് ജനത്തെ വലക്കുന്ന ഒരു ഒരു കൂട്ടുകെട്ട് രൂപപ്പെടുന്നു. അതിന്റെ ചേരുവകളിൽ പെടുന്നതാണ് മതവും ജാതിയും ഒക്കെ.
സർക്കാർ സർവീസിലെ ഏറ്റവും വലിയ വില്ലൻ കൈക്കൂലി ആണ്. ജോലി കിട്ടും മുമ്പ് ആദർശം പറയുന്ന പലരും കൈക്കൂലിക്ക് സാധ്യതയുള്ള സർവീസിൽ എത്തുമ്പോൾ അതെല്ലാം സൗകര്യപൂർവം മറക്കും. ഒരിക്കൽ വാങ്ങിയാൽ പിന്നെ അറപ്പു മാറും. ജോലിക്കാർ ഒന്നും രണ്ടും വാങ്ങുമ്പോൾ രാഷ്ട്രീയക്കാർ പത്തും പന്ത്രണ്ടുമാണ് വാങ്ങുന്നത്. പരസ്പരം സഹകരിച്ച് ഈ അച്ചുതണ്ടു ശക്തി മുന്നോട്ടു പോകുമ്പോൾ അതിന്റെ സംരക്ഷകർ ആയി കഥ അറിയാത്ത പാർട്ടി പ്രവർത്തകരും , സാധാരണ ജനങ്ങളും ഒക്കെയുണ്ടാകും. തന്മൂലം പടുത്തുയർത്തുന്ന നിർമിതികൾ പലതും ഉത്‌ഘാടനം കഴിയുന്നതോടെ നിലം പൊത്തുന്ന കാഴ്ച നമ്മൾ കാണുന്നതാണ്. എന്നാൽ ഇവിടെ രാഷ്ട്രീയക്കാർ , സ്വാധീനത്തിന്റെയും, പണത്തിന്റെയും, അണികളുടെ ശക്തിയുടെയും ബലത്തിൽ രക്ഷപെടുമ്പോൾ കുരുക്കിൽ വീഴുന്നത് ഉദ്യോഗസ്ഥൻ മാത്രമാണ്. ജോലി നഷ്ട്ടപെടുന്നതിലും, ആത്മഹത്യയിലും , ജയിലിലും ഒക്കെയാണ് അവരുടെ ഈ യാത്ര അവസാനിക്കുന്നത്.
സർവ്വീസ് രഷ്ട്രീയം ആണ് മറ്റൊരു വില്ലൻ. സ്വതന്ത്ര സംഘടനകൾ എന്നൊന്നില്ല . ഏതെങ്കിലും രാഷ്ട്രീയപാർട്ടികളുടെ പോഷക സംഘടനയാണ് പലതും. മാസാമാസം പിരിവു കൊടുത്തും , ഇലക്ഷൻ ഫണ്ട് നൽകിയും, സമരങ്ങൾ നടത്തിയും മുന്നോട്ടു പോകുന്ന ഈ സംവിധാനം പലപ്പോഴും ചെയ്യുന്ന പ്രധാന പണി തങ്ങളുടെ രാഷ്ട്രീയനിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവരെ പീഡിപ്പിക്കുക, സ്ഥലം മാറ്റുക , സസ്‌പെൻഡ് ചെയ്യുക എന്നിവയൊക്കെയാണ്. ജോലി ചെയ്യാതിരിക്കുന്ന അണികൾക്ക് സംരക്ഷണവും, ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റവും ഒക്കെ ഈ സ്‌കീമിൽ പെടുന്നതാണ്. എതിർ രാഷ്ട്രീയ പാർട്ടി അധികാരത്തിൽ ഇരിക്കുമ്പോൾ അവകാശങ്ങൾക്കു വേണ്ടി പോരാടുന്നതും, തങ്ങളുടെ പാർട്ടി വരുമ്പോൾ സാധാരണ ജനങ്ങളെ ഓർത്തു സഹതപിക്കുന്നതും ഒക്കെ ഈ നാടകത്തിന്റെ ഭാഗം തന്നെ ആണ്. വലിയ മിടുക്കന്മാരായി ലക്ഷങ്ങളെ മറികടന്നു സർവീസിൽ എത്തിയ ഈ ബുദ്ധിരാക്ഷസന്മാർ തനി മന്ദബുദ്ധികളായും മേലുദ്യോഗസ്ഥന്റെയും , രാഷ്ട്രീയക്കാരുടെയും അടിമകൾ ആയും മാറുന്ന കാഴ്ച വളരെ ദയനീയമാണ്.
സർക്കാർ ഉദ്യോഗസ്ഥൻ ജനങ്ങളുടെ ദാസൻ ആണ് എന്നൊരു പറച്ചിൽ ഉണ്ട് . ജനം ജോലിക്കെടുക്കുന്ന ആളാണ് സർക്കാർ ജോലിക്കാരൻ. ജോലിക്കെടുക്കുന്ന ആളെ ദാസൻ ആയി ആരും കാണാറില്ലല്ലോ. ഭരണാധിപന്മാരും ഇങ്ങനെ പറഞ്ഞു കേൾക്കാറുണ്ട്. ജനത്തിന്റെ ദാസൻ അല്ല ജനത്തിന്റെ പ്രതിനിധി ആണ് രാഷ്ട്രീയക്കാർ ആവേണ്ടത്. ഉത്തര വാദിത്തം ഉള്ള പ്രതിനിധികൾ. ഈ ദാസന്മാരുടെ അടുത്ത് മീഡിയ ഇല്ലാതെ ഒന്ന് പോയി നോക്കിയാൽ കാണാം ശരിയായ നിറം. ഉദ്യോഗസ്ഥന്മാർ നിയമം നോക്കി പ്രവർത്തിക്കേണ്ടവർ ആണ്. രാഷ്ട്രീയക്കാർ പറയുന്നിടത്ത് ഒപ്പു വയ്‌ക്കേണ്ട പാവകൾ അല്ല. മേലുദ്യോഗസ്ഥന്റെയും , രാഷ്ട്രീയക്കാരുടെയും അടിമകൾ ആകാതെ കൂടെ ജോലി ചെയ്യുന്നവരെയും , ജനങ്ങളെയും ചേർത്തുപിടിച്ച് നിയമാനുസരണം പ്രവർത്തിക്കുക ആണ് ഓരോ ജീവനക്കാരനും ചെയ്യേണ്ടത്. സ്വന്തം മനസാക്ഷിയെ പണയപ്പെടുത്താതെ ജോലി ചെയ്യുമ്പോൾ ഏത് ആരോപണത്തെയും നേരിടാനുള്ള ശക്തി ലഭിക്കും. ജോലി കിട്ടിയ നാൾ മുതൽ അടിമ സമാന ജീവിതം നയിക്കുന്ന സർക്കാർ സർവീസ് ഉപേക്ഷിച്ച് മികവിന് ആദരവ് നൽകുന്ന സ്വകാര്യ മേഖല അന്യോഷിച്ചു പോകുന്ന ഒരു തലമുറയാണ് ഇന്ന് കടന്നുവരുന്നത് .
2024, സെപ്റ്റംബർ 19, വ്യാഴാഴ്‌ച
ഇസ്രായേൽ
അദ്ഭുതകരമായ ഒരു രാജ്യം ആണ് ഇസ്രായേൽ. കേരളത്തിന്റെ പകുതി മാത്രം വലിപ്പമുള്ള ഈ കുഞ്ഞൻ രാജ്യം ഒരു വികസിത രാജ്യം ആണെന്ന് മാത്രമല്ല ലോകത്തിലെ തന്നെ എണ്ണപ്പെട്ട രാജ്യങ്ങളിൽ മുന്നിൽ ആണ്. എന്താണ് ഇതിനു കാരണം? അപാരമായ ബുദ്ധിശക്തിയും, ശാസ്ത്ര ബോധവും ,കഠിനാധ്വാനവും അർപ്പണബോധവും,സാഹോദര്യവും, സൗഹൃദവും ഒക്കെ ആണ് അവരെ മറ്റുള്ള ജനതയിൽ നിന്നും വ്യത്യസ്‌തകരാക്കുന്നത് . യഹോവ എന്ന ഒരു ഗോത്ര ദൈവത്തിന്റെ ഭരണത്തിന് കീഴൽ ഈ ജനത അനുഭവിച്ച യാതനകൾ ചെറുതൊന്നും അല്ല. വലിയ പീഡനങ്ങൾ ആണ് യഹോവ ഈ ജനത്തിന് നൽകിയത്. 200 ൽ അധികം വർഷക്കാലം യഹോവ ഇവരെ ഈജിപ്ത് കാരുടെ ക്രൂര പീഡനത്തിന് വിട്ടുകൊടുത്തു. വലിയ മഹാമാരിക്കും, സർപ്പ ദോഷത്തിനും ഇവരെ ഇരയാക്കി. അസീറിയക്കാരുടെയും , ബാബിലോണിയരുടെയും , റോമക്കാരുടെയും ക്രൂര പീഡനങ്ങൾക്ക് ഇവരെ ഏൽപ്പിച്ചു കൊടുത്തു. ഒടുവിൽ ലോകത്തിന്റെ നാനാഭാഗത്തേക്കും ഇവരെ ചിതറിപ്പിച്ചും കളഞ്ഞു. യഹോവ അല്ലാതെ കണ്ണിൽ ചോരയുള്ള മറ്റേതെങ്കിലും ദൈവമായിരുന്നെങ്കിൽ ഈ ജനത്തിന് ഇത്ര കഷ്ടത അനുഭവിക്കേണ്ടി വരില്ലായിരുന്നു.
തങ്ങളുടെ ഗോത്ര പിതാക്കന്മാരുടെ നാട് വിട്ടു പോകാൻ മടിക്കാത്ത യഹൂദന്മാർ പിറന്ന നാട്ടിൽ ശബ്ദം ഇല്ലാതെ ജീവിച്ചു. ഒടുവിൽ ഇസ്ലാമിക അധിനിവേശവും നിർബന്ധിത മതം മാറ്റവും ഉണ്ടായെങ്കിലും അവരെ പൂർണ്ണമായി ഇല്ലാതാക്കാൻ കഴിഞ്ഞില്ല. വേദ കാലത്ത് അവരുടെ പ്രധാന ശത്രു റോമൻ വേരുകളുള്ള ഫിലിസ്ത്യർ എന്ന ഗോത്രക്കാരായിരുന്നു. ആധൂനിക കാലത്ത് ആ റോളിൽ ഇന്ന് ഇസ്ലാം ആണുള്ളത്. ഇസ്ലാം മതം വളർന്നത് ജൂതന്റെ ജനിതക ദ്രവം ഊറ്റി കുടിച്ചാണ്. അതുവരെ ജൂതന്റെ മാത്രം സ്വന്തം ആയിരുന്ന മോശ, അഹറോൻ , എബ്രഹാം ,ഇസഹാക്ക് ,നോഹ , ആദം തുടങ്ങിയവരെ ഒക്കെ പ്രവാചകന്മാരാക്കി രൂപം കൊടുത്ത ഇസ്ലാം മതം യഹൂദനിൽ നിന്ന് യഹോവയെയും തട്ടിയെടുത്ത് അള്ളാഹു എന്ന് നാമകരണവും നടത്തി തങ്ങളുടെ ദൈവം ആയി ആരാധിക്കാനും തുടങ്ങി.
പീഡന പർവ്വങ്ങൾ ഒന്നൊന്നായി തരണം ചെയ്തു പിറന്ന നാട്ടിൽ തിരിച്ചെത്തിയ ജൂതൻ കാണുന്നത് ആ നാട് കയ്യേറിയ ഇസ്ലാം മതക്കാരെയാണ്. അപ്പോഴും പിറന്ന നാട് വിട്ട് പോകാതെ വാഗ്ദത്തഭൂമിയിൽ നിശബ്ദരായി ജീവിക്കുന്ന തങ്ങളുടെ ബന്ധുക്കളുടെ സഹായത്താൽ മടിയന്മാരായ അറബികളിൽ നിന്നും തരിശു ഭൂമികൾ വാങ്ങി , കൃഷി ചെയ്തും കച്ചവടം ചെയ്തും ജൂതൻ കെട്ടിപ്പൊക്കിയ ആധൂനിക ഇസ്രായേൽ എന്ന രാഷ്ട്രത്തിന് പിറവിയിലെ തന്നെ ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്ന് വലിയ യുദ്ധങ്ങൾ നേരിടേണ്ടി വന്നു. അതിനെ എല്ലാം അതിജീവിച്ച് ഇന്ന് മറ്റു രാജ്യങ്ങളിലെ ശത്രുക്കളെ പേജർ ബോംബ് വച്ചും സോളാർ പാനൽ ഉപയോഗിച്ചും കൊന്നൊടുക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ജൂതന്റെ ജനിതക പ്രത്യേകത എന്നെ പറയാൻ കഴിയൂ.
അറബികൾ ഇനി എത്ര വർഷം ജീവിച്ചാലും ജൂതനോപ്പം എത്തില്ല. കാരണം വിശ്വാസികൾ ആയി തുടരുമ്പോഴും ജൂതൻ ശാസ്ത്ര ബോധം പ്രകടിപ്പിച്ചാണ് ജീവിക്കുന്നത്. നോബൽ സമ്മാന ജേതാക്കളിൽ 22 ശതമാനവും ജൂതൻ ആണ്. അറബികളെ മൊത്തമായി എടുത്താൽ ഇത് ഒരു ശതമാനം മാത്രമേ വരൂ. യഹോവയോടുള്ള അന്ധമായ ആരാധന നിലനിർത്തുമ്പോഴും ശാസ്ത്രം പഠിക്കാനും ആധൂനിക ഗവേഷണങ്ങളിൽ ഏർപ്പെടാനും യഹൂദൻ തയ്യാറാകുന്നത് കൊണ്ടാണിത്. എന്നാൽ അറബികൾ ആകട്ടെ അഞ്ചാം നൂറ്റാണ്ടിൽ എഴുതി വയ്ക്കപ്പെട്ട വിവരങ്ങളുടെ വെളിച്ചത്തിൽ ആണ് ജീവിക്കുന്നത്. ലോകാവസാനം വരെയുള്ള അവരുടെ ശാസ്ത്രം അതാണ്.
യഹൂദനെ നിങ്ങൾ എന്ത് കൊണ്ടിഷ്ട്ടപെടുന്നു? കാരണം ഇതാണ് . യഹൂദൻ ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നമ്മൾ കാളവണ്ടി യുഗത്തിൽ നിന്ന് കാര്യമായി മുന്നേറില്ലായിരുന്നു. ലോകത്തിലെ പ്രധാന വ്യക്തികളുടെ ഒരു ലിസ്റ്റ് എടുക്കൂ. അതിൽ മിക്കവാറും ജൂതൻ ആയിരിക്കും. രാഷ്ട്ര ചിന്തകനും, സാമ്പത്തിക വിദഗ്ധനും ആയ കാറൽ മാർക്സ്, ആപേക്ഷികശാസ്ത്രത്തിന്റെ പിതാവായ ആൽബർട്ട് ഐൻസ്റ്റീൻ, പോളിയോ വാക്‌സിൻ കണ്ടു പിടിച്ച ജോനാ സാൾക്ക് , അപഗ്രഥന മനഃശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയ്ഡ് , ദാർശനികമായ സ്പിനോസ, ആധൂനിക ശാസ്ത്രത്തിനു വലിയ സംഭാവനകൾ നൽകിയ നീൽസ് ബോർ , ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ അധിപൻ ആയ സുക്കൻബർഗ് , അങ്ങനെ നീണ്ടു പോകുന്നു ആ പട്ടിക.
ഇസ്രായേൽ ഇന്ന് വലിയ ഒരു യുദ്ധമുഖത്താണ്. 36000 പേരുടെ ചോര അവരുടെ കൈകളിൽ പുരണ്ടിട്ടുണ്ട്. ഒക്ടോബർ 17 ന് ഇസ്രായേലിലേക്ക് കടന്നു കയറി നിസ്സഹായാർ ആയ കുട്ടികളെയും ചെറുപ്പക്കാരികളെയും, വൃദ്ധരെയും വധിക്കുകയും ,തടവുകാരാക്കുകയും ചെയ്ത വിഡ്ഢിത്തം ആണ് ഇതിനെല്ലാം കാരണം. തടവുകാരെ വിട്ടു കൊടുത്തു സ്വന്തം ജനതക്ക് സമാധാനവും ജീവിതവും തിരിച്ചു കൊടുക്കാൻ ഹമാസിനെ തടയുന്നത് നദി മുതൽ കടൽ വരെ ഇസ്ലാമിന്റേതാക്കും എന്ന തീവ്ര ആശയം മാത്രം ആണ്. സ്വന്തം ജനത്തിന്റെ സംരക്ഷണത്തിന് ഏതറ്റവും വരെ പോകാൻ ഇസ്രായേൽ തയ്യാറാവും എന്നതിന്റെ തെളിവാണ് ഈ യുദ്ധം .
2024, ജൂലൈ 28, ഞായറാഴ്‌ച
മത പ്രീണനം
മത പ്രീണനം
മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടരുത് എന്ന് രാഷ്ട്രീയക്കാർ പൊതുവെ പറയുമെങ്കിലും മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടി നേട്ടങ്ങൾ കൊയ്യാനാണ് ഈ നാട്ടിലെ ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചിട്ടുള്ളത്. ഇന്ത്യ എന്ന വലിയ ഭൂമികയിൽ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവരുടെ വോട്ട് ആരാണോ സമാഹരിക്കുന്നത് അവരായിരിക്കും രാജ്യം ഭരിക്കുക. ബിജെപി ഈ മത്സരത്തിൽ വലിയ നേട്ടം കൊയ്യുന്നുണ്ട് എന്ന് മനസിലാക്കിയ പാവങ്ങളുടെ ഡൽഹി പാർട്ടി തങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ ക്രിസ്ത്യാനികൾക്കും , മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും അവരവരുടെ തീർഥാടന കേന്ദ്രങ്ങളിലേക്ക് സർക്കാർ ചെലവിൽ സൗജന്യ യാത്ര ആണ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തത്. കേരളവും പശ്ചിമ ബംഗാളും ഒക്കെ പോലെ ന്യൂന പക്ഷങ്ങൾക്ക് വലിയ സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ പ്രീണനം നടത്തുന്നത് ന്യൂനപക്ഷങ്ങളെ വശത്താക്കാനാണ് . ന്യൂന പക്ഷങ്ങളിൽ തന്നെ ഏറ്റവും വോട്ടുള്ള ന്യൂന പക്ഷം ഏതാണോ അവരെ പ്രീണിപ്പിക്കാനാണ് ഓരോ രാഷ്ട്രീയ പാർട്ടികളും മത്സരിക്കുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും ശിലായുഗത്തിൽ നിന്ന് മോചനം ലഭിക്കാത്ത ആളുകളെയാണ് കാണാൻ കഴിയുന്നത്. ഇതിന്റെ പൂർണമായ ഉത്തരവാദിത്വം രാഷ്ട്രീയക്കാർക്ക് മാത്രമാണ്. അവർ പരസ്പരം പഴിചാരി ഏതെങ്കിലും പക്ഷം ചേർന്ന് ജനങ്ങളുടെ മത വിശ്വാസത്തെയും, അന്ത വിശ്വാസത്തെയും ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ ഏറ്റവും വലിയ ശത്രു മത വിമർശകർ ആണ്. അവർ നടത്തുന്ന ഉത്തരവാദിത്വമുള്ള വിമർശനങ്ങളെ മുഖ വിലക്കെടുക്കാതെ കേസിൽ കുടുക്കുവാനും മത മൗലീക വാദികളുടെ ആക്രമണങ്ങൾക്ക് വിട്ടു കൊടുക്കുവാനുമാണ് ഉത്സുകരാകുന്നത് . അന്തമായ മത ചിന്തകളിൽ ജനം മുഴുകി കിടന്നാൽ മാത്രമേ ഭരണത്തിലെ വൈകല്യങ്ങൾ അവർ അറിയാതിരിക്കൂ. അഴിമതിയും, സ്വജന പക്ഷപാതവും യദേഷ്ടം നടത്തണമെങ്കിൽ ജനം മത മത്ത് പിടിച്ച് പരസ്പ്പരം തമ്മിലടിക്കണം.
രാഷ്ട്ര മുന്നേറ്റത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത് ഉത്തര വാദിത്തമുള്ള ഒരു ജനതയാണ്. മതങ്ങൾ മനുഷ്യന്റെ സൃഷ്ട്ടിയാണെന്നും, മനുഷ്യത്വവും, സഹകരണവും, സഹോദര്യവുമാണ് ആവശ്യമെന്നും പ്രാദേശികവും , ദേശീയവുമായ ഭിന്നതകൾ മറന്ന് ലോകത്തുള്ള ജനങ്ങൾ എല്ലാം ഹോമോസാപ്പിയൻസ് എന്ന വലിയ കുടുംബത്തിലെ അംഗങ്ങളാണെന്നും മനസിലാക്കി ഒരു പുതിയ ലോകത്തിലേക്ക് ലോക ജനതയെ നയിക്കേണ്ടുന്നവർ ചെന്നായ്ക്കളെപ്പോലെ പതുങ്ങി നിൽക്കുമ്പോൾ ആ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വരുന്നത് സ്വതന്ത്ര ചിന്തകർ ആണ്. ഹിന്ദു മതത്തിലും, ക്രിസ്തു മതത്തിലും ഒക്കെ സ്വതന്ത്ര ചിന്തകരെ കാണാമെങ്കിലും ഇസ്ലാം മതത്തിൽ അത് വളരെ കുറവായിരുന്നു. എന്നാൽ ആ കുറവ് നികത്തി വലിയൊരു നിര തന്നെ ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. ജബ്ബാർ മാഷും , ആരിഫ് ഹുസൈനും ഒക്കെ നയിക്കുന്ന ഈ മുന്നേറ്റം ഇസ്ലാം മതത്തിൽ ഒരു വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്.
മുവാറ്റുപുഴ നിർമല കോളേജിൽ മുസ്‌ലിം വിദ്യാർത്ഥികൾ നിസ്‌കരിക്കാൻ മുറി ആവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പലിനെ ഖൊരാവോ ചെയ്തപ്പോൾ അതിനെ എതിർത്തുകൊണ്ട് ഇസ്ലാം മത സ്വതന്ത്ര ചിന്തകർ തന്നെ മുന്നോട്ടു വന്നത് മനോഹരമായ ഒരു കാഴ്ചയാണ്. വിദ്യാർത്ഥികൾ പഠിക്കാനാണ് വരുന്നത്. പ്രാർത്ഥിക്കാനല്ല. അടുത്തുള്ള മോസ്‌ക്കിൽ പോയി പ്രാർത്ഥിക്കാൻ സർക്കാർ തന്നെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് കൂടുതൽ സമയം അനുവദിക്കുന്നുണ്ട്. എന്നാൽ പെൺകുട്ടികൾക്ക് മോസ്‌ക്കുകളിൽ നിസ്‌കരിക്കാൻ അനുവാദം ഇല്ലാത്തതിനാൽ കോളേജിൽ അതിന് അനുവാദം വേണം എന്ന ആവശ്യം അന്യായമാണെന്നും മോസ്‌ക്കിൽ ആൺകുട്ടികളെപ്പോലെ നിസ്‌ക്കരിക്കാനുള്ള അവകാശത്തിനു വേണ്ടി മത മേധാവികളോട് സംസാരിക്കുക ആണ് വേണ്ടതെന്നും അവർ കുട്ടികളെ ഉപദേശിക്കുമ്പോൾ ആ മതത്തിൽ ഒരു നവോത്ഥാനത്തിന്റെ അലയൊലി കേൾക്കാൻ കഴിയുന്നുണ്ട്. ആത്മീയർ ആയി ജീവിക്കുമ്പോൾ തന്നെ തെറ്റായ മത പഠനങ്ങളിൽ നിന്ന് ഓരോ മതത്തിലും പെട്ട വിദ്യാർത്ഥികൾ പുറത്ത് കടക്കുകയും , രാഷ്ട്രീയക്കാരുടെ കളിപ്പാവകളാകാതെ , രാഷ്ട്രനിർമിതിയിൽ പങ്കു ചേരുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
2024, ജൂലൈ 17, ബുധനാഴ്‌ച
അഹുര മസ്ദാൻ
അഹുര മസ്ദാൻ
അഹൂര മസ്ദാൻ എന്ന് കേൾക്കുമ്പോൾ ഏതോ അധോലോക നേതാവിന്റെ പേരാണ് ആദ്യം മനസിലേക്ക് വരിക. എന്നാൽ ഇത് പാഴ്സികളുടെ ആരാധ്യ ദേവൻ ആണ് എന്നറിയുമ്പോൾ അൽപ്പം കൗതുകം കലർന്ന ആകാംഷ ജനിക്കും. പാഴ്സി മതം ഹിന്ദു , യഹൂദ മതങ്ങളോടൊപ്പം തന്നെ പഴമ അവകാശപ്പെടാവുന്ന ഒരു മതം ആണ്. 40 നൂറ്റാണ്ടുകളുടെ പഴക്കം ഈ മതത്തിനുണ്ട്. എന്നാൽ ഒരു ശരാശരിക്കാരന് ഈ മതത്തെക്കുറിച്ചു കാര്യമായൊന്നും അറിയില്ല. അതിനു കാരണം ഇത് ഒരു മിഷനറി മതം അല്ല എന്നതാണ്. മറ്റു മതക്കാർക്ക് പാഴ്സി മതത്തിലേക്ക് മത പരിവർത്തനം ചെയ്യാൻ കഴിയില്ല. ഇറാനിൽ ആണ് പാഴ്സി മതത്തിന്റെ പിറവി എങ്കിലും ഇസ്ലാം മതം ശക്തി പ്രാപിച്ചതോടെ എട്ടാം നൂറ്റാണ്ടിൽ ഇറാനിൽ നിന്ന് പാഴ്സികൾ പലായനം ചെയ്ത് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും പോയി . ഇന്ത്യയിലുമുണ്ട് ഗണ്യമായ ഒരു പാഴ്സി സമൂഹം. ദാദാഭായ് നവറോജി, ഹോമി ജെ ഭാഭാ , രത്തൻ ടാറ്റ, ഫിറോസ് ഗാന്ധി ഇവരെല്ലാം ഇന്ത്യയിലെ പ്രധാന പാഴ്സി മതക്കാർ ആയിരുന്നു. പാഴ്സി മതത്തെക്കുറിച്ച് പഠിച്ചാൽ മതങ്ങൾ എല്ലാം തന്നെ മനുഷ്യന്റെ നിർമിതികൾ ആണെന്ന് ബോധ്യപ്പെടും.
ബിസി 18,00 നും 1500 നുമിടയിൽ കിഴക്കൻ യൂറോപ്പിലെ സ്റ്റെപ്പസ് പ്രദേശത്തു നിന്നും ഭക്ഷണവും, ജലവും സുഖകരമായ താമസവും അന്വേഷിച്ച് പുറപ്പെട്ട ജനസമൂഹത്തിലെ ഒരു കൂട്ടർ സിന്ധു നദി കടന്ന് ഇന്ത്യയിലും മറ്റൊരു കൂട്ടർ ഇറാനിലും എത്തി ചേർന്നു . ഇന്ത്യയിൽ എത്തിച്ചേർന്നവർ ഇൻഡോ ആര്യൻസ് എന്നും ഇറാനിൽ എത്തി ചേർന്നവർ ഇൻഡോ ഇറാനിയൻസ് എന്നും അറിയപ്പെട്ടു. ഒരേ ഭാഷയും ഒരേ വിശ്വാസവും പിന്തുടർന്ന ഇവർ കാലാന്തരത്തിൽ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ ആയി മാറി. ഇന്ത്യയിലെ ഭാഷ സംസ്‌കൃതം ആയപ്പോൾ ഇറാനിൽ അത് അവസ്റ്റൻ എന്നാണ് അറിയപ്പെട്ടത്. ഒരേ പ്രദേശത്തു നിന്ന് വന്നവർ ആയതിനാൽ വേദകാല വിശ്വാസങ്ങളിൽ നമുക്ക് പരിചയമുള്ള അസുരന്മാരും ദേവന്മാരും അവരുടെയും വിശ്വാസത്തിന്റെ ഭാഗമായിരുന്നു. ഒരേയൊരു വ്യത്യാസം ഉള്ളത് ഇന്ത്യയിൽ ദേവന്മാർ സത്ഗുണമുള്ളവർ ആയി അറിയപെട്ടപ്പോൾ ഇറാനിൽ അസുരന്മാർ ആയിരുന്നു നന്മയുടെ അവതാരങ്ങൾ. ഇന്ത്യയിൽ ദേവന്മാരുടെ നേതാവായി ദേവേന്ദ്രൻ ആരാധിക്കപെട്ടപ്പോൾ , ഇറാനിൽ അസുരന്മാരുടെ നേതാവായി വഴിക്കപ്പെട്ടതു വരുണൻ ആയിരുന്നു. സംസ്‌കൃതത്തിൽ എസ് എന്ന ശബ്‍ദം അവസ്റ്റനിൽ ഹ ആയി മാറും. അസുരൻ അങ്ങനെ അഹുരൻ ആയി. അഹുര മസ്ദാൻ എന്നാൽ വരുണാസുരൻ എന്നാണർഥം . ബുദ്ധിയുടെയും അറിവിന്റെയും ദേവൻ .
ഇന്ത്യയിൽ വേദകാല ദൈവങ്ങൾക്കും മുകളിൽ ത്രിമൂർത്തികകളും അവർക്കും മുകളിൽ ബ്രമ്മം എന്ന ദാർശനിക സങ്കൽപ്പവും ആയി ഹിന്ദുമതം രൂപം കൊണ്ടപ്പോൾ ഇറാനിൽ അഹുരമസ്ദാൻ എന്ന വരുണാസുരൻ ഏക ദൈവമായി മസ്ദായിസം അഥവാ സൊറാസ്ട്രേണിയിസം എന്ന മതം രൂപമെടുത്തു. ഒരു നാൾ സരാതുഷ്ട്ര എന്ന യുവാവിന് അഹുരമസ്ദാൻ പ്രത്യക്ഷനാകുന്നു. ഈ ലോകവും സർവ ചരാചരങ്ങളും തന്റെ സ്രഷ്ട്ടിയാണെന്നും ഇനി മുതൽ തന്റെ പ്രവാചകൻ ആയി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കണമെന്നും അഹുര മസ്ദാൻ കൽപ്പിക്കുന്നു . അങ്ങനെ സോറാസ്ട്രിയനിസം എന്ന മതം രൂപം കൊള്ളുന്നു. പിൽക്കാല അബ്രഹാമിക് മതങ്ങളിലെ പ്രവാചക സങ്കൽപ്പങ്ങളും സൊറാസ്ട്രിയനിസത്തിൽ നിന്ന് വന്നതാവാനേ തരമുള്ളു.
അബ്രഹാമിക്ക് മതങ്ങളിലെ പ്രളയവും, തുടർന്ന് ദൈവം ഭൂമിയിലെ സർവ ചരാചരങ്ങളിലെയും ഓരോന്നിനെ വീതം നോഹിനോടൊപ്പം പേടകത്തിൽ കയറ്റി രക്ഷിക്കുകയും ചെയ്ത കഥ നമുക്കറിയാം. അതേ കഥ തന്നെയാണ് ഈ മതങ്ങൾക്ക് ഒപ്പമോ മുമ്പോ രൂപം കൊണ്ട സരാതുഷ്ട്ര മതത്തിനും പറയാനുണ്ടായിരുന്നത്. അബ്രഹാമിക്ക് മതങ്ങളിൽ നോഹ ആയിരുന്നു രക്ഷകൻ എങ്കിൽ ഹിന്ദു മതത്തിൽ അത് മനു വും ,സൊരാസ്ട്രിയനിസത്തിൽ യിമ യും ആയിരുന്നു രക്ഷകർ.
സെൻറ് അവസ്‌റ്റ വായിക്കുമ്പോൾ നമ്മൾ അമ്പരക്കും. ഇസ്ലാം ക്രിസ്ത്യൻ , ജൂദ മതങ്ങൾ തങ്ങളുടെ മത ഗ്രന്ധത്തിൽ പറയാത്ത ഒരു കാര്യവും ലോകത്തിൽ ഇല്ലെന്നും അവരുടെ പുസ്തകങ്ങളിൽ നിന്ന് ഒന്നും വിട്ടു കളയാനും കൂട്ടി ചേർക്കാനും ഇല്ല എന്നും പറയുന്നത് പോലെ തന്നെ ആണ് അഹൂര മസ്ദാന്റെ നിർദേശങ്ങൾ അടങ്ങുന്ന സെൻറ് അവസ്റ്റയും. ഒരു മനുഷ്യന്റെ ജീവിതത്തിൽ വരാവുന്ന എല്ലാ മുഹൂർത്തങ്ങളിലും എങ്ങനെ ഒക്കെ പെരുമാറണം എന്നതുൾപ്പെടെ വിവാഹം, സ്വത്ത്, മൃഗങ്ങളെ അറക്കുന്നത്, പട്ടികളെ കൈകാര്യം ചെയ്യുന്നത് , മരണാന്തര ജീവിതം എന്ന് വേണ്ട ചെറുതും വലുതുമായ സമസ്ത കാര്യങ്ങളെ കുറിച്ചും അവരുടെ വിശുദ്ധ ഗ്രന്ധത്തിൽ ഉണ്ട് എന്നാണു വിശ്വാസം. ഒരു പക്ഷെ ക്രിസ്ത്യൻ , ഇസ്ലാം മതങ്ങളെ പോലെ സൊറാസ്ട്രിയനിസം മിഷനറി മതമായിരിക്കുകയും വെട്ടിപ്പിടിക്കാനും മതം മാറ്റാനും രാജാക്കന്മാർ കൂട്ടിനും ഉണ്ടായിരുന്നെങ്കിൽ ഇന്ന് ലോക ജനതയിലെ ഭൂരിഭാഗവും സൊറസ്ട്രിൻമാരാവുമായിരുന്നു എന്നോർക്കുന്നത് രസകരം തന്നെ.
2024, ഏപ്രിൽ 2, ചൊവ്വാഴ്ച
ഇലക്ഷനും ജനങ്ങളും
ഇന്ത്യൻ ജനത ഒരു പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത് . രാജ്യത്തിൻറെ പരമോന്നത സമിതിയിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ആർക്കാണ് വോട്ട് ചെയ്യുക? കഴിഞ്ഞ അഞ്ചു വർഷക്കാലം രാജ്യം ഭരിച്ച ഭരണ കക്ഷിയും അതിനെ എതിർക്കുന്ന പ്രതിപക്ഷ കക്ഷികളും ജനങ്ങളെ തേടി ഇറങ്ങിയിരിക്കുന്നു. ഒരിക്കൽ കൂടി അധികാരത്തിൽ കയറാനും നഷ്ട്ടപെട്ട അധികാരം തിരിച്ചു പിടിക്കാനും അവർക്ക് ജനങ്ങളുടെ കയ്യൊപ്പു വേണം. പതിവ് പോലെ ബിജെപി ഇലക്ഷന്റെ അജണ്ട തീരുമാനിച്ചു കഴിഞ്ഞു. പൗരത്വ നിയമം , കോമൺ സിവിൽ കോഡ് , ക്ഷേത്ര നിർമ്മാണം , കശ്മീർ അങ്ങനെ ഹൈന്ദവ വോട്ടുകൾ കിട്ടുവാൻ ഏതൊക്കെ മാർഗ്ഗമുണ്ടോ അതെല്ലാം ഇലക്ഷൻ അജണ്ടയായി പ്രചാരണ പരിപാടികളിൽ ഇടം പിടിച്ചു കഴിഞ്ഞു. പ്രതിപക്ഷ പാർട്ടികൾക്ക് പ്രത്യേകിച്ച് അജണ്ട ഇല്ല. ബിജെപി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ എതിർക്കുക മാത്രമാണ് അവർ ചെയ്യുന്നത്.
ഇവിടെ ആരും രാഷ്ട്രീയം സംസാരിക്കുന്നില്ല. ബിജെപി ഭരണകാലത്ത് രാജ്യത്തിൻറെ പൊതുവെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടപ്പോഴും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിക്കുകയാണുണ്ടായത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ വളർച്ച, ഇലക്ടറൽ ബോണ്ടുകളിലൂടെ മറിയുന്ന അഴിമതി പണം , കോർപറേറ്റുകൾക്ക് ഭീമമായ നികുതി ഇളവ് നൽകുമ്പോഴും സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറം നികുതി ഏർപ്പെടുത്തൽ , തൊഴിലില്ലായ്മ ,പണപ്പെരുപ്പം ,ഇന്ധന പാചക വാതക വിലവർധന , സ്വജനപക്ഷപാതം, വിമർശനങ്ങളോടുള്ള കാർക്കശ്യം, ദളിത്, ആദിവാസി, കർഷക പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് അങ്ങനെ എത്ര എത്ര പ്രശ്നങ്ങൾ പ്രതിപക്ഷ കക്ഷികൾക്ക് ഉയർത്തി കാണിക്കാനുണ്ട് . എന്നാൽ അവർക്കതിൽ വലിയ താൽപ്പര്യം ഇല്ല. മാത്രവുമല്ല മേല്പറഞ്ഞ വിഷയങ്ങളിൽ ബിജെപിയുടെ നയങ്ങൾ തന്നെയാണ് പ്രതിപക്ഷത്തിന്റെയും . അത്തരം വിഷയങ്ങളിൽ അവർ നടത്തുന്ന പ്രക്ഷോപങ്ങൾ അവർക്കു തന്നെ ബൂമറാങ് ആയി മാറുമെന്ന ഭയവും ഉണ്ട് . അതിനാൽ ബിജെപി യെ പോലെ വർഗീയ അജണ്ട തന്നെ പ്രചാരണ ആയുധം ആക്കി മാറ്റുക ആണ് നല്ലതെന്ന് അവർ തിരിച്ചറിയുന്നു. ക്രിസ്ത്യൻ വോട്ടുകളെ ലക്ഷ്യമിട്ട് മണിപ്പൂർ കലാപത്തെ ക്രിസ്ത്യാനികൾക്കെതിരെ ബിജെപി നടത്തുന്ന വംശഹത്യയായി ചിത്രീകരിച്ചു പ്രചാരണം നടത്തിയത് അതിലൊന്നാണ്. മണിപ്പൂരിൽ പീഡിപ്പിക്കപ്പെട്ടത് ക്രിസ്ത്യാനികൾ അല്ലെന്നും, അതൊരാദിവാസി പ്രശ്നമാണെന്നും പീഡിപ്പിക്കപ്പെട്ട ആദിവാസികളുടെ മതം മാത്രമായിരുന്നു ക്രിസ്തുമതം എന്നും ക്രിസ്ത്യാനികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞതോടെ ആ പ്രശനം കെട്ടടങ്ങി. ആദിവാസികളുടെ കാര്യത്തിൽ ഇടപെട്ടതുകൊണ്ട് കാര്യമായ രാഷ്ട്രീയ ലാഭം ഇല്ല എന്നതിനാൽ ഭരണപക്ഷവും പ്രതിപക്ഷവും സമർത്ഥമായി അതിൽ നിന്ന് തലയൂരി.
മുസ്ലീങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് വോട്ട് നേടാനുള്ള ശ്രമവും പരാജയത്തിൽ ആണ് കലാശിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലീങ്ങളെ ഈ നാട്ടിൽ നിന്നും തുരത്താൻ പോകുന്നു എന്ന പ്രചാരണം അഴിച്ചുവിട്ടിരിക്കുക ആണ് . നാടുമുഴുവൻ ആ രീതിയിൽ പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നു. നമ്മുടെ അയൽപക്ക ഇസ്ലാമിക രാജ്യങ്ങളിൽ നിലനിക്കുന്ന കടുത്ത മതനിയമങ്ങൾ മൂലം പീഡന പർവ്വങ്ങൾ താണ്ടി ഇന്ത്യയിലേക്ക് വന്നിട്ടുള്ള ഇസ്ലാം ഇതര മതക്കാർക്ക് പൗരത്വം കൊടുക്കാൻ രാജ്യം തീരുമാനിച്ചു. എന്നാൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ രാഷ്ട്രീയ കാരണങ്ങളാൽ വന്നിട്ടുള്ള ഇസ്ലാം വിഭാഗത്തിൽ പെടുന്നവരെ അഭയാർഥികളായി കാണാനും അവരെ ആ രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വവുമായി ചർച്ച ചെയ്തു തിരിച്ചു വിടാനും ഉള്ള തീരുമാനത്തിൽ എന്ത് വർഗീയത ആണുള്ളത് ? ഇത് തന്നെ അല്ലെ ശ്രീലങ്കൻ തമിഴരുടെ കാര്യത്തിലും ഇന്ത്യ ചെയ്തത്?
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ബിജെപി യെ ശരിയായ രാഷ്ട്രീയം പറയാൻ നിർബന്ധിക്കുക ആണ് വേണ്ടത് . വർഗീയ ചേരിതിരിവുകൾ ആയുധം ആക്കി മാറ്റാതെ രാജ്യത്തെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നങ്ങൾക്ക് വേണ്ടി നിലകൊള്ളണം. അഴിമതിയെ വിമർശിക്കുമ്പോൾ സ്വയം അഴിമതിക്കാരായി മാറാതെ നോക്കണം. അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് നോട്ടീസുകൾ ലഭിക്കുമ്പോൾ അതിനെതിരെ മുഖം തിരിക്കാതെ നിയമപരമായി അതിനെ എതിർക്കുകയും തെളിവ് സഹിതം നിരാകരിക്കുകയും വേണം. അല്ലാതെ ജയിലിൽ കിടന്നു കൊണ്ട് ഭരിക്കുമെന്നും ജനങ്ങളുടെ കോടതിയിൽ ഇതിനു സമാധാനം പറയും എന്നും പറയുന്നത് അഴിമതി ചെയ്തു എന്ന് ഊന്നി പറയുന്നതിന് തുല്യമാണ്. മത്സരിക്കുന്ന പാർട്ടികൾക്ക് അവരവരുടെ രാക്ഷ്ട്രീയ നയങ്ങളിൽ വിശ്വാസം വേണം. സിനിമാ നടന്മാരെ മത്സരത്തിനിരറക്കി വോട്ട് നേടാൻ ശ്രമിക്കുന്നതും ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നതും, ഒരു സഭയിലെ കാലാവധി തീരാതെ മറ്റൊരു സഭയിലേക്ക് മത്സരിക്കുന്നതും രാഷ്ട്രീയ പാപ്പരത്തവും രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്നതിനു തുല്യവും ആണ്. ജീവനുള്ള ജനാധിപത്യത്തിന്റെ ശബ്ദം ആയി മാറേണ്ടത് എന്നും പ്രതിപക്ഷം ആണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)