2024, ഏപ്രിൽ 2, ചൊവ്വാഴ്ച

ഇലക്ഷനും ജനങ്ങളും

ഇന്ത്യൻ ജനത ഒരു പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത് . രാജ്യത്തിൻറെ പരമോന്നത സമിതിയിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ആർക്കാണ് വോട്ട് ചെയ്യുക? കഴിഞ്ഞ അഞ്ചു വർഷക്കാലം രാജ്യം ഭരിച്ച ഭരണ കക്ഷിയും അതിനെ എതിർക്കുന്ന പ്രതിപക്ഷ കക്ഷികളും ജനങ്ങളെ തേടി ഇറങ്ങിയിരിക്കുന്നു. ഒരിക്കൽ കൂടി അധികാരത്തിൽ കയറാനും നഷ്ട്ടപെട്ട അധികാരം തിരിച്ചു പിടിക്കാനും അവർക്ക് ജനങ്ങളുടെ കയ്യൊപ്പു വേണം. പതിവ് പോലെ ബിജെപി ഇലക്ഷന്റെ അജണ്ട തീരുമാനിച്ചു കഴിഞ്ഞു. പൗരത്വ നിയമം , കോമൺ സിവിൽ കോഡ് , ക്ഷേത്ര നിർമ്മാണം , കശ്മീർ അങ്ങനെ ഹൈന്ദവ വോട്ടുകൾ കിട്ടുവാൻ ഏതൊക്കെ മാർഗ്ഗമുണ്ടോ അതെല്ലാം ഇലക്ഷൻ അജണ്ടയായി പ്രചാരണ പരിപാടികളിൽ ഇടം പിടിച്ചു കഴിഞ്ഞു. പ്രതിപക്ഷ പാർട്ടികൾക്ക് പ്രത്യേകിച്ച് അജണ്ട ഇല്ല. ബിജെപി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തെ എതിർക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ഇവിടെ ആരും രാഷ്ട്രീയം സംസാരിക്കുന്നില്ല. ബിജെപി ഭരണകാലത്ത് രാജ്യത്തിൻറെ പൊതുവെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടപ്പോഴും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിക്കുകയാണുണ്ടായത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ വളർച്ച, ഇലക്ടറൽ ബോണ്ടുകളിലൂടെ മറിയുന്ന അഴിമതി പണം , കോർപറേറ്റുകൾക്ക് ഭീമമായ നികുതി ഇളവ് നൽകുമ്പോഴും സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറം നികുതി ഏർപ്പെടുത്തൽ , തൊഴിലില്ലായ്മ ,പണപ്പെരുപ്പം ,ഇന്ധന പാചക വാതക വിലവർധന , സ്വജനപക്ഷപാതം, വിമർശനങ്ങളോടുള്ള കാർക്കശ്യം, ദളിത്, ആദിവാസി, കർഷക പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് അങ്ങനെ എത്ര എത്ര പ്രശ്നങ്ങൾ പ്രതിപക്ഷ കക്ഷികൾക്ക് ഉയർത്തി കാണിക്കാനുണ്ട്‌ . എന്നാൽ അവർക്കതിൽ വലിയ താൽപ്പര്യം ഇല്ല. മാത്രവുമല്ല മേല്പറഞ്ഞ വിഷയങ്ങളിൽ ബിജെപിയുടെ നയങ്ങൾ തന്നെയാണ് പ്രതിപക്ഷത്തിന്റെയും . അത്തരം വിഷയങ്ങളിൽ അവർ നടത്തുന്ന പ്രക്ഷോപങ്ങൾ അവർക്കു തന്നെ ബൂമറാങ് ആയി മാറുമെന്ന ഭയവും ഉണ്ട് . അതിനാൽ ബിജെപി യെ പോലെ വർഗീയ അജണ്ട തന്നെ പ്രചാരണ ആയുധം ആക്കി മാറ്റുക ആണ് നല്ലതെന്ന് അവർ തിരിച്ചറിയുന്നു. ക്രിസ്ത്യൻ വോട്ടുകളെ ലക്ഷ്യമിട്ട് മണിപ്പൂർ കലാപത്തെ ക്രിസ്ത്യാനികൾക്കെതിരെ ബിജെപി നടത്തുന്ന വംശഹത്യയായി ചിത്രീകരിച്ചു പ്രചാരണം നടത്തിയത് അതിലൊന്നാണ്. മണിപ്പൂരിൽ പീഡിപ്പിക്കപ്പെട്ടത് ക്രിസ്ത്യാനികൾ അല്ലെന്നും, അതൊരാദിവാസി പ്രശ്നമാണെന്നും പീഡിപ്പിക്കപ്പെട്ട ആദിവാസികളുടെ മതം മാത്രമായിരുന്നു ക്രിസ്തുമതം എന്നും ക്രിസ്ത്യാനികൾക്ക് തിരിച്ചറിയാൻ കഴിഞ്ഞതോടെ ആ പ്രശനം കെട്ടടങ്ങി. ആദിവാസികളുടെ കാര്യത്തിൽ ഇടപെട്ടതുകൊണ്ട് കാര്യമായ രാഷ്ട്രീയ ലാഭം ഇല്ല എന്നതിനാൽ ഭരണപക്ഷവും പ്രതിപക്ഷവും സമർത്ഥമായി അതിൽ നിന്ന് തലയൂരി. മുസ്ലീങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് വോട്ട് നേടാനുള്ള ശ്രമവും പരാജയത്തിൽ ആണ് കലാശിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലീങ്ങളെ ഈ നാട്ടിൽ നിന്നും തുരത്താൻ പോകുന്നു എന്ന പ്രചാരണം അഴിച്ചുവിട്ടിരിക്കുക ആണ് . നാടുമുഴുവൻ ആ രീതിയിൽ പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നു. നമ്മുടെ അയൽപക്ക ഇസ്ലാമിക രാജ്യങ്ങളിൽ നിലനിക്കുന്ന കടുത്ത മതനിയമങ്ങൾ മൂലം പീഡന പർവ്വങ്ങൾ താണ്ടി ഇന്ത്യയിലേക്ക് വന്നിട്ടുള്ള ഇസ്ലാം ഇതര മതക്കാർക്ക് പൗരത്വം കൊടുക്കാൻ രാജ്യം തീരുമാനിച്ചു. എന്നാൽ ഇസ്ലാമിക രാജ്യങ്ങളിൽ നിന്നോ മറ്റു രാജ്യങ്ങളിൽ നിന്നോ രാഷ്ട്രീയ കാരണങ്ങളാൽ വന്നിട്ടുള്ള ഇസ്ലാം വിഭാഗത്തിൽ പെടുന്നവരെ അഭയാർഥികളായി കാണാനും അവരെ ആ രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വവുമായി ചർച്ച ചെയ്തു തിരിച്ചു വിടാനും ഉള്ള തീരുമാനത്തിൽ എന്ത് വർഗീയത ആണുള്ളത് ? ഇത് തന്നെ അല്ലെ ശ്രീലങ്കൻ തമിഴരുടെ കാര്യത്തിലും ഇന്ത്യ ചെയ്തത്? പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ബിജെപി യെ ശരിയായ രാഷ്ട്രീയം പറയാൻ നിർബന്ധിക്കുക ആണ് വേണ്ടത് . വർഗീയ ചേരിതിരിവുകൾ ആയുധം ആക്കി മാറ്റാതെ രാജ്യത്തെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നങ്ങൾക്ക് വേണ്ടി നിലകൊള്ളണം. അഴിമതിയെ വിമർശിക്കുമ്പോൾ സ്വയം അഴിമതിക്കാരായി മാറാതെ നോക്കണം. അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് നോട്ടീസുകൾ ലഭിക്കുമ്പോൾ അതിനെതിരെ മുഖം തിരിക്കാതെ നിയമപരമായി അതിനെ എതിർക്കുകയും തെളിവ് സഹിതം നിരാകരിക്കുകയും വേണം. അല്ലാതെ ജയിലിൽ കിടന്നു കൊണ്ട് ഭരിക്കുമെന്നും ജനങ്ങളുടെ കോടതിയിൽ ഇതിനു സമാധാനം പറയും എന്നും പറയുന്നത് അഴിമതി ചെയ്തു എന്ന് ഊന്നി പറയുന്നതിന് തുല്യമാണ്. മത്സരിക്കുന്ന പാർട്ടികൾക്ക് അവരവരുടെ രാക്ഷ്ട്രീയ നയങ്ങളിൽ വിശ്വാസം വേണം. സിനിമാ നടന്മാരെ മത്സരത്തിനിരറക്കി വോട്ട് നേടാൻ ശ്രമിക്കുന്നതും ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നതും, ഒരു സഭയിലെ കാലാവധി തീരാതെ മറ്റൊരു സഭയിലേക്ക് മത്സരിക്കുന്നതും രാഷ്ട്രീയ പാപ്പരത്തവും രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്നതിനു തുല്യവും ആണ്. ജീവനുള്ള ജനാധിപത്യത്തിന്റെ ശബ്ദം ആയി മാറേണ്ടത് എന്നും പ്രതിപക്ഷം ആണ്.

അഭിപ്രായങ്ങളൊന്നുമില്ല: