2023, ഓഗസ്റ്റ് 5, ശനിയാഴ്‌ച

കമ്മ്യൂണിസവും വർഗീയതയും

സത്യസന്ധമായി പറഞ്ഞാൽ ഷംസീറിന്റേത് ഒരു വർഗീയ പരാമർശം അല്ലെ?ഗണപതി മിത്താണെന്ന് പറഞ്ഞാൽ അത് ഒരു സ്വതന്ത്ര ചിന്താഗതിക്കാരന്റെ ഭാഷയിൽ ശരി ആണ്. എന്നാൽ മറ്റൊരു മതവിശ്വാസി അതും സ്വന്തം മതം പൂർണമായും ശരി ആണെന്ന് ധരിക്കുന്ന ഒരാൾ തീർച്ചയായും പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. ഇത്തരം വിശ്വാസങ്ങളെ അശാസ്ത്രീയം എന്ന് വിശേഷിപ്പിക്കുമെങ്കിൽ എല്ലാ മതങ്ങളും ആ വിശേഷണത്തിൽ വരും. മതങ്ങളിലെ ദൈവ സങ്കല്പം, നരകം സ്വർഗം ഒക്കെ തന്നെ ഒരു തമാശ ആയാണ് മതങ്ങളെ കുറിച്ച് പഠിക്കുമ്പോൾ തോന്നുക. ഫിലോസഫിയും, നരവംശ ശാസ്ത്രവും ഷംസീർ പഠിച്ചു എന്നത് എന്നെ അത്ഭുത പെടുത്തി. അങ്ങനെഎങ്കിൽ അദ്ദേഹം, നമുക്ക് മുൻഗാമികൾ ആയിരുന്ന നീയൊണ്ടേർത്താൽ , ഡെനിസോവൻസ്, ഹോമോ എറിക്ട്‌സ് തുടങ്ങിയ മണ്മറഞ്ഞു പോയ മനുഷ്യവംശങ്ങളെ കുറിച്ചും പഠിച്ചിട്ടുണ്ടാവണം. അത്തരം ഒരു പഠനത്തിന്റെ ഭാഗമായി കാര്യങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ ഇപ്പോഴുള്ള മതങ്ങളും അവയുടെ ദൈവ സങ്കൽപ്പങ്ങളും കേവലം കെട്ട് കഥകൾക്കപ്പുറം ഒന്നും അല്ലെന്ന് മനസിലാകും. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നെഞ്ചുറപ്പോടെ സത്യം പറയുകയും പറഞ്ഞത് മാറ്റി പറയാതിരിക്കുകയും ചെയ്യണമെങ്കിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ജീവിതത്തിൽ സാംശീകരിക്കുകയും ആ ആശയങ്ങൾക്കനുസരിച്ച് ജീവിക്കുകയും വേണം. ഈ ആശയങ്ങൾ ഒട്ടും തന്നെ സാംശീകരിക്കാതെ ജീവിക്കുന്നവരും ഭരിക്കുന്നവരും ആണ് ലോകത്തെല്ലായിടത്തും തന്നെ കമ്മ്യൂണിസത്തെ നാണം കെടുത്തുന്നത്. ഭൗതീകവാദ ആശയങ്ങൾ ആണ് കമ്മ്യൂണിസത്തിന്റെ അടിത്തറ എന്നാണ് മനസിലാക്കുന്നത്. പഥാർഥം ( മാറ്റർ ) ആണ്‌ പരമമായ സത്യമെന്നും ശരീരവും മനസും പഥാർഥതത്തിന്റെ ഡയമെൻഷനുകൾ ആണെന്നും വൈരുദ്ധ്യാത്മകമായ പഥാർഥത്തിന്റെ വളർച്ചയാണ് പ്രപഞ്ചം എന്നും മറ്റാരും വിശ്വസിച്ചില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ എങ്കിലും വിശ്വസിക്കണം. അങ്ങനെ വിശ്വസിക്കാൻ പറ്റില്ലെങ്കിൽ പാർട്ടി അംഗത്വം ഉപേക്ഷിച്ച് അനുഭാവി ആയി മാറുക ആണ് വേണ്ടത് . ഒരു കമ്മ്യൂണിസ്റ്റുകാരൻ ആയി ജീവിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ് . അത് ഭൗതീക വാദത്തിൽ അധിഷ്ഠിതമാണെങ്കിലും മനുഷ്യ സ്നേഹത്തിന്റെയും നന്മയുടെയും വിശുദ്ധിയുടെയും ഒക്കെ പര്യായമായി നിലകൊള്ളുന്നതാണ് . അന്യന്റെ ശബ്ദം സംഗീതമായി ആസ്വദിക്കുന്ന ഒരു കാലം സ്വപ്നം കാണുന്നവർ ആണ് ശരിയായ കമ്മ്യൂണിസ്റ്റുകാർ . സ്വന്തം മതത്തിൽ അടിയുറച്ച് നിൽക്കുകയും ആ മതം മഹത്തരം ആണ് എന്ന് കിട്ടുന്ന അവസരങ്ങളിൽ എല്ലാം പറയുകയും ചെയ്യുന്നയാൾ മറ്റു മതത്തിലെ ദൈവ സങ്കൽപ്പങ്ങളെ അവഹേളിക്കുമ്പോൾ അത് വർഗീയത അല്ലാതെ മറ്റെന്താണ്? മാപ്പ് പറയുക മാത്രം അല്ല വേണ്ടത് ,കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അനുസരിച്ച് ജീവിക്കാൻ സാധ്യം അല്ല എന്ന് മനസിലാക്കി മത വിശ്വാസം അനുസരിച്ച് ജീവിക്കുക ആണ് വേണ്ടത്. ചിലതൊക്കെ നമുക്ക് മാറ്റിയെടുക്കാൻ പറ്റും . എന്നാൽ കുട്ടിക്കാലം മുതൽ ആഴത്തിൽ വേരോടിയ വിശ്വാസങ്ങൾ മാറ്റുക എളുപ്പമല്ല.

അഭിപ്രായങ്ങളൊന്നുമില്ല: