2023, മേയ് 7, ഞായറാഴ്‌ച

കത്തുന്ന മണിപ്പൂർ

നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിലേക്കു ഒരു യാത്ര പോകണം എന്ന വലിയ ആഗ്രഹം മനസ്സിൽ കയറിക്കൂടിയത് വളരെ നാൾ മുമ്പാണ്. സിക്കിമിൽ പോകാൻ പക്ഷെ സാധിച്ചിട്ടുണ്ട്. ഇവയോട് ചേർന്നുള്ള നേപ്പാളും സന്ദർശിക്കാൻ കഴിഞ്ഞു. എന്നാൽ നോർത്ത് ഈസ്റ്റ് ഒരു ബാലീ കേറാമല ആയി തുടരുകയായിരുന്നു. അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങൾ അങ്ങോട്ടുള്ള യാത്ര മാറ്റി വെപ്പിച്ചു. എന്നാൽ ഒരു വിധം യാത്രക്ക് കുഴപ്പമില്ല എന്ന് വിചാരിച്ചിരിക്കുമ്പോൾ ദാ മണിപ്പൂർ വീണ്ടും കത്തുന്നു . ക്രിസ്ത്യൻ ദേവാലയങ്ങൾ തീയിട്ടു നശിപ്പിക്കുന്നു . വംശീയ നിർമാർജനം നടക്കുന്നു എന്ന വിധത്തിൽ ഉള്ള വാർത്തകൾ പുറത്ത് വരുന്നു. എങ്കിൽ മണിപ്പൂരിനെ കുറിച്ച് ഒന്ന് പഠിച്ചുകളയാം എന്ന് കരുതി വായന തുടങ്ങിയപ്പോൾ ആണ് പല പുതിയ കാര്യങ്ങളും അറിയാൻ കഴിയുന്നത്. നമ്മൾ വിചാരിക്കും പോലെ RSS കാർ ക്രിസ്ത്യാനികളെ തല്ലി കൊല്ലുന്ന പ്രശനം അല്ല അവിടെ നടക്കുന്നത്. ഗോത്ര സമൂഹങ്ങൾ തമ്മിലുള്ള ഏറ്റു മുട്ടൽ ആണ് അത്. അതിൽ പെട്ട് പോയവരുടെ കൂട്ടത്തിൽ RSS ഉം ഉണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം ആണ് ഈ ഏറ്റു മുട്ടലുകൾക്ക് പറയുവാനുള്ളത്. മണിപ്പുരിനെ കുറിച്ച് മനസിലാക്കാൻ പ്രധാനമായും മൂന്ന് ഗോത്ര വിഭാഗങ്ങളെ കുറിച്ചറിഞ്ഞിരിക്കണം. ഒന്ന് മെയ്തെയ് വംശക്കാർ , രണ്ട് കുക്കികൾ ,മൂന്ന് നാഗകൾ. ഇവർ കൂടാതെ വേറെയും ഗോത്രക്കാരുണ്ട്. പക്ഷെ ഇവരെ കുറിച്ച് മാത്രം അറിഞ്ഞാൽ മതി ഇപ്പോഴത്തെ അവസ്ഥ മനസിലാക്കാൻ. ഇതിൽ മെയ്തെയ് വംശക്കാർ 17 -ആം നൂറ്റാണ്ടിൽ സനാമഹി എന്ന മതത്തിൽ നിന്ന് ഹിന്ദു മതം സ്വീകരിച്ചവർ ആണ്. imphal അടക്കമുള്ള താഴ്വര ജില്ലകളിലാണ് ഇവരുടെ താമസം. ഇവർ OBC വിഭാഗക്കാരാണ്. കുക്കി നാഗ വിഭാഗക്കാർ പട്ടിക വര്ഗ വിഭാഗത്തിൽ പെടുന്നവരും . ഇവർ എല്ലാവരും തന്നെ ക്രിസ്ത്യൻ മത വിഭാഗക്കാരുമാണ്. ജന സംഖ്യ അടിസ്ഥാനത്തിൽ പറഞ്ഞാൽ 53 % മെയ്തെയ് വിഭാഗക്കാരും, 24% നാഗന്മാരും, 16% കുക്കികളുമാണ്. ശേഷിക്കുന്നത് മറ്റുള്ളവർ. മെയ്തെയ് വിഭാഗക്കാരിൽ തന്നെ പെടുന്നവർ ആണ് മുസ്ലീങ്ങൾ. ഇവരെ pangal എന്ന് വിളിക്കുന്നു. ട്രൈബൽ വിഭാഗക്കാരായ ആളുകൾ 10 ജില്ലകളിൽ അയി മല നിരകളിൽ ആണ് കഴിയുന്നത്. ഇവിടെ ട്രൈബൽസ് അല്ലാത്ത മറ്റുള്ളവർക്ക് സ്ഥലം വാങ്ങിക്കാൻ കഴിയില്ല. താഴ് വരികളിലെ 5 ജില്ലകളിൽ ആണ് 53 % ഉള്ള മെയ്തെയ് വിഭാഗക്കാർ താമസിക്കുന്നത്. ഇതാവട്ടെ ആകെ ഭൂ വിസ്തൃതിയുടെ 10 % ആണെന്നും അവർ പറയുന്നു. തങ്ങൾക്കു കൂടി പട്ടിക വര്ഗ പദവി നൽകണമെന്നും 1949ൽ ഇന്ത്യയിൽ ലയിക്കും വരെ തങ്ങളും പട്ടിക വർഗക്കാർ ആയിരുന്നെന്നും അവർ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ മറ്റു ട്രൈബൽ മേഖലകളിൽ തങ്ങൾക്കും സ്ഥലം വാങ്ങിച്ചു താമസിക്കാൻ കഴിയും എന്നതാണ് അവരുടെ ലക്‌ഷ്യം. സ്ഥിതിഗതികൾ ഇങ്ങനെ ഇരിക്കുമ്പോൾ ആണ് കുക്കി നാഗ വിഭാഗക്കാർ( സ്വാഭാവികമായും ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവരും, സമ്പന്നരും ജോലിയുള്ളവരും ആയ ആളുകൾ ) താഴ് വരകളിൽ സ്ഥലം വാങ്ങി വീട് വച്ച് താമസം തുടങ്ങുന്നത്. ഇത് മെയ്തെയ് വിഭാഗക്കാരെ ചൊടിപ്പിച്ചു. ഇതിന്റെ അനന്തര ഫലം ആണ് അവിടെ നടക്കുന്ന കൊള്ളിവൈപ്പും കൊലപാതകവും. അല്ലാതെ അത് ഒരു മത സംഘട്ടനം അല്ല. ഇതിനൊരു രാഷ്ട്രീയ പരിഹാരം ആണ് കാണേണ്ടത്. മെയ്തെയ് വിഭാഗക്കാർ തങ്ങൾ ഹിന്ദു മതത്തിലേക്ക് മതം മാറി വഞ്ചിക്ക പെട്ടിരിക്കുക ആണ് എന്ന ചിന്തയിൽ ആണ് . 2000 വര്ഷം പഴക്കമുള്ള സനാമാഹി എന്ന മതം പുനർ ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് അവരിപ്പോൾ. ഒരു ഘർ വാപസിക്ക് അവർ ഒരുക്കം കൂട്ടുന്നു. തങ്ങൾ ഹിന്ദുക്കൾ അല്ല എന്നാണ് അവർ പറയുന്നത്. ഇവിടെ RSS ഉം പെട്ടില്ലേ. ഗൂഗിളിൽ തിരഞ്ഞാൽ സനാമാഹി എന്ന മതത്തെ കുറിച്ച് ധാരാളം വായിക്കാം. ലൈനിങ്തോ സനമഹി എന്ന ദേവന്റെ പേരിൽ ആണ് ആ മതം ഉള്ളത്. ഈ ദേവൻ ആകട്ടെ യായ്ബിരേൽ സിഡാബെ എന്ന ദേവന്റെയും ലെയ്മാരേൽ സിഡാബി എന്ന ദേവിയുടെയും മൂത്ത മകനാണ്. മെയ്തെയ് വിഭാഗത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും, ഉണ്ട്. അവർ ഏതു മതത്തിൽ പെട്ടവർ ആയാലും തങ്ങളുടെ വീടുകളിൽ സനമഹി മതത്തിലെ ഈ മൂന്നു ദേവൻ മാരെയും ആരാധിച്ചു പോരുന്നവർ ആണത്രേ . അത് കൊണ്ട് ആ മതം പുനർ ജീവിപ്പിക്കുക അത്ര വിഷമം ഉള്ള കാര്യം അല്ല. കാര്യങ്ങൾ ഈ വിധം ആണെന്നിരിക്കെ ഹിന്ദുക്കൾ ക്രിസ്ത്യാനികളുടെ പള്ളി തീയിട്ടു കത്തിക്കുന്നു എന്ന വിധമുള്ള പ്രചാരണത്തിന് ഒരു അർഥവും ഇല്ല. നോർത്ത് ഈസ്റ്റ് ലേക്കുള്ള യാത്ര വീണ്ടും മാറ്റി വയ്‌ക്കേണ്ടി വരും.

അഭിപ്രായങ്ങളൊന്നുമില്ല: