ശാപ്പാട്ടുരാമന്‍ ആന്‍റ് കമ്പനി

കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....

2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

നമ്മുടെ ദൈവങ്ങൾ

ഈശ്വര വിശ്വാസം മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ ഉണ്ടായിരുന്നു . പ്രകൃതി ശക്തികളുമായി മല്ലടിച്ചു ജീവിതം മുൻപോട്ട് കൊണ്ടുപോകേണ്ടി വന്നപ്പോൾ , കാറ്റും മഴയും മിന്നലും ഇടിയുമെല്ലാം ഓരോ ദേവന്മാരുടെ പേരിലും നമ്മൾ ചാർത്തി കൊടുത്തു. മൃഗങ്ങളും ദൈവങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ദേവ പ്രീതിക്ക് വേണ്ടി നരബലി തന്നെ നമ്മുടെ പൂർവികർ നടത്തി. ദൈവങ്ങളുടെ പേരിൽ പരസ്പരം ചേരി തിരിഞ് ആക്രമിച്ചു. നൂറ്റാണ്ടുകൾ മുന്നോട്ട് വന്നപ്പോൾ നമ്മുടെ അറിവുകൾ വളർന്നു. പുതിയ ചിന്തകൾ കടന്നു വന്നു. പഴയ ദൈവങ്ങളെ നമ്മൾ മാറ്റി. പകരം പുതിയ ദൈവങ്ങൾ .... അഴകും ആരോഗ്യവും ഒത്തു ചേർന്ന ദേവന്മാരു ദേവികളുടെയും രൂപത്തിൽ ….. ലോകത്ത് എല്ലായിടത്തെയും ഇത് തന്നെ ആയിരുന്നു അവസ്ഥ. അപ്പോഴും പക്ഷെ ദൈവത്തിന്റെ പേരിൽ നമ്മൾ കലഹം തുടർന്ന് കൊണ്ടേയിരുന്നു . ആ കലഹം ഇന്ന് പുതിയ രൂപത്തിൽ ഹിംസാത്മകമായി മാറിയിരിക്കുന്നു. യുക്തി ചിന്ത മനുഷ്യന് ജന്മസിദ്ധമായി ലഭിച്ചതാണ്. ഈ യുക്തി ചിന്തയിലൂന്നിയാണ് ശാസ്ത്രംവളർന്നത്.ശാസ്ത്രനേട്ടങ്ങൾനിത്യജീവിതത്തിൽഅനുനിമിഷം പ്രയോജനപ്പെടുത്തുമ്പോഴും നമ്മിൽ പലരിലും ശാസ്ത്ര ബോധം അരികിൽ കൂടിപ്പോലും പോയതായി കാണുന്നില്ല. യുക്തി ഇല്ലായ്മയുടെ ഒന്നാമത്തെ ഉദാഹരണം ആണ് നമ്മുടെ ദൈവ സങ്കല്പംതന്നെ .പ്രധാനപ്പെട്ട മൂന്നു മതങ്ങൾ ആണ് ഇന്ത്യയിൽ ഉള്ളത്. ക്രിസ്തുമതവും, ഇസ്ലാം മതവും, ഹിന്ദു മതവും. മൂന്ന് മതങ്ങളിലും വ്യത്യസ്ത ദൈവങ്ങൾ ആണ് ഉള്ളത്. ഓരോ മതത്തിലെ ദൈവങ്ങളും സർവ വ്യാപിയും, സർവശക്തനും, മനുഷ്യരൂപിയും ആണ്. ക്രിസ്തുമതത്തിലും, ഇസ്ലാം മതത്തിലും ഏക ദൈവ വിശ്വാസം നിലനിൽക്കുമ്പോൾ ഹിന്ദുക്കൾ ആകട്ടെ മുപ്പത്തി മുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവർ ആണ്. അൽപ്പം പോലും യുക്തി ബോധം ഇല്ലാതെ ആണ് എല്ലാ മതസ്ഥരുടെയും ദൈവങ്ങളിൽ ഉള്ള വിശ്വാസം. സാധാരണ ഭാഷയിൽ യുക്തി ചിന്ത എന്നത് നിരീശ്വര വാദം എന്നാണ് നമ്മൾ ധരിക്കുക. എന്നാൽ യുക്തി വാദികൾ നിരീശ്വര വാദികൾ അല്ല. യുക്തി പൂർവം കാര്യങ്ങൾ മനസിലാക്കുന്നവർ ആണ്. പടിഞ്ഞാറൻ യുക്തിവാദ ചിന്തയുടെ ആചാര്യൻ ആയ റെനേ ദേകർത്തെ തുടങ്ങി ഉള്ള ചിന്തകർ എല്ലാം തന്നെ ദൈവത്തിന്റെ അസ്തിത്വത്തെ അടിവരയിടുന്നവർ ആണ്. പക്ഷെ അവരുടെ ദൈവസങ്കല്പം നമ്മുടെ ദൈവസങ്കല്പത്തിൽ നിന്നും വ്യത്യസ്തമാണ്. ആ ദൈവം നമ്മുടെ മുൻനിര ദൈവങ്ങളെപ്പോലെ ശാസിക്കുകയോ , അനുഗ്രഹിക്കുകയോ, ആഹ്ലാദിക്കുകയോ ഒന്നും ചെയ്യില്ല. നമ്മൾ പൂജിച്ചാലും ഇല്ലെങ്കിലും ആ ദൈവം നമ്മളോട് വിരോധം വയ്ക്കില്ല. ദൈവം നാമ രൂപങ്ങൾക്കും അപ്പുറമാണ്. എല്ലാ തരത്തിലുമുള്ള ഗുണങ്ങൾക്കും അതീതമാണ്. അത് പ്രപഞ്ച ശക്തി ആണ്. ആ ശക്തിയെ ആരാധിക്കാൻ ഒരു വഴിയേ ഉള്ളു...പ്രാർത്ഥന അല്ല നല്ല ഇടപെടൽ . അന്യരെ സ്നേഹിച്ചില്ലെങ്കിലും അവരുമായി സഹവർത്തിത്തത്തിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ദൈവത്തോട് ചേർന്ന് നിൽക്കുന്നു. നമ്മുടെ നിലനിപ്പിനു മാത്രമുള്ളത് സ്വീകരിച്ചു എല്ലാവരുമായി വിഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ നാം ദൈവത്തോട് ഒപ്പം ആണുള്ളത് പ്രകൃതിയെ നശിപ്പിക്കാതെ സംരക്ഷിച്ചാൽ നമ്മുടെ ഭാവി ഉറപ്പാക്കി ദൈവവും നമുക്കൊപ്പം ഉണ്ടാവും. ഇത് തന്നെ ആണ് ശങ്കര വേദാന്തത്തിൽ പറയുന്ന നിർഗുണ പരബ്രഹ്മവും. ഒരു ഗുണവും ഇല്ലാത്തതു എന്നല്ല എല്ലാ ഗുണവും ഒരു പോലെ കൂടി ചേർന്നത് വഴി എല്ലാ ഗുണങ്ങൾക്കും അതീതമായി നിലനിൽക്കുന്നത് ആണത് . ഈ ദൈവം പോരെ മനുഷ്യന്. ഇപ്പോഴുള്ള ദൈവങ്ങളെ ഉപേക്ഷിക്കാൻ നമുക്ക് മനസുവരില്ല. അതുകൊണ്ട് നമ്മൾ ആരാധനാ തുടരുക. പക്ഷെ ഈശ്വരനും അള്ളായും , ക്രിസ്തുവും, ബുദ്ധനും ജൈനനും എല്ലാം ഒരേ ദൈവത്തിന്റെ വ്യത്യസ്ത രൂപങ്ങളും നാമങ്ങളും ആണ് എന്ന് മനസിലാക്കാൻ വൈകുന്നിടത്താണ് നമ്മളിലെ വർഗീയ വാദികൾ സജ്ജരാകുന്നത്. നമ്മുടെ ദൈവത്തിൽ വിശ്വസിക്കാത്തവർ എല്ലാം നരകത്തിൽപോകുമെന്നും സത്യ ദൈവം നമ്മുളുടേതു മാത്രമാണെന്നും ആ ലക്ഷ്യത്തിനു വേണ്ടി മറ്റുള്ളവരെ കൊന്നൊടുക്കുന്നത് പുണ്യപ്രവർത്തിയാണ് എന്ന് ചിന്തിക്കുകയും ചെയ്യുന്നത് എന്ത് യുക്തിയുടെ പേരിൽ ആണ്? നമ്മുടെ ഒട്ടു മിക്ക ശാസ്ത്രജ്ഞൻ മാരും , ഡോക്ടർമാരും , അധ്യാപകരും കവികളും വലിയ പണ്ഡിതന്മാരും ഒക്കെ അവരവരുടെ ദൈവത്തിന്റെ അടുത്ത് മാത്രം മുട്ടുകുത്തുന്നവരും ദേവപ്രീതിക്കു വേണ്ടി അധര വ്യായാമം ചെയ്യുന്നവരുമാണ് . യുക്തി ബോധം ഇല്ലാത്ത ഒരു തലമുറ വളരുന്നത് ഇവരുടെ ശിക്ഷണത്തിലാണ് . കൃത്യമായ ഇടവേളകളിൽ മാത്രം ദൈവത്തോട് പ്രാർത്ഥിക്കാതെ ജീവിതം തന്നെ ഒരു പ്രാർത്ഥന ആക്കി മാറ്റുക ആണ് വേണ്ടത്.
പോസ്റ്റ് ചെയ്തത് kpv ല്‍ 10:03 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2021, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

വിറളി പിടിപ്പിക്കുന്ന മത ബോധം

നമ്മുടെ കൊച്ചുകേരളത്തിൽ നടക്കുന്ന സംഭവങ്ങൾ വളരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ തന്നെ . കടുത്ത മത ബോധത്തിന്റെ അടിമകളായി മാറിയിരിക്കുകയാണ് ഇന്ന് കേരളീയരിൽ നല്ല പങ്കും . ആലോചിക്കുമ്പോൾ നാണക്കേട് തന്നെ . കേരളം ആണത്രേ കേരളം . നമുക്ക് എന്നും ഒരഹങ്കാരം ഉണ്ടായിരുന്നു . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ ഒരു കൊമ്പുണ്ടെന്ന ചിന്ത . ഏറ്റവും വിദ്യാഭ്യാസം ഉള്ള ആളുകൾ വസിക്കുന്ന സ്ഥലം . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ അമ്പതു വർഷം മുമ്പിൽ . എന്നിട്ടോ ...എല്ലാം വെറും കുമിളകൾ എന്ന് തെളിഞ്ഞില്ലേ .സത്യം ഇതാണ്. നമ്മൾ പഠിച്ച വിഡ്ഢികൾ . ഒരു ജോലിക്കു വേണ്ടി പഠിച്ചു . ജോലി കിട്ടി , സമ്പത്തു വന്നു . ശേഷം വർഗീയ കോമരങ്ങൾ ആയി മാറി . ഒന്നും മനസിലാക്കിയില്ല . ചെറിയ ഒരു വാക്കിൽ ഇളകി തെറിക്കുന്ന ബലം മാത്രമേ നമ്മുടെ മത ബോധത്തിനുള്ളു . എല്ലാം ദൈവത്തിന്റെ പേരിൽ . എന്താണ് ദൈവം എന്ന ചിന്ത ഒന്നും ആർക്കും ഇല്ല . ഓരോരുത്തരും അവരവരുടെ മതത്തിലും അവരവരുടെ ദൈവത്തിലും ഉറച്ചു നിൽക്കുന്നു. മറ്റുള്ളവരുടെ ദൈവത്തിൽ അവർക്കു വിശ്വാസം ഇല്ല . എന്ന് മാത്രമല്ല ആ ദൈവത്തിൽ വിശ്വസിച്ചാൽ നരകത്തിൽ പോകുമെന്നും അവർ കരുതുന്നു . ഈ ചിന്ത എല്ലാ മതക്കാർക്കും ഉണ്ട് . യൂട്യൂബിൽ ഒന്ന് പരതിയാൽ മതി കേരളീയന്റെ മത ബോധത്തിന്റെ സാക്ഷ്യപ്പെടുത്തൽ കാണാൻ . ഒരു മത വേദിയിൽ ഒരു ചെറുപ്പക്കാരൻ ചോദിക്കുന്നു . നമ്മുടെ മതത്തിൽ വിശ്ശ്വസിക്കാത്ത അന്യമതത്തിൽ ഉള്ള നന്മ ചെയ്യുന്ന ആൾ സ്വർഗത്തിൽ പോകുമോ ?. മതപണ്ഡിതന്റെ ഉത്തരം പെടുന്നനെ വന്നു . നന്മ ചെയ്യുന്നവർ ഉറപ്പായും സ്വർഗത്തിൽ പോകും . എന്നാൽ നന്മ മൂന്നുകാര്യങ്ങളിൽ അധിഷ്ട്ടിതമാണത്രെ . ഒന്ന് സ്രഷ്ട്ടാവിലുള്ള വിശ്വാസം . രണ്ടും മൂന്നും കേൾക്കാൻ ഞാൻ നിന്നില്ല . മറ്റൊരിക്കൽ ഒരു കൂട്ടം പൊന്തകൊസ്തുകാർ ഒരു പാവം സ്ത്രീയെ ട്രെയിനിൽ വച്ച് മതം മാറ്റാൻ ശ്രമിക്കുന്നതു കണ്ടു . അവർ ക്രിസ്ത്യാനി ആണ് . എന്നാൽ അവർ ഇപ്പോൾ നിൽക്കുന്ന ക്രിസ്തുമതത്തിൽ യേശുവിനെ അറിയാൻ കഴിയില്ലത്രേ ! ഈ വിധം പോകുന്ന എത്ര എത്ര സംഭവങ്ങൾ . സെമറ്റിക് മതങ്ങളുടെ ഒരു പ്രത്യേകത ആണിത് . ഞാനല്ലാതെ മറ്റു ദൈവങ്ങൾ നിനക്കുണ്ടാവരുത് . കടുത്ത ശാസനം തന്നെ കൊടുത്തിരിക്കുക ആണ് . ആരാണ് ദൈവം? മറ്റുള്ളവരെ തമ്മിൽ അടിപ്പിക്കുന്ന ഒരു യുദ്ധപ്രഭുവോ? . ദിവസം മുഴുവനും നമ്മുടെ പ്രാർത്ഥനകൾ ആവശ്യപ്പെടുന്ന മുഖസ്തുതി ഇഷ്ട്ടപെടുന്ന ആളാണോ ദൈവം? നമ്മൾ പ്രീതിപ്പെടുത്തിയാൽ ശത്രുക്കളെ നിഗ്രഹിക്കാൻ ഇറങ്ങിപുറപ്പെടുന്ന ഒരു ഗുണ്ടയെപ്പോലെ ആണോ ദൈവത്തെ നിങ്ങൾ കാണുന്നത് ? കഷ്ട്ടം തന്നെ . അൽപ്പം യുക്തി വേണ്ടേ ചിന്തയിൽ ? ദൈവം സർവ്വ ശക്തനാണ് . സർവ്വവ്യാപിയാണ് . അതുല്യനാണ് .സമ്മതിച്ചോ ? എങ്കിൽ അനേകം ദൈവം ഉണ്ടാകാമോ ? ഒരു ദൈവം അല്ലെ ഉണ്ടാവൂ? ഉണ്ടാവാൻ തരമുള്ളു? പിന്നെ നിങ്ങളുടെ മതത്തിൽ പറയുന്ന ദൈവം ആണ് യഥാർത്ഥ ദൈവം എന്ന് നിങ്ങൾ എങ്ങിനെ അറിഞ്ഞു ? ഇപ്പോൾ നിങ്ങൾ ദൈവം എന്ന് കരുതി പോരുന്ന രൂപം എത്രവർഷക്കാലമായി ഈ രൂപത്തിൽ നിൽക്കാൻ തുടങ്ങിയിട്ട് ? അല്ല മനുഷ്യനെത്ര വയസായി ? ഭൂമിക്കോ ? ഭൂമി എങ്ങിനെ ഉണ്ടായി ? നിങ്ങൾ കരുതും പോലെ ദൈവം സ്രഷ്ട്ടിച്ചതോ ? എങ്കിൽ എന്ന്? ഇന്നത്തെ ഹോമോസാപിയൻ ഉണ്ടായിട്ടു രണ്ടരക്കോടി വർഷമേ ആയിട്ടുള്ളു എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട് . ഹോമോ ഇറക്ടസും , നിഅണ്ടർത്താൽ മനുഷ്യനും ഒക്കെ മനുഷ്യവർഗത്തിൽ തന്നെ പിറന്നവർ ആണ് . നിങ്ങളെ പോലെ കയ്യും കാലും മുഖവും ഒക്കെ ഉള്ളവർ . അവസാനത്തെ ഇതര മനുഷ്യ ജീവികൾ പതിനായിരം വർഷം മുമ്പ് വരെ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് ഫോസ്സിലുകളുടെ പഠനം തെളിവ് നൽകുന്നു . നിങ്ങൾക്ക് അതൊന്നും പ്രശനം അല്ല . വളരെ വൈകി മാത്രം ഭൂമിയിൽ അവതരിച്ച ഹോമോസാപ്പിയൻ എന്ന നിങ്ങൾ ദൈവത്തിന്റെ തനി രൂപത്തിൽ സ്രഷ്ട്ടിക്ക പെട്ടവരാണെങ്കിൽ അതിനു മുമ്പ് മനുഷ്യരായിരുന്നവർ ആരുടെ രൂപത്തിൽ ? സത്യം ഇതാണ് . നിങ്ങൾ ഇപ്പോൾ ദൈവം എന്ന് കരുതുന്നതല്ല യഥാർത്ഥ ദൈവം . ഇനി അതാണ് യഥാർത്ഥ ദൈവം എങ്കിൽ നിങ്ങൾ മനസിലാക്കുന്ന ഗുണമല്ല ആ ദൈവത്തിനുള്ളത് . നിങ്ങളുടെ പ്രാർത്ഥനയും ഹോമവും ഒന്നും ആ ദൈവത്തിന് ആവശ്യമില്ല . സർവ ഗുണങ്ങൾക്കും മേലെ ആണ് ദൈവം . നിങ്ങളുടെ ചെറിയ അളവ് കോലുകൊണ്ടു ദൈവത്തെ അളക്കാൻ ശ്രമിക്കരുത് . രണ്ടരക്കോടി വർഷം ആണ് മനുഷ്യന്റെ ഇതുവരെയുള്ള ആയുസ്. മനുഷ്യൻ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ കാരണം ഒരയ്യായിരം വർഷത്തെ അതിജീവിക്കാൻ ഇനി മനുഷ്യന് കഴിയില്ല . നിങ്ങളുടെ പ്രവർത്തികൾ അതിനു വേഗത വർധിപ്പിക്കാനെ ഉപകരിക്കൂ . ശാന്തമായി ജീവിക്കൂ . നിങ്ങൾക്ക് ഒരു ദൈവത്തിൽ വിശ്വസിച്ചാലേ സമാധാന ജീവിതം സാധ്യമാവൂ എങ്കിൽ അങ്ങനെ ആവട്ടെ . മറ്റുള്ളവരെ മതം മാറ്റുന്നത് നിർത്തൂ. നിങ്ങളുടെ ദൈവത്തിന്റെ അധികാരം മറ്റുള്ളവരിലേക്കും വ്യാപിപ്പിക്കാതിരിക്കൂ. സ്വന്തം വിഡ്ഢിത്തത്തിന്റെ കാവൽക്കാരായി തുടരൂ . കേരളത്തെ വെറുതെവിടൂ.
പോസ്റ്റ് ചെയ്തത് kpv ല്‍ 8:57 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

കൊറോണക്കാലവും കുറെ ഓണസ്മരണകളും

 2020 ലെ ഓണം ഏതാണ്ട് തീരുമാനം ആയി. സോപ്പിട്ട്,മാസ്ക്കിട്ട് ,ഗ്യാപ്പിട്ട് ഓണം ആഘോഷിക്കാൻ സർക്കാർ അനുവാദം തന്നു കഴിഞ്ഞു. അതായത് ഓണത്തിന്റെ ആഘോഷങ്ങൾ ഇല്ലാതെ അവരവർ അവരവരുടെ  വീട്ടിൽ മാസ്കിടാതെ ,ഗ്യാപ്പിടാതെ ,സോപ്പിടാതെ ഓണം ആഘോഷിക്കാം.  അത്രകണ്ട് കൊറോണ  നമ്മുടെ സാമൂഹിക ജീവിതത്തെ ബാധിച്ച് കഴിഞ്ഞു. എങ്കിലും നമുക്ക് പരിഭവം ഇല്ല. കഴിഞ്ഞ രണ്ടു വർഷവും നമ്മൾ ഓണം ആഘോഷിച്ചില്ല. 2018 ലും , 2019 ലും വന്ന പ്രളയങ്ങൾ  നമുക്ക് പുതിയ പുതിയ അനുഭവങ്ങൾ തന്നു. പുതിയ പാഠങ്ങൾ  പഠിപ്പിച്ചു . പക്ഷെ അപ്പോഴും സാമൂഹിക ജീവിതം നമുക്ക് അന്യമായിരുന്നില്ല. എന്നാൽ കൊറോണ അതും നമ്മിൽ നിന്ന് തട്ടിയെടുത്തു . എങ്കിലും നമുക്ക് പരിഭവം ഇല്ല. സന്തോഷത്തോടെ ഓരോ മലയാളിയും ഓണം ആഘോഷിക്കാൻ തയ്യാറായിക്കഴിഞ്ഞു. മനസ്സിൽ ആയിരം ആർപ്പുവിളികളും ആയി നമ്മൾ മാവേലി വാണിരുന്ന ആ പഴയ കാലം ഓർത്തെടുക്കുന്നു. പ്രജകളെ കാണാൻ പാതാളത്തിൽ നിന്ന് വരുന്ന മാവേലിയെ ഓൺലൈൻ ആയി വരവേൽക്കാൻ നമ്മൾ തയ്യാറായി കഴിഞ്ഞു. ജാതി വ്യത്യാസം ഇല്ലാതെ എല്ലാ മലയാളിയും ഓണം ആഘോഷിക്കും. എവിടെ ആയിരുന്നാലും. കേരളത്തിന് പുറത്തായാൽ മലയാളിക്ക് ഓണം ഒരു ഗൃഹാതുരത്വമായി  അനുഭവപ്പെടും. വർധിച്ച ആവേശത്തോടെ ആയിരിക്കും അപ്പോൾ ഓണം ആഘോഷിക്കുന്നത് .

 

സത്യത്തിൽ എന്താണ് ഓണം? എന്നാണു കേരളീയർ ഓണാഘോഷം തുടങ്ങിയത്? ശരിക്കും ആരാണ് മാവേലി? വാമനൻ  തന്റെ ആദ്യ പാദത്താൽ  ഭൂമിയും രണ്ടാം പദത്താൽ ആകാശവും അളന്നു. മൂന്നാമത്തെ അടി എവിടെ അളക്കണം എന്ന് ചോദിച്ചപ്പോൾ തലയും കാണിച്ച് കൊടുത്തു മഹാബലി എന്നാണു കഥ. അത് സത്യമാണെങ്കിൽ മഹാബലി കേരളത്തിന്റെ മാത്രം രാജാവായിരിക്കില്ലല്ലോ .ലോകത്തിന്റെ മുഴുവനും ആയിരിക്കില്ലേ ? . പിന്നെ ഈ കേരളം മാത്രം എന്ത് കൊണ്ട് മഹാബലി സന്ദർശിക്കുന്നു? എന്ത് കൊണ്ട് തൊട്ടടുത്ത തമിഴ് നാട്ടുകാരും കന്നടക്കാരും ഓണം ആഘോഷിക്കുന്നില്ല ? ഇത്തരം ചോദ്യങ്ങൾ ഒന്നും നമ്മൾ ചോദിക്കാറില്ല. കാരണം ഓണം നമുക്ക് ഒരു വികാരം ആണ്. അതിന്റെ പേരിൽ അൽപ്പം അന്ധവിശ്വാസം സഹിക്കേണ്ടി വന്നാൽ അതിനും നമ്മൾ തയ്യാറാണ്. 

AD 800 ൽ കുലശേഖര പെരുമാളിന്റെ കാലം മുതലാണ് നമ്മൾ ഓണം ആഘോഷിച്ചു വരുന്നത് എന്ന് പറയപ്പെടുന്നു. എന്നാൽ കേരളത്തിന്റെ ചരിത്രം ചികഞ്ഞു  പോകുമ്പോൾ നമുക്ക് കാണാം പ്രാചീന കേരളം ഒരിക്കലും ഒരു കേന്ദ്രികൃത ഭരണത്തിന് കീഴിൽ വന്നിരുന്നില്ല എന്ന്. അഥവാ കേരളം എന്നത് ഏതാണ്ട് തീരപ്രദേശം മാത്രമായ ഒരു ഭൂപ്രദേശം ആയിരുന്നെന്നും. കൊടും കാടുകൾ നിറഞ്ഞ മലനാട്ടിലും ഇടനാട്ടിലും ജനപഥങ്ങൾ നന്നേ കുറവായിരുന്നു എന്നും നമുക്കറിയാം.

എങ്കിലും കേരളത്തിന്റെ മുക്കിലും മൂലയിലും വ്യത്യസ്ത രാജഭരണത്തിനു കീഴിൽ നമ്മൾ മലയാളികൾ ഓണം ആഘോഷിച്ചു.  വ്യത്യസ്തത ജാതി രാഷ്ട്രിയങ്ങളിൽ പദമൂന്നിയിരുന്നെങ്കിലും നമ്മുടെ ഇടയിൽ സാഹോദര്യം നില നിന്നിരുന്നു. ഓണക്കാലത്തെങ്കിലും. എന്നാൽ കാലം മാറി കഥ മാറി. ജീവിതത്തിന്റെ നിസാരത്വം എത്ര എന്ന് കൊറോണ നമുക്ക് കാണിച്ച് തന്ന ഈ കാലത്തും പരസ്പരം കൊത്തിപ്പറിക്കാൻ തയ്യാറായി നിൽക്കുകയാണ് നമ്മൾ. എങ്കിലും ഇനിയും വറ്റാത്ത നന്മയുടെ ഉറവകൾ അവശേഷിച്ചിട്ടുണ്ടാവും എന്ന വിശ്വാസത്തിൽ ഏവർക്കും ഓണാശംസകൾ.

പോസ്റ്റ് ചെയ്തത് kpv ല്‍ 9:37 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക

2020, ജൂലൈ 26, ഞായറാഴ്‌ച

ഹോമിയോപ്പതിയും കോവിട് പ്രതിരോധവും.

                            

              

    Arsenicum Album അരങ്ങ് വാഴുക ആണ്. അവസാനം രാജേഷ് ഡോക്ടർ കൂടി വന്നു സാക്ഷ്യം പറഞ്ഞു. പടിയാർ കോളജിലെ ഡോക്ടറും രംഗത്ത് വന്നു. കൊറോണ വയറസിനെ  Arsenic Alb തുരത്തുമോ എന്നത് എല്ലാവരുടെയും സംശയം ആണ്.ചിലരൊക്കെ മരുന്ന് കഴിച്ചു, ചിലർ ഇനിയും കഴിക്കാൻ ഇരിക്കുന്നു.മറ്റ് ചിലർ മരിച്ചെന്ന് പറഞ്ഞാലും കഴിക്കാൻ തയ്യാറുമല്ല .

    English വൈദ്യം പിന്തുടരുന്നവർ എന്നും ഹോമിയോപ്പതിയെ പുച്ഛിച്ചിട്ടെ ഉളളൂ..No action ,no reaction എന്നാണ് അവരുടെ വിലയിരുത്തൽ.  

    എന്താണ് സത്യത്തിൽ Arsenic Alb?.

    എലിവിഷം ആയും   ഉപയോഗിക്കുന്ന ഒരു കെമിക്കൽ ആണ് Arsenic Alb. അത് കൊണ്ട് അത് ഉപയോഗിച്ചാൽ മാരക രോഗം വരും, വിഷമാണ് എന്നൊക്കെ അലോപ്പതിക്കാർ  പറയുമെങ്കിലും അതിൽ കാര്യം ഇല്ല ,കഴമ്പില്ല.കാരണം ഹോമിയോപ്പതി രീതിയിൽ potentise ചെയ്താണ് ഇത് ഉപയോഗിക്കുന്നത് . 12 X എന്ന് പറയുന്ന potency ക്ക് അപ്പുറം ആ മരുന്നിന്റെ ഒരു ആറ്റം പോലുമില്ല. 13 X, 14 X......... അങ്ങനെ പോയി 100 ന്റെ potency യിൽ  1, 2, 3 അങ്ങനെ വന്ന്‌ 30 potency ആണ്   കോവിട് പ്രതിരോധം ആയി ഉപയോഗിക്കാൻ ആവശ്യപ്പെടുന്നത്. അത് കൊണ്ട് തന്നെ വിഷമാണ് എന്ന പേടി വേണ്ടാ. കൊടിയ വിഷം നേരിട്ട് കലക്കി കൊടുക്കുന്ന അലോപ്പതിക്കാർ ആണ് ഇത് പറയുന്നതെന്ന് ഓർക്കണം.

    വയറസിന്  അലോപ്പതിയിൽ വാക്‌സിനോ, മരുന്നോ ഇല്ല. പിന്നെ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ complications management ആണ് അലോപ്പതിയിൽ ചെയ്യുന്നത് . ശ്വസന തടസം വന്നാൽ മാറ്റുക, പനി , ചുമ എന്നിവ  കുറയ്ക്കുക, അങ്ങനെ ഒക്കെ..ശരീരം രോഗാണുക്കളോട് പൊരുതി വിജയിക്കും വരെ body കാക്കുക. അതാണ് അലോപ്പതി ചെയ്യുന്നത്. ബോഡി പരാചയപ്പെട്ടാൽ ശാസ്ത്രീയമായി സംസ്കരിക്കുക. തീർന്നു. മരുന്നുണ്ട് ഞങ്ങൾ ചികത്സിക്കാം എന്ന് പറയുന്ന മറ്റൊരു ചികിത്സക്കാരെയും അവർ അടുപ്പിക്കില്ല.

    ഇപ്പുറത്ത് ഹോമിയോക്കാരുടെ വാദം തങ്ങളുടെ കയ്യിൽ എല്ലാ രോഗത്തിനും മരുന്നുണ്ട് എന്നാണ്. അത് കേൾക്കുമ്പോൾ അലോപ്പതിക്കാർക്ക് ഹാലിളകും. എന്നാൽ  അലോപ്പതിക്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും സത്യം ഇതാണ് ഹോമിയോയിൽ ഇപ്പൊൾ ഉള്ള രോഗത്തിന് മാത്രമല്ല ഇനി വരാനിരിക്കുന്ന രോഗത്തിന് കൂടി മരുന്നുണ്ട് എന്നാണ്. കാരണം ഹോമിയോപ്പതി രോഗത്തിന് ചികിത്സിക്കുന്നില്ല. രോഗം ബാധിച്ച വ്യക്തിയുടെ തകരാറിലായ ജീവ ശക്തിയെ  ആരോഗ്യത്തിലേക്ക് കൊണ്ടുവരുക  ആണ്  ചെയ്യുന്നത്. അതായത് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നു. ഒരു ഹോമിയോ മരുന്നും രോഗം ഭേദം ആക്കില്ല. ശരീരം ആണ് രോഗം ഭേദം ആക്കുന്നത്.ഹോമിയോ മരുന്ന് ഇക്കാര്യത്തിൽ ശരീരത്തെ സഹായിക്കുക മാത്രമാണു് ചെയ്യുന്നത്. അത് കൊണ്ടാണ് ഏതു രോഗത്തെയും ഹോമിയോപ്പതിയിൽ  കൈകാര്യം ചെയ്യാം എന്ന് പറയുന്നത്.

    ഹോമിയോപ്പതി ഇംഗ്ലീഷ് വൈദ്യം പോലെ പ്രവർത്തിക്കുന്ന ഒരു ചികിത്സാ സമ്പ്രദായം അല്ല. ഒരു പനി വന്നാൽ അലോപ്പതി വൈദ്യം എല്ലാവർക്കും ഒരു മരുന്നാണ് കൊടുക്കുന്നത്. കാരണം അവർ രോഗത്തെ ആണ് ചികിത്സിക്കുന്നത്. എല്ലാവർക്കും ഒരേ രോഗം ആണ്- പനി .അത് കൊണ്ട് ഒരേ മരുന്ന് മതി. ഒരു 10 മരുന്നും അൽപം മെഡിക്കൽ പരിജ്ഞാനവും ഉണ്ടെങ്കിൽ ഒരു നല്ല അലോപ്പതി ഡോക്ടർ ആകാം. എന്നാൽ  ഹോമിയോപ്പതിയിൽ സ്ഥിതി വ്യത്യസ്തം ആണ്. പനിയുമായി 10 പേര് വന്നാൽ 10 പേരുടെയും മാനസിക ശാരീരിക ലക്ഷണങ്ങൾ പഠിച്ചാണ് മരുന്ന്  കൊടുക്കുന്നത് . മാനസിക ലക്ഷണത്തിനാണ് ഹോമിയോപ്പതി കൂടുതൽ വില കൊടുക്കുന്നത്. അപ്പൊൾ 10 മരുന്ന് ആയിരിക്കാം പനിയുമായി  വരുന്ന ഓരോരുത്തർക്കും ലഭിക്കുന്നത്. അങ്ങനെ മിനിമം ഡോസിൽ നൽകുന്ന സിംഗിൾ റെമഡി   രോഗത്തെ ഉറപ്പായി മാറ്റിയിരിക്കും.  അത് ഹാനിമാന്റെ വാക്ക്. എന്നാൽ ബഹു ഭൂരിപക്ഷം  ഹോമിയോ ഡോക്ടർ മാർ ഇതിന് മിനക്കെടാറില്ല. പലർക്കും ആ ചികിത്സാ വേണ്ടത്ര അറിയുകയും ഇല്ല.  അവർ അലോപ്പതി മോഡലിൽ രോഗത്തെ ചികിത്സിക്കും. അത് കൊണ്ടാണ് ഹോമിയോ ഡോക്ടറെ കാണിച്ചു രോഗം വഷളായി ആളുകൾ അലോപ്പതി ഡോക്ടറെ കാണിക്കുന്നത്. പേരുദോഷം ഹോമിയോപ്പതിക്കും . ഒരു മികച്ച സമാന്തര ചികിത്സാ സമ്പ്രദായം എന്ന നിലയിൽ ഹോമിയോപ്പതി വളരാത്തത്തിന് കാരണം MBBS, BDS, BAMS, നഴ്സിംഗ്, Sidha തുടങ്ങിയ കാശുവാരി കോഴ്സുകൾ കിട്ടാത്ത വിദ്യാർഥികൾ ഹോമിയോപ്പതി പഠിക്കാൻ വരുന്നത് കൊണ്ടാണ്. BHMS നാലാം വർഷം പഠിക്കുന്ന കുട്ടികൾ പോലും പനി മാറ്റുന്നത് ആദ്യം ഹോമിയോ മരുന്ന് കഴിക്കുകയും ഫലിക്കാതെ വരുമ്പോൾ  പാരസെറ്റമോൾ കഴിച്ചുമാണ് എന്ന് ചില ഹോമിയോ കോളേജ് വിദ്യാർത്ഥികൾ തന്നെ  എന്നോട്  നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. യശ്ശശരീരനായ ഒരു പ്രശസ്ത ഹോമിയോ ഡോക്ടർ p mol എന്ന മരുന്ന് കുറിച്ചതും എന്റെ നേരറിവാണ്.

    വിഷയം ഹോമിയോപ്പതിയിൽ vaccine ഉണ്ടോ  എന്നതാണ്. ഇക്കാര്യത്തിൽ രണ്ട്  അഭിപ്രായം ഉണ്ട് . ഹാനിമാന്റെ കാലത്ത് Belladonna, Aconite എന്നീ മരുന്നുകൾ പകർച്ചപനിക്ക് preventive medicine ആയി ഉപയോഗിച്ചതായി ഇക്കൂട്ടർ പറയുന്നു. അത് കൊണ്ട് ഹോമിയോപ്പതിയിൽ preventive medicine ഉണ്ട് എന്നാണ് ഇവർ  പറയുന്നത്. Preventive medicine സാധ്യമല്ല കാരണം ഹോമിയോപ്പതി വ്യക്തി അധിഷ്ഠിത ചികിത്സ ആണ്. ഓരോ വ്യക്തിക്കും നൽകേണ്ടത് വ്യക്തിയുടെ മാനസിക ശാരീരിക രോഗ ചിത്രത്തെ മുന്നിൽ കണ്ട് തീരുമാനിക്കുന്ന മരുന്നാണ്. രോഗം വരുന്നതിനു മുമ്പ് എങ്ങനെ രോഗ ചിത്രം നമുക്ക് കിട്ടും. എന്ത് ആധികാരികത ആണ് അതിനുള്ളത്? എന്നാണ് മറുകൂട്ടരുടെ വാദം.

    Dr.Farokh മാസ്റ്റർ എഡിറ്റർ ആയിരുന്ന  Heritage   മാഗസിനിൽ ചിക്കൻ ഗുനിയ വന്ന സമയത്ത് preventive medicine എന്ന വിഷയത്തിൽ ലേഖനം വന്നിരുന്നു. ഒരു പ്രത്യേക പ്രദേശത്ത് ഏറ്റവും കൂടുതൽ രോഗികൾക്ക് ഏതു മരുന്ന് ആണോ കൊടുത്തത് അതാണ് ആ പ്രദേശത്ത് preventive medicine ആയി കൊടുക്കേണ്ടത് എന്ന് വായിച്ചതായി ഓർക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾക്ക് കൊടുത്ത മരുന്ന്  100 ശതമാനം ഉള്ള മറ്റൊരു ഗ്രൂപ്പിൽ കൊടുത്താൽ അപ്പോഴും മുഴുവൻ population കവർ ചെയ്യപ്പെടുന്നില്ല. അപ്പോൾ എങ്ങനെ വിശ്വസനീയ മായ ഒരു പ്രതിരോധ ചികിത്സാ ആകും അത്?

    ഇനി preventive ആയി ഒരു മരുന്ന് ഉപയോഗിക്കണം എങ്കിൽ നമ്മൾ ആ മരുന്ന് കഴിക്കുകയും ആ മരുന്നിന്റെ രോഗ ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ കൃത്രിമമായി പ്രത്യക്ഷപ്പെടുകയും ചെയ്യണം.എന്നാലേ അതേ ലക്ഷണം ഉള്ള രോഗം നമ്മളെ ബാധിക്കാ തെ ഇരിക്കൂ. എന്നാൽ ഒരു  രോഗം ഓരോരുത്തരിലും ഓരോ ലക്ഷണങ്ങൾ സൃഷ്ടിക്കുമെന്ന് ഹോമിയോപ്പതിക്കു തന്നെ നല്ല അറിവുള്ളതാണ്. അപ്പോൾ ആവറേജുകളുടെ അളവ്  ഹോമിയോപ്പതിയിൽ എങ്ങനെ ശരിയാവും? അത് തന്നെ അല്ലെ ഇഗ്ലീഷ്  വൈദ്യം  ?

     ഒരു കൊറോണ രോഗിയെ പോലും നമ്മുടെ പാവം ഹോമിയോ  ഡോക്ടർമാർക്ക്   ചികിത്സിക്കാൻ കിട്ടിയിട്ടില്ല. കൊടുത്തിട്ടില്ല. പിന്നെ എങ്ങനെ ആണ് ഏറ്റവും കൂടുതൽ രോഗികളെ ചികിതസിച്ച മരുന്ന് കണ്ടൂ പിടിക്കുന്നത്?

    ഹോമിയോ  ചികിത്സകാർ Ars Alb നെ preventive ആയി തീരുമാനിച്ചത് പത്രങ്ങളിൽ നിന്നും വായിച്ചറിഞ്ഞ രോഗ ലക്ഷണങ്ങളുടെ വെളിച്ചത്തിൽ ആവണം.

    കേരളത്തിൽ മാത്രം അല്ല, ഇന്ത്യയിൽ, ലോകത്ത് എല്ലായിടത്തും ഹോമിയോ പ്രതിരോധമായും ചികിത്സ ആയും Ars Alb കൊടുത്താൽ മതി എന്ന് പറയുന്നത് വിഡ്ഢിത്തം എന്ന് മാത്രം അല്ല  ഓരോ വ്യക്തിയുടെയും ശാരീരിക മാനസിക ലക്ഷണങ്ങൾ ആയിരിക്കണം ചികിത്സക്ക് ആധാരമാകേണ്ടത്  എന്ന് പഠിപ്പിച്ച ഹാനി മാനോടുള്ള അവഹേളനവും ആയിരിക്കും.

    പിന്നെ Ars Alb പൊതുവെ പത്രത്തിൽ വായിച്ച കൊറോണ ലക്ഷണവും ആയി അടുത്ത് വരുന്നുണ്ട്..കഴിച്ചു എന്ന് വച്ച് ഒരു കുഴപ്പവും ഇല്ല .എന്തെങ്കിലും ഗുണം കിട്ടിയാൽ നമ്മൾ എന്തിനു വേണ്ടന്നു വയ്ക്കണം.

    ഏട്ടിലെ പശു പുല്ലു തിന്നില്ല എന്ന് നമുക്കറിയാം...എന്ന് വച്ച് ഒരു ദിനം ഏട്ടിൽ നിന്ന് പശു ഇറങ്ങി വന്നു പുല്ലു തിന്നാൽ അത് നമ്മൾ സമ്മതിക്കില്ല എന്ന് എന്തിന് പറയണം?  അതിനെ കറന്ന് നമ്മൾ ചായ ഉണ്ടാക്കി കുടിക്കുക തന്നെ വേണം...

    പക്ഷേ കൊറോണക്കെതിരെ നമ്മൾ ഉണരണം. ജീവ ശക്തിയെ ബലപ്പെടുത്തി പ്രതിരോധം തീർക്കണം. അതിനു വേണ്ടത് നല്ല ഭക്ഷണവും, വ്യായാമവും, വിശ്രമവും ഒക്കെ ആണ്.





പോസ്റ്റ് ചെയ്തത് kpv ല്‍ 8:45 AM അഭിപ്രായങ്ങളൊന്നുമില്ല:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: chuttupaadukal

2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച

മലയാളിയും ഫ്രിഡ്ജിന്റെ കവറും..പിന്നെ മറ്റു ചില ഉപായങ്ങളും..

മകളെ  ഇത് കേരളത്തിന്റെ ഭൂപടം..  
ചെകുത്താന്‍  ബ്രാന്‍ഡ്‌ അമ്പാസിടര്‍  ആയ...   ആള്‍ ദൈവങ്ങളുടെ   സ്വന്തം നാട്..  
പാര " ദേശീയ  ചിപ്നം .. പറ്റീര് " ദേശീയ  മിനിമം പരിപാടി.. അവനവനിസം " മൂല മന്ത്രം.

നാടെന്നു കേട്ടാല്‍
ചോര തെളയ്ക്കാന്‍  ബിവറേജ് കോര്‍പറേഷന്‍ തുറക്കണം.  
അതിനു പത്തു മണി വരെ കാക്കണം.. അവിടെ പോകാന്‍ ചില മുന്‍ കരുതലുകള്‍ വേണം.
 ഉച്ചയ്ക്ക്  അര മണിക്കൂര്‍ വെറും വയറ്റില്‍ ഒരേ നില്‍പ്പ് ഒട്ടും തണല്‍ ഇല്ലാത്ത ഏതെങ്കിലും തെരക്കുള്ള  നാലും കൂടിയ കവലയില്‍ പോയി നിന്ന് ഒരാഴ്ച എങ്കിലും പ്രാക്ടിസ് ചെയ്യണം.  (വേണമെങ്കില്‍ ഒരു ഊന്നു വടി ആകാം)
മൌന വൃതം നോക്കണം.  എന്ത് ചോദിച്ചാലും കേട്ടില്ല എന്ന് നടിക്കുന്ന പൊട്ടന്‍ കളി പഠിയ്ക്കണം.
കാരണം അനാദിയായി നീളുന്ന ക്യു"വിന്റെ അവസാനത്ത്  നിന്നും  ഒരു കഷ്വാല്ടി  കുടിയന്‍ വന്നു ചോദിച്ചേക്കാം "ചേട്ടാ ഒരെണ്ണം എനിക്കൂടി വാങ്ങി തരുമോ?"  എന്ന്.

ഇല്ല " എന്നാണു മൊഴിയെങ്കില്‍ അവന്‍ ഉമ്മ ഒരിക്കലും തരില്ല എന്നും അറിയാം  
അപ്പോള്‍ മൌനം കുടിയന് ഭൂഷണം. വീട്ടില്‍ ഇരിക്കുന്ന അമ്മയും അപ്പനും വെറുതെ എന്തിനു തുംമണം!
പത്ര കെട്ടുകള്‍, അല്ലെങ്കില്‍ പഴം തുണി  നേരത്തെ തന്നെ കരുതണം ..
ഇത് സര്‍ക്കാര്‍ തരുന്ന ഒരു സൌജന്ന്യമാണ് അത് പൊതിയാനും മറ്റും പറയുന്നത് രാജ്യ നിന്ദ !  
ഇത്രേം പേരെ ഫ്രീ ആയി ട്രീറ്റ് ചെയ്യുന്നില്ലേ..
എടുത്ത് തരുന്ന സാറിന്റെ ജന്മനാ ഉള്ള നീരസ ഭാവം കാണാതിരിക്കാന്‍ മുഖം കുനിഞ്ഞേ നില്കാവു...അത് കൊണ്ട് വേറൊരു ഗുണവും കൂടി .ചീറി പാഞ്ഞു പോകുന്ന വാഹന നിരകളില്‍ പരിചയക്കാരെ കാണാതെയും ഇരിക്കാം..അല്ലെങ്കില്‍ അവന്‍ അറിയും നമ്മുടെ കയ്യില്‍ സാധനം ഉണ്ടെന്ന്
മടി ശീലയില്‍ ചില്ലറ കരുതണം,..ഇല്ലെങ്കില്‍ വല്ല്യ അറകള്‍ " പോകും.

ഇനി വെളുപ്പിനെ  തന്നെ വേണേല്‍  ബാറിലെ തുപ്പലിനു മുകളില്‍ കൂടി സ്കേറ്റ്  ചെയ്ത്  ഒഴിപ്പുകാരന്റെ  മോന്തേം  മുഷിഞ്ഞ മുഞ്ഞീം  കണ്‍ പാര്‍ത്ത്   എക്സ്പ്രസ് കൌണ്ടറിലെത്തി  മുന്‍‌കൂര്‍ ടിക്കറ്റ് എടുത്ത്  മുട്ടയുടെ ഉളുംബ്  മണക്കുന്ന , വഴു വഴുക്കുന്ന  ചില്ല് ഗ്ലാസിന്റെ വക്കു തൊടാതെ  ഊറ്റി  തരുന്ന അമൃത് നീറ്റായി അടിച്ചേച്ച്  വേണമെങ്കില്‍ തറയിലേക്ക്‌  ഒന്ന് കാര്‍ക്കിച്ചു തുപ്പി തിരികെ  പോരാം..
തിരിഞ്ഞു നോക്കരുത്  ഏതെങ്കിലും ഗുണ്ടയുടെ കൈക്കരുത്ത്  പിറകെ വരാം..
കമ്പി പാര അധോ വദന പ്രവേശം നടത്താം..! 
അല്ലെങ്കില്‍ മൂട്ടില്‍ കൂടി പാര അടിച്ചു കയറ്റുന്ന മാന്ത്രിക വേല 
രാക്ഷസ യുദ്ധങ്ങളില്‍ പോലും കേട്ടിട്ടില്ലാത്ത ആയോധന കല !!

പ്രതി വിധിയായി ഷഡ് ജത്തിനു മുകളില്‍ ഇടാവുന്ന ഹെല്‍മെറ്റ്‌ ഉടന്‍ കമ്പോളത്തില്‍ ഇറങ്ങുന്നു. 
അത്  ഇട്ടിട്ടുണ്ടോ എന്ന് പരിശോധന  വഴി ഇറമ്പില്‍ മാത്രം അല്ല വീട്ടിലും ആകാം  എന്ന നിയമവും വരും.
ഏമ്മാന്മാര്‍ കാശും ഉണ്ടാക്കും..
കാരണം ഓരോ പൌരന്റെയും തലയെക്കാളും വിലയുള്ളതല്ലേ  അധോ ദ്വാരം ..
ഒരു പാരയും കേറാതെ അത് സംരക്ഷിച്ചാല്‍ പാരയുടെ ഉപയോഗവും കുറയും..

ഇനിയൊരു ദ്രിശ്യാവിഷ്കാരം  .
അയലത്തെ മാത്തു കുട്ടിച്ചാനും അമ്മാമ്മേം പിള്ളാരും കൂടി മസ്കറ്റില്‍ നിന്നും അവധിക്കു വന്നു.  പെമ്പിള്ളാര്‍ മുന്നും അമ്മാമ്മേം കൂടി അച്ഛാനെ നിലത്തു നിര്‍ത്താതെ നിര്‍ബന്ധം അവര്‍ക്ക് വലിയ തുണി  സ്വര്‍ണ കടയില്‍ പോയി ഷോപ്പ് ചെയ്യണം.  സഹിക്ക വയ്യാതെ അച്ചാന്‍ പറഞ്ഞു 
"ശരി നിങ്ങള്‍ ഒരുങ്ങിക്കോളൂ  ഞാന്‍ പോയി ഒരു വലിയ ഫ്രിഡ്ജ് വാങ്ങി വരാം."
എല്ലാവരും ഞെട്ടി. ഇതെന്നാ പൊല്ലാപ്പാ ..ഇവിടെ ഉഗ്രന്‍ സാന്യോ ഒരെണ്ണം ഇരിക്കുന്നു..തുണി മേടിക്കാന്‍ പറയുമ്പം ഫ്രിഡ്ജ് വാങ്ങുന്ന തന്ത്രം ...
സംശയം തീര്‍ക്കാന്‍ മകള്‍ ചോദിച്ചു "അപ്പാ ..ആര്‍ക്കെങ്കിലും ഗിഫ്റ്റ് കൊടുക്കാനാണോ "

നിസ്സംശയം അച്ചാന്‍ പറഞ്ഞു " അല്ല ..ഫ്രിട്ജു  വാങ്ങുമ്പോള്‍ കിട്ടുന്ന  വലിയ കാര്ടന്‍ കവര്‍ എടുക്കാനാ...
അത് തന്നെ കിട്ടില്ലല്ലോ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍..തുണി കടയില്‍ പോകുമ്പോള്‍ അതും കൂടി കൊണ്ട് പോകാം ..ഡ്രെസ്സുകള്‍  ഇട്ടു നോക്കാന്‍ നിങ്ങള്ക്ക്   അതിനകത്ത് കയറാം ..വെറുതെ എന്തിനാ നമ്മള്‍ കടയില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പേ നിന്റെം അമ്മേടേം ഒക്കെ തുണിയില്ലാത്ത ലൈവ് ഷോ നെറ്റില്‍ കണ്ടു എന്ന് വല്ലോരെ കൊണ്ടും വിളിച്ച് അറിയിക്കുന്നെ..."

ഇത്തവണ ശരിക്കും ഞെട്ടിയത് അമ്മാമ്മ....വരും വഴിയില്‍ എല്ലാവരും ഗ്രോസറി വാങ്ങിയ മാളില്‍ കണ്ട തുണി കടയില്‍ കയറി അമ്മാമ്മ രണ്ടു നൈടി വാങ്ങി ഇട്ടു നോക്കിയിരുന്നു..
തല കറങ്ങി താഴെ വീണ അമ്മാമ്മേം കൊണ്ട് അച്ചാന്റെ  കാര്‍ ലൈറ്റ് ഇട്ടു പോകുന്നത് കണ്ടു...

മൂത്ത മകള്‍ കരഞ്ഞു കൊണ്ട് പറയുന്നു "എനിക്ക് തുണി വേണ്ട..ദൈവത്തിന്റെ നാടും വേണ്ടാ..തിരികെ മരുഭൂമിയിലേക്ക് പോകണം..എന്റെ കര്‍ത്താവേ.."

പോസ്റ്റ് ചെയ്തത് shajkumar ല്‍ 10:08 PM 3 അഭിപ്രായങ്ങൾ:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: നര്‍മ്മം

2010, ഡിസംബർ 25, ശനിയാഴ്‌ച

പെരുന്തേനരുവി

പത്തനംതിട്ട ജില്ലയുടെ മറ്റൊരു വന മേഖല. റാന്നി കരികുളം വെച്ചു ചിറ വഴി പോകാം. യാത്ര ഇത്തിരി കഷ്ടം.
ജീപ്പ് ആണെങ്കിലും മുതുകിന്റെ കണ്ണികള്‍ ചിലപ്പോള്‍ പറിയാം!
വല്ല വിധത്തിലും എത്തി പറ്റിയാല്‍...പ്രകൃതി തെളിനീര്‍ ഒഴുക്കുന്ന കാട്ടാറിന്റെ വെള്ളി പാദ സരം നമുക്കും അണിയാം..
മറുകരയില്‍ ദൂരെ തല എടുപ്പോടെ നില്‍ക്കുന്ന വന്‍ മരങ്ങള്‍..റാന്നി  ഗൂട്രിക്കല്‍ വന മേഖല.      പക്ഷെ ഇരു കരകളിലും ജന പഥങ്ങള്‍ കൂടുതല്‍.
എങ്കിലും മെല്ലെ വെള്ളത്തില്‍ ഇറങ്ങി കിടന്നാല്‍...സിരകളില്‍ തണുപ്പ് കയറി പോകുന്നത് ഒരു സുഖമാണേ...
അല്‍പ ദൂരത്തില്‍ വലിയ വെള്ള ചാട്ടം  അവിടെയ്ക്ക് ഒഴുക്കി കൊണ്ടുപോകാനുള്ള ശ്രമം കാട്ടാറ്  എപ്പോഴും തുടരും...സൂക്ഷിച്ചില്ലെങ്കില്‍ പാറകളില്‍ വഴുക്കി വീഴുകയും ചെയ്യും.
വെള്ളം അതി ശക്തമായി വീണു വലിയ ഒരു കിണര്‍ രൂപാന്തര പെട്ടിട്ടുണ്ടെന്നും വെള്ളച്ചാട്ടത്തില്‍ വീണു മരിച്ച പലരുടെയും ശരീരം ആ കിണറില്‍ പോയി മറഞ്ഞിട്ട് കിട്ടിയിട്ടില്ല എന്നും പറയുന്നു.
എല്ലാ അനുസാരികളുമായി പോയെന്കിലെ പറ്റൂ ...കടകളും മറ്റും ഇല്ല എന്ന് പറയാം.
സന്ധ്യ ആയാല്‍ ചെറിയ മൃഗങ്ങളെ ഒക്കെ ചിലപ്പോള്‍ കണ്ടെന്നും വരാം.
അവിടെ നിന്നും പെരിനാട് വഴി പംപയ്ക്കും പോകാം.

പെരുന്തേനരുവി വെള്ള ചാട്ടം സ്പെഷിയല്‍ മരച്ചീനി പുഴുക്കും കാന്താരി ചമ്മന്തീം ഉണക്ക മീന്‍ ചുട്ടതും  വാരി എല്ല് കറീം...(റസിപ്പി ആവശ്യപ്പെട്ടാല്‍ തരുന്നതാണ്.)
ദഹനത്തിന് ഇടയ്ക്കിടെ വാഴ ഇല കൊണ്ട് അടച്ച ചില്ല് കുപ്പിയിലെ എരിഞ്ഞു കയറുന്ന വാറ്റും!!!
പോസ്റ്റ് ചെയ്തത് shajkumar ല്‍ 7:20 PM 1 അഭിപ്രായം:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: travel

2010, നവംബർ 3, ബുധനാഴ്‌ച

പേങ്കി സ്പെഷ്യല്‍ വാട്ടു കപ്പ ആറ്റു മീന്‍ കറി ആറ്റിലെ കുളിയ്ക്ക്‌ ശേഷം

വാട്ടു കപ്പ വേവിച്ചത്.
1 .വാട്ടു കപ്പകുതിര്‍ത്തത്   അര കിലോ.  2 .വന്‍ പയര്‍ ഒരു കപ്പ്‌. 3 .തേങ്ങ ചിരകിയത്  ഒരു കപ്പ്‌
4  മഞ്ഞള്‍ പൊടി ഒരു ടീ സ്പൂണ്‍  5. കാ‍ന്താരി മുളക്  രണ്ടു വലിയ സ്പൂണ്‍. 6 . വെളുത്തുള്ളി  പത്തല്ലി
7 . ഉപ്പ്  പാകത്തിന്.  താളിയ്ക്കാന്‍ - ശുദ്ധ വെളിച്ചെണ്ണ കാല്‍ കപ്പ്‌ , ചുവന്നുള്ളി അഞ്ചെണ്ണം ,
വറ്റല്‍ മുളക് മൂന്നു  , കടുക് ഒരു സ്പൂണ്‍ , ജീരകം ഒരു സ്പൂണ്‍  , കറി വേപ്പില രണ്ടു തണ്ട്.

പാചക വിധി - കുതിര്‍ത്ത കപ്പ ഇരട്ടി വെള്ളം ചേര്‍ത്ത്  വേവിയ്ക്കണം. വെന്തതിനു ശേഷം ബാക്കി വെള്ളം വാര്‍ന്നു കളയുക. വേവിച്ച വന്‍ പയര്‍ കപ്പയുമായി യോജിപ്പിയ്ക്കുക ശേഷം മൂന്നു മുതല്‍ ആറു  വരെ ചേരുവകള്‍ നന്നായി ചതച്ചു ചേര്‍ക്കുക  പാകത്തിന് ഉപ്പും ചേര്‍ത്ത്  രണ്ടു മിനിറ്റ് ചെറിയ തീയില്‍ വേവിയ്ക്കുക. എണ്ണ ചൂടാക്കി ചേരുവകള്‍ ചേര്‍ത്ത് താളിച്ച്‌ കപ്പയില്‍ ചേര്‍ത്ത് നന്നായി ഇളക്കി ചൂടോടെ വാഴ ഇലയിലേക്ക് വിളമ്പി നടുവില്‍ ഒരു കുഴി കുത്തി അതിലേയ്ക്ക് മീന്‍ ചാര്‍ ഒഴിയ്ക്കുക.

ആറ്റു പരല്‍ മീന്‍ കറി.

പെടയ്ക്കുന്ന പരല്‍ മീന്‍ ഒരു കോര്മ്പല്‍ ( ഏകദേശം ആറ് ഏഴെണ്ണം )  1 . വെളിച്ചെണ്ണ അര കപ്പ്  2 . കടുക് , ഉലുവ  ഓരോ  വലിയ സ്പൂണ്‍. 3 . ഇഞ്ചി രണ്ടു കഷണം 4 .  വെളുത്തുള്ളി ഒരു ചെറിയ കുടം 5 . കുടം പുളി ഏഴു കഷണം 6  . ഉപ്പു പാകത്തിന്  7  .മുളക് പൊടി അഞ്ചു സ്പൂണ്‍ 8 . മഞ്ഞള്‍ പൊടി ഒരു ചെറിയ സ്പൂണ്‍  , കറി വേപ്പില

പാചക വിധി -   മീന്‍ ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് ഉലുവ എന്നിവ പൊട്ടിയ്ക്കുക അതിലേയ്ക്ക് ഇഞ്ചി നീളത്തില്‍ അരിഞ്ഞത് വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക   ഇതിലേയ്ക്ക് പൊടികള്‍ രണ്ടും ചേര്‍ത്ത് ചെറിയ തീയില്‍ മൂപ്പിയ്ക്കുക   പച്ച മണം മാറി അരപ്പ് മൂക്കുമ്പോള്‍ കുടം പുളി , ഉപ്പ് , പാകത്തിന് വെള്ളംഇവ ചേര്‍ത്ത് നല്ലത് പോലെ തെളയ്ക്കുമ്പോള്‍ വെട്ടി കഴുകിയ മീന്‍  കഷണങ്ങള്‍ ചേര്‍ത്ത് വീണ്ടും  നന്നായി തെളയ്ക്കുമ്പോള്‍ കറിവേപ്പില ചേര്‍ത്ത്   ചാറു പറ്റി എണ്ണ തെളിയുമ്പോള്‍ വാങ്ങുക.
മണ്‍ ചട്ടിയും വിറക് അടുപ്പുമാണേല്‍ കലക്കി.
പിറ്റേന്ന് കാലത്ത്   പഴം കഞ്ഞിയ്ക്ക് അത്യുത്തമം .

കുടിയ്ക്കാന്‍ നല്ല വാറ്റു ചാരായം (ഈസ്റ്റ്  ചേര്‍ക്കാതെ കള്ള് ചേര്‍ത്ത് വാറ്റി എടുത്തത് ) കിട്ടിയാല്‍ അതില്‍ പരം ഭാഗ്യം ഇല്ല!  ഒന്ന് മോന്തി സ്വല്പം ചാറു തൊട്ടു നക്കി ഇത്തിരി മീന്‍ അടര്‍ത്തി കപ്പയും ചേര്‍ത്ത് നാക്കേല്‍  വച്ച് മെല്ലെ ചവച്ച് ഇറക്കുക.
ആദ്യം കക്കാട്ടാറില്‍ ഒരു വിസ്താര കുളി വിശപ്പിനു നന്ന്!  പക്ഷെ ശ്രദ്ധ വേണം നല്ല വഴു വഴുപ്പുള്ള ഉരുളന്‍ പാറ കല്ലുകള്‍ നിറയെ പാരകളായി ഉണ്ട്.

അണിയറ .
പാചക നിര്‍ദ്ദേശം  ഉഷാ കുമാരി. 
സാങ്കേതികം (ച്ചാല്‍  ..ഗതാഗതം ...തീറ്റി ..കുടി...കുളി...) പുളിമൂടന്‍ ഷാജി, മധു പിള്ള , ഫിലിപ്പ് അച്ചായന്‍
വിധി പ്രകാരം കഷ്ടപ്പെട്ട്  ഉണ്ടാക്കിയ ജോര്‍ജിനോടും കുശിനികാരന്‍ ചേട്ടനോടും കടപ്പാടും സ്നേഹവും.  (ഈ വീടല്ലാതെ ഒരാശ്രയം ആ വഴി ഇത്തിരി പാടാ...കടകളും കമ്മി )


അഭിപ്രായങ്ങള്‍ക്കും  സൃഷ്ടികള്‍ക്കും (കമന്റിലൂടെയോ അല്ലാതെയോ) മാന്യ വായനക്കാരോടും സഹകാരികളോടും  വീണ്ടും വീണ്ടും അഭ്യര്‍ത്ഥന...ഏതെല്ലാം സ്ഥലങ്ങള്‍  പാചകങ്ങള്‍ പാനീയങ്ങള്‍ നിങ്ങള്‍ക്ക്  അറിയാവുന്നത്ര ആര്‍ക്ക് അറിയാം?
പോസ്റ്റ് ചെയ്തത് shajkumar ല്‍ 7:52 PM 4 അഭിപ്രായങ്ങൾ:
ഇത് ഇമെയിലയയ്‌ക്കുകഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!X എന്നതിൽ പങ്കിടുകFacebook ല്‍‌ പങ്കിടുകപിന്ററസ്റ്റിൽ പങ്കിടുക
ലേബലുകള്‍: travel
വളരെ പുതിയ പോസ്റ്റുകള്‍ വളരെ പഴയ പോസ്റ്റുകള്‍ ഹോം
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom)

ശാപ്പാട്ടുരാമന്‍ കമ്പനി

ബ്ലോഗ് ആര്‍ക്കൈവ്

  • ▼  2025 (12)
    • ▼  സെപ്റ്റംബർ (1)
      • സർക്കാരിന്റെ ഗുണ്ടകൾ
    • ►  ജൂലൈ (1)
    • ►  ജൂൺ (1)
    • ►  മേയ് (2)
    • ►  ഏപ്രിൽ (1)
    • ►  മാർച്ച് (2)
    • ►  ഫെബ്രുവരി (2)
    • ►  ജനുവരി (2)
  • ►  2024 (10)
    • ►  നവംബർ (2)
    • ►  ഒക്‌ടോബർ (1)
    • ►  സെപ്റ്റംബർ (1)
    • ►  ജൂലൈ (2)
    • ►  ഏപ്രിൽ (2)
    • ►  മാർച്ച് (1)
    • ►  ജനുവരി (1)
  • ►  2023 (20)
    • ►  ഡിസംബർ (4)
    • ►  നവംബർ (2)
    • ►  ഒക്‌ടോബർ (1)
    • ►  സെപ്റ്റംബർ (1)
    • ►  ഓഗസ്റ്റ് (4)
    • ►  ജൂലൈ (1)
    • ►  ജൂൺ (1)
    • ►  മേയ് (2)
    • ►  മാർച്ച് (1)
    • ►  ഫെബ്രുവരി (2)
    • ►  ജനുവരി (1)
  • ►  2022 (4)
    • ►  ഒക്‌ടോബർ (2)
    • ►  ജൂൺ (1)
    • ►  മേയ് (1)
  • ►  2021 (3)
    • ►  നവംബർ (1)
    • ►  ഒക്‌ടോബർ (1)
    • ►  സെപ്റ്റംബർ (1)
  • ►  2020 (2)
    • ►  ഓഗസ്റ്റ് (1)
    • ►  ജൂലൈ (1)
  • ►  2011 (1)
    • ►  ഒക്‌ടോബർ (1)
  • ►  2010 (3)
    • ►  ഡിസംബർ (1)
    • ►  നവംബർ (1)
    • ►  ഒക്‌ടോബർ (1)
google-site-verification: google618e9a18ded86f64.html
ജാലകം
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 India License.
വാട്ടര്‍‌മാര്‍‌ക്ക് തീം. Blogger പിന്തുണയോടെ.