കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില് ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്ന്ന കമ്പനിയില് പെട്ട ഏവര്ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല് ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2025, സെപ്റ്റംബർ 28, ഞായറാഴ്‌ച
തുടർഭരണം
നമ്മുടെ രാജ്യത്ത് 2500 ൽ അധികം അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്ഥത പുലർത്തുന്നവർ ആയിരുന്നു കമ്മൂണിസ്റ്റ് പാർട്ടികൾ. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യഭാഗത്ത് ജർമൻകാരായ മാക്സിന്റെയും എങ്കൽസിന്റെയും ആശയങ്ങളിൽ പ്രചോദിതരായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ ലോകത്ത് എല്ലായിടത്തും തന്നെ രൂപം കൊണ്ടു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആദ്യ കാലത്ത് റഷ്യയിലെയും , ചൈനയിലെയും പാർട്ടികളെ പോലെ,സായുധകലാപത്തിലും,ബൂർഷ്വാസികളുടെ,ഉന്മൂലനത്തിലും,വിശ്വസിച്ചിരുന്നെങ്കിലും സാവധാനം ബാലറ്റ് രാഷ്ട്രീയത്തിലേക്ക് ചുവടു മാറുകയാണ് ഉണ്ടായത് . അങ്ങനെ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ഒരു കമ്മൂണിസ്റ്റ് മന്ത്രി സഭ അധികാരത്തിൽ വന്നു.
കമ്മൂണിസം ഒരു പുതിയ ആശയം ആയിരുന്നു. തൊഴിലാളികളെ ആശ്ലേഷിക്കുകയും ബൂർഷ്വാസിയെയും അതിന്റെ കൂട്ട് കക്ഷികളായ മതങ്ങളെയും അകറ്റി നിർത്തുകയും ചെയ്യുന്ന രാഷ്ട്രീയം. പട്ടിണിയിലും അടിമ സമാന ജീവിതത്തിലും കഴിഞ്ഞിരുന്ന ജനതക്ക് അത് ഒരു പുതിയ പ്രതീക്ഷ നൽകി. മനുഷ്യനെ ഒരു ഭൗതീക വസ്തുവായി കണക്കാക്കുകയും, മതത്തെ, മനുഷ്യനെ മയക്കുന്ന കറുപ്പായി കാണുകയും ചെയ്ത ഈ രാഷ്ട്രീയം പലർക്കും മനസിലായില്ലെങ്കിലും ആ പാർട്ടിയിലെ നേതാക്കളുടെ സത്യസന്ധതയും, ആത്മാർത്ഥതയും , ജീവിത ലാളിത്യവും , ത്യാഗവും ഒക്കെ അവരെ അതിനോട് ചേർത്ത് നിർത്തി. ബുദ്ധി ജീവികൾ ആയ കലാകാരന്മാരും, സാഹിത്യകാരന്മാരും , ചിന്തകരും, അധ്യാപകരും , വിദ്യാർത്ഥികളും ഒക്കെ അതിനു പിന്നിൽ അണിനിരന്നു. കമ്മ്യൂണിസ്റ്റ് എന്നത് ബൗദ്ധീകതയുടെ ലക്ഷണമായി പൊതുവെ വ്യാഖ്യാനിക്കപ്പെട്ടു.
കാലം മുന്നോട്ട് നീങ്ങിയപ്പോൾ ആശയങ്ങൾ യാഥാർഥ്യവുമായി ഏറ്റു മുട്ടി . കമ്മൂണിസം വിഭാവനം ചെയ്ത ലോകം കെട്ടിപെടുക്കുക അത്ര എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞു. ബംഗാളിലും ത്രിപുരയിലും പാർട്ടി നിലം പതിച്ചു. ദക്ഷിണേന്ത്യയിൽ കേരളത്തിൽ മാത്രമായി അത് ഒതുങ്ങി. എങ്കിലും ആദ്യ ബാലറ്റിൽ പങ്കെടുത്തവരുടെ പിൻമുറക്കാർ കൃത്യമായ ഇടവേളകളിൽ അതിനെ അധികാരത്തിൽ എത്തിച്ചു. പ്രളയത്തിനും കോവിഡിനും ശേഷം കമ്മൂണിസ്റ്റ് ഗവണ്മെന്റിനെ വീണ്ടും അധികാരത്തിൽ ഇരുത്തിയപ്പോഴും, അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് പാർട്ടി മാറിയിരിക്കുന്നു, അഴിമതിയും, സ്വജനപക്ഷപാതവും, ജാതീയ പ്രീണനങ്ങളും നഗ്നമായി നടക്കുന്നു എന്ന ആരോപണങ്ങൾ പിന്നാമ്പുറങ്ങളിൽ കേട്ട് തുടങ്ങിയിരുന്നു . എന്നാൽ അത് മറ നീക്കി പുറത്ത് വന്നത് ഇപ്പോഴാണ്. പാർലമെൻറ് ഉത്‌ഘാടനം ചെയ്യാൻ നഗ്ന സന്യാസിയും, അമ്പലം ഉത്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയും എത്തുന്ന ഒരു രാജ്യത്ത് പഴയ മാക്സിയൻ മൂല്യങ്ങൾ വച്ച് കൊണ്ടിരുന്നാൽ അധികാരം പ്രാപ്തമാകില്ല എന്നു കണ്ടത് കൊണ്ടായിരിക്കാം മുതലാളിത്തത്തിന്റെ ചട്ടുകങ്ങളായ മതത്തെ ഉപയോഗിക്കാൻ തീരുമാനിച്ചത്. നവോത്ഥാന മതിലിലൂടെ പിണങ്ങി നിൽക്കുന്ന ഹൈന്ദവ വോട്ടുകൾ പെട്ടിയിലാക്കാൻ മുൻകാല ഗവൺമെന്റുകൾ ഒന്നും ചെയ്യാത്ത ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചു. ആൾ ദൈവങ്ങൾ എന്ന് പരിഹസിച്ചവരെ മുത്തം നൽകി ആദരിച്ചു. തത്വമസിയെ കുറിച്ച് വാചാലർ ആയി. വേദങ്ങളെ കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചും ഭഗവത്ഗീതയെ കുറിച്ചുമൊക്കെ അറിയാവുന്നമട്ടിൽപ്രസംഗിച്ചുകഴിഞ്ഞു.മാക്സിയൻ,സോഷ്യലിസ്റ്റ്പ്രസ്ഥാനങ്ങൾ ഏതെല്ലാം കാര്യങ്ങൾ ആണോ സമൂഹത്തിൽ നിന്നും അകറ്റി നിർത്തണം എന്ന് വിചാരിച്ചത് , അതിനെയെല്ലാം ചേർത്ത് പിടിച്ചാണ് തുടർ ഭരണത്തിലേക്കുള്ള നീക്കം.
തുടർ ഭരണത്തിന് ഏതു രാഷ്ട്രീയ പാർട്ടിയായാലും ലളിതമായ കുറെ കാര്യങ്ങൾ ചെയ്‌താൽ മതി. അതിന് മത സംഘടനകളുടെ കാല് പിടിക്കേണ്ടതില്ല. ഒന്നാമത്തെ കാര്യം അറിവും പ്രപ്തിയുമുള്ള ചെറുപ്പക്കാരെ ഭരണത്തിലേക്ക് കൊണ്ടുവരുക എന്നതാണ്. 70 വയസു കഴിഞ്ഞവരെ അധികാര രാഷ്ട്രീയത്തിൽ നിന്നും നിർബന്ധമായും റിട്ടയർ ചെയ്യിപ്പിക്കുക. മന്ത്രിമാരുടെ എണ്ണം 15 ആയി പരിമിതപ്പെടുത്തുക. സർക്കാർ സർവീസിൽ നിന്ന് ഡെപ്യുട്ടേഷനിൽ പേർസണൽ സ്റ്റാഫിലേക്ക് ആളെ എടുക്കുക. പുറത്ത് നിന്ന് ആരെയെങ്കിലും എടുക്കുകയാണെങ്കിൽ ദിവസക്കൂലിക്കെടുക്കുക. ഇപ്പോൾ കൊടുക്കുന്നപോലെ രണ്ടര വർഷം സർവീസിന് പെൻഷൻ എന്ന സമ്പ്രദായം അവസാനിപ്പിക്കുക. സർക്കാർ സർവീസിൽ ആവശ്യത്തിന് മാത്രം ജോലിക്കാരെ എടുക്കുക. അവർക്ക് മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകുക. MLA മാർക്കും , മന്ത്രി മാർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണം. സർക്കാർ ജീവനക്കാർക്ക് മെഡിസെപ്പ് ഉണ്ടല്ലോ. അത് തന്നെ പോരെ MLA മാർക്കും മന്ത്രിമാർക്കും? കൂടുതൽ ചികിത്സ ആവശ്യമുണ്ടെങ്കിൽ ജീവനക്കാരെ പോലെ സ്വയം പണം കണ്ടെത്തുക. മന്ത്രി മാരും MLA മാരും ഒക്കെ ആവശ്യത്തിന് മാത്രം വിദേശത്ത് പോകുക. ഭാര്യമാരെ കൂട്ടി സർക്കാർ ചിലവിലുള്ള ഉല്ലാസയാത്ര ഒഴിവാക്കുക. വിദേശത്ത് പോയാൽ അത് കൊണ്ട് സ്റ്റേറ്റിന് എന്ത് നേട്ടമുണ്ടായി എന്ന് അതത് സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തണം. ജോലിക്കാരെക്കൊണ്ട് സീറ്റിലിരുത്തി പണിയെടുപ്പിക്കണം. അവരിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് പിരിവ് മേടിക്കരുത്. കാരണം ആ പോക്ക് അഴിമതിയിലേക്കുള്ളതാണ് . ഈ വിധം അടുക്കും ചിട്ടയോടുമുള്ള ഒരു ഭരണം കാഴ്ചവയ്ക്കാൻ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി ശ്രമിക്കുമെങ്കിൽ , അങ്ങനെ ചെയ്യുമെന്ന് ജനത്തിന് വിശ്വാസവും ഉണ്ടെങ്കിൽ, ആ പാർട്ടിക്ക് ആളുകൾ വീണ്ടും വീണ്ടും വോട്ട് ചെയ്യും. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇതിനു ശ്രമിയ്ക്കില്ല. അപ്പോൾ പിന്നെ അധികാരത്തിനു എന്ത് സുഖം? പിന്നെ ഉള്ള ഏക മാർഗം ആഗോള മത സമ്മേളനം സംഘടിപ്പിക്കുക തന്നെ.
2025, സെപ്റ്റംബർ 6, ശനിയാഴ്‌ച
സർക്കാരിന്റെ ഗുണ്ടകൾ
ജനാധിപത്യത്തിന്റെ ശരിയായ അർത്ഥം ജനങ്ങൾക്ക് വേണ്ടിയിട്ടുള്ള ജനങ്ങളുടെ ഭരണം എന്നാണ്. എന്നാൽ ഇത് രണ്ടും നമ്മുടെ ജനാധിപത്യത്തിൽ കാണാൻ കഴിയില്ല. അഞ്ചു വർഷം കൂടുമ്പോൾ തൊഴു കൈകളുമായി ഭരണമോഹികൾ പുഞ്ചിരിച്ചുകൊണ്ട് കടന്നു വരും. ചിലരുടെ മുഖത്ത് അപ്പോഴും രൗദ്രത നിഴലിക്കുന്നത് കാണാം. ഭരണത്തിലേറുന്നതിനായി അവർ മതവും , ദേശീയതയും, ഭാഷയും , സ്വത്വ വാദവും ഒക്കെ തരാതരം പോലെ പ്രയോഗിക്കും . സമത്വവും , വികസനവും , സാമൂഹിക നീതിയും ചേർത്ത് മുദ്രാവാക്യങ്ങൾ മോടിപിടിപ്പിക്കാനും മറക്കില്ല. അൽപ്പ ബുദ്ധികളായ ജനത ഒരേ സമയം അടിമകളും കങ്കാണികളും ആയി മാറി ഇതെല്ലാം വിശ്വസിച്ച് ഒരു സർക്കാരിനെ അധികാരത്തിലേക്ക് കയറ്റിവിടും. പിന്നെ നടക്കുന്നതിൽ ജനത്തിന് യാതൊരു പങ്കുമില്ല. കങ്കാണികൾക്കുമില്ല. പക്ഷെ അവരെ സോഷ്യൽ മീഡിയകളിലൊക്കെ സർക്കാരിനെ വെളുപ്പിക്കാൻ ചുമതലപ്പെടുത്തി ഭരണത്തിൽ അവകാശികൾ എന്ന് വിശ്വസിപ്പിക്കും. ഒരു നരനായാട്ട് ആണ് തുടർന്നുണ്ടാവുക . അഴിമതിയും, സ്വജനപക്ഷപാതവും, ധൂർത്തും ഒക്കെ തകർത്ത് അരങ്ങേറും. ഭരണത്തിലെ ക്രമക്കേടുകൾക്കെതിരെ ശബ്ദിക്കുന്നവരെ നേരിടാൻ ഏറ്റവും മികച്ച പോലീസ് സേന അവരുടെ കൈവശം ഉണ്ട്. ഉരുട്ടിക്കൊലക്കും , കസ്റ്റഡി പീഡനങ്ങൾക്കും പേര് കേട്ട മികച്ച സേനയാണത്. തങ്ങളുടെ രാഷ്ട്രീയ യജമാനൻമാരുടെ ആജ്ഞാനുവർത്തികൾ ആയി സർവീസ് ഉടനീളം കഴിഞ്ഞു കൊള്ളാം എന്ന് ശപഥം എടുത്തിട്ടുള്ളവർ ആണിവർ .സർക്കാരിന് വേണ്ടി പീഡിപ്പിച്ചു പീഡിപ്പിച്ചു പീഡിപ്പിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ അവർ സ്വന്തം നിലക്കും ഇരകളെ കണ്ടെത്തും. കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്.
സർക്കാരിന്റെ ഗുണ്ടകളെ പോലെയാണ് സർക്കാരുദ്യോഗസ്ഥർ പൊതുവിൽ പെരുമാറുക. ജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം കൊടുത്ത് ജോലിക്കു നിർത്തിയിരിക്കുന്നവരുടെ യഥാർത്ഥ യജമാനന്മാർ ജനങ്ങൾ തന്നെയാണെന്നും, നിയമം ആണ് അവരുടെ മാർഗദർശി ആകേണ്ടത് എന്നും മറന്നു പോകുന്നു. പകരം രാഷ്ട്രീയമായ പക്ഷഭേദങ്ങൾ കാണിച്ച് , അതാത് കാലത്തെ ഭരണകക്ഷിയുടെ ചട്ടുകങ്ങൾ ആയി ഇവർ മാറുന്നതിനാൽ ജനങ്ങൾക്ക് സർക്കാരുദ്യോഗസ്ഥർ എന്ന് കേൾക്കുമ്പോൾ തന്നെ വെറുപ്പാണ്. ഈ വെറുപ്പ് ഏറ്റവും കൂടുതൽ ഏറ്റു വാങ്ങുന്നത് പോലീസ് സേനയും. പഴയ കാലത്തെ നിക്കർ പോലീസിൽ നിന്ന് പാന്റ്സിട്ട പൊലീസിലേക്ക് മാറിയപ്പോൾ വലിയ മാറ്റം വന്നെന്നും, പ്രത്യേകിച്ച് , ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനുമുള്ള ചെറുപ്പക്കാരായ പോലീസുകാർ സർവീസിലേക്ക് കടന്നു വരാനും തുടങ്ങിയപ്പോൾ മാതൃകാ പോലീസ് വന്നു കഴിഞ്ഞു എന്നുമാണ് എല്ലാവരും വിചാരിച്ചത് . എന്നാൽ പഴയ പോലീസിന്റെ അതേ ജനിതക ദ്രവങ്ങൾ തന്നെ അവരും പിൻപറ്റുന്നു എന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത് .
പോലീസിന്റെ അഴിഞ്ഞാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പോലീസ് സ്റ്റേഷനുകളിൽ കെട്ടിത്തൂക്കിയും , ഉലക്കകൊണ്ടുരുട്ടിയും , മൂത്രനാളിയിൽ ഈർക്കിളുകൾ തിരുകി കയറ്റിയും, ലാത്തി കുത്തിക്കയറ്റിയും ഒരു മനുഷ്യൻ മറ്റൊരു ജീവിയോടും ചെയ്യാൻ പാടില്ലാത്തത്ര ക്രൂരതകൾ അരങ്ങേറിയത് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ മാത്രമല്ല, തദ്ദേശീയ ഗവൺമെന്റുകളുടെ ഭരണത്തിൻ കീഴിലും ആയിരുന്നു. പോയിന്റ് ബ്ലാങ്കിൽ നക്സലുകൾ എന്ന മുദ്രകുത്തി നിസ്സഹായ ചെറുപ്പങ്ങളെ തുടച്ചു മാറ്റുമ്പോഴും , സ്വാധീനമുള്ളവരുടെ ചൊല്പടിയിൽ സാധുക്കളെ ചവിട്ടി കൂട്ടുമ്പോഴും അനുഭവിക്കുന്നത് എന്ത് തരം ഉന്മാദം ആണ് ?
ഓടിപ്പോകാൻ ഒരു സാധ്യതയും ഇല്ലാത്ത, സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ നിൽക്കുന്ന ആളുകളെ പോലും, അവധി ദിവസങ്ങൾ നോക്കി അർദ്ധരാത്രിയിൽ വീട് വളഞ്ഞു പിടിച്ചുകൊണ്ടു പോയി രാഷ്ട്രീയ യജമാനന്മാർക്ക് കാഴ്ചവെക്കുന്ന ചിത്രങ്ങൾ എത്രയോ വട്ടം നമ്മൾ കണ്ടുകഴിഞ്ഞു. അക്കാദമികമായ വിഷയങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണമൂലം മതപരമായ ആക്രമണം ഭയന്ന് ഒളിവിൽ പോയ കോളേജ് പ്രഫസ്സറെ സംരക്ഷിക്കുന്നതിന് പകരം, നാളെയുടെ താങ്ങാവേണ്ട അയാളുടെ കൗമാര പ്രായക്കാരനായ പുത്രനെ പോലീസ് സ്റ്റേഷനിൽ കൂട്ടികൊണ്ടുപോയി കുനിച്ച് നിർത്തി ഇടിക്കുകയും, ഇടിക്കാതിരിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്ത ചരിത്രം ഉള്ള നാടാണിത്. സാധാരണക്കാർക്ക് പീഡനവും ക്രിമിനലുകൾക്ക് സഹായവും ചെയ്തു കൊടുക്കുന്നതും ഇവിടെത്തന്നെയാണ്.
പോലീസിന്റെ ഭാഗത്ത് നിന്ന് പറയുന്നവർ അവരുടെ കഷ്ടപ്പാടുകൾ നിരത്തും. രണ്ടും മൂന്നും ദിവസങ്ങൾ നീളുന്ന ശവത്തിന്റെ കാവൽ, മണിക്കൂറുകളോളം വെയിലത്തും മഴയത്തും ജോലി ചെയ്യുന്നത്, സംഘർഷങ്ങളിൽ കല്ലേറ് കൊള്ളുന്നത് , അവധികൾ ലഭിക്കാത്തതു കാരണം നഷ്ട്ടമായ ഉത്സവങ്ങൾ, ചടങ്ങുകൾ, ശമ്പളക്കുറവ്, ജോലി കൂടുതൽ, മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ശകാരങ്ങൾ , പീഡനങ്ങൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര കാര്യങ്ങൾ പറയാനുണ്ടാവും. ഒക്കെ ശരിയാണ് . പക്ഷെ അതൊന്നും ഒരു വ്യക്തിയെ അയാളുടെ മൗലീക അവകാശങ്ങൾ നഷ്ടപ്പെടുത്തി അറസ്റ്റു ചെയ്യുന്നതിനും , അറസ്റ്റ് രേഖപെടുത്തത്തെ പീഡിപ്പിക്കുന്നതിനും മതിയായ കാരണങ്ങൾ അല്ല. നിയമത്തിന്റെ ഉള്ളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയും, നിയമം ചൂണ്ടിക്കാട്ടി രാഷ്ട്രീയ വൈരം പോക്കാൻ ശ്രമിക്കുന്നവരെ ചെറുക്കുകയും ആണ് പോലീസിന്റെ ഉത്തരവാദിത്തം. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ സ്ഥലം മാറ്റം ഉണ്ടാവും, അകറ്റി നിർത്തലുകൾ ഉണ്ടാവും, സസ്പെൻഷനുകളും , ഡിസ്മിസ്സൽ വരെയും വന്നേക്കാം. എന്നാൽ സത്യസന്ധമായി ജോലിചെയ്യുമ്പോൾ ജനവും നിയമവും കൂടെ നിൽക്കും . സർവീസിൽ നിന്ന് പുറത്ത് വരുമ്പോൾ, പുഴുത്ത പട്ടിയെപ്പോലെ അകറ്റി നിർത്തപ്പെടാതെ, ജോർജ് സാറുമ്മാർക്ക് ഉണ്ടാവേണ്ടത് ഈ പിൻബലം ആയിരിക്കണം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)