കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2025, ജൂലൈ 9, ബുധനാഴ്‌ച
പണിമുടക്കം
രണ്ടു പണിമുടക്കങ്ങൾക്കാണ് ഇന്നലെയും ഇന്നുമായി കേരളം സാക്ഷിയായിരിക്കുന്നത് . രണ്ടും പൂർണ്ണ വിജയമായിരുന്നു. വണ്ടികൾ ഓടിയില്ല, കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ജനജീവിതം താറുമാറായി. ഇന്നലെ നടന്നത് സ്വകാര്യ ബസ് ഉടമകൾ ആഹ്വാനം ചെയ്ത സമരമായിരുന്നെങ്കിൽ ഇന്നത്തേത് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്യുന്ന ദേശീയ പണിമുടക്കമായിരുന്നു. രണ്ടിന്റെയും കാരണങ്ങളും, കാര്യങ്ങളും ഈ പണിമുടക്കിൽ വലഞ്ഞ ബഹുഭൂരിപക്ഷം ജനത്തിനും അറിയില്ല എന്നതാണ് സത്യം.
സ്വകാര്യ ബസ് ഉടമകൾ സൂചന പണിമുടക്കം ആണ് നടത്തിയത്. പെർമിറ്റുകൾ പുതുക്കി കൊടുക്കുന്നതിലുള്ള കാലവിളംബം അവസാനിപ്പിക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളെ ഓർഡിനറി ബസുകൾ ആയി കൺവെർട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കുക, ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാൻ പോലീസ് ക്ലീറൻസ് വേണം എന്നത് ഒഴിവാക്കുക, സ്പീഡ് ഗവർണറുകൾ വയ്ക്കണം എന്ന നിർദേശം അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതിനാൽ അതൊഴിവാക്കുക എന്നതൊക്കെയായിരുന്നു അവരുടെ ആവശ്യങ്ങൾ. ഒരു ചർച്ചക്ക് വിളിച്ച് പറഞ്ഞുതീർക്കാവുന്നതും ചെയ്തുകൊടുക്കാവുന്നതുമായ കാര്യങ്ങളെ ഇതിൽ ഉള്ളൂ എന്നതാണ് ഡിമാന്റുകൾ നോക്കിയാൽ മനസിലാകുന്നത്. ബസു ജീവനക്കാർക്ക് പോലീസിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വേണം എന്നതാണ് വിട്ടുവീഴ്ച ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യം. എന്നാൽ ഇത് ബസുടമകളുമായി ചർച്ചചെയ്ത് അവരെയും ബോധ്യപ്പെടുത്തി പരിഹരിക്കാവുന്നതേ ഉള്ളൂ. സ്പീഡ് ഗവർണ്ണറുകൾ ആവശ്യമാണ് . പക്ഷെ അത് മൂലം പൊതുവെ നഷ്ടത്തിൽ ഓടുന്ന സ്വകാര്യ ഗതാഗതത്തെ തളർത്താൻ പാടില്ല. ജനങ്ങളെ കൂടുതൽ; കഷ്ട്ടപെടുത്തി അവസാനം ബസ്സുടമകൾ പറയുന്ന വ്യവസ്ഥയിൽ സമരം അവസാനിപ്പിക്കുക ആണ് പൊതു രീതി. ഓഫിസുകൾ, സ്‌കൂളുകൾ, കോളേജുകൾ, കൺസ്ട്രക്ഷൻ മേഖലകൾ എല്ലാം സ്തംഭിപ്പിക്കാൻ ഇന്നലെ നടന്ന സ്വകാര്യ ബസ്സ് സമരത്തിലൂടെ സാധിച്ചു. ഈ നാടകങ്ങൾ ഇനിയും മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ടോ?
ഇന്ന് നടന്ന ദേശീയ പണിമുടക്കമാണ് രണ്ടാമത്തേത് . എന്തിനായിരുന്നു ദേശീയ പണിമുടക്ക് നടത്തിയത് എന്നത് പൊതു ജനത്തിനെന്നല്ല സമരക്കാർക്കു പോലും അറിയാത്ത അവസ്ഥയാണുള്ളത് . പണിമുടക്കിന്റെ പേരിൽ മറ്റുള്ളവരുടെ പൗരാവകാശങ്ങൾ മുഴുവൻ കവർന്നെടുക്കാനും, അനുസരിക്കാത്തവരെ മർദിക്കാനും സമരക്കാർ മടിച്ചില്ല. അങ്ങനെ കേരളത്തിൽ പണിമുടക്കം എന്നത്തേയും പോലെ ബന്ദായി മാറി. പശ്ചിമ ബംഗാളിലും, ബീഹാറിലും അതിന് കുറെ സ്വീകാര്യത ലഭിച്ചെങ്കിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പണിമുടക്കം കാര്യമായ സ്വാധീനം ചെലുത്തിയില്ല. ചുരുക്കിയാൽ , ദേശീയ പണിമുടക്ക് ഫലത്തിൽ കേരള ബന്ദായി മാറി.
തൊഴിൽ നിയമങ്ങളുടെ പരിഷ്‌ക്കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരിക്കൽ, തൊഴിലില്ലായ്മയും വേതനമരവിപ്പും, സാമൂഹിക ക്ഷേമ പെൻഷനുകൾ, പുതിയ പെൻഷൻ സ്കീം, ആരോഗ്യ ഇൻഷുറൻസിനു ചുമത്തുന്ന GST, കാർഷീക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ 17 ഇന വിഷയങ്ങളിൽ ഉള്ള പോരായ്മകളും , എതിർപ്പുകളും ഒക്കെയാണ് ദേശീയ സമരത്തിന്റെ കാരണങ്ങൾ ആയി പറയുന്നത്. ഇതിൽ മിക്കതും പഴയ ഡിമാന്റുകൾ തന്നെയാണ്. തൊഴിൽ നിയമങ്ങളുടെ പരിഷ്‌ക്കരണം ആണ് പുതുമയുള്ളത് . നിലവിൽ ഉള്ള 29 തൊഴിൽ നിയമങ്ങളെ ചേർത്ത് നാല് നിയമങ്ങൾ ആയി ചുരുക്കുക ആണ് ചെയ്തിരിക്കുന്നത് . രാജ്യത്തിന് പുരോഗതി ഉണ്ടാവണമെങ്കിൽ വ്യവസായവും, നിർമാമ്മാണ പ്രവർത്തനങ്ങളും, കച്ചവടവും ഒക്കെ നന്നായി നടക്കണം. തൊഴിൽ നിയമങ്ങളിൽ അയവ് വന്നാലേ കൂടുതൽ പണം മുടക്കാൻ വ്യവസായികൾ തയ്യാറാവൂ. ലാഭം ആണ് എല്ലാവരുടെയും ലക്‌ഷ്യം. അതിനാൽ ചൂഷണത്തിന് നല്ല സാധ്യത ഉണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ നിയമങ്ങളിൽ ഉറപ്പു വരുത്തേണ്ടതാണ്. കരിനിയമങ്ങൾ തീർച്ചയായും ഒഴിവാക്കണം. എന്നാൽ ദേശീയ ബന്ദിൽ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെയും സംഘടനകൾ വിട്ട് നിൽക്കുക ആണ് . അതിനർത്ഥം തൊഴിൽ സാഹചര്യത്തിൽ വലിയ പ്രശനം ഇല്ല എന്ന് തന്നെയാണ്. ഉണ്ടാവുകയാണെങ്കിൽ അവർ അതിനെ നേരിടും. അന്ന് അത് പരിഹരിക്കാൻ സർക്കാരും തൊഴിലുടമകളും തയ്യാറായില്ലെങ്കിൽ അതൊരു വിപ്ലവം ആയി മാറും. രാഷ്ട്രങ്ങളെ ഇളക്കി മറിച്ച, ഭരണാധികാരികളെ തൂത്തെറിഞ്ഞ അത്തരം എത്രയോ വിപ്ലവങ്ങൾ നമ്മൾ കണ്ടിരിക്കുന്നു.
തൊഴിലാളികളെയും , ജീവനക്കാരെയും ഒക്കെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർ എന്നു കണ്ടാൽ ഒതുക്കുക എന്നത് സർക്കാരുകളുടെ ഒരു പൊതു രീതിയാണ്. അതിനെ എതിർക്കുന്നതും സർക്കാരിനെതിരെ സമരാഹ്വാനം നടത്തുന്നതുമാണ് പ്രതിപക്ഷത്തിന്റെ രീതി. അവർ ഭരണത്തിൽ ഏറുമ്പോഴും ഇത് തന്നെയാണ് ചെയ്യുന്നത്. ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് അവരുടെ അനുവാദം ഇല്ലാതെ പണം പിടിച്ചെടുക്കാനുള്ള ബില്ല് കൊണ്ട് വന്ന സംസ്ഥാനം ആണ് നമ്മളുടേത് . വേതനവർദ്ധനവ് ആവശ്യപ്പെട്ട് എത്ര ദിവസം സമരം ചെയ്താലും ചർച്ചക്ക് പോലും വിളിക്കേണ്ട എന്ന നയം സ്വീകരിക്കുന്ന സർക്കാരുകൾക്ക്, രാഷ്ട്രീയ പാർട്ടികൾക്ക് എങ്ങനെ ആണ് ഇതേ ആവശ്യങ്ങൾക്ക് വേണ്ടി ദേശീയ തലത്തിൽ സമരം സംഘടിപ്പിക്കാൻ കഴിയുക? അടിക്കടി ഉണ്ടാവുന്ന പണിമുടക്കങ്ങൾ നമ്മുടെ സംസ്ഥാനത്തിന്, രാജ്യത്തിന് താങ്ങാവുന്ന അവസ്ഥ അല്ല ഇപ്പോഴുള്ളത്. അത്തരം സാഹചര്യങ്ങൾ ഉള്ള രാജ്യത്ത് പണം മുടക്കാൻ , വ്യവസായികൾ മടിക്കും. അത് തൊഴിൽ ഇല്ലാതാക്കുന്നതിൽ ആണ് ചെന്നെത്തുക. തൊഴിലിനു വേണ്ടിയുള്ള സമരം തൊഴിലില്ലായ്മയിൽ കൊണ്ടുചെന്നെത്തിക്കുന്ന അവസ്ഥ . സംസ്ഥാനവും, രാജ്യവും വിട്ട് ജോലി തേടി വിദേശ രാജ്യങ്ങളിൽ അലഞ്ഞു തിരിയുന്ന ലക്ഷങ്ങളെ സൃഷ്ട്ടിക്കാൻ മാത്രമേ അതുപകരിക്കൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)