2025, സെപ്റ്റംബർ 6, ശനിയാഴ്‌ച

സർക്കാരിന്റെ ഗുണ്ടകൾ

ജനാധിപത്യത്തിന്റെ ശരിയായ അർത്ഥം ജനങ്ങൾക്ക് വേണ്ടിയിട്ടുള്ള ജനങ്ങളുടെ ഭരണം എന്നാണ്. എന്നാൽ ഇത് രണ്ടും നമ്മുടെ ജനാധിപത്യത്തിൽ കാണാൻ കഴിയില്ല. അഞ്ചു വർഷം കൂടുമ്പോൾ തൊഴു കൈകളുമായി ഭരണമോഹികൾ പുഞ്ചിരിച്ചുകൊണ്ട് കടന്നു വരും. ചിലരുടെ മുഖത്ത് അപ്പോഴും രൗദ്രത നിഴലിക്കുന്നത് കാണാം. ഭരണത്തിലേറുന്നതിനായി അവർ മതവും , ദേശീയതയും, ഭാഷയും , സ്വത്വ വാദവും ഒക്കെ തരാതരം പോലെ പ്രയോഗിക്കും . സമത്വവും , വികസനവും , സാമൂഹിക നീതിയും ചേർത്ത് മുദ്രാവാക്യങ്ങൾ മോടിപിടിപ്പിക്കാനും മറക്കില്ല. അൽപ്പ ബുദ്ധികളായ ജനത ഒരേ സമയം അടിമകളും കങ്കാണികളും ആയി മാറി ഇതെല്ലാം വിശ്വസിച്ച് ഒരു സർക്കാരിനെ അധികാരത്തിലേക്ക് കയറ്റിവിടും. പിന്നെ നടക്കുന്നതിൽ ജനത്തിന് യാതൊരു പങ്കുമില്ല. കങ്കാണികൾക്കുമില്ല. പക്ഷെ അവരെ സോഷ്യൽ മീഡിയകളിലൊക്കെ സർക്കാരിനെ വെളുപ്പിക്കാൻ ചുമതലപ്പെടുത്തി ഭരണത്തിൽ അവകാശികൾ എന്ന് വിശ്വസിപ്പിക്കും. ഒരു നരനായാട്ട് ആണ് തുടർന്നുണ്ടാവുക . അഴിമതിയും, സ്വജനപക്ഷപാതവും, ധൂർത്തും ഒക്കെ തകർത്ത് അരങ്ങേറും. ഭരണത്തിലെ ക്രമക്കേടുകൾക്കെതിരെ ശബ്ദിക്കുന്നവരെ നേരിടാൻ ഏറ്റവും മികച്ച പോലീസ് സേന അവരുടെ കൈവശം ഉണ്ട്. ഉരുട്ടിക്കൊലക്കും , കസ്റ്റഡി പീഡനങ്ങൾക്കും പേര് കേട്ട മികച്ച സേനയാണത്. തങ്ങളുടെ രാഷ്ട്രീയ യജമാനൻമാരുടെ ആജ്ഞാനുവർത്തികൾ ആയി സർവീസ് ഉടനീളം കഴിഞ്ഞു കൊള്ളാം എന്ന് ശപഥം എടുത്തിട്ടുള്ളവർ ആണിവർ .സർക്കാരിന് വേണ്ടി പീഡിപ്പിച്ചു പീഡിപ്പിച്ചു പീഡിപ്പിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ അവർ സ്വന്തം നിലക്കും ഇരകളെ കണ്ടെത്തും. കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. സർക്കാരിന്റെ ഗുണ്ടകളെ പോലെയാണ് സർക്കാരുദ്യോഗസ്ഥർ പൊതുവിൽ പെരുമാറുക. ജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം കൊടുത്ത് ജോലിക്കു നിർത്തിയിരിക്കുന്നവരുടെ യഥാർത്ഥ യജമാനന്മാർ ജനങ്ങൾ തന്നെയാണെന്നും, നിയമം ആണ് അവരുടെ മാർഗദർശി ആകേണ്ടത് എന്നും മറന്നു പോകുന്നു. പകരം രാഷ്ട്രീയമായ പക്ഷഭേദങ്ങൾ കാണിച്ച് , അതാത് കാലത്തെ ഭരണകക്ഷിയുടെ ചട്ടുകങ്ങൾ ആയി ഇവർ മാറുന്നതിനാൽ ജനങ്ങൾക്ക് സർക്കാരുദ്യോഗസ്ഥർ എന്ന് കേൾക്കുമ്പോൾ തന്നെ വെറുപ്പാണ്. ഈ വെറുപ്പ് ഏറ്റവും കൂടുതൽ ഏറ്റു വാങ്ങുന്നത് പോലീസ് സേനയും. പഴയ കാലത്തെ നിക്കർ പോലീസിൽ നിന്ന് പാന്റ്സിട്ട പൊലീസിലേക്ക് മാറിയപ്പോൾ വലിയ മാറ്റം വന്നെന്നും, പ്രത്യേകിച്ച് , ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനുമുള്ള ചെറുപ്പക്കാരായ പോലീസുകാർ സർവീസിലേക്ക് കടന്നു വരാനും തുടങ്ങിയപ്പോൾ മാതൃകാ പോലീസ് വന്നു കഴിഞ്ഞു എന്നുമാണ് എല്ലാവരും വിചാരിച്ചത് . എന്നാൽ പഴയ പോലീസിന്റെ അതേ ജനിതക ദ്രവങ്ങൾ തന്നെ അവരും പിൻപറ്റുന്നു എന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത് . പോലീസിന്റെ അഴിഞ്ഞാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പോലീസ് സ്റ്റേഷനുകളിൽ കെട്ടിത്തൂക്കിയും , ഉലക്കകൊണ്ടുരുട്ടിയും , മൂത്രനാളിയിൽ ഈർക്കിളുകൾ തിരുകി കയറ്റിയും, ലാത്തി കുത്തിക്കയറ്റിയും ഒരു മനുഷ്യൻ മറ്റൊരു ജീവിയോടും ചെയ്യാൻ പാടില്ലാത്തത്ര ക്രൂരതകൾ അരങ്ങേറിയത് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ മാത്രമല്ല, തദ്ദേശീയ ഗവൺമെന്റുകളുടെ ഭരണത്തിൻ കീഴിലും ആയിരുന്നു. പോയിന്റ് ബ്ലാങ്കിൽ നക്സലുകൾ എന്ന മുദ്രകുത്തി നിസ്സഹായ ചെറുപ്പങ്ങളെ തുടച്ചു മാറ്റുമ്പോഴും , സ്വാധീനമുള്ളവരുടെ ചൊല്പടിയിൽ സാധുക്കളെ ചവിട്ടി കൂട്ടുമ്പോഴും അനുഭവിക്കുന്നത് എന്ത് തരം ഉന്മാദം ആണ് ? ഓടിപ്പോകാൻ ഒരു സാധ്യതയും ഇല്ലാത്ത, സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ നിൽക്കുന്ന ആളുകളെ പോലും, അവധി ദിവസങ്ങൾ നോക്കി അർദ്ധരാത്രിയിൽ വീട് വളഞ്ഞു പിടിച്ചുകൊണ്ടു പോയി രാഷ്ട്രീയ യജമാനന്മാർക്ക് കാഴ്ചവെക്കുന്ന ചിത്രങ്ങൾ എത്രയോ വട്ടം നമ്മൾ കണ്ടുകഴിഞ്ഞു. അക്കാദമികമായ വിഷയങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണമൂലം മതപരമായ ആക്രമണം ഭയന്ന് ഒളിവിൽ പോയ കോളേജ് പ്രഫസ്സറെ സംരക്ഷിക്കുന്നതിന് പകരം, നാളെയുടെ താങ്ങാവേണ്ട അയാളുടെ കൗമാര പ്രായക്കാരനായ പുത്രനെ പോലീസ് സ്റ്റേഷനിൽ കൂട്ടികൊണ്ടുപോയി കുനിച്ച് നിർത്തി ഇടിക്കുകയും, ഇടിക്കാതിരിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്ത ചരിത്രം ഉള്ള നാടാണിത്. സാധാരണക്കാർക്ക് പീഡനവും ക്രിമിനലുകൾക്ക് സഹായവും ചെയ്തു കൊടുക്കുന്നതും ഇവിടെത്തന്നെയാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് പറയുന്നവർ അവരുടെ കഷ്ടപ്പാടുകൾ നിരത്തും. രണ്ടും മൂന്നും ദിവസങ്ങൾ നീളുന്ന ശവത്തിന്റെ കാവൽ, മണിക്കൂറുകളോളം വെയിലത്തും മഴയത്തും ജോലി ചെയ്യുന്നത്, സംഘർഷങ്ങളിൽ കല്ലേറ് കൊള്ളുന്നത് , അവധികൾ ലഭിക്കാത്തതു കാരണം നഷ്ട്ടമായ ഉത്സവങ്ങൾ, ചടങ്ങുകൾ, ശമ്പളക്കുറവ്, ജോലി കൂടുതൽ, മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ശകാരങ്ങൾ , പീഡനങ്ങൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര കാര്യങ്ങൾ പറയാനുണ്ടാവും. ഒക്കെ ശരിയാണ് . പക്ഷെ അതൊന്നും ഒരു വ്യക്തിയെ അയാളുടെ മൗലീക അവകാശങ്ങൾ നഷ്ടപ്പെടുത്തി അറസ്റ്റു ചെയ്യുന്നതിനും , അറസ്റ്റ് രേഖപെടുത്തത്തെ പീഡിപ്പിക്കുന്നതിനും മതിയായ കാരണങ്ങൾ അല്ല. നിയമത്തിന്റെ ഉള്ളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയും, നിയമം ചൂണ്ടിക്കാട്ടി രാഷ്ട്രീയ വൈരം പോക്കാൻ ശ്രമിക്കുന്നവരെ ചെറുക്കുകയും ആണ്‌ പോലീസിന്റെ ഉത്തരവാദിത്തം. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ സ്ഥലം മാറ്റം ഉണ്ടാവും, അകറ്റി നിർത്തലുകൾ ഉണ്ടാവും, സസ്പെൻഷനുകളും , ഡിസ്മിസ്സൽ വരെയും വന്നേക്കാം. എന്നാൽ സത്യസന്ധമായി ജോലിചെയ്യുമ്പോൾ ജനവും നിയമവും കൂടെ നിൽക്കും . സർവീസിൽ നിന്ന് പുറത്ത് വരുമ്പോൾ, പുഴുത്ത പട്ടിയെപ്പോലെ അകറ്റി നിർത്തപ്പെടാതെ, ജോർജ് സാറുമ്മാർക്ക് ഉണ്ടാവേണ്ടത് ഈ പിൻബലം ആയിരിക്കണം.

2025, ജൂലൈ 9, ബുധനാഴ്‌ച

പണിമുടക്കം

രണ്ടു പണിമുടക്കങ്ങൾക്കാണ് ഇന്നലെയും ഇന്നുമായി കേരളം സാക്ഷിയായിരിക്കുന്നത് . രണ്ടും പൂർണ്ണ വിജയമായിരുന്നു. വണ്ടികൾ ഓടിയില്ല, കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ജനജീവിതം താറുമാറായി. ഇന്നലെ നടന്നത് സ്വകാര്യ ബസ് ഉടമകൾ ആഹ്വാനം ചെയ്ത സമരമായിരുന്നെങ്കിൽ ഇന്നത്തേത് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്യുന്ന ദേശീയ പണിമുടക്കമായിരുന്നു. രണ്ടിന്റെയും കാരണങ്ങളും, കാര്യങ്ങളും ഈ പണിമുടക്കിൽ വലഞ്ഞ ബഹുഭൂരിപക്ഷം ജനത്തിനും അറിയില്ല എന്നതാണ് സത്യം. സ്വകാര്യ ബസ് ഉടമകൾ സൂചന പണിമുടക്കം ആണ് നടത്തിയത്. പെർമിറ്റുകൾ പുതുക്കി കൊടുക്കുന്നതിലുള്ള കാലവിളംബം അവസാനിപ്പിക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളെ ഓർഡിനറി ബസുകൾ ആയി കൺവെർട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കുക, ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാൻ പോലീസ് ക്ലീറൻസ് വേണം എന്നത് ഒഴിവാക്കുക, സ്പീഡ് ഗവർണറുകൾ വയ്ക്കണം എന്ന നിർദേശം അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതിനാൽ അതൊഴിവാക്കുക എന്നതൊക്കെയായിരുന്നു അവരുടെ ആവശ്യങ്ങൾ. ഒരു ചർച്ചക്ക് വിളിച്ച് പറഞ്ഞുതീർക്കാവുന്നതും ചെയ്തുകൊടുക്കാവുന്നതുമായ കാര്യങ്ങളെ ഇതിൽ ഉള്ളൂ എന്നതാണ് ഡിമാന്റുകൾ നോക്കിയാൽ മനസിലാകുന്നത്. ബസു ജീവനക്കാർക്ക് പോലീസിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വേണം എന്നതാണ് വിട്ടുവീഴ്ച ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യം. എന്നാൽ ഇത് ബസുടമകളുമായി ചർച്ചചെയ്ത് അവരെയും ബോധ്യപ്പെടുത്തി പരിഹരിക്കാവുന്നതേ ഉള്ളൂ. സ്പീഡ് ഗവർണ്ണറുകൾ ആവശ്യമാണ് . പക്ഷെ അത് മൂലം പൊതുവെ നഷ്ടത്തിൽ ഓടുന്ന സ്വകാര്യ ഗതാഗതത്തെ തളർത്താൻ പാടില്ല. ജനങ്ങളെ കൂടുതൽ; കഷ്ട്ടപെടുത്തി അവസാനം ബസ്സുടമകൾ പറയുന്ന വ്യവസ്ഥയിൽ സമരം അവസാനിപ്പിക്കുക ആണ് പൊതു രീതി. ഓഫിസുകൾ, സ്‌കൂളുകൾ, കോളേജുകൾ, കൺസ്ട്രക്ഷൻ മേഖലകൾ എല്ലാം സ്തംഭിപ്പിക്കാൻ ഇന്നലെ നടന്ന സ്വകാര്യ ബസ്സ് സമരത്തിലൂടെ സാധിച്ചു. ഈ നാടകങ്ങൾ ഇനിയും മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ടോ? ഇന്ന് നടന്ന ദേശീയ പണിമുടക്കമാണ് രണ്ടാമത്തേത് . എന്തിനായിരുന്നു ദേശീയ പണിമുടക്ക് നടത്തിയത് എന്നത് പൊതു ജനത്തിനെന്നല്ല സമരക്കാർക്കു പോലും അറിയാത്ത അവസ്ഥയാണുള്ളത് . പണിമുടക്കിന്റെ പേരിൽ മറ്റുള്ളവരുടെ പൗരാവകാശങ്ങൾ മുഴുവൻ കവർന്നെടുക്കാനും, അനുസരിക്കാത്തവരെ മർദിക്കാനും സമരക്കാർ മടിച്ചില്ല. അങ്ങനെ കേരളത്തിൽ പണിമുടക്കം എന്നത്തേയും പോലെ ബന്ദായി മാറി. പശ്ചിമ ബംഗാളിലും, ബീഹാറിലും അതിന് കുറെ സ്വീകാര്യത ലഭിച്ചെങ്കിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പണിമുടക്കം കാര്യമായ സ്വാധീനം ചെലുത്തിയില്ല. ചുരുക്കിയാൽ , ദേശീയ പണിമുടക്ക് ഫലത്തിൽ കേരള ബന്ദായി മാറി. തൊഴിൽ നിയമങ്ങളുടെ പരിഷ്‌ക്കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരിക്കൽ, തൊഴിലില്ലായ്മയും വേതനമരവിപ്പും, സാമൂഹിക ക്ഷേമ പെൻഷനുകൾ, പുതിയ പെൻഷൻ സ്കീം, ആരോഗ്യ ഇൻഷുറൻസിനു ചുമത്തുന്ന GST, കാർഷീക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ 17 ഇന വിഷയങ്ങളിൽ ഉള്ള പോരായ്മകളും , എതിർപ്പുകളും ഒക്കെയാണ് ദേശീയ സമരത്തിന്റെ കാരണങ്ങൾ ആയി പറയുന്നത്. ഇതിൽ മിക്കതും പഴയ ഡിമാന്റുകൾ തന്നെയാണ്. തൊഴിൽ നിയമങ്ങളുടെ പരിഷ്‌ക്കരണം ആണ് പുതുമയുള്ളത് . നിലവിൽ ഉള്ള 29 തൊഴിൽ നിയമങ്ങളെ ചേർത്ത് നാല് നിയമങ്ങൾ ആയി ചുരുക്കുക ആണ് ചെയ്തിരിക്കുന്നത് . രാജ്യത്തിന് പുരോഗതി ഉണ്ടാവണമെങ്കിൽ വ്യവസായവും, നിർമാമ്മാണ പ്രവർത്തനങ്ങളും, കച്ചവടവും ഒക്കെ നന്നായി നടക്കണം. തൊഴിൽ നിയമങ്ങളിൽ അയവ് വന്നാലേ കൂടുതൽ പണം മുടക്കാൻ വ്യവസായികൾ തയ്യാറാവൂ. ലാഭം ആണ് എല്ലാവരുടെയും ലക്‌ഷ്യം. അതിനാൽ ചൂഷണത്തിന് നല്ല സാധ്യത ഉണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ നിയമങ്ങളിൽ ഉറപ്പു വരുത്തേണ്ടതാണ്. കരിനിയമങ്ങൾ തീർച്ചയായും ഒഴിവാക്കണം. എന്നാൽ ദേശീയ ബന്ദിൽ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെയും സംഘടനകൾ വിട്ട് നിൽക്കുക ആണ് . അതിനർത്ഥം തൊഴിൽ സാഹചര്യത്തിൽ വലിയ പ്രശനം ഇല്ല എന്ന് തന്നെയാണ്. ഉണ്ടാവുകയാണെങ്കിൽ അവർ അതിനെ നേരിടും. അന്ന് അത് പരിഹരിക്കാൻ സർക്കാരും തൊഴിലുടമകളും തയ്യാറായില്ലെങ്കിൽ അതൊരു വിപ്ലവം ആയി മാറും. രാഷ്ട്രങ്ങളെ ഇളക്കി മറിച്ച, ഭരണാധികാരികളെ തൂത്തെറിഞ്ഞ അത്തരം എത്രയോ വിപ്ലവങ്ങൾ നമ്മൾ കണ്ടിരിക്കുന്നു. തൊഴിലാളികളെയും , ജീവനക്കാരെയും ഒക്കെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർ എന്നു കണ്ടാൽ ഒതുക്കുക എന്നത് സർക്കാരുകളുടെ ഒരു പൊതു രീതിയാണ്. അതിനെ എതിർക്കുന്നതും സർക്കാരിനെതിരെ സമരാഹ്വാനം നടത്തുന്നതുമാണ് പ്രതിപക്ഷത്തിന്റെ രീതി. അവർ ഭരണത്തിൽ ഏറുമ്പോഴും ഇത് തന്നെയാണ് ചെയ്യുന്നത്. ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് അവരുടെ അനുവാദം ഇല്ലാതെ പണം പിടിച്ചെടുക്കാനുള്ള ബില്ല് കൊണ്ട് വന്ന സംസ്ഥാനം ആണ് നമ്മളുടേത് . വേതനവർദ്ധനവ് ആവശ്യപ്പെട്ട് എത്ര ദിവസം സമരം ചെയ്താലും ചർച്ചക്ക് പോലും വിളിക്കേണ്ട എന്ന നയം സ്വീകരിക്കുന്ന സർക്കാരുകൾക്ക്, രാഷ്ട്രീയ പാർട്ടികൾക്ക് എങ്ങനെ ആണ് ഇതേ ആവശ്യങ്ങൾക്ക് വേണ്ടി ദേശീയ തലത്തിൽ സമരം സംഘടിപ്പിക്കാൻ കഴിയുക? അടിക്കടി ഉണ്ടാവുന്ന പണിമുടക്കങ്ങൾ നമ്മുടെ സംസ്ഥാനത്തിന്, രാജ്യത്തിന് താങ്ങാവുന്ന അവസ്ഥ അല്ല ഇപ്പോഴുള്ളത്. അത്തരം സാഹചര്യങ്ങൾ ഉള്ള രാജ്യത്ത് പണം മുടക്കാൻ , വ്യവസായികൾ മടിക്കും. അത് തൊഴിൽ ഇല്ലാതാക്കുന്നതിൽ ആണ് ചെന്നെത്തുക. തൊഴിലിനു വേണ്ടിയുള്ള സമരം തൊഴിലില്ലായ്മയിൽ കൊണ്ടുചെന്നെത്തിക്കുന്ന അവസ്ഥ . സംസ്ഥാനവും, രാജ്യവും വിട്ട് ജോലി തേടി വിദേശ രാജ്യങ്ങളിൽ അലഞ്ഞു തിരിയുന്ന ലക്ഷങ്ങളെ സൃഷ്ട്ടിക്കാൻ മാത്രമേ അതുപകരിക്കൂ.

2025, ജൂൺ 21, ശനിയാഴ്‌ച

പാർശ്വവൽകൃതർ

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജനസംഖ്യയുടെ 70 ശതമാനം പിന്നാക്ക വിഭാഗക്കാരും 30 ശതമാനം മുന്നാക്ക വിഭാഗക്കാരുമാണ് ഉണ്ടായിരുന്നത്. പിന്നാക്കക്കാരിൽ തന്നെ വളരെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ ആണ് പട്ടിക ജാതി, പട്ടിക വർഗക്കാർ. ജനസംഖ്യയുടെ ഏതാണ്ട് 22 ശതമാനം ആണ് ഇവരുണ്ടായിരുന്നത് . ഇവരെ കൂടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു 13 ശതമാനം ഗോത്രവർഗ വിഭാഗക്കാർ വേറെയും ഉണ്ടായിരുന്നു . 35 ശതമാനം വരുന്ന ഉയർന്ന പിന്നാക്ക വിഭാഗക്കാർ എന്നറിയപ്പെടുന്ന OBC ക്കാരും ഇതിനോടൊപ്പമുണ്ട് . പിന്നാക്ക വിഭാഗക്കാരെ മുന്നാക്കത്തിലേക്ക് കൊണ്ടുവരാൻ പല കാര്യങ്ങളും ഭരണഘടനാ ശിൽപ്പികൾ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. ജനപ്രതിനിധിസഭകളിലേക്കുള്ള സംവരണവും, ജോലി സംവരണവും, സാമ്പത്തിക ആനുകൂല്യങ്ങളും ഒക്കെ അതിൽ ചിലതാണ്. 10 വർഷത്തിനുള്ളിൽ പിന്നാക്കക്കാരെ മുന്നാക്കക്കാരുടെ ഒപ്പം എത്തിക്കാൻ അതാത് സർക്കാരുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കും എന്നായിരുന്നു സങ്കൽപ്പം. എന്നാൽ അതുണ്ടായില്ല. പത്ത് വർഷം പത്ത് വർഷം വീതം സർക്കാർ ജോലിയിൽ ഉള്ള സംവരണം വർധിപ്പിച്ച് ഇന്നത് 2030വരെ ആക്കിയിട്ടുണ്ട് എന്ന് മാത്രം . ഇക്കാലയളവിനുള്ളിൽ പിന്നാക്കക്കാർ , പ്രത്യേകിച്ചും പട്ടിക ജാതി പട്ടിക വർഗക്കാർ, മുന്നാക്കം പോയില്ല എന്ന് മാത്രമല്ല മുന്നാക്കക്കാരിൽ നിന്ന് കൂടുതൽ പിന്നാക്കക്കാർ ഉണ്ടാവുകയും അങ്ങനെ പിന്നാക്കക്കാരുടെ സംഖ്യ ഇപ്പോൾ ഏതാണ്ട് 78 ശതമാനം ആയി മാറുകയും ചെയ്തിട്ടുണ്ട് . ഇതിൽ സംഭവിച്ച ഗുണപരമായ ഒരു കാര്യം, പിന്നാക്കക്കാരിൽ OBC വിഭാഗത്തിൽ പെട്ടവർ അധികാരത്തിലേക്കും, താക്കോൽ സ്ഥാനങ്ങളിലേക്കും കടന്നു വന്നു എന്നതാണ്. സമൂഹത്തിൽ ഉണ്ടായിരുന്ന ഉച്ച നീചത്തങ്ങളെ, അകറ്റി നിർത്തലുകളെ അവർ അതിജീവിച്ചു. എന്നാൽ അവർ തൊട്ടു താഴെ ഉണ്ടായിരുന്ന പട്ടിക ജാതി, പട്ടിക വിഭാഗക്കാരോട് അയിത്തം വച്ച് പുലർത്തുകയും അക്കാര്യത്തിൽ മുന്നാക്കക്കാരെ ലജ്ജിപ്പിക്കുകയും ചെയ്തു. പട്ടിക ജാതി, പട്ടിക വിഭാഗക്കാരായ ദളിത് ആദിവാസി വിഭാഗങ്ങൾ വേണ്ടത്ര അളവിൽ അധികാരത്തിലും, ഉന്നത പദവികളിലും എത്തിപ്പെടുക ഉണ്ടായില്ല. എത്തിപ്പെട്ടതാകട്ടെ അധികാരങ്ങൾ ഒന്നും ഇല്ലാതിരുന്ന അലങ്കാര പദവികളിലും . സാർവത്രിക വിദ്യാഭ്യാസം രാജ്യം ഏർപ്പെടുത്തിയെങ്കിലും ദളിത് ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾ സ്‌കൂളുകളിലും , കോളേജുകളിലും പഠനം നിർത്തി കുടുംബം പുലർത്താൻ പോകുന്ന സാഹചര്യം ആണ് ഇപ്പോഴുമുള്ളത് . കോളേജുകളിൽ സംവരണ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ സാധാരണമാണ്. സാമ്പത്തികം തന്നെയാണ് പ്രധാന വില്ലൻ. നിയന്ത്രിക്കാൻ ആളില്ലാത്തതും, വഴികാട്ടികൾ ഇല്ലാത്തതും അതിന്റെ കൂടെ തന്നെയുണ്ട്. മറ്റൊന്ന് സംഘടിത ബലം ഇല്ലാത്തതാണ്. ജനസംഖ്യയിലെ 26 ശതമാനം ഇപ്പോഴുണ്ടെങ്കിലും രണ്ടായിരത്തോളം വിഭാഗങ്ങളിലായി അവർ ചിതറി കിടക്കുക ആണ്. ഈ വിഭാഗങ്ങളിലെ ഉയർന്നവരും താഴ്ന്നവരും തമ്മിൽ തന്നെ കടുത്ത അയിത്ത വ്യവസ്ഥകൾ ഉണ്ട് താനും . അത് കൊണ്ട് തന്നെ ഒരു പൊതു നേതാവില്ല. അൽപ്പമെങ്കിലും സംഘടനാശേഷി ഉള്ളവർ സ്വന്തമായി കോളേജുകളും സ്ഥാപനങ്ങളും തുടങ്ങി അവരവരുടെ ജാതിയുടെ ഉന്നമനത്തിനായാണ് ശ്രമിക്കുന്നത്. ശബ്ദം ഇല്ലാത്ത , കോടിക്കണക്കിന് ദളിത് ആദിവാസി വിഭാഗങ്ങൾ അസംഘടിതർ ആയി സമൂഹത്തിന്റെ അടിത്തട്ടിൽ ഊറിക്കൂടുകയാണ്. ഇവരെ മുന്നോട്ട് കൊണ്ടുവരാൻ എന്ത് പദ്ധതിയാണ് സർക്കാരിനുള്ളത്?! പട്ടിക ജാതി, പട്ടിക വർഗ സംഘടനകൾ അതിനു വേണ്ടി എന്തൊക്കെ ചെയ്യും എന്നുള്ളയിടത്താണ് അതിനുള്ള ഉത്തരം. ജോലി ദാതാവിൽ നിന്ന് സർക്കാർ പിന്നാക്കം പോകുന്നതോടെ സംവരണത്തിന് വലിയ പ്രസക്തി ഇല്ലാതെ വരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ ഒരിക്കലും സംവരണം കൊടുക്കില്ല. അവർക്ക് അറിവും കഴിവുമുള്ള ചെറുപ്പക്കാരെ ആണ് വേണ്ടത്. അതിനു വേണ്ടി തങ്ങളുടെ ചെറുപ്പക്കാരെ തയ്യാറെടുപ്പിക്കേണ്ട ബാധ്യത ആണ് ദളിത് ആദിവാസി സംഘടനകൾ ഏറ്റെടുക്കേണ്ടത്. പട്ടിക ജാതി പട്ടിക വിഭാഗങ്ങൾ സംവരണ സീറ്റിൽ നിന്നല്ലാതെ തിരഞ്ഞെടുക്കപ്പെടുന്നില്ല. തിരഞ്ഞെടുക്കപെടുന്നവർക്ക് മിക്കവാറും ആ വകുപ്പ് തന്നെയാണ് നൽകുന്നത് . പേരിനു ചിലപ്പോൾ മറ്റേതെങ്കിലും വകുപ്പുകൾ. ഏതെങ്കിലും പാർട്ടികളോട് ചേർന്ന് നിന്ന് മത്സരിക്കാതെ മുന്നണികൾ ഉണ്ടാക്കി മത്സരിക്കുക ആണ് അധികാരം ചോദിച്ചു വാങ്ങാൻ ഏറ്റവും നല്ലത് . എണ്ണത്തിൽ കുറവായ പല ജാതി സംഘടനകളും ചെയ്യുന്നത് ഇത് തന്നെയാണ്. ദളിത് ആദിവാസി വിഭാഗങ്ങൾക്ക് പല സാമ്പത്തിക സഹായങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. ഇത് പക്ഷെ എല്ലാവരിലേക്കും എത്തുന്നില്ല. ഓരോ വിഭാഗത്തിലെയും കുട്ടികളെ പള്ളിക്കൂടങ്ങളിലേക്ക് എത്തിക്കണം. അവർക്ക് പ്രത്യേക പരിശീലനങ്ങൾ കൊടുക്കണം. അവരുടെ കുടുംബത്തിന് സർക്കാർ തന്നെ ദിവസ വേതനത്തിൽ ജോലിയോ അല്ലെങ്കിൽ ജീവിക്കാനുള്ള തുകയോ നൽകണം. സർക്കാരിന് പണമില്ലെങ്കിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ CSR ഫണ്ടുകൾ ഇവിടെ ചിലവഴിപ്പിക്കണം. അങ്ങനെയൊക്കെ ചെയ്യണമെങ്കിൽ രാഷ്ട്രീയമായി ഒരു സമ്മർദ്ദ ശക്തിയായി മാറേണ്ടതുണ്ട്. നല്ല വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുമ്പോൾ അവർക്ക് നല്ല ജോലികൾ തിരഞ്ഞെടുക്കാൻ സാധിക്കും. ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ടി വരില്ല. സംവരണം ആവശ്യമില്ലെങ്കിൽ പിന്നെ ജാതിക്ക് ഒരു പ്രസക്തിയും ഉണ്ടാവില്ല. അതിനു വേണ്ടിയുള്ള പ്രവർത്തനം ഇപ്പോഴേ ആരംഭിച്ചാൽ 2050 ആകുമ്പോഴേക്കെങ്കിലും അത്തരം ഒരവസ്ഥയിൽ എത്തിച്ചേരാൻ സാധിക്കും. ജാതി സമൂഹത്തിന്റെ സൃഷ്ടിയാണ്. അതിൽ ഓരോരുത്തരും വന്ന് പെടുകയാണ്. അറിവും, പ്രായോഗികതയും ഇല്ലാത്ത വിഭാഗങ്ങൾ ആണ് കാലാന്തരത്തിൽ പിന്നാക്കം പോയത്. അത് നേടിക്കഴിഞ്ഞാൽ പിന്നെ പിന്നാക്കം എന്ന അവസ്ഥയില്ല. അത് കൊണ്ട് തന്നെ ജാതിയിൽ അവമതിപ്പുണ്ടാവേണ്ട ആവശ്യവും ഇല്ല. ജാതി പറഞ്ഞു തന്നെ മുന്നോട്ട് പോകണം. നിറത്തിന്റെ പേരിലും, രൂപത്തിന്റെ പേരിലും അപകർഷത തോന്നുമ്പോൾ അറിവില്ലായ്മ ആണ് അതിനു കാരണം എന്ന് മനസിലാക്കി കൊടുക്കുന്ന ഒരു നേതൃത്വം ആണുണ്ടാവേണ്ടത് . അതിന്റെ പേരിൽ കോടതിയിലേക്ക് പോകുന്നത് അതങ്ങീകരിക്കുന്നതിനു തുല്യമാണ്. പഴയ കാലത്ത് സാമൂഹിക ക്രമത്തിൽ ഒരു പാട് അനീതികൾ ഉണ്ടായിട്ടുണ്ട്. അത് ഇപ്പോഴും പറഞ്ഞു നടക്കുന്നതിൽ ഒരർഥവും ഇല്ല. അർപ്പണ ബോധത്തോടെ , ഓരോ ദളിത് ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥിയും നല്ല വിദ്യാഭ്യാസം നേടാൻ ശ്രമിക്കണം. രാഷ്ട്രീയ യജമാനന്മാരുടെ സേവകർ ആയി നടക്കാതെ സമുദായത്തിലെ ജനപ്രതിനിധികൾ ഓരോ വ്യക്തികളിലും ആനുകൂല്യങ്ങളും , വികസനവും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തി മുന്നോട്ട് പോകണം. അങ്ങനെ ചെയ്തില്ലെങ്കിൽ ജാതി എന്ന ഈ ദുർഭൂതം 22 -)൦ നൂറ്റാണ്ടിലും സർക്കാർ രേഖകളിൽ കിടന്ന് പരിഹസിച്ച് കൊണ്ടേയിരിക്കും .

2025, മേയ് 15, വ്യാഴാഴ്‌ച

പാളിപ്പോയ പുലിവിപ്ലവം

ശ്രീലങ്കയിലെ ആഭ്യന്തര കലാപം കണ്ണീരിന്റെയും, ഭീതിയുടെയും കഥ കൂടിയാണ്. ഇതിനു തുടക്കം കുറിച്ചത് ശ്രീലങ്കൻ തമിഴർ ആണ്. എന്നാൽ കാരണക്കാർ ആയത് സിംഹള ഭരണാധികാരികളും. 1975 ൽ 'ആൽഫ്രഡ്‌ ദുരൈ' എന്ന ജാഫ്‌ന മേയറുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് കൊണ്ട് വേലുപ്പിള്ള പ്രഭാകരൻ തന്നെ ആണ് അത് ഉൽഘാടനം ചെയ്തത്. തമിഴനായിരുന്നിട്ടും സിംഹളരുടെ തോഴനായി, തമിഴ് താൽപ്പര്യങ്ങളെ ബലികഴിക്കുന്നു എന്നായിരുന്നു ആരോപണം. തമിഴരും സിംഹളരും ആണ് ശ്രീലങ്കയിലെ പ്രധാന ജനവിഭാഗങ്ങൾ. രണ്ടു കൂട്ടരും ഇന്ത്യയിൽ നിന്ന് വന്നവർ. തമിഴരിൽ ശ്രീലങ്കൻ തമിഴരും ഇന്ത്യൻ തമിഴരും ഉണ്ട്. ശ്രീലങ്കൻ തമിഴർക്ക് സിംഹളർക്കൊപ്പം 2500 വർഷത്തെ പഴക്കം ഉണ്ട് . എന്നാൽ ഇന്ത്യൻ തമിഴർ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് ബ്രിട്ടീഷുകാർക്ക് വേണ്ടി തോട്ടപ്പണികൾക്കായി എത്തിയവരാണ്. താഴ്ന്ന ജാതിക്കാരും വിദ്യാഭ്യാസം ഇല്ലാത്തവരുമായ ഇന്ത്യൻ തമിഴരെ ശ്രീലങ്കൻ തമിഴർ എന്നും അകറ്റി നിർത്തിയിരുന്നു. തമിഴ് സംസാരിക്കുന്ന മുസ്‌ലിം ജനതയും ഇവിടെയുണ്ട്. ഇവർക്ക് അറബി പൈതൃകം ഉള്ളതിനാൽ 'മൂറുകൾ 'എന്നാണ് അറിയപ്പെടുന്നത്. അത് പോലെ തന്നെ യൂറോപ്യൻ പൈതൃകം ഉള്ള നമ്മുടെ ആംഗ്ലോ ഇന്ത്യൻ വിഭാഗം പോലെ 'ബെർഗുകൾ' എന്നറിയപ്പെടുന്ന ഒരു കൂട്ടരും ഉണ്ട് . ഇവരുടെ കൂടെ ശ്രീലങ്കയുടെ ആദിവാസി വിഭാഗമായ വേടന്മാരും ചേർന്നാൽ ശ്രീലങ്കൻ ജനതയായി. യൂറോപിയൻ അധിനിവേശക്കാലത്ത് ശ്രീലങ്കൻ തമിഴർ മിഷനറി സ്‌കൂളുകളിലും മറ്റും പഠിച്ച് സർക്കാർ പദവികളിലും അധികാര കേന്ദ്രങ്ങളിലും എത്തപ്പെട്ട് സമൂഹത്തിൽ നല്ല സ്വാധീനം ഉറപ്പിച്ചിരുന്നു. ഇത് ഭൂരിഭാഗക്കാരായ സിംഹളർ മുറുമുറുപ്പോടെയാണ് കണ്ടിരുന്നത്. 1948 ൽ ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ കഥയാകെ മാറി. 101 അംഗ പാർലമെൻറിൽ 67 പേരും സിംഹളർ ആയിരുന്നു. ഭൂരിപക്ഷ സിംഹള സർക്കാർ 11 ശതമാനം വരുന്ന ഇന്ത്യൻ തമിഴർക്ക് പൗരത്വം നിഷേധിക്കുക ആണ് ആദ്യം ചെയ്തത്. തുടർന്ന് ഭരണ ഭാഷ സിംഹള ആക്കി മാറ്റി. ഇതോടെ സിംഹള വശമില്ലാത്ത ശ്രീലങ്കൻ തമിഴർക്കും സർക്കാർ ജോലി അന്യമായി. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിൽ സിംഹള കോളനികൾ സ്ഥാപിച്ചു. കൂടാതെ തമിഴ് വിദ്യാർത്ഥികൾക്ക് കോളേജ് വിദ്യാഭ്യാസത്തിനും നിയന്ത്രണങ്ങൾ വന്നു. ഇത്തരം ഏകാധിപത്യ , വംശീയ വിവേചനങ്ങൾ തമിഴരെ പോരാളികൾ ആക്കി മാറ്റി. ശ്രീലങ്കൻ തമിഴരുടെ ഈറ്റില്ലം ആയ ജാഫ്‌നയിൽ അക്കാലഘട്ടത്തിൽ നാൽപ്പതോളം വിപ്ലവ സംഘടനകൾ പ്രവർത്തിച്ചിരുന്നു. അവർ ഉയർത്തിയ ചെറുതും വലുതുമായ പ്രക്ഷോഭങ്ങളെ ശ്രീലങ്കൻ സർക്കാർ അടിച്ചൊതുക്കി. തമിഴരുടെ അഭിമാനമായിരുന്ന ജെഫ്‌നാ ലൈബ്രറി തീയിട്ടു നശിപ്പിച്ചു. ഇതിനോടകം വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിൽ LTTE ചോദ്യം ചെയ്യപ്പെടാത്ത സംഘടനയായി വളർന്നു. വെൽവെട്ടിതുറ എന്ന ജാഫ്‌നയിലെ കടലോര ഗ്രാമത്തിലെ ഒരു സർക്കാരുദ്യോഗസ്ഥന്റെ മകൻ ആയിരുന്നു പ്രഭാകരൻ. തമിഴരോടുള്ള വിവേചനം കണ്ടാണ് അയാൾ വളർന്നു വന്നത്. തമിഴർക്ക് സ്വന്തമായ ഒരു രാജ്യം അഥവാ ഈഴം ആണ് ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരം എന്ന പ്രഭാകരൻ കരുതി. തുടർന്ന് പ്രഭാകരൻ നടത്തിയ ഗറില്ലാ പോരാട്ടത്തിന്റെ കഥ ചരിത്രമാണ്. ആദ്യം ചെയ്തത് എല്ലാ തമിഴ് സംഘടനകളെയും കൊന്നുതള്ളി ആധിപത്യം നേടുക എന്നതായിരുന്നു. തോക്കു പിടിക്കാൻ കെൽപ്പുള്ള ബാലന്മാരെയും ബാലികമാരെയും ഉൾപ്പെടുത്തി തമിഴ് പോരാളികളുയുടെ ഒരു വലിയ ചാവേർ സംഘം ഉണ്ടാക്കി. 1983 ആയപ്പോഴേക്കും ശ്രീലങ്കൻ സൈന്യവും LTTE യും വലിയ തോതിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. തുടർന്ന് സമാധാന ശ്രമത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ജാഫ്‌നയിൽ വന്നു. എന്നാൽ ഈഴം എന്ന ലക്ഷ്യത്തിൽ കുറഞ്ഞ ഒരൊത്തുതീർപ്പിന് പ്രഭാകരൻ തയ്യാറായിരുന്നില്ല. സാവധാനം ഇന്ത്യൻ സൈന്യത്തിന് LTTE യുമായി ഏറ്റു മുട്ടേണ്ടി വന്നു. ഒടുവിൽ ദൗത്യം മുഴുവിക്കാതെ ഇന്ത്യൻ സൈന്യം പിന്മാറേണ്ടി വന്നതും ചരിത്രമാണ്. ജെഫ്‌നാ, കിളിനോച്ചി, വാവുനിയ, മുല്ലത്തീവ്, ട്രിൻകോമാലി , ബാട്ടിക്കലോവ എന്നീ തമിഴ് സ്വാധീന പ്രദേശങ്ങൾ ചേർത്ത് ഒരു രാജ്യം എന്നവണ്ണം പ്രഭാകരൻ പ്രവർത്തിക്കാൻ തുടങ്ങി. കോടതി, പോലീസ്, പട്ടാളം ,ആശുപത്രി, വില്ലേജ് ഓഫിസ്, കളക്ടറേറ്റ്, സ്വന്തം നാണയം, കൊടി , എന്നീ വിധം ഒരു രാജ്യം എങ്ങനെയാണോ പ്രവർത്തിക്കുന്നത് ആ വിധം LTTE പ്രവർത്തിച്ചു. ഒടുവിൽ മഹിന്ദ രാജപക്ഷയുടെ നേതൃത്വത്തിൽ LTTE ക്ക് എതിരെ ഉള്ള അവസാന യുദ്ധംനടന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ ലോക രാജ്യങ്ങൾക്ക് ആ സംഘടന അനഭിമതമായി തീർന്നു. അവരുടെ ശക്തി കേന്ദ്രമായ ഇന്ത്യയിൽ അത് നിരോധിക്കപ്പെട്ടു. ഈ സാഹചര്യം മുതലെടുത്ത് ചൈനീസ് സഹായത്തോടെ ശ്രീലങ്കൻ സർക്കാർ LTTE യുടെ പതനം പൂർണ്ണമാക്കുകയായിരുന്നു. ഒടുവിൽ പാതി പൊളിഞ്ഞ തലയിൽ തൂവലായിട്ടു മറച്ച പ്രഭാകരന്റെ തുറിച്ച കണ്ണുകൾ ടെലിവിഷൻ ചാനലുകളിലൂടെ ലോകം കണ്ടു. പ്രഭാകരന്റെ കുടുംബം മുഴുവൻ കൊല്ലപ്പെട്ടു. പ്രധാനപ്പെട്ട നേതാക്കൾ രാജ്യം വിടുകയോ കൊല്ലപ്പെടുകയോ ചെയ്തു. LTTE സ്മരണ ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളും പട്ടാളം ഇടിച്ച് നിരപ്പാക്കി. അങ്ങനെ എന്നെന്നേക്കുമായി ആ അധ്യായം അവിടെ അവസാനിച്ചു. വേലുപ്പിള്ള പ്രഭാകരൻ നയിച്ച പുലി വിപ്ലവം സത്യത്തിൽ എന്തായിരുന്നു? പ്രഭാകരൻ സിംഹളരെ കൊന്നു തള്ളിയതിൽ കൂടുതൽ തമിഴരെ ആണ് ഇല്ലാതാക്കിയത്. വിപ്ലവം ആദ്യം ഭക്ഷിക്കുക അതിന്റെ കുഞ്ഞുങ്ങളെ ആയിരിക്കും എന്നത് അന്വർത്ഥമാക്കുന്ന പ്രവർത്തി. തമിഴ് ദേശീയതയിൽ ഊന്നിയ ഈഴം ആയിരുന്നു ലക്‌ഷ്യം. ശ്രീലങ്കയിലെ തമിഴ് പ്രദേശവും, തമിഴ്‌നാടും കേരളത്തിലെ തമിഴ് സ്വാധീനമേഖലകളും ചേർത്ത മഹാഈഴം ആയിരുന്നു സ്വപ്നം. മുസ്ലീങ്ങളെ പ്രഭാകരൻ അകറ്റി നിർത്തി. 1990 ഒക്ടോബർ മാസത്തിൽ 24 മണിക്കൂറിനുള്ളിൽ സമസ്ത മുസ്ലീങ്ങളെയും തമിഴ് സ്വാധീന മേഖലയിൽ നിന്ന് കെട്ട്കെട്ടിച്ച വംശീയതയുടെ ഒരു പാപവും പ്രഭാകരനോട് ചേർത്ത് പറയാനുണ്ട്. വിവാഹം പോകട്ടെ പ്രണയം പോലും പോരാളികൾക്ക് നിഷേധിച്ചിരുന്നു. ഒരു പ്രണയത്തിൽ അകപ്പെട്ട 21 വയസ്സ് പ്രായമുള്ള പോരാളിയെ പോയിന്റ് ബ്ലാങ്കിൽ വന്നി കാടുകളിൽ വച്ച് വെടിവച്ച് കൊല്ലുന്ന കാഴ്ച ദി തമിൾ ടൈഗ്രസ്സ് എന്ന പുസ്തകത്തിൽ നിരോമി ഡിസൂസ വിവരിക്കുന്നുണ്ട്. തമിഴരോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് വലിയ പ്രതീക്ഷകളോടെ LTTE യിൽ ചേർന്ന കൗമാരക്കാരിയായ പെൺപുലി ആയിരുന്നു നിരോമി. പോരാളികൾക്ക് നിഷേധിച്ച കുടുംബ ജീവിതം പക്ഷെ പ്രഭാകരൻ അനുഭവിച്ചിരുന്നു. അയാൾക്ക് ഭാര്യയും 3 മക്കളും ഉണ്ടായിരുന്നു. രണ്ടു തരത്തിലുള്ള തമിഴരെ ആണ് ശ്രീ ലങ്കയിൽ കണ്ടത്. ഒരുകൂട്ടർ പ്രഭാകരന്റെ ഈഗോയുടെ ഇരയായിരുന്നു തമിഴർ എന്ന വിശ്വസിക്കുന്നവരും, മറ്റൊരു കൂട്ടർ പ്രഭാകരൻ മരിച്ചിട്ടില്ലെന്നും , അയാളുടെ കാലത്ത് നീതിയും സത്യവും ഉണ്ടായിരുന്നു എന്ന് കരുതുന്നവരും. തമിഴരെ രക്ഷിക്കാൻ ഇറങ്ങി തിരിച്ച പ്രഭാകരൻ അവരുടെ ജീവിതത്തിൽ നിന്ന് സകല സുഖങ്ങളും മാത്രമല്ല ഒരു തമിഴ് തലമുറയെ തന്നെ ഇല്ലാതാക്കികളഞ്ഞു. അവസരങ്ങൾ വന്നപ്പോൾ യഥാർത്ഥ നേതാവിനെപ്പോലെ ചർച്ചകൾക്ക് തയ്യാറാവുകയും സമസ്ത തമിഴരെയും ചേർത്ത് പിടിക്കുകയും ചെയ്തിരുന്നെങ്കിൽ പ്രഭാകരൻ ചരിത്രത്തിൽ എന്നെന്നും ആദരിക്കപ്പെടുന്ന നേതാവായി മാറുമായിരുന്നു.

2025, മേയ് 5, തിങ്കളാഴ്‌ച

സിലോൺ യാത്ര

നമ്മൾ ഏതാണ്ട് മറന്നു കഴിഞ്ഞതാണ് സിലോൺ എന്ന ശ്രീലങ്കയുടെ പഴയ പേര്. ധനുഷ്കോടിയിൽ നിന്ന് കേവലം 30 കിലോമീറ്റർ അകലെയുള്ള ശ്രീലങ്കൻ ജനത തമിഴ്നാട് കേരള തീരത്തുള്ളവർക്ക് ശരിക്കും അയൽപക്കക്കാരാണ്. അവരുമായി ഭാഷാപരമായും സാസ്‌ക്കാരികമായും ഏറ്റവും അടുത്ത് നിൽക്കുന്ന ജനത. 1960 കൾ വരെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ടിക്കറ്റെടുത്താൽ ശ്രീലങ്ക വരെ ട്രെയിനിലും ബോട്ടിലുമായി പോകാൻ പറ്റുമായിരുന്നു എന്നത് പലർക്കും ഇന്ന് അറിയുക പോലുമില്ല. ഒരു യാത്രപോയാലോ എന്ന് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിജുവിന്റെ വിളി വന്നപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ സിലോൺ യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. 8500 രൂപ കൊടുത്താൽ നാഗപട്ടിണത്ത് നിന്ന് ശ്രീലങ്കയിലെ കങ്കേശൻ തുറയിലേക്കും തിരിച്ചുമുള്ള സെയിൽ ശുഭം എന്ന കമ്പനിയുടെ ബോട്ട് ടിക്കറ്റ് കിട്ടും. വിസക്ക് പണം വേണ്ടെങ്കിലും ETA എന്ന അനുമതി പത്രം വാങ്ങണം. പിന്നെ ശ്രീലങ്കൻ രൂപ, യൂ എസ് ഡോളർ എന്നീ ക്രമത്തിൽ പണം മാറ്റിയെടുത്ത് എമിഗ്രേഷൻ ക്ലീയറൻസ് , പാസ്സ്‌പോർട്ട് വേരിഫിക്കേഷൻ എന്നിവ എല്ലാം പൂർത്തിയാക്കി ഏപ്രിൽ 14 ന് ഞങ്ങൾ ബോട്ടിൽ കയറി. സാമാന്യം വലിയ ഒരു ബോട്ടാണ്. എയർ കണ്ടിഷൻ ചെയ്തിരിക്കുന്നതിനാൽ കടൽ ചൊരുക്കൊന്നും ബാധിക്കില്ല. രാവിലെ 7 .30 നു പുറപ്പെടുന്ന ബോട്ട് ജാഫ്‌ന തീരത്തെത്തുമ്പോൾ സമയം 11.30 . അവിടെ ചെക്കിങ്ങും, പാസ് പോർട്ട് വെരിഫിക്കേഷനും ഒക്കെ കഴിഞ്ഞു നേരെ ജാഫ്‌നയിലെ മണ്ണിലേക്ക്. ആദ്യമായി വിദേശമണ്ണിൽ കാലുകുത്തുകയാണ്. ഞങ്ങൾ രണ്ടു പേരും തനിയെ. കുറച്ച് നടന്നപ്പോൾ ഒരു ബസ് സ്റ്റോപ്പിൽ എത്തി. അവിടെ നിന്ന് ജാഫ്‌നയിലേക്ക് ബസ് യാത്ര. ജാഫ്ന ഒറ്റ നോട്ടത്തിൽ കേരളം തന്നെ. കേരളത്തിൽ ഉള്ള എല്ലാ സസ്യങ്ങളും ജാഫ്‌നയിലും ഉണ്ടെന്നു പറയാം. ഓടിട്ടതും ആസ്ബസ്റ്റോസ് വിരിച്ചതുമായ ചെറിയ വീടുകൾ. ആളുകൾ തമിഴ് സംസാരിക്കും എന്നതൊഴിച്ചാൽ കേരളത്തിലൂടെ യാത്ര ചെയ്യുകയാണെന്നേ തോന്നൂ. പണ്ട് കേരളവും, ശ്രീലങ്കയും , മഡഗാസ്‌ക്കറും ഒക്കെ ഒന്നിച്ച് കിടന്ന പ്രദേശംങ്ങൾ ആയിരുന്നു എന്ന ഭൗമ പ്ലേറ്റ് വിജ്ഞാനം ആദ്യം തോന്നിയ അത്ഭുതത്തെ അകറ്റി. ഒരു കാലത്ത് നിലയ്ക്കാത്ത വെടിയൊച്ചകളും, ശവശരീരങ്ങളും കൊണ്ട് നിറഞ്ഞ ഒരു പ്രദേശത്തിലൂടെ ആണ് പോകുന്നത് എന്ന് തോന്നിപ്പിക്കാത്ത വിധം ശ്രീലങ്കയും ജാഫ്‌നയും പുതിയ ലോക ക്രമത്തിലേക്ക് മാറിക്കഴിഞ്ഞു. ദാരിദ്ര്യം പൂർണമായും വിട്ടു പോയിട്ടില്ല. പൊട്ടി പൊളിഞ്ഞ പഴയ അശോക് ലൈലാൻഡ് ബസ്സുകളും, വാനുകളും ഒക്കെ യാത്രക്കാരെ വഹിച്ചു ചീറി പായുന്നു. റോഡുകളിൽ ഒക്കെ നല്ല വൃത്തിയുണ്ട് . ഹോട്ടൽ ചെക്കിങ്ങിനു ശേഷം ജാഫ്‌നയുടെ തെരുവുകളിലൂടെ തലങ്ങും വിലങ്ങും ഞങ്ങൾ നടന്നു. തമിഴരുടെ വൈജ്ഞാനിക കേന്ദ്രമായ തമിഴ് മുന്നേറ്റത്തിന് വഴി കാട്ടിയ ജെഫ്‌നാ ലൈബ്രറി, ഇന്ത്യൻ സമാധാന സേനയെ പുലികൾ വളഞ്ഞു വച്ച് വെള്ളം കുടിപ്പിച്ച പോർട്ടുഗീസ് കാലഘട്ടത്തിലെ നിർമിതിയായ ജാഫ്‌നാ ഫോർട്ട്, ചൈനീസ് തീന്മേശയിൽ എത്തിക്കാൻ കടൽ വെള്ളരികളെ വളർത്തുന്ന കായൽ കരി നിലങ്ങൾ , പുലി നേതാവ് തിലീപൻ സത്യാഗ്രഹം കിടന്നു മരിച്ചതും ചോളൻമാർ നിർമിച്ചതുമായ നെല്ലൂർ കണ്ട സ്വാമി ക്ഷേത്രം ഒക്കെ കണ്ട് അടുത്ത ദിവസം അനുരാധ പൂരത്തിന് ബസ്സു കയറി. അനുരാധപുരത്തിനുള്ള യാത്ര പുലികളുടെ ശക്തി കേന്ദ്രങ്ങൾ ആയിരുന്ന എലഫന്റാ പാസ് , കിളിനോച്ചി , വാവുനിയ എന്നീ പ്രദേശങ്ങൾ കടന്നാണ് പോകുന്നത്. കേരളത്തിലൂടെ പോകുന്നു എന്നു തോന്നിപ്പിക്കുന്ന യാത്രയിൽ കഴുത്തിൽ സയനൈഡ് കുപ്പിയും തൂക്കി, തോക്കുമായി ഒരു കാലത്ത് റോഡിൽ കാവൽ നിന്നിരുന്ന ബാലന്മാരുടെയും ബാലികമാരുടെയും ചിത്രം നമ്മുടെ മനസിലേക്ക് അറിയാതെ കടന്നു വരും. പുലികളും ശ്രീലങ്കൻ സേനയും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്ന എലഫന്റാ പാസ് ഇന്ത്യൻ ഓഷ്യനിലെ ജലം കയറി കിടക്കുന്ന ആഴം കുറഞ്ഞ കരിനിലത്തിനു നടുവിലൂടെയുള്ള ഒരു കരഭൂമിയാണ്. ഒരു കാലത്ത് ജാഫ്‌നാ കാടുകളിലേക്ക് ആനകൾ ശ്രീലങ്കൻ മെയിൻ ലാൻഡിൽ നിന്നും സഞ്ചരിച്ചിരുന്ന ആനത്താര ആയിരുന്നിരിക്കണം ഇത്. പഴയ സിംഹള രാജാക്കന്മാരുടെ തലസ്ഥാന നഗരിയായ അനുരാധപുരം തകർന്നടിഞ്ഞ കോട്ടകളുടെ രൂപരേഖകൾ മാത്രമേ അവശേഷിപ്പിച്ചിട്ടുള്ളു. ബുദ്ധ ക്ഷേത്രങ്ങളുടെ ഒരു നഗരിയാണ് അനുരാധപുരം എന്ന് പറയാം. അശോക ചക്രവർത്തിയുടെ പുത്രി ബി സി മൂന്നാം നൂറ്റാണ്ടിൽ കൊണ്ട് വന്നു നട്ട ബോധി വൃക്ഷത്തിന്റെ തൈ ഇന്ന് ലോകത്തെ ഏറ്റവും പ്രായമുള്ള വൃക്ഷമായി ഇവിടുത്തെ ക്ഷേത്രമുറ്റത്ത് കാണാം. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ധാരാളം ബുദ്ധമത വിശ്വാസികൾ ഇവിടെ പ്രാർത്ഥനാ പൂർവ്വം എത്തുന്നു. മറ്റു കാഴ്ചകൾക്ക് സമയം ഇല്ല. അടുത്ത ദിവസം ഞങ്ങൾ സിഗിരിയ കാണാൻ പോയി . ഇടതൂർന്ന വനത്തിന് നടുവിൽ ഒരു വലിയ കുന്നിനു മുകളിൽ ഉയർന്നു നിൽക്കുന്ന ഒരു ഒറ്റക്കല്ലു പാറ ആണ് സിഗിരിയയിലെ കാഴ്ച. 200 മീറ്റർ ഉയരമുള്ള ഈ പാറ യുടെ മുകളിൽ സിംഹള രാജാവായ കശ്യപൻ AD അഞ്ചാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഒരു ഒരു കോട്ടയുണ്ട് . 4 ഏക്കർ വിസ്താരം ഉള്ള ഈ കോട്ടയുടെ തറ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. അനുരാധപുരം വാണ ദാതുസേനന്റെ ദാസിയിലുള്ള മകനായ കശ്യപൻ അച്ഛനെ കൊന്ന് രാജ്യം തട്ടിയെടുത്ത് ഈ സിഗിരിയ കുന്നിൽ കോട്ട സ്ഥാപിക്കുക ആയിരുന്നു. പിന്നീട് രാജാവിന്റെ നേർ പുത്രൻ ചോള സൈന്യത്തിന്റെ സഹായത്തോടെ കശ്യപനെ കീഴടക്കി. അതോടെ സിഗിരിയ ഓർമയായി. കാന്റി ആയിരുന്നു അടുത്ത സ്ഥലം. മഞ്ഞും തണുപ്പും ഇല്ലാത്ത മൂന്നാർ എന്ന് വേണമെങ്കിൽ പറയാം. രാവണന്റെ കോട്ട സ്ഥിതി ചെയ്യുന്ന 'എല്ല' മലനിരകളിലേക്കു പോകാനുള്ള ഇടാത്തവളം പോലെ ആണ് കാന്റി. ബുദ്ധന്റെ പല്ല് പ്രദര്ശിപ്പിച്ചിട്ടുള്ള ഇവിടുത്തെ ക്ഷേത്രം പ്രശസ്തമാണ്. അടുത്ത ദിവസം കൊളംബോയിൽ ആയിരുന്നു. ഒരു തലസ്ഥാന നഗരത്തിന്റെ വലിയ പകിട്ടൊന്നും ഇല്ല. ആൾത്തിരക്ക് കുറവ്. തലസ്ഥാനം ആണെങ്കിലും ആസ്ബസ്റ്റോസ് കെട്ടിടങ്ങൾക്ക് പഞ്ഞമില്ല. കൊളോമ്പോയിൽ നിന്ന് ശ്രീലങ്കയിലെ തെക്ക് മുനമ്പായ 'ഗാൾ' കാണാൻ പോയി. മനോഹരമായ കടലോര പ്രദേശം. പോർട്ടുഗീസുകാർ പണി കഴിപ്പിച്ച ഫോർട്ട് ഇവിടെ ഉണ്ട് . ശ്രീലങ്കയിൽ കണ്ട ഏറ്റവും മോടിയുള്ള വാഹനങ്ങൾ ഈ എക്സ്പ്രസ്സ് ഹൈ വേ റൂട്ടിലാണ് ഓടുന്നത്. രാത്രി ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റെടുത്ത് ജാഫ്‌നയിലേക്ക് തിരിച്ചു പോന്നു . ട്രെയിനിൽ കയറിയപ്പോൾ ആണ് അറിയുന്നത് ശ്രീലങ്കൻ ട്രെയിനുകളിൽ ബർത്തില്ലെന്ന കാര്യം. ഇരുന്നുറങ്ങണം. നാലോ അഞ്ചോ ബോഗിയെ ഒരു വണ്ടിയിൽ കാണുന്നുള്ളൂ. ജാഫ്‌നയിൽ മടങ്ങിയെത്തി 'വെൽവെട്ടി തുറ' സന്ദർശിച്ചു . പ്രഭാകരന്റെ നാടാണിത് . അദ്ദേഹം ജനിച്ച വീട് ഇന്ന് ഓർമ്മ മാത്രം. വീടെല്ലാം തകർത്ത് വേലികെട്ടിയിട്ടിരിക്കുന്നു. ശ്രീലങ്കൻ സർക്കാർ ആ ഓർമ്മ പോലും മാച്ച് കളഞ്ഞു എന്ന് പറയാം. തിരികെ ബോട്ടിൽ നാഗപട്ടിണത്തേക്ക് . ചിലവ് കുറഞ്ഞ ഒരു വിദേശ യാത്ര നടത്തിയ സന്തോഷം മനസ്സിൽ ബാക്കി. ഏജൻസി ഇല്ലാതെ സാധാരണക്കാർക്ക് തീർച്ചയായും ശ്രീലങ്കൻ യാത്ര നടത്താം . 130 പേർ കയറുന്ന ബോട്ടിൽ ഞങ്ങൾ 30 പേരെ ഉണ്ടായിരുന്നുള്ളു. ആളുകൾ അറിഞ്ഞു വരുന്നതേയുള്ളു. യാത്രക്കാർ ഇല്ലാതായാൽ സർവീസ്‌വ നിർത്തി വയ്ക്കാനും സാധ്യത ഉണ്ട്. പിടിച്ചു പറി , മോഷണം ഇവയൊന്നും ശ്രീലങ്കയിൽ ഇല്ല. ആളുകൾക്ക് നല്ല സഹകരണം . പ്രത്യേകിച്ച് ഇന്ത്യ ക്കാരോട്. സാധനങ്ങൾക്ക് തീ പിടിച്ച വിലയാണ്. ഒരു ഇന്ത്യൻ രൂപ കൊടുത്താൽ മൂന്നര ശ്രീലങ്കൻ രൂപ കിട്ടും. ഒരു പാൽചായക്ക്‌ 60 ഇന്ത്യൻ രൂപ ചിലവാകും. ഒരു ലിറ്റർ വെള്ളത്തിനും അത്ര തന്നെ. വിസ്‌തൃതിയിൽ കേരളത്തിന്റെ ഇരട്ടിയോളം എത്തും ശ്രീലങ്ക. എന്നാൽ ജനസംഖ്യ കേരളത്തിന്റെ പകുതിക്കു മുകളിലെ വരുന്നുള്ളു. 111 ബില്യൺ യൂസ് ഡോളർ ആണ് കേരളത്തിന്റെ ജിഡിപി. എന്നാൽ ശ്രീലങ്കയുടേത് 91 ബില്യൺ മാത്രവും. പുലി വിപ്ലവത്തെ കുറിച്ചും, ശ്രീലങ്കൻ ജനതയെ കുറിച്ചും വിസ്തരിച്ച് പറയാനുള്ളതിനാൽ ഈ കുറിപ്പിൽ ചേർക്കുന്നില്ല.

2025, ഏപ്രിൽ 25, വെള്ളിയാഴ്‌ച

പഹൽഗാമിലെ കൂട്ടക്കുരുതി

ഒരിക്കലെങ്കിലും പഹൽഗാമിലെ മലകയറി ന്യൂ സിസ്സർലാൻഡ് എന്നറിയപ്പെടുന്ന ബൈസരൻ പുൽമേടയിൽ പോയിട്ടുള്ളവർ ഞെട്ടലോടെയായിരിക്കും കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കുരുതിയെ കുറിച്ച് ഓർത്തിട്ടുണ്ടാവുക. അത് തങ്ങൾ ആവുമായിരുന്നില്ലേ എന്നോരോരുത്തരും ഉൾകിടിലത്തോടെ ചിന്തിച്ചിട്ടുണ്ടാവും. 2024 ഒക്ടോബറിലെ ഒരു പ്രഭാതത്തിൽ സുഹൃത്തുക്കളായ പ്രകാശിനോടും , കൃഷ്ണകുമാറിനോടും പിന്നെ കാശ്മീരിൽ വച്ച് പരിചയപ്പെട്ട നാലഞ്ചു മലയാളി ചെറുപ്പക്കാരോടും ഒപ്പം ചെങ്കുത്താതായതും വൃക്ഷങ്ങൾ നിറഞ്ഞതുമായ ആ വലിയ പർവ്വതം കുതിരപ്പുറത്തിരുന്നു കയറുമ്പോൾ ഭീകരർ ആക്രമിക്കുമോ എന്ന ഭീതി ഒരിക്കലും മനസിലേക്ക് കടന്നു വന്നില്ല. അത്രക്ക് വിശ്വാസം ആയിരുന്നു പട്ടാളത്തിലും കേന്ദ്ര ഭരണത്തിലും. വെടിയൊച്ചകൾ നിലച്ച നാളുകളിൽ ധാരാളം യാത്രക്കാർ പ്രാണഭയം ഇല്ലാതെ അവിടേക്ക് വന്നു കൊണ്ടിരുന്നു. എല്ലായിടത്തും നല്ല സുരക്ഷിത ബോധം അനുഭവപ്പെട്ടു. എല്ലാവരും ഉത്സാഹഭരിതരായിരുന്നു. കുതിര വാടകക്ക് കൊടുക്കുന്നവർ, ഹോട്ടലുകാർ, ടൂർ ഗൈഡുകൾ, കർഷകർ, ഡ്രൈവർമാർ, പൂ വിൽക്കുന്നവർ എന്ന് വേണ്ട സമൂഹത്തിലെ ചെറുതും വലുതുമായ എല്ലാവരും ഒത്തൊരുമിച്ച് തിരക്ക് പിടിച്ച ദിവസങ്ങളിൽ തങ്ങളുടെ ജോലിയിൽ ഏർപ്പെട്ടു കൊണ്ടേയിരുന്നു. പക്ഷെ ഒരു കൂട്ടർ മാത്രം ദുഖിതർ ആയിരുന്നു . അത് കശ്മീരിലെ രാഷ്ട്രീയക്കാർ ആയിരുന്നു. ഭരണഘടനയിലെ 370 എന്ന വകുപ്പ് എടുത്ത് കളഞ്ഞതും രാഷ്ട്രപതി ഭരണം നിലനിൽക്കുന്നതും അവരെ അപ്രസക്തർ ആക്കി. ഇന്ത്യയുടെ മുക്കിലും മൂലയിലും ജനാധിപത്യം തകർന്നു എന്ന് പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെ മുറവിളി കൂട്ടി അവസാനം തിരഞ്ഞെടുപ്പ് നടത്തിച്ചു അവർ ഭരണത്തിൽ വന്നു. അതോടെ പട്ടാളത്തിന്റെ പിടി അൽപ്പം അയഞ്ഞു. ഭീകരർക്ക് അത് വലിയ അവസരം ആയി. അവർ തോക്കുമായി മലയിറങ്ങി വന്ന് പത്ത് മുപ്പതോളം വരുന്ന സഞ്ചാരികളെ വെടി വച്ച് കൊന്നു. ഇന്ത്യയിലെ ജനങ്ങൾ തരിച്ചു നിന്ന നിമിഷം. വിശ്വസിക്കാനാവാതെ ഓരോരുത്തരും മുഖാമുഖം നോക്കി. കാശ്മീരിൽ കൂടുതൽ ആയി കാണുക മുസ്ലീങ്ങളെ ആണ്. നല്ല സ്നേഹ സമ്പന്നർ ആയ ഭായിമാർ ആണവർ. തന്റെ കസ്റ്റമറെ ഭീകരനിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചു രക്ത സാക്ഷിയായ ആദിലിനെ പോലെ. മുസ്ലീമായ ഞങ്ങളുടെ ഡ്രൈവറിൽ പണ്ഡിറ്റ് വിരോധം ഉണ്ടോ എന്നറിയാൻ നടത്തിയ ചോദ്യത്തിന് കിട്ടിയ മറുപടി " ഭായി അവർ ഞങ്ങൾക്ക് സഹോദരങ്ങൾ ആണ്. വീണ്ടും അവർ ഈ വാലിയിലേക്ക് വരാൻ ഞങ്ങൾ കാത്തിരിക്കുക ആണ്. ഭീകരർ ഒതുങ്ങിയ ഈ അന്തരീക്ഷത്തിൽ ഇനി അവർ മടങ്ങി വരും " എന്ന പ്രതീക്ഷയാണ് അയാൾ പങ്കു വച്ചത് . എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കാശ്മീരിനെ പ്രതിയുള്ള വർഗീയ സംഘർഷങ്ങൾ നടക്കുന്നു. കശ്മീരിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ, അവിടെ ഒരു കുഴപ്പവും ഇല്ല എന്ന് പറയാതെ ബന്ധപ്പെട്ടവരെ ചർച്ചക്ക് വിളിച്ച് പ്രശ്നം പരിഹരിക്കാനാണ് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കേന്ദ്രത്തിനു കൊടുക്കുന്ന താക്കീത് . പാകിസ്ഥാനും, ഭീകരരും ഇതേ താക്കീതാണ് ഇന്ത്യക്ക് കൊടുക്കുന്നത്. 370-)0 വകുപ്പ് പുനർസ്ഥാപിക്കണം എന്നാണ് അവരുടെ ആവശ്യം. ചിലർക്ക് ഈ കൊലക്കു പിന്നിൽ RSS ആണ് എന്ന അഭിപ്രായവും ഉണ്ട്. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ആകുന്ന കാര്യങ്ങൾ വരുമ്പോൾ ഇടുങ്ങിയ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി ശ്രമിക്കാതെ സർക്കാരിനോട് ചേർന്ന് നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കുക ആണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടത്. അല്ലെങ്കിൽ ഭരണം ഇനി ഒരിക്കലും രുചിക്കാൻ പറ്റാത്ത മധുരക്കനിയായി അവശേഷിക്കും.

2025, മാർച്ച് 30, ഞായറാഴ്‌ച

ഇസ്ലാമോഫോബിയ

ഇസ്ലാം മത വിശ്വാസികൾ ആയ ആളുകൾ ഇന്ന് ലോകത്ത് നേരിടുന്ന വിവേചനത്തിന്റെ, ഒറ്റപ്പെട ലിന്റെ , ഇഷ്ടക്കുറവിന്റെ ഒക്കെ പര്യായ പദമാണ് ഇസ്ലാമോഫോബിയ. ഇതിനെതിരെ ശക്തമായ പ്രചരണങ്ങളും, ചെറുത്ത് നിൽപ്പും ഇസ്ലാം ജനതയും അവരോട് ആത്മബന്ധം പുലർത്തുന്ന പരിഷ്‌കൃത സമൂഹവും ലോകമെമ്പാടും തന്നെ ഉയർത്തിക്കൊണ്ടു വരുന്നുണ്ടെങ്കിലും നാളുകൾ ചെല്ലുംതോറും ഇസ്ലാമോഫോബിയ കൂടിക്കൂടിവരുക ആണ് ചെയ്യുന്നത്. അതിനാൽ ഇതിനെ കുറിച്ച് ഒരു വിലയിരുത്തൽ അനിവാര്യമാണെന്ന് തോന്നുന്നു. ഒരു ജനത എന്ന നിലയിൽ മറ്റു ജനവിഭാഗങ്ങളിൽ നിന്ന് വിവേചനവും , വെറുപ്പും നേരിടേണ്ടി വന്ന ആദ്യത്തെ സമൂഹം ജൂത സമൂഹം ആണെന്ന് തോന്നുന്നു. യഹൂദനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഷേക്സ്പിയർ അനശ്വരമാക്കിയ ഷൈലോക്കിന്റെ ചിത്രമാണ് നമ്മുടെ മുമ്പിൽ. യഹൂദന്മാർ നല്ല ബുദ്ധിയുള്ളവരും , കഠിനാധ്വാനികളും, ധനികരും ഒപ്പം വംശ സ്നേഹത്താൽ അന്ധരും ആയിരുന്നു. യഹൂദനെക്കുറിച്ച് ജർമ്മൻ സമൂഹത്തിൽ വെറുപ്പ് കുത്തി വയ്ക്കാൻ ഹിറ്റ്ലർക്ക് ഇതൊക്കെ ധാരാളം മതിയായിരുന്നു. എന്നാൽ ഇസ്ലാമിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. യഹൂദന്മാരെപ്പോലെ ഒരു വംശം അല്ല അവർ . ഇസ്‌ലാം മതത്തിൽ പല ഗോത്രങ്ങളും , വംശങ്ങളും ഒക്കെയുണ്ട്. എന്നാൽ ഇവരെയെല്ലാം തന്നെ ബന്ധിക്കുന്ന രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന് ഖുർആനും മറ്റൊന്ന് അറബി ഭാഷയും. ലോകത്തെവിടെയും മാറ്റമില്ലാതെ ആചാരങ്ങളും, പ്രാർത്ഥനകളും ഒക്കെ നടത്താൻ ഇത് മൂലം അവർക്ക് സാധിക്കുന്നു. അങ്ങനെ ഒരു ജനതയായി ലോക മുസ്‌ലിം മാറുന്നു. വസ്ത്രധാരണം മുതൽ ഭക്ഷണം വരെയുള്ള ചെറുതും വലുതുമായ കാര്യങ്ങളിൽ മറ്റു വിഭാഗക്കാരിൽ നിന്നും വ്യത്യസ്തമായ ഒരു ഐഡന്റിറ്റി അവർ നിലനിർത്തുന്നു. ഇങ്ങനെ ഒക്കെയാണെങ്കിലും ഇന്ന് ലോകത്ത് ഇസ്‌ലാം മതം ആളുകളിൽ ഭീതി ജനിപ്പിക്കുന്നുണ്ട്. അതിനു കാരണം ഇസ്ലാം മത വിശ്വാസികൾ ആയ എണ്ണമറ്റ ഭീകര സംഘടനകൾ ആണ്. മിക്കവാറും മൂന്നാം ലോക രാജ്യങ്ങളിൽ ആണ് ഇസ്ലാമിന് വേരുകൾ കൂടുതൽ ഉള്ളത്. അറേബിയൻ , ആഫ്രിക്കൻ രാജ്യങ്ങളിൽ ഐ എസ് ഐ എസ് പോലുള്ള ഭീകര സംഘടനകൾ വിതച്ച നാശം ഇസ്ലാമിതര സമൂഹത്തിൽ ഉണ്ടാക്കിയ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. അമേരിക്കയിലെ ട്വിൻ ടവർ ആക്രമണവും മറ്റും ഭീകര സംഘടനകളോടുള്ള ഭയവും വെറുപ്പും കൂട്ടുകയാണുണ്ടായത് . ഈ ഭീകര സംഘടനകൾ എല്ലാം ഇസ്ലാം മത വിശ്വാസികളും അവരുടെ ആക്രമണങ്ങൾ മത നിയമങ്ങൾ ഉയർത്തി കാട്ടിയും ഒക്കെ ആയതോടെ പ്രതി സ്ഥാനത്ത് ഇസ്ലാം മതം പ്രതിഷ്ഠിക്കപ്പെട്ടു. ഏറ്റവും അധികം മുസ്ലീങ്ങൾ തിങ്ങി പാർക്കുന്ന ഇന്ത്യയിൽ സ്വാഭാവികമായും ഈ വെറുപ്പും ഭയവും കടന്നു കൂടി.എന്നാൽ ഫലപ്രദമായ രീതിയിൽ ഇതിനെ നേരിടാൻ മത പണ്ഡിതൻമാർ തയ്യാറാകാതിരിക്കുകയും , പലപ്പോഴും അതിനെ ന്യായീകരിക്കുന്ന രീതിയിൽ മൗനം തുടരുകയും ചെയ്തതോടെ ഈ ഭീതിയും വെറുപ്പും വർധിക്കുക ആണുണ്ടായത്. അതിനെ രാഷ്ട്രീയമായി ഉപയോഗപെടുത്തിയ പാർട്ടികൾക്ക് ഭരണവും , ഭരണ തുടർച്ചയും ഒക്കെ കൈവന്നു. നാം പോലും അറിയാതെ ആണ് നമ്മുടെ മത വിശ്വാസം മറ്റുള്ളവർക്ക് പലപ്പോഴും പ്രശ്നമായി മാറുന്നത്. അതിൽ ഒന്നാണ് ഏക ദൈവ വിശ്വാസം. ക്രിസ്ത്യാനികളും മുസ്‌ലിംങ്ങളും ഏക ദൈവ വിശ്വാസികൾ ആണെങ്കിലും അപ്പോസ്തോലിക ക്രിസ്ത്യൻ സമൂഹങ്ങൾ ഇത് ഉറക്കെ വിളിച്ച് പറയാറില്ല. പള്ളിക്കകത്തോ ,വീട്ടിലോ ഉള്ള പ്രാർത്ഥനാവേളകളിൽ മാത്രമായി ഇത് ചുരുങ്ങുന്നു. എന്നാൽ ഇസ്ലാം മത വിശ്വാസികൾ അത് ഉറക്കെ വിളിച്ച് പറയുന്നു. വലിയ കോളാമ്പികൾ വച്ച് കെട്ടി അഞ്ചു നേരവും ലോകത്തോട് വിളംബരം ചെയ്യുന്നത് അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ലെന്നാണ്. മറ്റു ദൈവങ്ങളിൽ വിശ്വസിക്കുന്ന ഇസ്ലാമിതര സമൂഹം അത് കേട്ടിരുന്നെങ്കിലും അറബിയിൽ വിളിച്ച് പറയുന്നതെന്തെന്നറിയാത്തതിനാൽ അതവർ ഒരാചാരം മാത്രമായി കണ്ടു. എന്നാൽ ഇസ്ലാം വിമർശകർ ആയ എക്സ് മുസ്ലീമുകൾ രംഗത്ത് വന്നപ്പോൾ അറബി പദങ്ങളുടെ അർത്‌ഥം വ്യാഖ്യാനിച്ച് കൊടുത്തതോടു കൂടി ഇസ്ലാമിനോടുള്ള അനിഷ്ടം ഉടലെടുക്കാൻ ഇടയായി. മറ്റൊരു വിഷയമായി എക്സ് മുസ്ലീങ്ങൾ ചൂണ്ടി കാണിക്കുന്നത് ഇസ്ലാമിലെ ശാപ പ്രാർത്ഥന ആണ്. ദുഷ്ടന്മാരായ ക്രിസ്ത്യാനികളിൽ നിന്നും , യഹൂദന്മാരിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന പ്രാർത്ഥന ദിവസത്തിൽ പല പ്രാവശ്യം അർത്ഥമറിയാതെയാണെങ്കിലും ഇസ്ലാം മതവിശ്വാസികൾ നടത്തുന്നുണ്ട് എന്നറിയുമ്പോൾ ഒരിഷ്ടക്കേട്‌ ഇസ്ലാമിക സമൂഹത്തോട് ഉണ്ടാവുക സ്വാഭാവികമാണ്. ക്രിസ്ത്യൻ പ്രാർത്ഥനകളിലും യേശുവിനെ കുരിശിൽ തറച്ചവരായ യഹൂദന്മാർക്കെതിരെ ഇത്തരം ശാപ പ്രാർത്ഥനകൾ ഉണ്ടായിരുന്നു. എന്നാൽ പരിഷ്‌കൃത സമൂഹത്തിൽ അവ തെറ്റാണെന്നു മനസിലാക്കി ക്രിസ്ത്യൻ പ്രാർത്ഥനാക്രമങ്ങളിൽ നിന്ന് അവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. നന്മ ചെയ്തത് കൊണ്ട് മാത്രമായില്ല , അല്ലാഹുവിൽ വിശ്വസിച്ചാലേ സ്വർഗത്തിൽ പോകൂ , ഗാന്ധിയും മദർ തെരേസയും നരകത്തിൽ തന്നെ, എന്ന കാഫിറുകളോടുള്ള നിലപാടുകളും ഇസ്ലാമിനെ മറ്റു വിഭാഗങ്ങളിൽ അനഭിമതർ ആക്കുക ആണ് ചെയ്തത് . ഇസ്ലാം ക്രിസ്ത്യൻ സമൂഹത്തിന്റെ ആഘോഷങ്ങൾ തങ്ങളുടെ ആഘോഷമാക്കി എടുത്തിരുന്ന ഹൈന്ദവർ ഇസ്ലാമിക സമൂഹത്തിൽ നിലവിളക്കിനോട് പോലും കാണിക്കുന്ന മത കാർക്കശ്യം കണ്ടു അസ്വസ്ഥരാവുന്നുണ്ട്. എന്നാൽ ഇതെല്ലാം മത നിയമങ്ങൾ ആണെന്നും , ലോകാവസാനം വരെ ഇതിൽ മാറ്റം വരുത്താൻ സാധിക്കില്ല എന്ന് പറയുകയും ചെയ്യുന്നതിലൂടെ ഇസ്‌ലാം സ്വയം ഒരു വലിയ പ്രതിസന്ധിയിൽ എത്തി ചേരുകയാണ് . ഈ നിസ്സഹായാവസ്ഥ രാഷ്ട്രീയമായി ചൂഷണം ചെയ്യപ്പെടുകയും ഇസ്ലാമിന് നേരെ തന്നെ പ്രയോഗിക്കുകയും ചെയ്യുന്നതാണ് നാമിപ്പോൾ ഇസ്ലാമോഫോബിയയുടെ രൂപത്തിൽ കാണുന്നത്.