കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില് ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്ന്ന കമ്പനിയില് പെട്ട ഏവര്ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല് ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2026 ജൂലൈ 29, ബുധനാഴ്‌ച
ലഹളാനന്തരം
ലഹളാനന്തരം
ഡൽഹിയിലെ ജന്തർ മന്ദിറിൽ 49 ദിവസം നീണ്ടുനിന്ന പാറ്റാ ലഹള ഒരു വിദ്യാർത്ഥി പ്രതിഷേധം മാത്രമായിരുന്നില്ല, എല്ലാ അർഥത്തിലും അത് ഒരു രാഷ്ട്രീയ സമരം തന്നെയായിരുന്നു. പ്രക്ഷോഭകരുടെ പ്രധാന ആവശ്യം മോഡി സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയായിരുന്നു. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയും തുടർന്നുള്ള പരീക്ഷ റദ്ധാക്കലിനും പിന്നാലെയാണ് ഈ സമരം ഉയർന്നുവന്നത്. എന്നാൽ സമരത്തിൽ പങ്കെടുത്തവരിൽ എത്ര പേർ യഥാർത്ഥ നീറ്റ് പരീക്ഷാർത്ഥികളായിരുന്നു എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ, പരീക്ഷാ സംവിധാനത്തിൽ എന്തെല്ലാം പരിഷ്കാരങ്ങൾ വേണമെന്ന ചർച്ചയ്ക്കായിരിക്കും അവർ ഒരു മന്ത്രിയുടെ രാജിയെക്കാൾ കൂടുതൽ പ്രാധാന്യം നൽകുക. രാജ്യത്തെ സിനിമാപ്രവർത്തകരും വിവിധ മേഖലകളിലെ ബുദ്ധിജീവികളും ഉൾപ്പെടെ നിരവധി പ്രമുഖർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഒടുവിൽ സമരം ഒത്തുതീർന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജി ഒഴികെ, പരീക്ഷ റദ്ദാക്കൽ, അന്വേഷണം, പരീക്ഷാ സംവിധാനത്തിൽ പരിഷ്കാരങ്ങൾ തുടങ്ങിയ പ്രധാന നടപടികൾ സമരം ശക്തമാകുന്നതിന് മുമ്പേ തന്നെ സർക്കാർ ആരംഭിച്ചിരുന്നു.
നീറ്റ് പരീക്ഷ കേവലം 12 കുട്ടികളുടെ ജീവൻ മാത്രമല്ല അപഹരിച്ചിട്ടുള്ളത് . പ്രതി വർഷം വിവിധ പരീക്ഷകളുടെ സമ്മർദ്ദം താങ്ങാൻ വയ്യാതെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ആണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത് . വിദ്യാഭ്യാസം എന്നാൽ ഉയർന്ന ജോലി വാങ്ങി ജീവിതം സുരക്ഷിതമാക്കാനുള്ളതാണ് എന്ന ഇടുങ്ങിയ ചിന്തയിൽ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അത് മാതാപിതാക്കളിൽ തുടങ്ങി കുട്ടികളിൽ ചെന്നെത്തുന്ന നിരന്തര മാനസിക പിരിമുറുക്കത്തിന്റെ പരിണിത ഫലം കൂടിയാണ് . നല്ല സാമ്പത്തികമുള്ള മാതാപിതാക്കളുടെ മക്കൾക്ക് മാത്രമേ ലക്ഷങ്ങൾ മുടക്കിയുള്ള എൻട്രൻസ് മാമാങ്കത്തിലൂടെ കടന്നു പോകാൻ കഴിയൂ . എട്ടാം ക്ലാസ് മുതൽ തന്നെ എൻട്രൻസിന് വേണ്ടി പഠിപ്പിക്കുന്ന സ്‌കൂളുകൾ ഉണ്ട്. പ്ലസ് വൺ തലത്തിലേക്ക് ചെല്ലുമ്പോൾ എൻട്രൻസിന് മാത്രം പ്രാധാന്യം കൊടുത്തുള്ള പ്രത്യേകം കോച്ചിങ്ങുകൾ ആണ് സ്‌കൂളുകൾ നൽകുന്നത്. താമസം , ഭക്ഷണം , കോച്ചിങ് തുടങ്ങിയവക്കായി ഒരു പത്തു ലക്ഷം രൂപ എങ്കിലും മുടക്കാൻ പറ്റുന്നവർക്ക് മാത്രമേ മെഡിസിൻ പഠിക്കാൻ പറ്റൂ. സാധാരണ വിദ്യാർത്ഥികൾക്ക് ഇതിൽ കടന്നു കൂടുക വളരെ ബുദ്ധിമുട്ടാണ്.
നീറ്റ് പരീക്ഷ എന്നല്ല ഒരു പരീക്ഷയും കുട്ടികൾക്ക് ഒരു ഭാരമായി മാറരുത്. പണം മുടക്കില്ലാതെ പബ്ലിക് ഡൊമൈനിലൂടെ ലഭിക്കുന്ന റിസോർസ് വച്ച് എല്ലാവർക്കും പരീക്ഷക്ക് തയ്യാറെടുക്കാൻ സാധിക്കണം. എൻട്രൻസ് കോച്ചിങ്ങിനു വേണ്ടി മാത്രമുള്ള സ്‌കൂളുകളും , സ്ഥാപനങ്ങൾളും അനുവദിക്കരുത്. പ്ലസ് ടു പരീക്ഷയുടെ തുടർച്ചയായി അടുത്ത ദിവസമോ അതിനടുത്ത ദിവസമോ ഒരു സാധാരണ പരീക്ഷ എന്ന നിലക്ക് ഇത് നടത്തണം. ചോദ്യങ്ങൾ ചോരുന്നതാണ് ഇപ്പോൾ പ്രശ്‍നം . എന്നാൽ അടുത്ത വർഷവും ചോദ്യം ചോർന്നെക്കാം. ഇതിനൊരു പരിഹാരം ഔദ്യോഗികമായി ചോദ്യങ്ങൾ വെളിപ്പെടുത്തുക എന്നതാണ് . ഒരു ലക്ഷമോ രണ്ടു ലക്ഷമോ ചോദ്യങ്ങൾ അടങ്ങുന്ന ഓരോ വിഷയത്തിന്റെയും ക്വാസ്റ്റിൻ ബാങ്ക് തയ്യാറാക്കി , നന്നായി എക്സ്പ്ലൈൻ ചെയ്തുള്ള വീഡിയോ ഉത്തരങ്ങൾ സഹിതം സർക്കാർ പോർട്ടലിൽ പ്രസിദ്ധപ്പെടുത്തുക. വർഷം മുഴുവൻ വിദ്യാർത്ഥികൾക്ക് പരിശീലിക്കാൻ അത് ലഭ്യമാകണം. പരീക്ഷക്ക് അരമണിക്കൂർ മുമ്പ് വിദ്യാർത്ഥികളെ ഹാളിൽ കയറ്റിയതിനു ശേഷം കേന്ദ്രീകൃതമായി കംപ്യൂട്ടറിന്റെ സഹായത്തോടെ ചോദ്യങ്ങൾ സെറ്റ് ചെയ്ത് എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കുക . ഇതൊക്കെ ഇപ്പോൾ തന്നെ പല പരീക്ഷകൾക്കും നടക്കുന്നവയാണ്. അത് എൻട്രൻസിനും ബാധകമാക്കിയാൽ മാത്രം മതി. അപ്പോൾ ക്വാസ്റ്റിൻ പേപ്പർ ചോരില്ല. പണമുള്ളവനും ഇല്ലാത്തവനും ഒരേ സോഴ്സ് നിന്ന് തന്നെ ഫ്രീ ആയി റിസോർസ് കിട്ടും. പഠിക്കുക , ടോപ്പ് റാങ്ക് മേടിക്കുക. ഇതാണ് ഒരു പരിഹാരം. ഒരു പക്ഷെ ഒരേ ഒരു പരിഹാരം.
എല്ലാ വിദ്യാർത്ഥികൾക്കും മെഡിസിനിൽ അഭിരുചി ഉണ്ടാവില്ല. എന്നാൽ അവരുടെ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കാൻ അവർ അത് പഠിക്കേണ്ടി വരുന്നു. ഇതിന് അഭിരുചി കൂടി പരിശോധിക്കേണ്ടതുണ്ട്. വൈദ്യം പഠിക്കാൻ വരുന്നവർ രോഗികളോട് അലിവുള്ളവർ ആകണം എന്നുറപ്പു വരുത്തണം. ഒരു വീഡിയോയിൽ ഒരു ഡോക്ടർ വിദ്യാർത്ഥിനി തങ്ങൾക്ക് പഠിക്കാൻ കിട്ടുന്ന പുരുഷ മൃതശരീരത്തിലെ ലൈംഗീക അവയവത്തെ കുറിച്ച് കമന്റുകൾ പറയാറുണ്ട് എന്ന് പറഞ്ഞത് കണ്ടു. മെഡിസിൻ പഠിക്കാൻ വരുന്നവരെ കൊണ്ട് നിർബന്ധമായും അവയവങ്ങളും, മൃതദേഹവും ദാനം ചെയ്യാനുള്ള സമ്മതി പാത്രത്തിൽ ഒപ്പിടീക്കണം. അത് തീർച്ചയായും പൊതു ജനത്തിന് ഒരു മാതൃകയും ആവും. ഒരു നാൾ തങ്ങളും മൃതശരീരമായി ഈ ടേബിളുകളിൽ എത്തും എന്ന തോന്നൽ ഉണ്ടാവണം . അപ്പോൾ തന്നെ മെഡിസിൻ പഠിക്കാനുള്ള കുട്ടികളുടെ തള്ളിച്ച നന്നായി കുറയും. ഡോക്ടർ ആകണമെങ്കിൽ വലിയ ബുദ്ധിയുള്ളവർതന്നെ വേണമെന്നില്ല . അതിന് ഒരു ശരാശരിക്കാരൻ മതി . ഒരു പ്ലംബറുടെയോ , മെക്കാനിക്കിന്റെയോ പണി മാത്രമാണ് ഒരു ഡോക്ടറുടേത്. ചികിത്സക്ക് ശാസ്ത്രീയമായ ഒരു പ്രോട്ടോക്കോൾ ഉണ്ട്. അത് ഫോളോ ചെയ്‌താൽ മാത്രം മതി. നല്ല ബുദ്ധിയുള്ള കുട്ടികളെ നമുക്ക് വേണ്ടത് ഗവേഷണത്തിനാണ്. എന്നാൽ പ്യുവർ സയൻസ് പഠിക്കാൻ ഇന്ന് കുട്ടികളെ കിട്ടുന്നില്ല. ആ സ്ഥിതി മാറണം. മാറ്റണം. ഇതൊക്കെയാണ് വിദ്യാർത്ഥികൾ ചിന്തിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും ഭരണ നേതൃത്വങ്ങളും ബുദ്ധിജീവി വിഭാഗങ്ങളും ചിന്തിക്കേണ്ടതും .
2026 ജൂലൈ 25, ശനിയാഴ്‌ച
പാറ്റാ പാർട്ടി
പാറ്റാ പാർട്ടി
വളരെ പെടുന്നനെ ആണ് ഓരോ പാർട്ടികളും രൂപം കൊള്ളുന്നത്. 2011ൽ അഴിമതിക്കെതിരെയും ലോക്പാൽ ബില്ലിന് വേണ്ടിയും അത് വരെ അത്ര കണ്ടു പരിചയം ഇല്ലാതിരുന്ന അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജിരിവാളിന്റെയും നേതൃത്തത്തിൽ ഇന്ത്യ എഗനിസ്റ് കറപ്ഷൻ (IAC ) എന്ന പേരിൽ ജന്തർ മന്ദിറിലും രാംലീലാ മൈതാനത്തും 17 ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരം അവസാനിച്ചപ്പോൾ കോൺഗ്രസിന്റെ നില പരുങ്ങലിൽ ആയി . ഡൽഹിയിലെയും കേന്ദ്രത്തിലെയും ഭരണം അവർക്ക് എന്നന്നേക്കുമായി നഷ്ട്ടപ്പെട്ടു. വലിയ ഭൂരിപക്ഷത്തോടെ ബിജെപി യെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞു എന്നത് മാത്രമേ ആ മൂവ്‌മെന്റിന്റെ നേട്ടമായി പിൽക്കാലത്ത് രേഖപ്പെടുത്താനുണ്ടായിരുന്നത്. കെജ്‌രിവാൾ ഡൽഹി ഭരണം പിടിച്ചെടുത്തു . പലവട്ടം ഭരിച്ചു. ഒടുവിൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജയിലിൽ ആയി, ഭരണത്തിൽ നിന്ന് പുറത്തും പോയി. അണ്ണാ ഹസാരെ എവിടെയാണെന്ന് ഒരു നിശ്ചയവുമില്ല. ഏതാണ്ട് അതിനെ അനുസ്മരിപ്പിക്കുന്നതാണ് പാറ്റ പാർട്ടിയും . IAC മൂവ്മെന്റിൽ പ്രവർത്തിച്ച് പരിചയം ഉള്ള അഭിജിത് ദീപക്ക് എന്ന യുവാവാണ് ഇവിടെ കെജ്‌രിവാളിന്റെ സ്ഥാനത്ത്. അണ്ണാ ഹസാരെയുടെ സ്ഥാനം അലങ്കരിക്കുന്നത് സോനം വാൻചുക്ക് ആണ് .
പാറ്റ പാർട്ടി രൂപം കൊള്ളാനുള്ള കാരണം വിചിത്രമാണ്. 2026 മെയ് 15 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഒരു യുവ അഭിഭാഷകന്റെ വാദം കേൾക്കുക ആയിരുന്നു. അദ്ദേഹം വാദിച്ചിട്ടുകൊണ്ടിരുന്നത് തന്റെ തന്നെ കേസ് ആയിരുന്നു. സീനിയർ അഡ്വക്കേറ്റ് ആയി ഡെസിഗ്നെറ്റ് ചെയ്യപ്പെടുന്നതിനുള്ള തന്റെ അപേക്ഷയിന്മേൽ ഡൽഹി ഹൈ കോടതി തീരുമാനം എടുക്കുന്നില്ലെന്നും ആയതിന് കോടതിക്ക് നിർദ്ദേശം നൽകണം എന്നുമാണ് കേസിന്റെ ഉള്ളടക്കം. വക്കീലന്മാരിൽ മികവാർന്ന പ്രകടനം കാഴ്ചവെക്കുന്ന ആളുകളെ ഹൈ കോടതികളും സുപ്രീം കോടതിയും ഇങ്ങനെ സീനിയർ അഭിഭാഷകർ ആയി ഡെസിഗ്നെറ്റ് ചെയ്യുന്ന രീതി ഉണ്ട്. അത് കോടതിയുടെ പൂർണ്ണ താൽപര്യത്തിൽ പെടുന്ന കാര്യമാണ്. എന്നാൽ യുവ അഭിഭാഷകന്റെ ദാർഷ്ട്ട്യം നിറഞ്ഞ വാദം ചീഫ് ജസ്റ്റീസിന് ഇഷ്ടപ്പെട്ടില്ല. ഈ അഭിഭാഷകൻ സോഷ്യൽ മീഡിയയിൽ നിയമജ്ഞൻ എന്ന നിലയിൽ വീഡിയോ ചെയ്യുന്നതെല്ലാം ജഡ്‌ജിയുടെ ശ്രദ്ധയിൽ ഉണ്ട്. ഡൽഹി ഹൈ കോടതി താങ്കളെ സീനിയർ അഡ്വക്കേറ്റ് ആയി ഡെസിഗ്നെറ്റ് ചെയ്‌താൽ പോലും ഞങ്ങൾ അത് അസാധു വാക്കും എന്നായി കോടതി. അല്ലെങ്കിൽ തന്നെ ഭരണഘന സംവിധാനങ്ങളെ കരിവാരിത്തേക്കുന്ന വിഡിയോകളും എഴുത്തുകളുമായി തൊഴിലില്ലാത്ത ഒരു കൂട്ടർ പാറ്റകളെ പോലെ ഇപ്പോൾ തന്നെ ഉണ്ട് . ആ കൂട്ടത്തിലാണ് താങ്കളും ഇപ്പോൾ. താങ്കളുടെത് ഉൾപ്പെടെ പല അഭിഭാഷകരുടെയും വിഡിയോകൾ ഒക്കെ ഞങ്ങൾ കാണുന്നുണ്ട്. പല വിഡിയോകളും കാണുമ്പോൾ ശരിക്കും നിയമ ബിരുദം ഉണ്ടോ എന്ന് പോലും തോന്നാറുണ്ട്. ഈ പരാമർശം ആണ് അന്ന് ജസ്റ്റിസ് സൂര്യകാന്തിന്റെ ഭാഗത്തു നിന്നുണ്ടായത്.
അമേരിക്കയിലെ ബോസ്റ്റണിൽ പഠിച്ചുകൊണ്ടിരുന്ന അഭിജിത് ദീപക് എന്ന മഹാരാഷ്ട്രക്കാരൻ എങ്ങനെയോ ഈ പരാമർശം കേട്ടു. തൊഴിലില്ലാത്ത ചെറുപ്പക്കാരെ പാറ്റകൾ എന്നാണ് വിളിക്കുന്നതെങ്കിൽ ശരിക്കും ഞങ്ങൾ പാറ്റകൾ തന്നെ എന്ന വിധം അയാൾ സോഷ്യൽ മീഡിയയിൽ വീഡിയോ ഇടുന്നു. പലരും ഒരു തമാശക്കായി ആദ്യം ഷെയർ ചെയ്തതാണെങ്കിലും കളി കാര്യമാകുന്നു. പൊതുവെ അസ്വസ്ഥരായ കോടിക്കണക്കിനു ഇന്ത്യൻ യുവാക്കൾ അതേറ്റുപിടിക്കുന്നു. ഓൺലൈൻ ആയി ഒരു പാർട്ടിത്തന്നെ രൂപം കൊള്ളുന്നു. ഇനി വിഷയങ്ങൾ കണ്ടു പിടിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ആണോ വിഷയത്തിന് പഞ്ഞം. തൊഴിലില്ലായ്‌മ, അഴിമതി, ഉത്തരവാദിത്തം ഇല്ലായ്മ , അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യ പരിഷ്‌ക്കാരങ്ങൾ, ഗവൺമെന്റിലെ സുതാര്യത, ചെറുപ്പക്കാർക്ക് മെച്ചപ്പെട്ട അവസരങ്ങൾ തുടങ്ങിയ അജണ്ടകൾ ഉടനടി തയ്യാറായി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഭാഗ്യത്തിന് നീറ്റ് പരീക്ഷയിലെ ചോർച്ച വിഷയം ആകുന്നത്. ഇന്ത്യ മുഴുവൻ കത്തിക്കാനുള്ള ഉർജ്ജത്തിന് വേണ്ടി യുവാക്കളോട് ഡൽഹിയിൽ എത്താൻ ആവശ്യപ്പെടുന്നു. നീറ്റ് എന്ന് പാഞ്ഞാൽ എന്താണ് എന്നറിയാത്ത കുട്ടികൾ പോലും ഡൽഹിയിലെ ജന്ദർമന്ദിറിലേക്ക് വണ്ടി കയറി.
ഇന്ത്യയിൽ അകെ 1.2 ലക്ഷം എംബിബിസ് സീറ്റുകൾ ആണുള്ളത് . ഇതിലേക്ക് കേന്ദ്രീകൃതമായി എല്ലാ വർഷവും പരീക്ഷ നടത്തുന്നു. 22 ലക്ഷം കുട്ടികൾ ആണ് പരീക്ഷ എഴുതുന്നത്. കടുത്ത മത്സരം ഉണ്ട്. കുട്ടികൾ ഉറക്കമിളച്ചിരുന്ന് പഠിക്കുന്നതാണ്. കഷ്ടപ്പെട്ട് പരീക്ഷയെഴുതി കഴിയുമ്പോൾ അത് ക്യാൻസൽ ആക്കുന്നു എന്ന് പറഞ്ഞാൽ വലിയ വിഷമം ആണ് . കുട്ടികൾ പൊട്ടിത്തെറിക്കുക സ്വാഭാവികം. എന്നാൽ കുട്ടികൾ ആത്മഹത്യ ചെയ്യുക എന്നു പറഞ്ഞാൽ ചിത്രം മാറുകയാണ്. ഒരു വർഷം നഷ്ടപ്പെടുമെന്ന ഭീതി, കുടുംബത്തിന്റെ പ്രതീക്ഷ, സാമ്പത്തിക പ്രശ്നം, പരീക്ഷാ ടെൻഷൻ , പേടി , ഡിപ്രെഷൻ ഇതൊക്കെയാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചത്. 12 വിദ്യാർത്ഥികൾ ആണ് നീറ്റുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തത്. എന്നാൽ പ്രതി വർഷം ഇന്ത്യയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് നോക്കിയാൽ അമ്പരന്നു പോകും. 2020 ൽ 12,526 കുട്ടികൾ ആത്മഹത്യാ ചെയ്തു. 21ൽ 13,088. 22 ൽ 13,044, 23 ൽ 13,892 , 24 ൽ 14,488. പബ്ലിക് ഡൊമൈനിൽ ഈ കണക്കുകൾ ലഭ്യമാണ് . ഇത് കാണിക്കുന്നത് നീറ്റ് പരീക്ഷയിലെ പ്രശ്നങ്ങളെക്കാൾ കുട്ടികൾക്ക് താങ്ങാൻ പറ്റാത്ത അക്കാഡമിക് അന്തരീക്ഷത്തിലൂടെയാണ് അവർ അനുദിനം കടന്നു പോകുന്നത് എന്നാണ് . ആരാണ് ഇവരെ മരണത്തിലേക്ക് തള്ളി വിടുന്നത്?
സർക്കാർ ഒരു വലിയ ചിലന്തി വല പോലെ ആണ് . നടുക്ക് സർക്കാരുണ്ട്. പക്ഷെ സർക്കാരിൽ നിന്നും ഒരു പാടകലെ ആ വലയിൽ പൊട്ടൽ വീഴാം. കേന്ദ്രം എത്തി ആ വല നന്നാക്കി വീണ്ടും സജ്ജമാക്കും. ഇതാണ് സാധാരണ രീതി. എല്ലാ കാലത്തും ഈ വലക്ക് പൊട്ടൽ വീഴാറുണ്ട്, പല കാരണങ്ങളാൽ. പൊട്ടാത്ത വല സ്വപ്നങ്ങളിൽ മാത്രമായിരിക്കും. മാക്സിമം നന്നാക്കുക. പരിഷ്‌ക്കരിക്കുക. വല പൊട്ടിയതിനാൽ അഫക്റ്റഡ് ആയവരെ ആശ്വസിപ്പിക്കുക, നഷ്ടപരിഹാരം കൊടുക്കുക. അങ്ങനെ മുമ്പോട്ടു പോകുക അതേ പറ്റൂ. 2024 ൽ നീറ്റിന്റെ വല പൊട്ടിയപ്പോൾ സർക്കാർ സിബിഐ അന്വേക്ഷണം വച്ചു . പബ്ലിക് എക്‌സാമിനേഷൻ ആക്ട് പാസ്സാക്കി. ഹൈ ലെവൽ കമ്മിറ്റിയെ വച്ചു . പരീക്ഷാ നടപടിക്രമങ്ങളുട ആരംഭം മുതൽ ഹൈ സെക്യൂരിറ്റി ഏർപ്പെടുത്തി . എന്നിട്ടും വല ചോർന്നു. 2026 ൽ ചോദ്യപേപ്പർ കോമ്പോസിങ് സ്റ്റേജുകളിൽ എവിടെയോ വച്ച് ജീവനക്കാരിൽ ആരോ വളരെ വിദഗ്ധമായി മൊബൈലിൽ പകർത്തി ടെലെഗ്രാമിലൂടെ വിതരണം ചെയ്യുകയായിരുന്നു എന്നാണ് നിഗമനം . പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാർ ഡോക്ടർമാർ, സ്‌കൂൾ അധികൃതർ, കോച്ചിങ് സെന്റർ ഉടമകൾ തുടങ്ങി ഒരുപാടാളുകകളെ ഇത് സംബന്ധമായി അറസ്റ്റ് ചെയ്തു. അടുത്ത വർഷം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ കമ്പ്യൂട്ടർ വൽകൃത പരീക്ഷ നടത്തും. കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ട് വരും. പരീക്ഷ കുറ്റങ്ങൾക്ക് വലിയ ശിക്ഷ ഏർപ്പെടുത്തും. ഇതൊക്കെയാണ് ഒരു സർക്കാരിന് ചെയ്യാനുള്ളത്. ഇതൊക്കെ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നോക്കുക ആണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടത്. ഇല്ലെങ്കിൽ അതത് സമയത്ത് ഇടപെടുക. അതാണ് അവരുടെ ഉത്തരവാദിത്തം. പാർലമെന്റ് കാന്റീനിൽ നിന്നും 10 രൂപക്ക് കോഴി ബിരിയാണി വാങ്ങി കഴിക്കുന്നതിൽ മാത്രം ഒതുങ്ങരുത് അവരുടെ പ്രവർത്തനം.
സത്യത്തിൽ ഇന്ത്യ സഖ്യത്തിന് ഇതൊരു നാണക്കേടാണ്. ഇന്ത്യ ഒട്ടാകെ 35 പാർട്ടികൾ ഇന്ത്യ മുന്നണിയിൽ ഉണ്ട്. ഇത്രയും പാർട്ടികളും അവരുടെ അണികളും ഉണ്ടായിട്ടും പാറ്റ പാർട്ടി എന്ന ഒരു പുതിയ പാർട്ടി ഉണ്ടാവേണ്ടി വന്നു നീറ്റ് ചോർച്ച ചോദ്യം ചെയ്യാൻ. അവരുടെ ബാനറിൽ ഈ സമരം നടത്തി ഈ പാർട്ടികളെല്ലാം ഇളിഭ്യർ ആകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ശരിക്കും ഈ പാർട്ടികൾ തന്നെ എന്തിനാണ്? നീറ്റ് പ്രശനം മാത്രമല്ല , മുൻനിര പാർട്ടികൾ ഉന്നയിക്കുന്ന ഡിമാന്റുകൾ എല്ലാം തന്നെ പാറ്റ പാർട്ടിയും മുന്നോട്ട് വയ്ക്കുന്നുണ്ട്. എങ്കിൽ പിന്നെ നമുക്ക് പാറ്റ പാർട്ടി പോരെ എന്ന് ഓരോരുത്തരും ചോദിക്കുന്ന കാലമാണിത്.
2026 ജൂലൈ 20, തിങ്കളാഴ്‌ച
ഖജനാവ് തീനികൾ
ഖജനാവ് തീനികൾ
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഏറ്റവും മോശമായ അവസ്ഥയിൽ ആണെന്ന് നമുക്കറിയാം. എന്നാൽ ഇടതു പക്ഷ ഗവൺമെന്റ് ഭരണത്തിൽ നിന്ന് പുറത്തു പോയപ്പോൾ അവർ പറഞ്ഞത് സാമ്പത്തിക സ്ഥിതി വളരെ ഭദ്രമാണെന്നും ഖജനാവ് നിറച്ചിട്ടാണ് തങ്ങൾ പോകുന്നതെന്നുമാണ്. പക്ഷെ, സർക്കാർ ജീവനക്കാരുടെ വേതന കുടിശ്ശികകളും, സാമൂഹിക പെൻഷൻ കുടിശ്ശികയും, മറ്റനേകം ബാധ്യതകളും ഉൾക്കൊള്ളുന്ന ഒരു വലിയ തുക കൊടുത്തു തീർക്കാതെയാണ് അവർ ഇറങ്ങിപ്പോയത്. പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ ധവള പത്രം ഇറക്കി, ധനസ്ഥിതി മോശമാണെന്ന് തുറന്നു പറഞ്ഞു മുൻകൂർ ജാമ്യവും എടുത്തു കഴിഞ്ഞു.
ഇത്തരം മോശമായ സാമ്പത്തിക സ്ഥിതിയിലേക്ക് കേരളം ചെന്നെത്താൻ കാരണം വർധിച്ചു വരുന്ന കടമെടുപ്പ് തന്നെയാണ്. 2016 ൽ ഒരു കേരളീയന്റെ ആളോഹരി കടബാധ്യത 46,000 രൂപ ആയിരുന്നത് 2026 ൽ 1.36 ലക്ഷം രൂപയായി മാറി. അതായത് കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിന്റെ ആളോഹരി കടബാധ്യത 3 മടങ്ങിലേറെ വർദ്ധിച്ചു . എന്നാൽ
ഭരണപക്ഷ രാഷ്ട്രീയക്കാർ, മോശം സാമ്പത്തിക സ്ഥിതിക്ക് പ്രധാനമായി കുറ്റപ്പെടുത്തുന്നത് സർക്കാർ ജീവനക്കാരെ ആണ് . 100 രൂപ വരുമാനം ഉണ്ടെങ്കിൽ അതിലെ 77 രൂപയും ശമ്പളം, പെൻഷൻ , കടത്തിന്മേലുള്ള പലിശ അടവ് മുതലായവയ്ക്ക് ചിലവഴിക്കുന്നതുകൊണ്ടാണ് ഈ അവസ്ഥ എന്ന് അവർ പ്രചരിപ്പിക്കുന്നു. പലിശ മാറ്റിയാൽ ശമ്പളത്തിനായി 30 ശതമാനവും, പെൻഷനായി 26 ശതമാനവും ചിലവഴിക്കുന്നുണ്ട് എന്നത് സത്യമാണ് . ഇത് തീർച്ചയായിട്ടും വലിയ ഒരു തുക തന്നെ ആണ്. പ്രത്യേകിച്ചും, കർണാടകത്തിലും തമിഴ്‌നാട്ടിലും ശമ്പളത്തിന് 29 ശതമാനവും പെൻഷന് 14 ശതമാനവുമേ ചിലവഴിക്കുന്നുള്ളു എന്നതുമായി താരതമ്യപെടുത്തി നോക്കുമ്പോൾ.
കേരളത്തിൽ, ജനസംഖ്യയുടെ 1.39 ശതമാനം സർക്കാർ ഖജനാവിൽ നിന്ന് നേരിട്ടോ അല്ലാതെയോ ശമ്പളം വാങ്ങിക്കുന്നവർ ആണ്. തമിഴ് നാട്ടിലും കർണാടകത്തിലും ഇത് ഒരു ശതമാനമോ അതിൽ താഴെയോ ആണ് . ജീവനക്കാരുടെ എണ്ണത്തിൽ വന്നിരിക്കുന്ന ഈ കുറവ് ചൂണ്ടിക്കാട്ടി ആ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, ആയുർദൈർഘ്യം തുടങ്ങി പല ഇൻഡക്സുകളും കേരളത്തിനു താഴെ ആണ് എന്ന് പറയാമെങ്കിലും ഈ സംഖ്യ അൽപ്പം കൂടുതൽ തന്നെയാണ്. ഇതിനെ നിയന്ത്രിക്കേണ്ടതുമുണ്ട്. പുതിയ കാലത്ത് പുതിയ രീതികൾ തൊഴിലിടങ്ങളിൽ പരീക്ഷിക്കാത്തത് തന്നെയാണ് പ്രശ്‍നം. ഒരു സ്ഥാപനം പകുത്ത് മറ്റൊരു സ്ഥാപനം രൂപീകരിക്കുമ്പോൾ ആ സ്ഥാപനത്തിലെ അധികം വരുന്ന ആളുകളെ മാറ്റി പുതിയ സ്ഥാപനത്തിൽ വിന്യസിക്കുന്നതിനു പകരം പുതിയ ആളുകളെ റിക്രൂട് ചെയ്യുന്ന പ്രവണതയുമുണ്ട്. ജീവനക്കാരുടെ ആധിക്യം ഉണ്ടെന്ന് പറയുന്ന സർക്കാർ തന്നെ തങ്ങളുടെ കാലത്ത് കൂടുതൽ നിയമനങ്ങൾ നടത്താനാണ് താല്പര്യപ്പെടുന്നത്. എല്ലാവർക്കും തൊഴിൽ ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാതെ ഏറ്റവും വലിയ തൊഴിൽ ദാതാവായി മാറാനാണ് സർക്കാർ ശ്രമിക്കുന്നത്.
സർക്കാർ ജീവനക്കാരിൽ 85 ശതമാനവും ശരാശരി 55,000 രൂപ ശമ്പളം കൈപ്പറ്റുന്നവർ ആണ് . 8000 രൂപ ലഭിക്കുന്ന ആശാ വർക്കർമാർ മുതൽ 1,25,000 രൂപ വരെ ലഭിക്കുന്ന രണ്ടാം ഗസറ്റഡ് പോസ്റ്റ് വരെ ചെന്നെത്തുന്ന സാധാരണ ജീവനക്കാരാണ് ഈ വിഭാഗം. ഇവർ ശമ്പള വിഹിതത്തിന്റെ 60 ശതമാനം പങ്കിടുമ്പോൾ, ബാക്കി 40 ശതമാനം ലഭിക്കുന്നത് 15 ശതമാനം വരുന്ന മറ്റൊരു വരേണ്യ വിഭാഗത്തിനാണ് . ഉയർന്ന ഉദ്യോഗസ്ഥർ , ഗവർണർ, മന്ത്രിമാർ , MLA മാർ , തദ്ദേശ സ്വയംഭരണ പ്രതിനിധികൾ , ബോർഡ് കോർപറേഷൻ മെംബേർസ്, PSC മെംബേർസ്, വിവിധ ചെയർമാൻമാർ , PA മാർ തുടങ്ങിയ ആ നിര അങ്ങനെ നീണ്ടു പോകുന്നു . മന്ത്രിമാരുടെയും, MLA മാരുടെയും മറ്റു ഭരണഘടനാ സ്ഥാനികളുടെയും പേർസണൽ സ്റ്റാഫിൽ എടുക്കുന്ന ആളുകളുടെ എണ്ണവും ഭീതിപ്പെടുത്തുന്നതാണ്. കോൺട്രാക്ടിൽ അല്ലെങ്കിൽ ഡെയിലി വേജസിൽ നിയമിക്കാൻ ആളുകളെ ധാരാളം കിട്ടുമെന്നിരിക്കെ തങ്ങളുടെ പാർട്ടി അംഗങ്ങളെ തീറ്റി പോറ്റാൻ ഉള്ള മേച്ചിൽ പുറമായാണ് അവരിതിനെ കാണുന്നത്. 1 ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങിക്കുന്ന ധാരാളം ആളുകൾ ഇങ്ങനെ നിയമിക്കപ്പെടുന്നുണ്ട് . അവർക്ക് 2 വർഷം കഴിയുമ്പോൾ ഉയർന്ന തുക പെൻഷൻ നൽകി പുതിയ ആളെ എടുത്ത് അവർക്കും പെൻഷൻ സർവീസ് തികക്കുന്ന ഈ കലാപരിപാടിയാണ് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നാളിതുവരെ പയറ്റിപ്പോന്നത് .
ശമ്പളവും പെൻഷനും , പലിശയും കഴിഞ്ഞു 100 രൂപയിൽ ബാലൻസ് വരുന്ന 23 രൂപ വികസന പ്രവർത്തനങ്ങൾക്ക് ചിലവഴിക്കുന്നു എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. ഇതിൽ സിംഹ ഭാഗവും മേൽപ്പറഞ്ഞ വരേണ്യ വിഭാഗങ്ങളുടെ യാത്രാ പടി , ചികിത്സ ചിലവുകൾ മറ്റ് ആഡംബരങ്ങൾ എന്നിവക്കാണ് ചിലവഴിക്കുന്നത്. 60,000 രൂപയുടെ കണ്ണടകൾ ധരിച്ചാലെ മന്ത്രി മാർക്കും , MLA മാർക്കും വായിക്കാൻ പറ്റൂ. ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ എല്ലവരും ഖജനാവിൽ നിന്ന് ചികിത്സാ ചിലവായി ലക്ഷങ്ങൾ എഴുതി എടുക്കുകയാണ്. കഴിഞ്ഞ ഇടത് ഭരണക്കാലത്ത് മുഖ്യമന്ത്രിയും, മന്ത്രിമാരും അവരുടെ കുടുംബവും 2.44 കോടി രൂപ ചികിത്സക്കായി ചിലവഴിച്ചതായാണ് കണക്ക്. പിണറായി വിജയന് മാത്രം ചെലവായത് 93.24 ലക്ഷം രൂപയാണ്. VD സതീശൻ 6.45 ലക്ഷം രൂപ എഴുതിയെടുത്തതായും പറയുന്നു. MLAമാർ, ഐ എ എസ്, IPS ഉദ്യോഗസ്ഥർ , യൂണിവേഴ്സിറ്റികളിലെ സിണ്ടിക്കേറ്റ് മെംബേർസ്, ബോർഡ് കോർപറേഷൻ, വിവിധ സർവീസ് കമ്മീഷനുകളിലെ അംഗങ്ങൾ തുടങ്ങിയവർ എഴുതിയെടുക്കുന്ന തുക ഞെട്ടിപ്പിക്കുന്നതാണ്. ഇതും പോരാഞ്ഞു രാഷ്ട്രീയ കേസുകൾ നടത്താൻ സർക്കാർ കോടികൾ ആണ് ചെലവിടുന്നത്. ഇതെല്ലാം കഴിഞ്ഞു വികസനത്തിന് 100 രൂപയിൽ 5 രൂപയോ മറ്റോ ലഭിച്ചാലായി. അങ്ങനെ വരുമ്പോൾ ആണ് കടം എടുക്കുന്നത് . കടം കൂടി കൂടി നമ്മൾ ഇന്നത്തെ നിലയിൽ എത്തി നിൽക്കുന്നതും.
2026 ജൂൺ 21, ഞായറാഴ്‌ച
യോഗ
യോഗ
ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാരതീയ അറിവ് സമ്പ്രദായം ആണ് യോഗ. യോഗ ചെയ്‌താൽ മനസിനെ നിയന്ത്രിക്കാൻ പറ്റുമെന്നും, എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും യോഗ ഒരു പരിഹാരം ആണെന്നും , യോഗികൾ അതീന്ദ്രിയ ജ്ഞാനം ഉള്ളവരും, പ്രകൃതി ശക്തികളെ നിയന്ത്രിക്കാൻ കഴിവുള്ളവരും ആണെന്നും അവകാശപ്പെടുന്ന പാരമ്പര്യവാദികളും, യോഗ അശാസ്ത്രീയമാണെന്നും, അത് രോഗം വരുത്തിവയ്ക്കുമെന്നും പറയുന്ന യുക്തിവാദി , ശാസ്ത്രവാദി സംഘങ്ങളും നാട്ടിലും രാജ്യത്തും ഏറെയുണ്ട്. എതിർത്തും അനുകൂലിച്ചും ധാരാളം എഴുത്തുകളും കാണാം.
പൂർണ്ണമായും ഭാരതത്തിൽ രൂപം കൊണ്ട യോഗയുടെ ഉത്ഭവം 4000 വർഷങ്ങൾക്കു മുമ്പുള്ള സിന്ധുനദീതട സംസ്കാര കാലത്ത് ആയിരുന്നിരിക്കണം എന്നാണ് നിഗമനം. മോഹൻജൊദാരോയിൽ നിന്ന് കണ്ടെടുത്ത ധ്യാനമഗ്നനായ യോഗിയെ അനുസ്മരിപ്പിക്കുന്ന പശുപതി സീൽ ആണ് ആദ്യത്തെ തെളിവ്. വേദ ഉപനിഷത് കാലങ്ങളിൽ ഉടനീളം യോഗയെ കുറിച്ചും , ധ്യാനത്തെക്കുറിച്ചും, മോക്ഷത്തെ കുറിച്ചും ഒക്കെ നിറഞ്ഞ വർണ്ണനകൾ ഉണ്ട്. എന്നാൽ യോഗയെ ചിട്ടപ്പെടുത്തി ഒരു ചിന്താ ശാഖയായി അവതരിപ്പിച്ചത് ബിസി 200 നും AD 400 നും ഇടയിൽ ജീവിച്ചിരുന്ന പതഞ്‌ജലി മഹർഷിയാണ്. അതുവരെ ഉണ്ടായിരുന്ന യോഗ സൂത്രങ്ങൾ എല്ലാം ക്രോഡീകരിച്ച് 'പതഞ്‌ജലി സൂത്രങ്ങൾ' എന്ന ഒരു ഗ്രന്ഥം തന്നെ അദ്ദേഹം ലോകത്തിനു മുമ്പിൽ വച്ചു .
വേദങ്ങളുടെ ചുവടു പിടിച്ച് 6 ദർശന ശാഖകൾ ഭാരതത്തിൽ ഉണ്ടായിട്ടുണ്ട് . അവയെ ആണ് ഷഡ്ദർശനങ്ങൾ എന്ന് പറയുന്നത്. അവയിൽ ഒന്നാണ് യോഗ ദർശനം. എന്നാൽ ഈ സ്‌കൂളുകൾ രണ്ടെണ്ണം വീതം ചേർന്ന് യോജിച്ചാണ് പ്രവർത്തിച്ചിരുന്നത് . ന്യായ - വൈശേഷിക, സാംഖ്യ- യോഗ , ഉത്തര മീമാംസ- പൂർവ മീമാംസ എന്നിങ്ങനെ. യോഗ അതിന്റെ മൂല ആശയങ്ങൾ സാംഖ്യത്തിൽ നിന്ന് കടം കൊണ്ടിട്ടുള്ളതാണ്. സാംഖ്യ ദർശനത്തിൽ പ്രകൃതി’, പുരുഷ' എന്നീ രണ്ടു കോൺസെപ്റ്റുകൾ ആണുള്ളത്. സമസ്ത അണ്ഡകടാഹവും ഉൾക്കൊള്ളുന്ന പ്രകൃതിയും (matter including mind) അചഞ്ചലമായ ആത്മനിഷ്ട ഘടകമായ പുരുഷ'നുമാണവ(soul). പുരുഷ'ന്റെ സാന്നിധ്യത്തിൽ പ്രകൃതി വികാസപരിണാമങ്ങൾക്ക് വിധേയമാകുന്നു എന്ന ലളിതമായ കാഴ്ചപ്പാടാണ് അതിനുള്ളത്. എന്നാൽ പതഞ്ചലി മഹർഷി പ്രകൃതി - പുരുഷ കൂട്ടായ്മക്ക് പുറമെ ഈശ്വരനെ കൂടി പ്രതിഷ്ഠിക്കുന്നുണ്ട്. പക്ഷെ അത് ഇന്നത്തെ ഈശ്വര സങ്കൽപ്പത്തിൽ അധിഷ്ഠിതമായിട്ടുള്ള ഒന്നല്ല. പതഞ്ചലിയുടെ ഈശ്വരൻ പൂർണ്ണവും സ്വതന്ത്രവുമായതും ഒരു തരത്തിലുമുള്ള ഗുണപരമായ അപൂർണ്ണതയിലും ബന്ധിക്കപ്പെടാത്തതും ആയ ഒന്നാണ്. ഈ ഈശ്വരനോട് നിരീശ്വരവാദികൾക്കും എതിർപ്പുണ്ടാവേണ്ടതില്ല.
പതഞ്ചലിയുടെ ദാർശനിക പ്രപഞ്ചത്തിൽ നടക്കുന്ന ജനി മരണങ്ങൾക്ക് , വികാസ പരിണാമങ്ങൾക്ക് ഹേതുവായിട്ടുള്ളത് ഈ പ്രകൃതി പുരുഷ സംഘലനം തന്നെയാണ്. പുരുഷ' ന്റെ സാനിധ്യത്തിൽ പ്രകൃതിക്ക് പരിണാമം ഉണ്ടാകുന്നു. ഇതാണ് ജനനം. പരിണാമത്തിന്റെ മറ്റൊരവസ്ഥ ആണ് മരണം. എന്നാൽ പ്രകൃതിയുടെ മോഹത്തിന് പുരുഷൻ കീഴ്പ്പെട്ടാൽ , അതായത് നമ്മുടെ സമ്പത്തിലും, ആരോഗ്യത്തിലും, സുഖത്തിലും , ഉയർച്ചയിലും അംഗീകാരങ്ങളിലും ,ദുഖത്തിലുമൊക്കെ അതിന് കരണമായിട്ടുള്ള പ്രകൃതിയുടെ ഭാഗമായ മനസിന്റെ സ്വാധീനത്താൽ പുരുഷ'ൻ (ആത്മാവ്) തെറ്റിദ്ധരിച്ച് അഹങ്കരിച്ചാൽ മോക്ഷം ലഭിക്കാതെ വീണ്ടും ഭൂമിയിൽ ജനിക്കേണ്ടി വരും. അത് കൊണ്ടാണ് പതഞ്ചലി യോഗയെ ''യോഗശ്ചിത്തവൃത്തിനിരോധഃ" എന്ന് വ്യാഖ്യാനിക്കുന്നത്. അല്ലാതെ മനസിനെ നിയന്ത്രിക്കുന്ന ഒരു സംഗതിയായി നമ്മൾ ഇന്ന് ആധൂനിക മനഃശാസ്ത്രത്തിൽ മനസിലാക്കുന്ന വിധം അല്ല കാര്യങ്ങൾ. മനസിനെ നിയന്ത്രിച്ച് ഈശ്വരനിൽ ശ്രദ്ധയർപ്പിച്ച് പുനർജീവനങ്ങളിൽ നിന്ന് മോക്ഷം നേടുന്നതാണ് പതഞ്ചലിയുടെ യോഗയിലൂടെ ഉദ്ദേശിക്കുന്നത്.
ഇതൊന്നും മനസിലാക്കാതെ ആണ് യോഗാ ദിനങ്ങൾ ആചരിക്കുന്നതും , അതിന്റെ ഫോട്ടോ എടുത്ത് വെബ്‌സൈറ്റിൽ നിർബന്ധിച്ച് അപ്‌ലോഡ് ചെയ്യിപ്പിക്കുന്നതും ഒക്കെ. യോഗയെ തിരക്ക് പിടിച്ച ആധൂനിക കാലവുമായി ബന്ധിപ്പിച്ച് കൊണ്ട് പോകാൻ തീർച്ചയായും നമുക്ക് കഴിയും. യോഗ ശരീരത്തിന്റെയും മനസിന്റെ യും ആരോഗ്യത്തെ ഒക്കെ സംരക്ഷ്യ്ക്കും. അതിന് പക്ഷെ ജിംനാസ്റ്റിക്കുകൾ യോഗികൾ ആയി അവതരിച്ചാൽ സാധിക്കില്ല. ആത്യന്തികമായി യോഗ ഒരു ആത്മീയ സാധനയാണ്. അതിന്റെ കാതൽ ആയിട്ടുള്ളത് യമ' നിയ' മങ്ങൾ ആണ്. ഹിംസ ചെയ്യാതിരിക്കുക , സത്യം സംസാരിക്കുക, മോഷ്ടിക്കാതിരിക്കുക, മനസിന്റെയും ശരീരത്തിന്റെയും അധി ഭാവങ്ങളെ നിയന്ത്രിക്കുക , ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക മുതലായവ ആണ് യമങ്ങൾ . നിയമ' തികച്ചും വ്യക്തിപരമാണ് . അടുക്കും ചിട്ടയോടും കൂടി, വ്യക്തി ശുദ്ധി പാലിച്ച് ജീവിക്കുക ആണ് ഒന്നാമത്തേത്. മനസ്സിൽ സന്തോഷം സൂക്ഷിക്കുക, ഉന്നതമായ കാര്യങ്ങൾക്കായി എത്ര ക്ലേശിക്കാനും തയ്യാറാവുക, എപ്പോഴും സ്വയം പഠിക്കാൻ തയ്യാറാവുക, ചെയ്യുന്ന പ്രവർത്തികൾ എല്ലാം മഹാപ്രകൃതിയുടെ നിയമങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്തുക ഇവയൊക്കെയാണ് മറ്റു നിയമ'ങ്ങൾ. യമ നിയമങ്ങൾ പാലിക്കാത്ത ആർക്കും യോഗയിലെ തുടർന്നുള്ള പാദങ്ങളിലേക്ക് കടക്കാൻ സാധ്യമല്ല.
യോഗ ഇന്ന് വെറും 'ആസനങ്ങൾ' മാത്രമായി ചുരുങ്ങിയിരിക്കുക ആണ് . വലിയ രാഷ്ട്രീയ, വ്യാവസായിക മാനങ്ങൾ ഉള്ള ആർത്തിപൂണ്ട ആധൂനിക ലോകത്തെ യോഗയ്ക്ക് യഥാർത്ഥ യോഗ ദർശനത്തെ ഉൾക്കൊള്ളാൻ കഴിയില്ല. ജൂൺ 21 ന് നമ്മൾ ആഘോഷിക്കുന്ന യോഗ ദിനം ഏത് യോഗയുടേതാണ് എന്ന ചോദ്യം അവശേഷിക്കുന്നു. മനുഷ്യൻ പ്രകൃതിയിൽ നിന്ന് വേറിട്ട ഒരു സത്തയല്ലെന്നും, എല്ലാ ജീവജാലങ്ങളുമായും വികാസപരിണാമത്തിന്റെ ബന്ധം പങ്കിടുന്ന പ്രകൃതിയുടെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ് ജീവിക്കുന്നതാണ് ആധുനിക അർത്ഥത്തിൽ യോഗ. പ്രകൃതിയെ കീഴടക്കാനുള്ള വസ്തുവായല്ല, നമ്മെ ഉൾക്കൊള്ളുന്ന മഹത്തായ വ്യവസ്ഥിതിയായാണ് കാണേണ്ടത്. ഈ ബോധത്തോടെ ജീവിക്കുന്നിടത്താണ് യോഗയുടെ സമകാലിക പ്രസക്തി.
2026 ജൂൺ 14, ഞായറാഴ്‌ച
പാതിരാത്രിയിലെ കുമ്പസാരം
80 കളുടെ അവസാനം എഴുതിയ ഒരു കഥ ...മാറ്റങ്ങളില്ലാതെ ..
പാതിരാത്രിയിലെ കുമ്പസാരം
പാതിരി വിയർത്തു! ശരീരത്തിൽ നിന്നും വിയർപ്പിന്റെ ചൂടരുവികൾ അണപൊട്ടിയൊഴുകിയപ്പോൾ തണുത്തു . തണുപ്പ് വിറയലായി. നെഞ്ചിനകത്ത് പെരുമ്പറയടിക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് ബ്രഹ്മാണ്ഡങ്ങളെപ്പോലും ഞെട്ടിക്കുന്ന കടഹധ്വനിയായി നിറഞ്ഞു നിൽക്കുന്നു. പാതിരാവിന്റെ ഏകാന്തതയിലും ചിമ്മാതെ നിൽക്കുന്ന ആ നയനങ്ങൾ പരിക്ഷീണിതങ്ങൾ ആയിക്കൊണ്ടേയിരുന്നു.
മനസ്സിൽ ഒരു സംഘട്ടനം നടക്കുകയാണ്. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനം. രണ്ടിലൊന്ന് ജയിക്കുക തന്നെ ചെയ്യും. നന്മ ജയിച്ചാൽ!!!!!!.........എങ്കിൽ പിന്നെയീ ശപിക്കപ്പെട്ട ജന്മം ഈ ലോഹക്കുള്ളിൽ വിരസതയുടെ നാളുകളിൽ പൊതിഞ്ഞൊടുക്കേണ്ടി വരും . കർത്താവിന്റെ ത്രോണോസിൽ വിശുദ്ധ ബലിയർപ്പിക്കുമ്പോഴും തന്റെ മനസ് അകലെയെവിടെയോ അലഞ്ഞു തിരിയുകയാവും. അതൊരു വഞ്ചനയല്ലേ ?!! സ്വർഗ്ഗത്തിനും തനിക്കുമെതിരായി ചെയ്യുന്ന കൊടിയ വഞ്ചന!!! ഇടവകയിലെ കുഞ്ഞാടുകളുട തകർന്ന ഹൃദയങ്ങളിൽ പ്രത്യാശയുടെ സൈത്ത് പൂശുവാനോ, അന്ധകാര ജടിലമായ ശൈലപാദത്തിൽ നിന്നും സീയോന്റെ നെറുകയിലേക്ക് അവരെ പിടിച്ചുയർത്തുവാനോ തനിക്കു കഴിയില്ല....ഇല്ല ...നന്മ ജയിക്കാൻ പാടില്ല.
മറുവശത്തിനാണ് ജയമെങ്കിലോ ...വയ്യ ...അങ്ങനെ ഓർമിക്കാൻ പോലും കഴിയുന്നില്ല...ആ ഓർമ്മയുടെ നടുക്കമാണ് പാതിരാവിലും ഉറക്കം നഷ്ടപ്പെടുത്തി തന്റെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത്. സെമിനാരിയിൽ ഏകാന്തചിത്തയോടെ നേടിയെടുത്ത വർഷങ്ങളുടെ സാധന കേവലം ഒരു ദുർബല നിമിഷത്തിൽ നഷ്ട്ടപ്പെടുത്തുവാനോ .....?!!! ദൈവത്തിന്റെ പ്രതിനിധിയായ താൻ ഇത്തരമൊരപരാധം പ്രവർത്തിച്ചാൽ അവിടുന്ന് തന്നെ അഗ്നിചിറകുള്ള മാലാഖമാരെയയച്ചു ദഹിപ്പിച്ച് കളയും ! കർത്താവേ എന്തെന്തു പരീക്ഷണങ്ങൾ .… നന്മ ജയിച്ചാലും, തിന്മ ജയിച്ചാലും ഞാൻ നിന്നോട് അപരാധം പ്രവർത്തിക്കുന്നു........!!!!
രാവിലെ മനസ് ചോദ്യത്തിന്റെ ചടങ്ങിന് എമിലി എത്തിയപ്പോൾ തന്റെ മനസിലും ആശങ്കയുടെ മഴമേഘങ്ങൾ നിറഞ്ഞു നിന്നിരുന്നു. മാതാവിന്റെ രൂപക്കൂടിനു താഴെ വിരിച്ച പുൽപ്പായിൽ ഇരുന്ന് അവളെന്താണ് തന്നോട് പറഞ്ഞത്...ഞാൻ അച്ഛനെ സ്നേഹിക്കുന്നു..അച്ഛനെ മാത്രം… ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ല. അച്ഛനെന്നെ കൈവെടിയുമെങ്കിൽ എമിലിയുടെ ശരീരം അനാഥപ്രേതങ്ങൾക്കുള്ള ശ്‌മശാനത്തിൽ അടക്കം ചെയ്യപ്പെടും. ഇന്ന് നേരം പുലരും മുമ്പേ അച്ഛനെന്നെ രക്ഷിച്ചില്ലെങ്കിൽ....കർത്താവേ തന്റെ കർണ്ണപുടങ്ങൾ തന്നെ വഞ്ചിച്ചതാണോ..?? വിറയാർന്ന എമിലിയുടെ ചുണ്ടുകൾ തന്റെ കവിൾത്തടങ്ങളിലൂടെ സ്പർശിച്ചു നീങ്ങിയത് ആരും കണ്ടുകാണാൻ വഴിയില്ല..എത്ര നേരം താനാ രൂപക്കൂടിനു താഴെ ഇരുന്നു പോയെന്നറിയില്ല.
എമിലിയെ താൻ സ്നേഹിക്കുന്നു . അതല്ലേ സത്യം? അതെ താൻ എമിലിയെ സ്നേഹിക്കുന്നു. ആരാണെമിലിയെ സ്നേഹിച്ചുപോകാത്തത് . ഈ ളോഹക്കും ദൈവീക പരിവേഷത്തിനുമുള്ളിൽ താനൊരു മനുഷ്യൻ മാത്രമല്ലേ ...?!!! വെറുമൊരു മനുഷ്യൻ..... പൂർണ്ണതയുള്ളവനു തുല്യനാവാൻ ശ്രമിക്കുന്ന അപൂർണ്ണനായൊരു മനുഷ്യൻ... തത്വശാസ്ത്രങ്ങളുടെ സരിത്തിൽ എത്രയൊക്കെ മുങ്ങിപ്പൊങ്ങിയിട്ടും പാതിരിയുടെ മനസ്സ് അണുവിടപോലും ശാന്തമായില്ല.
പ്രഭാതത്തിൽ അച്ഛനെ വിളിച്ചുണർത്താൻ ചെന്ന കപ്യാരന്തോണി മുറിയിൽ ആരെയും കണ്ടില്ല. സംഭവമറിഞ്ഞ എമിലിയുടെ അമ്മച്ചി ബോധം കേട്ട് വീണു. കല്യാണച്ചെറുക്കനും ബ്രോക്കറും മാറി മാറി വന്ന് തെറി പറഞ്ഞു. എല്ലാം കേട്ട് നിർവികാരനായി ഇരിക്കാനെ എമിലിയുടെ അപ്പച്ചനായുള്ളു.
അപ്പോൾ NO .20 മദ്രാസ് മെയിലിലെ ഒന്നാം ക്ലാസ്സ് കംപാർട്ട്മെന്റിൽ ദിവ്യ ബലിക്കുള്ള മണി മുഴങ്ങിക്കഴിഞ്ഞിരുന്നു.
2026 മേയ് 17, ഞായറാഴ്‌ച
പുതിയ കേരളം ?
പത്ത് വർഷം നീണ്ട ഇടതുഭരണം അവസാനിപ്പിച്ച് ഭരണം തിരിച്ചു പിടിച്ചിരിക്കുകയാണ് UDF. ഉമ്മൻ ചാണ്ടി ഭരണം അതിന്റെ അവസാന കാലത്ത് ഒരു വല്ലാത്ത കാലമായിരുന്നു. നോട്ടെണ്ണുന്ന മിഷീനുള്ള മന്ത്രിമാരും, സ്വകാര്യ വ്യക്തിക്ക് കായൽ നിലങ്ങൾ പതിച്ചു കൊടുക്കാൻ എടുത്ത തീരുമാനങ്ങളും ഒക്കെയായി ആ സർക്കാർ ആടി ഉലഞ്ഞപ്പോൾ അതിന്റെ അന്ത്യകൂദാശ നടത്താൻ സോളാർ വനിത സരിതയും എത്തി. സർക്കാരിനുള്ളിലെ മല്ല യുദ്ധങ്ങളും കുതികാൽ വെട്ടും കൂടിയായപ്പോൾ ഭരണം സ്‌തംഭിച്ചു. സഭയിലും പുറത്തും പ്രതിപക്ഷം മന്ത്രിമാരെ തടഞ്ഞു വച്ചു . ജനം ഭരണ മാറ്റത്തിനായി വോട്ട് ചെയ്തു. LDF വരും എല്ലാം ശരിയാവും എന്ന് പറഞ്ഞു തുടങ്ങിയ ഭരണമാണ് പിന്നെ വന്നത്. ഒന്നും ശരിയായില്ലെന്ന് മാത്രമല്ല UDF ഗവൺമെന്റിന് നേരിടേണ്ടി വന്നിട്ടില്ലാത്തത്ര ആരോപണങ്ങൾ നേരിടേണ്ടിയും വന്നു. സരിതയുടെ സ്ഥാനത്ത് സ്വപ്ന എത്തി. സ്വർണ്ണം കടത്ത് ആരോപണത്തിൽ നിന്ന് മുഖ്യമന്ത്രിക്കും സഹമന്ത്രിമാർക്കും ഒരിക്കലും പുറത്തുവരാൻ കഴിഞ്ഞില്ല. പുത്രിയുടെ മാസപ്പടി വിവാദവും അപ്രകാരം തന്നെ. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വച്ചുകൊണ്ടു തുടങ്ങിയ ഭരണം രക്ഷാ പ്രവർത്തനത്തിലൂടെ മുന്നേറി എല്ലാ പ്രതിഷേധത്തിന്റെയും ചിറകരിഞ്ഞു. ജനം മടുത്തു. ഒടുവിൽ 102 MLA മാരുമായി UDF തന്നെ തിരിച്ചു വരുന്നു.
ഇടതു ഭരണം നല്ലതായിരുന്നുവെന്നും ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആണെന്നും പറയുന്നവർ നാട്ടിലുണ്ട്. എന്നാൽ കടുത്ത പാർട്ടി പ്രവർത്തകർ പോലും എതിർത്ത് വോട്ടു ചെയ്യാതെ UDF ന് 102 സീറ്റ് കിട്ടില്ല എന്ന് അല്പമൊന്നാലോചിച്ചാൽ ആർക്കും മനസിലാകും. യുഡിഫ് ന്റെ എന്തെങ്കിലും മികവ് കൊണ്ടാണ് ഈ നേട്ടം കൈവന്നത് എന്ന് ആ പാർട്ടികളുടെ പ്രവർത്തകർ പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. കടുത്ത LDF വെറുപ്പ് തന്നെയാണ് ഈ മഹാഭൂരിപക്ഷത്തിനു പിന്നിൽ. പ്രളയവും, ഓഖിയും കോവിടും ഒക്കെ തീർത്ത കൺഫ്യൂഷനിൽ സിദ്ധിച്ച ഭരണത്തുടർച്ച ആ ഗവൺമെന്റിനെ അന്ധമാക്കുകയായിരുന്നു. ജയിൽ പുള്ളികൾക്ക് വസ്ത്രവും പാർപ്പിടവും ഭക്ഷണവും കൂടാതെ പ്രതി ദിനം 620 രൂപയും കൊടുക്കാൻ തയ്യാറാവുന്ന സർക്കാരിന് ആശ വർക്കർമാർക്കും നഴ്‌സുമാർക്കും 500 രൂപ പോലും നൽകുന്നത് അധികപ്പറ്റായാണ് തോന്നിയത്. . അവർ നടത്തിയ സമരങ്ങളെ പുഛിച്ചു തള്ളുകയാണ് ചെയ്തത്. സർക്കാർ ജീവനക്കാരുടെ ശമ്പളം, നിർബന്ധിച്ച് പിടിച്ചെടുക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ചത് കൂടാതെ DA അനുവദിക്കാതെ അവഹേളിച്ച് അവരെ നിശ്ശബ്ദരാക്കി. ജനങ്ങൾക്കാവശ്യമില്ലാത്ത കെ റെയിൽ നടപ്പിലാക്കാൻ നടത്തിയ പൗരാവകാശ ധ്വംസനങ്ങൾ ഒരു ജനാധിപത്യ സർക്കരിന് ഭൂഷണം അല്ല എന്നവർക്ക് തോന്നിയതേയില്ല. നവോഥാനം എന്ന പേരിൽ ശബരിമലയിൽ ആചാരങ്ങൾ കാറ്റിൽ പറത്തി സ്ത്രീകളെ കയറ്റിയ അതേ സർക്കാർ തന്നെ അയ്യപ്പ സംഗമം നടത്തി ഭക്തർക്കും ആചാരങ്ങൾക്കും ഒപ്പം നിന്നു . കൂടാതെ പാർട്ടി മെമ്പർമാരും ഭാരവാഹികളും മന്ത്രി തന്നെയും സ്വർണ്ണം കൊള്ളക്കേസിൽ പ്രതിസ്ഥാനത്തേക്ക് വന്നു. ഇടിഞ്ഞു വീഴുന്ന ആശുപത്രിയും, ഉപകരണങ്ങൾ ഇല്ലാതെ ഓപ്പറേഷൻ മുടങ്ങുന്ന സംഭവങ്ങളും സർക്കാരിൽ അവമതിപ്പുണ്ടാക്കി. ജനത്തിന്റെ നികുതി പണം എടുത്ത് ഇടക്കിടെ വിദേശ ചികിത്സക്കു പോകുന്ന ഭരണ നേതൃത്വം, വെറുപ്പിൻെറ തീവൃത കൂട്ടി. 4 കൂട് മിൽമ പാലിൽ തീരേണ്ട ചായകുടിക്കു വേണ്ടി 40 ലക്ഷം രൂപ യുടെ ഗോശാല തീർത്തത് എന്ത് സന്ദേശമാണ് നൽകിയത് ? വെറുപ്പ് കൂടി കൂടി വീണ്ടും ഭരണമാറ്റം.
ഇനി പുതിയ ഭരണം. മാറ്റങ്ങൾ ഉണ്ടാകാൻ ഒരു സാധ്യതയും ഇല്ല. യുദ്ധരംഗത്തു പടവെട്ടി യുദ്ധം ജയിച്ചപ്പോൾ വെള്ളം കൊണ്ടുപോയി കൊടുത്തവൻ യുദ്ധത്തിന്റെ നായക സ്ഥാനം ആവശ്യപ്പെട്ടുള്ള കടിപിടികൾ കണ്ടുകഴിഞ്ഞു. ഇനി വീതം വയ്പ്പ്. 21 മന്ത്രിമാരും ചീഫ് വിപ്പും, ഭരണ പരിഷ്‌കാര കമ്മീഷനും ഒക്കെയായി സംഗതി പൊടിപൊടിക്കും. അത് കൂടാതെ എല്ലാ വിദ്യാർത്ഥിനികൾക്കും 1000 രൂപ മാസ സ്റ്റൈഫൻഡ് , വനിതാ യാത്രക്കാർക്ക് അവരുടെ വരുമാന പരിധി നോക്കാതെ സൗജന്യയാത്ര തുടങ്ങി വികസന വിരുദ്ധമായ അനേകം വാഗ്ദാനങ്ങൾ നൽകിയാണ് ഈ ഗവൺമെന്റ് ഭരണത്തിൽ വന്നിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ വാഗ്ദാനങ്ങൾ കാരണം അല്ല ജനം UDF ന് വോട്ട് ചെയ്തത് . അത് ഒരു നിവർത്തികേടുകൊണ്ടുമാത്രമാണ്.
യുഡിഫ് ഭരണത്തിൽ ഇനി എന്തെല്ലാം ആണ് സംഭവിക്കാൻ പോകുന്നത് ! സംസ്ഥാനം വലിയ സാമ്പത്തിക ബാധ്യതയിൽ എത്തി നിൽക്കുകയാണ്. ചിലവ് കുറക്കുക, വരവ് വർദ്ധിപ്പിക്കുക വികസന പ്രവർത്തനങ്ങൾ നടത്തുക , തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക വിദ്യാഭ്യാസ നിലവാരം ഉയർത്തുക തുടങ്ങി വലിയ വലിയ ഉത്തരവാദിത്തങ്ങൾ നടപ്പിലാക്കാനുണ്ട്. അതിനു പഴയ കാറുകൾ ഉപയോഗിക്കുന്ന രീതിയും എസ്‌കോർട്ട് കുറയ്ക്കുന്ന രീതിയും മാത്രം നടപ്പിലാക്കിയാൽ മതിയാവുകയില്ല. 21 മന്ത്രിമാരെയും ചീഫ് വിപ്പിനെയും ഭരണ പരിഷ്‌കാര കമ്മീഷനെയും അവരുടെ പരിവാരങ്ങളെയും ഒക്കെ തീറ്റി പോറ്റുന്നത് കൂടാതെ പേർസണൽ സ്റ്റാഫിലേക്ക് ആളെ എടുത്ത് രണ്ടര വർഷം കൂടുമ്പോൾ മാറ്റി പെൻഷൻ നൽകി ആജീവനാന്തം സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന കലാപരിപാടി തുടർന്നാൽ ഇതെല്ലാം വെറുതെയാവും. യുഡിഫ് ഭരണം മുൻവിധിയോടെ പറയുക ആണെങ്കിൽ നന്നാവാൻ ഒരു സാധ്യതയും ഇല്ല. അപ്പോൾ ഭരണം പിടിക്കാമെന്നാണ് LDF ന്റെ കണക്കു കൂട്ടലെങ്കിൽ അവർക്കു തെറ്റി. കഴിഞ്ഞ 10 വർഷത്തെ ദുരനുഭവങ്ങൾ അവഹേളനങ്ങൾ ,ആക്രോശങ്ങൾ , അകറ്റി നിർത്തലുകൾ, രക്ഷാ പ്രവർത്തനങ്ങൾ ഒക്കെ അത്ര വേഗം ജനം മറന്നു പോകാൻ സാധ്യത ഇല്ല. അടുത്ത പ്രാവശ്യം ജനം എന്ത് ചെയ്യും?
2026 മാർച്ച് 21, ശനിയാഴ്‌ച
ജാതി യുദ്ധങ്ങൾ
സ്വന്തം ജാതി ഏറ്റവും മഹത്തരമാണെന്ന് സമർത്ഥിക്കാനുള്ള ഉത്സാഹം ജാതിവ്യവസ്ഥ നിലനിൽക്കുന്ന സമൂഹങ്ങളിൽ പതിവാണ്. സ്വാഭാവികമായി ഇതിന്റെ ഉറവിടം മതങ്ങളിൽ ചെന്നെത്തുന്നു. അതിൽ തന്നെ ഇത് ഏറ്റവും പ്രകടമായി കാണുന്നത് ഹിന്ദു മതത്തിൽ ആണ് . വർണ്ണവ്യവസ്ഥകൾ സൃഷ്ട്ടിക്കുന്ന ജാതീയതയുടെ പേരുദോഷം മുഴുവൻ സ്വാഭാവികമായും ബ്രാഹ്മണരിലും സവർണ്ണ ജനതയിലും ആണ് ചെന്ന് ചേരുന്നത്. എന്നാൽ ബ്രാഹ്മണ ഇടപെടലുകൾ ഒന്നും ഇല്ലാത്ത വനവാസികൾ ആയി കഴിയുന്ന ട്രൈബൽ ജനതയിൽ ഇതിന്റെ രൂക്ഷത മുഖ്യധാരാ സമൂഹത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ ആണ്. കേരളത്തിൽ ആണെങ്കിൽ മലയരയ , കുറിച്യ വിഭാഗങ്ങൾ സമ്പത്തും അധികാരവും കൈകാര്യം ചെയ്യുന്ന സവർണ്ണ വിഭാഗമായി നിലനിൽക്കുന്നു. മലപ്പുലയർ , പണിയ ,മുതുവാൻ, കാടർ ,മലപ്പണ്ടാരം , ചോലനായ്ക്കൻ തുടങ്ങി ഏതാണ്ട് 36 ഓളം ആദിവാസി വിഭാഗങ്ങൾ ആണ് ഇന്നുള്ളത്. ഇവരിൽ ചില സമൂഹങ്ങൾ തമ്മിൽ മിശ്ര വിവാഹങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒരിക്കലും സാമൂഹികമായി ഇടപെടാത്ത സമൂഹങ്ങൾ പോലും ഉണ്ട്. അത് പോലെ തന്നെയാണ് ദളിത് വിഭാഗങ്ങളും . ഏതാണ്ട് 79 ഓളം ദളിത് വിഭാഗങ്ങളും കേരളത്തിൽ ഉണ്ട്. ഇവരിൽ ഒട്ടു മിക്ക വിഭാഗങ്ങൾ തമ്മിലും വിവാഹ ബന്ധങ്ങളും മറ്റും നിലനിൽക്കുന്നില്ല. ഈ ജാതി തിരിവുകൾക്കും ജാത്യാചാരങ്ങൾക്കും ആരാണ് ഉത്തര വാദി?
ബ്രാഹ്മണ അധിനിവേശത്തിനു ശേഷമാണ് ജന്മം അടിസ്ഥാനമാക്കിയുള്ള ജാതി തിരിവുകൾ വന്നത് എന്നത് ശരി ആണെങ്കിലും, ജാതി ശ്രേണിയിൽ മുന്നിലുള്ള സമൂഹങ്ങൾ അത് നന്നായി ആസ്വദിച്ചു . ബ്രാഹ്മണന്റെ മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്ന നായർ, ഈഴവനും അതിനു താഴെയുള്ളവരുടെയും മേലാളൻ ആയി വാണു. ഇത് തന്നെയാണ് ഈഴവനും, കുറിച്യരും, മലയരയരും ഒക്കെ അവർക്ക് താഴെയുള്ള സമൂഹങ്ങളോട് ചെയ്തത് . അപ്പോൾ ഇതിൽ ബ്രാഹ്മണനെ മാത്രം എന്തിനു കുറ്റപ്പെടുത്തണം?
ജാതി എന്നത് അറിവുമായി ബന്ധപ്പെടുത്തിയാണ് സൃഷ്ടിക്കപ്പെട്ടത്. ആഫ്രിക്കയിൽ നിന്ന് തുടങ്ങിയ മഹത്തായ കുടിയേറ്റത്തിന്റെ ഒരു ലക്ഷം വർഷത്തിന്റെ ചരിത്രം ആണ് മനുഷ്യനുള്ളത്. പല സംഘങ്ങൾ ആയി പുറപ്പെട്ട ഈ വിഭാഗങ്ങൾ ലോകം മുഴുവൻ വ്യാപിച്ചു. ഇതിൽ ചില വിഭാഗങ്ങൾ ചെന്നെത്തിയ സ്ഥലത്തു നിന്ന് എങ്ങോട്ടും പോകാതെ അവിടെ തന്നെ പാർത്തു. തന്മൂലം അവരുടെ അറിവ് പരിമിതമായി. ആദ്യം പാർത്ത സ്ഥലങ്ങളിൽ നിന്നും സാഹസ പ്രീയരായ ചില സമൂഹങ്ങൾ വീണ്ടും യാത്ര തുടർന്നു . കടന്നു പോന്ന പ്രദേശങ്ങളും അവിടുന്നുള്ള അനുഭവങ്ങളും അവരെ കൂടുതൽ ധീരന്മാരും സാങ്കേതിക ജ്ഞാനവുമുള്ളവരുമാക്കി. അങ്ങനെ പല പ്രദേശങ്ങൾ മാറി മാറി തങ്ങി ഒടുവിൽ ഇന്ത്യയിൽ എത്തപ്പെട്ട ഒരു കൂട്ടർ ആണ് ആര്യന്മാർ. കുറെയൊക്കെ സഞ്ചാരം നടത്തി അവർക്കു മുമ്പേ ദ്രാവിഡർ ഇന്ത്യയിൽ എത്തി ചേർന്നിരുന്നു. അതിനും മുമ്പേ ആഫ്രിക്കയിൽ നിന്ന് താരതമ്യേന കുറഞ്ഞ അറിവും ഇരുണ്ട നിറവുമായി നേരെ എത്തി ചേർന്ന ഒട്ടും സഞ്ചാര പ്രീയർ അല്ലാത്ത മറ്റൊരു കൂട്ടരും ഇന്ത്യയിൽ ഉണ്ടായിരുന്നു. തുടർന്നുള്ള ഒരു രണ്ടായിരം വർഷം വെളുത്ത നിറക്കാരും, ഇരു നിറക്കാരും , ഇരുണ്ട നിറക്കാരും തമ്മിൽ നന്നായി ഇട കലർന്നു. കറുത്ത നമ്പൂതിരിയും, വെളുത്ത അടിയാളനും ഈ ഇടകലരലിന്റെ ബാക്കി പത്രം ആണ്. അടുത്ത രണ്ടായിരം വർഷം ജാതി തിരിവുകൾ ആരംഭിക്കുകയും എല്ലാത്തിനും നിയന്ത്രണങ്ങൾ വരുകയും ചെയ്തു. അതായത് ഇന്ന് കാണുന്ന ഇന്ത്യൻ സമൂഹം ആര്യനും, ദ്രാവിഡനും, ആദിവാസിയും ഒക്കെ ചേർന്നതാണ്. ഒരേ സമയത്ത് ഒരിന്ത്യക്കാരൻ ഇതൊക്കെയാണ്. ആരും പൂർണമായി ആര്യനൊ , ദ്രാവിഡനോ ,ആദിവാസിയെ അല്ല.
അറിവും അധികാരവും ആണ് ഇന്ന് ജാതീയത നിലനിർത്തിയിരുന്നത്. ഇതും രണ്ടും നേടാനായാൽ പിന്നെ മറ്റൊരാളുടെ പേരിന്റെ വാല് നമ്മുടെ ഉറക്കം കെടുത്തില്ല. ഇന്ത്യയിൽ ഇന്ന് ഏറ്റവും താഴെ തട്ടിൽ കിടക്കുന്ന ദളിത് ആദിവാസി സമൂഹങ്ങൾ , അതിന്റെ നേതാക്കൾ ഇത് രണ്ടും നേടാൻ ഇനി എന്താണ് ചെയ്യാൻ പോകുന്നത് ? സർക്കാർ ഇതിനു പരിഹാരം കാണുമെന്നോ?, അതോ മറ്റു സമൂഹങ്ങൾ അതിനു ശ്രമിക്കുമെന്നോ? അടുത്ത ദിവസങ്ങളിൽ സണ്ണി കപിക്കാട് കോൺഗ്രസ്സ് സീറ്റ് തന്നില്ല എന്ന് പരാതി പറയുന്നത് കണ്ടു. കപിക്കാടിനും , ജാനുവിനും കോൺഗ്രസ് സീറ്റ് കൊടുക്കാത്തതിന് ഒരു കാരണമേ ഉള്ളൂ. അവർക്ക് വോട്ടു ബാങ്കില്ല. സുകുമാരൻ നായരോ, വെള്ളാപ്പള്ളിയോ , ബിഷപ്പ്മാരോ പറയുന്നവർക്ക് സീറ്റു കൊടുക്കാൻ കാരണം അവരുടെ പിന്നിൽ ആളുണ്ട് , വോട്ടുണ്ട് എന്നതാണ് . അപ്പോൾ ഇത് രണ്ടും സംഘടിപ്പിക്കാനല്ലേ കപിക്കാട് ശ്രദ്ധിക്കേണ്ടത്? അല്ലാതെ RSS നെ പഴി പറഞ്ഞിട്ടെന്തു കാര്യം? ദളിത് ആദിവാസി സമൂഹങ്ങൾക്ക് കേരളത്തിൽ 14 ശതമാനം വോട്ടുണ്ട് . ഇതൊരു വലിയ സംഖ്യ ആണ് . ഒറ്റക്ക് ജയിക്കാൻ പറ്റിയില്ലെങ്കിലും ആരു ജയിക്കണം എന്ന് തീരുമാനിക്കാൻ ഈ സംഖ്യക്ക് പറ്റും . അപ്പോൾ കപിക്കാട് പറയുന്നിടത്ത് കോൺഗ്രസ്സും , മറ്റു രാഷ്ട്രീയ കക്ഷികളും വന്നു നിൽക്കും, പെരുന്നയിലും , കണിച്ചു കുളങ്ങരയിലും എന്ന പോലെ. അതിന് ദളിത് സമൂഹങ്ങൾക്ക് രാഷ്ട്രീയ യൂണിറ്റുകൾ ഉണ്ടാവണം, ചെറുപ്പക്കാരെയും ദളിത് സമൂഹത്തെയും സംഘടിപ്പിക്കണം, ആദിവാസി സമൂഹങ്ങളുമായി ഇടപെടണം , യൂണിറ്റുകൾ ഉണ്ടാക്കിക്കണം, അവ തമ്മിൽ കോർഡിനേഷൻ നിലനിർത്തണം . അങ്ങനെ ഒരു ദളിത് ആദിവാസി രാഷ്ട്രീയ സംഘടന ഉണ്ടാക്കിയെടുക്കണം. അതിനു പക്ഷെ വിയർപ്പൊഴുക്കണം. അത്തരം പ്രവർത്തനങ്ങൾക്കു സമയം ചിലവഴിക്കാതെ കപിക്കാടും , ശ്യാമും പണിക്കരുടെ വാലുമുറിക്കാൻ ഇറങ്ങി പുറപ്പെടുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.
2026 ഫെബ്രുവരി 24, ചൊവ്വാഴ്ച
ആരോഗ്യ കേരളം
ഇപ്പോൾ നടക്കുന്ന ചൂടുപിടിച്ച ചർച്ചകളിൽ ഒന്ന് ആരോഗ്യ രംഗത്തെ ഉത്തരവാദിത്തമില്ലയ്മയും ഡോക്ടർമാരുടെ വേതന വർദ്ധനവിനുള്ള സമരവുമാണ് . ഓപ്പറേഷനുശേഷം കത്തിയെടുക്കാൻ വിട്ടു പോകുന്നതും, രോഗി വർഷങ്ങളോളം വേദന അനുഭവിക്കുന്നതും, ആ കാര്യം പുറത്ത് പറയുമ്പോൾ ഉത്തരവാദിത്തം നിഷേധിച്ച് ഡോക്ടർമാർ രംഗത്ത് വരുന്നതും ഒക്കെ സാധാരണമായിട്ടുണ്ട്. സർക്കാർ മേഖലയിൽ ഒരു തുടർക്കഥ പോലെ ഈ സംഭവം അരങ്ങേറിക്കൊണ്ടിരിക്കുമ്പോൾ ,സ്വകാര്യ മേഖലയും ഒട്ടും പിന്നിലല്ല. രോഗമില്ലാത്ത സ്തനം മുറിച്ചുമാറ്റുന്നവരും , കാലുമാറി ഓപ്പറേഷൻ ചെയ്യുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഭരണ കക്ഷിക്കാർ, തങ്ങളുടെ ഭരണത്തിന്റെ പോരായ്മയായി വിലയിരുത്തപ്പെടും എന്ന ചിന്തയാൽ, അവയെ മൂടി വയ്ക്കാനും ന്യായീകരിക്കാനുമാണ് പലപ്പോഴും ശ്രമിക്കുന്നത്. പ്രതിപക്ഷം ആകട്ടെ അത്തരം സംഭവങ്ങളെ സർക്കാരിനെ അടിക്കാനുള്ള വടിയായാണ് കാണുന്നത്. എന്തിനും ഏതിനും ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്ന അനാവശ്യ പ്രവണതകൾ കൊണ്ടാണ് ഇത്തരം ന്യായീകരണങ്ങളിൽ ചെന്നെത്താൻ നിർബന്ധിക്കപ്പെടുന്നത്. സ്‌കൂളുകളിലെ ഉയർന്ന വിജയ ശതമാനത്തിലും , സർക്കാർ ആശുപത്രിയിലെ ഹൃദയം മാറ്റി വയ്ക്കൽ ശാസ്ത്രക്രീയയിലെ വിജയത്തിലും, പശുക്കളുടെ സുഖ പ്രസവത്തിലും ഒക്കെ അതാതു സർക്കാർ വകുപ്പുകൾ അനാവശ്യമായി ഊറ്റം കൊള്ളുന്നതിനാൽ ഈ രംഗത്തുണ്ടാകുന്ന പരാജയത്തിലും സർക്കാർ വിമർശിക്കപ്പെടും . കത്രിക വയറ്റിൽ ഇട്ട് തുന്നി കെട്ടിയതിന് ആരോഗ്യ മന്ത്രിക്ക് എന്ത് ചെയ്യാനാണ് !ആരോഗ്യ മന്ത്രി ചെയ്യേണ്ടത് അത് ലഘൂകരിക്കുക അല്ല അതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുകയും രോഗിക്ക് നഷ്ട്ട പരിഹാരവും സഹായവും എത്തിക്കുകയുമാണ് .
എന്നാൽ ഡോക്ടർമാർക്കെതിരെ നടപടി എടുക്കുക അത്ര എളുപ്പമുള്ള കാര്യം അല്ല. സർക്കാർ സേവനം മതിയാക്കി സ്വകാര്യ മേഖലയിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചേക്കേറാൻ തയ്യാറെടുക്കുക ആണ് ഡോക്ടർമാർ. സ്വകാര്യമേഖലയിൽ ഒരു സ്പെഷ്യലിസ്റ്റ് യുവ ഡോക്ടർക്ക് 10 ലക്ഷവും അതിനു മുകളിലും മാസ ശമ്പളം ലഭിക്കുമ്പോൾ , സർക്കാർ മേഖലയിൽ മുതിർന്ന ഡോക്ടർമാർക്ക് പോലും അത് കഷ്ടിച്ച് മൂന്നരയും നാലുമായി ചുരുങ്ങുന്നു. നോക്കുന്ന രോഗികളുടെ എണ്ണവും, നടത്തുന്ന ശാസ്ത്രക്രീയകളുടെ കണക്കും എടുത്താൽ അമ്പരപ്പിക്കുന്ന അവസ്ഥയിൽ ആണ് കാര്യങ്ങൾ. ഇതിനോട് ചേർത്ത് കാണേണ്ടത് സർക്കാർ മേഖലയിലെ സൗകര്യക്കുറവുകൾ ആണ്. കെട്ടിടം നന്നാക്കിയിട്ടുണ്ട്, 10 വർഷം മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴത്തേത് എന്നൊക്കെ മേനി പറയാമെങ്കിലും, രോഗികൾ പിരിവെടുത്ത് മരുന്നും ശാസ്ത്രക്രീയാ ഉപകരണങ്ങളും വാങ്ങിക്കുന്നതും, ആശുപത്രി കെട്ടിടം ഇടിഞ്ഞു വീണ് രോഗി മരിക്കുന്നതും ഒന്നും അത്ര പഴയ കാര്യങ്ങൾ അല്ല. നമ്മുടെ സർക്കാർ ആശുപത്രികൾ വിശ്വസിക്കാവുന്ന നിലയിലായിട്ടില്ല എന്നതിന് ഏറ്റവും നല്ല തെളിവ് അതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന മന്ത്രിമാരും , രാഷ്ട്രീയക്കാരും , മുതിർന്ന ഉദ്യോഗസ്ഥന്മാരും ഒക്കെ അവരുടെയും കുടുംബത്തിന്റെയും ചികിത്സക്ക് സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യമേഖലയെ ആണ് ആശ്രയിക്കുന്നത് എന്ന വസ്തുത മാത്രം നോക്കിയാൽ മതി. അതും പൊതു ജനത്തിന്റെ ചിലവിൽ!
നമുക്ക് വേണ്ടത് മേനി പറച്ചിൽ അല്ല . ഗുണപരമായ നടപടികൾ ആണ് . സർക്കാർ ആശുപത്രികളുടെ എണ്ണം കൂട്ടി , കൂടുതൽ ഹൃദയം മാറ്റി വച്ച്, വൃക്ക മാറ്റി വച്ച് ആരോഗ്യകേരളം ഭാരതത്തിലെ മികച്ച മാതൃക എന്ന പേര് നേടിയെടുക്കാൻ കാട്ടുന്ന ഉത്സാഹത്തിന്റെ പകുതി കാണിച്ചാൽ ഈ രോഗങ്ങളിൽ പലതിനെയും നമുക്ക് തടയാൻ കഴിയും. മായമില്ലാത്ത ഭക്ഷണം ഉറപ്പു വരുത്താൻ മാത്രം ശ്രമിച്ചാൽ മതി ഇത് നമുക്ക് നേടിയെടുക്കാൻ പറ്റും . ഒപ്പം ചെറിയ ക്‌ളാസിൽ മുതൽ പോഷക ഭക്ഷണം എന്താണെന്ന് പഠിപ്പിക്കണം. വ്യായാമം ചെയ്യാൻ ശീലിപ്പിക്കണം. രോഗമുണ്ടായാൽ ആദ്യം ആശുപത്രികളിലേക്ക് വിടുന്നതിനു മുമ്പ് പ്രാഥമിക ഫുഡ് ക്ലിനിക്കുകളിൽ ഒരാഴ്ച അഡ്മിറ്റ് ചെയ്യണം. നല്ല ഭക്ഷണം കഴിച്ച്, നല്ല പാനീയങ്ങൾ കുടിച്ച്, വെയില് കൊണ്ട് , വ്യായാമങ്ങൾ ചെയ്ത് ഒട്ടു മിക്ക പ്രശ്നങ്ങളും പരിഹരിക്കാവുന്നതേ ഉള്ളൂ. അവിടെയും നിൽക്കാത്തവയെ മാത്രം വിദഗ്ധ ചികിത്സക്ക് ആശുപത്രികളിലേക്ക് വിടുക.
ഡോക്ടർമാരായി മാറാൻ ലക്ഷങ്ങൾ, പലപ്പോഴും കോടികൾ ചിലവാക്കേണ്ടി വരുന്നുണ്ട്. അനാവശ്യമായ മത്സരപ്പരീക്ഷകളിലും മറ്റും അവരുടെ മനസിന്റെ നന്മ ചോർന്നു പോകാറുണ്ട്. എങ്ങനെയും ചിലവാക്കിയ പൈസ തിരിച്ചു പിടിക്കാൻ ശ്രമിയ്ക്കുന്നതിനിടയിൽ അവർ കൈക്കൂലിക്കാരും, മരുന്ന് കമ്പനികളുടെയും, സ്കാനിംഗ് സെന്ററുകളുടെയും ആശുപത്രി മുതലാളിമാരുടെയും അടിമകളുമായി മാറുകയാണ് ചെയ്യുന്നത്. വൈദ്യം പഠിക്കാൻ വരുന്നവർക്ക് ബുദ്ധി മാത്രമല്ല രോഗീ പരിചരണത്തിനുള്ള താൽപ്പര്യവും സഹജീവികളോടുള്ള അനുകമ്പയും ഉണ്ടോ എന്ന് ഉറപ്പു വരുത്തണം. ട്രൈനിങ്ങിനു ശേഷം വൈദ്യവൃത്തി ഉപേക്ഷിച്ച് IAS ഉം IPS ഉം ഒന്നും തേടി പോകുന്ന ബ്യുറോക്രാറ്റുകളും അല്ല വൈദ്യം പഠിക്കാൻ വരുന്നത് എന്നും ഉറപ്പു വരുത്തണം. പലപ്പോഴും ക്രിമിനലുകൾ വൈദ്യമേഖലയിൽ എത്തി പ്പെടുന്നുണ്ട്. നല്ല ഡോക്ട്ടർമാരുടെ പേര് കളയുന്നതും അവരാണ്. ഒരു സ്റ്റേറ്റിന് ആവശ്യമുള്ള ഡോക്ടർമാരെ സമൂഹത്തിന്റെ ചിലവിൽ പരിശീലിപ്പിച്ച് അവർക്ക് ന്യായമായ ശമ്പളവും നൽകി ചികിത്സായോടൊപ്പം രോഗം വരുന്നത് തടയാനുള്ള നടപടികളും കൈക്കൊള്ളുകയാണെങ്കിൽ നിലവിലുള്ള സംവിധാനങ്ങൾ വച്ച് നന്നാക്കിയെടുക്കാവുന്നതേയുള്ളു ഈ രംഗം. അതിന് പക്ഷെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം.
2025 ഡിസംബർ 13, ശനിയാഴ്‌ച
അംബേക്കറൈറ്റുകൾ
എല്ലാവർഷവും കൃത്യമായി അരങ്ങേറുന്ന ഒരിനം ആണ് അംബേക്കറുടെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള ചർച്ചകൾ. പതിവ് അംബേക്കറൈറ്റുകൾ അതിൽ പങ്കെടുക്കുകയും മനുസ്മ്രിതി കത്തിക്കേണ്ടതിന്റെ ആവശ്യം ഊന്നി പറയുകയും ചെയ്യും. ബ്രാഹ്മണ്യം ആണ് ലോകത്തിലെ ഏറ്റവും നീചമായ വ്യവസ്ഥിതി എന്ന് പറഞ്ഞു അതിന്റെ ഇപ്പോഴത്തെ അവകാശം RSS ന് ചാർത്തിക്കൊടുത്ത് ചർച്ച അവസാനിപ്പിക്കും. പിന്നെ അടുത്ത വർഷം വീണ്ടും ആവർത്തിക്കും. ആദിവാസികളും ദളിതരും അടങ്ങുന്ന ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധികൾ ആയാണ് അംബേക്കറൈറ്റുകൾ രംഗപ്രവേശനം ചെയ്യുന്നത്. എന്നാൽ ഈ ചർച്ചകൾക്ക് അപ്പുറം എന്ത് വ്യത്യാസം ആണ് ദളിത് ആദിവാസി ജീവിതങ്ങളിൽ ഇക്കൂട്ടർക്ക് വരുത്താൻ സാധിച്ചിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതാണ്.
ഇന്ത്യ പൊതുവെ തന്നെ ബ്രാഹ്മണരുടെ അധീനതയിൽ പുലർന്നു പോന്ന ഒരു രാജ്യം ആണ് . ആര്യ സംസ്ക്കാരത്തിന്റെ പതാകവാഹകർ ആയ ബ്രാഹ്മണർ കാഴ്ചവച്ച ജാതീയ ഉച്ചനീചത്വങ്ങൾ ഏറ്റവും കൂടുതൽ ഏറ്റു വാങ്ങിയിട്ടുള്ളത് ദളിത് ആദിവാസി വിഭാഗങ്ങൾ തന്നെയാണ്. ഇസ്ലാം ക്രിസ്ത്യൻ മതങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് അംബേക്കർ മനസിലാക്കി. അതിനാലാണ് അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നത്. എന്നാൽ ഇതര ദളിത് ആദിവാസി സമൂഹങ്ങൾ ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം മതങ്ങളുടെ ഭാഗമായി മാറി, അതിന്റെ മൂല്യങ്ങളോട് സമരസപ്പെട്ട് പോകുന്ന കാഴ്ചയാണ് നിലവിൽ ഉള്ളത് . ഒരു ജനത എന്ന നിലയിൽ ഉണ്ടായിരുന്ന സാംസ്കാരികവും, മതപരവും ആയ തനിമ ഈ ഹൈന്ദവ, ക്രൈസ്തവ , ഇസ്ലാം വൽക്കരണത്തിലൂടെ ദളിത് ആദിവാസി സമൂഹങ്ങൾക്ക് നഷ്ടമായി.
സൂക്ഷ്മമായി പരിശോധിച്ചാൽ ഇപ്പോഴും തുടർന്ന് പോരുന്ന ഈ ഉച്ചനീചത്വങ്ങൾക്ക് കാരണം മതത്തിനോടുള്ള ഈ സമൂഹത്തിന്റെ അമിത വിധേയത്വമാണെന്ന് മനസിലാകും. എല്ലാ മതങ്ങളും ദളിത് ആദിവാസി സമൂഹങ്ങളെ അസ്പർശ്യർ ആയി തന്നെയാണ് കണക്കാക്കുന്നത്. ഈ മതങ്ങളുടെ ഒക്കെ പുറമ്പോക്കിൽ ചുരുണ്ടുകൂടി കിടന്ന് ജാതീയ വിവേചനം ഉണ്ടേ എന്ന് നിലവിളിക്കാതെ ഒരു മികച്ച സമൂഹത്തെ രൂപപ്പെടുത്താനാണ് അംബേക്കറൈറ്റുകൾ ശ്രമിക്കേണ്ടത്. അല്ലാതെ ഗീതയിലും, മനുസ്മ്രിതിയിലും എഴുതി വച്ചിട്ടുള്ള വിവേചനങ്ങളോട് അംബേക്കറുടെ കാഴ്ചപ്പാടെന്തായിരുന്നു എന്ന് ചർച്ച നടത്തുക അല്ല വേണ്ടത്. അംബേക്കർ അത് തിരിച്ചറിഞ്ഞപ്പോഴേ ഹിന്ദു മതം ഉപേക്ഷിച്ചു . എന്നാൽ ഇന്നേറ്റവും കൂടുതൽ ജാതി വേർതിരിവുകൾ ഉള്ളത് ദളിത് ആദിവാസി സമൂഹങ്ങളിൽ തന്നെയാണെന്നുള്ളത് തിരിച്ചറിയേണ്ടതുണ്ട് . പരസ്പ്പരം തീണ്ടൽ ആചരിക്കുന്ന സമൂഹങ്ങൾ വരെയുണ്ട്. ആദ്യം ചെയ്യേണ്ടത് ആ സമൂഹത്തിൽ തന്നെ അത് അവസാനിപ്പിക്കുക എന്നതാണ്. വിവിധ ജാതി സമൂഹങ്ങൾ പരസ്പ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെട്ട് ഒരൊറ്റ സമൂഹമായി മാറി കരുത്ത് തെളിയിച്ചു മുന്നോട്ടു വന്നാലേ സവർണ്ണ ഫാസിസ്റ്റ് മതങ്ങൾക്കെതിരെയുള്ള സമരങ്ങളും ചെറുത്ത് നിൽപ്പുകളും യാഥാർഥ്യമാകുകയുള്ളു.
ദളിത് ആദിവാസി സമൂഹങ്ങൾ ഇന്ത്യയുടെ മാത്രം സംഭാവനയല്ല . ലോകത്തെല്ലായിടത്തും ഇത്തരം അവസരം നിഷേധിക്കപ്പെട്ട , പാർശ്വവൽകൃത സമൂഹങ്ങൾ ഉണ്ട്. നഷ്ട്ടപ്പെട്ടു പോയ അവസരങ്ങൾ തിരികെ പിടിക്കുക എന്നുള്ളതാണ് അതിനുള്ള ഏക പോം വഴി . ഇത്തരം അവസരങ്ങൾ സൃഷ്ടിക്കാനാണ് അധികാരത്തിലും ജോലിയിലും സംവരണം ഏർപ്പെടുത്താൻ ഭരണഘടനാ ശിൽപ്പികൾ ശ്രമിച്ചത്. പാർലമെന്റിലും, സംസ്ഥാനങ്ങളിലും , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒക്കെ ഏതാണ്ട് 25 ശതമാനത്തോളം സീറ്റുകൾ ദളിത് ആദിവാസി സമൂഹങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് 25 ശതമാനത്തോളം തന്നെ ജനസംഖ്യയും ഈ വിഭാഗത്തിനുണ്ട്. എന്നാൽ ഏതെങ്കിലും രാഷ്ട്രീയ സംഘടനകളുടെ ചേരിപ്പുറത്ത് നിന്ന് സംവരണ സീറ്റിൽ മത്സരിച്ച് അതാത് പാർട്ടികൾക്ക് അംഗബലം കൂട്ടി ഭരണം പിടിക്കാൻ സഹായിക്കാമെന്നല്ലാതെ എന്ത് നേട്ടമാണ് നാളിതുവരെ ഈ സമൂഹത്തിന് ലഭിച്ചിട്ടുള്ളത്. കേരളത്തിലെ സാഹചര്യത്തിൽ രണ്ടു മന്ത്രി സംസ്ഥാനം എങ്കിലും കിട്ടേണ്ടതാണ്. എന്നിട്ട് ഇപ്പോൾ ഉള്ളതോ? കിട്ടിയ വകുപ്പോ ? ഇത് ഒരു പാർട്ടിയുടെ ഭരണത്തിൽ മാത്രമല്ല സംഭവിക്കുന്നത് . എല്ലാ പാർട്ടികളും സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പിന്തുടരുന്ന രീതി ഇത് തന്നെയാണ്. ഇതിനാണോ അംബേക്കർ ജനപ്രതിനിധികൾക്കുള്ള സംവരണം ഏർപ്പെടുത്താൻ പാടുപെട്ടത്? ഏതു പാർട്ടിയായാലും വേണ്ടില്ല മന്ത്രി മാരിൽ ഇത്രയിത്ര ക്രിസ്ത്യാനി വേണം, മുസ്‌ലിം വേണം, നായർ വേണം ഈഴവൻ വേണം എന്നൊക്കെ അതാതു സമുദായ നേതാക്കന്മാർ ആവശ്യപ്പെടുമ്പോൾ നിർബന്ധമായും ലഭിക്കേണ്ട മന്ത്രി സ്ഥാനത്തിന് വേണ്ടി ദളിത് ആദിവാസി സമൂഹങ്ങളിൽ നിന്ന് ശബ്ദമുയരുന്നില്ല . അവരൊക്കെ അർത്ഥമില്ലാത്ത ചർച്ചകൾക്കും കോലാഹലങ്ങൾക്കും വ്യക്തിപരമായ ബുദ്ധിജീവി പട്ടത്തിനും ഒക്കെ പിറകെയാണ്. ഇത് തന്നെയാണ് അധികാര സ്ഥാനത്തുള്ളവർക്ക് വേണ്ടതും.
വിദ്യാഭ്യാസം ഉണ്ടെങ്കിലേ ഒരു സമൂഹത്തിന് തല ഉയർത്തി നിൽക്കാൻ പറ്റൂ. ഭരണത്തിൽ നല്ല സ്വാധീനം ഉണ്ടെങ്കിലേ സാമ്പത്തിക സഹായങ്ങൾ സമുദായത്തിനെത്തിക്കാനും ചെറുപ്പക്കാർക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്താനും കഴിയൂ . അതിനായി സമ്മർദ്ദം ചെലുത്താതെ മറ്റാരെങ്കിലും അത് ചെയ്തു തരും എന്ന് ചിന്തിക്കിന്നത് മൗഢ്യമാണ് . ജോലിയിലുള്ള സംവരണം ഇന്നല്ലെങ്കിൽ നാളെ അവസാനിക്കും. അപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ കഴിയണം. അതിന് നിലവിൽ ഉള്ള മത്സര പരീക്ഷകളിലെല്ലാം സമുദായത്തിലെ ഉദ്യോഗാർത്ഥികൾക്ക് നല്ല റാങ്ക് നേടാൻ പറ്റും വിധം കോച്ചിങ് സെന്ററുകൾ സർക്കാരിന്റേതു കൂടാതെ സമുദായം തന്നെ സ്ഥാപിക്കണം. കൂടുതൽ ചെറുപ്പക്കാർ ജോലിയിലും പഠനത്തിലും സംവരണ സീറ്റുകൾ കൂടാതെ മെറിറ്റ് സീറ്റുകളിലും കട
2025 നവംബർ 3, തിങ്കളാഴ്‌ച
വിസ്മയിപ്പിക്കുന്ന കേരളം
അത്ഭുതകരമായ ഒരു സംസ്ഥാനം ആണ് കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സാമൂഹികമായും, സാമ്പത്തികമായും , സാംസ്കാരികമായുമൊക്കെ അത് വേറിട്ട് നിൽക്കുന്നു. കേരളത്തിന്റെ മഹത്വം എന്തെന്നറിയണമെങ്കിൽ കേരളത്തിന് പുറത്തേക്ക് ഒന്ന് യാത്ര ചെയ്‌താൽ മതിയാകും. പാലക്കാടു ചുരം കടന്ന് ട്രെയിൻ തമിഴ്‌നാട്ടിലേക്ക് കടക്കുമ്പോൾ തന്നെ ആ വ്യത്യാസം മനസിലാകും. റെയിൽ ട്രാക്കുകളിൽ വിസർജ്ജനം നടത്തുന്ന പുരുഷന്മാർ , ലോട്ടയിൽ വെള്ളവുമായി ട്രെയിൻ പോകാൻ കാത്തു നിൽക്കുന്ന സ്ത്രീകൾ, ഇതൊന്നും കേരളത്തിൽ കാണാൻ കഴിയില്ല. കേരളീയൻ ആണെന്ന് പറയുമ്പോൾ തന്നെ ഒരു ബഹുമാനം ഒക്കെ മറ്റു സംസ്ഥാനക്കാർ നൽകാറുമുണ്ട്.
എന്നാൽ ഈ വിധം കേരളം എങ്ങനെ മാറി എന്നത് നമ്മളെ അത്ഭുതപ്പെടുത്തും. കാര്യമായ ഒരു പൈതൃകം കേരളത്തിനില്ല എന്നതാണ് സത്യം. തമിഴിൽ നിന്ന് വേർപിരിഞ്ഞു പോന്ന ഒരു സമൂഹം. ഗഡാഗഡിയൻമാരായ രാജാക്കന്മാരൊന്നും കേരളം ഭരിച്ചിരുന്നില്ല. വലിയ അമ്പലങ്ങളോ, കോട്ടകളോ ഒന്നും തന്നെ കേരളത്തെ അടയാളപ്പെടുത്താൻ ഇല്ല. ദാരിദ്ര്യം അതിന്റെ എല്ലാ ഭാവത്തിലും കേരളത്തിൽ നിറഞ്ഞാടിയിരുന്നു. 1498 ൽ അന്നത്തെ ഏറ്റവും അധികാരമുള്ളതും സമ്പന്നനുമായ സാമൂതിരിയെ കാണാൻ ചെന്നപ്പോൾ ഒരു രണ്ടാം മുണ്ടും പുതച്ച് അർദ്ധ നഗ്നനായി ഓലമേഞ്ഞ കൊട്ടാരത്തിൽ ഇരിക്കുന്ന രാജാവിനെ കണ്ട് വാസ്ഗോഡഗാമക്ക് ചിരി പൊട്ടിയത്രേ. പോർട്ടുഗീസുകാർ സാമൂതിരിയോട് പിണങ്ങി കൊച്ചിയിലേക്ക് താവളം മാറ്റിയതിനു ശേഷം മാത്രമാണ് കൊച്ചി രാജാക്കന്മാർ ഓടിട്ട കൊട്ടാരത്തിൽ അന്തിയുറങ്ങാൻ തുടങ്ങിയത്. BC കാലഘട്ടത്തിൽ പോലും മറ്റു സംസ്ഥാനങ്ങളിൽ വലിയ കോട്ടകളും, കൊട്ടാരങ്ങളും ഉണ്ടായിരുന്നപ്പോൾ ആണ് കേരളത്തിലെ ഈ പരിതാപകരമായ അവസ്ഥ .
ആ കേരളം ഇന്ന് ആരോഗ്യം, വിദ്യാഭ്യാസം , ശുചിത്തം തുടങ്ങി പല ഇൻഡക്സുകളിലും രാജ്യത്ത് മുന്നിലാണ് . എങ്ങനെ ആണ് ഈ നേട്ടമൊക്കെ കേരളത്തിന് കൈവരിക്കാൻ കഴഞ്ഞത് ? രാഷ്ട്രീയക്കാർ, പ്രത്യേകിച്ച് കമ്മൂണിസ്റ്റ് രാഷ്ട്രീയക്കാർ പറയുന്നത് കമ്മൂണിസ്റ് പാർട്ടികൾ കേരളത്തിൽ ഉണ്ടായത് ആണ് അതിനു കാരണം എന്നാണ് . ശരിയാണ് കമ്മൂണിസ്റ്റ് ഗവൺമെന്റിന് നല്ലൊരു സംഭാവന നൽകാൻ കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഇ.എം.എസ് നയിച്ച ഒന്നാം കമ്മൂണിസ്റ്റ് മന്ത്രി സഭ. എന്നാൽ ബംഗാളിലും ത്രിപുരയിലും ഒക്കെ ഇതേ കമ്മൂണിസ്റ്റ് പാർട്ടികൾ ഉണ്ടായിരുന്നു . അവിടെയൊന്നും ഇത്തരം പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല ജനങ്ങൾ 50 വർഷങ്ങൾക്ക് പുറകിൽ ആണ് ഇപ്പോഴും. അപ്പോൾ പിന്നെ എന്തായിരിക്കണം കേരളത്തിന്റെ കരുത്ത്?
ഒന്നാമതായി എടുത്ത് പറയേണ്ടത് കേരളത്തിന്റെ ഭൂപ്രകൃതിയാണ്. സമൃദ്ധമായി മഴ ലഭിക്കുന്ന, നദികളാൽ സമ്പന്നമായ ഒരു പ്രകൃതി നമുക്ക് പൈതൃകമായി കിട്ടി. രണ്ടാമത് കേരളത്തിലെ ജനങ്ങൾ തന്നെയാണ്. രാജാക്കന്മാരുടെ ശാസനങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും രണ്ടു നേരം പല്ലു തേച്ചും കുളിച്ചും മലയാളി വ്യത്യസ്തനായി . അടുത്ത സ്ഥാനം കേരളത്തിൽ നടപ്പിലായ വിദ്യാഭ്യാസത്തിനാണ്. ബുദ്ധ ദേവാലയങ്ങളോട് ചേർന്ന് രൂപം കൊണ്ട പള്ളിക്കൂടങ്ങൾ ആയിരുന്നു അറിവിന്റെ ആദ്യ കേന്ദ്രങ്ങൾ. പിന്നീട് ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം ദേവാലയങ്ങളോട് ചേർന്ന് പള്ളിക്കൂടങ്ങൾ വന്നു. ആദ്യകാലങ്ങളിൽ മത പാഠങ്ങൾ മാത്രം പഠിപ്പിച്ചിരുന്ന പള്ളിക്കൂടങ്ങൾ ആധൂനിക വിദ്യാഭ്യാസം ലഭിക്കുന്ന പള്ളിക്കൂടങ്ങൾ ആയി പരിവർത്തനം ചെയ്യപ്പെടുന്നത് ക്രിസ്ത്യൻ മിഷനറിമാരുടെ വരവോടെയാണ്. ഇക്കാലങ്ങളിൽ ഒക്കെയും അധസ്ഥിത വർഗങ്ങൾക്ക് പക്ഷെ വിദ്യാഭ്യാസം ലഭിച്ചില്ല. ഇതിനൊരു മാറ്റം വന്നത് രാജാ പാർവതി ഭായിയുടെയും കേണൽ മണ്റോയുടെയും ഒക്കെ ഇടപെടലിലൂടെ ആണ്. അതിനോടൊപ്പം തന്നെ, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും അയ്യൻകാളിയുമൊക്കെ അതാതു സമുദായങ്ങളുടെയും , പൊതുവേയുമുള്ള വിദ്യാഭ്യാസത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. അതിന്റെ തുടർച്ചയായി ഒന്നാം കമ്മൂണിസ്റ്റ് മന്ത്രി സഭയിലെ അതി പ്രമുഖരും വിദ്യാസമ്പന്നരും, പ്രതിഭാശാലികളുമായ രാഷ്ട്രീയക്കാർ സാർവത്രിക വിദ്യാഭ്യാസം സർക്കാർ തലത്തിൽ യാഥാർഥ്യമാക്കി.
ഈയൊരു സാമൂഹിക മാറ്റം മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായില്ല. പട്ടണവും പട്ടണ വാസികളും വിദ്യാസമ്പന്നരും ധനികരുമായി അവിടങ്ങളിൽ വളർന്നപ്പോൾ, ഗ്രാമങ്ങൾ ഒഴിവാക്കപ്പെട്ടു. എന്നാൽ കേരളത്തിൽ പട്ടണങ്ങൾ ഗ്രാമങ്ങളിലേക്ക് വളർന്നു. വിദ്യാസമ്പന്നരായ യുവതി യുവാക്കൾ അന്യ ദേശങ്ങളിൽ ജോലിക്ക് പോയി സംസ്ഥാനത്തിന്റെ ഖജനാവ് നിറച്ചു . കേരളം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചു. എന്നാൽ ഈ നേട്ടങ്ങൾ ഒന്നും തന്നെ കേരളത്തിന് തുടർന്നുണ്ടായില്ല. അന്ധമായ രാഷ്ട്രീയവും, ഭരണാധികാരികളുടെ അറിവില്ലായ്മയും മൂലം കേരളത്തിന് അവസരങ്ങൾ നഷ്ട്ടപ്പെട്ടുകൊണ്ടേയിരുന്നു. . കമ്പ്യൂട്ടറും, ട്രാക്ടറും, സ്വാശ്രയ കോളേജുകളുമൊക്കെ കടന്നു വന്ന ആദ്യ നാളുകളിൽ ബൂർഷ്വാ സംവിധാനങ്ങൾ എന്ന് കണ്ട് പുറം കൈകൊണ്ട് ആട്ടി പായിച്ചു . ഇന്ത്യയുടെ സിലിക്കൺവാലി ആയി വളരേണ്ടിയിരുന്ന കേരളത്തിൽ നിന്ന് ചെറുപ്പക്കാർ പഠനത്തിനും ജോലിക്കുമായി ബാംഗ്ളൂരിലേക്കും, മദ്രാസിലേക്കും ഹൈദ്രാബാദിലേക്കുമൊക്കെ വണ്ടികയറി. പലരും രാജ്യം തന്നെ വിട്ടു. എന്നാൽ, കാട്ടിലും , മേട്ടിലും , നഗര പ്രാന്തങ്ങളിലും അവസരം നഷ്ട്ടപ്പെട്ടവർ ദരിദ്രരും അതിദരിദ്രരുമായി തുടരുമ്പോൾ സ്റ്റാറ്റിസ്റ്റിക്സിന്റെ മാസ്മരിക വിദ്യയാൽ ദരിദ്രരെയും അതി ദരിദ്രരെയും നാടുകടത്തി മേനി നടിക്കുക ആണ് രാഷ്ട്രീയ നേതൃത്വം. ആത്മാർത്ഥതയും, അർപ്പണവും, പാർട്ടിയേക്കാൾ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന നല്ല പ്രൊഫഷണലുകൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നില്ലെങ്കിൽ ചരിത്രത്തിനു പുറകിലേക്കായിരിക്കും ഇനിയുള്ള കേരളത്തിന്റെ യാത്ര.
2025 ഒക്‌ടോബർ 25, ശനിയാഴ്‌ച
കേരളത്തിന്റെ പഠന വൈകല്യങ്ങൾ
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുക ആണ് . എന്നാൽ ഹൈന്ദവ കേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ആണ് ഇവിടെ നടപ്പാക്കുന്നതെന്നും പശുരാഷ്ട്രീയത്തിന്റെ കടന്നുകയറ്റം ആണ് ഇതെന്നുമുള്ള ആരോപണം ഉന്നയിച്ച് കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ അതിനു പുറം തിരിഞ്ഞു നിൽക്കുകയാണ്. കേരളത്തിൽ യുഡിഫ് ഉം എൽഡിഎഫ് ഉം ഒരുപോലെ ഇതിനെ എതിർക്കുന്നുണ്ട്. ഇത് പശുവിനെ തിരിച്ചു കൊണ്ട് വരാനുള്ള തങ്ങളുടെ സർക്കാരിന്റെ തന്ത്രം തന്നെയാണ് എന്ന് ചിന്തിച്ച് ബിജെപി അണികളും സന്തോഷിക്കുന്നു. എന്നാൽ എതിർക്കുന്നവരുടെയും സന്തോഷിക്കുന്നവരുടെയും ഒരു ശതമാനത്തിനു പോലും എന്താണ് ഇതെന്ന് മനസിലായ മട്ടില്ല. കംപ്യൂട്ടറും, ട്രാക്ടറും, സ്വാശ്രയ കോളേജുകളും, മൊബൈലുകളും ഒക്കെ കടന്നു വന്നപ്പോൾ കണ്ട അതേ എതിർപ്പാണ് ഇപ്പോഴുമുള്ളത് . ഇതിനു പ്രധാന കാരണം രാഷ്ട്രീയക്കാരിൽ 70 വയസു കഴിഞ്ഞ ആളുകൾ ആണ് തീരുമാനങ്ങൾ എടുക്കുന്നത് എന്നതാണ്. ഇടുങ്ങിയ പ്രത്യയശാസ്ത്രങ്ങളുടെയും രാഷ്ട്രീയ അന്ധകാരത്തിന്റെയും തടവിൽ കഴിയുന്ന അവർക്ക് ഇത്രയേ കഴിയൂ. ഇവരെ പിണക്കിയാൽ രാഷ്ട്രീയ ഭാവി പോകും എന്ന ഭയത്താലും , പ്രതികരണശേഷി ഇല്ലാത്തതിനാലും , അജ്ഞതയാലും പീഡിതരായ അണികൾ മുകളിൽ നിന്നെഴുതിക്കൊടുക്കുന്ന ലേഖനങ്ങൾ സോഷ്യൽ മീഡിയയിൽ പരത്തി സായൂജ്യമടയുന്നു.
ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്ന വിദ്യാഭ്യാസ രീതികൾ എത്ര നിലവാരം കുറഞ്ഞതാണെന്ന് നമ്മൾ മനസിലാക്കുന്നത് രാജ്യത്തിന് പുറത്തേക്ക് നോക്കുമ്പോഴാണ്. ലോകത്ത് ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ സ്ഥാനം എത്രയോ താഴെയാണ്. ഒരു ഇന്ത്യൻ യൂണിവേഴ്‌സിറ്റിയും ലോകത്തെ 100 യൂണിവേഴ്സിറ്റികളുടെ പട്ടികയിൽ വരുന്നില്ല എന്നോർക്കണം . കേരളത്തിന്റെ അവസ്ഥ ആണ് ഏറ്റവും പരിതാപകരം. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ ഇന്ത്യയിലെ മികച്ച 20 യൂണിവേഴ്സിറ്റികളിൽ ഒന്ന് പോലും ഇല്ല. ഭാരതത്തിൽ മൊത്തം ഉള്ള ഈ നിലവാരം ഇല്ലായ്മ പരിഹരിക്കാനും അതിനെ അന്തർദേശീയ തലത്തിൽ അംഗീകാരം ലഭിക്കും വിധം ആക്കി തീർക്കാനും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര ഗവർണ്മെന്റ് വിഭാവനം ചെയ്ത പദ്ധതിയാണ് NEP പദ്ധതി. യുനെസ്കോയുടെ 2030 വിദ്യാഭ്യാസ പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മികച്ച വിദ്യാഭ്യാസവും, നൈപുണ്യ വികസനവും ലക്ഷ്യമിട്ട് ജീവിതകാലത്തുടനീളം ഓരോ വ്യക്തിയെയും പ്രായോഗിക തലത്തിലും വൈജ്ഞാനിക മേഖലയിലും അറിവും കഴിവുമുള്ളവരാക്കി മാറ്റിയെടുത്ത് നമ്മുടെ മാനവ ശേഷിയെ പരമാവധി പ്രയോജനപ്പെടുത്താനാണ് NEP ലക്ഷ്യമിടുന്നത്. ഇന്ത്യൻ അറിവ് സമ്പ്രദായങ്ങളും ഉൾക്കൊണ്ടിട്ടുള്ള ഈ നൂതന പാഠ്യ പദ്ധതി 2020 ൽ ആണ് കേന്ദ്രഗവൺമെന്റ് നടപ്പിലാക്കിയത് . എന്നാൽ കേരളം ഉൾപ്പെടെയുള്ള രണ്ടുമൂന്നു സംസ്ഥാനങ്ങൾ മാത്രം അതിൽ നിന്ന് വിട്ടു നിൽക്കുകയാണ്. കേരളത്തിൽ ആവട്ടെ KCF എന്ന പേരിൽ NEP യുടെ വികലമായ ഒരനുകരണം ആണ് ഇപ്പോഴുള്ളത്.
നമ്മൾ തുടരുന്ന വിദ്യാഭ്യാസ സമ്പ്രദായം 4 ( LP )+3 (UP )+3(HS ) +2 എന്നതാണ് . NEP യിൽ ഇത് 3 വയസിൽ തുടങ്ങുന്ന രണ്ടാം ക്‌ളാസ് വരെയുള്ള 5 വർഷപഠനം , 3 മുതൽ 5 വരെയുള്ള 3 വർഷപഠനം ,6 മുതൽ 8 വരെയുള്ള 3 വർഷപഠനം, 9 മുതൽ 12 വരെയുള്ള 4 വർഷപഠനം എന്ന രീതിയിൽ ആണുള്ളത്. കേരളത്തിൽ നിന്ന് 12 വർഷ പഠനത്തിന് ശേഷം plus 2 പാസ്സായി ചെല്ലുന്ന ഒരു വിദ്യാർത്ഥിക്ക് ദേശീയ തലത്തിൽ 15 വർഷ പഠനം നടത്തിയ വിദ്യാർത്ഥിയോട് തുല്യതപ്പെടുത്തി സർട്ടിഫിക്കറ്റ് ലഭിക്കില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ. ഒരുപാട് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണുനീർ ഇനി വീഴാനിരിക്കുന്നു. പക്ഷെ അതൊന്നും കാണാൻ ഇപ്പോഴത്തെ വൃദ്ധ നേതൃത്വങ്ങൾ ഉണ്ടാവുകയുമില്ല.
കോളേജിൽ എത്തുമ്പോൾ ഡിഗ്രി 4 വർഷമായാണ് ഈ സ്‌കീമിൽ ഉള്ളത് . പോസ്റ്റ് ഗ്രാജുവേഷൻ 1 വർഷവും. ഒരു വർഷ പഠനം വിജയകരമായി പൂർത്തീകരിച്ചാൽ ഒരു സർട്ടിഫിക്കറ്റ് കൊടുക്കും. ഒരിടവേളക്ക് ശേഷം അയാൾക്ക് പിന്നീട് രണ്ടാം വർഷ പഠനം പൂർത്തിയാക്കണമെങ്കിൽ അങ്ങനെയും ആകാം. അപ്പോൾ ഒരു ഡിപ്ലോമ സർട്ടിഫിക്കറ്റ് കൊടുക്കും. മൂന്നാം വർഷം പൂർത്തിയായാൽ ബിരുദം നൽകും. നാലാം വർഷം പൂർത്തിയായാൽ ഹോണേഴ്‌സ് ബിരുദവും നൽകും. ഇതൊന്നും പക്ഷെ കേരളത്തിൽ ഉണ്ടാവില്ല. പകരം വിദ്യാർത്ഥികളുടെ കണ്ണീരൊഴുകും. എല്ലാം വൈകിയേ ഇവിടെ നടപ്പാക്കൂ. പ്രീ ഡിഗ്രി വേർപെടുത്താൻ പറഞ്ഞു. നടപ്പാക്കിയില്ല. അവസാനം വളരെ വൈകി അത് നടപ്പാക്കേണ്ടി വന്നു . കേരളം ഭാരതത്തിൽ ആണെന്ന് പലപ്പോഴും മറന്നു പോകുന്നു.
NEP കൃത്യമായി നടപ്പാക്കുന്നത് ത്വരിതപ്പെടുത്താൻ PM USHA എന്ന പദ്ധതി കൊണ്ടുവന്നു. വലിയ ഫണ്ട് ആണ് അത് യൂണിവേഴ്സിറ്റികൾക്കും കോളേജുകൾക്കും നൽകുന്നത്. 2023 ൽ വന്ന ഈ പദ്ധതി കേരളത്തിൽ 2025 സെപ്റ്റംബറിൽ ആണ് നടപ്പാക്കാൻ തീരുമാനിക്കുന്നത് . മറ്റു സംസ്ഥാനങ്ങൾ ഇത് നേരത്തെ നടപ്പാക്കി ഫണ്ട് പ്രയോജനപ്പെടുത്തിയപ്പോൾ , കേരളത്തിന് അത് ലഭിച്ചില്ല. പേര് പക്ഷെ കേന്ദ്ര അവഗണന. അത് പോലെ തന്നെയാണ് പിഎം ശ്രി സ്‌കൂളുകൾ . 30,000 ൽ അധികം സ്‌കൂളുകൾ കേരളത്തിൽ ഉണ്ട്. അതിൽ 400 റോളം സ്‌കൂളുകൾക്ക് പ്രത്യേക ഫണ്ട് നൽകി അവയെ മോഡൽ സ്‌കൂളുകൾ ആയി ഉയർത്താനാണ് ഉദ്ദേശം. ഓരോ സ്‌കൂളിനും 2.5 കോടി രൂപയോളം സഹായം ലഭിക്കും. 2022 ൽ വന്ന ഈ പദ്ധതി 2025 ഒക്ടോബറിൽ ആണ് ഒപ്പിട്ടത് . അതിന്റെ ബഹളം ആണിപ്പോൾ നടക്കുന്നത്.
ഈ പദ്ധതികൾ എല്ലാം നടപ്പാക്കാൻ എന്താ പ്രയാസം എന്ന് ചോദിച്ചാൽ പറയുക പശു രാഷ്ട്രീയം കൊണ്ട് വരാനുള്ള ശ്രമം ആണ്, കേന്ദ്രം വിദ്യാഭ്യാസ കാര്യത്തിൽ കേരളത്തെ ശ്വാസം മുട്ടിക്കുന്നു എന്നൊക്കെയാവും. ശരിയാണ് സിലബസിൽ ഇന്ത്യയുടെ അറിവ് സമ്പ്രദായങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട് . ഉദാഹരണം തച്ചു ശാസ്ത്രം, സസ്യ ശാസ്ത്രം, വാന നിരീക്ഷണം, ഗണിതശാസ്ത്രം, ദർശന ശാസ്ത്രം, വൈദ്യം, കൃഷി അങ്ങനെ ഉള്ളവ. ഓരോ രാജ്യത്തിനും അതിന്റെതായ വൈജ്ഞാനിക സംഭാവനകൾ ഉണ്ട് . അതിനെ കുറിച്ച് അതാത് രാജ്യത്തെ കുട്ടികൾപഠിക്കേണ്ടതും ഉണ്ട്. അത് പശു രാഷ്ട്രീയം ആണെന്ന് പറയുന്നത് അറിവില്ലായ്മയും അന്ധമായ രാഷ്ട്രീയവും മാത്രമാണ്. ഓരോ സർവ്വകലാശാലൾക്കും , ബോർഡുകൾക്കും പൊതു മാനദണ്ഡത്തിന്റെ ചട്ടത്തിനുള്ളിൽ നിന്ന് സിലബസുകൾ തയ്യാറാക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ ഇന്ത്യയിലെ എല്ലാ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും 80 ശതമാനത്തിലധികം സാമ്യതയുള്ള കോഴ്‌സുകൾ പഠിക്കും. അപ്പോൾ എലിജിബിലിറ്റിയും, ഇക്വലൻസിയും ഒന്നും വേണ്ടി വരില്ല. ഒരേ രീതിയിലുള്ള മേന്മയുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ എല്ലാവർക്കും ലഭിക്കും. അതാണ് സോഷ്യലിസം. കേരളത്തിന് മാതൃക കാണിക്കാൻ ഒരവസരവും കൂടി ഉണ്ട്. പി എം ശ്രി സ്‌കൂളുകൾ വരുമ്പോൾ ആദ്യ പരിഗണന ട്രൈബൽ സ്‌കൂളുകൾക്ക് നൽകണം.
2025 സെപ്റ്റംബർ 28, ഞായറാഴ്‌ച
തുടർഭരണം
നമ്മുടെ രാജ്യത്ത് 2500 ൽ അധികം അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്. എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്ഥത പുലർത്തുന്നവർ ആയിരുന്നു കമ്മൂണിസ്റ്റ് പാർട്ടികൾ. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യഭാഗത്ത് ജർമൻകാരായ മാക്സിന്റെയും എങ്കൽസിന്റെയും ആശയങ്ങളിൽ പ്രചോദിതരായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ ലോകത്ത് എല്ലായിടത്തും തന്നെ രൂപം കൊണ്ടു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആദ്യ കാലത്ത് റഷ്യയിലെയും , ചൈനയിലെയും പാർട്ടികളെ പോലെ,സായുധകലാപത്തിലും,ബൂർഷ്വാസികളുടെ,ഉന്മൂലനത്തിലും,വിശ്വസിച്ചിരുന്നെങ്കിലും സാവധാനം ബാലറ്റ് രാഷ്ട്രീയത്തിലേക്ക് ചുവടു മാറുകയാണ് ഉണ്ടായത് . അങ്ങനെ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ഒരു കമ്മൂണിസ്റ്റ് മന്ത്രി സഭ അധികാരത്തിൽ വന്നു.
കമ്മൂണിസം ഒരു പുതിയ ആശയം ആയിരുന്നു. തൊഴിലാളികളെ ആശ്ലേഷിക്കുകയും ബൂർഷ്വാസിയെയും അതിന്റെ കൂട്ട് കക്ഷികളായ മതങ്ങളെയും അകറ്റി നിർത്തുകയും ചെയ്യുന്ന രാഷ്ട്രീയം. പട്ടിണിയിലും അടിമ സമാന ജീവിതത്തിലും കഴിഞ്ഞിരുന്ന ജനതക്ക് അത് ഒരു പുതിയ പ്രതീക്ഷ നൽകി. മനുഷ്യനെ ഒരു ഭൗതീക വസ്തുവായി കണക്കാക്കുകയും, മതത്തെ, മനുഷ്യനെ മയക്കുന്ന കറുപ്പായി കാണുകയും ചെയ്ത ഈ രാഷ്ട്രീയം പലർക്കും മനസിലായില്ലെങ്കിലും ആ പാർട്ടിയിലെ നേതാക്കളുടെ സത്യസന്ധതയും, ആത്മാർത്ഥതയും , ജീവിത ലാളിത്യവും , ത്യാഗവും ഒക്കെ അവരെ അതിനോട് ചേർത്ത് നിർത്തി. ബുദ്ധി ജീവികൾ ആയ കലാകാരന്മാരും, സാഹിത്യകാരന്മാരും , ചിന്തകരും, അധ്യാപകരും , വിദ്യാർത്ഥികളും ഒക്കെ അതിനു പിന്നിൽ അണിനിരന്നു. കമ്മ്യൂണിസ്റ്റ് എന്നത് ബൗദ്ധീകതയുടെ ലക്ഷണമായി പൊതുവെ വ്യാഖ്യാനിക്കപ്പെട്ടു.
കാലം മുന്നോട്ട് നീങ്ങിയപ്പോൾ ആശയങ്ങൾ യാഥാർഥ്യവുമായി ഏറ്റു മുട്ടി . കമ്മൂണിസം വിഭാവനം ചെയ്ത ലോകം കെട്ടിപെടുക്കുക അത്ര എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞു. ബംഗാളിലും ത്രിപുരയിലും പാർട്ടി നിലം പതിച്ചു. ദക്ഷിണേന്ത്യയിൽ കേരളത്തിൽ മാത്രമായി അത് ഒതുങ്ങി. എങ്കിലും ആദ്യ ബാലറ്റിൽ പങ്കെടുത്തവരുടെ പിൻമുറക്കാർ കൃത്യമായ ഇടവേളകളിൽ അതിനെ അധികാരത്തിൽ എത്തിച്ചു. പ്രളയത്തിനും കോവിഡിനും ശേഷം കമ്മൂണിസ്റ്റ് ഗവണ്മെന്റിനെ വീണ്ടും അധികാരത്തിൽ ഇരുത്തിയപ്പോഴും, അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് പാർട്ടി മാറിയിരിക്കുന്നു, അഴിമതിയും, സ്വജനപക്ഷപാതവും, ജാതീയ പ്രീണനങ്ങളും നഗ്നമായി നടക്കുന്നു എന്ന ആരോപണങ്ങൾ പിന്നാമ്പുറങ്ങളിൽ കേട്ട് തുടങ്ങിയിരുന്നു . എന്നാൽ അത് മറ നീക്കി പുറത്ത് വന്നത് ഇപ്പോഴാണ്. പാർലമെൻറ് ഉത്‌ഘാടനം ചെയ്യാൻ നഗ്ന സന്യാസിയും, അമ്പലം ഉത്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രിയും എത്തുന്ന ഒരു രാജ്യത്ത് പഴയ മാക്സിയൻ മൂല്യങ്ങൾ വച്ച് കൊണ്ടിരുന്നാൽ അധികാരം പ്രാപ്തമാകില്ല എന്നു കണ്ടത് കൊണ്ടായിരിക്കാം മുതലാളിത്തത്തിന്റെ ചട്ടുകങ്ങളായ മതത്തെ ഉപയോഗിക്കാൻ തീരുമാനിച്ചത്. നവോത്ഥാന മതിലിലൂടെ പിണങ്ങി നിൽക്കുന്ന ഹൈന്ദവ വോട്ടുകൾ പെട്ടിയിലാക്കാൻ മുൻകാല ഗവൺമെന്റുകൾ ഒന്നും ചെയ്യാത്ത ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചു. ആൾ ദൈവങ്ങൾ എന്ന് പരിഹസിച്ചവരെ മുത്തം നൽകി ആദരിച്ചു. തത്വമസിയെ കുറിച്ച് വാചാലർ ആയി. വേദങ്ങളെ കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചും ഭഗവത്ഗീതയെ കുറിച്ചുമൊക്കെ അറിയാവുന്നമട്ടിൽപ്രസംഗിച്ചുകഴിഞ്ഞു.മാക്സിയൻ,സോഷ്യലിസ്റ്റ്പ്രസ്ഥാനങ്ങൾ ഏതെല്ലാം കാര്യങ്ങൾ ആണോ സമൂഹത്തിൽ നിന്നും അകറ്റി നിർത്തണം എന്ന് വിചാരിച്ചത് , അതിനെയെല്ലാം ചേർത്ത് പിടിച്ചാണ് തുടർ ഭരണത്തിലേക്കുള്ള നീക്കം.
തുടർ ഭരണത്തിന് ഏതു രാഷ്ട്രീയ പാർട്ടിയായാലും ലളിതമായ കുറെ കാര്യങ്ങൾ ചെയ്‌താൽ മതി. അതിന് മത സംഘടനകളുടെ കാല് പിടിക്കേണ്ടതില്ല. ഒന്നാമത്തെ കാര്യം അറിവും പ്രപ്തിയുമുള്ള ചെറുപ്പക്കാരെ ഭരണത്തിലേക്ക് കൊണ്ടുവരുക എന്നതാണ്. 70 വയസു കഴിഞ്ഞവരെ അധികാര രാഷ്ട്രീയത്തിൽ നിന്നും നിർബന്ധമായും റിട്ടയർ ചെയ്യിപ്പിക്കുക. മന്ത്രിമാരുടെ എണ്ണം 15 ആയി പരിമിതപ്പെടുത്തുക. സർക്കാർ സർവീസിൽ നിന്ന് ഡെപ്യുട്ടേഷനിൽ പേർസണൽ സ്റ്റാഫിലേക്ക് ആളെ എടുക്കുക. പുറത്ത് നിന്ന് ആരെയെങ്കിലും എടുക്കുകയാണെങ്കിൽ ദിവസക്കൂലിക്കെടുക്കുക. ഇപ്പോൾ കൊടുക്കുന്നപോലെ രണ്ടര വർഷം സർവീസിന് പെൻഷൻ എന്ന സമ്പ്രദായം അവസാനിപ്പിക്കുക. സർക്കാർ സർവീസിൽ ആവശ്യത്തിന് മാത്രം ജോലിക്കാരെ എടുക്കുക. അവർക്ക് മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നൽകുക. MLA മാർക്കും , മന്ത്രി മാർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണം. സർക്കാർ ജീവനക്കാർക്ക് മെഡിസെപ്പ് ഉണ്ടല്ലോ. അത് തന്നെ പോരെ MLA മാർക്കും മന്ത്രിമാർക്കും? കൂടുതൽ ചികിത്സ ആവശ്യമുണ്ടെങ്കിൽ ജീവനക്കാരെ പോലെ സ്വയം പണം കണ്ടെത്തുക. മന്ത്രി മാരും MLA മാരും ഒക്കെ ആവശ്യത്തിന് മാത്രം വിദേശത്ത് പോകുക. ഭാര്യമാരെ കൂട്ടി സർക്കാർ ചിലവിലുള്ള ഉല്ലാസയാത്ര ഒഴിവാക്കുക. വിദേശത്ത് പോയാൽ അത് കൊണ്ട് സ്റ്റേറ്റിന് എന്ത് നേട്ടമുണ്ടായി എന്ന് അതത് സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തണം. ജോലിക്കാരെക്കൊണ്ട് സീറ്റിലിരുത്തി പണിയെടുപ്പിക്കണം. അവരിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് പിരിവ് മേടിക്കരുത്. കാരണം ആ പോക്ക് അഴിമതിയിലേക്കുള്ളതാണ് . ഈ വിധം അടുക്കും ചിട്ടയോടുമുള്ള ഒരു ഭരണം കാഴ്ചവയ്ക്കാൻ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി ശ്രമിക്കുമെങ്കിൽ , അങ്ങനെ ചെയ്യുമെന്ന് ജനത്തിന് വിശ്വാസവും ഉണ്ടെങ്കിൽ, ആ പാർട്ടിക്ക് ആളുകൾ വീണ്ടും വീണ്ടും വോട്ട് ചെയ്യും. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇതിനു ശ്രമിയ്ക്കില്ല. അപ്പോൾ പിന്നെ അധികാരത്തിനു എന്ത് സുഖം? പിന്നെ ഉള്ള ഏക മാർഗം ആഗോള മത സമ്മേളനം സംഘടിപ്പിക്കുക തന്നെ.
2025 സെപ്റ്റംബർ 6, ശനിയാഴ്‌ച
സർക്കാരിന്റെ ഗുണ്ടകൾ
ജനാധിപത്യത്തിന്റെ ശരിയായ അർത്ഥം ജനങ്ങൾക്ക് വേണ്ടിയിട്ടുള്ള ജനങ്ങളുടെ ഭരണം എന്നാണ്. എന്നാൽ ഇത് രണ്ടും നമ്മുടെ ജനാധിപത്യത്തിൽ കാണാൻ കഴിയില്ല. അഞ്ചു വർഷം കൂടുമ്പോൾ തൊഴു കൈകളുമായി ഭരണമോഹികൾ പുഞ്ചിരിച്ചുകൊണ്ട് കടന്നു വരും. ചിലരുടെ മുഖത്ത് അപ്പോഴും രൗദ്രത നിഴലിക്കുന്നത് കാണാം. ഭരണത്തിലേറുന്നതിനായി അവർ മതവും , ദേശീയതയും, ഭാഷയും , സ്വത്വ വാദവും ഒക്കെ തരാതരം പോലെ പ്രയോഗിക്കും . സമത്വവും , വികസനവും , സാമൂഹിക നീതിയും ചേർത്ത് മുദ്രാവാക്യങ്ങൾ മോടിപിടിപ്പിക്കാനും മറക്കില്ല. അൽപ്പ ബുദ്ധികളായ ജനത ഒരേ സമയം അടിമകളും കങ്കാണികളും ആയി മാറി ഇതെല്ലാം വിശ്വസിച്ച് ഒരു സർക്കാരിനെ അധികാരത്തിലേക്ക് കയറ്റിവിടും. പിന്നെ നടക്കുന്നതിൽ ജനത്തിന് യാതൊരു പങ്കുമില്ല. കങ്കാണികൾക്കുമില്ല. പക്ഷെ അവരെ സോഷ്യൽ മീഡിയകളിലൊക്കെ സർക്കാരിനെ വെളുപ്പിക്കാൻ ചുമതലപ്പെടുത്തി ഭരണത്തിൽ അവകാശികൾ എന്ന് വിശ്വസിപ്പിക്കും. ഒരു നരനായാട്ട് ആണ് തുടർന്നുണ്ടാവുക . അഴിമതിയും, സ്വജനപക്ഷപാതവും, ധൂർത്തും ഒക്കെ തകർത്ത് അരങ്ങേറും. ഭരണത്തിലെ ക്രമക്കേടുകൾക്കെതിരെ ശബ്ദിക്കുന്നവരെ നേരിടാൻ ഏറ്റവും മികച്ച പോലീസ് സേന അവരുടെ കൈവശം ഉണ്ട്. ഉരുട്ടിക്കൊലക്കും , കസ്റ്റഡി പീഡനങ്ങൾക്കും പേര് കേട്ട മികച്ച സേനയാണത്. തങ്ങളുടെ രാഷ്ട്രീയ യജമാനൻമാരുടെ ആജ്ഞാനുവർത്തികൾ ആയി സർവീസ് ഉടനീളം കഴിഞ്ഞു കൊള്ളാം എന്ന് ശപഥം എടുത്തിട്ടുള്ളവർ ആണിവർ .സർക്കാരിന് വേണ്ടി പീഡിപ്പിച്ചു പീഡിപ്പിച്ചു പീഡിപ്പിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ അവർ സ്വന്തം നിലക്കും ഇരകളെ കണ്ടെത്തും. കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്.
സർക്കാരിന്റെ ഗുണ്ടകളെ പോലെയാണ് സർക്കാരുദ്യോഗസ്ഥർ പൊതുവിൽ പെരുമാറുക. ജനത്തിന്റെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം കൊടുത്ത് ജോലിക്കു നിർത്തിയിരിക്കുന്നവരുടെ യഥാർത്ഥ യജമാനന്മാർ ജനങ്ങൾ തന്നെയാണെന്നും, നിയമം ആണ് അവരുടെ മാർഗദർശി ആകേണ്ടത് എന്നും മറന്നു പോകുന്നു. പകരം രാഷ്ട്രീയമായ പക്ഷഭേദങ്ങൾ കാണിച്ച് , അതാത് കാലത്തെ ഭരണകക്ഷിയുടെ ചട്ടുകങ്ങൾ ആയി ഇവർ മാറുന്നതിനാൽ ജനങ്ങൾക്ക് സർക്കാരുദ്യോഗസ്ഥർ എന്ന് കേൾക്കുമ്പോൾ തന്നെ വെറുപ്പാണ്. ഈ വെറുപ്പ് ഏറ്റവും കൂടുതൽ ഏറ്റു വാങ്ങുന്നത് പോലീസ് സേനയും. പഴയ കാലത്തെ നിക്കർ പോലീസിൽ നിന്ന് പാന്റ്സിട്ട പൊലീസിലേക്ക് മാറിയപ്പോൾ വലിയ മാറ്റം വന്നെന്നും, പ്രത്യേകിച്ച് , ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനുമുള്ള ചെറുപ്പക്കാരായ പോലീസുകാർ സർവീസിലേക്ക് കടന്നു വരാനും തുടങ്ങിയപ്പോൾ മാതൃകാ പോലീസ് വന്നു കഴിഞ്ഞു എന്നുമാണ് എല്ലാവരും വിചാരിച്ചത് . എന്നാൽ പഴയ പോലീസിന്റെ അതേ ജനിതക ദ്രവങ്ങൾ തന്നെ അവരും പിൻപറ്റുന്നു എന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത് .
പോലീസിന്റെ അഴിഞ്ഞാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പോലീസ് സ്റ്റേഷനുകളിൽ കെട്ടിത്തൂക്കിയും , ഉലക്കകൊണ്ടുരുട്ടിയും , മൂത്രനാളിയിൽ ഈർക്കിളുകൾ തിരുകി കയറ്റിയും, ലാത്തി കുത്തിക്കയറ്റിയും ഒരു മനുഷ്യൻ മറ്റൊരു ജീവിയോടും ചെയ്യാൻ പാടില്ലാത്തത്ര ക്രൂരതകൾ അരങ്ങേറിയത് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ മാത്രമല്ല, തദ്ദേശീയ ഗവൺമെന്റുകളുടെ ഭരണത്തിൻ കീഴിലും ആയിരുന്നു. പോയിന്റ് ബ്ലാങ്കിൽ നക്സലുകൾ എന്ന മുദ്രകുത്തി നിസ്സഹായ ചെറുപ്പങ്ങളെ തുടച്ചു മാറ്റുമ്പോഴും , സ്വാധീനമുള്ളവരുടെ ചൊല്പടിയിൽ സാധുക്കളെ ചവിട്ടി കൂട്ടുമ്പോഴും അനുഭവിക്കുന്നത് എന്ത് തരം ഉന്മാദം ആണ് ?
ഓടിപ്പോകാൻ ഒരു സാധ്യതയും ഇല്ലാത്ത, സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ നിൽക്കുന്ന ആളുകളെ പോലും, അവധി ദിവസങ്ങൾ നോക്കി അർദ്ധരാത്രിയിൽ വീട് വളഞ്ഞു പിടിച്ചുകൊണ്ടു പോയി രാഷ്ട്രീയ യജമാനന്മാർക്ക് കാഴ്ചവെക്കുന്ന ചിത്രങ്ങൾ എത്രയോ വട്ടം നമ്മൾ കണ്ടുകഴിഞ്ഞു. അക്കാദമികമായ വിഷയങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണമൂലം മതപരമായ ആക്രമണം ഭയന്ന് ഒളിവിൽ പോയ കോളേജ് പ്രഫസ്സറെ സംരക്ഷിക്കുന്നതിന് പകരം, നാളെയുടെ താങ്ങാവേണ്ട അയാളുടെ കൗമാര പ്രായക്കാരനായ പുത്രനെ പോലീസ് സ്റ്റേഷനിൽ കൂട്ടികൊണ്ടുപോയി കുനിച്ച് നിർത്തി ഇടിക്കുകയും, ഇടിക്കാതിരിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്ത ചരിത്രം ഉള്ള നാടാണിത്. സാധാരണക്കാർക്ക് പീഡനവും ക്രിമിനലുകൾക്ക് സഹായവും ചെയ്തു കൊടുക്കുന്നതും ഇവിടെത്തന്നെയാണ്.
പോലീസിന്റെ ഭാഗത്ത് നിന്ന് പറയുന്നവർ അവരുടെ കഷ്ടപ്പാടുകൾ നിരത്തും. രണ്ടും മൂന്നും ദിവസങ്ങൾ നീളുന്ന ശവത്തിന്റെ കാവൽ, മണിക്കൂറുകളോളം വെയിലത്തും മഴയത്തും ജോലി ചെയ്യുന്നത്, സംഘർഷങ്ങളിൽ കല്ലേറ് കൊള്ളുന്നത് , അവധികൾ ലഭിക്കാത്തതു കാരണം നഷ്ട്ടമായ ഉത്സവങ്ങൾ, ചടങ്ങുകൾ, ശമ്പളക്കുറവ്, ജോലി കൂടുതൽ, മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ശകാരങ്ങൾ , പീഡനങ്ങൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര കാര്യങ്ങൾ പറയാനുണ്ടാവും. ഒക്കെ ശരിയാണ് . പക്ഷെ അതൊന്നും ഒരു വ്യക്തിയെ അയാളുടെ മൗലീക അവകാശങ്ങൾ നഷ്ടപ്പെടുത്തി അറസ്റ്റു ചെയ്യുന്നതിനും , അറസ്റ്റ് രേഖപെടുത്തത്തെ പീഡിപ്പിക്കുന്നതിനും മതിയായ കാരണങ്ങൾ അല്ല. നിയമത്തിന്റെ ഉള്ളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയും, നിയമം ചൂണ്ടിക്കാട്ടി രാഷ്ട്രീയ വൈരം പോക്കാൻ ശ്രമിക്കുന്നവരെ ചെറുക്കുകയും ആണ് പോലീസിന്റെ ഉത്തരവാദിത്തം. ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ സ്ഥലം മാറ്റം ഉണ്ടാവും, അകറ്റി നിർത്തലുകൾ ഉണ്ടാവും, സസ്പെൻഷനുകളും , ഡിസ്മിസ്സൽ വരെയും വന്നേക്കാം. എന്നാൽ സത്യസന്ധമായി ജോലിചെയ്യുമ്പോൾ ജനവും നിയമവും കൂടെ നിൽക്കും . സർവീസിൽ നിന്ന് പുറത്ത് വരുമ്പോൾ, പുഴുത്ത പട്ടിയെപ്പോലെ അകറ്റി നിർത്തപ്പെടാതെ, ജോർജ് സാറുമ്മാർക്ക് ഉണ്ടാവേണ്ടത് ഈ പിൻബലം ആയിരിക്കണം.
2025 ജൂലൈ 9, ബുധനാഴ്‌ച
പണിമുടക്കം
രണ്ടു പണിമുടക്കങ്ങൾക്കാണ് ഇന്നലെയും ഇന്നുമായി കേരളം സാക്ഷിയായിരിക്കുന്നത് . രണ്ടും പൂർണ്ണ വിജയമായിരുന്നു. വണ്ടികൾ ഓടിയില്ല, കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ജനജീവിതം താറുമാറായി. ഇന്നലെ നടന്നത് സ്വകാര്യ ബസ് ഉടമകൾ ആഹ്വാനം ചെയ്ത സമരമായിരുന്നെങ്കിൽ ഇന്നത്തേത് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്യുന്ന ദേശീയ പണിമുടക്കമായിരുന്നു. രണ്ടിന്റെയും കാരണങ്ങളും, കാര്യങ്ങളും ഈ പണിമുടക്കിൽ വലഞ്ഞ ബഹുഭൂരിപക്ഷം ജനത്തിനും അറിയില്ല എന്നതാണ് സത്യം.
സ്വകാര്യ ബസ് ഉടമകൾ സൂചന പണിമുടക്കം ആണ് നടത്തിയത്. പെർമിറ്റുകൾ പുതുക്കി കൊടുക്കുന്നതിലുള്ള കാലവിളംബം അവസാനിപ്പിക്കുക, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളെ ഓർഡിനറി ബസുകൾ ആയി കൺവെർട്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കുക, ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാൻ പോലീസ് ക്ലീറൻസ് വേണം എന്നത് ഒഴിവാക്കുക, സ്പീഡ് ഗവർണറുകൾ വയ്ക്കണം എന്ന നിർദേശം അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്നതിനാൽ അതൊഴിവാക്കുക എന്നതൊക്കെയായിരുന്നു അവരുടെ ആവശ്യങ്ങൾ. ഒരു ചർച്ചക്ക് വിളിച്ച് പറഞ്ഞുതീർക്കാവുന്നതും ചെയ്തുകൊടുക്കാവുന്നതുമായ കാര്യങ്ങളെ ഇതിൽ ഉള്ളൂ എന്നതാണ് ഡിമാന്റുകൾ നോക്കിയാൽ മനസിലാകുന്നത്. ബസു ജീവനക്കാർക്ക് പോലീസിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വേണം എന്നതാണ് വിട്ടുവീഴ്ച ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യം. എന്നാൽ ഇത് ബസുടമകളുമായി ചർച്ചചെയ്ത് അവരെയും ബോധ്യപ്പെടുത്തി പരിഹരിക്കാവുന്നതേ ഉള്ളൂ. സ്പീഡ് ഗവർണ്ണറുകൾ ആവശ്യമാണ് . പക്ഷെ അത് മൂലം പൊതുവെ നഷ്ടത്തിൽ ഓടുന്ന സ്വകാര്യ ഗതാഗതത്തെ തളർത്താൻ പാടില്ല. ജനങ്ങളെ കൂടുതൽ; കഷ്ട്ടപെടുത്തി അവസാനം ബസ്സുടമകൾ പറയുന്ന വ്യവസ്ഥയിൽ സമരം അവസാനിപ്പിക്കുക ആണ് പൊതു രീതി. ഓഫിസുകൾ, സ്‌കൂളുകൾ, കോളേജുകൾ, കൺസ്ട്രക്ഷൻ മേഖലകൾ എല്ലാം സ്തംഭിപ്പിക്കാൻ ഇന്നലെ നടന്ന സ്വകാര്യ ബസ്സ് സമരത്തിലൂടെ സാധിച്ചു. ഈ നാടകങ്ങൾ ഇനിയും മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ടോ?
ഇന്ന് നടന്ന ദേശീയ പണിമുടക്കമാണ് രണ്ടാമത്തേത് . എന്തിനായിരുന്നു ദേശീയ പണിമുടക്ക് നടത്തിയത് എന്നത് പൊതു ജനത്തിനെന്നല്ല സമരക്കാർക്കു പോലും അറിയാത്ത അവസ്ഥയാണുള്ളത് . പണിമുടക്കിന്റെ പേരിൽ മറ്റുള്ളവരുടെ പൗരാവകാശങ്ങൾ മുഴുവൻ കവർന്നെടുക്കാനും, അനുസരിക്കാത്തവരെ മർദിക്കാനും സമരക്കാർ മടിച്ചില്ല. അങ്ങനെ കേരളത്തിൽ പണിമുടക്കം എന്നത്തേയും പോലെ ബന്ദായി മാറി. പശ്ചിമ ബംഗാളിലും, ബീഹാറിലും അതിന് കുറെ സ്വീകാര്യത ലഭിച്ചെങ്കിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പണിമുടക്കം കാര്യമായ സ്വാധീനം ചെലുത്തിയില്ല. ചുരുക്കിയാൽ , ദേശീയ പണിമുടക്ക് ഫലത്തിൽ കേരള ബന്ദായി മാറി.
തൊഴിൽ നിയമങ്ങളുടെ പരിഷ്‌ക്കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരിക്കൽ, തൊഴിലില്ലായ്മയും വേതനമരവിപ്പും, സാമൂഹിക ക്ഷേമ പെൻഷനുകൾ, പുതിയ പെൻഷൻ സ്കീം, ആരോഗ്യ ഇൻഷുറൻസിനു ചുമത്തുന്ന GST, കാർഷീക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ 17 ഇന വിഷയങ്ങളിൽ ഉള്ള പോരായ്മകളും , എതിർപ്പുകളും ഒക്കെയാണ് ദേശീയ സമരത്തിന്റെ കാരണങ്ങൾ ആയി പറയുന്നത്. ഇതിൽ മിക്കതും പഴയ ഡിമാന്റുകൾ തന്നെയാണ്. തൊഴിൽ നിയമങ്ങളുടെ പരിഷ്‌ക്കരണം ആണ് പുതുമയുള്ളത് . നിലവിൽ ഉള്ള 29 തൊഴിൽ നിയമങ്ങളെ ചേർത്ത് നാല് നിയമങ്ങൾ ആയി ചുരുക്കുക ആണ് ചെയ്തിരിക്കുന്നത് . രാജ്യത്തിന് പുരോഗതി ഉണ്ടാവണമെങ്കിൽ വ്യവസായവും, നിർമാമ്മാണ പ്രവർത്തനങ്ങളും, കച്ചവടവും ഒക്കെ നന്നായി നടക്കണം. തൊഴിൽ നിയമങ്ങളിൽ അയവ് വന്നാലേ കൂടുതൽ പണം മുടക്കാൻ വ്യവസായികൾ തയ്യാറാവൂ. ലാഭം ആണ് എല്ലാവരുടെയും ലക്‌ഷ്യം. അതിനാൽ ചൂഷണത്തിന് നല്ല സാധ്യത ഉണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ നിയമങ്ങളിൽ ഉറപ്പു വരുത്തേണ്ടതാണ്. കരിനിയമങ്ങൾ തീർച്ചയായും ഒഴിവാക്കണം. എന്നാൽ ദേശീയ ബന്ദിൽ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെയും സംഘടനകൾ വിട്ട് നിൽക്കുക ആണ് . അതിനർത്ഥം തൊഴിൽ സാഹചര്യത്തിൽ വലിയ പ്രശനം ഇല്ല എന്ന് തന്നെയാണ്. ഉണ്ടാവുകയാണെങ്കിൽ അവർ അതിനെ നേരിടും. അന്ന് അത് പരിഹരിക്കാൻ സർക്കാരും തൊഴിലുടമകളും തയ്യാറായില്ലെങ്കിൽ അതൊരു വിപ്ലവം ആയി മാറും. രാഷ്ട്രങ്ങളെ ഇളക്കി മറിച്ച, ഭരണാധികാരികളെ തൂത്തെറിഞ്ഞ അത്തരം എത്രയോ വിപ്ലവങ്ങൾ നമ്മൾ കണ്ടിരിക്കുന്നു.
തൊഴിലാളികളെയും , ജീവനക്കാരെയും ഒക്കെ തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർ എന്നു കണ്ടാൽ ഒതുക്കുക എന്നത് സർക്കാരുകളുടെ ഒരു പൊതു രീതിയാണ്. അതിനെ എതിർക്കുന്നതും സർക്കാരിനെതിരെ സമരാഹ്വാനം നടത്തുന്നതുമാണ് പ്രതിപക്ഷത്തിന്റെ രീതി. അവർ ഭരണത്തിൽ ഏറുമ്പോഴും ഇത് തന്നെയാണ് ചെയ്യുന്നത്. ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് അവരുടെ അനുവാദം ഇല്ലാതെ പണം പിടിച്ചെടുക്കാനുള്ള ബില്ല് കൊണ്ട് വന്ന സംസ്ഥാനം ആണ് നമ്മളുടേത് . വേതനവർദ്ധനവ് ആവശ്യപ്പെട്ട് എത്ര ദിവസം സമരം ചെയ്താലും ചർച്ചക്ക് പോലും വിളിക്കേണ്ട എന്ന നയം സ്വീകരിക്കുന്ന സർക്കാരുകൾക്ക്, രാഷ്ട്രീയ പാർട്ടികൾക്ക് എങ്ങനെ ആണ് ഇതേ ആവശ്യങ്ങൾക്ക് വേണ്ടി ദേശീയ തലത്തിൽ സമരം സംഘടിപ്പിക്കാൻ കഴിയുക? അടിക്കടി ഉണ്ടാവുന്ന പണിമുടക്കങ്ങൾ നമ്മുടെ സംസ്ഥാനത്തിന്, രാജ്യത്തിന് താങ്ങാവുന്ന അവസ്ഥ അല്ല ഇപ്പോഴുള്ളത്. അത്തരം സാഹചര്യങ്ങൾ ഉള്ള രാജ്യത്ത് പണം മുടക്കാൻ , വ്യവസായികൾ മടിക്കും. അത് തൊഴിൽ ഇല്ലാതാക്കുന്നതിൽ ആണ് ചെന്നെത്തുക. തൊഴിലിനു വേണ്ടിയുള്ള സമരം തൊഴിലില്ലായ്മയിൽ കൊണ്ടുചെന്നെത്തിക്കുന്ന അവസ്ഥ . സംസ്ഥാനവും, രാജ്യവും വിട്ട് ജോലി തേടി വിദേശ രാജ്യങ്ങളിൽ അലഞ്ഞു തിരിയുന്ന ലക്ഷങ്ങളെ സൃഷ്ട്ടിക്കാൻ മാത്രമേ അതുപകരിക്കൂ.
2025 ജൂൺ 21, ശനിയാഴ്‌ച
പാർശ്വവൽകൃതർ
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജനസംഖ്യയുടെ 70 ശതമാനം പിന്നാക്ക വിഭാഗക്കാരും 30 ശതമാനം മുന്നാക്ക വിഭാഗക്കാരുമാണ് ഉണ്ടായിരുന്നത്. പിന്നാക്കക്കാരിൽ തന്നെ വളരെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ ആണ് പട്ടിക ജാതി, പട്ടിക വർഗക്കാർ. ജനസംഖ്യയുടെ ഏതാണ്ട് 22 ശതമാനം ആണ് ഇവരുണ്ടായിരുന്നത് . ഇവരെ കൂടാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു 13 ശതമാനം ഗോത്രവർഗ വിഭാഗക്കാർ വേറെയും ഉണ്ടായിരുന്നു . 35 ശതമാനം വരുന്ന ഉയർന്ന പിന്നാക്ക വിഭാഗക്കാർ എന്നറിയപ്പെടുന്ന OBC ക്കാരും ഇതിനോടൊപ്പമുണ്ട് . പിന്നാക്ക വിഭാഗക്കാരെ മുന്നാക്കത്തിലേക്ക് കൊണ്ടുവരാൻ പല കാര്യങ്ങളും ഭരണഘടനാ ശിൽപ്പികൾ ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. ജനപ്രതിനിധിസഭകളിലേക്കുള്ള സംവരണവും, ജോലി സംവരണവും, സാമ്പത്തിക ആനുകൂല്യങ്ങളും ഒക്കെ അതിൽ ചിലതാണ്. 10 വർഷത്തിനുള്ളിൽ പിന്നാക്കക്കാരെ മുന്നാക്കക്കാരുടെ ഒപ്പം എത്തിക്കാൻ അതാത് സർക്കാരുകൾ ഒത്തൊരുമിച്ച് പ്രവർത്തിക്കും എന്നായിരുന്നു സങ്കൽപ്പം. എന്നാൽ അതുണ്ടായില്ല. പത്ത് വർഷം പത്ത് വർഷം വീതം സർക്കാർ ജോലിയിൽ ഉള്ള സംവരണം വർധിപ്പിച്ച് ഇന്നത് 2030വരെ ആക്കിയിട്ടുണ്ട് എന്ന് മാത്രം . ഇക്കാലയളവിനുള്ളിൽ പിന്നാക്കക്കാർ , പ്രത്യേകിച്ചും പട്ടിക ജാതി പട്ടിക വർഗക്കാർ, മുന്നാക്കം പോയില്ല എന്ന് മാത്രമല്ല മുന്നാക്കക്കാരിൽ നിന്ന് കൂടുതൽ പിന്നാക്കക്കാർ ഉണ്ടാവുകയും അങ്ങനെ പിന്നാക്കക്കാരുടെ സംഖ്യ ഇപ്പോൾ ഏതാണ്ട് 78 ശതമാനം ആയി മാറുകയും ചെയ്തിട്ടുണ്ട് . ഇതിൽ സംഭവിച്ച ഗുണപരമായ ഒരു കാര്യം, പിന്നാക്കക്കാരിൽ OBC വിഭാഗത്തിൽ പെട്ടവർ അധികാരത്തിലേക്കും, താക്കോൽ സ്ഥാനങ്ങളിലേക്കും കടന്നു വന്നു എന്നതാണ്. സമൂഹത്തിൽ ഉണ്ടായിരുന്ന ഉച്ച നീചത്തങ്ങളെ, അകറ്റി നിർത്തലുകളെ അവർ അതിജീവിച്ചു. എന്നാൽ അവർ തൊട്ടു താഴെ ഉണ്ടായിരുന്ന പട്ടിക ജാതി, പട്ടിക വിഭാഗക്കാരോട് അയിത്തം വച്ച് പുലർത്തുകയും അക്കാര്യത്തിൽ മുന്നാക്കക്കാരെ ലജ്ജിപ്പിക്കുകയും ചെയ്തു.
പട്ടിക ജാതി, പട്ടിക വിഭാഗക്കാരായ ദളിത് ആദിവാസി വിഭാഗങ്ങൾ വേണ്ടത്ര അളവിൽ അധികാരത്തിലും, ഉന്നത പദവികളിലും എത്തിപ്പെടുക ഉണ്ടായില്ല. എത്തിപ്പെട്ടതാകട്ടെ അധികാരങ്ങൾ ഒന്നും ഇല്ലാതിരുന്ന അലങ്കാര പദവികളിലും . സാർവത്രിക വിദ്യാഭ്യാസം രാജ്യം ഏർപ്പെടുത്തിയെങ്കിലും ദളിത് ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥികൾ സ്‌കൂളുകളിലും , കോളേജുകളിലും പഠനം നിർത്തി കുടുംബം പുലർത്താൻ പോകുന്ന സാഹചര്യം ആണ് ഇപ്പോഴുമുള്ളത് . കോളേജുകളിൽ സംവരണ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ സാധാരണമാണ്. സാമ്പത്തികം തന്നെയാണ് പ്രധാന വില്ലൻ. നിയന്ത്രിക്കാൻ ആളില്ലാത്തതും, വഴികാട്ടികൾ ഇല്ലാത്തതും അതിന്റെ കൂടെ തന്നെയുണ്ട്. മറ്റൊന്ന് സംഘടിത ബലം ഇല്ലാത്തതാണ്. ജനസംഖ്യയിലെ 26 ശതമാനം ഇപ്പോഴുണ്ടെങ്കിലും രണ്ടായിരത്തോളം വിഭാഗങ്ങളിലായി അവർ ചിതറി കിടക്കുക ആണ്. ഈ വിഭാഗങ്ങളിലെ ഉയർന്നവരും താഴ്ന്നവരും തമ്മിൽ തന്നെ കടുത്ത അയിത്ത വ്യവസ്ഥകൾ ഉണ്ട് താനും . അത് കൊണ്ട് തന്നെ ഒരു പൊതു നേതാവില്ല. അൽപ്പമെങ്കിലും സംഘടനാശേഷി ഉള്ളവർ സ്വന്തമായി കോളേജുകളും സ്ഥാപനങ്ങളും തുടങ്ങി അവരവരുടെ ജാതിയുടെ ഉന്നമനത്തിനായാണ് ശ്രമിക്കുന്നത്. ശബ്ദം ഇല്ലാത്ത , കോടിക്കണക്കിന് ദളിത് ആദിവാസി വിഭാഗങ്ങൾ അസംഘടിതർ ആയി സമൂഹത്തിന്റെ അടിത്തട്ടിൽ ഊറിക്കൂടുകയാണ്. ഇവരെ മുന്നോട്ട് കൊണ്ടുവരാൻ എന്ത് പദ്ധതിയാണ് സർക്കാരിനുള്ളത്?! പട്ടിക ജാതി, പട്ടിക വർഗ സംഘടനകൾ അതിനു വേണ്ടി എന്തൊക്കെ ചെയ്യും എന്നുള്ളയിടത്താണ് അതിനുള്ള ഉത്തരം.
ജോലി ദാതാവിൽ നിന്ന് സർക്കാർ പിന്നാക്കം പോകുന്നതോടെ സംവരണത്തിന് വലിയ പ്രസക്തി ഇല്ലാതെ വരുന്നു. സ്വകാര്യ സ്ഥാപനങ്ങൾ ഒരിക്കലും സംവരണം കൊടുക്കില്ല. അവർക്ക് അറിവും കഴിവുമുള്ള ചെറുപ്പക്കാരെ ആണ് വേണ്ടത്. അതിനു വേണ്ടി തങ്ങളുടെ ചെറുപ്പക്കാരെ തയ്യാറെടുപ്പിക്കേണ്ട ബാധ്യത ആണ് ദളിത് ആദിവാസി സംഘടനകൾ ഏറ്റെടുക്കേണ്ടത്. പട്ടിക ജാതി പട്ടിക വിഭാഗങ്ങൾ സംവരണ സീറ്റിൽ നിന്നല്ലാതെ തിരഞ്ഞെടുക്കപ്പെടുന്നില്ല. തിരഞ്ഞെടുക്കപെടുന്നവർക്ക് മിക്കവാറും ആ വകുപ്പ് തന്നെയാണ് നൽകുന്നത് . പേരിനു ചിലപ്പോൾ മറ്റേതെങ്കിലും വകുപ്പുകൾ. ഏതെങ്കിലും പാർട്ടികളോട് ചേർന്ന് നിന്ന് മത്സരിക്കാതെ മുന്നണികൾ ഉണ്ടാക്കി മത്സരിക്കുക ആണ് അധികാരം ചോദിച്ചു വാങ്ങാൻ ഏറ്റവും നല്ലത് . എണ്ണത്തിൽ കുറവായ പല ജാതി സംഘടനകളും ചെയ്യുന്നത് ഇത് തന്നെയാണ്. ദളിത് ആദിവാസി വിഭാഗങ്ങൾക്ക് പല സാമ്പത്തിക സഹായങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. ഇത് പക്ഷെ എല്ലാവരിലേക്കും എത്തുന്നില്ല. ഓരോ വിഭാഗത്തിലെയും കുട്ടികളെ പള്ളിക്കൂടങ്ങളിലേക്ക് എത്തിക്കണം. അവർക്ക് പ്രത്യേക പരിശീലനങ്ങൾ കൊടുക്കണം. അവരുടെ കുടുംബത്തിന് സർക്കാർ തന്നെ ദിവസ വേതനത്തിൽ ജോലിയോ അല്ലെങ്കിൽ ജീവിക്കാനുള്ള തുകയോ നൽകണം. സർക്കാരിന് പണമില്ലെങ്കിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ CSR ഫണ്ടുകൾ ഇവിടെ ചിലവഴിപ്പിക്കണം. അങ്ങനെയൊക്കെ ചെയ്യണമെങ്കിൽ രാഷ്ട്രീയമായി ഒരു സമ്മർദ്ദ ശക്തിയായി മാറേണ്ടതുണ്ട്. നല്ല വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുമ്പോൾ അവർക്ക് നല്ല ജോലികൾ തിരഞ്ഞെടുക്കാൻ സാധിക്കും. ജാതി അടിസ്ഥാനത്തിലുള്ള സംവരണം വേണ്ടി വരില്ല. സംവരണം ആവശ്യമില്ലെങ്കിൽ പിന്നെ ജാതിക്ക് ഒരു പ്രസക്തിയും ഉണ്ടാവില്ല. അതിനു വേണ്ടിയുള്ള പ്രവർത്തനം ഇപ്പോഴേ ആരംഭിച്ചാൽ 2050 ആകുമ്പോഴേക്കെങ്കിലും അത്തരം ഒരവസ്ഥയിൽ എത്തിച്ചേരാൻ സാധിക്കും.
ജാതി സമൂഹത്തിന്റെ സൃഷ്ടിയാണ്. അതിൽ ഓരോരുത്തരും വന്ന് പെടുകയാണ്. അറിവും, പ്രായോഗികതയും ഇല്ലാത്ത വിഭാഗങ്ങൾ ആണ് കാലാന്തരത്തിൽ പിന്നാക്കം പോയത്. അത് നേടിക്കഴിഞ്ഞാൽ പിന്നെ പിന്നാക്കം എന്ന അവസ്ഥയില്ല. അത് കൊണ്ട് തന്നെ ജാതിയിൽ അവമതിപ്പുണ്ടാവേണ്ട ആവശ്യവും ഇല്ല. ജാതി പറഞ്ഞു തന്നെ മുന്നോട്ട് പോകണം. നിറത്തിന്റെ പേരിലും, രൂപത്തിന്റെ പേരിലും അപകർഷത തോന്നുമ്പോൾ അറിവില്ലായ്മ ആണ് അതിനു കാരണം എന്ന് മനസിലാക്കി കൊടുക്കുന്ന ഒരു നേതൃത്വം ആണുണ്ടാവേണ്ടത് . അതിന്റെ പേരിൽ കോടതിയിലേക്ക് പോകുന്നത് അതങ്ങീകരിക്കുന്നതിനു തുല്യമാണ്. പഴയ കാലത്ത് സാമൂഹിക ക്രമത്തിൽ ഒരു പാട് അനീതികൾ ഉണ്ടായിട്ടുണ്ട്. അത് ഇപ്പോഴും പറഞ്ഞു നടക്കുന്നതിൽ ഒരർഥവും ഇല്ല. അർപ്പണ ബോധത്തോടെ , ഓരോ ദളിത് ആദിവാസി വിഭാഗത്തിലെ വിദ്യാർത്ഥിയും നല്ല വിദ്യാഭ്യാസം നേടാൻ ശ്രമിക്കണം. രാഷ്ട്രീയ യജമാനന്മാരുടെ സേവകർ ആയി നടക്കാതെ സമുദായത്തിലെ ജനപ്രതിനിധികൾ ഓരോ വ്യക്തികളിലും ആനുകൂല്യങ്ങളും , വികസനവും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തി മുന്നോട്ട് പോകണം. അങ്ങനെ ചെയ്തില്ലെങ്കിൽ ജാതി എന്ന ഈ ദുർഭൂതം 22 -)൦ നൂറ്റാണ്ടിലും സർക്കാർ രേഖകളിൽ കിടന്ന് പരിഹസിച്ച് കൊണ്ടേയിരിക്കും .
2025 മേയ് 15, വ്യാഴാഴ്‌ച
പാളിപ്പോയ പുലിവിപ്ലവം
ശ്രീലങ്കയിലെ ആഭ്യന്തര കലാപം കണ്ണീരിന്റെയും, ഭീതിയുടെയും കഥ കൂടിയാണ്. ഇതിനു തുടക്കം കുറിച്ചത് ശ്രീലങ്കൻ തമിഴർ ആണ്. എന്നാൽ കാരണക്കാർ ആയത് സിംഹള ഭരണാധികാരികളും. 1975 ൽ 'ആൽഫ്രഡ് ദുരൈ' എന്ന ജാഫ്‌ന മേയറുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് കൊണ്ട് വേലുപ്പിള്ള പ്രഭാകരൻ തന്നെ ആണ് അത് ഉൽഘാടനം ചെയ്തത്. തമിഴനായിരുന്നിട്ടും സിംഹളരുടെ തോഴനായി, തമിഴ് താൽപ്പര്യങ്ങളെ ബലികഴിക്കുന്നു എന്നായിരുന്നു ആരോപണം.
തമിഴരും സിംഹളരും ആണ് ശ്രീലങ്കയിലെ പ്രധാന ജനവിഭാഗങ്ങൾ. രണ്ടു കൂട്ടരും ഇന്ത്യയിൽ നിന്ന് വന്നവർ. തമിഴരിൽ ശ്രീലങ്കൻ തമിഴരും ഇന്ത്യൻ തമിഴരും ഉണ്ട്. ശ്രീലങ്കൻ തമിഴർക്ക് സിംഹളർക്കൊപ്പം 2500 വർഷത്തെ പഴക്കം ഉണ്ട് . എന്നാൽ ഇന്ത്യൻ തമിഴർ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് ബ്രിട്ടീഷുകാർക്ക് വേണ്ടി തോട്ടപ്പണികൾക്കായി എത്തിയവരാണ്. താഴ്ന്ന ജാതിക്കാരും വിദ്യാഭ്യാസം ഇല്ലാത്തവരുമായ ഇന്ത്യൻ തമിഴരെ ശ്രീലങ്കൻ തമിഴർ എന്നും അകറ്റി നിർത്തിയിരുന്നു. തമിഴ് സംസാരിക്കുന്ന മുസ്‌ലിം ജനതയും ഇവിടെയുണ്ട്. ഇവർക്ക് അറബി പൈതൃകം ഉള്ളതിനാൽ 'മൂറുകൾ 'എന്നാണ് അറിയപ്പെടുന്നത്. അത് പോലെ തന്നെ യൂറോപ്യൻ പൈതൃകം ഉള്ള നമ്മുടെ ആംഗ്ലോ ഇന്ത്യൻ വിഭാഗം പോലെ 'ബെർഗുകൾ' എന്നറിയപ്പെടുന്ന ഒരു കൂട്ടരും ഉണ്ട് . ഇവരുടെ കൂടെ ശ്രീലങ്കയുടെ ആദിവാസി വിഭാഗമായ വേടന്മാരും ചേർന്നാൽ ശ്രീലങ്കൻ ജനതയായി. യൂറോപിയൻ അധിനിവേശക്കാലത്ത് ശ്രീലങ്കൻ തമിഴർ മിഷനറി സ്‌കൂളുകളിലും മറ്റും പഠിച്ച് സർക്കാർ പദവികളിലും അധികാര കേന്ദ്രങ്ങളിലും എത്തപ്പെട്ട് സമൂഹത്തിൽ നല്ല സ്വാധീനം ഉറപ്പിച്ചിരുന്നു. ഇത് ഭൂരിഭാഗക്കാരായ സിംഹളർ മുറുമുറുപ്പോടെയാണ് കണ്ടിരുന്നത്.
1948 ൽ ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ കഥയാകെ മാറി. 101 അംഗ പാർലമെൻറിൽ 67 പേരും സിംഹളർ ആയിരുന്നു. ഭൂരിപക്ഷ സിംഹള സർക്കാർ 11 ശതമാനം വരുന്ന ഇന്ത്യൻ തമിഴർക്ക് പൗരത്വം നിഷേധിക്കുക ആണ് ആദ്യം ചെയ്തത്. തുടർന്ന് ഭരണ ഭാഷ സിംഹള ആക്കി മാറ്റി. ഇതോടെ സിംഹള വശമില്ലാത്ത ശ്രീലങ്കൻ തമിഴർക്കും സർക്കാർ ജോലി അന്യമായി. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിൽ സിംഹള കോളനികൾ സ്ഥാപിച്ചു. കൂടാതെ തമിഴ് വിദ്യാർത്ഥികൾക്ക് കോളേജ് വിദ്യാഭ്യാസത്തിനും നിയന്ത്രണങ്ങൾ വന്നു. ഇത്തരം ഏകാധിപത്യ , വംശീയ വിവേചനങ്ങൾ തമിഴരെ പോരാളികൾ ആക്കി മാറ്റി. ശ്രീലങ്കൻ തമിഴരുടെ ഈറ്റില്ലം ആയ ജാഫ്‌നയിൽ അക്കാലഘട്ടത്തിൽ നാൽപ്പതോളം വിപ്ലവ സംഘടനകൾ പ്രവർത്തിച്ചിരുന്നു. അവർ ഉയർത്തിയ ചെറുതും വലുതുമായ പ്രക്ഷോഭങ്ങളെ ശ്രീലങ്കൻ സർക്കാർ അടിച്ചൊതുക്കി. തമിഴരുടെ അഭിമാനമായിരുന്ന ജെഫ്‌നാ ലൈബ്രറി തീയിട്ടു നശിപ്പിച്ചു. ഇതിനോടകം വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിൽ LTTE ചോദ്യം ചെയ്യപ്പെടാത്ത സംഘടനയായി വളർന്നു. വെൽവെട്ടിതുറ എന്ന ജാഫ്‌നയിലെ കടലോര ഗ്രാമത്തിലെ ഒരു സർക്കാരുദ്യോഗസ്ഥന്റെ മകൻ ആയിരുന്നു പ്രഭാകരൻ. തമിഴരോടുള്ള വിവേചനം കണ്ടാണ് അയാൾ വളർന്നു വന്നത്. തമിഴർക്ക് സ്വന്തമായ ഒരു രാജ്യം അഥവാ ഈഴം ആണ് ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരം എന്ന പ്രഭാകരൻ കരുതി.
തുടർന്ന് പ്രഭാകരൻ നടത്തിയ ഗറില്ലാ പോരാട്ടത്തിന്റെ കഥ ചരിത്രമാണ്. ആദ്യം ചെയ്തത് എല്ലാ തമിഴ് സംഘടനകളെയും കൊന്നുതള്ളി ആധിപത്യം നേടുക എന്നതായിരുന്നു. തോക്കു പിടിക്കാൻ കെൽപ്പുള്ള ബാലന്മാരെയും ബാലികമാരെയും ഉൾപ്പെടുത്തി തമിഴ് പോരാളികളുയുടെ ഒരു വലിയ ചാവേർ സംഘം ഉണ്ടാക്കി. 1983 ആയപ്പോഴേക്കും ശ്രീലങ്കൻ സൈന്യവും LTTE യും വലിയ തോതിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. തുടർന്ന് സമാധാന ശ്രമത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ജാഫ്‌നയിൽ വന്നു. എന്നാൽ ഈഴം എന്ന ലക്ഷ്യത്തിൽ കുറഞ്ഞ ഒരൊത്തുതീർപ്പിന് പ്രഭാകരൻ തയ്യാറായിരുന്നില്ല. സാവധാനം ഇന്ത്യൻ സൈന്യത്തിന് LTTE യുമായി ഏറ്റു മുട്ടേണ്ടി വന്നു. ഒടുവിൽ ദൗത്യം മുഴുവിക്കാതെ ഇന്ത്യൻ സൈന്യം പിന്മാറേണ്ടി വന്നതും ചരിത്രമാണ്. ജെഫ്‌നാ, കിളിനോച്ചി, വാവുനിയ, മുല്ലത്തീവ്, ട്രിൻകോമാലി , ബാട്ടിക്കലോവ എന്നീ തമിഴ് സ്വാധീന പ്രദേശങ്ങൾ ചേർത്ത് ഒരു രാജ്യം എന്നവണ്ണം പ്രഭാകരൻ പ്രവർത്തിക്കാൻ തുടങ്ങി. കോടതി, പോലീസ്, പട്ടാളം ,ആശുപത്രി, വില്ലേജ് ഓഫിസ്, കളക്ടറേറ്റ്, സ്വന്തം നാണയം, കൊടി , എന്നീ വിധം ഒരു രാജ്യം എങ്ങനെയാണോ പ്രവർത്തിക്കുന്നത് ആ വിധം LTTE പ്രവർത്തിച്ചു. ഒടുവിൽ മഹിന്ദ രാജപക്ഷയുടെ നേതൃത്വത്തിൽ LTTE ക്ക് എതിരെ ഉള്ള അവസാന യുദ്ധംനടന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ ലോക രാജ്യങ്ങൾക്ക് ആ സംഘടന അനഭിമതമായി തീർന്നു. അവരുടെ ശക്തി കേന്ദ്രമായ ഇന്ത്യയിൽ അത് നിരോധിക്കപ്പെട്ടു. ഈ സാഹചര്യം മുതലെടുത്ത് ചൈനീസ് സഹായത്തോടെ ശ്രീലങ്കൻ സർക്കാർ LTTE യുടെ പതനം പൂർണ്ണമാക്കുകയായിരുന്നു. ഒടുവിൽ പാതി പൊളിഞ്ഞ തലയിൽ തൂവലായിട്ടു മറച്ച പ്രഭാകരന്റെ തുറിച്ച കണ്ണുകൾ ടെലിവിഷൻ ചാനലുകളിലൂടെ ലോകം കണ്ടു. പ്രഭാകരന്റെ കുടുംബം മുഴുവൻ കൊല്ലപ്പെട്ടു. പ്രധാനപ്പെട്ട നേതാക്കൾ രാജ്യം വിടുകയോ കൊല്ലപ്പെടുകയോ ചെയ്തു. LTTE സ്മരണ ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളും പട്ടാളം ഇടിച്ച് നിരപ്പാക്കി. അങ്ങനെ എന്നെന്നേക്കുമായി ആ അധ്യായം അവിടെ അവസാനിച്ചു.
വേലുപ്പിള്ള പ്രഭാകരൻ നയിച്ച പുലി വിപ്ലവം സത്യത്തിൽ എന്തായിരുന്നു? പ്രഭാകരൻ സിംഹളരെ കൊന്നു തള്ളിയതിൽ കൂടുതൽ തമിഴരെ ആണ് ഇല്ലാതാക്കിയത്. വിപ്ലവം ആദ്യം ഭക്ഷിക്കുക അതിന്റെ കുഞ്ഞുങ്ങളെ ആയിരിക്കും എന്നത് അന്വർത്ഥമാക്കുന്ന പ്രവർത്തി. തമിഴ് ദേശീയതയിൽ ഊന്നിയ ഈഴം ആയിരുന്നു ലക്‌ഷ്യം. ശ്രീലങ്കയിലെ തമിഴ് പ്രദേശവും, തമിഴ്‌നാടും കേരളത്തിലെ തമിഴ് സ്വാധീനമേഖലകളും ചേർത്ത മഹാഈഴം ആയിരുന്നു സ്വപ്നം. മുസ്ലീങ്ങളെ പ്രഭാകരൻ അകറ്റി നിർത്തി. 1990 ഒക്ടോബർ മാസത്തിൽ 24 മണിക്കൂറിനുള്ളിൽ സമസ്ത മുസ്ലീങ്ങളെയും തമിഴ് സ്വാധീന മേഖലയിൽ നിന്ന് കെട്ട്കെട്ടിച്ച വംശീയതയുടെ ഒരു പാപവും പ്രഭാകരനോട് ചേർത്ത് പറയാനുണ്ട്. വിവാഹം പോകട്ടെ പ്രണയം പോലും പോരാളികൾക്ക് നിഷേധിച്ചിരുന്നു. ഒരു പ്രണയത്തിൽ അകപ്പെട്ട 21 വയസ്സ് പ്രായമുള്ള പോരാളിയെ പോയിന്റ് ബ്ലാങ്കിൽ വന്നി കാടുകളിൽ വച്ച് വെടിവച്ച് കൊല്ലുന്ന കാഴ്ച ദി തമിൾ ടൈഗ്രസ്സ് എന്ന പുസ്തകത്തിൽ നിരോമി ഡിസൂസ വിവരിക്കുന്നുണ്ട്. തമിഴരോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് വലിയ പ്രതീക്ഷകളോടെ LTTE യിൽ ചേർന്ന കൗമാരക്കാരിയായ പെൺപുലി ആയിരുന്നു നിരോമി. പോരാളികൾക്ക് നിഷേധിച്ച കുടുംബ ജീവിതം പക്ഷെ പ്രഭാകരൻ അനുഭവിച്ചിരുന്നു. അയാൾക്ക് ഭാര്യയും 3 മക്കളും ഉണ്ടായിരുന്നു. രണ്ടു തരത്തിലുള്ള തമിഴരെ ആണ് ശ്രീ ലങ്കയിൽ കണ്ടത്. ഒരുകൂട്ടർ പ്രഭാകരന്റെ ഈഗോയുടെ ഇരയായിരുന്നു തമിഴർ എന്ന വിശ്വസിക്കുന്നവരും, മറ്റൊരു കൂട്ടർ പ്രഭാകരൻ മരിച്ചിട്ടില്ലെന്നും , അയാളുടെ കാലത്ത് നീതിയും സത്യവും ഉണ്ടായിരുന്നു എന്ന് കരുതുന്നവരും. തമിഴരെ രക്ഷിക്കാൻ ഇറങ്ങി തിരിച്ച പ്രഭാകരൻ അവരുടെ ജീവിതത്തിൽ നിന്ന് സകല സുഖങ്ങളും മാത്രമല്ല ഒരു തമിഴ് തലമുറയെ തന്നെ ഇല്ലാതാക്കികളഞ്ഞു. അവസരങ്ങൾ വന്നപ്പോൾ യഥാർത്ഥ നേതാവിനെപ്പോലെ ചർച്ചകൾക്ക് തയ്യാറാവുകയും സമസ്ത തമിഴരെയും ചേർത്ത് പിടിക്കുകയും ചെയ്തിരുന്നെങ്കിൽ പ്രഭാകരൻ ചരിത്രത്തിൽ എന്നെന്നും ആദരിക്കപ്പെടുന്ന നേതാവായി മാറുമായിരുന്നു.
2025 മേയ് 5, തിങ്കളാഴ്‌ച
സിലോൺ യാത്ര
നമ്മൾ ഏതാണ്ട് മറന്നു കഴിഞ്ഞതാണ് സിലോൺ എന്ന ശ്രീലങ്കയുടെ പഴയ പേര്. ധനുഷ്കോടിയിൽ നിന്ന് കേവലം 30 കിലോമീറ്റർ അകലെയുള്ള ശ്രീലങ്കൻ ജനത തമിഴ്നാട് കേരള തീരത്തുള്ളവർക്ക് ശരിക്കും അയൽപക്കക്കാരാണ്. അവരുമായി ഭാഷാപരമായും സാസ്‌ക്കാരികമായും ഏറ്റവും അടുത്ത് നിൽക്കുന്ന ജനത. 1960 കൾ വരെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ടിക്കറ്റെടുത്താൽ ശ്രീലങ്ക വരെ ട്രെയിനിലും ബോട്ടിലുമായി പോകാൻ പറ്റുമായിരുന്നു എന്നത് പലർക്കും ഇന്ന് അറിയുക പോലുമില്ല. ഒരു യാത്രപോയാലോ എന്ന് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിജുവിന്റെ വിളി വന്നപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ സിലോൺ യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. 8500 രൂപ കൊടുത്താൽ നാഗപട്ടിണത്ത് നിന്ന് ശ്രീലങ്കയിലെ കങ്കേശൻ തുറയിലേക്കും തിരിച്ചുമുള്ള സെയിൽ ശുഭം എന്ന കമ്പനിയുടെ ബോട്ട് ടിക്കറ്റ് കിട്ടും. വിസക്ക് പണം വേണ്ടെങ്കിലും ETA എന്ന അനുമതി പത്രം വാങ്ങണം. പിന്നെ ശ്രീലങ്കൻ രൂപ, യൂ എസ് ഡോളർ എന്നീ ക്രമത്തിൽ പണം മാറ്റിയെടുത്ത് എമിഗ്രേഷൻ ക്ലീയറൻസ് , പാസ്സ്‌പോർട്ട് വേരിഫിക്കേഷൻ എന്നിവ എല്ലാം പൂർത്തിയാക്കി ഏപ്രിൽ 14 ന് ഞങ്ങൾ ബോട്ടിൽ കയറി. സാമാന്യം വലിയ ഒരു ബോട്ടാണ്. എയർ കണ്ടിഷൻ ചെയ്തിരിക്കുന്നതിനാൽ കടൽ ചൊരുക്കൊന്നും ബാധിക്കില്ല. രാവിലെ 7 .30 നു പുറപ്പെടുന്ന ബോട്ട് ജാഫ്‌ന തീരത്തെത്തുമ്പോൾ സമയം 11.30 . അവിടെ ചെക്കിങ്ങും, പാസ് പോർട്ട് വെരിഫിക്കേഷനും ഒക്കെ കഴിഞ്ഞു നേരെ ജാഫ്‌നയിലെ മണ്ണിലേക്ക്.
ആദ്യമായി വിദേശമണ്ണിൽ കാലുകുത്തുകയാണ്. ഞങ്ങൾ രണ്ടു പേരും തനിയെ. കുറച്ച് നടന്നപ്പോൾ ഒരു ബസ് സ്റ്റോപ്പിൽ എത്തി. അവിടെ നിന്ന് ജാഫ്‌നയിലേക്ക് ബസ് യാത്ര. ജാഫ്ന ഒറ്റ നോട്ടത്തിൽ കേരളം തന്നെ. കേരളത്തിൽ ഉള്ള എല്ലാ സസ്യങ്ങളും ജാഫ്‌നയിലും ഉണ്ടെന്നു പറയാം. ഓടിട്ടതും ആസ്ബസ്റ്റോസ് വിരിച്ചതുമായ ചെറിയ വീടുകൾ. ആളുകൾ തമിഴ് സംസാരിക്കും എന്നതൊഴിച്ചാൽ കേരളത്തിലൂടെ യാത്ര ചെയ്യുകയാണെന്നേ തോന്നൂ. പണ്ട് കേരളവും, ശ്രീലങ്കയും , മഡഗാസ്‌ക്കറും ഒക്കെ ഒന്നിച്ച് കിടന്ന പ്രദേശംങ്ങൾ ആയിരുന്നു എന്ന ഭൗമ പ്ലേറ്റ് വിജ്ഞാനം ആദ്യം തോന്നിയ അത്ഭുതത്തെ അകറ്റി. ഒരു കാലത്ത് നിലയ്ക്കാത്ത വെടിയൊച്ചകളും, ശവശരീരങ്ങളും കൊണ്ട് നിറഞ്ഞ ഒരു പ്രദേശത്തിലൂടെ ആണ് പോകുന്നത് എന്ന് തോന്നിപ്പിക്കാത്ത വിധം ശ്രീലങ്കയും ജാഫ്‌നയും പുതിയ ലോക ക്രമത്തിലേക്ക് മാറിക്കഴിഞ്ഞു. ദാരിദ്ര്യം പൂർണമായും വിട്ടു പോയിട്ടില്ല. പൊട്ടി പൊളിഞ്ഞ പഴയ അശോക് ലൈലാൻഡ് ബസ്സുകളും, വാനുകളും ഒക്കെ യാത്രക്കാരെ വഹിച്ചു ചീറി പായുന്നു. റോഡുകളിൽ ഒക്കെ നല്ല വൃത്തിയുണ്ട് . ഹോട്ടൽ ചെക്കിങ്ങിനു ശേഷം ജാഫ്‌നയുടെ തെരുവുകളിലൂടെ തലങ്ങും വിലങ്ങും ഞങ്ങൾ നടന്നു. തമിഴരുടെ വൈജ്ഞാനിക കേന്ദ്രമായ തമിഴ് മുന്നേറ്റത്തിന് വഴി കാട്ടിയ ജെഫ്‌നാ ലൈബ്രറി, ഇന്ത്യൻ സമാധാന സേനയെ പുലികൾ വളഞ്ഞു വച്ച് വെള്ളം കുടിപ്പിച്ച പോർട്ടുഗീസ് കാലഘട്ടത്തിലെ നിർമിതിയായ ജാഫ്‌നാ ഫോർട്ട്, ചൈനീസ് തീന്മേശയിൽ എത്തിക്കാൻ കടൽ വെള്ളരികളെ വളർത്തുന്ന കായൽ കരി നിലങ്ങൾ , പുലി നേതാവ് തിലീപൻ സത്യാഗ്രഹം കിടന്നു മരിച്ചതും ചോളൻമാർ നിർമിച്ചതുമായ നെല്ലൂർ കണ്ട സ്വാമി ക്ഷേത്രം ഒക്കെ കണ്ട് അടുത്ത ദിവസം അനുരാധ പൂരത്തിന് ബസ്സു കയറി.
അനുരാധപുരത്തിനുള്ള യാത്ര പുലികളുടെ ശക്തി കേന്ദ്രങ്ങൾ ആയിരുന്ന എലഫന്റാ പാസ് , കിളിനോച്ചി , വാവുനിയ എന്നീ പ്രദേശങ്ങൾ കടന്നാണ് പോകുന്നത്. കേരളത്തിലൂടെ പോകുന്നു എന്നു തോന്നിപ്പിക്കുന്ന യാത്രയിൽ കഴുത്തിൽ സയനൈഡ് കുപ്പിയും തൂക്കി, തോക്കുമായി ഒരു കാലത്ത് റോഡിൽ കാവൽ നിന്നിരുന്ന ബാലന്മാരുടെയും ബാലികമാരുടെയും ചിത്രം നമ്മുടെ മനസിലേക്ക് അറിയാതെ കടന്നു വരും. പുലികളും ശ്രീലങ്കൻ സേനയും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്ന എലഫന്റാ പാസ് ഇന്ത്യൻ ഓഷ്യനിലെ ജലം കയറി കിടക്കുന്ന ആഴം കുറഞ്ഞ കരിനിലത്തിനു നടുവിലൂടെയുള്ള ഒരു കരഭൂമിയാണ്. ഒരു കാലത്ത് ജാഫ്‌നാ കാടുകളിലേക്ക് ആനകൾ ശ്രീലങ്കൻ മെയിൻ ലാൻഡിൽ നിന്നും സഞ്ചരിച്ചിരുന്ന ആനത്താര ആയിരുന്നിരിക്കണം ഇത്. പഴയ സിംഹള രാജാക്കന്മാരുടെ തലസ്ഥാന നഗരിയായ അനുരാധപുരം തകർന്നടിഞ്ഞ കോട്ടകളുടെ രൂപരേഖകൾ മാത്രമേ അവശേഷിപ്പിച്ചിട്ടുള്ളു. ബുദ്ധ ക്ഷേത്രങ്ങളുടെ ഒരു നഗരിയാണ് അനുരാധപുരം എന്ന് പറയാം. അശോക ചക്രവർത്തിയുടെ പുത്രി ബി സി മൂന്നാം നൂറ്റാണ്ടിൽ കൊണ്ട് വന്നു നട്ട ബോധി വൃക്ഷത്തിന്റെ തൈ ഇന്ന് ലോകത്തെ ഏറ്റവും പ്രായമുള്ള വൃക്ഷമായി ഇവിടുത്തെ ക്ഷേത്രമുറ്റത്ത് കാണാം. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ധാരാളം ബുദ്ധമത വിശ്വാസികൾ ഇവിടെ പ്രാർത്ഥനാ പൂർവ്വം എത്തുന്നു. മറ്റു കാഴ്ചകൾക്ക് സമയം ഇല്ല. അടുത്ത ദിവസം ഞങ്ങൾ സിഗിരിയ കാണാൻ പോയി . ഇടതൂർന്ന വനത്തിന് നടുവിൽ ഒരു വലിയ കുന്നിനു മുകളിൽ ഉയർന്നു നിൽക്കുന്ന ഒരു ഒറ്റക്കല്ലു പാറ ആണ് സിഗിരിയയിലെ കാഴ്ച. 200 മീറ്റർ ഉയരമുള്ള ഈ പാറ യുടെ മുകളിൽ സിംഹള രാജാവായ കശ്യപൻ AD അഞ്ചാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഒരു ഒരു കോട്ടയുണ്ട് . 4 ഏക്കർ വിസ്താരം ഉള്ള ഈ കോട്ടയുടെ തറ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. അനുരാധപുരം വാണ ദാതുസേനന്റെ ദാസിയിലുള്ള മകനായ കശ്യപൻ അച്ഛനെ കൊന്ന് രാജ്യം തട്ടിയെടുത്ത് ഈ സിഗിരിയ കുന്നിൽ കോട്ട സ്ഥാപിക്കുക ആയിരുന്നു. പിന്നീട് രാജാവിന്റെ നേർ പുത്രൻ ചോള സൈന്യത്തിന്റെ സഹായത്തോടെ കശ്യപനെ കീഴടക്കി. അതോടെ സിഗിരിയ ഓർമയായി.
കാന്റി ആയിരുന്നു അടുത്ത സ്ഥലം. മഞ്ഞും തണുപ്പും ഇല്ലാത്ത മൂന്നാർ എന്ന് വേണമെങ്കിൽ പറയാം. രാവണന്റെ കോട്ട സ്ഥിതി ചെയ്യുന്ന 'എല്ല' മലനിരകളിലേക്കു പോകാനുള്ള ഇടാത്തവളം പോലെ ആണ് കാന്റി. ബുദ്ധന്റെ പല്ല് പ്രദര്ശിപ്പിച്ചിട്ടുള്ള ഇവിടുത്തെ ക്ഷേത്രം പ്രശസ്തമാണ്. അടുത്ത ദിവസം കൊളംബോയിൽ ആയിരുന്നു. ഒരു തലസ്ഥാന നഗരത്തിന്റെ വലിയ പകിട്ടൊന്നും ഇല്ല. ആൾത്തിരക്ക് കുറവ്. തലസ്ഥാനം ആണെങ്കിലും ആസ്ബസ്റ്റോസ് കെട്ടിടങ്ങൾക്ക് പഞ്ഞമില്ല. കൊളോമ്പോയിൽ നിന്ന് ശ്രീലങ്കയിലെ തെക്ക് മുനമ്പായ 'ഗാൾ' കാണാൻ പോയി. മനോഹരമായ കടലോര പ്രദേശം. പോർട്ടുഗീസുകാർ പണി കഴിപ്പിച്ച ഫോർട്ട് ഇവിടെ ഉണ്ട് . ശ്രീലങ്കയിൽ കണ്ട ഏറ്റവും മോടിയുള്ള വാഹനങ്ങൾ ഈ എക്സ്പ്രസ്സ് ഹൈ വേ റൂട്ടിലാണ് ഓടുന്നത്. രാത്രി ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റെടുത്ത് ജാഫ്‌നയിലേക്ക് തിരിച്ചു പോന്നു . ട്രെയിനിൽ കയറിയപ്പോൾ ആണ് അറിയുന്നത് ശ്രീലങ്കൻ ട്രെയിനുകളിൽ ബർത്തില്ലെന്ന കാര്യം. ഇരുന്നുറങ്ങണം. നാലോ അഞ്ചോ ബോഗിയെ ഒരു വണ്ടിയിൽ കാണുന്നുള്ളൂ. ജാഫ്‌നയിൽ മടങ്ങിയെത്തി 'വെൽവെട്ടി തുറ' സന്ദർശിച്ചു . പ്രഭാകരന്റെ നാടാണിത് . അദ്ദേഹം ജനിച്ച വീട് ഇന്ന് ഓർമ്മ മാത്രം. വീടെല്ലാം തകർത്ത് വേലികെട്ടിയിട്ടിരിക്കുന്നു. ശ്രീലങ്കൻ സർക്കാർ ആ ഓർമ്മ പോലും മാച്ച് കളഞ്ഞു എന്ന് പറയാം. തിരികെ ബോട്ടിൽ നാഗപട്ടിണത്തേക്ക് .
ചിലവ് കുറഞ്ഞ ഒരു വിദേശ യാത്ര നടത്തിയ സന്തോഷം മനസ്സിൽ ബാക്കി. ഏജൻസി ഇല്ലാതെ സാധാരണക്കാർക്ക് തീർച്ചയായും ശ്രീലങ്കൻ യാത്ര നടത്താം . 130 പേർ കയറുന്ന ബോട്ടിൽ ഞങ്ങൾ 30 പേരെ ഉണ്ടായിരുന്നുള്ളു. ആളുകൾ അറിഞ്ഞു വരുന്നതേയുള്ളു. യാത്രക്കാർ ഇല്ലാതായാൽ സർവീസ്‌വ നിർത്തി വയ്ക്കാനും സാധ്യത ഉണ്ട്. പിടിച്ചു പറി , മോഷണം ഇവയൊന്നും ശ്രീലങ്കയിൽ ഇല്ല. ആളുകൾക്ക് നല്ല സഹകരണം . പ്രത്യേകിച്ച് ഇന്ത്യ ക്കാരോട്. സാധനങ്ങൾക്ക് തീ പിടിച്ച വിലയാണ്. ഒരു ഇന്ത്യൻ രൂപ കൊടുത്താൽ മൂന്നര ശ്രീലങ്കൻ രൂപ കിട്ടും. ഒരു പാൽചായക്ക് 60 ഇന്ത്യൻ രൂപ ചിലവാകും. ഒരു ലിറ്റർ വെള്ളത്തിനും അത്ര തന്നെ. വിസ്‌തൃതിയിൽ കേരളത്തിന്റെ ഇരട്ടിയോളം എത്തും ശ്രീലങ്ക. എന്നാൽ ജനസംഖ്യ കേരളത്തിന്റെ പകുതിക്കു മുകളിലെ വരുന്നുള്ളു. 111 ബില്യൺ യൂസ് ഡോളർ ആണ് കേരളത്തിന്റെ ജിഡിപി. എന്നാൽ ശ്രീലങ്കയുടേത് 91 ബില്യൺ മാത്രവും. പുലി വിപ്ലവത്തെ കുറിച്ചും, ശ്രീലങ്കൻ ജനതയെ കുറിച്ചും വിസ്തരിച്ച് പറയാനുള്ളതിനാൽ ഈ കുറിപ്പിൽ ചേർക്കുന്നില്ല.
2025 ഏപ്രിൽ 25, വെള്ളിയാഴ്‌ച
പഹൽഗാമിലെ കൂട്ടക്കുരുതി
ഒരിക്കലെങ്കിലും പഹൽഗാമിലെ മലകയറി ന്യൂ സിസ്സർലാൻഡ് എന്നറിയപ്പെടുന്ന ബൈസരൻ പുൽമേടയിൽ പോയിട്ടുള്ളവർ ഞെട്ടലോടെയായിരിക്കും കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കുരുതിയെ കുറിച്ച് ഓർത്തിട്ടുണ്ടാവുക. അത് തങ്ങൾ ആവുമായിരുന്നില്ലേ എന്നോരോരുത്തരും ഉൾകിടിലത്തോടെ ചിന്തിച്ചിട്ടുണ്ടാവും. 2024 ഒക്ടോബറിലെ ഒരു പ്രഭാതത്തിൽ സുഹൃത്തുക്കളായ പ്രകാശിനോടും , കൃഷ്ണകുമാറിനോടും പിന്നെ കാശ്മീരിൽ വച്ച് പരിചയപ്പെട്ട നാലഞ്ചു മലയാളി ചെറുപ്പക്കാരോടും ഒപ്പം ചെങ്കുത്താതായതും വൃക്ഷങ്ങൾ നിറഞ്ഞതുമായ ആ വലിയ പർവ്വതം കുതിരപ്പുറത്തിരുന്നു കയറുമ്പോൾ ഭീകരർ ആക്രമിക്കുമോ എന്ന ഭീതി ഒരിക്കലും മനസിലേക്ക് കടന്നു വന്നില്ല. അത്രക്ക് വിശ്വാസം ആയിരുന്നു പട്ടാളത്തിലും കേന്ദ്ര ഭരണത്തിലും.
വെടിയൊച്ചകൾ നിലച്ച നാളുകളിൽ ധാരാളം യാത്രക്കാർ പ്രാണഭയം ഇല്ലാതെ അവിടേക്ക് വന്നു കൊണ്ടിരുന്നു. എല്ലായിടത്തും നല്ല സുരക്ഷിത ബോധം അനുഭവപ്പെട്ടു. എല്ലാവരും ഉത്സാഹഭരിതരായിരുന്നു. കുതിര വാടകക്ക് കൊടുക്കുന്നവർ, ഹോട്ടലുകാർ, ടൂർ ഗൈഡുകൾ, കർഷകർ, ഡ്രൈവർമാർ, പൂ വിൽക്കുന്നവർ എന്ന് വേണ്ട സമൂഹത്തിലെ ചെറുതും വലുതുമായ എല്ലാവരും ഒത്തൊരുമിച്ച് തിരക്ക് പിടിച്ച ദിവസങ്ങളിൽ തങ്ങളുടെ ജോലിയിൽ ഏർപ്പെട്ടു കൊണ്ടേയിരുന്നു. പക്ഷെ ഒരു കൂട്ടർ മാത്രം ദുഖിതർ ആയിരുന്നു . അത് കശ്മീരിലെ രാഷ്ട്രീയക്കാർ ആയിരുന്നു. ഭരണഘടനയിലെ 370 എന്ന വകുപ്പ് എടുത്ത് കളഞ്ഞതും രാഷ്ട്രപതി ഭരണം നിലനിൽക്കുന്നതും അവരെ അപ്രസക്തർ ആക്കി. ഇന്ത്യയുടെ മുക്കിലും മൂലയിലും ജനാധിപത്യം തകർന്നു എന്ന് പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെ മുറവിളി കൂട്ടി അവസാനം തിരഞ്ഞെടുപ്പ് നടത്തിച്ചു അവർ ഭരണത്തിൽ വന്നു. അതോടെ പട്ടാളത്തിന്റെ പിടി അൽപ്പം അയഞ്ഞു. ഭീകരർക്ക് അത് വലിയ അവസരം ആയി. അവർ തോക്കുമായി മലയിറങ്ങി വന്ന് പത്ത് മുപ്പതോളം വരുന്ന സഞ്ചാരികളെ വെടി വച്ച് കൊന്നു. ഇന്ത്യയിലെ ജനങ്ങൾ തരിച്ചു നിന്ന നിമിഷം. വിശ്വസിക്കാനാവാതെ ഓരോരുത്തരും മുഖാമുഖം നോക്കി.
കാശ്മീരിൽ കൂടുതൽ ആയി കാണുക മുസ്ലീങ്ങളെ ആണ്. നല്ല സ്നേഹ സമ്പന്നർ ആയ ഭായിമാർ ആണവർ. തന്റെ കസ്റ്റമറെ ഭീകരനിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചു രക്ത സാക്ഷിയായ ആദിലിനെ പോലെ. മുസ്ലീമായ ഞങ്ങളുടെ ഡ്രൈവറിൽ പണ്ഡിറ്റ് വിരോധം ഉണ്ടോ എന്നറിയാൻ നടത്തിയ ചോദ്യത്തിന് കിട്ടിയ മറുപടി " ഭായി അവർ ഞങ്ങൾക്ക് സഹോദരങ്ങൾ ആണ്. വീണ്ടും അവർ ഈ വാലിയിലേക്ക് വരാൻ ഞങ്ങൾ കാത്തിരിക്കുക ആണ്. ഭീകരർ ഒതുങ്ങിയ ഈ അന്തരീക്ഷത്തിൽ ഇനി അവർ മടങ്ങി വരും " എന്ന പ്രതീക്ഷയാണ് അയാൾ പങ്കു വച്ചത് .
എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ കാശ്മീരിനെ പ്രതിയുള്ള വർഗീയ സംഘർഷങ്ങൾ നടക്കുന്നു. കശ്മീരിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ, അവിടെ ഒരു കുഴപ്പവും ഇല്ല എന്ന് പറയാതെ ബന്ധപ്പെട്ടവരെ ചർച്ചക്ക് വിളിച്ച് പ്രശ്നം പരിഹരിക്കാനാണ് പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കേന്ദ്രത്തിനു കൊടുക്കുന്ന താക്കീത് . പാകിസ്ഥാനും, ഭീകരരും ഇതേ താക്കീതാണ് ഇന്ത്യക്ക് കൊടുക്കുന്നത്. 370-)0 വകുപ്പ് പുനർസ്ഥാപിക്കണം എന്നാണ് അവരുടെ ആവശ്യം. ചിലർക്ക് ഈ കൊലക്കു പിന്നിൽ RSS ആണ് എന്ന അഭിപ്രായവും ഉണ്ട്. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി ആകുന്ന കാര്യങ്ങൾ വരുമ്പോൾ ഇടുങ്ങിയ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി ശ്രമിക്കാതെ സർക്കാരിനോട് ചേർന്ന് നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കുക ആണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടത്. അല്ലെങ്കിൽ ഭരണം ഇനി ഒരിക്കലും രുചിക്കാൻ പറ്റാത്ത മധുരക്കനിയായി അവശേഷിക്കും.
2025 മാർച്ച് 30, ഞായറാഴ്‌ച
ഇസ്ലാമോഫോബിയ
ഇസ്ലാം മത വിശ്വാസികൾ ആയ ആളുകൾ ഇന്ന് ലോകത്ത് നേരിടുന്ന വിവേചനത്തിന്റെ, ഒറ്റപ്പെട ലിന്റെ , ഇഷ്ടക്കുറവിന്റെ ഒക്കെ പര്യായ പദമാണ് ഇസ്ലാമോഫോബിയ. ഇതിനെതിരെ ശക്തമായ പ്രചരണങ്ങളും, ചെറുത്ത് നിൽപ്പും ഇസ്ലാം ജനതയും അവരോട് ആത്മബന്ധം പുലർത്തുന്ന പരിഷ്‌കൃത സമൂഹവും ലോകമെമ്പാടും തന്നെ ഉയർത്തിക്കൊണ്ടു വരുന്നുണ്ടെങ്കിലും നാളുകൾ ചെല്ലുംതോറും ഇസ്ലാമോഫോബിയ കൂടിക്കൂടിവരുക ആണ് ചെയ്യുന്നത്. അതിനാൽ ഇതിനെ കുറിച്ച് ഒരു വിലയിരുത്തൽ അനിവാര്യമാണെന്ന് തോന്നുന്നു.
ഒരു ജനത എന്ന നിലയിൽ മറ്റു ജനവിഭാഗങ്ങളിൽ നിന്ന് വിവേചനവും , വെറുപ്പും നേരിടേണ്ടി വന്ന ആദ്യത്തെ സമൂഹം ജൂത സമൂഹം ആണെന്ന് തോന്നുന്നു. യഹൂദനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഷേക്സ്പിയർ അനശ്വരമാക്കിയ ഷൈലോക്കിന്റെ ചിത്രമാണ് നമ്മുടെ മുമ്പിൽ. യഹൂദന്മാർ നല്ല ബുദ്ധിയുള്ളവരും , കഠിനാധ്വാനികളും, ധനികരും ഒപ്പം വംശ സ്നേഹത്താൽ അന്ധരും ആയിരുന്നു. യഹൂദനെക്കുറിച്ച് ജർമ്മൻ സമൂഹത്തിൽ വെറുപ്പ് കുത്തി വയ്ക്കാൻ ഹിറ്റ്ലർക്ക് ഇതൊക്കെ ധാരാളം മതിയായിരുന്നു. എന്നാൽ ഇസ്ലാമിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. യഹൂദന്മാരെപ്പോലെ ഒരു വംശം അല്ല അവർ . ഇസ്‌ലാം മതത്തിൽ പല ഗോത്രങ്ങളും , വംശങ്ങളും ഒക്കെയുണ്ട്. എന്നാൽ ഇവരെയെല്ലാം തന്നെ ബന്ധിക്കുന്ന രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന് ഖുർആനും മറ്റൊന്ന് അറബി ഭാഷയും. ലോകത്തെവിടെയും മാറ്റമില്ലാതെ ആചാരങ്ങളും, പ്രാർത്ഥനകളും ഒക്കെ നടത്താൻ ഇത് മൂലം അവർക്ക് സാധിക്കുന്നു. അങ്ങനെ ഒരു ജനതയായി ലോക മുസ്‌ലിം മാറുന്നു. വസ്ത്രധാരണം മുതൽ ഭക്ഷണം വരെയുള്ള ചെറുതും വലുതുമായ കാര്യങ്ങളിൽ മറ്റു വിഭാഗക്കാരിൽ നിന്നും വ്യത്യസ്തമായ ഒരു ഐഡന്റിറ്റി അവർ നിലനിർത്തുന്നു.
ഇങ്ങനെ ഒക്കെയാണെങ്കിലും ഇന്ന് ലോകത്ത് ഇസ്‌ലാം മതം ആളുകളിൽ ഭീതി ജനിപ്പിക്കുന്നുണ്ട്. അതിനു കാരണം ഇസ്ലാം മത വിശ്വാസികൾ ആയ എണ്ണമറ്റ ഭീകര സംഘടനകൾ ആണ്. മിക്കവാറും മൂന്നാം ലോക രാജ്യങ്ങളിൽ ആണ് ഇസ്ലാമിന് വേരുകൾ കൂടുതൽ ഉള്ളത്. അറേബിയൻ , ആഫ്രിക്കൻ രാജ്യങ്ങളിൽ ഐ എസ് ഐ എസ് പോലുള്ള ഭീകര സംഘടനകൾ വിതച്ച നാശം ഇസ്ലാമിതര സമൂഹത്തിൽ ഉണ്ടാക്കിയ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. അമേരിക്കയിലെ ട്വിൻ ടവർ ആക്രമണവും മറ്റും ഭീകര സംഘടനകളോടുള്ള ഭയവും വെറുപ്പും കൂട്ടുകയാണുണ്ടായത് . ഈ ഭീകര സംഘടനകൾ എല്ലാം ഇസ്ലാം മത വിശ്വാസികളും അവരുടെ ആക്രമണങ്ങൾ മത നിയമങ്ങൾ ഉയർത്തി കാട്ടിയും ഒക്കെ ആയതോടെ പ്രതി സ്ഥാനത്ത് ഇസ്ലാം മതം പ്രതിഷ്ഠിക്കപ്പെട്ടു. ഏറ്റവും അധികം മുസ്ലീങ്ങൾ തിങ്ങി പാർക്കുന്ന ഇന്ത്യയിൽ സ്വാഭാവികമായും ഈ വെറുപ്പും ഭയവും കടന്നു കൂടി.എന്നാൽ ഫലപ്രദമായ രീതിയിൽ ഇതിനെ നേരിടാൻ മത പണ്ഡിതൻമാർ തയ്യാറാകാതിരിക്കുകയും , പലപ്പോഴും അതിനെ ന്യായീകരിക്കുന്ന രീതിയിൽ മൗനം തുടരുകയും ചെയ്തതോടെ ഈ ഭീതിയും വെറുപ്പും വർധിക്കുക ആണുണ്ടായത്. അതിനെ രാഷ്ട്രീയമായി ഉപയോഗപെടുത്തിയ പാർട്ടികൾക്ക് ഭരണവും , ഭരണ തുടർച്ചയും ഒക്കെ കൈവന്നു.
നാം പോലും അറിയാതെ ആണ് നമ്മുടെ മത വിശ്വാസം മറ്റുള്ളവർക്ക് പലപ്പോഴും പ്രശ്നമായി മാറുന്നത്. അതിൽ ഒന്നാണ് ഏക ദൈവ വിശ്വാസം. ക്രിസ്ത്യാനികളും മുസ്‌ലിംങ്ങളും ഏക ദൈവ വിശ്വാസികൾ ആണെങ്കിലും അപ്പോസ്തോലിക ക്രിസ്ത്യൻ സമൂഹങ്ങൾ ഇത് ഉറക്കെ വിളിച്ച് പറയാറില്ല. പള്ളിക്കകത്തോ ,വീട്ടിലോ ഉള്ള പ്രാർത്ഥനാവേളകളിൽ മാത്രമായി ഇത് ചുരുങ്ങുന്നു. എന്നാൽ ഇസ്ലാം മത വിശ്വാസികൾ അത് ഉറക്കെ വിളിച്ച് പറയുന്നു. വലിയ കോളാമ്പികൾ വച്ച് കെട്ടി അഞ്ചു നേരവും ലോകത്തോട് വിളംബരം ചെയ്യുന്നത് അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ലെന്നാണ്. മറ്റു ദൈവങ്ങളിൽ വിശ്വസിക്കുന്ന ഇസ്ലാമിതര സമൂഹം അത് കേട്ടിരുന്നെങ്കിലും അറബിയിൽ വിളിച്ച് പറയുന്നതെന്തെന്നറിയാത്തതിനാൽ അതവർ ഒരാചാരം മാത്രമായി കണ്ടു. എന്നാൽ ഇസ്ലാം വിമർശകർ ആയ എക്സ് മുസ്ലീമുകൾ രംഗത്ത് വന്നപ്പോൾ അറബി പദങ്ങളുടെ അർത്‌ഥം വ്യാഖ്യാനിച്ച് കൊടുത്തതോടു കൂടി ഇസ്ലാമിനോടുള്ള അനിഷ്ടം ഉടലെടുക്കാൻ ഇടയായി. മറ്റൊരു വിഷയമായി എക്സ് മുസ്ലീങ്ങൾ ചൂണ്ടി കാണിക്കുന്നത് ഇസ്ലാമിലെ ശാപ പ്രാർത്ഥന ആണ്. ദുഷ്ടന്മാരായ ക്രിസ്ത്യാനികളിൽ നിന്നും , യഹൂദന്മാരിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന പ്രാർത്ഥന ദിവസത്തിൽ പല പ്രാവശ്യം അർത്ഥമറിയാതെയാണെങ്കിലും ഇസ്ലാം മതവിശ്വാസികൾ നടത്തുന്നുണ്ട് എന്നറിയുമ്പോൾ ഒരിഷ്ടക്കേട് ഇസ്ലാമിക സമൂഹത്തോട് ഉണ്ടാവുക സ്വാഭാവികമാണ്. ക്രിസ്ത്യൻ പ്രാർത്ഥനകളിലും യേശുവിനെ കുരിശിൽ തറച്ചവരായ യഹൂദന്മാർക്കെതിരെ ഇത്തരം ശാപ പ്രാർത്ഥനകൾ ഉണ്ടായിരുന്നു. എന്നാൽ പരിഷ്‌കൃത സമൂഹത്തിൽ അവ തെറ്റാണെന്നു മനസിലാക്കി ക്രിസ്ത്യൻ പ്രാർത്ഥനാക്രമങ്ങളിൽ നിന്ന് അവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. നന്മ ചെയ്തത് കൊണ്ട് മാത്രമായില്ല , അല്ലാഹുവിൽ വിശ്വസിച്ചാലേ സ്വർഗത്തിൽ പോകൂ , ഗാന്ധിയും മദർ തെരേസയും നരകത്തിൽ തന്നെ, എന്ന കാഫിറുകളോടുള്ള നിലപാടുകളും ഇസ്ലാമിനെ മറ്റു വിഭാഗങ്ങളിൽ അനഭിമതർ ആക്കുക ആണ് ചെയ്തത് . ഇസ്ലാം ക്രിസ്ത്യൻ സമൂഹത്തിന്റെ ആഘോഷങ്ങൾ തങ്ങളുടെ ആഘോഷമാക്കി എടുത്തിരുന്ന ഹൈന്ദവർ ഇസ്ലാമിക സമൂഹത്തിൽ നിലവിളക്കിനോട് പോലും കാണിക്കുന്ന മത കാർക്കശ്യം കണ്ടു അസ്വസ്ഥരാവുന്നുണ്ട്. എന്നാൽ ഇതെല്ലാം മത നിയമങ്ങൾ ആണെന്നും , ലോകാവസാനം വരെ ഇതിൽ മാറ്റം വരുത്താൻ സാധിക്കില്ല എന്ന് പറയുകയും ചെയ്യുന്നതിലൂടെ ഇസ്‌ലാം സ്വയം ഒരു വലിയ പ്രതിസന്ധിയിൽ എത്തി ചേരുകയാണ് . ഈ നിസ്സഹായാവസ്ഥ രാഷ്ട്രീയമായി ചൂഷണം ചെയ്യപ്പെടുകയും ഇസ്ലാമിന് നേരെ തന്നെ പ്രയോഗിക്കുകയും ചെയ്യുന്നതാണ് നാമിപ്പോൾ ഇസ്ലാമോഫോബിയയുടെ രൂപത്തിൽ കാണുന്നത്.
2025 മാർച്ച് 5, ബുധനാഴ്‌ച
ോകത്തെ വിഴുങ്ങുന്ന മുതലാളിത്തം
ലോകത്തെ വിഴുങ്ങുന്ന മുതലാളിത്തം
മുതലാളിത്തം ലോക ജനതയെ ഒന്നാകെ വിഴുങ്ങി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇന്ന് ലോകത്ത് മുതലാളിത്തത്തിന്റെ പ്രത്യക്ഷ മുഖം അമേരിക്ക ആണ്. ട്രംപ് രണ്ടാം തവണയും ഭരണത്തിൽ വന്നതോടെ സാമാന്യ യുക്തിയെ പോലും കളിയാക്കുന്ന തീരുമാനങ്ങൾ അവർ കൈക്കൊള്ളാൻ തുടങ്ങി. ഗാസയിലും ഉക്രൈനിലും ആണ് ഇതേറ്റവും കൂടുതൽ പ്രകടമാകുന്നത്. ഇസ്രയേലും ഗാസക്കാരും സമാധാനത്തോടെ ജീവിക്കുന്ന ഒരു ലോകം ലോക ജനത സ്വപ്നം കണ്ടപ്പോൾ ഇസ്രയേലിനെ പോലും അമ്പരപ്പിച്ച് കൊണ്ട് ട്രമ്പിലെ മുതലാളി ഗാസക്കാരെ ഒഴിപ്പിച്ച് പകരം അവിടെ റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്. ഉക്രൈനിൽ അമേരിക്കയുടെ ആശീർവാദത്തോടെ റഷ്യക്കെതിരെ നടക്കുന്ന ചെറുത്തു നിൽപ്പ് പുട്ടിനിലെ വെട്ടിപിടുത്തക്കാരനെതിരെ ഉള്ളതായി ലോക ജനത നോക്കികണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കാനും റഷ്യ പിടിച്ച സ്ഥലങ്ങൾ ഒക്കെ അവർക്കു വിട്ടുകൊടുക്കാനും ഇത്രയും നാൾ നൽകിയ സഹായത്തിന്റെ പേരിൽ ഉക്രൈന്റെ പ്രകൃതി വിഭവങ്ങളുടെ അമ്പതു ശതമാനം കൈമാറാനും ആണ് ട്രംപ് പറയുന്നത്. മുതലാളിത്തത്തിന്റെ തീരുമാനങ്ങൾ ലാഭത്തിന്റേതുമാത്രമാണ്.കണ്ണീരിനും നെടുവീർപ്പുകൾക്കും അവിടെ സ്ഥാനമില്ല.
മുതലാളിത്തം ഒരു യാഥാർഥ്യം ആണ്. സോഷ്യലിസം ഒരിക്കലും നടക്കാത്ത ഒരു സ്വപ്നവും. മുതലാളിത്തത്തിനെ ഒഴിവാക്കുക അസാധ്യം ആണ്. കാരണം അതിന്റെ അടിസ്ഥാന പ്രമാണം ആർത്തിയാണ്. അത് ആവട്ടെ മനുഷ്യന്റെ കൂടെപ്പിറപ്പും. കൂടെയുള്ളവനെ പറ്റിച്ച് , ചൂഷണം ചെയ്ത് സമ്പന്നനാകാൻ ശ്രമിക്കുന്ന നമ്മളോരോരുത്തരും ആണ് മുതലാളിത്തത്തിന്റെ കാലാളുകൾ. ഇതിന്റെ വലിയ പതിപ്പാണ് അമേരിക്ക. നമ്മൾ ഓരോരുത്തരിലും ഒരു ചെറിയ അമേരിക്ക ഉണ്ട് എന്നോർക്കേണ്ടതുണ്ട് . ഭരണത്തിലും, പ്രതിപക്ഷത്തും ഇരിക്കുന്ന രഷ്ട്രീയക്കാർക്ക് മുതലാളിത്തത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനേ കഴിയുന്നുള്ളു. രാജ്യത്തിൻറെ തിരഞ്ഞെടുപ്പിൽ പോലും ഫണ്ട് നൽകി മുതലാളിത്ത രാജ്യങ്ങൾ ഇടപെടുന്നുണ്ടെന്നത് ഭീതി പെടുത്തുന്നുണ്ടെങ്കിലും സത്യമാണ്. ഇലക്ഷൻ കഴിയുമ്പോൾ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ മാറ്റി വച്ച് മുതലാളിത്തത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഭരണ കർത്താക്കൾ നയരൂപീകരണം നടത്തുന്നത് നിവർത്തികേടുകൊണ്ടു മാത്രമല്ല മുതലാളിത്തത്തിന്റെ ഭാഗമായത് കൊണ്ട് കൂടിയാണ്.
ആധൂനിക ലോകം നിയന്ത്രിക്കുന്നത് ആഗോള കുത്തകകൾ ആണ്. എല്ലാ രംഗത്തും അവർ ഇടപെടുന്നു. നമ്മുടെ വിദ്യാഭ്യാസ രീതികൾ തന്നെ ഈ ഇടപെടലിന് നല്ല ഉദാഹരണമാണ്. എന്താണ് കോളേജുകളിലും , സ്‌കൂളുകളിലും വിദ്യാർത്ഥികൾ പഠിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതും അവരാണ്. തങ്ങളുടെ കച്ചവട താൽപ്പര്യങ്ങൾ സംരക്ഷിക്കും വിധം ഗവേഷണം എങ്ങനെ ആയിരിക്കണം, എന്താണ് കണ്ടെത്തേണ്ടത് എന്നും അവർ നിശ്ചയിക്കും. ഫണ്ട് നൽകിയും, പാവ സർക്കാരുകളെ നിയന്ത്രിച്ചും ആണ് ഇവർ ഇത് ചെയ്യുന്നത്. സിനിമാ നടന്മാരെയും ക്രിക്കെറ്റ് ദൈവങ്ങളെയും ഉപയോഗിച്ച് പരസ്യം നൽകി , ഏതു പേസ്റ്റ് ഉപയോഗിക്കണം, ഏതു സോപ്പ് ആരോഗ്യകരം എന്ന് തുടങ്ങി എന്ത് ഭക്ഷിക്കണം, എന്ത് വസ്ത്രം ധരിക്കണം എന്നതിലും അവർ ഇടപെടുന്നു. ആരോഗ്യരംഗത്തു് അവർ നടത്തുന്ന കണ്ണിൽ ചോരയില്ലാത്ത കച്ചവടത്തിന് ലോകത്ത് എല്ലാവരും ഇരയാണെകിലും മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളെ ആണ് ഇത് കൂടുതൽ ബാധിക്കുന്നത് . പല രോഗങ്ങളും മാർക്കറ്റിൽ ലഭിക്കുന്ന ഫാക്ടറി ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണെന്നു മുതലാളിത്തത്തിന്റെ ഫണ്ട് വാങ്ങിക്കാത്ത സ്വതന്ത്ര ഗവേഷകർ പറയുമ്പോൾ അവരെ സ്യൂഡോ ശാസ്ത്രജ്ഞൻ മാർ എന്ന് മുദ്രകുത്തി തദ്ദേശീയരായ ശാസ്ത്ര ജിഹാദി സേനയെ വച്ച് നേരിടുകയാണ് ഇവർ ചെയ്യുന്നത്.
മുതലാളിത്തം ഇല്ലാതാക്കാൻ കഴിയില്ല . എന്നാൽ നിയന്ത്രിക്കാൻ കഴിയും. അന്ധവും , ജഡിലവുമായ മത , രാഷ്ട്രീയ വിശ്വാസങ്ങളിൽ തളച്ചിടപ്പെടാതെ സ്വതന്ത്രമായ ബുദ്ധിയോടെ രാജ്യകാര്യങ്ങളിൽ ഇടപെടുകയും നിലവിലുള്ള രാഷ്ട്രീയ നാടകങ്ങളെ നിയന്ത്രിക്കാൻ തയ്യാറാവുകയും ചെയ്‌താൽ ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഭരണ സംവിധാനം കൊണ്ട് വരാൻ നമുക്ക് കഴിയും. അപ്പോൾ മാത്രമേ മുതലാളിത്തത്തെ വരുതിയിൽ കൊണ്ട് വരാൻ കഴിയൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)