കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2025, മാർച്ച് 30, ഞായറാഴ്‌ച
ഇസ്ലാമോഫോബിയ
ഇസ്ലാം മത വിശ്വാസികൾ ആയ ആളുകൾ ഇന്ന് ലോകത്ത് നേരിടുന്ന വിവേചനത്തിന്റെ, ഒറ്റപ്പെട ലിന്റെ , ഇഷ്ടക്കുറവിന്റെ ഒക്കെ പര്യായ പദമാണ് ഇസ്ലാമോഫോബിയ. ഇതിനെതിരെ ശക്തമായ പ്രചരണങ്ങളും, ചെറുത്ത് നിൽപ്പും ഇസ്ലാം ജനതയും അവരോട് ആത്മബന്ധം പുലർത്തുന്ന പരിഷ്‌കൃത സമൂഹവും ലോകമെമ്പാടും തന്നെ ഉയർത്തിക്കൊണ്ടു വരുന്നുണ്ടെങ്കിലും നാളുകൾ ചെല്ലുംതോറും ഇസ്ലാമോഫോബിയ കൂടിക്കൂടിവരുക ആണ് ചെയ്യുന്നത്. അതിനാൽ ഇതിനെ കുറിച്ച് ഒരു വിലയിരുത്തൽ അനിവാര്യമാണെന്ന് തോന്നുന്നു.
ഒരു ജനത എന്ന നിലയിൽ മറ്റു ജനവിഭാഗങ്ങളിൽ നിന്ന് വിവേചനവും , വെറുപ്പും നേരിടേണ്ടി വന്ന ആദ്യത്തെ സമൂഹം ജൂത സമൂഹം ആണെന്ന് തോന്നുന്നു. യഹൂദനെ കുറിച്ച് കേൾക്കുമ്പോൾ തന്നെ ഷേക്സ്പിയർ അനശ്വരമാക്കിയ ഷൈലോക്കിന്റെ ചിത്രമാണ് നമ്മുടെ മുമ്പിൽ. യഹൂദന്മാർ നല്ല ബുദ്ധിയുള്ളവരും , കഠിനാധ്വാനികളും, ധനികരും ഒപ്പം വംശ സ്നേഹത്താൽ അന്ധരും ആയിരുന്നു. യഹൂദനെക്കുറിച്ച് ജർമ്മൻ സമൂഹത്തിൽ വെറുപ്പ് കുത്തി വയ്ക്കാൻ ഹിറ്റ്ലർക്ക് ഇതൊക്കെ ധാരാളം മതിയായിരുന്നു. എന്നാൽ ഇസ്ലാമിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. യഹൂദന്മാരെപ്പോലെ ഒരു വംശം അല്ല അവർ . ഇസ്‌ലാം മതത്തിൽ പല ഗോത്രങ്ങളും , വംശങ്ങളും ഒക്കെയുണ്ട്. എന്നാൽ ഇവരെയെല്ലാം തന്നെ ബന്ധിക്കുന്ന രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന് ഖുർആനും മറ്റൊന്ന് അറബി ഭാഷയും. ലോകത്തെവിടെയും മാറ്റമില്ലാതെ ആചാരങ്ങളും, പ്രാർത്ഥനകളും ഒക്കെ നടത്താൻ ഇത് മൂലം അവർക്ക് സാധിക്കുന്നു. അങ്ങനെ ഒരു ജനതയായി ലോക മുസ്‌ലിം മാറുന്നു. വസ്ത്രധാരണം മുതൽ ഭക്ഷണം വരെയുള്ള ചെറുതും വലുതുമായ കാര്യങ്ങളിൽ മറ്റു വിഭാഗക്കാരിൽ നിന്നും വ്യത്യസ്തമായ ഒരു ഐഡന്റിറ്റി അവർ നിലനിർത്തുന്നു.
ഇങ്ങനെ ഒക്കെയാണെങ്കിലും ഇന്ന് ലോകത്ത് ഇസ്‌ലാം മതം ആളുകളിൽ ഭീതി ജനിപ്പിക്കുന്നുണ്ട്. അതിനു കാരണം ഇസ്ലാം മത വിശ്വാസികൾ ആയ എണ്ണമറ്റ ഭീകര സംഘടനകൾ ആണ്. മിക്കവാറും മൂന്നാം ലോക രാജ്യങ്ങളിൽ ആണ് ഇസ്ലാമിന് വേരുകൾ കൂടുതൽ ഉള്ളത്. അറേബിയൻ , ആഫ്രിക്കൻ രാജ്യങ്ങളിൽ ഐ എസ് ഐ എസ് പോലുള്ള ഭീകര സംഘടനകൾ വിതച്ച നാശം ഇസ്ലാമിതര സമൂഹത്തിൽ ഉണ്ടാക്കിയ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. അമേരിക്കയിലെ ട്വിൻ ടവർ ആക്രമണവും മറ്റും ഭീകര സംഘടനകളോടുള്ള ഭയവും വെറുപ്പും കൂട്ടുകയാണുണ്ടായത് . ഈ ഭീകര സംഘടനകൾ എല്ലാം ഇസ്ലാം മത വിശ്വാസികളും അവരുടെ ആക്രമണങ്ങൾ മത നിയമങ്ങൾ ഉയർത്തി കാട്ടിയും ഒക്കെ ആയതോടെ പ്രതി സ്ഥാനത്ത് ഇസ്ലാം മതം പ്രതിഷ്ഠിക്കപ്പെട്ടു. ഏറ്റവും അധികം മുസ്ലീങ്ങൾ തിങ്ങി പാർക്കുന്ന ഇന്ത്യയിൽ സ്വാഭാവികമായും ഈ വെറുപ്പും ഭയവും കടന്നു കൂടി.എന്നാൽ ഫലപ്രദമായ രീതിയിൽ ഇതിനെ നേരിടാൻ മത പണ്ഡിതൻമാർ തയ്യാറാകാതിരിക്കുകയും , പലപ്പോഴും അതിനെ ന്യായീകരിക്കുന്ന രീതിയിൽ മൗനം തുടരുകയും ചെയ്തതോടെ ഈ ഭീതിയും വെറുപ്പും വർധിക്കുക ആണുണ്ടായത്. അതിനെ രാഷ്ട്രീയമായി ഉപയോഗപെടുത്തിയ പാർട്ടികൾക്ക് ഭരണവും , ഭരണ തുടർച്ചയും ഒക്കെ കൈവന്നു.
നാം പോലും അറിയാതെ ആണ് നമ്മുടെ മത വിശ്വാസം മറ്റുള്ളവർക്ക് പലപ്പോഴും പ്രശ്നമായി മാറുന്നത്. അതിൽ ഒന്നാണ് ഏക ദൈവ വിശ്വാസം. ക്രിസ്ത്യാനികളും മുസ്‌ലിംങ്ങളും ഏക ദൈവ വിശ്വാസികൾ ആണെങ്കിലും അപ്പോസ്തോലിക ക്രിസ്ത്യൻ സമൂഹങ്ങൾ ഇത് ഉറക്കെ വിളിച്ച് പറയാറില്ല. പള്ളിക്കകത്തോ ,വീട്ടിലോ ഉള്ള പ്രാർത്ഥനാവേളകളിൽ മാത്രമായി ഇത് ചുരുങ്ങുന്നു. എന്നാൽ ഇസ്ലാം മത വിശ്വാസികൾ അത് ഉറക്കെ വിളിച്ച് പറയുന്നു. വലിയ കോളാമ്പികൾ വച്ച് കെട്ടി അഞ്ചു നേരവും ലോകത്തോട് വിളംബരം ചെയ്യുന്നത് അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ലെന്നാണ്. മറ്റു ദൈവങ്ങളിൽ വിശ്വസിക്കുന്ന ഇസ്ലാമിതര സമൂഹം അത് കേട്ടിരുന്നെങ്കിലും അറബിയിൽ വിളിച്ച് പറയുന്നതെന്തെന്നറിയാത്തതിനാൽ അതവർ ഒരാചാരം മാത്രമായി കണ്ടു. എന്നാൽ ഇസ്ലാം വിമർശകർ ആയ എക്സ് മുസ്ലീമുകൾ രംഗത്ത് വന്നപ്പോൾ അറബി പദങ്ങളുടെ അർത്‌ഥം വ്യാഖ്യാനിച്ച് കൊടുത്തതോടു കൂടി ഇസ്ലാമിനോടുള്ള അനിഷ്ടം ഉടലെടുക്കാൻ ഇടയായി. മറ്റൊരു വിഷയമായി എക്സ് മുസ്ലീങ്ങൾ ചൂണ്ടി കാണിക്കുന്നത് ഇസ്ലാമിലെ ശാപ പ്രാർത്ഥന ആണ്. ദുഷ്ടന്മാരായ ക്രിസ്ത്യാനികളിൽ നിന്നും , യഹൂദന്മാരിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ എന്ന പ്രാർത്ഥന ദിവസത്തിൽ പല പ്രാവശ്യം അർത്ഥമറിയാതെയാണെങ്കിലും ഇസ്ലാം മതവിശ്വാസികൾ നടത്തുന്നുണ്ട് എന്നറിയുമ്പോൾ ഒരിഷ്ടക്കേട് ഇസ്ലാമിക സമൂഹത്തോട് ഉണ്ടാവുക സ്വാഭാവികമാണ്. ക്രിസ്ത്യൻ പ്രാർത്ഥനകളിലും യേശുവിനെ കുരിശിൽ തറച്ചവരായ യഹൂദന്മാർക്കെതിരെ ഇത്തരം ശാപ പ്രാർത്ഥനകൾ ഉണ്ടായിരുന്നു. എന്നാൽ പരിഷ്‌കൃത സമൂഹത്തിൽ അവ തെറ്റാണെന്നു മനസിലാക്കി ക്രിസ്ത്യൻ പ്രാർത്ഥനാക്രമങ്ങളിൽ നിന്ന് അവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. നന്മ ചെയ്തത് കൊണ്ട് മാത്രമായില്ല , അല്ലാഹുവിൽ വിശ്വസിച്ചാലേ സ്വർഗത്തിൽ പോകൂ , ഗാന്ധിയും മദർ തെരേസയും നരകത്തിൽ തന്നെ, എന്ന കാഫിറുകളോടുള്ള നിലപാടുകളും ഇസ്ലാമിനെ മറ്റു വിഭാഗങ്ങളിൽ അനഭിമതർ ആക്കുക ആണ് ചെയ്തത് . ഇസ്ലാം ക്രിസ്ത്യൻ സമൂഹത്തിന്റെ ആഘോഷങ്ങൾ തങ്ങളുടെ ആഘോഷമാക്കി എടുത്തിരുന്ന ഹൈന്ദവർ ഇസ്ലാമിക സമൂഹത്തിൽ നിലവിളക്കിനോട് പോലും കാണിക്കുന്ന മത കാർക്കശ്യം കണ്ടു അസ്വസ്ഥരാവുന്നുണ്ട്. എന്നാൽ ഇതെല്ലാം മത നിയമങ്ങൾ ആണെന്നും , ലോകാവസാനം വരെ ഇതിൽ മാറ്റം വരുത്താൻ സാധിക്കില്ല എന്ന് പറയുകയും ചെയ്യുന്നതിലൂടെ ഇസ്‌ലാം സ്വയം ഒരു വലിയ പ്രതിസന്ധിയിൽ എത്തി ചേരുകയാണ് . ഈ നിസ്സഹായാവസ്ഥ രാഷ്ട്രീയമായി ചൂഷണം ചെയ്യപ്പെടുകയും ഇസ്ലാമിന് നേരെ തന്നെ പ്രയോഗിക്കുകയും ചെയ്യുന്നതാണ് നാമിപ്പോൾ ഇസ്ലാമോഫോബിയയുടെ രൂപത്തിൽ കാണുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ