2025, മേയ് 15, വ്യാഴാഴ്‌ച

പാളിപ്പോയ പുലിവിപ്ലവം

ശ്രീലങ്കയിലെ ആഭ്യന്തര കലാപം കണ്ണീരിന്റെയും, ഭീതിയുടെയും കഥ കൂടിയാണ്. ഇതിനു തുടക്കം കുറിച്ചത് ശ്രീലങ്കൻ തമിഴർ ആണ്. എന്നാൽ കാരണക്കാർ ആയത് സിംഹള ഭരണാധികാരികളും. 1975 ൽ 'ആൽഫ്രഡ്‌ ദുരൈ' എന്ന ജാഫ്‌ന മേയറുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് കൊണ്ട് വേലുപ്പിള്ള പ്രഭാകരൻ തന്നെ ആണ് അത് ഉൽഘാടനം ചെയ്തത്. തമിഴനായിരുന്നിട്ടും സിംഹളരുടെ തോഴനായി, തമിഴ് താൽപ്പര്യങ്ങളെ ബലികഴിക്കുന്നു എന്നായിരുന്നു ആരോപണം. തമിഴരും സിംഹളരും ആണ് ശ്രീലങ്കയിലെ പ്രധാന ജനവിഭാഗങ്ങൾ. രണ്ടു കൂട്ടരും ഇന്ത്യയിൽ നിന്ന് വന്നവർ. തമിഴരിൽ ശ്രീലങ്കൻ തമിഴരും ഇന്ത്യൻ തമിഴരും ഉണ്ട്. ശ്രീലങ്കൻ തമിഴർക്ക് സിംഹളർക്കൊപ്പം 2500 വർഷത്തെ പഴക്കം ഉണ്ട് . എന്നാൽ ഇന്ത്യൻ തമിഴർ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് ബ്രിട്ടീഷുകാർക്ക് വേണ്ടി തോട്ടപ്പണികൾക്കായി എത്തിയവരാണ്. താഴ്ന്ന ജാതിക്കാരും വിദ്യാഭ്യാസം ഇല്ലാത്തവരുമായ ഇന്ത്യൻ തമിഴരെ ശ്രീലങ്കൻ തമിഴർ എന്നും അകറ്റി നിർത്തിയിരുന്നു. തമിഴ് സംസാരിക്കുന്ന മുസ്‌ലിം ജനതയും ഇവിടെയുണ്ട്. ഇവർക്ക് അറബി പൈതൃകം ഉള്ളതിനാൽ 'മൂറുകൾ 'എന്നാണ് അറിയപ്പെടുന്നത്. അത് പോലെ തന്നെ യൂറോപ്യൻ പൈതൃകം ഉള്ള നമ്മുടെ ആംഗ്ലോ ഇന്ത്യൻ വിഭാഗം പോലെ 'ബെർഗുകൾ' എന്നറിയപ്പെടുന്ന ഒരു കൂട്ടരും ഉണ്ട് . ഇവരുടെ കൂടെ ശ്രീലങ്കയുടെ ആദിവാസി വിഭാഗമായ വേടന്മാരും ചേർന്നാൽ ശ്രീലങ്കൻ ജനതയായി. യൂറോപിയൻ അധിനിവേശക്കാലത്ത് ശ്രീലങ്കൻ തമിഴർ മിഷനറി സ്‌കൂളുകളിലും മറ്റും പഠിച്ച് സർക്കാർ പദവികളിലും അധികാര കേന്ദ്രങ്ങളിലും എത്തപ്പെട്ട് സമൂഹത്തിൽ നല്ല സ്വാധീനം ഉറപ്പിച്ചിരുന്നു. ഇത് ഭൂരിഭാഗക്കാരായ സിംഹളർ മുറുമുറുപ്പോടെയാണ് കണ്ടിരുന്നത്. 1948 ൽ ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ കഥയാകെ മാറി. 101 അംഗ പാർലമെൻറിൽ 67 പേരും സിംഹളർ ആയിരുന്നു. ഭൂരിപക്ഷ സിംഹള സർക്കാർ 11 ശതമാനം വരുന്ന ഇന്ത്യൻ തമിഴർക്ക് പൗരത്വം നിഷേധിക്കുക ആണ് ആദ്യം ചെയ്തത്. തുടർന്ന് ഭരണ ഭാഷ സിംഹള ആക്കി മാറ്റി. ഇതോടെ സിംഹള വശമില്ലാത്ത ശ്രീലങ്കൻ തമിഴർക്കും സർക്കാർ ജോലി അന്യമായി. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിൽ സിംഹള കോളനികൾ സ്ഥാപിച്ചു. കൂടാതെ തമിഴ് വിദ്യാർത്ഥികൾക്ക് കോളേജ് വിദ്യാഭ്യാസത്തിനും നിയന്ത്രണങ്ങൾ വന്നു. ഇത്തരം ഏകാധിപത്യ , വംശീയ വിവേചനങ്ങൾ തമിഴരെ പോരാളികൾ ആക്കി മാറ്റി. ശ്രീലങ്കൻ തമിഴരുടെ ഈറ്റില്ലം ആയ ജാഫ്‌നയിൽ അക്കാലഘട്ടത്തിൽ നാൽപ്പതോളം വിപ്ലവ സംഘടനകൾ പ്രവർത്തിച്ചിരുന്നു. അവർ ഉയർത്തിയ ചെറുതും വലുതുമായ പ്രക്ഷോഭങ്ങളെ ശ്രീലങ്കൻ സർക്കാർ അടിച്ചൊതുക്കി. തമിഴരുടെ അഭിമാനമായിരുന്ന ജെഫ്‌നാ ലൈബ്രറി തീയിട്ടു നശിപ്പിച്ചു. ഇതിനോടകം വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിൽ LTTE ചോദ്യം ചെയ്യപ്പെടാത്ത സംഘടനയായി വളർന്നു. വെൽവെട്ടിതുറ എന്ന ജാഫ്‌നയിലെ കടലോര ഗ്രാമത്തിലെ ഒരു സർക്കാരുദ്യോഗസ്ഥന്റെ മകൻ ആയിരുന്നു പ്രഭാകരൻ. തമിഴരോടുള്ള വിവേചനം കണ്ടാണ് അയാൾ വളർന്നു വന്നത്. തമിഴർക്ക് സ്വന്തമായ ഒരു രാജ്യം അഥവാ ഈഴം ആണ് ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരം എന്ന പ്രഭാകരൻ കരുതി. തുടർന്ന് പ്രഭാകരൻ നടത്തിയ ഗറില്ലാ പോരാട്ടത്തിന്റെ കഥ ചരിത്രമാണ്. ആദ്യം ചെയ്തത് എല്ലാ തമിഴ് സംഘടനകളെയും കൊന്നുതള്ളി ആധിപത്യം നേടുക എന്നതായിരുന്നു. തോക്കു പിടിക്കാൻ കെൽപ്പുള്ള ബാലന്മാരെയും ബാലികമാരെയും ഉൾപ്പെടുത്തി തമിഴ് പോരാളികളുയുടെ ഒരു വലിയ ചാവേർ സംഘം ഉണ്ടാക്കി. 1983 ആയപ്പോഴേക്കും ശ്രീലങ്കൻ സൈന്യവും LTTE യും വലിയ തോതിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. തുടർന്ന് സമാധാന ശ്രമത്തിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ജാഫ്‌നയിൽ വന്നു. എന്നാൽ ഈഴം എന്ന ലക്ഷ്യത്തിൽ കുറഞ്ഞ ഒരൊത്തുതീർപ്പിന് പ്രഭാകരൻ തയ്യാറായിരുന്നില്ല. സാവധാനം ഇന്ത്യൻ സൈന്യത്തിന് LTTE യുമായി ഏറ്റു മുട്ടേണ്ടി വന്നു. ഒടുവിൽ ദൗത്യം മുഴുവിക്കാതെ ഇന്ത്യൻ സൈന്യം പിന്മാറേണ്ടി വന്നതും ചരിത്രമാണ്. ജെഫ്‌നാ, കിളിനോച്ചി, വാവുനിയ, മുല്ലത്തീവ്, ട്രിൻകോമാലി , ബാട്ടിക്കലോവ എന്നീ തമിഴ് സ്വാധീന പ്രദേശങ്ങൾ ചേർത്ത് ഒരു രാജ്യം എന്നവണ്ണം പ്രഭാകരൻ പ്രവർത്തിക്കാൻ തുടങ്ങി. കോടതി, പോലീസ്, പട്ടാളം ,ആശുപത്രി, വില്ലേജ് ഓഫിസ്, കളക്ടറേറ്റ്, സ്വന്തം നാണയം, കൊടി , എന്നീ വിധം ഒരു രാജ്യം എങ്ങനെയാണോ പ്രവർത്തിക്കുന്നത് ആ വിധം LTTE പ്രവർത്തിച്ചു. ഒടുവിൽ മഹിന്ദ രാജപക്ഷയുടെ നേതൃത്വത്തിൽ LTTE ക്ക് എതിരെ ഉള്ള അവസാന യുദ്ധംനടന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ ലോക രാജ്യങ്ങൾക്ക് ആ സംഘടന അനഭിമതമായി തീർന്നു. അവരുടെ ശക്തി കേന്ദ്രമായ ഇന്ത്യയിൽ അത് നിരോധിക്കപ്പെട്ടു. ഈ സാഹചര്യം മുതലെടുത്ത് ചൈനീസ് സഹായത്തോടെ ശ്രീലങ്കൻ സർക്കാർ LTTE യുടെ പതനം പൂർണ്ണമാക്കുകയായിരുന്നു. ഒടുവിൽ പാതി പൊളിഞ്ഞ തലയിൽ തൂവലായിട്ടു മറച്ച പ്രഭാകരന്റെ തുറിച്ച കണ്ണുകൾ ടെലിവിഷൻ ചാനലുകളിലൂടെ ലോകം കണ്ടു. പ്രഭാകരന്റെ കുടുംബം മുഴുവൻ കൊല്ലപ്പെട്ടു. പ്രധാനപ്പെട്ട നേതാക്കൾ രാജ്യം വിടുകയോ കൊല്ലപ്പെടുകയോ ചെയ്തു. LTTE സ്മരണ ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളും പട്ടാളം ഇടിച്ച് നിരപ്പാക്കി. അങ്ങനെ എന്നെന്നേക്കുമായി ആ അധ്യായം അവിടെ അവസാനിച്ചു. വേലുപ്പിള്ള പ്രഭാകരൻ നയിച്ച പുലി വിപ്ലവം സത്യത്തിൽ എന്തായിരുന്നു? പ്രഭാകരൻ സിംഹളരെ കൊന്നു തള്ളിയതിൽ കൂടുതൽ തമിഴരെ ആണ് ഇല്ലാതാക്കിയത്. വിപ്ലവം ആദ്യം ഭക്ഷിക്കുക അതിന്റെ കുഞ്ഞുങ്ങളെ ആയിരിക്കും എന്നത് അന്വർത്ഥമാക്കുന്ന പ്രവർത്തി. തമിഴ് ദേശീയതയിൽ ഊന്നിയ ഈഴം ആയിരുന്നു ലക്‌ഷ്യം. ശ്രീലങ്കയിലെ തമിഴ് പ്രദേശവും, തമിഴ്‌നാടും കേരളത്തിലെ തമിഴ് സ്വാധീനമേഖലകളും ചേർത്ത മഹാഈഴം ആയിരുന്നു സ്വപ്നം. മുസ്ലീങ്ങളെ പ്രഭാകരൻ അകറ്റി നിർത്തി. 1990 ഒക്ടോബർ മാസത്തിൽ 24 മണിക്കൂറിനുള്ളിൽ സമസ്ത മുസ്ലീങ്ങളെയും തമിഴ് സ്വാധീന മേഖലയിൽ നിന്ന് കെട്ട്കെട്ടിച്ച വംശീയതയുടെ ഒരു പാപവും പ്രഭാകരനോട് ചേർത്ത് പറയാനുണ്ട്. വിവാഹം പോകട്ടെ പ്രണയം പോലും പോരാളികൾക്ക് നിഷേധിച്ചിരുന്നു. ഒരു പ്രണയത്തിൽ അകപ്പെട്ട 21 വയസ്സ് പ്രായമുള്ള പോരാളിയെ പോയിന്റ് ബ്ലാങ്കിൽ വന്നി കാടുകളിൽ വച്ച് വെടിവച്ച് കൊല്ലുന്ന കാഴ്ച ദി തമിൾ ടൈഗ്രസ്സ് എന്ന പുസ്തകത്തിൽ നിരോമി ഡിസൂസ വിവരിക്കുന്നുണ്ട്. തമിഴരോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് വലിയ പ്രതീക്ഷകളോടെ LTTE യിൽ ചേർന്ന കൗമാരക്കാരിയായ പെൺപുലി ആയിരുന്നു നിരോമി. പോരാളികൾക്ക് നിഷേധിച്ച കുടുംബ ജീവിതം പക്ഷെ പ്രഭാകരൻ അനുഭവിച്ചിരുന്നു. അയാൾക്ക് ഭാര്യയും 3 മക്കളും ഉണ്ടായിരുന്നു. രണ്ടു തരത്തിലുള്ള തമിഴരെ ആണ് ശ്രീ ലങ്കയിൽ കണ്ടത്. ഒരുകൂട്ടർ പ്രഭാകരന്റെ ഈഗോയുടെ ഇരയായിരുന്നു തമിഴർ എന്ന വിശ്വസിക്കുന്നവരും, മറ്റൊരു കൂട്ടർ പ്രഭാകരൻ മരിച്ചിട്ടില്ലെന്നും , അയാളുടെ കാലത്ത് നീതിയും സത്യവും ഉണ്ടായിരുന്നു എന്ന് കരുതുന്നവരും. തമിഴരെ രക്ഷിക്കാൻ ഇറങ്ങി തിരിച്ച പ്രഭാകരൻ അവരുടെ ജീവിതത്തിൽ നിന്ന് സകല സുഖങ്ങളും മാത്രമല്ല ഒരു തമിഴ് തലമുറയെ തന്നെ ഇല്ലാതാക്കികളഞ്ഞു. അവസരങ്ങൾ വന്നപ്പോൾ യഥാർത്ഥ നേതാവിനെപ്പോലെ ചർച്ചകൾക്ക് തയ്യാറാവുകയും സമസ്ത തമിഴരെയും ചേർത്ത് പിടിക്കുകയും ചെയ്തിരുന്നെങ്കിൽ പ്രഭാകരൻ ചരിത്രത്തിൽ എന്നെന്നും ആദരിക്കപ്പെടുന്ന നേതാവായി മാറുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: