2026 ജൂൺ 21, ഞായറാഴ്‌ച

യോഗ

യോഗ ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാരതീയ അറിവ് സമ്പ്രദായം ആണ് യോഗ. യോഗ ചെയ്‌താൽ മനസിനെ നിയന്ത്രിക്കാൻ പറ്റുമെന്നും, എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കും യോഗ ഒരു പരിഹാരം ആണെന്നും , യോഗികൾ അതീന്ദ്രിയ ജ്ഞാനം ഉള്ളവരും, പ്രകൃതി ശക്തികളെ നിയന്ത്രിക്കാൻ കഴിവുള്ളവരും ആണെന്നും അവകാശപ്പെടുന്ന പാരമ്പര്യവാദികളും, യോഗ അശാസ്ത്രീയമാണെന്നും, അത് രോഗം വരുത്തിവയ്ക്കുമെന്നും പറയുന്ന യുക്തിവാദി , ശാസ്ത്രവാദി സംഘങ്ങളും നാട്ടിലും രാജ്യത്തും ഏറെയുണ്ട്. എതിർത്തും അനുകൂലിച്ചും ധാരാളം എഴുത്തുകളും കാണാം. പൂർണ്ണമായും ഭാരതത്തിൽ രൂപം കൊണ്ട യോഗയുടെ ഉത്ഭവം 4000 വർഷങ്ങൾക്കു മുമ്പുള്ള സിന്ധുനദീതട സംസ്കാര കാലത്ത് ആയിരുന്നിരിക്കണം എന്നാണ് നിഗമനം. മോഹൻജൊദാരോയിൽ നിന്ന് കണ്ടെടുത്ത ധ്യാനമഗ്നനായ യോഗിയെ അനുസ്മരിപ്പിക്കുന്ന പശുപതി സീൽ ആണ് ആദ്യത്തെ തെളിവ്. വേദ ഉപനിഷത് കാലങ്ങളിൽ ഉടനീളം യോഗയെ കുറിച്ചും , ധ്യാനത്തെക്കുറിച്ചും, മോക്ഷത്തെ കുറിച്ചും ഒക്കെ നിറഞ്ഞ വർണ്ണനകൾ ഉണ്ട്. എന്നാൽ യോഗയെ ചിട്ടപ്പെടുത്തി ഒരു ചിന്താ ശാഖയായി അവതരിപ്പിച്ചത് ബിസി 200 നും AD 400 നും ഇടയിൽ ജീവിച്ചിരുന്ന പതഞ്‌ജലി മഹർഷിയാണ്. അതുവരെ ഉണ്ടായിരുന്ന യോഗ സൂത്രങ്ങൾ എല്ലാം ക്രോഡീകരിച്ച് 'പതഞ്‌ജലി സൂത്രങ്ങൾ' എന്ന ഒരു ഗ്രന്ഥം തന്നെ അദ്ദേഹം ലോകത്തിനു മുമ്പിൽ വച്ചു . വേദങ്ങളുടെ ചുവടു പിടിച്ച് 6 ദർശന ശാഖകൾ ഭാരതത്തിൽ ഉണ്ടായിട്ടുണ്ട് . അവയെ ആണ് ഷഡ്ദർശനങ്ങൾ എന്ന് പറയുന്നത്. അവയിൽ ഒന്നാണ് യോഗ ദർശനം. എന്നാൽ ഈ സ്‌കൂളുകൾ രണ്ടെണ്ണം വീതം ചേർന്ന് യോജിച്ചാണ് പ്രവർത്തിച്ചിരുന്നത് . ന്യായ - വൈശേഷിക, സാംഖ്യ- യോഗ , ഉത്തര മീമാംസ- പൂർവ മീമാംസ എന്നിങ്ങനെ. യോഗ അതിന്റെ മൂല ആശയങ്ങൾ സാംഖ്യത്തിൽ നിന്ന് കടം കൊണ്ടിട്ടുള്ളതാണ്. സാംഖ്യ ദർശനത്തിൽ പ്രകൃതി’, പുരുഷ' എന്നീ രണ്ടു കോൺസെപ്റ്റുകൾ ആണുള്ളത്. സമസ്ത അണ്ഡകടാഹവും ഉൾക്കൊള്ളുന്ന പ്രകൃതിയും (matter including mind) അചഞ്ചലമായ ആത്മനിഷ്ട ഘടകമായ പുരുഷ'നുമാണവ(soul). പുരുഷ'ന്റെ സാന്നിധ്യത്തിൽ പ്രകൃതി വികാസപരിണാമങ്ങൾക്ക് വിധേയമാകുന്നു എന്ന ലളിതമായ കാഴ്ചപ്പാടാണ് അതിനുള്ളത്. എന്നാൽ പതഞ്ചലി മഹർഷി പ്രകൃതി - പുരുഷ കൂട്ടായ്മക്ക് പുറമെ ഈശ്വരനെ കൂടി പ്രതിഷ്ഠിക്കുന്നുണ്ട്. പക്ഷെ അത് ഇന്നത്തെ ഈശ്വര സങ്കൽപ്പത്തിൽ അധിഷ്ഠിതമായിട്ടുള്ള ഒന്നല്ല. പതഞ്ചലിയുടെ ഈശ്വരൻ പൂർണ്ണവും സ്വതന്ത്രവുമായതും ഒരു തരത്തിലുമുള്ള ഗുണപരമായ അപൂർണ്ണതയിലും ബന്ധിക്കപ്പെടാത്തതും ആയ ഒന്നാണ്. ഈ ഈശ്വരനോട് നിരീശ്വരവാദികൾക്കും എതിർപ്പുണ്ടാവേണ്ടതില്ല. പതഞ്ചലിയുടെ ദാർശനിക പ്രപഞ്ചത്തിൽ നടക്കുന്ന ജനി മരണങ്ങൾക്ക് , വികാസ പരിണാമങ്ങൾക്ക് ഹേതുവായിട്ടുള്ളത് ഈ പ്രകൃതി പുരുഷ സംഘലനം തന്നെയാണ്. പുരുഷ' ന്റെ സാനിധ്യത്തിൽ പ്രകൃതിക്ക് പരിണാമം ഉണ്ടാകുന്നു. ഇതാണ് ജനനം. പരിണാമത്തിന്റെ മറ്റൊരവസ്ഥ ആണ് മരണം. എന്നാൽ പ്രകൃതിയുടെ മോഹത്തിന് പുരുഷൻ കീഴ്പ്പെട്ടാൽ , അതായത് നമ്മുടെ സമ്പത്തിലും, ആരോഗ്യത്തിലും, സുഖത്തിലും , ഉയർച്ചയിലും അംഗീകാരങ്ങളിലും ,ദുഖത്തിലുമൊക്കെ അതിന് കരണമായിട്ടുള്ള പ്രകൃതിയുടെ ഭാഗമായ മനസിന്റെ സ്വാധീനത്താൽ പുരുഷ'ൻ (ആത്മാവ്) തെറ്റിദ്ധരിച്ച് അഹങ്കരിച്ചാൽ മോക്ഷം ലഭിക്കാതെ വീണ്ടും ഭൂമിയിൽ ജനിക്കേണ്ടി വരും. അത് കൊണ്ടാണ് പതഞ്ചലി യോഗയെ ''യോഗശ്ചിത്തവൃത്തിനിരോധഃ" എന്ന് വ്യാഖ്യാനിക്കുന്നത്. അല്ലാതെ മനസിനെ നിയന്ത്രിക്കുന്ന ഒരു സംഗതിയായി നമ്മൾ ഇന്ന് ആധൂനിക മനഃശാസ്ത്രത്തിൽ മനസിലാക്കുന്ന വിധം അല്ല കാര്യങ്ങൾ. മനസിനെ നിയന്ത്രിച്ച് ഈശ്വരനിൽ ശ്രദ്ധയർപ്പിച്ച് പുനർജീവനങ്ങളിൽ നിന്ന് മോക്ഷം നേടുന്നതാണ് പതഞ്ചലിയുടെ യോഗയിലൂടെ ഉദ്ദേശിക്കുന്നത്. ഇതൊന്നും മനസിലാക്കാതെ ആണ് യോഗാ ദിനങ്ങൾ ആചരിക്കുന്നതും , അതിന്റെ ഫോട്ടോ എടുത്ത് വെബ്‌സൈറ്റിൽ നിർബന്ധിച്ച് അപ്‌ലോഡ് ചെയ്യിപ്പിക്കുന്നതും ഒക്കെ. യോഗയെ തിരക്ക് പിടിച്ച ആധൂനിക കാലവുമായി ബന്ധിപ്പിച്ച് കൊണ്ട് പോകാൻ തീർച്ചയായും നമുക്ക് കഴിയും. യോഗ ശരീരത്തിന്റെയും മനസിന്റെ യും ആരോഗ്യത്തെ ഒക്കെ സംരക്ഷ്യ്ക്കും. അതിന് പക്ഷെ ജിംനാസ്റ്റിക്കുകൾ യോഗികൾ ആയി അവതരിച്ചാൽ സാധിക്കില്ല. ആത്യന്തികമായി യോഗ ഒരു ആത്മീയ സാധനയാണ്. അതിന്റെ കാതൽ ആയിട്ടുള്ളത് യമ' നിയ' മങ്ങൾ ആണ്. ഹിംസ ചെയ്യാതിരിക്കുക , സത്യം സംസാരിക്കുക, മോഷ്ടിക്കാതിരിക്കുക, മനസിന്റെയും ശരീരത്തിന്റെയും അധി ഭാവങ്ങളെ നിയന്ത്രിക്കുക , ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക മുതലായവ ആണ് യമങ്ങൾ . നിയമ' തികച്ചും വ്യക്തിപരമാണ് . അടുക്കും ചിട്ടയോടും കൂടി, വ്യക്തി ശുദ്ധി പാലിച്ച് ജീവിക്കുക ആണ് ഒന്നാമത്തേത്. മനസ്സിൽ സന്തോഷം സൂക്ഷിക്കുക, ഉന്നതമായ കാര്യങ്ങൾക്കായി എത്ര ക്ലേശിക്കാനും തയ്യാറാവുക, എപ്പോഴും സ്വയം പഠിക്കാൻ തയ്യാറാവുക, ചെയ്യുന്ന പ്രവർത്തികൾ എല്ലാം മഹാപ്രകൃതിയുടെ നിയമങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്തുക ഇവയൊക്കെയാണ് മറ്റു നിയമ'ങ്ങൾ. യമ നിയമങ്ങൾ പാലിക്കാത്ത ആർക്കും യോഗയിലെ തുടർന്നുള്ള പാദങ്ങളിലേക്ക് കടക്കാൻ സാധ്യമല്ല. യോഗ ഇന്ന് വെറും 'ആസനങ്ങൾ' മാത്രമായി ചുരുങ്ങിയിരിക്കുക ആണ് . വലിയ രാഷ്ട്രീയ, വ്യാവസായിക മാനങ്ങൾ ഉള്ള ആർത്തിപൂണ്ട ആധൂനിക ലോകത്തെ യോഗയ്ക്ക് യഥാർത്ഥ യോഗ ദർശനത്തെ ഉൾക്കൊള്ളാൻ കഴിയില്ല. ജൂൺ 21 ന് നമ്മൾ ആഘോഷിക്കുന്ന യോഗ ദിനം ഏത് യോഗയുടേതാണ് എന്ന ചോദ്യം അവശേഷിക്കുന്നു. മനുഷ്യൻ പ്രകൃതിയിൽ നിന്ന് വേറിട്ട ഒരു സത്തയല്ലെന്നും, എല്ലാ ജീവജാലങ്ങളുമായും വികാസപരിണാമത്തിന്റെ ബന്ധം പങ്കിടുന്ന പ്രകൃതിയുടെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ് ജീവിക്കുന്നതാണ് ആധുനിക അർത്ഥത്തിൽ യോഗ. പ്രകൃതിയെ കീഴടക്കാനുള്ള വസ്തുവായല്ല, നമ്മെ ഉൾക്കൊള്ളുന്ന മഹത്തായ വ്യവസ്ഥിതിയായാണ് കാണേണ്ടത്. ഈ ബോധത്തോടെ ജീവിക്കുന്നിടത്താണ് യോഗയുടെ സമകാലിക പ്രസക്തി.

അഭിപ്രായങ്ങളൊന്നുമില്ല: