2025, മേയ് 5, തിങ്കളാഴ്‌ച

സിലോൺ യാത്ര

നമ്മൾ ഏതാണ്ട് മറന്നു കഴിഞ്ഞതാണ് സിലോൺ എന്ന ശ്രീലങ്കയുടെ പഴയ പേര്. ധനുഷ്കോടിയിൽ നിന്ന് കേവലം 30 കിലോമീറ്റർ അകലെയുള്ള ശ്രീലങ്കൻ ജനത തമിഴ്നാട് കേരള തീരത്തുള്ളവർക്ക് ശരിക്കും അയൽപക്കക്കാരാണ്. അവരുമായി ഭാഷാപരമായും സാസ്‌ക്കാരികമായും ഏറ്റവും അടുത്ത് നിൽക്കുന്ന ജനത. 1960 കൾ വരെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ടിക്കറ്റെടുത്താൽ ശ്രീലങ്ക വരെ ട്രെയിനിലും ബോട്ടിലുമായി പോകാൻ പറ്റുമായിരുന്നു എന്നത് പലർക്കും ഇന്ന് അറിയുക പോലുമില്ല. ഒരു യാത്രപോയാലോ എന്ന് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിജുവിന്റെ വിളി വന്നപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ സിലോൺ യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തി. 8500 രൂപ കൊടുത്താൽ നാഗപട്ടിണത്ത് നിന്ന് ശ്രീലങ്കയിലെ കങ്കേശൻ തുറയിലേക്കും തിരിച്ചുമുള്ള സെയിൽ ശുഭം എന്ന കമ്പനിയുടെ ബോട്ട് ടിക്കറ്റ് കിട്ടും. വിസക്ക് പണം വേണ്ടെങ്കിലും ETA എന്ന അനുമതി പത്രം വാങ്ങണം. പിന്നെ ശ്രീലങ്കൻ രൂപ, യൂ എസ് ഡോളർ എന്നീ ക്രമത്തിൽ പണം മാറ്റിയെടുത്ത് എമിഗ്രേഷൻ ക്ലീയറൻസ് , പാസ്സ്‌പോർട്ട് വേരിഫിക്കേഷൻ എന്നിവ എല്ലാം പൂർത്തിയാക്കി ഏപ്രിൽ 14 ന് ഞങ്ങൾ ബോട്ടിൽ കയറി. സാമാന്യം വലിയ ഒരു ബോട്ടാണ്. എയർ കണ്ടിഷൻ ചെയ്തിരിക്കുന്നതിനാൽ കടൽ ചൊരുക്കൊന്നും ബാധിക്കില്ല. രാവിലെ 7 .30 നു പുറപ്പെടുന്ന ബോട്ട് ജാഫ്‌ന തീരത്തെത്തുമ്പോൾ സമയം 11.30 . അവിടെ ചെക്കിങ്ങും, പാസ് പോർട്ട് വെരിഫിക്കേഷനും ഒക്കെ കഴിഞ്ഞു നേരെ ജാഫ്‌നയിലെ മണ്ണിലേക്ക്. ആദ്യമായി വിദേശമണ്ണിൽ കാലുകുത്തുകയാണ്. ഞങ്ങൾ രണ്ടു പേരും തനിയെ. കുറച്ച് നടന്നപ്പോൾ ഒരു ബസ് സ്റ്റോപ്പിൽ എത്തി. അവിടെ നിന്ന് ജാഫ്‌നയിലേക്ക് ബസ് യാത്ര. ജാഫ്ന ഒറ്റ നോട്ടത്തിൽ കേരളം തന്നെ. കേരളത്തിൽ ഉള്ള എല്ലാ സസ്യങ്ങളും ജാഫ്‌നയിലും ഉണ്ടെന്നു പറയാം. ഓടിട്ടതും ആസ്ബസ്റ്റോസ് വിരിച്ചതുമായ ചെറിയ വീടുകൾ. ആളുകൾ തമിഴ് സംസാരിക്കും എന്നതൊഴിച്ചാൽ കേരളത്തിലൂടെ യാത്ര ചെയ്യുകയാണെന്നേ തോന്നൂ. പണ്ട് കേരളവും, ശ്രീലങ്കയും , മഡഗാസ്‌ക്കറും ഒക്കെ ഒന്നിച്ച് കിടന്ന പ്രദേശംങ്ങൾ ആയിരുന്നു എന്ന ഭൗമ പ്ലേറ്റ് വിജ്ഞാനം ആദ്യം തോന്നിയ അത്ഭുതത്തെ അകറ്റി. ഒരു കാലത്ത് നിലയ്ക്കാത്ത വെടിയൊച്ചകളും, ശവശരീരങ്ങളും കൊണ്ട് നിറഞ്ഞ ഒരു പ്രദേശത്തിലൂടെ ആണ് പോകുന്നത് എന്ന് തോന്നിപ്പിക്കാത്ത വിധം ശ്രീലങ്കയും ജാഫ്‌നയും പുതിയ ലോക ക്രമത്തിലേക്ക് മാറിക്കഴിഞ്ഞു. ദാരിദ്ര്യം പൂർണമായും വിട്ടു പോയിട്ടില്ല. പൊട്ടി പൊളിഞ്ഞ പഴയ അശോക് ലൈലാൻഡ് ബസ്സുകളും, വാനുകളും ഒക്കെ യാത്രക്കാരെ വഹിച്ചു ചീറി പായുന്നു. റോഡുകളിൽ ഒക്കെ നല്ല വൃത്തിയുണ്ട് . ഹോട്ടൽ ചെക്കിങ്ങിനു ശേഷം ജാഫ്‌നയുടെ തെരുവുകളിലൂടെ തലങ്ങും വിലങ്ങും ഞങ്ങൾ നടന്നു. തമിഴരുടെ വൈജ്ഞാനിക കേന്ദ്രമായ തമിഴ് മുന്നേറ്റത്തിന് വഴി കാട്ടിയ ജെഫ്‌നാ ലൈബ്രറി, ഇന്ത്യൻ സമാധാന സേനയെ പുലികൾ വളഞ്ഞു വച്ച് വെള്ളം കുടിപ്പിച്ച പോർട്ടുഗീസ് കാലഘട്ടത്തിലെ നിർമിതിയായ ജാഫ്‌നാ ഫോർട്ട്, ചൈനീസ് തീന്മേശയിൽ എത്തിക്കാൻ കടൽ വെള്ളരികളെ വളർത്തുന്ന കായൽ കരി നിലങ്ങൾ , പുലി നേതാവ് തിലീപൻ സത്യാഗ്രഹം കിടന്നു മരിച്ചതും ചോളൻമാർ നിർമിച്ചതുമായ നെല്ലൂർ കണ്ട സ്വാമി ക്ഷേത്രം ഒക്കെ കണ്ട് അടുത്ത ദിവസം അനുരാധ പൂരത്തിന് ബസ്സു കയറി. അനുരാധപുരത്തിനുള്ള യാത്ര പുലികളുടെ ശക്തി കേന്ദ്രങ്ങൾ ആയിരുന്ന എലഫന്റാ പാസ് , കിളിനോച്ചി , വാവുനിയ എന്നീ പ്രദേശങ്ങൾ കടന്നാണ് പോകുന്നത്. കേരളത്തിലൂടെ പോകുന്നു എന്നു തോന്നിപ്പിക്കുന്ന യാത്രയിൽ കഴുത്തിൽ സയനൈഡ് കുപ്പിയും തൂക്കി, തോക്കുമായി ഒരു കാലത്ത് റോഡിൽ കാവൽ നിന്നിരുന്ന ബാലന്മാരുടെയും ബാലികമാരുടെയും ചിത്രം നമ്മുടെ മനസിലേക്ക് അറിയാതെ കടന്നു വരും. പുലികളും ശ്രീലങ്കൻ സേനയും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്ന എലഫന്റാ പാസ് ഇന്ത്യൻ ഓഷ്യനിലെ ജലം കയറി കിടക്കുന്ന ആഴം കുറഞ്ഞ കരിനിലത്തിനു നടുവിലൂടെയുള്ള ഒരു കരഭൂമിയാണ്. ഒരു കാലത്ത് ജാഫ്‌നാ കാടുകളിലേക്ക് ആനകൾ ശ്രീലങ്കൻ മെയിൻ ലാൻഡിൽ നിന്നും സഞ്ചരിച്ചിരുന്ന ആനത്താര ആയിരുന്നിരിക്കണം ഇത്. പഴയ സിംഹള രാജാക്കന്മാരുടെ തലസ്ഥാന നഗരിയായ അനുരാധപുരം തകർന്നടിഞ്ഞ കോട്ടകളുടെ രൂപരേഖകൾ മാത്രമേ അവശേഷിപ്പിച്ചിട്ടുള്ളു. ബുദ്ധ ക്ഷേത്രങ്ങളുടെ ഒരു നഗരിയാണ് അനുരാധപുരം എന്ന് പറയാം. അശോക ചക്രവർത്തിയുടെ പുത്രി ബി സി മൂന്നാം നൂറ്റാണ്ടിൽ കൊണ്ട് വന്നു നട്ട ബോധി വൃക്ഷത്തിന്റെ തൈ ഇന്ന് ലോകത്തെ ഏറ്റവും പ്രായമുള്ള വൃക്ഷമായി ഇവിടുത്തെ ക്ഷേത്രമുറ്റത്ത് കാണാം. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ധാരാളം ബുദ്ധമത വിശ്വാസികൾ ഇവിടെ പ്രാർത്ഥനാ പൂർവ്വം എത്തുന്നു. മറ്റു കാഴ്ചകൾക്ക് സമയം ഇല്ല. അടുത്ത ദിവസം ഞങ്ങൾ സിഗിരിയ കാണാൻ പോയി . ഇടതൂർന്ന വനത്തിന് നടുവിൽ ഒരു വലിയ കുന്നിനു മുകളിൽ ഉയർന്നു നിൽക്കുന്ന ഒരു ഒറ്റക്കല്ലു പാറ ആണ് സിഗിരിയയിലെ കാഴ്ച. 200 മീറ്റർ ഉയരമുള്ള ഈ പാറ യുടെ മുകളിൽ സിംഹള രാജാവായ കശ്യപൻ AD അഞ്ചാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ഒരു ഒരു കോട്ടയുണ്ട് . 4 ഏക്കർ വിസ്താരം ഉള്ള ഈ കോട്ടയുടെ തറ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. അനുരാധപുരം വാണ ദാതുസേനന്റെ ദാസിയിലുള്ള മകനായ കശ്യപൻ അച്ഛനെ കൊന്ന് രാജ്യം തട്ടിയെടുത്ത് ഈ സിഗിരിയ കുന്നിൽ കോട്ട സ്ഥാപിക്കുക ആയിരുന്നു. പിന്നീട് രാജാവിന്റെ നേർ പുത്രൻ ചോള സൈന്യത്തിന്റെ സഹായത്തോടെ കശ്യപനെ കീഴടക്കി. അതോടെ സിഗിരിയ ഓർമയായി. കാന്റി ആയിരുന്നു അടുത്ത സ്ഥലം. മഞ്ഞും തണുപ്പും ഇല്ലാത്ത മൂന്നാർ എന്ന് വേണമെങ്കിൽ പറയാം. രാവണന്റെ കോട്ട സ്ഥിതി ചെയ്യുന്ന 'എല്ല' മലനിരകളിലേക്കു പോകാനുള്ള ഇടാത്തവളം പോലെ ആണ് കാന്റി. ബുദ്ധന്റെ പല്ല് പ്രദര്ശിപ്പിച്ചിട്ടുള്ള ഇവിടുത്തെ ക്ഷേത്രം പ്രശസ്തമാണ്. അടുത്ത ദിവസം കൊളംബോയിൽ ആയിരുന്നു. ഒരു തലസ്ഥാന നഗരത്തിന്റെ വലിയ പകിട്ടൊന്നും ഇല്ല. ആൾത്തിരക്ക് കുറവ്. തലസ്ഥാനം ആണെങ്കിലും ആസ്ബസ്റ്റോസ് കെട്ടിടങ്ങൾക്ക് പഞ്ഞമില്ല. കൊളോമ്പോയിൽ നിന്ന് ശ്രീലങ്കയിലെ തെക്ക് മുനമ്പായ 'ഗാൾ' കാണാൻ പോയി. മനോഹരമായ കടലോര പ്രദേശം. പോർട്ടുഗീസുകാർ പണി കഴിപ്പിച്ച ഫോർട്ട് ഇവിടെ ഉണ്ട് . ശ്രീലങ്കയിൽ കണ്ട ഏറ്റവും മോടിയുള്ള വാഹനങ്ങൾ ഈ എക്സ്പ്രസ്സ് ഹൈ വേ റൂട്ടിലാണ് ഓടുന്നത്. രാത്രി ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റെടുത്ത് ജാഫ്‌നയിലേക്ക് തിരിച്ചു പോന്നു . ട്രെയിനിൽ കയറിയപ്പോൾ ആണ് അറിയുന്നത് ശ്രീലങ്കൻ ട്രെയിനുകളിൽ ബർത്തില്ലെന്ന കാര്യം. ഇരുന്നുറങ്ങണം. നാലോ അഞ്ചോ ബോഗിയെ ഒരു വണ്ടിയിൽ കാണുന്നുള്ളൂ. ജാഫ്‌നയിൽ മടങ്ങിയെത്തി 'വെൽവെട്ടി തുറ' സന്ദർശിച്ചു . പ്രഭാകരന്റെ നാടാണിത് . അദ്ദേഹം ജനിച്ച വീട് ഇന്ന് ഓർമ്മ മാത്രം. വീടെല്ലാം തകർത്ത് വേലികെട്ടിയിട്ടിരിക്കുന്നു. ശ്രീലങ്കൻ സർക്കാർ ആ ഓർമ്മ പോലും മാച്ച് കളഞ്ഞു എന്ന് പറയാം. തിരികെ ബോട്ടിൽ നാഗപട്ടിണത്തേക്ക് . ചിലവ് കുറഞ്ഞ ഒരു വിദേശ യാത്ര നടത്തിയ സന്തോഷം മനസ്സിൽ ബാക്കി. ഏജൻസി ഇല്ലാതെ സാധാരണക്കാർക്ക് തീർച്ചയായും ശ്രീലങ്കൻ യാത്ര നടത്താം . 130 പേർ കയറുന്ന ബോട്ടിൽ ഞങ്ങൾ 30 പേരെ ഉണ്ടായിരുന്നുള്ളു. ആളുകൾ അറിഞ്ഞു വരുന്നതേയുള്ളു. യാത്രക്കാർ ഇല്ലാതായാൽ സർവീസ്‌വ നിർത്തി വയ്ക്കാനും സാധ്യത ഉണ്ട്. പിടിച്ചു പറി , മോഷണം ഇവയൊന്നും ശ്രീലങ്കയിൽ ഇല്ല. ആളുകൾക്ക് നല്ല സഹകരണം . പ്രത്യേകിച്ച് ഇന്ത്യ ക്കാരോട്. സാധനങ്ങൾക്ക് തീ പിടിച്ച വിലയാണ്. ഒരു ഇന്ത്യൻ രൂപ കൊടുത്താൽ മൂന്നര ശ്രീലങ്കൻ രൂപ കിട്ടും. ഒരു പാൽചായക്ക്‌ 60 ഇന്ത്യൻ രൂപ ചിലവാകും. ഒരു ലിറ്റർ വെള്ളത്തിനും അത്ര തന്നെ. വിസ്‌തൃതിയിൽ കേരളത്തിന്റെ ഇരട്ടിയോളം എത്തും ശ്രീലങ്ക. എന്നാൽ ജനസംഖ്യ കേരളത്തിന്റെ പകുതിക്കു മുകളിലെ വരുന്നുള്ളു. 111 ബില്യൺ യൂസ് ഡോളർ ആണ് കേരളത്തിന്റെ ജിഡിപി. എന്നാൽ ശ്രീലങ്കയുടേത് 91 ബില്യൺ മാത്രവും. പുലി വിപ്ലവത്തെ കുറിച്ചും, ശ്രീലങ്കൻ ജനതയെ കുറിച്ചും വിസ്തരിച്ച് പറയാനുള്ളതിനാൽ ഈ കുറിപ്പിൽ ചേർക്കുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല: