2025 ഡിസംബർ 13, ശനിയാഴ്‌ച

അംബേക്കറൈറ്റുകൾ

എല്ലാവർഷവും കൃത്യമായി അരങ്ങേറുന്ന ഒരിനം ആണ് അംബേക്കറുടെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള ചർച്ചകൾ. പതിവ് അംബേക്കറൈറ്റുകൾ അതിൽ പങ്കെടുക്കുകയും മനുസ്മ്രിതി കത്തിക്കേണ്ടതിന്റെ ആവശ്യം ഊന്നി പറയുകയും ചെയ്യും. ബ്രാഹ്മണ്യം ആണ് ലോകത്തിലെ ഏറ്റവും നീചമായ വ്യവസ്ഥിതി എന്ന് പറഞ്ഞു അതിന്റെ ഇപ്പോഴത്തെ അവകാശം RSS ന് ചാർത്തിക്കൊടുത്ത് ചർച്ച അവസാനിപ്പിക്കും. പിന്നെ അടുത്ത വർഷം വീണ്ടും ആവർത്തിക്കും. ആദിവാസികളും ദളിതരും അടങ്ങുന്ന ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധികൾ ആയാണ് അംബേക്കറൈറ്റുകൾ രംഗപ്രവേശനം ചെയ്യുന്നത്. എന്നാൽ ഈ ചർച്ചകൾക്ക് അപ്പുറം എന്ത് വ്യത്യാസം ആണ് ദളിത് ആദിവാസി ജീവിതങ്ങളിൽ ഇക്കൂട്ടർക്ക് വരുത്താൻ സാധിച്ചിട്ടുള്ളത് എന്ന് ചിന്തിക്കേണ്ടതാണ്. ഇന്ത്യ പൊതുവെ തന്നെ ബ്രാഹ്മണരുടെ അധീനതയിൽ പുലർന്നു പോന്ന ഒരു രാജ്യം ആണ് . ആര്യ സംസ്ക്കാരത്തിന്റെ പതാകവാഹകർ ആയ ബ്രാഹ്മണർ കാഴ്ചവച്ച ജാതീയ ഉച്ചനീചത്വങ്ങൾ ഏറ്റവും കൂടുതൽ ഏറ്റു വാങ്ങിയിട്ടുള്ളത് ദളിത് ആദിവാസി വിഭാഗങ്ങൾ തന്നെയാണ്. ഇസ്ലാം ക്രിസ്ത്യൻ മതങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് അംബേക്കർ മനസിലാക്കി. അതിനാലാണ് അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നത്. എന്നാൽ ഇതര ദളിത് ആദിവാസി സമൂഹങ്ങൾ ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം മതങ്ങളുടെ ഭാഗമായി മാറി, അതിന്റെ മൂല്യങ്ങളോട് സമരസപ്പെട്ട് പോകുന്ന കാഴ്ചയാണ് നിലവിൽ ഉള്ളത് . ഒരു ജനത എന്ന നിലയിൽ ഉണ്ടായിരുന്ന സാംസ്കാരികവും, മതപരവും ആയ തനിമ ഈ ഹൈന്ദവ, ക്രൈസ്തവ , ഇസ്ലാം വൽക്കരണത്തിലൂടെ ദളിത് ആദിവാസി സമൂഹങ്ങൾക്ക് നഷ്ടമായി. സൂക്ഷ്മമായി പരിശോധിച്ചാൽ ഇപ്പോഴും തുടർന്ന് പോരുന്ന ഈ ഉച്ചനീചത്വങ്ങൾക്ക് കാരണം മതത്തിനോടുള്ള ഈ സമൂഹത്തിന്റെ അമിത വിധേയത്വമാണെന്ന് മനസിലാകും. എല്ലാ മതങ്ങളും ദളിത് ആദിവാസി സമൂഹങ്ങളെ അസ്പർശ്യർ ആയി തന്നെയാണ് കണക്കാക്കുന്നത്. ഈ മതങ്ങളുടെ ഒക്കെ പുറമ്പോക്കിൽ ചുരുണ്ടുകൂടി കിടന്ന് ജാതീയ വിവേചനം ഉണ്ടേ എന്ന് നിലവിളിക്കാതെ ഒരു മികച്ച സമൂഹത്തെ രൂപപ്പെടുത്താനാണ് അംബേക്കറൈറ്റുകൾ ശ്രമിക്കേണ്ടത്. അല്ലാതെ ഗീതയിലും, മനുസ്മ്രിതിയിലും എഴുതി വച്ചിട്ടുള്ള വിവേചനങ്ങളോട് അംബേക്കറുടെ കാഴ്ചപ്പാടെന്തായിരുന്നു എന്ന് ചർച്ച നടത്തുക അല്ല വേണ്ടത്. അംബേക്കർ അത് തിരിച്ചറിഞ്ഞപ്പോഴേ ഹിന്ദു മതം ഉപേക്ഷിച്ചു . എന്നാൽ ഇന്നേറ്റവും കൂടുതൽ ജാതി വേർതിരിവുകൾ ഉള്ളത് ദളിത് ആദിവാസി സമൂഹങ്ങളിൽ തന്നെയാണെന്നുള്ളത് തിരിച്ചറിയേണ്ടതുണ്ട് . പരസ്പ്പരം തീണ്ടൽ ആചരിക്കുന്ന സമൂഹങ്ങൾ വരെയുണ്ട്. ആദ്യം ചെയ്യേണ്ടത് ആ സമൂഹത്തിൽ തന്നെ അത് അവസാനിപ്പിക്കുക എന്നതാണ്. വിവിധ ജാതി സമൂഹങ്ങൾ പരസ്പ്പരം വിവാഹ ബന്ധത്തിൽ ഏർപ്പെട്ട് ഒരൊറ്റ സമൂഹമായി മാറി കരുത്ത് തെളിയിച്ചു മുന്നോട്ടു വന്നാലേ സവർണ്ണ ഫാസിസ്റ്റ് മതങ്ങൾക്കെതിരെയുള്ള സമരങ്ങളും ചെറുത്ത് നിൽപ്പുകളും യാഥാർഥ്യമാകുകയുള്ളു. ദളിത് ആദിവാസി സമൂഹങ്ങൾ ഇന്ത്യയുടെ മാത്രം സംഭാവനയല്ല . ലോകത്തെല്ലായിടത്തും ഇത്തരം അവസരം നിഷേധിക്കപ്പെട്ട , പാർശ്വവൽകൃത സമൂഹങ്ങൾ ഉണ്ട്. നഷ്ട്ടപ്പെട്ടു പോയ അവസരങ്ങൾ തിരികെ പിടിക്കുക എന്നുള്ളതാണ് അതിനുള്ള ഏക പോം വഴി . ഇത്തരം അവസരങ്ങൾ സൃഷ്ടിക്കാനാണ് അധികാരത്തിലും ജോലിയിലും സംവരണം ഏർപ്പെടുത്താൻ ഭരണഘടനാ ശിൽപ്പികൾ ശ്രമിച്ചത്. പാർലമെന്റിലും, സംസ്ഥാനങ്ങളിലും , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒക്കെ ഏതാണ്ട് 25 ശതമാനത്തോളം സീറ്റുകൾ ദളിത് ആദിവാസി സമൂഹങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് 25 ശതമാനത്തോളം തന്നെ ജനസംഖ്യയും ഈ വിഭാഗത്തിനുണ്ട്. എന്നാൽ ഏതെങ്കിലും രാഷ്ട്രീയ സംഘടനകളുടെ ചേരിപ്പുറത്ത് നിന്ന് സംവരണ സീറ്റിൽ മത്സരിച്ച് അതാത് പാർട്ടികൾക്ക് അംഗബലം കൂട്ടി ഭരണം പിടിക്കാൻ സഹായിക്കാമെന്നല്ലാതെ എന്ത് നേട്ടമാണ് നാളിതുവരെ ഈ സമൂഹത്തിന് ലഭിച്ചിട്ടുള്ളത്. കേരളത്തിലെ സാഹചര്യത്തിൽ രണ്ടു മന്ത്രി സംസ്ഥാനം എങ്കിലും കിട്ടേണ്ടതാണ്. എന്നിട്ട് ഇപ്പോൾ ഉള്ളതോ? കിട്ടിയ വകുപ്പോ ? ഇത് ഒരു പാർട്ടിയുടെ ഭരണത്തിൽ മാത്രമല്ല സംഭവിക്കുന്നത് . എല്ലാ പാർട്ടികളും സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പിന്തുടരുന്ന രീതി ഇത് തന്നെയാണ്. ഇതിനാണോ അംബേക്കർ ജനപ്രതിനിധികൾക്കുള്ള സംവരണം ഏർപ്പെടുത്താൻ പാടുപെട്ടത്? ഏതു പാർട്ടിയായാലും വേണ്ടില്ല മന്ത്രി മാരിൽ ഇത്രയിത്ര ക്രിസ്ത്യാനി വേണം, മുസ്‌ലിം വേണം, നായർ വേണം ഈഴവൻ വേണം എന്നൊക്കെ അതാതു സമുദായ നേതാക്കന്മാർ ആവശ്യപ്പെടുമ്പോൾ നിർബന്ധമായും ലഭിക്കേണ്ട മന്ത്രി സ്ഥാനത്തിന് വേണ്ടി ദളിത് ആദിവാസി സമൂഹങ്ങളിൽ നിന്ന് ശബ്ദമുയരുന്നില്ല . അവരൊക്കെ അർത്ഥമില്ലാത്ത ചർച്ചകൾക്കും കോലാഹലങ്ങൾക്കും വ്യക്തിപരമായ ബുദ്ധിജീവി പട്ടത്തിനും ഒക്കെ പിറകെയാണ്. ഇത് തന്നെയാണ് അധികാര സ്ഥാനത്തുള്ളവർക്ക് വേണ്ടതും. വിദ്യാഭ്യാസം ഉണ്ടെങ്കിലേ ഒരു സമൂഹത്തിന് തല ഉയർത്തി നിൽക്കാൻ പറ്റൂ. ഭരണത്തിൽ നല്ല സ്വാധീനം ഉണ്ടെങ്കിലേ സാമ്പത്തിക സഹായങ്ങൾ സമുദായത്തിനെത്തിക്കാനും ചെറുപ്പക്കാർക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്താനും കഴിയൂ . അതിനായി സമ്മർദ്ദം ചെലുത്താതെ മറ്റാരെങ്കിലും അത് ചെയ്തു തരും എന്ന് ചിന്തിക്കിന്നത് മൗഢ്യമാണ് . ജോലിയിലുള്ള സംവരണം ഇന്നല്ലെങ്കിൽ നാളെ അവസാനിക്കും. അപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ കഴിയണം. അതിന് നിലവിൽ ഉള്ള മത്സര പരീക്ഷകളിലെല്ലാം സമുദായത്തിലെ ഉദ്യോഗാർത്ഥികൾക്ക് നല്ല റാങ്ക് നേടാൻ പറ്റും വിധം കോച്ചിങ് സെന്ററുകൾ സർക്കാരിന്റേതു കൂടാതെ സമുദായം തന്നെ സ്ഥാപിക്കണം. കൂടുതൽ ചെറുപ്പക്കാർ ജോലിയിലും പഠനത്തിലും സംവരണ സീറ്റുകൾ കൂടാതെ മെറിറ്റ് സീറ്റുകളിലും കട

അഭിപ്രായങ്ങളൊന്നുമില്ല: