2026 ജൂലൈ 29, ബുധനാഴ്‌ച

ലഹളാനന്തരം

ലഹളാനന്തരം ഡൽഹിയിലെ ജന്തർ മന്ദിറിൽ 49 ദിവസം നീണ്ടുനിന്ന പാറ്റാ ലഹള ഒരു വിദ്യാർത്ഥി പ്രതിഷേധം മാത്രമായിരുന്നില്ല, എല്ലാ അർഥത്തിലും അത് ഒരു രാഷ്ട്രീയ സമരം തന്നെയായിരുന്നു. പ്രക്ഷോഭകരുടെ പ്രധാന ആവശ്യം മോഡി സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയായിരുന്നു. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയും തുടർന്നുള്ള പരീക്ഷ റദ്ധാക്കലിനും പിന്നാലെയാണ് ഈ സമരം ഉയർന്നുവന്നത്. എന്നാൽ സമരത്തിൽ പങ്കെടുത്തവരിൽ എത്ര പേർ യഥാർത്ഥ നീറ്റ് പരീക്ഷാർത്ഥികളായിരുന്നു എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ, പരീക്ഷാ സംവിധാനത്തിൽ എന്തെല്ലാം പരിഷ്കാരങ്ങൾ വേണമെന്ന ചർച്ചയ്ക്കായിരിക്കും അവർ ഒരു മന്ത്രിയുടെ രാജിയെക്കാൾ കൂടുതൽ പ്രാധാന്യം നൽകുക. രാജ്യത്തെ സിനിമാപ്രവർത്തകരും വിവിധ മേഖലകളിലെ ബുദ്ധിജീവികളും ഉൾപ്പെടെ നിരവധി പ്രമുഖർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഒടുവിൽ സമരം ഒത്തുതീർന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജി ഒഴികെ, പരീക്ഷ റദ്ദാക്കൽ, അന്വേഷണം, പരീക്ഷാ സംവിധാനത്തിൽ പരിഷ്കാരങ്ങൾ തുടങ്ങിയ പ്രധാന നടപടികൾ സമരം ശക്തമാകുന്നതിന് മുമ്പേ തന്നെ സർക്കാർ ആരംഭിച്ചിരുന്നു. നീറ്റ് പരീക്ഷ കേവലം 12 കുട്ടികളുടെ ജീവൻ മാത്രമല്ല അപഹരിച്ചിട്ടുള്ളത് . പ്രതി വർഷം വിവിധ പരീക്ഷകളുടെ സമ്മർദ്ദം താങ്ങാൻ വയ്യാതെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ആണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത് . വിദ്യാഭ്യാസം എന്നാൽ ഉയർന്ന ജോലി വാങ്ങി ജീവിതം സുരക്ഷിതമാക്കാനുള്ളതാണ് എന്ന ഇടുങ്ങിയ ചിന്തയിൽ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അത് മാതാപിതാക്കളിൽ തുടങ്ങി കുട്ടികളിൽ ചെന്നെത്തുന്ന നിരന്തര മാനസിക പിരിമുറുക്കത്തിന്റെ പരിണിത ഫലം കൂടിയാണ് . നല്ല സാമ്പത്തികമുള്ള മാതാപിതാക്കളുടെ മക്കൾക്ക് മാത്രമേ ലക്ഷങ്ങൾ മുടക്കിയുള്ള എൻട്രൻസ് മാമാങ്കത്തിലൂടെ കടന്നു പോകാൻ കഴിയൂ . എട്ടാം ക്ലാസ് മുതൽ തന്നെ എൻട്രൻസിന് വേണ്ടി പഠിപ്പിക്കുന്ന സ്‌കൂളുകൾ ഉണ്ട്. പ്ലസ് വൺ തലത്തിലേക്ക് ചെല്ലുമ്പോൾ എൻട്രൻസിന് മാത്രം പ്രാധാന്യം കൊടുത്തുള്ള പ്രത്യേകം കോച്ചിങ്ങുകൾ ആണ് സ്‌കൂളുകൾ നൽകുന്നത്. താമസം , ഭക്ഷണം , കോച്ചിങ് തുടങ്ങിയവക്കായി ഒരു പത്തു ലക്ഷം രൂപ എങ്കിലും മുടക്കാൻ പറ്റുന്നവർക്ക് മാത്രമേ മെഡിസിൻ പഠിക്കാൻ പറ്റൂ. സാധാരണ വിദ്യാർത്ഥികൾക്ക് ഇതിൽ കടന്നു കൂടുക വളരെ ബുദ്ധിമുട്ടാണ്. നീറ്റ് പരീക്ഷ എന്നല്ല ഒരു പരീക്ഷയും കുട്ടികൾക്ക് ഒരു ഭാരമായി മാറരുത്. പണം മുടക്കില്ലാതെ പബ്ലിക് ഡൊമൈനിലൂടെ ലഭിക്കുന്ന റിസോർസ് വച്ച് എല്ലാവർക്കും പരീക്ഷക്ക് തയ്യാറെടുക്കാൻ സാധിക്കണം. എൻട്രൻസ് കോച്ചിങ്ങിനു വേണ്ടി മാത്രമുള്ള സ്‌കൂളുകളും , സ്ഥാപനങ്ങൾളും അനുവദിക്കരുത്. പ്ലസ് ടു പരീക്ഷയുടെ തുടർച്ചയായി അടുത്ത ദിവസമോ അതിനടുത്ത ദിവസമോ ഒരു സാധാരണ പരീക്ഷ എന്ന നിലക്ക് ഇത് നടത്തണം. ചോദ്യങ്ങൾ ചോരുന്നതാണ് ഇപ്പോൾ പ്രശ്‍നം . എന്നാൽ അടുത്ത വർഷവും ചോദ്യം ചോർന്നെക്കാം. ഇതിനൊരു പരിഹാരം ഔദ്യോഗികമായി ചോദ്യങ്ങൾ വെളിപ്പെടുത്തുക എന്നതാണ് . ഒരു ലക്ഷമോ രണ്ടു ലക്ഷമോ ചോദ്യങ്ങൾ അടങ്ങുന്ന ഓരോ വിഷയത്തിന്റെയും ക്വാസ്റ്റിൻ ബാങ്ക് തയ്യാറാക്കി , നന്നായി എക്സ്പ്ലൈൻ ചെയ്തുള്ള വീഡിയോ ഉത്തരങ്ങൾ സഹിതം സർക്കാർ പോർട്ടലിൽ പ്രസിദ്ധപ്പെടുത്തുക. വർഷം മുഴുവൻ വിദ്യാർത്ഥികൾക്ക് പരിശീലിക്കാൻ അത് ലഭ്യമാകണം. പരീക്ഷക്ക് അരമണിക്കൂർ മുമ്പ് വിദ്യാർത്ഥികളെ ഹാളിൽ കയറ്റിയതിനു ശേഷം കേന്ദ്രീകൃതമായി കംപ്യൂട്ടറിന്റെ സഹായത്തോടെ ചോദ്യങ്ങൾ സെറ്റ് ചെയ്ത് എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കുക . ഇതൊക്കെ ഇപ്പോൾ തന്നെ പല പരീക്ഷകൾക്കും നടക്കുന്നവയാണ്. അത് എൻട്രൻസിനും ബാധകമാക്കിയാൽ മാത്രം മതി. അപ്പോൾ ക്വാസ്റ്റിൻ പേപ്പർ ചോരില്ല. പണമുള്ളവനും ഇല്ലാത്തവനും ഒരേ സോഴ്സ് നിന്ന് തന്നെ ഫ്രീ ആയി റിസോർസ് കിട്ടും. പഠിക്കുക , ടോപ്പ് റാങ്ക് മേടിക്കുക. ഇതാണ് ഒരു പരിഹാരം. ഒരു പക്ഷെ ഒരേ ഒരു പരിഹാരം. എല്ലാ വിദ്യാർത്ഥികൾക്കും മെഡിസിനിൽ അഭിരുചി ഉണ്ടാവില്ല. എന്നാൽ അവരുടെ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കാൻ അവർ അത് പഠിക്കേണ്ടി വരുന്നു. ഇതിന് അഭിരുചി കൂടി പരിശോധിക്കേണ്ടതുണ്ട്. വൈദ്യം പഠിക്കാൻ വരുന്നവർ രോഗികളോട് അലിവുള്ളവർ ആകണം എന്നുറപ്പു വരുത്തണം. ഒരു വീഡിയോയിൽ ഒരു ഡോക്ടർ വിദ്യാർത്ഥിനി തങ്ങൾക്ക് പഠിക്കാൻ കിട്ടുന്ന പുരുഷ മൃതശരീരത്തിലെ ലൈംഗീക അവയവത്തെ കുറിച്ച് കമന്റുകൾ പറയാറുണ്ട് എന്ന് പറഞ്ഞത് കണ്ടു. മെഡിസിൻ പഠിക്കാൻ വരുന്നവരെ കൊണ്ട് നിർബന്ധമായും അവയവങ്ങളും, മൃതദേഹവും ദാനം ചെയ്യാനുള്ള സമ്മതി പാത്രത്തിൽ ഒപ്പിടീക്കണം. അത് തീർച്ചയായും പൊതു ജനത്തിന് ഒരു മാതൃകയും ആവും. ഒരു നാൾ തങ്ങളും മൃതശരീരമായി ഈ ടേബിളുകളിൽ എത്തും എന്ന തോന്നൽ ഉണ്ടാവണം . അപ്പോൾ തന്നെ മെഡിസിൻ പഠിക്കാനുള്ള കുട്ടികളുടെ തള്ളിച്ച നന്നായി കുറയും. ഡോക്ടർ ആകണമെങ്കിൽ വലിയ ബുദ്ധിയുള്ളവർതന്നെ വേണമെന്നില്ല . അതിന് ഒരു ശരാശരിക്കാരൻ മതി . ഒരു പ്ലംബറുടെയോ , മെക്കാനിക്കിന്റെയോ പണി മാത്രമാണ് ഒരു ഡോക്ടറുടേത്. ചികിത്സക്ക് ശാസ്ത്രീയമായ ഒരു പ്രോട്ടോക്കോൾ ഉണ്ട്. അത് ഫോളോ ചെയ്‌താൽ മാത്രം മതി. നല്ല ബുദ്ധിയുള്ള കുട്ടികളെ നമുക്ക് വേണ്ടത് ഗവേഷണത്തിനാണ്. എന്നാൽ പ്യുവർ സയൻസ് പഠിക്കാൻ ഇന്ന് കുട്ടികളെ കിട്ടുന്നില്ല. ആ സ്ഥിതി മാറണം. മാറ്റണം. ഇതൊക്കെയാണ് വിദ്യാർത്ഥികൾ ചിന്തിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും ഭരണ നേതൃത്വങ്ങളും ബുദ്ധിജീവി വിഭാഗങ്ങളും ചിന്തിക്കേണ്ടതും .

2026 ജൂലൈ 25, ശനിയാഴ്‌ച

പാറ്റാ പാർട്ടി

പാറ്റാ പാർട്ടി വളരെ പെടുന്നനെ ആണ് ഓരോ പാർട്ടികളും രൂപം കൊള്ളുന്നത്. 2011ൽ അഴിമതിക്കെതിരെയും ലോക്പാൽ ബില്ലിന് വേണ്ടിയും അത് വരെ അത്ര കണ്ടു പരിചയം ഇല്ലാതിരുന്ന അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജിരിവാളിന്റെയും നേതൃത്തത്തിൽ ഇന്ത്യ എഗനിസ്റ് കറപ്ഷൻ (IAC ) എന്ന പേരിൽ ജന്തർ മന്ദിറിലും രാംലീലാ മൈതാനത്തും 17 ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരം അവസാനിച്ചപ്പോൾ കോൺഗ്രസിന്റെ നില പരുങ്ങലിൽ ആയി . ഡൽഹിയിലെയും കേന്ദ്രത്തിലെയും ഭരണം അവർക്ക് എന്നന്നേക്കുമായി നഷ്ട്ടപ്പെട്ടു. വലിയ ഭൂരിപക്ഷത്തോടെ ബിജെപി യെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞു എന്നത് മാത്രമേ ആ മൂവ്‌മെന്റിന്റെ നേട്ടമായി പിൽക്കാലത്ത് രേഖപ്പെടുത്താനുണ്ടായിരുന്നത്. കെജ്‌രിവാൾ ഡൽഹി ഭരണം പിടിച്ചെടുത്തു . പലവട്ടം ഭരിച്ചു. ഒടുവിൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജയിലിൽ ആയി, ഭരണത്തിൽ നിന്ന് പുറത്തും പോയി. അണ്ണാ ഹസാരെ എവിടെയാണെന്ന് ഒരു നിശ്ചയവുമില്ല. ഏതാണ്ട് അതിനെ അനുസ്മരിപ്പിക്കുന്നതാണ് പാറ്റ പാർട്ടിയും . IAC മൂവ്മെന്റിൽ പ്രവർത്തിച്ച് പരിചയം ഉള്ള അഭിജിത് ദീപക്ക് എന്ന യുവാവാണ് ഇവിടെ കെജ്‌രിവാളിന്റെ സ്ഥാനത്ത്. അണ്ണാ ഹസാരെയുടെ സ്ഥാനം അലങ്കരിക്കുന്നത് സോനം വാൻചുക്ക് ആണ് . പാറ്റ പാർട്ടി രൂപം കൊള്ളാനുള്ള കാരണം വിചിത്രമാണ്. 2026 മെയ് 15 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഒരു യുവ അഭിഭാഷകന്റെ വാദം കേൾക്കുക ആയിരുന്നു. അദ്ദേഹം വാദിച്ചിട്ടുകൊണ്ടിരുന്നത് തന്റെ തന്നെ കേസ് ആയിരുന്നു. സീനിയർ അഡ്വക്കേറ്റ് ആയി ഡെസിഗ്നെറ്റ് ചെയ്യപ്പെടുന്നതിനുള്ള തന്റെ അപേക്ഷയിന്മേൽ ഡൽഹി ഹൈ കോടതി തീരുമാനം എടുക്കുന്നില്ലെന്നും ആയതിന് കോടതിക്ക് നിർദ്ദേശം നൽകണം എന്നുമാണ് കേസിന്റെ ഉള്ളടക്കം. വക്കീലന്മാരിൽ മികവാർന്ന പ്രകടനം കാഴ്ചവെക്കുന്ന ആളുകളെ ഹൈ കോടതികളും സുപ്രീം കോടതിയും ഇങ്ങനെ സീനിയർ അഭിഭാഷകർ ആയി ഡെസിഗ്നെറ്റ് ചെയ്യുന്ന രീതി ഉണ്ട്. അത് കോടതിയുടെ പൂർണ്ണ താൽപര്യത്തിൽ പെടുന്ന കാര്യമാണ്. എന്നാൽ യുവ അഭിഭാഷകന്റെ ദാർഷ്ട്ട്യം നിറഞ്ഞ വാദം ചീഫ് ജസ്റ്റീസിന് ഇഷ്ടപ്പെട്ടില്ല. ഈ അഭിഭാഷകൻ സോഷ്യൽ മീഡിയയിൽ നിയമജ്ഞൻ എന്ന നിലയിൽ വീഡിയോ ചെയ്യുന്നതെല്ലാം ജഡ്‌ജിയുടെ ശ്രദ്ധയിൽ ഉണ്ട്. ഡൽഹി ഹൈ കോടതി താങ്കളെ സീനിയർ അഡ്വക്കേറ്റ് ആയി ഡെസിഗ്നെറ്റ് ചെയ്‌താൽ പോലും ഞങ്ങൾ അത് അസാധു വാക്കും എന്നായി കോടതി. അല്ലെങ്കിൽ തന്നെ ഭരണഘന സംവിധാനങ്ങളെ കരിവാരിത്തേക്കുന്ന വിഡിയോകളും എഴുത്തുകളുമായി തൊഴിലില്ലാത്ത ഒരു കൂട്ടർ പാറ്റകളെ പോലെ ഇപ്പോൾ തന്നെ ഉണ്ട് . ആ കൂട്ടത്തിലാണ് താങ്കളും ഇപ്പോൾ. താങ്കളുടെത് ഉൾപ്പെടെ പല അഭിഭാഷകരുടെയും വിഡിയോകൾ ഒക്കെ ഞങ്ങൾ കാണുന്നുണ്ട്. പല വിഡിയോകളും കാണുമ്പോൾ ശരിക്കും നിയമ ബിരുദം ഉണ്ടോ എന്ന് പോലും തോന്നാറുണ്ട്. ഈ പരാമർശം ആണ് അന്ന് ജസ്റ്റിസ് സൂര്യകാന്തിന്റെ ഭാഗത്തു നിന്നുണ്ടായത്. അമേരിക്കയിലെ ബോസ്റ്റണിൽ പഠിച്ചുകൊണ്ടിരുന്ന അഭിജിത് ദീപക് എന്ന മഹാരാഷ്ട്രക്കാരൻ എങ്ങനെയോ ഈ പരാമർശം കേട്ടു. തൊഴിലില്ലാത്ത ചെറുപ്പക്കാരെ പാറ്റകൾ എന്നാണ് വിളിക്കുന്നതെങ്കിൽ ശരിക്കും ഞങ്ങൾ പാറ്റകൾ തന്നെ എന്ന വിധം അയാൾ സോഷ്യൽ മീഡിയയിൽ വീഡിയോ ഇടുന്നു. പലരും ഒരു തമാശക്കായി ആദ്യം ഷെയർ ചെയ്തതാണെങ്കിലും കളി കാര്യമാകുന്നു. പൊതുവെ അസ്വസ്ഥരായ കോടിക്കണക്കിനു ഇന്ത്യൻ യുവാക്കൾ അതേറ്റുപിടിക്കുന്നു. ഓൺലൈൻ ആയി ഒരു പാർട്ടിത്തന്നെ രൂപം കൊള്ളുന്നു. ഇനി വിഷയങ്ങൾ കണ്ടു പിടിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ആണോ വിഷയത്തിന് പഞ്ഞം. തൊഴിലില്ലായ്‌മ, അഴിമതി, ഉത്തരവാദിത്തം ഇല്ലായ്മ , അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യ പരിഷ്‌ക്കാരങ്ങൾ, ഗവൺമെന്റിലെ സുതാര്യത, ചെറുപ്പക്കാർക്ക് മെച്ചപ്പെട്ട അവസരങ്ങൾ തുടങ്ങിയ അജണ്ടകൾ ഉടനടി തയ്യാറായി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഭാഗ്യത്തിന് നീറ്റ് പരീക്ഷയിലെ ചോർച്ച വിഷയം ആകുന്നത്. ഇന്ത്യ മുഴുവൻ കത്തിക്കാനുള്ള ഉർജ്ജത്തിന് വേണ്ടി യുവാക്കളോട് ഡൽഹിയിൽ എത്താൻ ആവശ്യപ്പെടുന്നു. നീറ്റ് എന്ന് പാഞ്ഞാൽ എന്താണ് എന്നറിയാത്ത കുട്ടികൾ പോലും ഡൽഹിയിലെ ജന്ദർമന്ദിറിലേക്ക് വണ്ടി കയറി. ഇന്ത്യയിൽ അകെ 1.2 ലക്ഷം എംബിബിസ് സീറ്റുകൾ ആണുള്ളത് . ഇതിലേക്ക് കേന്ദ്രീകൃതമായി എല്ലാ വർഷവും പരീക്ഷ നടത്തുന്നു. 22 ലക്ഷം കുട്ടികൾ ആണ് പരീക്ഷ എഴുതുന്നത്. കടുത്ത മത്സരം ഉണ്ട്. കുട്ടികൾ ഉറക്കമിളച്ചിരുന്ന് പഠിക്കുന്നതാണ്. കഷ്ടപ്പെട്ട് പരീക്ഷയെഴുതി കഴിയുമ്പോൾ അത് ക്യാൻസൽ ആക്കുന്നു എന്ന് പറഞ്ഞാൽ വലിയ വിഷമം ആണ് . കുട്ടികൾ പൊട്ടിത്തെറിക്കുക സ്വാഭാവികം. എന്നാൽ കുട്ടികൾ ആത്മഹത്യ ചെയ്യുക എന്നു പറഞ്ഞാൽ ചിത്രം മാറുകയാണ്. ഒരു വർഷം നഷ്ടപ്പെടുമെന്ന ഭീതി, കുടുംബത്തിന്റെ പ്രതീക്ഷ, സാമ്പത്തിക പ്രശ്നം, പരീക്ഷാ ടെൻഷൻ , പേടി , ഡിപ്രെഷൻ ഇതൊക്കെയാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചത്. 12 വിദ്യാർത്ഥികൾ ആണ് നീറ്റുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തത്. എന്നാൽ പ്രതി വർഷം ഇന്ത്യയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് നോക്കിയാൽ അമ്പരന്നു പോകും. 2020 ൽ 12,526 കുട്ടികൾ ആത്മഹത്യാ ചെയ്തു. 21ൽ 13,088. 22 ൽ 13,044, 23 ൽ 13,892 , 24 ൽ 14,488. പബ്ലിക് ഡൊമൈനിൽ ഈ കണക്കുകൾ ലഭ്യമാണ് . ഇത് കാണിക്കുന്നത് നീറ്റ് പരീക്ഷയിലെ പ്രശ്നങ്ങളെക്കാൾ കുട്ടികൾക്ക് താങ്ങാൻ പറ്റാത്ത അക്കാഡമിക് അന്തരീക്ഷത്തിലൂടെയാണ് അവർ അനുദിനം കടന്നു പോകുന്നത് എന്നാണ് . ആരാണ് ഇവരെ മരണത്തിലേക്ക് തള്ളി വിടുന്നത്? സർക്കാർ ഒരു വലിയ ചിലന്തി വല പോലെ ആണ് . നടുക്ക് സർക്കാരുണ്ട്. പക്ഷെ സർക്കാരിൽ നിന്നും ഒരു പാടകലെ ആ വലയിൽ പൊട്ടൽ വീഴാം. കേന്ദ്രം എത്തി ആ വല നന്നാക്കി വീണ്ടും സജ്ജമാക്കും. ഇതാണ് സാധാരണ രീതി. എല്ലാ കാലത്തും ഈ വലക്ക് പൊട്ടൽ വീഴാറുണ്ട്, പല കാരണങ്ങളാൽ. പൊട്ടാത്ത വല സ്വപ്നങ്ങളിൽ മാത്രമായിരിക്കും. മാക്സിമം നന്നാക്കുക. പരിഷ്‌ക്കരിക്കുക. വല പൊട്ടിയതിനാൽ അഫക്റ്റഡ് ആയവരെ ആശ്വസിപ്പിക്കുക, നഷ്ടപരിഹാരം കൊടുക്കുക. അങ്ങനെ മുമ്പോട്ടു പോകുക അതേ പറ്റൂ. 2024 ൽ നീറ്റിന്റെ വല പൊട്ടിയപ്പോൾ സർക്കാർ സിബിഐ അന്വേക്ഷണം വച്ചു . പബ്ലിക് എക്‌സാമിനേഷൻ ആക്ട് പാസ്സാക്കി. ഹൈ ലെവൽ കമ്മിറ്റിയെ വച്ചു . പരീക്ഷാ നടപടിക്രമങ്ങളുട ആരംഭം മുതൽ ഹൈ സെക്യൂരിറ്റി ഏർപ്പെടുത്തി . എന്നിട്ടും വല ചോർന്നു. 2026 ൽ ചോദ്യപേപ്പർ കോമ്പോസിങ് സ്റ്റേജുകളിൽ എവിടെയോ വച്ച് ജീവനക്കാരിൽ ആരോ വളരെ വിദഗ്ധമായി മൊബൈലിൽ പകർത്തി ടെലെഗ്രാമിലൂടെ വിതരണം ചെയ്യുകയായിരുന്നു എന്നാണ് നിഗമനം . പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാർ ഡോക്ടർമാർ, സ്‌കൂൾ അധികൃതർ, കോച്ചിങ് സെന്റർ ഉടമകൾ തുടങ്ങി ഒരുപാടാളുകകളെ ഇത് സംബന്ധമായി അറസ്റ്റ് ചെയ്തു. അടുത്ത വർഷം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ കമ്പ്യൂട്ടർ വൽകൃത പരീക്ഷ നടത്തും. കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ട് വരും. പരീക്ഷ കുറ്റങ്ങൾക്ക് വലിയ ശിക്ഷ ഏർപ്പെടുത്തും. ഇതൊക്കെയാണ് ഒരു സർക്കാരിന് ചെയ്യാനുള്ളത്. ഇതൊക്കെ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നോക്കുക ആണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടത്. ഇല്ലെങ്കിൽ അതത് സമയത്ത് ഇടപെടുക. അതാണ് അവരുടെ ഉത്തരവാദിത്തം. പാർലമെന്റ് കാന്റീനിൽ നിന്നും 10 രൂപക്ക് കോഴി ബിരിയാണി വാങ്ങി കഴിക്കുന്നതിൽ മാത്രം ഒതുങ്ങരുത് അവരുടെ പ്രവർത്തനം. സത്യത്തിൽ ഇന്ത്യ സഖ്യത്തിന് ഇതൊരു നാണക്കേടാണ്. ഇന്ത്യ ഒട്ടാകെ 35 പാർട്ടികൾ ഇന്ത്യ മുന്നണിയിൽ ഉണ്ട്. ഇത്രയും പാർട്ടികളും അവരുടെ അണികളും ഉണ്ടായിട്ടും പാറ്റ പാർട്ടി എന്ന ഒരു പുതിയ പാർട്ടി ഉണ്ടാവേണ്ടി വന്നു നീറ്റ് ചോർച്ച ചോദ്യം ചെയ്യാൻ. അവരുടെ ബാനറിൽ ഈ സമരം നടത്തി ഈ പാർട്ടികളെല്ലാം ഇളിഭ്യർ ആകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ശരിക്കും ഈ പാർട്ടികൾ തന്നെ എന്തിനാണ്? നീറ്റ് പ്രശനം മാത്രമല്ല , മുൻനിര പാർട്ടികൾ ഉന്നയിക്കുന്ന ഡിമാന്റുകൾ എല്ലാം തന്നെ പാറ്റ പാർട്ടിയും മുന്നോട്ട് വയ്ക്കുന്നുണ്ട്. എങ്കിൽ പിന്നെ നമുക്ക് പാറ്റ പാർട്ടി പോരെ എന്ന് ഓരോരുത്തരും ചോദിക്കുന്ന കാലമാണിത്.

2026 ജൂലൈ 20, തിങ്കളാഴ്‌ച

ഖജനാവ് തീനികൾ

ഖജനാവ് തീനികൾ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഏറ്റവും മോശമായ അവസ്ഥയിൽ ആണെന്ന് നമുക്കറിയാം. എന്നാൽ ഇടതു പക്ഷ ഗവൺമെന്റ് ഭരണത്തിൽ നിന്ന് പുറത്തു പോയപ്പോൾ അവർ പറഞ്ഞത് സാമ്പത്തിക സ്ഥിതി വളരെ ഭദ്രമാണെന്നും ഖജനാവ് നിറച്ചിട്ടാണ് തങ്ങൾ പോകുന്നതെന്നുമാണ്. പക്ഷെ, സർക്കാർ ജീവനക്കാരുടെ വേതന കുടിശ്ശികകളും, സാമൂഹിക പെൻഷൻ കുടിശ്ശികയും, മറ്റനേകം ബാധ്യതകളും ഉൾക്കൊള്ളുന്ന ഒരു വലിയ തുക കൊടുത്തു തീർക്കാതെയാണ് അവർ ഇറങ്ങിപ്പോയത്. പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ ധവള പത്രം ഇറക്കി, ധനസ്ഥിതി മോശമാണെന്ന് തുറന്നു പറഞ്ഞു മുൻ‌കൂർ ജാമ്യവും എടുത്തു കഴിഞ്ഞു. ഇത്തരം മോശമായ സാമ്പത്തിക സ്ഥിതിയിലേക്ക് കേരളം ചെന്നെത്താൻ കാരണം വർധിച്ചു വരുന്ന കടമെടുപ്പ് തന്നെയാണ്. 2016 ൽ ഒരു കേരളീയന്റെ ആളോഹരി കടബാധ്യത 46,000 രൂപ ആയിരുന്നത് 2026 ൽ 1.36 ലക്ഷം രൂപയായി മാറി. അതായത് കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിന്റെ ആളോഹരി കടബാധ്യത 3 മടങ്ങിലേറെ വർദ്ധിച്ചു . എന്നാൽ ഭരണപക്ഷ രാഷ്ട്രീയക്കാർ, മോശം സാമ്പത്തിക സ്ഥിതിക്ക് പ്രധാനമായി കുറ്റപ്പെടുത്തുന്നത് സർക്കാർ ജീവനക്കാരെ ആണ് . 100 രൂപ വരുമാനം ഉണ്ടെങ്കിൽ അതിലെ 77 രൂപയും ശമ്പളം, പെൻഷൻ , കടത്തിന്മേലുള്ള പലിശ അടവ് മുതലായവയ്ക്ക് ചിലവഴിക്കുന്നതുകൊണ്ടാണ് ഈ അവസ്ഥ എന്ന് അവർ പ്രചരിപ്പിക്കുന്നു. പലിശ മാറ്റിയാൽ ശമ്പളത്തിനായി 30 ശതമാനവും, പെൻഷനായി 26 ശതമാനവും ചിലവഴിക്കുന്നുണ്ട് എന്നത് സത്യമാണ് . ഇത് തീർച്ചയായിട്ടും വലിയ ഒരു തുക തന്നെ ആണ്. പ്രത്യേകിച്ചും, കർണാടകത്തിലും തമിഴ്‌നാട്ടിലും ശമ്പളത്തിന് 29 ശതമാനവും പെൻഷന് 14 ശതമാനവുമേ ചിലവഴിക്കുന്നുള്ളു എന്നതുമായി താരതമ്യപെടുത്തി നോക്കുമ്പോൾ. കേരളത്തിൽ, ജനസംഖ്യയുടെ 1.39 ശതമാനം സർക്കാർ ഖജനാവിൽ നിന്ന് നേരിട്ടോ അല്ലാതെയോ ശമ്പളം വാങ്ങിക്കുന്നവർ ആണ്. തമിഴ് നാട്ടിലും കർണാടകത്തിലും ഇത് ഒരു ശതമാനമോ അതിൽ താഴെയോ ആണ് . ജീവനക്കാരുടെ എണ്ണത്തിൽ വന്നിരിക്കുന്ന ഈ കുറവ് ചൂണ്ടിക്കാട്ടി ആ സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, ആയുർദൈർഘ്യം തുടങ്ങി പല ഇൻഡക്സുകളും കേരളത്തിനു താഴെ ആണ് എന്ന് പറയാമെങ്കിലും ഈ സംഖ്യ അൽപ്പം കൂടുതൽ തന്നെയാണ്. ഇതിനെ നിയന്ത്രിക്കേണ്ടതുമുണ്ട്. പുതിയ കാലത്ത് പുതിയ രീതികൾ തൊഴിലിടങ്ങളിൽ പരീക്ഷിക്കാത്തത് തന്നെയാണ് പ്രശ്‍നം. ഒരു സ്ഥാപനം പകുത്ത് മറ്റൊരു സ്ഥാപനം രൂപീകരിക്കുമ്പോൾ ആ സ്ഥാപനത്തിലെ അധികം വരുന്ന ആളുകളെ മാറ്റി പുതിയ സ്ഥാപനത്തിൽ വിന്യസിക്കുന്നതിനു പകരം പുതിയ ആളുകളെ റിക്രൂട് ചെയ്യുന്ന പ്രവണതയുമുണ്ട്. ജീവനക്കാരുടെ ആധിക്യം ഉണ്ടെന്ന് പറയുന്ന സർക്കാർ തന്നെ തങ്ങളുടെ കാലത്ത് കൂടുതൽ നിയമനങ്ങൾ നടത്താനാണ് താല്പര്യപ്പെടുന്നത്. എല്ലാവർക്കും തൊഴിൽ ലഭിക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കാതെ ഏറ്റവും വലിയ തൊഴിൽ ദാതാവായി മാറാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ജീവനക്കാരിൽ 85 ശതമാനവും ശരാശരി 55,000 രൂപ ശമ്പളം കൈപ്പറ്റുന്നവർ ആണ് . 8000 രൂപ ലഭിക്കുന്ന ആശാ വർക്കർമാർ മുതൽ 1,25,000 രൂപ വരെ ലഭിക്കുന്ന രണ്ടാം ഗസറ്റഡ് പോസ്റ്റ് വരെ ചെന്നെത്തുന്ന സാധാരണ ജീവനക്കാരാണ് ഈ വിഭാഗം. ഇവർ ശമ്പള വിഹിതത്തിന്റെ 60 ശതമാനം പങ്കിടുമ്പോൾ, ബാക്കി 40 ശതമാനം ലഭിക്കുന്നത് 15 ശതമാനം വരുന്ന മറ്റൊരു വരേണ്യ വിഭാഗത്തിനാണ് . ഉയർന്ന ഉദ്യോഗസ്ഥർ , ഗവർണർ, മന്ത്രിമാർ , MLA മാർ , തദ്ദേശ സ്വയംഭരണ പ്രതിനിധികൾ , ബോർഡ് കോർപറേഷൻ മെംബേർസ്, PSC മെംബേർസ്, വിവിധ ചെയർമാൻമാർ , PA മാർ തുടങ്ങിയ ആ നിര അങ്ങനെ നീണ്ടു പോകുന്നു . മന്ത്രിമാരുടെയും, MLA മാരുടെയും മറ്റു ഭരണഘടനാ സ്ഥാനികളുടെയും പേർസണൽ സ്റ്റാഫിൽ എടുക്കുന്ന ആളുകളുടെ എണ്ണവും ഭീതിപ്പെടുത്തുന്നതാണ്. കോൺട്രാക്ടിൽ അല്ലെങ്കിൽ ഡെയിലി വേജസിൽ നിയമിക്കാൻ ആളുകളെ ധാരാളം കിട്ടുമെന്നിരിക്കെ തങ്ങളുടെ പാർട്ടി അംഗങ്ങളെ തീറ്റി പോറ്റാൻ ഉള്ള മേച്ചിൽ പുറമായാണ് അവരിതിനെ കാണുന്നത്. 1 ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങിക്കുന്ന ധാരാളം ആളുകൾ ഇങ്ങനെ നിയമിക്കപ്പെടുന്നുണ്ട് . അവർക്ക് 2 വർഷം കഴിയുമ്പോൾ ഉയർന്ന തുക പെൻഷൻ നൽകി പുതിയ ആളെ എടുത്ത് അവർക്കും പെൻഷൻ സർവീസ് തികക്കുന്ന ഈ കലാപരിപാടിയാണ് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നാളിതുവരെ പയറ്റിപ്പോന്നത് . ശമ്പളവും പെൻഷനും , പലിശയും കഴിഞ്ഞു 100 രൂപയിൽ ബാലൻസ് വരുന്ന 23 രൂപ വികസന പ്രവർത്തനങ്ങൾക്ക് ചിലവഴിക്കുന്നു എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. ഇതിൽ സിംഹ ഭാഗവും മേൽപ്പറഞ്ഞ വരേണ്യ വിഭാഗങ്ങളുടെ യാത്രാ പടി , ചികിത്സ ചിലവുകൾ മറ്റ് ആഡംബരങ്ങൾ എന്നിവക്കാണ് ചിലവഴിക്കുന്നത്. 60,000 രൂപയുടെ കണ്ണടകൾ ധരിച്ചാലെ മന്ത്രി മാർക്കും , MLA മാർക്കും വായിക്കാൻ പറ്റൂ. ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ എല്ലവരും ഖജനാവിൽ നിന്ന് ചികിത്സാ ചിലവായി ലക്ഷങ്ങൾ എഴുതി എടുക്കുകയാണ്. കഴിഞ്ഞ ഇടത് ഭരണക്കാലത്ത് മുഖ്യമന്ത്രിയും, മന്ത്രിമാരും അവരുടെ കുടുംബവും 2.44 കോടി രൂപ ചികിത്സക്കായി ചിലവഴിച്ചതായാണ് കണക്ക്. പിണറായി വിജയന് മാത്രം ചെലവായത് 93.24 ലക്ഷം രൂപയാണ്. VD സതീശൻ 6.45 ലക്ഷം രൂപ എഴുതിയെടുത്തതായും പറയുന്നു. MLAമാർ, ഐ എ എസ്, IPS ഉദ്യോഗസ്ഥർ , യൂണിവേഴ്സിറ്റികളിലെ സിണ്ടിക്കേറ്റ് മെംബേർസ്, ബോർഡ് കോർപറേഷൻ, വിവിധ സർവീസ് കമ്മീഷനുകളിലെ അംഗങ്ങൾ തുടങ്ങിയവർ എഴുതിയെടുക്കുന്ന തുക ഞെട്ടിപ്പിക്കുന്നതാണ്. ഇതും പോരാഞ്ഞു രാഷ്ട്രീയ കേസുകൾ നടത്താൻ സർക്കാർ കോടികൾ ആണ് ചെലവിടുന്നത്. ഇതെല്ലാം കഴിഞ്ഞു വികസനത്തിന് 100 രൂപയിൽ 5 രൂപയോ മറ്റോ ലഭിച്ചാലായി. അങ്ങനെ വരുമ്പോൾ ആണ് കടം എടുക്കുന്നത് . കടം കൂടി കൂടി നമ്മൾ ഇന്നത്തെ നിലയിൽ എത്തി നിൽക്കുന്നതും.