2026 ജൂൺ 14, ഞായറാഴ്‌ച

പാതിരാത്രിയിലെ കുമ്പസാരം

80 കളുടെ അവസാനം എഴുതിയ ഒരു കഥ ...മാറ്റങ്ങളില്ലാതെ .. പാതിരാത്രിയിലെ കുമ്പസാരം പാതിരി വിയർത്തു! ശരീരത്തിൽ നിന്നും വിയർപ്പിന്റെ ചൂടരുവികൾ അണപൊട്ടിയൊഴുകിയപ്പോൾ തണുത്തു . തണുപ്പ് വിറയലായി. നെഞ്ചിനകത്ത് പെരുമ്പറയടിക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് ബ്രഹ്മാണ്ഡങ്ങളെപ്പോലും ഞെട്ടിക്കുന്ന കടഹധ്വനിയായി നിറഞ്ഞു നിൽക്കുന്നു. പാതിരാവിന്റെ ഏകാന്തതയിലും ചിമ്മാതെ നിൽക്കുന്ന ആ നയനങ്ങൾ പരിക്ഷീണിതങ്ങൾ ആയിക്കൊണ്ടേയിരുന്നു. മനസ്സിൽ ഒരു സംഘട്ടനം നടക്കുകയാണ്. നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനം. രണ്ടിലൊന്ന് ജയിക്കുക തന്നെ ചെയ്യും. നന്മ ജയിച്ചാൽ!!!!!!.........എങ്കിൽ പിന്നെയീ ശപിക്കപ്പെട്ട ജന്മം ഈ ലോഹക്കുള്ളിൽ വിരസതയുടെ നാളുകളിൽ പൊതിഞ്ഞൊടുക്കേണ്ടി വരും . കർത്താവിന്റെ ത്രോണോസിൽ വിശുദ്ധ ബലിയർപ്പിക്കുമ്പോഴും തന്റെ മനസ് അകലെയെവിടെയോ അലഞ്ഞു തിരിയുകയാവും. അതൊരു വഞ്ചനയല്ലേ ?!! സ്വർഗ്ഗത്തിനും തനിക്കുമെതിരായി ചെയ്യുന്ന കൊടിയ വഞ്ചന!!! ഇടവകയിലെ കുഞ്ഞാടുകളുട തകർന്ന ഹൃദയങ്ങളിൽ പ്രത്യാശയുടെ സൈത്ത് പൂശുവാനോ, അന്ധകാര ജടിലമായ ശൈലപാദത്തിൽ നിന്നും സീയോന്റെ നെറുകയിലേക്ക് അവരെ പിടിച്ചുയർത്തുവാനോ തനിക്കു കഴിയില്ല....ഇല്ല ...നന്മ ജയിക്കാൻ പാടില്ല. മറുവശത്തിനാണ് ജയമെങ്കിലോ ...വയ്യ ...അങ്ങനെ ഓർമിക്കാൻ പോലും കഴിയുന്നില്ല...ആ ഓർമ്മയുടെ നടുക്കമാണ് പാതിരാവിലും ഉറക്കം നഷ്ടപ്പെടുത്തി തന്റെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത്. സെമിനാരിയിൽ ഏകാന്തചിത്തയോടെ നേടിയെടുത്ത വർഷങ്ങളുടെ സാധന കേവലം ഒരു ദുർബല നിമിഷത്തിൽ നഷ്ട്ടപ്പെടുത്തുവാനോ .....?!!! ദൈവത്തിന്റെ പ്രതിനിധിയായ താൻ ഇത്തരമൊരപരാധം പ്രവർത്തിച്ചാൽ അവിടുന്ന് തന്നെ അഗ്നിചിറകുള്ള മാലാഖമാരെയയച്ചു ദഹിപ്പിച്ച് കളയും ! കർത്താവേ എന്തെന്തു പരീക്ഷണങ്ങൾ .… നന്മ ജയിച്ചാലും, തിന്മ ജയിച്ചാലും ഞാൻ നിന്നോട് അപരാധം പ്രവർത്തിക്കുന്നു........!!!! രാവിലെ മനസ് ചോദ്യത്തിന്റെ ചടങ്ങിന് എമിലി എത്തിയപ്പോൾ തന്റെ മനസിലും ആശങ്കയുടെ മഴമേഘങ്ങൾ നിറഞ്ഞു നിന്നിരുന്നു. മാതാവിന്റെ രൂപക്കൂടിനു താഴെ വിരിച്ച പുൽപ്പായിൽ ഇരുന്ന് അവളെന്താണ് തന്നോട് പറഞ്ഞത്...ഞാൻ അച്ഛനെ സ്നേഹിക്കുന്നു..അച്ഛനെ മാത്രം… ഈ വിവാഹത്തിന് ഞാൻ സമ്മതിക്കില്ല. അച്ഛനെന്നെ കൈവെടിയുമെങ്കിൽ എമിലിയുടെ ശരീരം അനാഥപ്രേതങ്ങൾക്കുള്ള ശ്‌മശാനത്തിൽ അടക്കം ചെയ്യപ്പെടും. ഇന്ന് നേരം പുലരും മുമ്പേ അച്ഛനെന്നെ രക്ഷിച്ചില്ലെങ്കിൽ....കർത്താവേ തന്റെ കർണ്ണപുടങ്ങൾ തന്നെ വഞ്ചിച്ചതാണോ..?? വിറയാർന്ന എമിലിയുടെ ചുണ്ടുകൾ തന്റെ കവിൾത്തടങ്ങളിലൂടെ സ്പർശിച്ചു നീങ്ങിയത് ആരും കണ്ടുകാണാൻ വഴിയില്ല..എത്ര നേരം താനാ രൂപക്കൂടിനു താഴെ ഇരുന്നു പോയെന്നറിയില്ല. എമിലിയെ താൻ സ്നേഹിക്കുന്നു . അതല്ലേ സത്യം? അതെ താൻ എമിലിയെ സ്നേഹിക്കുന്നു. ആരാണെമിലിയെ സ്നേഹിച്ചുപോകാത്തത് . ഈ ളോഹക്കും ദൈവീക പരിവേഷത്തിനുമുള്ളിൽ താനൊരു മനുഷ്യൻ മാത്രമല്ലേ ...?!!! വെറുമൊരു മനുഷ്യൻ..... പൂർണ്ണതയുള്ളവനു തുല്യനാവാൻ ശ്രമിക്കുന്ന അപൂർണ്ണനായൊരു മനുഷ്യൻ... തത്വശാസ്ത്രങ്ങളുടെ സരിത്തിൽ എത്രയൊക്കെ മുങ്ങിപ്പൊങ്ങിയിട്ടും പാതിരിയുടെ മനസ്സ് അണുവിടപോലും ശാന്തമായില്ല. പ്രഭാതത്തിൽ അച്ഛനെ വിളിച്ചുണർത്താൻ ചെന്ന കപ്യാരന്തോണി മുറിയിൽ ആരെയും കണ്ടില്ല. സംഭവമറിഞ്ഞ എമിലിയുടെ അമ്മച്ചി ബോധം കേട്ട് വീണു. കല്യാണച്ചെറുക്കനും ബ്രോക്കറും മാറി മാറി വന്ന് തെറി പറഞ്ഞു. എല്ലാം കേട്ട് നിർവികാരനായി ഇരിക്കാനെ എമിലിയുടെ അപ്പച്ചനായുള്ളു. അപ്പോൾ NO .20 മദ്രാസ് മെയിലിലെ ഒന്നാം ക്ലാസ്സ് കംപാർട്ട്മെന്റിൽ ദിവ്യ ബലിക്കുള്ള മണി മുഴങ്ങിക്കഴിഞ്ഞിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: