2026 ഒക്‌ടോബർ 3, ശനിയാഴ്‌ച

SIR ഉം രാഷ്ട്രീയ നാടകങ്ങളും

സംസ്ഥാനത്തും രാജ്യത്തൊട്ടാകെയും അസ്വസ്ഥതകൾ പുകയുന്ന കാലമാണിത്. പ്രധാന വിഷയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി തന്നെ. അതിനെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ‘പാറ്റ പാർട്ടി’ പോലുള്ള ഓൺലൈൻ രാഷ്ട്രീയ മുന്നേറ്റങ്ങളും ഒക്കെ നിരത്തിലേക്ക് വന്നു കഴിഞ്ഞു. വോട്ടർ പട്ടികകളിൽ നിന്ന് സമ്മതിദായകരെ ബോധപൂർവ്വം നീക്കി കേന്ദ്ര ഗവൺമെന്റിന് ഭരണത്തിൽ തുടരാൻ അവസരം ഒരുക്കിയിരിക്കുകയാണ് ഗ്യാനേഷ് കുമാർ എന്നതാണ് പ്രധാന ആരോപണം. കേരളം കേഡറിലെ IAS ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ 15 മാർച്ച് 2024-ലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കുന്നത്. ഇലക്ഷൻ കമ്മീഷണർമാരെ നിയമിക്കാൻ 2023-ൽ പാർലമെന്റ് പാസാക്കിയ പുതിയ നിയമമനുസരിച്ചായിരുന്നു അപ്പോയിന്റ്മെന്റ്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ആയിരുന്നു ആ സമിതിയിലെ അംഗങ്ങൾ. അപ്പോഴേക്കും 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ലോക്സഭാ ഇലക്ഷൻ കഴിഞ്ഞ് ഏകദേശം ഒൻപത് മാസത്തിന് ശേഷമാണ് ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കുന്നത്. അദ്ദേഹം കേവലം ഒരു ഇലക്ഷൻ കമ്മീഷണർ മാത്രം ആയിരുന്ന കാലഘട്ടത്തിൽ ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പും പാർലമെന്റ് തിരഞ്ഞെടുപ്പും ഉൾപ്പെടെ ആറ് തിരഞ്ഞെടുപ്പുകൾ നടന്നു. ഈ തിരഞ്ഞെടുപ്പുകളിലൊക്കെയും ബിജെപി ഗവൺമെന്റിന് നല്ല മേൽക്കൈ ലഭിച്ചതിനെ തുടർന്ന്, ഇലക്ഷൻ കമ്മീഷൻ ബിജെപി ഗവൺമെന്റിന് വേണ്ടി വോട്ടിംഗ് മെഷീനിലും വോട്ടർ പട്ടികയിലും മറ്റും വ്യാപകമായി കൃത്രിമം കാണിച്ചിട്ടുണ്ട് എന്ന ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റതിന് ശേഷം നടന്ന 2025-ലെ ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടർ പട്ടിക പുതുക്കുന്നതിനായി Special Intensive Revision (SIR) നടപ്പിലാക്കിയത്. 20 വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയിരുന്ന വോട്ടർ പട്ടികയിൽ, ബംഗ്ലാദേശിൽ നിന്നും, മ്യാൻമറിൽ നിന്നും, നേപ്പാൾ, ഭൂട്ടാൻ പ്രദേശങ്ങളിൽ നിന്നുമൊക്കെ ഉള്ള പൗരന്മാർ ധാരാളമായി കടന്നുകൂടിയിട്ടുണ്ടെന്നും, വിവിധ നിയോജകമണ്ഡലങ്ങളിൽ ഒരേ വ്യക്തിക്ക് തന്നെ ഒന്നിലധികം വോട്ടുകൾ ഉള്ളത് ശ്രദ്ധയിൽ പെട്ടെന്നും , മരിച്ചവരുടെ പേരുകൾ വ്യാപകമായി വോട്ടർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നും , അവയെല്ലാം തന്നെ പരിശോധിച്ച് തിരുത്തിയ വോട്ടർ പട്ടിക തയ്യാറാക്കാനാണ് SIR നടപ്പാക്കുന്നത് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. 18 വയസ്സ് കഴിഞ്ഞ, ഇന്ത്യൻ പൗരനായ, മറ്റു തരത്തിൽ അയോഗ്യരല്ലാത്ത എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 326 പ്രകാരം തന്നെയാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടന്നത്. സർക്കാർ പെൻഷൻ രേഖകൾ, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ 11 ഓളം രേഖകൾ യോഗ്യത തെളിയിക്കുന്നതിനായി ആദ്യം സ്വീകരിച്ചപ്പോൾ, സുപ്രീം കോടതി ആധാർ, റേഷൻ കാർഡ്, വോട്ടർ ID എന്നിവ കൂടി പരിഗണിക്കാനും നിർദ്ദേശിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും ഇതിന് കുറെ പോരായ്മകൾ ഉണ്ടായിരുന്നു. പലർക്കും ഡോക്യുമെന്റുകൾ കൃത്യസമയത്ത് ഹാജരാക്കാനോ, ഫോം പൂരിപ്പിച്ച് നൽകാനോ കഴിഞ്ഞില്ല. അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തുപോയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശ്നമായിരുന്നത് SIR-ന് ഫോമുകൾ പൂരിപ്പിച്ച് കൊടുക്കാനുള്ള സമയം തന്നെയായിരുന്നു. 10.3 കോടി ജനങ്ങളുള്ള, നിരക്ഷരത ഏറെയുള്ള ബീഹാറിനും 3.3 കോടി ജനങ്ങളുള്ള കേരളത്തിനും SIR ഫോമുകൾ സമർപ്പിക്കാൻ പ്രാഥമികമായി ലഭിച്ചത് ഏകദേശം ഒരു മാസമാണ്. ഈ സമയത്ത് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് SIR തന്നെ ആവശ്യമില്ലെന്നും അത് നിർത്തിവയ്ക്കണമെന്നുമായിരുന്നു. ഇക്കാലഘട്ടത്തിൽ SIR ഉം ആയി ബന്ധപ്പെട്ട ജോലി സമ്മർദ്ദം കാരണം രാജ്യത്തൊട്ടാകെ ഈ ജോലിയിൽ വ്യാപൃതരായിരുന്ന BLOമാരിൽ പലരും ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിലും അത്തരത്തിൽ ഒരു ആത്മഹത്യ നടന്നു. തിരഞ്ഞെടുപ്പുകളിൽ വൻതോതിൽ കൃത്രിമം കാണിച്ച് ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കുകയും, അതുവഴി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിൽ തുടരാൻ ബിജെപിയെ സഹായിച്ചു എന്നുമാണ് ഗ്യാനേഷ് കുമാറി നെതിരെയുള്ള പ്രധാന ആരോപണം. കേരളത്തിൽ PWD സെക്രട്ടറി ആയിരുന്നപ്പോൾ, വർക്ക് ബില്ല് പാസ്സാക്കാത്തതിനെ തുടർന്ന് മലേഷ്യൻ കമ്പനിയായ ‘പതി’യുടെ എഞ്ചിനീയർ ആത്മഹത്യ ചെയ്തതിൽ ഗ്യാനേഷ് കുമാർ കുറ്റാരോപിതൻ ആണ് എന്നതാണ് മറ്റൊരാരോപണം. ഇലക്ഷൻ കമ്മീഷനിലെ മറ്റ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും SIR നടപടികളുമായി മുന്നോട്ട് പോയി എന്നതും അദ്ദേഹത്തിനെതിരെയുള്ള ആരോപണമാണ്. എന്നാൽ ഇവ ഒന്നും തന്നെ കോടതി മുഖേന തെളിയിച്ചിട്ടുള്ള കുറ്റങ്ങളല്ല. ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ, എന്തിന് സുപ്രീം കോടതി ജഡ്ജിമാർ വരെ, രാഷ്ട്രീയ പക്ഷഭേദം കാണിക്കില്ല എന്ന് പറയാൻ മാത്രം നിഷ്കളങ്കരല്ല ജനങ്ങൾ. എന്നാൽ ഒരു പ്രക്ഷോഭവുമായി തെരുവിലേക്കിറങ്ങുന്നതിനു മുമ്പ് ആരോപണങ്ങൾ ചാർജ് ഷീറ്റുകളായി കോടതിയിൽ എത്തിക്കുകയും, അതിന്മേൽ ഒരു തീരുമാനം വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യണം. അല്ലെങ്കിൽ, SIR പോലുള്ള നടപടികളുമായി ചർച്ചകളില്ലാതെ മുന്നോട്ടു പോകുന്നെന്നു കണ്ടാൽ ഇലക്ഷൻ ബഹിഷ്‌ക്കരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാൻ പ്രതിപക്ഷ കക്ഷികൾ തയ്യാറാകണമായിരുന്നു. ഇതിന്റെ ചുവട് പിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തെ വഴിയിൽ തടഞ്ഞു. ബിജെപിക്കാർ അതിനു പകരമായി UDF മന്ത്രിമാരെ തടഞ്ഞു. ഇതൊക്കെ ആണോ രാഷ്ട്രീയ പ്രവർത്തനം? പ്രതിഷേധിക്കുന്നതിൽ കുഴപ്പമില്ല. കരിങ്കൊടിയും കാണിക്കണം. അതൊക്കെ റോഡിന്റെ ഒരു സൈഡിൽ ഒതുങ്ങി നിന്ന് ചെയ്യണം. ഒരു മന്ത്രി ആത്യന്തികമായി ഒരു പൗരൻ കൂടിയാണ്. അയാളുടെ സഞ്ചാര സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഹനിക്കാൻ ആർക്കും അനുവാദമില്ല. ഈ സമരങ്ങൾ കൊണ്ട് ജനങ്ങളെ കയ്യിലെടുക്കാനും അടുത്ത പ്രാവശ്യം അധികാരത്തിലേക്ക് വരാനോ, അല്ലെങ്കിൽ അധികാരം നിലനിർത്താനോ ആണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെങ്കിൽ, അവർ തെറ്റായ പാതയിലൂടെയാണ് നീങ്ങുന്നത് എന്ന് പറയേണ്ടിവരും.

2026 സെപ്റ്റംബർ 15, ചൊവ്വാഴ്ച

കരണ്ടുപോയ കേരളം

കേരളം വീണ്ടും പവർ കട്ടിലേക്ക് മാറിയിരിക്കുകയാണ്. അര മണിക്കൂറും ഒരു മണിക്കൂറും ഒക്കെയായി പവർ കട്ട് വരുന്നു. പണമുള്ളവർ ഇൻവെർട്ടറുകളും ഓഫ് ഗ്രിഡ് സോളാർ പ്ലാന്റുകളും സ്ഥാപിച്ചിരിക്കുന്നതിനാൽ ഇതൊന്നും അറിയുന്നുണ്ടാവില്ല. എന്നാൽ സാധാരണക്കാർ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. സർക്കാർ ആശുപത്രികൾ ഒക്കെ ഇരുട്ടിൽ ആണ് . ഉമ്മൻ ചാണ്ടി ഗവൺമെന്റ് 2014 ൽ ഒപ്പിട്ട 25 വർഷത്തേക്കുള്ള വില കുറഞ്ഞ ദീർഘകാല വൈദുതി കരാറുകൾ പിണറായി വിജയൻ ഗവൺമെന്റ് ക്യാൻസൽ ചെയ്തതാണ് ഇതിനു കാരണം എന്ന് പറഞ്ഞു ഭരണപക്ഷവും , കെടുകാര്യസ്ഥതയും പിടിപ്പുകേടും തങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കേണ്ട എന്ന് പറഞ്ഞു പ്രതിപക്ഷവും പരസ്പരം കൊമ്പു കോർക്കുമ്പോൾ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് സാധാരണ ജനങ്ങൾ വലിച്ചിഴക്കപ്പെടുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങളും മങ്ങുകയാണ് എന്ന വസ്തുത സൗകര്യപൂർവ്വം ഇക്കൂട്ടർ മറന്നുകളയുകയാണ്. അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനം ആണ് നമ്മുടേത്. വ്യക്തികളുടെ ജീവിത നിലവാരവും സാമ്പത്തിക സുരക്ഷിതത്വവും പരിഗണിക്കുകയാണെങ്കിൽ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാളൊക്കെ വളരെ മുന്നിലാണ്. അത് കൊണ്ട് തന്നെ എല്ലാ വീടുകളും വൈദുതീകരിക്കപ്പെടുകയും ഇലക്ട്രിക്ക് വാഹനങ്ങളും ഇലക്ട്രിക്ക് ഉപകരണങ്ങളുമൊക്കെ സർവ്വസാധാരണമായിക്കൊണ്ടിരിക്കുകയുമാണ്. സ്വാഭാവികമായും കറണ്ട് ഉപഭോഗം വർധിക്കും. ഇത്തരം പ്രതിസന്ധികൾ മുന്നിൽ കണ്ട് അതിനുള്ള പരിഹാരം കണ്ടുപിടിച്ച് സംസ്ഥാനത്തെ മുന്നോട്ടു നയിക്കുക എന്നതാണ് നമ്മൾ അതത് കാലത്തെ സർക്കാരുകളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.. സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായത് 2012 ൽ ആണ് . മോശം മഴക്കാലം ആയിരുന്നതിനാൽ ജലസംഭരണികൾ വറ്റി വരണ്ടു. ജലവൈദ്യുതി പദ്ധതികളെ കൂടുതൽ ആശ്രയിക്കുന്നതിനാൽ മോശമായ മൺസൂൺ സംസ്ഥാനത്തെ ഇരുട്ടിലാക്കുക പതിവായി . ഉയർന്ന റേറ്റിൽ വൈദുതി വാങ്ങിച്ചും , പവർ കട്ട് ഏർപ്പെടുത്തിയും വലഞ്ഞ വൈദുതി ബോർഡ് ദീർഘകാല അടിസ്ഥാനത്തിൽ 850 മെഗാവാട്ട് വൈദുതി വാങ്ങാൻ 2014 ൽ ടെൻഡർ ക്ഷണിച്ചു. എന്നാൽ ഇതിനു വേണ്ടി നടത്തിയ ടെണ്ടർ നടപടിക്രമങ്ങളിൽ ബോധപൂർവ്വമോ, അനാസ്ഥ മൂലമോ അപാകതകൾ ഉണ്ടായി. തീപ്പെട്ടി വാങ്ങിക്കാൻ പോലും ടെണ്ടറും കൊട്ടേഷനും ഒക്കെ ക്ഷണിച്ചു ഏറ്റവും കുറഞ്ഞ നിരക്ക് കോട്ടു ചെയ്ത ആളിൽ നിന്ന് വാങ്ങി , തികയാതെ വന്നാൽ അതിൽ നിന്ന് ചെറിയ വ്യത്യാസത്തിൽ കൂടുതലാണ് തൊട്ടടുത്തുള്ള കക്ഷികളുടെ നിരക്കെങ്കിൽ അവരെയും വിളിച്ച് നെഗോഷിയേഷൻ നടത്തി, അതും പറ്റാതെ വന്നാൽ റീ ടെണ്ടർ ചെയ്തുമൊക്കെ വാങ്ങുന്ന സർക്കാർ , കോടിക്കണക്കിനു രൂപയുടെ വൈദുതി വാങ്ങിയപ്പോൾ ഇതൊന്നും പാലിച്ചില്ല. 2014 ൽ വൈദുതി ബോർഡ് 865 മെഗാവാട്ട് വൈദുതിയും 4.26 മുതൽ 4.29 രൂപ വരെയുള്ള താരിഫുകളിൽ വാങ്ങുന്നതിനുള്ള കരാറുകൾ ഉണ്ടാക്കിയെങ്കിലും, 2016 ൽ കേരള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുന്നിലെത്തിയപ്പോൾ, ടെണ്ടറിലെ പാകപ്പിഴകൾ കണ്ടു പിടിച്ചു. 850 മെഗാവാട്ട് വൈദുതി വാങ്ങാൻ ക്ഷണിച്ച ടെണ്ടറിൽ 865 മെഗാവാട്ട് വൈദുതിക്ക് കരാർ ഒപ്പിട്ടു എന്നത് ഒന്നാമത്തെ പ്രശ്‍നം. ഇതിൽ തന്നെ 300 മെഗാവാട്ട് വൈദുതി ക്രമപ്രകാരം ഏറ്റവും കുറഞ്ഞ വില കോട്ട് ചെയ്ത കമ്പനിയിൽ നിന്ന് വാങ്ങിയത് അംഗീകരിച്ചപ്പോൾ 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ വില ക്വോട്ട് ചെയ്ത കമ്പനിയിൽ നിന്ന് അല്ലാതെ വാങ്ങുകയും , ടെണ്ടർ നടപടിക്രമങ്ങളിൽ നിന്ന് ഗുരുതരമായ വ്യതിയാനങ്ങൾ വരുത്തുകയും ചെയ്തതായി കണ്ടെത്തി. എന്നാൽ സംസ്ഥാനത്തിന്റെ വൈദുതി ക്ഷാമം കണക്കിലെടുത്ത് 465 മെഗാവാട്ട് വൈദുതിക്ക് കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരം വാങ്ങിച്ചെടുക്കണം എന്ന നിബന്ധനയിൽ താൽക്കാലികമായി വാങ്ങാൻ അനുമതിക്കുകയും ചെയ്തു. 100 മെഗാവാട്ടിന്റെ ഒരു കരാർ പിന്നീട് പ്ലാന്റ് പ്രവർത്തനം ആരംഭിക്കാത്തതിനാൽ അവസാനിപ്പിക്കുകയും ചെയ്തു. ഇതാണ് വില കുറഞ്ഞ വൈദുതി കരാറിന്റെ ചുരുക്കം. 465 മെഗാവാട്ട് ടെണ്ടറുകളുടെ അംഗീകാരത്തിനായി 2016 ലും 2019 ലും കേന്ദ്ര സർക്കാരിനെ സമീപിച്ചെങ്കിലും, ടെണ്ടർ നടപടിക്രമത്തിലെ വ്യതിയാനങ്ങൾക്ക് മുൻകൂർ അനുമതി വേണമായിരുന്നുവെന്നും, നടന്നുകഴിഞ്ഞ നടപടികളെ പിന്നീട് അംഗീകരിക്കാൻ കഴിയില്ലെന്നുമായി കേന്ദ്രം . 2023 വരെ ഈ താൽക്കാലിക സംവിധാനത്തിൽ വൈദുതി വാങ്ങൽ തുടർന്നു. ഒടുവിൽ 2023 ൽ കേരള വൈദുതി റെഗുലേറ്ററി കമ്മീഷൻ അന്തിമ അംഗീകാരം നിഷേധിച്ചതോടെ 465 മെഗാവാട്ടിന്റെ ഈ കരാറുകൾ നിയമപരമായി നിലനിൽക്കാത്ത അവസ്ഥയിലെത്തി. തുടർന്ന് സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കരാർ പുനർജ്ജീവിപ്പിക്കാൻ നോക്കിയോയെങ്കിലും നടന്നില്ല. വില കൂടിയ വൈദുതി വാങ്ങൽ ആയി പിന്നെ. അതിന്റെ ഭാരം സർക്കാർ പതിയെ ജനങ്ങളിലേക്ക് പകർന്നു. മൺസൂൺ ദുർബലമായതും , പീക്ക് സമയങ്ങളിൽ യൂണിറ്റിന് 30 രൂപക്ക് പോലും വൈദുതി വാങ്ങാൻ സർക്കാർ നിർബന്ധിക്കപ്പെടുന്നിടത്തുമാണ് ഇപ്പോഴത്തെ പവർ കട്ട് . ഇതിനിടയിൽ 2025 ൽ ഉത്തരാഖണ്ഡിലെ തെഹ്‌രി പമ്പ്ഡ് സ്റ്റോറേജ് പ്രോജക്റ്റ് നമുക്ക് പീക്ക് സമയത്ത് യൂണിറ്റിന് 6 രൂപക്ക് വൈദുതി ദീർഘ കാല കരാറിൽ തരാമെന്നു പറഞ്ഞെങ്കിലും നമ്മൾ വാങ്ങിയില്ല. അതിന്റെ യുക്തി എന്താണാവോ ?! ഭരണ രംഗത്തുണ്ടാകുന്ന ഇത്തരം പ്രതിസന്ധികൾക്കൊക്കെ പ്രധാന കാരണം അറിവും, വിവേകവും ,പ്രായോഗികജ്ഞാനവും ഒത്തിണങ്ങിയ മന്ത്രിമാർ നമുക്കില്ലാത്തതാണ് . ഓരോ പാർട്ടിയും മത്സരിപ്പിക്കുക ഏറ്റവും കർക്കശക്കാരെയും, രാഷ്ട്രീയ സ്വാധീനം ഉള്ളവരെയുമാണ്. അറിവ്, വിവേകം , പ്രായോഗിക ജ്ഞാനം ഇതൊന്നും ഒരു ഘടകം അല്ല. അതിനുള്ള നല്ല ഉദാഹരണമാണ് മൺസൂൺ മോശമായ ഈ കാലത്തും, പ്രകൃതി ക്ഷോഭങ്ങളും , ദുരന്തങ്ങളും ആറ്റൊഴിയാത്ത നമ്മുടെ നാട്ടിൽ വൈദുതി ക്ഷാമം പരിഹരിക്കാൻ കണ്ടു പിടിച്ച മാർഗം. 10 ജല വൈദുത പദ്ധതികൾ ആണ്‌ ഇപ്പോൾ തയ്യാറായിക്കൊണ്ടിരിക്കുന്നത് . 17 എണ്ണം കൂടി പണിയാനുള്ള പദ്ധതികൾ തയ്യാറാക്കുന്നു. ഇവരുടെയൊക്കെ തലയിൽ നെല്ലിക്കാത്തളം തന്നെ വയ്ക്കണോ? ചെലവ് കുറഞ്ഞ സൗരോർജ വൈദുതി വ്യാപിപ്പിക്കുക എന്നതാണ് ഒരു പരിഹാരം. മറ്റൊന്ന് പമ്പിട് സ്റ്റോറേജ് പ്രൊജെക്ടുകൾ . വെള്ളം സ്റ്റോർ ചെയ്യാനുള്ള ഒരു റിസെർവോയർ ഒരു മല മുകളിൽ സൃഷ്ടിക്കുക. താഴെ മറ്റൊരു റിസെർവോയറും. പകൽ സോളാർ വൈദുതി ഉപയോഗിച്ച് താഴെ നിന്ന് വെള്ളം പമ്പു ചെയ്ത് മുകളിലെ മുകളിലെ റിസർവോയറിൽ നിറയ്ക്കണം. രാത്രി പീക്ക് സമയത്ത് ഈ വെള്ളം ജനറേറ്ററുകൾ വഴി കറന്റ് ഉൽപ്പാദിപ്പിച്ചു വിതരണം ചെയ്യുക. ഇപ്പോഴെന്നപോലെ വെള്ളം ഒഴുകി പോകില്ല . ഉത്തരാഖണ്ഡിൽ ഒക്കെ അവർ ഇങ്ങനെ ആണ് കറന്റ് ഉണ്ടാക്കുന്നത്. പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടിന്റെ ഒരു ചെറിയ ഡയഗ്രം കാണൂ.

2026 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

കുരിശുയുദ്ധങ്ങൾ

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള കേവലമൊരു മതയുദ്ധമായാണ് കുരിശുയുദ്ധങ്ങളെ പൊതുവിൽ ആളുകൾ മനസ്സിലാക്കിവച്ചിരിക്കുന്നത്. എന്നാൽ അതിനു പിന്നിൽ സങ്കീർണ്ണമായ ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ട്. AD 476 ആയപ്പോഴേക്കും റോം കേന്ദ്രമായി ഭരിച്ചിരുന്ന പടിഞ്ഞാറൻ റോമൻ സാമ്രാജ്യത്തിന്റെ പതനത്തോടെ യൂറോപ്പിൽ രാഷ്ട്രീയ അസ്ഥിരത ബാധിച്ചു. പെപ്പിന്റെ മകനായ ഷാർലിമേൻ രാജാവ് റോമാസാമ്രാജ്യത്തെ പിന്നീട് കുറേക്കാലം ഒരുമിച്ചു നിർത്തിയെങ്കിലും ആ ഭരണവും ഏറെനാൾ മുന്നോട്ട് പോയില്ല. തുടർന്ന് 'ഹോളി റോമൻ എംപയർ' എന്ന പേരിൽ പടിഞ്ഞാറൻ യൂറോപ്പിൽ ഒരു ഭരണസംവിധാനം നിലവിൽ വന്നു. ജർമൻ രാജാവ് തന്നെയായിരുന്നു ഹോളി റോമൻ ചക്രവർത്തിയായും വാഴിക്കപ്പെട്ടിരുന്നത്. ജർമനിയിൽ അധികാരം ഏൽക്കുന്ന ചക്രവർത്തിയെ തുടർന്ന് റോമിൽ വെച്ച് മാർപാപ്പ കിരീടം ധരിപ്പിച്ച് വാഴിക്കുന്നതായിരുന്നു രീതി. അതേസമയം കോൺസ്റ്റാന്റിനോപ്പിൾ തലസ്ഥാനമാക്കി കിഴക്കൻ റോമൻ സാമ്രാജ്യമായ ബൈസാന്റൈൻ സാമ്രാജ്യം പ്രതാപത്തോടെ നിലനിന്നുപോന്നു. എന്നാൽ ബൈസാന്റൈൻ സാമ്രാജ്യത്തിനും വെല്ലുവിളികൾ നേരിടേണ്ടി വന്നു. AD 614-ൽ അക്കാലത്ത് പേർഷ്യ ഭരിച്ചിരുന്ന സൊറോസ്ട്രിയൻ മതക്കാരുടെ സസാനിയൻ സാമ്രാജ്യം ജെറുസലേം ഉൾപ്പെടുന്ന പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കിയെങ്കിലും ബൈസാന്റൈൻ ചക്രവർത്തി ഹെരാക്ലിയസ് അത് തിരിച്ചുപിടിച്ചു. എന്നാൽ ഈ നീണ്ട യുദ്ധം ഇരു സാമ്രാജ്യങ്ങളെയും സാമ്പത്തികമായും സൈനികമായും തളർത്തി. ഈ അവസരത്തിൽ മദീന കേന്ദ്രമായി വളർന്നുവന്ന റാഷിദൂൻ ഖിലാഫത്തിലെ രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്ത് അലക്സാണ്ട്രിയ, ജെറുസലേം എന്നീ പ്രദേശങ്ങൾ ബൈസാന്റൈൻ ഭരണത്തിൽ നിന്ന് പിടിച്ചെടുത്തു. തുടർന്ന് 460-ലധികം വർഷത്തോളം വിവിധ മുസ്ലീം ഖിലാഫത്തുകളുടെ ഭരണത്തിന് കീഴിലായിരുന്നു ജെറുസലേം. പിന്നീട് പതിനൊന്നാം നൂറ്റാണ്ടിൽ മധ്യേഷ്യൻ സ്റ്റെപ്പി പുൽമേടുകളിൽ നിന്ന് ഉയർന്നുവന്ന തുർക്കിക് മുസ്ലിം ഗോത്ര വിഭാഗമായ സെൽജൂക്കുകൾ ബൈസാന്റൈൻ പ്രദേശങ്ങളായ എഡേസ്സ, അന്ത്യോഖ്യ, ഡമാസ്കസ് എന്നിവയും ഇപ്പോഴത്തെ തുർക്കിയ രാജ്യമായി അറിയപ്പെടുന്ന അനറ്റോളിയയുടെ ഭൂരിഭാഗവും പിടിച്ചെടുത്തു. ബൈസാന്റൈൻ സാമ്രാജ്യത്തിന് അനറ്റോളിയ (ഏഷ്യാമൈനർ) നഷ്ടപ്പെട്ട ഈ സാഹചര്യമാണ് കുരിശുയുദ്ധങ്ങളിലേക്ക് നയിച്ച പ്രധാന പശ്ചാത്തലം. AD 1096 മുതൽ 1099 വരെയുള്ള കാലഘട്ടത്തിലാണ് ഒന്നാം കുരിശുയുദ്ധം നടക്കുന്നത്. ഇക്കാലത്ത് റോമൻ കത്തോലിക്കാ സഭയുടെ ആത്മീയ നേതാവും റോം കേന്ദ്രമായുള്ള പേപ്പൽ സ്റ്റേറ്റുകളുടെ ഭരണാധികാരിയുമായിരുന്നു പോപ്പ്. ഹോളി റോമൻ എംപയർ സഭയുടെ ആശീർവാദത്തോടെ നിലവിൽ വന്നതാണെങ്കിലും, ചക്രവർത്തിയുമായി പോപ്പുമാർക്ക് പലപ്പോഴും കലഹിക്കേണ്ടി വന്നിട്ടുണ്ട്. 1080-ൽ അങ്ങനെ ഒരു കലഹത്തിന്റെ ബാക്കിപത്രമായി ചക്രവർത്തി അന്നത്തെ പോപ്പിനെ തള്ളിപ്പറയുകയും ക്ലെമെന്റ് മൂന്നാമൻ എന്ന പേരിൽ മറ്റൊരാളെ എതിർ പോപ്പായി വാഴിക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ സാഹചര്യങ്ങളിൽ പോപ്പ് ഫ്രാൻസിലേക്ക് സഞ്ചരിച്ച് സഭാ പിന്തുണ തേടി. ഏതു വിധേനയും ഹോളി റോമൻ ചക്രവർത്തിയെ നിലയ്ക്കുനിർത്തേണ്ടതും യൂറോപ്പിലെ ക്രിസ്ത്യൻ രാജാക്കന്മാരെയും ജനങ്ങളെയും തന്റെ സ്വാധീനത്തിൽ കൊണ്ടുവരേണ്ടതും പോപ്പിന്റെ ആവശ്യമായിരുന്നു. ഈ അവസരത്തിലാണ് ബൈസാന്റൈൻ ചക്രവർത്തിയായിരുന്ന അലക്സിയോസ് കൊംനേനോസ് നഷ്ടപ്പെട്ടുപോയ അനറ്റോളിയ ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ യൂറോപ്യൻ നേതൃത്വത്തിന്റെ സൈനിക സഹായം തേടുന്നത്. ഈ അഭ്യർത്ഥന അന്നത്തെ പോപ്പായിരുന്ന അർബൻ രണ്ടാമൻ സ്വീകരിച്ചു. തന്റെ രാഷ്ട്രീയ-ആത്മീയ താൽപ്പര്യങ്ങൾ മുൻനിർത്തി വിശുദ്ധ നഗരങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വീണ്ടെടുക്കാൻ അദ്ദേഹം യൂറോപ്യൻ ജനതയോട് ആഹ്വാനം ചെയ്തു. പ്രമുഖ രാജാക്കന്മാർ അതിൽ വലിയ താൽപ്പര്യം കാണിച്ചില്ലെങ്കിലും പ്രഭുക്കന്മാരും സ്വതന്ത്ര പടയാളികളും സാധാരണ വിശ്വാസികളും പോപ്പിന്റെ ആഹ്വാനം ആവേശത്തോടെ ഏറ്റെടുത്തു. യൂറോപ്പിൽ അക്കാലത്ത് ആയുധ അഭ്യാസികളായ പ്രഭുക്കന്മാരും നൈറ്റുകൾ എന്നറിയപ്പെടുന്ന സ്വതന്ത്ര പടയാളികളും ധാരാളമായുണ്ടായിരുന്നു. ഈ യുദ്ധത്തിൽ പങ്കെടുക്കുന്ന ആളുകളുടെ പാപങ്ങൾ പൊറുക്കപ്പെടും എന്ന് പോപ്പ് പ്രഖ്യാപിച്ചതോടെ കുരിശു ചിഹ്നമുള്ള പടച്ചട്ടയും വസ്ത്രങ്ങളും ധരിച്ച് പ്രഭുക്കന്മാരും നൈറ്റുകളും വിശ്വാസികളും അടങ്ങുന്ന ഒരു ലക്ഷത്തോളം വരുന്ന കുരിശുയുദ്ധക്കാർ കോൺസ്റ്റാന്റിനോപ്പിളിൽ എത്തിച്ചേർന്നു. തങ്ങളുടെ പഴയ പ്രദേശങ്ങൾ തിരികെ നൽകാം എന്ന പ്രതിജ്ഞയോടെ അലക്സിയോസ് ചക്രവർത്തി അവരെ ഏഷ്യയിലേക്ക് കടത്തിവിട്ടു. ഏഷ്യയിലെത്തിയ കുരിശുസേന സെൽജൂക്കുകളെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നേറി. ഒടുവിൽ 1099 ജൂലൈയിൽ ജെറുസലേം വളഞ്ഞ കുരിശുസേന, അന്ന് നഗരം നിയന്ത്രിച്ചിരുന്ന ഈജിപ്തിലെ ഫാത്തിമിഡ് സൈന്യത്തെ പരാജയപ്പെടുത്തി നഗരം പിടിച്ചെടുക്കുകയും 'കിംഗ്ഡം ഓഫ് ജെറുസലേം' സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് പല കാലഘട്ടങ്ങളിലായി 8 പ്രധാന കുരിശുയുദ്ധങ്ങൾ കൂടി നടന്നു. ഇതിൽ 1204-ൽ നടന്ന നാലാം കുരിശുയുദ്ധം വഴിതിരിഞ്ഞ് സ്വന്തം സഹോദര ക്രിസ്ത്യൻ നഗരമായ ബൈസാന്റൈൻ തലസ്ഥാനം കോൺസ്റ്റാന്റിനോപ്പിളിനെ തന്നെ ആക്രമിച്ചു കൊള്ളയടിക്കുകയാണുണ്ടായത്. ഇത് ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ അന്തിമ തകർച്ചയ്ക്ക് ആക്കം കൂട്ടി. കുരിശുയുദ്ധങ്ങൾ എന്താണ് നേടിയത്? പോപ്പ് അർബൻ രണ്ടാമൻ തന്റെ സഭാപരമായ അധികാരം വീണ്ടെടുക്കുകയും റോമിൽ സഭയുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ബൈസാന്റൈൻ ചക്രവർത്തിക്ക് അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട പ്രദേശങ്ങൾ പൂർണ്ണമായി തിരിച്ചു കിട്ടിയില്ല. കുരിശുയുദ്ധക്കാർ തങ്ങൾ കീഴടക്കിയ പ്രദേശങ്ങളിൽ സ്വതന്ത്ര ഭരണം ഏർപ്പെടുത്തി. റോമൻ കത്തോലിക്കാ വിശ്വാസികൾ നയിച്ച കുരിശുയുദ്ധത്തിൽ പ്രാദേശിക ഓർത്തഡോക്സ് വിഭാഗക്കാർ പലപ്പോഴും കാഴ്ചക്കാരോ ഇരകളോ മാത്രമായിരുന്നു. കുരിശുയുദ്ധക്കാർ കടന്നുപോയ പ്രദേശങ്ങളിൽ മറ്റ് പ്രാദേശിക ക്രിസ്ത്യാനികളും യഹൂദന്മാരും മുസ്ലീങ്ങളും ഒക്കെ വ്യാപകമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. ശാശ്വതമായി ജെറുസലേം കൈവശം വെക്കാൻ ക്രൂസേഡർമാർക്ക് സാധിച്ചില്ലെങ്കിലും കുരിശുയുദ്ധങ്ങൾ ചരിത്രത്തിൽ വലിയ ദൂരവ്യാപക മാറ്റങ്ങൾ ഉണ്ടാക്കി. മെഡിറ്ററേനിയനിലൂടെ യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് ഒരു പ്രധാന കച്ചവടപാത അത് തുറന്നുനൽകി. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അറിവുപങ്കുവെക്കലിന് അത് കാരണമായി. യൂറോപ്പിൽ ഫ്യൂഡൽ പ്രഭുക്കന്മാരുടെ സ്വാധീനം കുറയുകയും രാജാക്കന്മാരുടെ കേന്ദ്രീകൃത അധികാരം വർധിക്കുകയും ചെയ്തു. അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനങ്ങളുടെ തുടക്കത്തിന് കാരണമായത് കുരിശുയുദ്ധ കാലത്തെ ഇടപാടുകളാണ്. അതേസമയം, റോമൻ കത്തോലിക്കരും ഈസ്റ്റേൺ ഓർത്തഡോക്സ് ക്രിസ്ത്യാനികളും തമ്മിലുള്ള വലിയ അകൽച്ചയ്ക്കും, യൂറോപ്യൻ രാജ്യങ്ങളും ഇസ്ലാമിക ലോകവും തമ്മിലുള്ള ശത്രുത വർധിക്കുന്നതിനും കുരിശുയുദ്ധങ്ങൾ കാരണമായി.

2026 ഓഗസ്റ്റ് 16, ഞായറാഴ്‌ച

വീർ സവർക്കർ

പിണറായി ഗവൺമെന്റിനെ ജനം ഏറ്റവും കൂടുതൽ വെറുക്കാൻ കാരണം ആ ഗവൺമെന്റ് വിമർശനങ്ങളോട് കാണിച്ച അസഹിഷ്ണുതയാണ്. എന്നാൽ അതേ നയം തന്നെയാണ് യുഡിഎഫും പിന്തുടരുന്നത് എന്ന് വേണം കരുതാൻ. കാസർഗോഡ് ജില്ലയിൽ ഒരു UP സ്‌കൂൾ അധ്യാപകൻ ക്വിസ് മത്സരത്തിന് തയ്യാറാക്കിയ ചോദ്യത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിൽ ഏറ്റവും തീക്ഷ്ണമായ പരമാവധി ശിക്ഷ ആർക്കാണ് ലഭിച്ചത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം വീർ സവർക്കർ എന്നായിരുന്നു. തീക്ഷ്ണമേറിയ പരമാവധി ശിക്ഷ വധശിക്ഷയാണെന്നിരിക്കെ ഉത്തരം തെറ്റായിരുന്നു. എന്നാൽ ഏറ്റവും കാഠിന്യമേറിയതും ദൈർഘ്യമേറിയതുമായ ജയിൽ ശിക്ഷ ആർക്കാണ് ലഭിച്ചത് എന്നാണ് ചോദ്യമെങ്കിൽ സവർക്കർ ഉത്തരത്തിൽ ഇടം പിടിക്കുമായിരുന്നു. ക്വിസ് മത്സരത്തിന് ഇതിനു മുമ്പും ചോദ്യങ്ങൾ തെറ്റിയിട്ടുണ്ട്. യൂണിവേഴ്സിറ്റികൾക്കും എന്തിന് പി എസ്സി ക്ക് തന്നെയും എത്രയോ തവണ ചോദ്യം തെറ്റിയിരിക്കുന്നു . എന്നിട്ട് അവരെയൊന്നും സസ്‌പെൻഡ് ചെയ്തില്ല എന്നതാണ് ചരിത്രം. ഇത്തരം നടപടികൾ കേരളത്തിൽ ബിജെപി യെ വളർത്താൻ മാത്രമേ ഉപകരിക്കൂ എന്ന് എന്നാണിവർ മനസിലാക്കുക ! ഇത്ര വെറുക്കപ്പെടേണ്ട ഒരു വ്യക്തിത്വം ആണോ വീർ സവർക്കർ? 1970 ൽ ഇന്ദിര ഗാന്ധി മഹാനായ സ്വാതന്ത്ര്യസമര സേനാനി എന്ന് വിശേഷിപ്പിച്ച് സവർക്കറുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി ബഹുമാനിച്ചു. 1983 ൽ ഇന്ദിരാഗാന്ധിയുടെ ഗവൺമെന്റ് സവർക്കറുടെ ജീവചരിത്രം ഉൾക്കൊള്ളുന്ന ഡോക്യൂമെന്ററി നിർമിച്ചു. 2003 ൽ APJ അബ്ദുൾകലാം വീർ സവർക്കറുടെ ഓയിൽ പോർട്രൈറ് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അനാച്ഛാദനം ചെയ്തു. 2001ൽ ആൻഡമാൻ നിക്കോബാർ ദീപിലെ എയർപോർട്ടിന് വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് എന്ന് നാമകരണം ചെയ്തു. ഇത് കൂടാതെ മറ്റനേകം ബഹുമതികൾ രാഷ്ട്രം അദ്ദേഹത്തിന് മരണാന്തരം നൽകിയിട്ടുണ്ട് . എന്നിട്ടും ഈ രാഷ്ട്രീയ അസ്‌പൃശ്യത എന്തുകൊണ്ട് സവർക്കർക്ക് ഏർപ്പെടുത്തുന്നു എന്നതാണ് ആശ്ചര്യം! ഗാന്ധി വധത്തിന്റെ ഉത്തരവാദി സവർക്കർ ആണെന്ന ആരോപണം ആണ് ഇപ്പോഴും അദ്ദേഹത്തിനെതിരെ ഉയർത്തുന്നത്. എന്നാൽ പണ്ഡിറ്റ് നെഹ്രുവിന്റെ ഭരണത്തിൽ ഉള്ള വിചാരണ കോടതി സവർക്കർക്കെതിരെ തെളിവുകൾ ഇല്ല എന്ന് കണ്ടെത്തി വെറുതെ വിടുകയായിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ ആളുകളെ ഇപ്പോഴും അതിന്റെ പേരിൽ കുറ്റവാളി ആയി നിർത്തുക ആണെങ്കിൽ നമ്മുടെ പല നേതാക്കന്മാരുടെയും അവസ്ഥ എന്തായിരിക്കും! ബൊഫോഴ്‌സ് കേസിൽ ഇപ്പോഴും രാജീവിനെ കുറ്റവാളി ആക്കി അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ ചിത്രീകരിക്കുന്നുണ്ട് . ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സവർക്കറുടെ പങ്ക് ആർക്കും നിഷേധിക്കാൻ പറ്റാത്തതാണ്. മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത് 1883 ൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച സവർക്കർ വിദ്യാർത്ഥിയായിരിക്കെ തന്നെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സായുധ സമരങ്ങളിൽ പങ്കെടുത്തിരുന്നു. 1910 ൽ ബ്രിട്ടീഷ് രാജാവിനെതിരെയുള്ള ഗൂഢാലോചന കുറ്റം ചുമത്തി 25 വർഷം തടവും 1911ൽ എം.ടി ജാക്സൺ എന്ന ബ്രിട്ടീഷ് മജിസ്‌ട്രേറ്റ് കൊല്ലപ്പെട്ട കേസിൽ 25 വർഷം തടവും ചേർത്ത് 50വർഷത്തേക്കാണ് അദ്ദേഹത്തെ തടവിന് ശിക്ഷിച്ചത്. അതിൽ 10 വർഷം ആന്റമാനിലെ സെല്ലുലാർ ജയിലിൽ ഏകാന്ത കഠിന തടവുമായിരുന്നു. 28 വയസിൽ സെല്ലുലാറിലെത്തിയ യുവാവായ സവർക്കർ തന്റെ ജീവിതം മുഴുവൻ ജയിലിൽ കഴിച്ചുകൂട്ടേണ്ടി വരുമെന്നറിഞ്ഞു ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ച് ശിക്ഷയിൽ ഇളവു നേടുകയാണുണ്ടായത് . ഇത് പിൽക്കാലത്ത് സവർക്കർക്ക് വിനയായി. സവർക്കർ അടിസ്ഥാനപരമായി ഒരു ഹിന്ദുത്വ രാഷ്ട്രീയചിന്തകനായിരുന്നു . എന്നാൽ സവർക്കറുടെ ഹിന്ദുത്വയും ഇന്നത്തെ RSS ന്റെ ഹിന്ദുത്വയും തമ്മിൽ വ്യത്യാസം ഉണ്ട്. സനാതന ധർമ്മത്തിലോ, ദൈവങ്ങളിലോ അദ്ദേഹം വിശ്വസിച്ചിരുന്നില്ല.എന്നാൽ ഹിന്ദു സംസ്കാരത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. ഇന്ത്യയെ പിതൃഭൂമിയായും പുണ്യഭൂമിയായും കാണുന്നവരെയാണ് അദ്ദേഹം ഹിന്ദുത്വത്തിന്റെ സാംസ്കാരിക നിർവചനത്തിൽ ഉൾപ്പെടുത്തിയത്. സ്വാഭാവികമായും ഇന്ത്യയിൽ ജനിച്ച ക്രിസ്ത്യാനികളും മുസ്ലീങ്ങളും അദ്ദേഹത്തിന്റെ നിർവചനത്തിൽ ഹിന്ദുക്കളായിരുന്നില്ല. ഹിന്ദു രാഷ്ട്രം എന്ന സങ്കല്പം സവർക്കറുടേതായുണ്ട് . എന്നാൽ സവർക്കറുടെ ‘ഹിന്ദുരാഷ്ട്രം’ ഒരു മതാധിഷ്ഠിത ദൈവാധിപത്യ രാഷ്ട്രം എന്ന അർത്ഥത്തിലായിരുന്നില്ല. ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ എല്ലാവർക്കും തുല്യ അവകാശങ്ങളുള്ള, മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം വിവേചനം കാണിക്കാത്ത ഒന്നായാണ് അദ്ദേഹം ഹിന്ദു രാഷ്ട്രത്തെ വിഭാവനം ചെയ്തത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരിക്കണം എന്ന് നിലപാടെടുത്ത സവർക്കർ പശുവിനെ മാതാവായി കണ്ടില്ല. പുല്ലും ചവറും തിന്നുന്ന ഉപകാരമുള്ള ഒരു ജീവി എന്ന ശാസ്ത്രീയ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. സ്മ്രിതികളെയും, പുരാണ ഇതിഹാസങ്ങളെയും അടിസ്ഥാനമാക്കി ജീവിക്കുന്നത് ഒരു മനോരോഗം ആണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ . ന്യൂന പക്ഷ വികാരങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ പാകിസ്താനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ പണിയെടുത്ത മൗലാനാ ഷബീർ അഹമ്മദ് ഉസ്മാനിയെ പോലുള്ള ആളുകളെ സവർക്കറുമായി ചേർത്ത് വായിക്കുമ്പോൾ ആണ് എത്ര ഉദാത്തമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്ന് മനസിലാകുക . സാമൂഹിക പരിഷ്കരണത്തിന്റെ പല മേഖലകളിലും സവർക്കർ തന്റെ കാലത്തെക്കാൾ മുന്നിട്ടുനിന്ന ഒരു ശക്തമായ പരിഷ്കരണവാദിയായിരുന്നു. ചാതുർവർണ്യത്തെ ഗാന്ധി അനുകൂലിച്ചപ്പോൾ അദ്ദേഹം എതിർത്തു. ഒരു പക്ഷെ മറ്റേതൊരു സാമൂഹിക പരിഷ്കർത്താവിനേക്കാൾ കൂടുതൽ സവർക്കർ ജാതിയെ എതിർത്തിരുന്നു. എല്ലാവർക്കും ആരാധനാ സ്വാതന്ത്ര്യം, സഹ ഭോജനം, അയിത്ത നിർമാർജനം, മിശ്രവിവാഹം, പാരമ്പര്യ തൊഴിലുകൾ ഉപേക്ഷക്കൽ തുടങ്ങി എത്രയോ വിപ്ലവകരമായ ആശയങ്ങൾ സവർക്കർ മുന്നോട്ടു വച്ചു. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ പരിഹസിച്ച 1857 ലെ സമരത്തെ ‘Indian War of Independence’ എന്ന നിലയിൽ ശക്തമായി അവതരിപ്പിച്ചത് സവർക്കർ ആയിരുന്നു. സവർക്കറുടെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചാണ് RSS ഇന്ന് നിലകൊള്ളുന്നത്. അത് കൂടുതൽ മതാടിസ്ഥാനത്തിൽ ചിന്തിക്കുന്നു. ബിജെപി യെ നേരിടാൻ സവർക്കറെ നിരാകരിക്കുക ആണ് ഇന്ന് ബിജെപി വിരുദ്ധ രാഷ്ട്രീയക്കാർ പ്രധാനമായും ചെയ്യുന്നത്. സവർക്കറെ വിമർശിക്കാം. പക്ഷേ അതിന്റെ പേരിൽ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം ഇല്ലാതാക്കുകയോ, അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ മറച്ചുവയ്ക്കുകയോ, ചരിത്രപരമായ വസ്തുതകൾ രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ച് തിരഞ്ഞെടുത്ത് ഉപയോഗിക്കുകയോ ചെയ്യുന്നത് ഈ ആധൂനിക ലോകത്ത് ആത്യന്തികമായി ബിജെപി യെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളൂ.

2026 ഓഗസ്റ്റ് 8, ശനിയാഴ്‌ച

പോപ്പും ക്രിസ്തുമതവും

ലോക ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച ഒരു മതമാണ് ക്രിസ്തുമതം. യഹൂദൻ ആയിരുന്ന യേശുക്രിസ്തു ആ മതത്തിൽ നടത്താൻ ശ്രമിച്ച പരിഷ്കരണങ്ങൾ അദ്ദേഹത്തിന്റെ ജീവൻ തന്നെ കവർന്നെടുത്തതിന്റെ തുടർ ചരിത്രം ആണ് ക്രിസ്തുമതത്തിന്റേത്. AD 30 ൽ ആണ് യേശുവിന്റെ കുരിശു മരണം ജറുസലേമിൽ സംഭവിച്ചത്. അദ്ദേഹത്തിന്റെ അനുയായികൾ ആയി ആ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നത് യഹൂദന്മാർ തന്നെയായിരുന്നു. AD 40 ആയപ്പോഴേക്കും ക്രിസ്തുമതം ജറുസലേമിൽ നിന്നും സിറിയയിലേക്ക് വ്യാപിച്ചു. AD 40 - 44 ആയപ്പോഴേക്കും റോമൻ സിറിയയിൽ പെട്ട അന്ത്യോഖ്യയിൽ വച്ച് ആ വിശ്വാസ കൂട്ടായ്മ ക്രിസ്ത്യാനികൾ എന്ന് ഔപചാരികമായി നാമകരണം ചെയ്യപ്പെട്ടു. തുടർന്ന് ക്രിസ്തുമതത്തിനുണ്ടായത് അത്ഭുതകരമായ വളർച്ചയാണ്. ക്രിസ്തു ശിക്ഷ്യന്മാർ ചെന്നെത്തിയ നാടുകളിൽ എല്ലാം വൻതോതിൽ ക്രിസ്ത്യാനികൾ ഉണ്ടാകാൻ തുടങ്ങി. സെയിന്റ് പീറ്ററും, സെയിന്റ് പോളും വിശ്വാസം പ്രസംഗിച്ച് കൊലചെയ്യപ്പെട്ട റോമയിൽ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം പെരുകിയപ്പോൾ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ക്രിസ്തുമതത്തിന് നിയമപരമായ അംഗീകാരവും പിന്തുണയും നൽകി പ്രോത്സാഹിപ്പിച്ചു. പിൽക്കാലത്ത് പോപ്പ് എന്നറിയപ്പെട്ട പ്രധാന ബിഷപ്പിന് സഭക്കുള്ളിൽ ആത്മീയ അധികാരങ്ങൾ ഉണ്ടായിരുന്നെങ്കിലും ചക്രവർത്തിയുടെ രാഷ്ട്രീയ അധികാരത്തിന്റെ കീഴിൽ ആയിരുന്നു സ്ഥാനം. 325 AD യിൽ നിഖ്യായിൽ വച്ച് നടന്ന ലോക ക്രൈസ്തവ സമ്മേളനം വിളിച്ചുചേർത്തതും കോൺസ്റ്റന്റൈൻ ചക്രവർത്തിയായിരുന്നു. കോൺസ്റ്റന്റൈന്റെ കാലത്ത് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന തുർക്കിയിൽ അദ്ദേഹം റോമയോട് കിടപിടിക്കുന്ന ഒരു നഗരം പണിതു. രാജാവിന്റെ പേരോട് ചേർന്ന് കോൺസ്റ്റാന്റിനോപ്പിൾ എന്ന് ആ പട്ടണം അറിയപ്പെട്ടു. ആ പട്ടണത്തേയും ഒരു തലസ്ഥാന നഗരമായി ചക്രവർത്തി അംഗീകരിച്ചു . വലിയൊരു ക്രൈസ്തവ സമൂഹം കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രീകരിച്ച് ക്രമേണ വളർന്നു വന്നു. 395 AD യിൽ തിയോഡോഷ്യസ് ഒന്നാമൻ തന്റെ രണ്ടു മക്കൾക്കുമായി രാജ്യത്തെ വിഭജിച്ചു . അങ്ങനെ കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമായ ഈസ്റ്റേൺ റോമൻ എമ്പയറും , റോമാ കേന്ദ്രമായ വെസ്റ്റേൺ റോമൻ എമ്പയറും രൂപം കൊണ്ടു . കോൺസ്റ്റാന്റിനോപ്പിളിലെ ക്രൈസ്തവ സമൂഹം കോൺസ്റ്റാന്റിനോപ്പിൾ ബിഷപ്പിന്റെ കീഴിലും റോമയിലെ ക്രിസ്താനികൾ റോമയിലെ ബിഷപ്പിന്റെ കീഴിലും ആയി. അന്ത്യോഖ്യ , ജെറുസലേം, അലെക്സിൻഡ്രിയ എന്നീ സ്ഥലങ്ങളിലും സമസ്ഥാനീയർ ആയ ബിഷപ്പുമാരുടെ കീഴിൽ ക്രൈസ്തവ സമൂഹം ഒന്നായി വളർന്നു തുടങ്ങി. 476 AD ആയപ്പോൾ വെസ്റ്റേൺ റോമാ സാമ്രാജ്യം തകർന്നു .എന്നാൽ ഈസ്റ്റേൺ റോമാ സാമ്രാജ്യം ബൈസന്റൈൻ സാമ്രാജ്യം എന്ന പേരിൽ തുടരുകയും ചെയ്തു. വെസ്റ്റേൺ റോമാ സാമ്രാജ്യത്തിന്റെ പതനശേഷം രാഷ്ട്രീയ അരാചകവസ്ഥ റോമയിൽ ഉണ്ടായി. AD 756 ൽ പെപ്പിൻ എന്ന രാജാവ് റോമാ ഉൾപ്പെടെയുള്ള കുറെ പ്രദേശങ്ങൾ പിടിച്ചെടുത്ത് പോപ്പിന് കൈമാറി. തുടർന്ന് പോപ്പ് ആ പ്രദേശങ്ങളുടെ ഭരണാധികാരി ആയി തീർന്നു. എന്നാൽ 800 AD-യിൽ പെപ്പിന്റെ മകനായ ഷാൽമൈനെ പോപ്പ് ലിയോ മൂന്നാമൻ ‘റോമൻ ചക്രവർത്തിയായി’ കിരീടധാരണം ചെയ്തു. ഇതോടെ പാശ്ചാത്യ യൂറോപ്പിൽ റോമൻ സാമ്രാജ്യത്വ പാരമ്പര്യത്തിന് പുതിയ രൂപം ലഭിച്ചു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ വിശുദ്ധ റോമൻ സാമ്രാജ്യത്തിൽ പോപ്പിന്റെ വാക്കുകൾക്ക് വലിയ വില ലഭിച്ചു. ചക്രവർത്തിമാരെ വാഴിക്കാനും വീഴിക്കാനും പോപ്പിന് കഴിഞ്ഞു. 1870 ൽ ഇറ്റലിയുടെ ഏകീകരണം നടന്നപ്പോൾ റോമയും ഇറ്റലിയുടെ ഭാഗമായി. ഇത് പോപ്പിന്റെ കടുത്ത എതിർപ്പിന് ഇടയാക്കി. എന്നാൽ 1929 ൽ പോപ്പ് പയസ് പതിനൊന്നാമൻ മുസോളനിയുമായി ഉണ്ടാക്കിയ ഒരു കരാറിന്റെ വെളിച്ചത്തിൽ വത്തിക്കാൻ സിറ്റിയെ ഒരു പരമാധികാര രാഷ്ട്രമായും പോപ്പിനെ അതിന്റെ ഭരണാധികാരിയായും അംഗീകരിച്ചു. ക്രൈസ്തവ സമൂഹത്തിൽ പോപ്പിന്റെ അംഗീകാരം എപ്രകാരം വളർന്നു എന്നതിന്റെ ചരിത്രം കൂടിയാണിത്. ആദ്യ കാലങ്ങളിൽ പോപ്പും കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസും ഒരുമയോടെ തുടർന്നെങ്കിലും കാലക്രമത്തിൽ വേർപിരിയുകയും കോൺസ്റ്റാന്റിനോപ്പിളിലെ ക്രൈസ്തവർ ഈസ്റ്റേൺ ഓർത്തഡോൿസ് വിഭാഗക്കാർ എന്നറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. അലെക്സിൻഡ്രിയ , ജെറുസലേം , അന്ത്യോഖ്യ തുടങ്ങിയ ക്രിസ്തീയ ഇടങ്ങൾ ഏഴാം നൂറ്റാണ്ടു മുതൽ ഇസ്ലാമിക് ഭരണത്തിന് കീഴിലേക്ക് മാറിയതിനാൽ ബൈസാന്റൈൻ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ ഉണ്ടായിരുന്ന സ്വാധീനവും അംഗീകാരവും അതേപടി നിലനിർത്താനായില്ല. ക്രൈസ്തവരുടെ സംഖ്യ വർധിച്ചതിനെ തുടർന്ന് അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവാൻ തുടങ്ങി. ഈ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ചർച്ചചെയ്തിരുന്നത് ക്രിസ്തുമത സമ്മേളങ്ങൾ വിളിച്ചു കുട്ടിയായിരുന്നു . പിതാവ് , പുത്രൻ പരിശുദ്ധ റൂഹാ, ദൈവ മാതാവ് തുടങ്ങിയവയുടെ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ആണ് പ്രധാന തർക്ക വിഷയങ്ങൾ. ഓരോ സമ്മേളനങ്ങൾ കഴിയുംതോറും സഭക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാകുകയും കാലക്രമത്തിൽ അവർ വേർപിരിഞ്ഞു ഓരോരോ ചർച്ചുകൾ ആയി മാറുകയും ചെയ്തു. അങ്ങനെ ചർച്ച് ഓഫ് ദി ഈസ്റ്റ് , ഓറിയന്റൽ ഓർത്തഡോൿസ് ചർച്ച് , റോമൻ കത്തോലിക്ക ചർച്ച്, ഈസ്റ്റേൺ ഓർത്തഡോൿസ് ചർച്ച് ,പ്രൊട്ടസ്റ്റന്റ് ചർച്ച് എന്നീ വിധം പല ശാഖകൾ ആയി പിരിഞ്ഞു. ഏതാണ്ട് 53, 000 ത്തോളം ക്രൈസ്തവ സഭകൾ നിലവിലുണ്ടെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത് . നമ്മുടെ നാട്ടിലെ രണ്ടു പ്രബല ചർച്ചുകൾ ആണ് റോമൻ കത്തോലിക്ക ചർച്ചും , യാക്കോബായ, ഓർത്തഡോൿസ് വിഭാഗങ്ങൾ അടങ്ങുന്ന ഓറിയന്റൽ ഓർത്തഡോൿസ് ചർച്ചും. യേശുവിനു ദൈവ പ്രകൃതവും മനുഷ്യപ്രകൃതവുമായി രണ്ടു സ്വഭാവങ്ങൾ (nature) ഉണ്ടെന്ന് റോമൻ കത്തോലിക്ക ചർച്ച് വിശ്വസിക്കുമ്പോൾ , ദൈവികതയും മാനുഷികതയും വേർപെടാതെ ഒന്നിച്ചിരിക്കുന്ന ഒരു ഏകീകൃത സ്വഭാവം (one united/incarnate nature) ആണ് യേശുവിനുള്ളതെന്നാണ് ഓറിയന്റൽ ഓർത്തഡോൿസ് ചർച്ചിന്റെ വിശ്വാസം.

2026 ജൂലൈ 29, ബുധനാഴ്‌ച

ലഹളാനന്തരം

ലഹളാനന്തരം ഡൽഹിയിലെ ജന്തർ മന്ദിറിൽ 49 ദിവസം നീണ്ടുനിന്ന പാറ്റാ ലഹള ഒരു വിദ്യാർത്ഥി പ്രതിഷേധം മാത്രമായിരുന്നില്ല, എല്ലാ അർഥത്തിലും അത് ഒരു രാഷ്ട്രീയ സമരം തന്നെയായിരുന്നു. പ്രക്ഷോഭകരുടെ പ്രധാന ആവശ്യം മോഡി സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയായിരുന്നു. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയും തുടർന്നുള്ള പരീക്ഷ റദ്ധാക്കലിനും പിന്നാലെയാണ് ഈ സമരം ഉയർന്നുവന്നത്. എന്നാൽ സമരത്തിൽ പങ്കെടുത്തവരിൽ എത്ര പേർ യഥാർത്ഥ നീറ്റ് പരീക്ഷാർത്ഥികളായിരുന്നു എന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. അങ്ങനെ ഉണ്ടായിരുന്നുവെങ്കിൽ, പരീക്ഷാ സംവിധാനത്തിൽ എന്തെല്ലാം പരിഷ്കാരങ്ങൾ വേണമെന്ന ചർച്ചയ്ക്കായിരിക്കും അവർ ഒരു മന്ത്രിയുടെ രാജിയെക്കാൾ കൂടുതൽ പ്രാധാന്യം നൽകുക. രാജ്യത്തെ സിനിമാപ്രവർത്തകരും വിവിധ മേഖലകളിലെ ബുദ്ധിജീവികളും ഉൾപ്പെടെ നിരവധി പ്രമുഖർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഒടുവിൽ സമരം ഒത്തുതീർന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജി ഒഴികെ, പരീക്ഷ റദ്ദാക്കൽ, അന്വേഷണം, പരീക്ഷാ സംവിധാനത്തിൽ പരിഷ്കാരങ്ങൾ തുടങ്ങിയ പ്രധാന നടപടികൾ സമരം ശക്തമാകുന്നതിന് മുമ്പേ തന്നെ സർക്കാർ ആരംഭിച്ചിരുന്നു. നീറ്റ് പരീക്ഷ കേവലം 12 കുട്ടികളുടെ ജീവൻ മാത്രമല്ല അപഹരിച്ചിട്ടുള്ളത് . പ്രതി വർഷം വിവിധ പരീക്ഷകളുടെ സമ്മർദ്ദം താങ്ങാൻ വയ്യാതെ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ ആണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത് . വിദ്യാഭ്യാസം എന്നാൽ ഉയർന്ന ജോലി വാങ്ങി ജീവിതം സുരക്ഷിതമാക്കാനുള്ളതാണ് എന്ന ഇടുങ്ങിയ ചിന്തയിൽ നിന്നാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അത് മാതാപിതാക്കളിൽ തുടങ്ങി കുട്ടികളിൽ ചെന്നെത്തുന്ന നിരന്തര മാനസിക പിരിമുറുക്കത്തിന്റെ പരിണിത ഫലം കൂടിയാണ് . നല്ല സാമ്പത്തികമുള്ള മാതാപിതാക്കളുടെ മക്കൾക്ക് മാത്രമേ ലക്ഷങ്ങൾ മുടക്കിയുള്ള എൻട്രൻസ് മാമാങ്കത്തിലൂടെ കടന്നു പോകാൻ കഴിയൂ . എട്ടാം ക്ലാസ് മുതൽ തന്നെ എൻട്രൻസിന് വേണ്ടി പഠിപ്പിക്കുന്ന സ്‌കൂളുകൾ ഉണ്ട്. പ്ലസ് വൺ തലത്തിലേക്ക് ചെല്ലുമ്പോൾ എൻട്രൻസിന് മാത്രം പ്രാധാന്യം കൊടുത്തുള്ള പ്രത്യേകം കോച്ചിങ്ങുകൾ ആണ് സ്‌കൂളുകൾ നൽകുന്നത്. താമസം , ഭക്ഷണം , കോച്ചിങ് തുടങ്ങിയവക്കായി ഒരു പത്തു ലക്ഷം രൂപ എങ്കിലും മുടക്കാൻ പറ്റുന്നവർക്ക് മാത്രമേ മെഡിസിൻ പഠിക്കാൻ പറ്റൂ. സാധാരണ വിദ്യാർത്ഥികൾക്ക് ഇതിൽ കടന്നു കൂടുക വളരെ ബുദ്ധിമുട്ടാണ്. നീറ്റ് പരീക്ഷ എന്നല്ല ഒരു പരീക്ഷയും കുട്ടികൾക്ക് ഒരു ഭാരമായി മാറരുത്. പണം മുടക്കില്ലാതെ പബ്ലിക് ഡൊമൈനിലൂടെ ലഭിക്കുന്ന റിസോർസ് വച്ച് എല്ലാവർക്കും പരീക്ഷക്ക് തയ്യാറെടുക്കാൻ സാധിക്കണം. എൻട്രൻസ് കോച്ചിങ്ങിനു വേണ്ടി മാത്രമുള്ള സ്‌കൂളുകളും , സ്ഥാപനങ്ങൾളും അനുവദിക്കരുത്. പ്ലസ് ടു പരീക്ഷയുടെ തുടർച്ചയായി അടുത്ത ദിവസമോ അതിനടുത്ത ദിവസമോ ഒരു സാധാരണ പരീക്ഷ എന്ന നിലക്ക് ഇത് നടത്തണം. ചോദ്യങ്ങൾ ചോരുന്നതാണ് ഇപ്പോൾ പ്രശ്‍നം . എന്നാൽ അടുത്ത വർഷവും ചോദ്യം ചോർന്നെക്കാം. ഇതിനൊരു പരിഹാരം ഔദ്യോഗികമായി ചോദ്യങ്ങൾ വെളിപ്പെടുത്തുക എന്നതാണ് . ഒരു ലക്ഷമോ രണ്ടു ലക്ഷമോ ചോദ്യങ്ങൾ അടങ്ങുന്ന ഓരോ വിഷയത്തിന്റെയും ക്വാസ്റ്റിൻ ബാങ്ക് തയ്യാറാക്കി , നന്നായി എക്സ്പ്ലൈൻ ചെയ്തുള്ള വീഡിയോ ഉത്തരങ്ങൾ സഹിതം സർക്കാർ പോർട്ടലിൽ പ്രസിദ്ധപ്പെടുത്തുക. വർഷം മുഴുവൻ വിദ്യാർത്ഥികൾക്ക് പരിശീലിക്കാൻ അത് ലഭ്യമാകണം. പരീക്ഷക്ക് അരമണിക്കൂർ മുമ്പ് വിദ്യാർത്ഥികളെ ഹാളിൽ കയറ്റിയതിനു ശേഷം കേന്ദ്രീകൃതമായി കംപ്യൂട്ടറിന്റെ സഹായത്തോടെ ചോദ്യങ്ങൾ സെറ്റ് ചെയ്ത് എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കുക . ഇതൊക്കെ ഇപ്പോൾ തന്നെ പല പരീക്ഷകൾക്കും നടക്കുന്നവയാണ്. അത് എൻട്രൻസിനും ബാധകമാക്കിയാൽ മാത്രം മതി. അപ്പോൾ ക്വാസ്റ്റിൻ പേപ്പർ ചോരില്ല. പണമുള്ളവനും ഇല്ലാത്തവനും ഒരേ സോഴ്സ് നിന്ന് തന്നെ ഫ്രീ ആയി റിസോർസ് കിട്ടും. പഠിക്കുക , ടോപ്പ് റാങ്ക് മേടിക്കുക. ഇതാണ് ഒരു പരിഹാരം. ഒരു പക്ഷെ ഒരേ ഒരു പരിഹാരം. എല്ലാ വിദ്യാർത്ഥികൾക്കും മെഡിസിനിൽ അഭിരുചി ഉണ്ടാവില്ല. എന്നാൽ അവരുടെ മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാക്ഷാത്ക്കരിക്കാൻ അവർ അത് പഠിക്കേണ്ടി വരുന്നു. ഇതിന് അഭിരുചി കൂടി പരിശോധിക്കേണ്ടതുണ്ട്. വൈദ്യം പഠിക്കാൻ വരുന്നവർ രോഗികളോട് അലിവുള്ളവർ ആകണം എന്നുറപ്പു വരുത്തണം. ഒരു വീഡിയോയിൽ ഒരു ഡോക്ടർ വിദ്യാർത്ഥിനി തങ്ങൾക്ക് പഠിക്കാൻ കിട്ടുന്ന പുരുഷ മൃതശരീരത്തിലെ ലൈംഗീക അവയവത്തെ കുറിച്ച് കമന്റുകൾ പറയാറുണ്ട് എന്ന് പറഞ്ഞത് കണ്ടു. മെഡിസിൻ പഠിക്കാൻ വരുന്നവരെ കൊണ്ട് നിർബന്ധമായും അവയവങ്ങളും, മൃതദേഹവും ദാനം ചെയ്യാനുള്ള സമ്മതി പാത്രത്തിൽ ഒപ്പിടീക്കണം. അത് തീർച്ചയായും പൊതു ജനത്തിന് ഒരു മാതൃകയും ആവും. ഒരു നാൾ തങ്ങളും മൃതശരീരമായി ഈ ടേബിളുകളിൽ എത്തും എന്ന തോന്നൽ ഉണ്ടാവണം . അപ്പോൾ തന്നെ മെഡിസിൻ പഠിക്കാനുള്ള കുട്ടികളുടെ തള്ളിച്ച നന്നായി കുറയും. ഡോക്ടർ ആകണമെങ്കിൽ വലിയ ബുദ്ധിയുള്ളവർതന്നെ വേണമെന്നില്ല . അതിന് ഒരു ശരാശരിക്കാരൻ മതി . ഒരു പ്ലംബറുടെയോ , മെക്കാനിക്കിന്റെയോ പണി മാത്രമാണ് ഒരു ഡോക്ടറുടേത്. ചികിത്സക്ക് ശാസ്ത്രീയമായ ഒരു പ്രോട്ടോക്കോൾ ഉണ്ട്. അത് ഫോളോ ചെയ്‌താൽ മാത്രം മതി. നല്ല ബുദ്ധിയുള്ള കുട്ടികളെ നമുക്ക് വേണ്ടത് ഗവേഷണത്തിനാണ്. എന്നാൽ പ്യുവർ സയൻസ് പഠിക്കാൻ ഇന്ന് കുട്ടികളെ കിട്ടുന്നില്ല. ആ സ്ഥിതി മാറണം. മാറ്റണം. ഇതൊക്കെയാണ് വിദ്യാർത്ഥികൾ ചിന്തിക്കേണ്ടത്. വിദ്യാർത്ഥികൾക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും ഭരണ നേതൃത്വങ്ങളും ബുദ്ധിജീവി വിഭാഗങ്ങളും ചിന്തിക്കേണ്ടതും .

2026 ജൂലൈ 25, ശനിയാഴ്‌ച

പാറ്റാ പാർട്ടി

പാറ്റാ പാർട്ടി വളരെ പെടുന്നനെ ആണ് ഓരോ പാർട്ടികളും രൂപം കൊള്ളുന്നത്. 2011ൽ അഴിമതിക്കെതിരെയും ലോക്പാൽ ബില്ലിന് വേണ്ടിയും അത് വരെ അത്ര കണ്ടു പരിചയം ഇല്ലാതിരുന്ന അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജിരിവാളിന്റെയും നേതൃത്തത്തിൽ ഇന്ത്യ എഗനിസ്റ് കറപ്ഷൻ (IAC ) എന്ന പേരിൽ ജന്തർ മന്ദിറിലും രാംലീലാ മൈതാനത്തും 17 ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരം അവസാനിച്ചപ്പോൾ കോൺഗ്രസിന്റെ നില പരുങ്ങലിൽ ആയി . ഡൽഹിയിലെയും കേന്ദ്രത്തിലെയും ഭരണം അവർക്ക് എന്നന്നേക്കുമായി നഷ്ട്ടപ്പെട്ടു. വലിയ ഭൂരിപക്ഷത്തോടെ ബിജെപി യെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞു എന്നത് മാത്രമേ ആ മൂവ്‌മെന്റിന്റെ നേട്ടമായി പിൽക്കാലത്ത് രേഖപ്പെടുത്താനുണ്ടായിരുന്നത്. കെജ്‌രിവാൾ ഡൽഹി ഭരണം പിടിച്ചെടുത്തു . പലവട്ടം ഭരിച്ചു. ഒടുവിൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജയിലിൽ ആയി, ഭരണത്തിൽ നിന്ന് പുറത്തും പോയി. അണ്ണാ ഹസാരെ എവിടെയാണെന്ന് ഒരു നിശ്ചയവുമില്ല. ഏതാണ്ട് അതിനെ അനുസ്മരിപ്പിക്കുന്നതാണ് പാറ്റ പാർട്ടിയും . IAC മൂവ്മെന്റിൽ പ്രവർത്തിച്ച് പരിചയം ഉള്ള അഭിജിത് ദീപക്ക് എന്ന യുവാവാണ് ഇവിടെ കെജ്‌രിവാളിന്റെ സ്ഥാനത്ത്. അണ്ണാ ഹസാരെയുടെ സ്ഥാനം അലങ്കരിക്കുന്നത് സോനം വാൻചുക്ക് ആണ് . പാറ്റ പാർട്ടി രൂപം കൊള്ളാനുള്ള കാരണം വിചിത്രമാണ്. 2026 മെയ് 15 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഒരു യുവ അഭിഭാഷകന്റെ വാദം കേൾക്കുക ആയിരുന്നു. അദ്ദേഹം വാദിച്ചിട്ടുകൊണ്ടിരുന്നത് തന്റെ തന്നെ കേസ് ആയിരുന്നു. സീനിയർ അഡ്വക്കേറ്റ് ആയി ഡെസിഗ്നെറ്റ് ചെയ്യപ്പെടുന്നതിനുള്ള തന്റെ അപേക്ഷയിന്മേൽ ഡൽഹി ഹൈ കോടതി തീരുമാനം എടുക്കുന്നില്ലെന്നും ആയതിന് കോടതിക്ക് നിർദ്ദേശം നൽകണം എന്നുമാണ് കേസിന്റെ ഉള്ളടക്കം. വക്കീലന്മാരിൽ മികവാർന്ന പ്രകടനം കാഴ്ചവെക്കുന്ന ആളുകളെ ഹൈ കോടതികളും സുപ്രീം കോടതിയും ഇങ്ങനെ സീനിയർ അഭിഭാഷകർ ആയി ഡെസിഗ്നെറ്റ് ചെയ്യുന്ന രീതി ഉണ്ട്. അത് കോടതിയുടെ പൂർണ്ണ താൽപര്യത്തിൽ പെടുന്ന കാര്യമാണ്. എന്നാൽ യുവ അഭിഭാഷകന്റെ ദാർഷ്ട്ട്യം നിറഞ്ഞ വാദം ചീഫ് ജസ്റ്റീസിന് ഇഷ്ടപ്പെട്ടില്ല. ഈ അഭിഭാഷകൻ സോഷ്യൽ മീഡിയയിൽ നിയമജ്ഞൻ എന്ന നിലയിൽ വീഡിയോ ചെയ്യുന്നതെല്ലാം ജഡ്‌ജിയുടെ ശ്രദ്ധയിൽ ഉണ്ട്. ഡൽഹി ഹൈ കോടതി താങ്കളെ സീനിയർ അഡ്വക്കേറ്റ് ആയി ഡെസിഗ്നെറ്റ് ചെയ്‌താൽ പോലും ഞങ്ങൾ അത് അസാധു വാക്കും എന്നായി കോടതി. അല്ലെങ്കിൽ തന്നെ ഭരണഘന സംവിധാനങ്ങളെ കരിവാരിത്തേക്കുന്ന വിഡിയോകളും എഴുത്തുകളുമായി തൊഴിലില്ലാത്ത ഒരു കൂട്ടർ പാറ്റകളെ പോലെ ഇപ്പോൾ തന്നെ ഉണ്ട് . ആ കൂട്ടത്തിലാണ് താങ്കളും ഇപ്പോൾ. താങ്കളുടെത് ഉൾപ്പെടെ പല അഭിഭാഷകരുടെയും വിഡിയോകൾ ഒക്കെ ഞങ്ങൾ കാണുന്നുണ്ട്. പല വിഡിയോകളും കാണുമ്പോൾ ശരിക്കും നിയമ ബിരുദം ഉണ്ടോ എന്ന് പോലും തോന്നാറുണ്ട്. ഈ പരാമർശം ആണ് അന്ന് ജസ്റ്റിസ് സൂര്യകാന്തിന്റെ ഭാഗത്തു നിന്നുണ്ടായത്. അമേരിക്കയിലെ ബോസ്റ്റണിൽ പഠിച്ചുകൊണ്ടിരുന്ന അഭിജിത് ദീപക് എന്ന മഹാരാഷ്ട്രക്കാരൻ എങ്ങനെയോ ഈ പരാമർശം കേട്ടു. തൊഴിലില്ലാത്ത ചെറുപ്പക്കാരെ പാറ്റകൾ എന്നാണ് വിളിക്കുന്നതെങ്കിൽ ശരിക്കും ഞങ്ങൾ പാറ്റകൾ തന്നെ എന്ന വിധം അയാൾ സോഷ്യൽ മീഡിയയിൽ വീഡിയോ ഇടുന്നു. പലരും ഒരു തമാശക്കായി ആദ്യം ഷെയർ ചെയ്തതാണെങ്കിലും കളി കാര്യമാകുന്നു. പൊതുവെ അസ്വസ്ഥരായ കോടിക്കണക്കിനു ഇന്ത്യൻ യുവാക്കൾ അതേറ്റുപിടിക്കുന്നു. ഓൺലൈൻ ആയി ഒരു പാർട്ടിത്തന്നെ രൂപം കൊള്ളുന്നു. ഇനി വിഷയങ്ങൾ കണ്ടു പിടിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ആണോ വിഷയത്തിന് പഞ്ഞം. തൊഴിലില്ലായ്‌മ, അഴിമതി, ഉത്തരവാദിത്തം ഇല്ലായ്മ , അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യ പരിഷ്‌ക്കാരങ്ങൾ, ഗവൺമെന്റിലെ സുതാര്യത, ചെറുപ്പക്കാർക്ക് മെച്ചപ്പെട്ട അവസരങ്ങൾ തുടങ്ങിയ അജണ്ടകൾ ഉടനടി തയ്യാറായി. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഭാഗ്യത്തിന് നീറ്റ് പരീക്ഷയിലെ ചോർച്ച വിഷയം ആകുന്നത്. ഇന്ത്യ മുഴുവൻ കത്തിക്കാനുള്ള ഉർജ്ജത്തിന് വേണ്ടി യുവാക്കളോട് ഡൽഹിയിൽ എത്താൻ ആവശ്യപ്പെടുന്നു. നീറ്റ് എന്ന് പാഞ്ഞാൽ എന്താണ് എന്നറിയാത്ത കുട്ടികൾ പോലും ഡൽഹിയിലെ ജന്ദർമന്ദിറിലേക്ക് വണ്ടി കയറി. ഇന്ത്യയിൽ അകെ 1.2 ലക്ഷം എംബിബിസ് സീറ്റുകൾ ആണുള്ളത് . ഇതിലേക്ക് കേന്ദ്രീകൃതമായി എല്ലാ വർഷവും പരീക്ഷ നടത്തുന്നു. 22 ലക്ഷം കുട്ടികൾ ആണ് പരീക്ഷ എഴുതുന്നത്. കടുത്ത മത്സരം ഉണ്ട്. കുട്ടികൾ ഉറക്കമിളച്ചിരുന്ന് പഠിക്കുന്നതാണ്. കഷ്ടപ്പെട്ട് പരീക്ഷയെഴുതി കഴിയുമ്പോൾ അത് ക്യാൻസൽ ആക്കുന്നു എന്ന് പറഞ്ഞാൽ വലിയ വിഷമം ആണ് . കുട്ടികൾ പൊട്ടിത്തെറിക്കുക സ്വാഭാവികം. എന്നാൽ കുട്ടികൾ ആത്മഹത്യ ചെയ്യുക എന്നു പറഞ്ഞാൽ ചിത്രം മാറുകയാണ്. ഒരു വർഷം നഷ്ടപ്പെടുമെന്ന ഭീതി, കുടുംബത്തിന്റെ പ്രതീക്ഷ, സാമ്പത്തിക പ്രശ്നം, പരീക്ഷാ ടെൻഷൻ , പേടി , ഡിപ്രെഷൻ ഇതൊക്കെയാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചത്. 12 വിദ്യാർത്ഥികൾ ആണ് നീറ്റുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തത്. എന്നാൽ പ്രതി വർഷം ഇന്ത്യയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് നോക്കിയാൽ അമ്പരന്നു പോകും. 2020 ൽ 12,526 കുട്ടികൾ ആത്മഹത്യാ ചെയ്തു. 21ൽ 13,088. 22 ൽ 13,044, 23 ൽ 13,892 , 24 ൽ 14,488. പബ്ലിക് ഡൊമൈനിൽ ഈ കണക്കുകൾ ലഭ്യമാണ് . ഇത് കാണിക്കുന്നത് നീറ്റ് പരീക്ഷയിലെ പ്രശ്നങ്ങളെക്കാൾ കുട്ടികൾക്ക് താങ്ങാൻ പറ്റാത്ത അക്കാഡമിക് അന്തരീക്ഷത്തിലൂടെയാണ് അവർ അനുദിനം കടന്നു പോകുന്നത് എന്നാണ് . ആരാണ് ഇവരെ മരണത്തിലേക്ക് തള്ളി വിടുന്നത്? സർക്കാർ ഒരു വലിയ ചിലന്തി വല പോലെ ആണ് . നടുക്ക് സർക്കാരുണ്ട്. പക്ഷെ സർക്കാരിൽ നിന്നും ഒരു പാടകലെ ആ വലയിൽ പൊട്ടൽ വീഴാം. കേന്ദ്രം എത്തി ആ വല നന്നാക്കി വീണ്ടും സജ്ജമാക്കും. ഇതാണ് സാധാരണ രീതി. എല്ലാ കാലത്തും ഈ വലക്ക് പൊട്ടൽ വീഴാറുണ്ട്, പല കാരണങ്ങളാൽ. പൊട്ടാത്ത വല സ്വപ്നങ്ങളിൽ മാത്രമായിരിക്കും. മാക്സിമം നന്നാക്കുക. പരിഷ്‌ക്കരിക്കുക. വല പൊട്ടിയതിനാൽ അഫക്റ്റഡ് ആയവരെ ആശ്വസിപ്പിക്കുക, നഷ്ടപരിഹാരം കൊടുക്കുക. അങ്ങനെ മുമ്പോട്ടു പോകുക അതേ പറ്റൂ. 2024 ൽ നീറ്റിന്റെ വല പൊട്ടിയപ്പോൾ സർക്കാർ സിബിഐ അന്വേക്ഷണം വച്ചു . പബ്ലിക് എക്‌സാമിനേഷൻ ആക്ട് പാസ്സാക്കി. ഹൈ ലെവൽ കമ്മിറ്റിയെ വച്ചു . പരീക്ഷാ നടപടിക്രമങ്ങളുട ആരംഭം മുതൽ ഹൈ സെക്യൂരിറ്റി ഏർപ്പെടുത്തി . എന്നിട്ടും വല ചോർന്നു. 2026 ൽ ചോദ്യപേപ്പർ കോമ്പോസിങ് സ്റ്റേജുകളിൽ എവിടെയോ വച്ച് ജീവനക്കാരിൽ ആരോ വളരെ വിദഗ്ധമായി മൊബൈലിൽ പകർത്തി ടെലെഗ്രാമിലൂടെ വിതരണം ചെയ്യുകയായിരുന്നു എന്നാണ് നിഗമനം . പരീക്ഷാ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാർ ഡോക്ടർമാർ, സ്‌കൂൾ അധികൃതർ, കോച്ചിങ് സെന്റർ ഉടമകൾ തുടങ്ങി ഒരുപാടാളുകകളെ ഇത് സംബന്ധമായി അറസ്റ്റ് ചെയ്തു. അടുത്ത വർഷം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ കമ്പ്യൂട്ടർ വൽകൃത പരീക്ഷ നടത്തും. കൂടുതൽ കർശന നിയന്ത്രണങ്ങൾ കൊണ്ട് വരും. പരീക്ഷ കുറ്റങ്ങൾക്ക് വലിയ ശിക്ഷ ഏർപ്പെടുത്തും. ഇതൊക്കെയാണ് ഒരു സർക്കാരിന് ചെയ്യാനുള്ളത്. ഇതൊക്കെ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നോക്കുക ആണ് പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടത്. ഇല്ലെങ്കിൽ അതത് സമയത്ത് ഇടപെടുക. അതാണ് അവരുടെ ഉത്തരവാദിത്തം. പാർലമെന്റ് കാന്റീനിൽ നിന്നും 10 രൂപക്ക് കോഴി ബിരിയാണി വാങ്ങി കഴിക്കുന്നതിൽ മാത്രം ഒതുങ്ങരുത് അവരുടെ പ്രവർത്തനം. സത്യത്തിൽ ഇന്ത്യ സഖ്യത്തിന് ഇതൊരു നാണക്കേടാണ്. ഇന്ത്യ ഒട്ടാകെ 35 പാർട്ടികൾ ഇന്ത്യ മുന്നണിയിൽ ഉണ്ട്. ഇത്രയും പാർട്ടികളും അവരുടെ അണികളും ഉണ്ടായിട്ടും പാറ്റ പാർട്ടി എന്ന ഒരു പുതിയ പാർട്ടി ഉണ്ടാവേണ്ടി വന്നു നീറ്റ് ചോർച്ച ചോദ്യം ചെയ്യാൻ. അവരുടെ ബാനറിൽ ഈ സമരം നടത്തി ഈ പാർട്ടികളെല്ലാം ഇളിഭ്യർ ആകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ശരിക്കും ഈ പാർട്ടികൾ തന്നെ എന്തിനാണ്? നീറ്റ് പ്രശനം മാത്രമല്ല , മുൻനിര പാർട്ടികൾ ഉന്നയിക്കുന്ന ഡിമാന്റുകൾ എല്ലാം തന്നെ പാറ്റ പാർട്ടിയും മുന്നോട്ട് വയ്ക്കുന്നുണ്ട്. എങ്കിൽ പിന്നെ നമുക്ക് പാറ്റ പാർട്ടി പോരെ എന്ന് ഓരോരുത്തരും ചോദിക്കുന്ന കാലമാണിത്.