2026 ഓഗസ്റ്റ് 16, ഞായറാഴ്‌ച

വീർ സവർക്കർ

പിണറായി ഗവൺമെന്റിനെ ജനം ഏറ്റവും കൂടുതൽ വെറുക്കാൻ കാരണം ആ ഗവൺമെന്റ് വിമർശനങ്ങളോട് കാണിച്ച അസഹിഷ്ണുതയാണ്. എന്നാൽ അതേ നയം തന്നെയാണ് യുഡിഎഫും പിന്തുടരുന്നത് എന്ന് വേണം കരുതാൻ. കാസർഗോഡ് ജില്ലയിൽ ഒരു UP സ്‌കൂൾ അധ്യാപകൻ ക്വിസ് മത്സരത്തിന് തയ്യാറാക്കിയ ചോദ്യത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിൽ ഏറ്റവും തീക്ഷ്ണമായ പരമാവധി ശിക്ഷ ആർക്കാണ് ലഭിച്ചത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം വീർ സവർക്കർ എന്നായിരുന്നു. തീക്ഷ്ണമേറിയ പരമാവധി ശിക്ഷ വധശിക്ഷയാണെന്നിരിക്കെ ഉത്തരം തെറ്റായിരുന്നു. എന്നാൽ ഏറ്റവും കാഠിന്യമേറിയതും ദൈർഘ്യമേറിയതുമായ ജയിൽ ശിക്ഷ ആർക്കാണ് ലഭിച്ചത് എന്നാണ് ചോദ്യമെങ്കിൽ സവർക്കർ ഉത്തരത്തിൽ ഇടം പിടിക്കുമായിരുന്നു. ക്വിസ് മത്സരത്തിന് ഇതിനു മുമ്പും ചോദ്യങ്ങൾ തെറ്റിയിട്ടുണ്ട്. യൂണിവേഴ്സിറ്റികൾക്കും എന്തിന് പി എസ്സി ക്ക് തന്നെയും എത്രയോ തവണ ചോദ്യം തെറ്റിയിരിക്കുന്നു . എന്നിട്ട് അവരെയൊന്നും സസ്‌പെൻഡ് ചെയ്തില്ല എന്നതാണ് ചരിത്രം. ഇത്തരം നടപടികൾ കേരളത്തിൽ ബിജെപി യെ വളർത്താൻ മാത്രമേ ഉപകരിക്കൂ എന്ന് എന്നാണിവർ മനസിലാക്കുക ! ഇത്ര വെറുക്കപ്പെടേണ്ട ഒരു വ്യക്തിത്വം ആണോ വീർ സവർക്കർ? 1970 ൽ ഇന്ദിര ഗാന്ധി മഹാനായ സ്വാതന്ത്ര്യസമര സേനാനി എന്ന് വിശേഷിപ്പിച്ച് സവർക്കറുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി ബഹുമാനിച്ചു. 1983 ൽ ഇന്ദിരാഗാന്ധിയുടെ ഗവൺമെന്റ് സവർക്കറുടെ ജീവചരിത്രം ഉൾക്കൊള്ളുന്ന ഡോക്യൂമെന്ററി നിർമിച്ചു. 2003 ൽ APJ അബ്ദുൾകലാം വീർ സവർക്കറുടെ ഓയിൽ പോർട്രൈറ് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അനാച്ഛാദനം ചെയ്തു. 2001ൽ ആൻഡമാൻ നിക്കോബാർ ദീപിലെ എയർപോർട്ടിന് വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് എന്ന് നാമകരണം ചെയ്തു. ഇത് കൂടാതെ മറ്റനേകം ബഹുമതികൾ രാഷ്ട്രം അദ്ദേഹത്തിന് മരണാന്തരം നൽകിയിട്ടുണ്ട് . എന്നിട്ടും ഈ രാഷ്ട്രീയ അസ്‌പൃശ്യത എന്തുകൊണ്ട് സവർക്കർക്ക് ഏർപ്പെടുത്തുന്നു എന്നതാണ് ആശ്ചര്യം! ഗാന്ധി വധത്തിന്റെ ഉത്തരവാദി സവർക്കർ ആണെന്ന ആരോപണം ആണ് ഇപ്പോഴും അദ്ദേഹത്തിനെതിരെ ഉയർത്തുന്നത്. എന്നാൽ പണ്ഡിറ്റ് നെഹ്രുവിന്റെ ഭരണത്തിൽ ഉള്ള വിചാരണ കോടതി സവർക്കർക്കെതിരെ തെളിവുകൾ ഇല്ല എന്ന് കണ്ടെത്തി വെറുതെ വിടുകയായിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ ആളുകളെ ഇപ്പോഴും അതിന്റെ പേരിൽ കുറ്റവാളി ആയി നിർത്തുക ആണെങ്കിൽ നമ്മുടെ പല നേതാക്കന്മാരുടെയും അവസ്ഥ എന്തായിരിക്കും! ബൊഫോഴ്‌സ് കേസിൽ ഇപ്പോഴും രാജീവിനെ കുറ്റവാളി ആക്കി അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ ചിത്രീകരിക്കുന്നുണ്ട് . ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സവർക്കറുടെ പങ്ക് ആർക്കും നിഷേധിക്കാൻ പറ്റാത്തതാണ്. മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത് 1883 ൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച സവർക്കർ വിദ്യാർത്ഥിയായിരിക്കെ തന്നെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സായുധ സമരങ്ങളിൽ പങ്കെടുത്തിരുന്നു. 1910 ൽ ബ്രിട്ടീഷ് രാജാവിനെതിരെയുള്ള ഗൂഢാലോചന കുറ്റം ചുമത്തി 25 വർഷം തടവും 1911ൽ എം.ടി ജാക്സൺ എന്ന ബ്രിട്ടീഷ് മജിസ്‌ട്രേറ്റ് കൊല്ലപ്പെട്ട കേസിൽ 25 വർഷം തടവും ചേർത്ത് 50വർഷത്തേക്കാണ് അദ്ദേഹത്തെ തടവിന് ശിക്ഷിച്ചത്. അതിൽ 10 വർഷം ആന്റമാനിലെ സെല്ലുലാർ ജയിലിൽ ഏകാന്ത കഠിന തടവുമായിരുന്നു. 28 വയസിൽ സെല്ലുലാറിലെത്തിയ യുവാവായ സവർക്കർ തന്റെ ജീവിതം മുഴുവൻ ജയിലിൽ കഴിച്ചുകൂട്ടേണ്ടി വരുമെന്നറിഞ്ഞു ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ച് ശിക്ഷയിൽ ഇളവു നേടുകയാണുണ്ടായത് . ഇത് പിൽക്കാലത്ത് സവർക്കർക്ക് വിനയായി. സവർക്കർ അടിസ്ഥാനപരമായി ഒരു ഹിന്ദുത്വ രാഷ്ട്രീയചിന്തകനായിരുന്നു . എന്നാൽ സവർക്കറുടെ ഹിന്ദുത്വയും ഇന്നത്തെ RSS ന്റെ ഹിന്ദുത്വയും തമ്മിൽ വ്യത്യാസം ഉണ്ട്. സനാതന ധർമ്മത്തിലോ, ദൈവങ്ങളിലോ അദ്ദേഹം വിശ്വസിച്ചിരുന്നില്ല.എന്നാൽ ഹിന്ദു സംസ്കാരത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. ഇന്ത്യയെ പിതൃഭൂമിയായും പുണ്യഭൂമിയായും കാണുന്നവരെയാണ് അദ്ദേഹം ഹിന്ദുത്വത്തിന്റെ സാംസ്കാരിക നിർവചനത്തിൽ ഉൾപ്പെടുത്തിയത്. സ്വാഭാവികമായും ഇന്ത്യയിൽ ജനിച്ച ക്രിസ്ത്യാനികളും മുസ്ലീങ്ങളും അദ്ദേഹത്തിന്റെ നിർവചനത്തിൽ ഹിന്ദുക്കളായിരുന്നില്ല. ഹിന്ദു രാഷ്ട്രം എന്ന സങ്കല്പം സവർക്കറുടേതായുണ്ട് . എന്നാൽ സവർക്കറുടെ ‘ഹിന്ദുരാഷ്ട്രം’ ഒരു മതാധിഷ്ഠിത ദൈവാധിപത്യ രാഷ്ട്രം എന്ന അർത്ഥത്തിലായിരുന്നില്ല. ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ എല്ലാവർക്കും തുല്യ അവകാശങ്ങളുള്ള, മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം വിവേചനം കാണിക്കാത്ത ഒന്നായാണ് അദ്ദേഹം ഹിന്ദു രാഷ്ട്രത്തെ വിഭാവനം ചെയ്തത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരിക്കണം എന്ന് നിലപാടെടുത്ത സവർക്കർ പശുവിനെ മാതാവായി കണ്ടില്ല. പുല്ലും ചവറും തിന്നുന്ന ഉപകാരമുള്ള ഒരു ജീവി എന്ന ശാസ്ത്രീയ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. സ്മ്രിതികളെയും, പുരാണ ഇതിഹാസങ്ങളെയും അടിസ്ഥാനമാക്കി ജീവിക്കുന്നത് ഒരു മനോരോഗം ആണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ . ന്യൂന പക്ഷ വികാരങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ പാകിസ്താനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ പണിയെടുത്ത മൗലാനാ ഷബീർ അഹമ്മദ് ഉസ്മാനിയെ പോലുള്ള ആളുകളെ സവർക്കറുമായി ചേർത്ത് വായിക്കുമ്പോൾ ആണ് എത്ര ഉദാത്തമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്ന് മനസിലാകുക . സാമൂഹിക പരിഷ്കരണത്തിന്റെ പല മേഖലകളിലും സവർക്കർ തന്റെ കാലത്തെക്കാൾ മുന്നിട്ടുനിന്ന ഒരു ശക്തമായ പരിഷ്കരണവാദിയായിരുന്നു. ചാതുർവർണ്യത്തെ ഗാന്ധി അനുകൂലിച്ചപ്പോൾ അദ്ദേഹം എതിർത്തു. ഒരു പക്ഷെ മറ്റേതൊരു സാമൂഹിക പരിഷ്കർത്താവിനേക്കാൾ കൂടുതൽ സവർക്കർ ജാതിയെ എതിർത്തിരുന്നു. എല്ലാവർക്കും ആരാധനാ സ്വാതന്ത്ര്യം, സഹ ഭോജനം, അയിത്ത നിർമാർജനം, മിശ്രവിവാഹം, പാരമ്പര്യ തൊഴിലുകൾ ഉപേക്ഷക്കൽ തുടങ്ങി എത്രയോ വിപ്ലവകരമായ ആശയങ്ങൾ സവർക്കർ മുന്നോട്ടു വച്ചു. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ പരിഹസിച്ച 1857 ലെ സമരത്തെ ‘Indian War of Independence’ എന്ന നിലയിൽ ശക്തമായി അവതരിപ്പിച്ചത് സവർക്കർ ആയിരുന്നു. സവർക്കറുടെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചാണ് RSS ഇന്ന് നിലകൊള്ളുന്നത്. അത് കൂടുതൽ മതാടിസ്ഥാനത്തിൽ ചിന്തിക്കുന്നു. ബിജെപി യെ നേരിടാൻ സവർക്കറെ നിരാകരിക്കുക ആണ് ഇന്ന് ബിജെപി വിരുദ്ധ രാഷ്ട്രീയക്കാർ പ്രധാനമായും ചെയ്യുന്നത്. സവർക്കറെ വിമർശിക്കാം. പക്ഷേ അതിന്റെ പേരിൽ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം ഇല്ലാതാക്കുകയോ, അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ മറച്ചുവയ്ക്കുകയോ, ചരിത്രപരമായ വസ്തുതകൾ രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ച് തിരഞ്ഞെടുത്ത് ഉപയോഗിക്കുകയോ ചെയ്യുന്നത് ഈ ആധൂനിക ലോകത്ത് ആത്യന്തികമായി ബിജെപി യെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല: