2026 ഓഗസ്റ്റ് 8, ശനിയാഴ്‌ച

പോപ്പും ക്രിസ്തുമതവും

ലോക ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച ഒരു മതമാണ് ക്രിസ്തുമതം. യഹൂദൻ ആയിരുന്ന യേശുക്രിസ്തു ആ മതത്തിൽ നടത്താൻ ശ്രമിച്ച പരിഷ്കരണങ്ങൾ അദ്ദേഹത്തിന്റെ ജീവൻ തന്നെ കവർന്നെടുത്തതിന്റെ തുടർ ചരിത്രം ആണ് ക്രിസ്തുമതത്തിന്റേത്. AD 30 ൽ ആണ് യേശുവിന്റെ കുരിശു മരണം ജറുസലേമിൽ സംഭവിച്ചത്. അദ്ദേഹത്തിന്റെ അനുയായികൾ ആയി ആ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നത് യഹൂദന്മാർ തന്നെയായിരുന്നു. AD 40 ആയപ്പോഴേക്കും ക്രിസ്തുമതം ജറുസലേമിൽ നിന്നും സിറിയയിലേക്ക് വ്യാപിച്ചു. AD 40 - 44 ആയപ്പോഴേക്കും റോമൻ സിറിയയിൽ പെട്ട അന്ത്യോഖ്യയിൽ വച്ച് ആ വിശ്വാസ കൂട്ടായ്മ ക്രിസ്ത്യാനികൾ എന്ന് ഔപചാരികമായി നാമകരണം ചെയ്യപ്പെട്ടു. തുടർന്ന് ക്രിസ്തുമതത്തിനുണ്ടായത് അത്ഭുതകരമായ വളർച്ചയാണ്. ക്രിസ്തു ശിക്ഷ്യന്മാർ ചെന്നെത്തിയ നാടുകളിൽ എല്ലാം വൻതോതിൽ ക്രിസ്ത്യാനികൾ ഉണ്ടാകാൻ തുടങ്ങി. സെയിന്റ് പീറ്ററും, സെയിന്റ് പോളും വിശ്വാസം പ്രസംഗിച്ച് കൊലചെയ്യപ്പെട്ട റോമയിൽ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം പെരുകിയപ്പോൾ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ക്രിസ്തുമതത്തിന് നിയമപരമായ അംഗീകാരവും പിന്തുണയും നൽകി പ്രോത്സാഹിപ്പിച്ചു. പിൽക്കാലത്ത് പോപ്പ് എന്നറിയപ്പെട്ട പ്രധാന ബിഷപ്പിന് സഭക്കുള്ളിൽ ആത്മീയ അധികാരങ്ങൾ ഉണ്ടായിരുന്നെങ്കിലും ചക്രവർത്തിയുടെ രാഷ്ട്രീയ അധികാരത്തിന്റെ കീഴിൽ ആയിരുന്നു സ്ഥാനം. 325 AD യിൽ നിഖ്യായിൽ വച്ച് നടന്ന ലോക ക്രൈസ്തവ സമ്മേളനം വിളിച്ചുചേർത്തതും കോൺസ്റ്റന്റൈൻ ചക്രവർത്തിയായിരുന്നു. കോൺസ്റ്റന്റൈന്റെ കാലത്ത് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന തുർക്കിയിൽ അദ്ദേഹം റോമയോട് കിടപിടിക്കുന്ന ഒരു നഗരം പണിതു. രാജാവിന്റെ പേരോട് ചേർന്ന് കോൺസ്റ്റാന്റിനോപ്പിൾ എന്ന് ആ പട്ടണം അറിയപ്പെട്ടു. ആ പട്ടണത്തേയും ഒരു തലസ്ഥാന നഗരമായി ചക്രവർത്തി അംഗീകരിച്ചു . വലിയൊരു ക്രൈസ്തവ സമൂഹം കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രീകരിച്ച് ക്രമേണ വളർന്നു വന്നു. 395 AD യിൽ തിയോഡോഷ്യസ് ഒന്നാമൻ തന്റെ രണ്ടു മക്കൾക്കുമായി രാജ്യത്തെ വിഭജിച്ചു . അങ്ങനെ കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമായ ഈസ്റ്റേൺ റോമൻ എമ്പയറും , റോമാ കേന്ദ്രമായ വെസ്റ്റേൺ റോമൻ എമ്പയറും രൂപം കൊണ്ടു . കോൺസ്റ്റാന്റിനോപ്പിളിലെ ക്രൈസ്തവ സമൂഹം കോൺസ്റ്റാന്റിനോപ്പിൾ ബിഷപ്പിന്റെ കീഴിലും റോമയിലെ ക്രിസ്താനികൾ റോമയിലെ ബിഷപ്പിന്റെ കീഴിലും ആയി. അന്ത്യോഖ്യ , ജെറുസലേം, അലെക്സിൻഡ്രിയ എന്നീ സ്ഥലങ്ങളിലും സമസ്ഥാനീയർ ആയ ബിഷപ്പുമാരുടെ കീഴിൽ ക്രൈസ്തവ സമൂഹം ഒന്നായി വളർന്നു തുടങ്ങി. 476 AD ആയപ്പോൾ വെസ്റ്റേൺ റോമാ സാമ്രാജ്യം തകർന്നു .എന്നാൽ ഈസ്റ്റേൺ റോമാ സാമ്രാജ്യം ബൈസന്റൈൻ സാമ്രാജ്യം എന്ന പേരിൽ തുടരുകയും ചെയ്തു. വെസ്റ്റേൺ റോമാ സാമ്രാജ്യത്തിന്റെ പതനശേഷം രാഷ്ട്രീയ അരാചകവസ്ഥ റോമയിൽ ഉണ്ടായി. AD 756 ൽ പെപ്പിൻ എന്ന രാജാവ് റോമാ ഉൾപ്പെടെയുള്ള കുറെ പ്രദേശങ്ങൾ പിടിച്ചെടുത്ത് പോപ്പിന് കൈമാറി. തുടർന്ന് പോപ്പ് ആ പ്രദേശങ്ങളുടെ ഭരണാധികാരി ആയി തീർന്നു. എന്നാൽ 800 AD-യിൽ പെപ്പിന്റെ മകനായ ഷാൽമൈനെ പോപ്പ് ലിയോ മൂന്നാമൻ ‘റോമൻ ചക്രവർത്തിയായി’ കിരീടധാരണം ചെയ്തു. ഇതോടെ പാശ്ചാത്യ യൂറോപ്പിൽ റോമൻ സാമ്രാജ്യത്വ പാരമ്പര്യത്തിന് പുതിയ രൂപം ലഭിച്ചു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ വിശുദ്ധ റോമൻ സാമ്രാജ്യത്തിൽ പോപ്പിന്റെ വാക്കുകൾക്ക് വലിയ വില ലഭിച്ചു. ചക്രവർത്തിമാരെ വാഴിക്കാനും വീഴിക്കാനും പോപ്പിന് കഴിഞ്ഞു. 1870 ൽ ഇറ്റലിയുടെ ഏകീകരണം നടന്നപ്പോൾ റോമയും ഇറ്റലിയുടെ ഭാഗമായി. ഇത് പോപ്പിന്റെ കടുത്ത എതിർപ്പിന് ഇടയാക്കി. എന്നാൽ 1929 ൽ പോപ്പ് പയസ് പതിനൊന്നാമൻ മുസോളനിയുമായി ഉണ്ടാക്കിയ ഒരു കരാറിന്റെ വെളിച്ചത്തിൽ വത്തിക്കാൻ സിറ്റിയെ ഒരു പരമാധികാര രാഷ്ട്രമായും പോപ്പിനെ അതിന്റെ ഭരണാധികാരിയായും അംഗീകരിച്ചു. ക്രൈസ്തവ സമൂഹത്തിൽ പോപ്പിന്റെ അംഗീകാരം എപ്രകാരം വളർന്നു എന്നതിന്റെ ചരിത്രം കൂടിയാണിത്. ആദ്യ കാലങ്ങളിൽ പോപ്പും കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസും ഒരുമയോടെ തുടർന്നെങ്കിലും കാലക്രമത്തിൽ വേർപിരിയുകയും കോൺസ്റ്റാന്റിനോപ്പിളിലെ ക്രൈസ്തവർ ഈസ്റ്റേൺ ഓർത്തഡോൿസ് വിഭാഗക്കാർ എന്നറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. അലെക്സിൻഡ്രിയ , ജെറുസലേം , അന്ത്യോഖ്യ തുടങ്ങിയ ക്രിസ്തീയ ഇടങ്ങൾ ഏഴാം നൂറ്റാണ്ടു മുതൽ ഇസ്ലാമിക് ഭരണത്തിന് കീഴിലേക്ക് മാറിയതിനാൽ ബൈസാന്റൈൻ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ ഉണ്ടായിരുന്ന സ്വാധീനവും അംഗീകാരവും അതേപടി നിലനിർത്താനായില്ല. ക്രൈസ്തവരുടെ സംഖ്യ വർധിച്ചതിനെ തുടർന്ന് അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവാൻ തുടങ്ങി. ഈ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ചർച്ചചെയ്തിരുന്നത് ക്രിസ്തുമത സമ്മേളങ്ങൾ വിളിച്ചു കുട്ടിയായിരുന്നു . പിതാവ് , പുത്രൻ പരിശുദ്ധ റൂഹാ, ദൈവ മാതാവ് തുടങ്ങിയവയുടെ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ആണ് പ്രധാന തർക്ക വിഷയങ്ങൾ. ഓരോ സമ്മേളനങ്ങൾ കഴിയുംതോറും സഭക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാകുകയും കാലക്രമത്തിൽ അവർ വേർപിരിഞ്ഞു ഓരോരോ ചർച്ചുകൾ ആയി മാറുകയും ചെയ്തു. അങ്ങനെ ചർച്ച് ഓഫ് ദി ഈസ്റ്റ് , ഓറിയന്റൽ ഓർത്തഡോൿസ് ചർച്ച് , റോമൻ കത്തോലിക്ക ചർച്ച്, ഈസ്റ്റേൺ ഓർത്തഡോൿസ് ചർച്ച് ,പ്രൊട്ടസ്റ്റന്റ് ചർച്ച് എന്നീ വിധം പല ശാഖകൾ ആയി പിരിഞ്ഞു. ഏതാണ്ട് 53, 000 ത്തോളം ക്രൈസ്തവ സഭകൾ നിലവിലുണ്ടെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത് . നമ്മുടെ നാട്ടിലെ രണ്ടു പ്രബല ചർച്ചുകൾ ആണ് റോമൻ കത്തോലിക്ക ചർച്ചും , യാക്കോബായ, ഓർത്തഡോൿസ് വിഭാഗങ്ങൾ അടങ്ങുന്ന ഓറിയന്റൽ ഓർത്തഡോൿസ് ചർച്ചും. യേശുവിനു ദൈവ പ്രകൃതവും മനുഷ്യപ്രകൃതവുമായി രണ്ടു സ്വഭാവങ്ങൾ (nature) ഉണ്ടെന്ന് റോമൻ കത്തോലിക്ക ചർച്ച് വിശ്വസിക്കുമ്പോൾ , ദൈവികതയും മാനുഷികതയും വേർപെടാതെ ഒന്നിച്ചിരിക്കുന്ന ഒരു ഏകീകൃത സ്വഭാവം (one united/incarnate nature) ആണ് യേശുവിനുള്ളതെന്നാണ് ഓറിയന്റൽ ഓർത്തഡോൿസ് ചർച്ചിന്റെ വിശ്വാസം.

അഭിപ്രായങ്ങളൊന്നുമില്ല: