2026 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

കുരിശുയുദ്ധങ്ങൾ

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള കേവലമൊരു മതയുദ്ധമായാണ് കുരിശുയുദ്ധങ്ങളെ പൊതുവിൽ ആളുകൾ മനസ്സിലാക്കിവച്ചിരിക്കുന്നത്. എന്നാൽ അതിനു പിന്നിൽ സങ്കീർണ്ണമായ ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ട്. AD 476 ആയപ്പോഴേക്കും റോം കേന്ദ്രമായി ഭരിച്ചിരുന്ന പടിഞ്ഞാറൻ റോമൻ സാമ്രാജ്യത്തിന്റെ പതനത്തോടെ യൂറോപ്പിൽ രാഷ്ട്രീയ അസ്ഥിരത ബാധിച്ചു. പെപ്പിന്റെ മകനായ ഷാർലിമേൻ രാജാവ് റോമാസാമ്രാജ്യത്തെ പിന്നീട് കുറേക്കാലം ഒരുമിച്ചു നിർത്തിയെങ്കിലും ആ ഭരണവും ഏറെനാൾ മുന്നോട്ട് പോയില്ല. തുടർന്ന് 'ഹോളി റോമൻ എംപയർ' എന്ന പേരിൽ പടിഞ്ഞാറൻ യൂറോപ്പിൽ ഒരു ഭരണസംവിധാനം നിലവിൽ വന്നു. ജർമൻ രാജാവ് തന്നെയായിരുന്നു ഹോളി റോമൻ ചക്രവർത്തിയായും വാഴിക്കപ്പെട്ടിരുന്നത്. ജർമനിയിൽ അധികാരം ഏൽക്കുന്ന ചക്രവർത്തിയെ തുടർന്ന് റോമിൽ വെച്ച് മാർപാപ്പ കിരീടം ധരിപ്പിച്ച് വാഴിക്കുന്നതായിരുന്നു രീതി. അതേസമയം കോൺസ്റ്റാന്റിനോപ്പിൾ തലസ്ഥാനമാക്കി കിഴക്കൻ റോമൻ സാമ്രാജ്യമായ ബൈസാന്റൈൻ സാമ്രാജ്യം പ്രതാപത്തോടെ നിലനിന്നുപോന്നു. എന്നാൽ ബൈസാന്റൈൻ സാമ്രാജ്യത്തിനും വെല്ലുവിളികൾ നേരിടേണ്ടി വന്നു. AD 614-ൽ അക്കാലത്ത് പേർഷ്യ ഭരിച്ചിരുന്ന സൊറോസ്ട്രിയൻ മതക്കാരുടെ സസാനിയൻ സാമ്രാജ്യം ജെറുസലേം ഉൾപ്പെടുന്ന പ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കിയെങ്കിലും ബൈസാന്റൈൻ ചക്രവർത്തി ഹെരാക്ലിയസ് അത് തിരിച്ചുപിടിച്ചു. എന്നാൽ ഈ നീണ്ട യുദ്ധം ഇരു സാമ്രാജ്യങ്ങളെയും സാമ്പത്തികമായും സൈനികമായും തളർത്തി. ഈ അവസരത്തിൽ മദീന കേന്ദ്രമായി വളർന്നുവന്ന റാഷിദൂൻ ഖിലാഫത്തിലെ രണ്ടാം ഖലീഫ ഉമറിന്റെ ഭരണകാലത്ത് അലക്സാണ്ട്രിയ, ജെറുസലേം എന്നീ പ്രദേശങ്ങൾ ബൈസാന്റൈൻ ഭരണത്തിൽ നിന്ന് പിടിച്ചെടുത്തു. തുടർന്ന് 460-ലധികം വർഷത്തോളം വിവിധ മുസ്ലീം ഖിലാഫത്തുകളുടെ ഭരണത്തിന് കീഴിലായിരുന്നു ജെറുസലേം. പിന്നീട് പതിനൊന്നാം നൂറ്റാണ്ടിൽ മധ്യേഷ്യൻ സ്റ്റെപ്പി പുൽമേടുകളിൽ നിന്ന് ഉയർന്നുവന്ന തുർക്കിക് മുസ്ലിം ഗോത്ര വിഭാഗമായ സെൽജൂക്കുകൾ ബൈസാന്റൈൻ പ്രദേശങ്ങളായ എഡേസ്സ, അന്ത്യോഖ്യ, ഡമാസ്കസ് എന്നിവയും ഇപ്പോഴത്തെ തുർക്കിയ രാജ്യമായി അറിയപ്പെടുന്ന അനറ്റോളിയയുടെ ഭൂരിഭാഗവും പിടിച്ചെടുത്തു. ബൈസാന്റൈൻ സാമ്രാജ്യത്തിന് അനറ്റോളിയ (ഏഷ്യാമൈനർ) നഷ്ടപ്പെട്ട ഈ സാഹചര്യമാണ് കുരിശുയുദ്ധങ്ങളിലേക്ക് നയിച്ച പ്രധാന പശ്ചാത്തലം. AD 1096 മുതൽ 1099 വരെയുള്ള കാലഘട്ടത്തിലാണ് ഒന്നാം കുരിശുയുദ്ധം നടക്കുന്നത്. ഇക്കാലത്ത് റോമൻ കത്തോലിക്കാ സഭയുടെ ആത്മീയ നേതാവും റോം കേന്ദ്രമായുള്ള പേപ്പൽ സ്റ്റേറ്റുകളുടെ ഭരണാധികാരിയുമായിരുന്നു പോപ്പ്. ഹോളി റോമൻ എംപയർ സഭയുടെ ആശീർവാദത്തോടെ നിലവിൽ വന്നതാണെങ്കിലും, ചക്രവർത്തിയുമായി പോപ്പുമാർക്ക് പലപ്പോഴും കലഹിക്കേണ്ടി വന്നിട്ടുണ്ട്. 1080-ൽ അങ്ങനെ ഒരു കലഹത്തിന്റെ ബാക്കിപത്രമായി ചക്രവർത്തി അന്നത്തെ പോപ്പിനെ തള്ളിപ്പറയുകയും ക്ലെമെന്റ് മൂന്നാമൻ എന്ന പേരിൽ മറ്റൊരാളെ എതിർ പോപ്പായി വാഴിക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ സാഹചര്യങ്ങളിൽ പോപ്പ് ഫ്രാൻസിലേക്ക് സഞ്ചരിച്ച് സഭാ പിന്തുണ തേടി. ഏതു വിധേനയും ഹോളി റോമൻ ചക്രവർത്തിയെ നിലയ്ക്കുനിർത്തേണ്ടതും യൂറോപ്പിലെ ക്രിസ്ത്യൻ രാജാക്കന്മാരെയും ജനങ്ങളെയും തന്റെ സ്വാധീനത്തിൽ കൊണ്ടുവരേണ്ടതും പോപ്പിന്റെ ആവശ്യമായിരുന്നു. ഈ അവസരത്തിലാണ് ബൈസാന്റൈൻ ചക്രവർത്തിയായിരുന്ന അലക്സിയോസ് കൊംനേനോസ് നഷ്ടപ്പെട്ടുപോയ അനറ്റോളിയ ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ യൂറോപ്യൻ നേതൃത്വത്തിന്റെ സൈനിക സഹായം തേടുന്നത്. ഈ അഭ്യർത്ഥന അന്നത്തെ പോപ്പായിരുന്ന അർബൻ രണ്ടാമൻ സ്വീകരിച്ചു. തന്റെ രാഷ്ട്രീയ-ആത്മീയ താൽപ്പര്യങ്ങൾ മുൻനിർത്തി വിശുദ്ധ നഗരങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വീണ്ടെടുക്കാൻ അദ്ദേഹം യൂറോപ്യൻ ജനതയോട് ആഹ്വാനം ചെയ്തു. പ്രമുഖ രാജാക്കന്മാർ അതിൽ വലിയ താൽപ്പര്യം കാണിച്ചില്ലെങ്കിലും പ്രഭുക്കന്മാരും സ്വതന്ത്ര പടയാളികളും സാധാരണ വിശ്വാസികളും പോപ്പിന്റെ ആഹ്വാനം ആവേശത്തോടെ ഏറ്റെടുത്തു. യൂറോപ്പിൽ അക്കാലത്ത് ആയുധ അഭ്യാസികളായ പ്രഭുക്കന്മാരും നൈറ്റുകൾ എന്നറിയപ്പെടുന്ന സ്വതന്ത്ര പടയാളികളും ധാരാളമായുണ്ടായിരുന്നു. ഈ യുദ്ധത്തിൽ പങ്കെടുക്കുന്ന ആളുകളുടെ പാപങ്ങൾ പൊറുക്കപ്പെടും എന്ന് പോപ്പ് പ്രഖ്യാപിച്ചതോടെ കുരിശു ചിഹ്നമുള്ള പടച്ചട്ടയും വസ്ത്രങ്ങളും ധരിച്ച് പ്രഭുക്കന്മാരും നൈറ്റുകളും വിശ്വാസികളും അടങ്ങുന്ന ഒരു ലക്ഷത്തോളം വരുന്ന കുരിശുയുദ്ധക്കാർ കോൺസ്റ്റാന്റിനോപ്പിളിൽ എത്തിച്ചേർന്നു. തങ്ങളുടെ പഴയ പ്രദേശങ്ങൾ തിരികെ നൽകാം എന്ന പ്രതിജ്ഞയോടെ അലക്സിയോസ് ചക്രവർത്തി അവരെ ഏഷ്യയിലേക്ക് കടത്തിവിട്ടു. ഏഷ്യയിലെത്തിയ കുരിശുസേന സെൽജൂക്കുകളെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നേറി. ഒടുവിൽ 1099 ജൂലൈയിൽ ജെറുസലേം വളഞ്ഞ കുരിശുസേന, അന്ന് നഗരം നിയന്ത്രിച്ചിരുന്ന ഈജിപ്തിലെ ഫാത്തിമിഡ് സൈന്യത്തെ പരാജയപ്പെടുത്തി നഗരം പിടിച്ചെടുക്കുകയും 'കിംഗ്ഡം ഓഫ് ജെറുസലേം' സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് പല കാലഘട്ടങ്ങളിലായി 8 പ്രധാന കുരിശുയുദ്ധങ്ങൾ കൂടി നടന്നു. ഇതിൽ 1204-ൽ നടന്ന നാലാം കുരിശുയുദ്ധം വഴിതിരിഞ്ഞ് സ്വന്തം സഹോദര ക്രിസ്ത്യൻ നഗരമായ ബൈസാന്റൈൻ തലസ്ഥാനം കോൺസ്റ്റാന്റിനോപ്പിളിനെ തന്നെ ആക്രമിച്ചു കൊള്ളയടിക്കുകയാണുണ്ടായത്. ഇത് ബൈസാന്റൈൻ സാമ്രാജ്യത്തിന്റെ അന്തിമ തകർച്ചയ്ക്ക് ആക്കം കൂട്ടി. കുരിശുയുദ്ധങ്ങൾ എന്താണ് നേടിയത്? പോപ്പ് അർബൻ രണ്ടാമൻ തന്റെ സഭാപരമായ അധികാരം വീണ്ടെടുക്കുകയും റോമിൽ സഭയുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ബൈസാന്റൈൻ ചക്രവർത്തിക്ക് അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട പ്രദേശങ്ങൾ പൂർണ്ണമായി തിരിച്ചു കിട്ടിയില്ല. കുരിശുയുദ്ധക്കാർ തങ്ങൾ കീഴടക്കിയ പ്രദേശങ്ങളിൽ സ്വതന്ത്ര ഭരണം ഏർപ്പെടുത്തി. റോമൻ കത്തോലിക്കാ വിശ്വാസികൾ നയിച്ച കുരിശുയുദ്ധത്തിൽ പ്രാദേശിക ഓർത്തഡോക്സ് വിഭാഗക്കാർ പലപ്പോഴും കാഴ്ചക്കാരോ ഇരകളോ മാത്രമായിരുന്നു. കുരിശുയുദ്ധക്കാർ കടന്നുപോയ പ്രദേശങ്ങളിൽ മറ്റ് പ്രാദേശിക ക്രിസ്ത്യാനികളും യഹൂദന്മാരും മുസ്ലീങ്ങളും ഒക്കെ വ്യാപകമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. ശാശ്വതമായി ജെറുസലേം കൈവശം വെക്കാൻ ക്രൂസേഡർമാർക്ക് സാധിച്ചില്ലെങ്കിലും കുരിശുയുദ്ധങ്ങൾ ചരിത്രത്തിൽ വലിയ ദൂരവ്യാപക മാറ്റങ്ങൾ ഉണ്ടാക്കി. മെഡിറ്ററേനിയനിലൂടെ യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് ഒരു പ്രധാന കച്ചവടപാത അത് തുറന്നുനൽകി. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള അറിവുപങ്കുവെക്കലിന് അത് കാരണമായി. യൂറോപ്പിൽ ഫ്യൂഡൽ പ്രഭുക്കന്മാരുടെ സ്വാധീനം കുറയുകയും രാജാക്കന്മാരുടെ കേന്ദ്രീകൃത അധികാരം വർധിക്കുകയും ചെയ്തു. അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനങ്ങളുടെ തുടക്കത്തിന് കാരണമായത് കുരിശുയുദ്ധ കാലത്തെ ഇടപാടുകളാണ്. അതേസമയം, റോമൻ കത്തോലിക്കരും ഈസ്റ്റേൺ ഓർത്തഡോക്സ് ക്രിസ്ത്യാനികളും തമ്മിലുള്ള വലിയ അകൽച്ചയ്ക്കും, യൂറോപ്യൻ രാജ്യങ്ങളും ഇസ്ലാമിക ലോകവും തമ്മിലുള്ള ശത്രുത വർധിക്കുന്നതിനും കുരിശുയുദ്ധങ്ങൾ കാരണമായി.

2026 ഓഗസ്റ്റ് 16, ഞായറാഴ്‌ച

വീർ സവർക്കർ

പിണറായി ഗവൺമെന്റിനെ ജനം ഏറ്റവും കൂടുതൽ വെറുക്കാൻ കാരണം ആ ഗവൺമെന്റ് വിമർശനങ്ങളോട് കാണിച്ച അസഹിഷ്ണുതയാണ്. എന്നാൽ അതേ നയം തന്നെയാണ് യുഡിഎഫും പിന്തുടരുന്നത് എന്ന് വേണം കരുതാൻ. കാസർഗോഡ് ജില്ലയിൽ ഒരു UP സ്‌കൂൾ അധ്യാപകൻ ക്വിസ് മത്സരത്തിന് തയ്യാറാക്കിയ ചോദ്യത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണത്തിൽ ഏറ്റവും തീക്ഷ്ണമായ പരമാവധി ശിക്ഷ ആർക്കാണ് ലഭിച്ചത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം വീർ സവർക്കർ എന്നായിരുന്നു. തീക്ഷ്ണമേറിയ പരമാവധി ശിക്ഷ വധശിക്ഷയാണെന്നിരിക്കെ ഉത്തരം തെറ്റായിരുന്നു. എന്നാൽ ഏറ്റവും കാഠിന്യമേറിയതും ദൈർഘ്യമേറിയതുമായ ജയിൽ ശിക്ഷ ആർക്കാണ് ലഭിച്ചത് എന്നാണ് ചോദ്യമെങ്കിൽ സവർക്കർ ഉത്തരത്തിൽ ഇടം പിടിക്കുമായിരുന്നു. ക്വിസ് മത്സരത്തിന് ഇതിനു മുമ്പും ചോദ്യങ്ങൾ തെറ്റിയിട്ടുണ്ട്. യൂണിവേഴ്സിറ്റികൾക്കും എന്തിന് പി എസ്സി ക്ക് തന്നെയും എത്രയോ തവണ ചോദ്യം തെറ്റിയിരിക്കുന്നു . എന്നിട്ട് അവരെയൊന്നും സസ്‌പെൻഡ് ചെയ്തില്ല എന്നതാണ് ചരിത്രം. ഇത്തരം നടപടികൾ കേരളത്തിൽ ബിജെപി യെ വളർത്താൻ മാത്രമേ ഉപകരിക്കൂ എന്ന് എന്നാണിവർ മനസിലാക്കുക ! ഇത്ര വെറുക്കപ്പെടേണ്ട ഒരു വ്യക്തിത്വം ആണോ വീർ സവർക്കർ? 1970 ൽ ഇന്ദിര ഗാന്ധി മഹാനായ സ്വാതന്ത്ര്യസമര സേനാനി എന്ന് വിശേഷിപ്പിച്ച് സവർക്കറുടെ പേരിൽ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി ബഹുമാനിച്ചു. 1983 ൽ ഇന്ദിരാഗാന്ധിയുടെ ഗവൺമെന്റ് സവർക്കറുടെ ജീവചരിത്രം ഉൾക്കൊള്ളുന്ന ഡോക്യൂമെന്ററി നിർമിച്ചു. 2003 ൽ APJ അബ്ദുൾകലാം വീർ സവർക്കറുടെ ഓയിൽ പോർട്രൈറ് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അനാച്ഛാദനം ചെയ്തു. 2001ൽ ആൻഡമാൻ നിക്കോബാർ ദീപിലെ എയർപോർട്ടിന് വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് എന്ന് നാമകരണം ചെയ്തു. ഇത് കൂടാതെ മറ്റനേകം ബഹുമതികൾ രാഷ്ട്രം അദ്ദേഹത്തിന് മരണാന്തരം നൽകിയിട്ടുണ്ട് . എന്നിട്ടും ഈ രാഷ്ട്രീയ അസ്‌പൃശ്യത എന്തുകൊണ്ട് സവർക്കർക്ക് ഏർപ്പെടുത്തുന്നു എന്നതാണ് ആശ്ചര്യം! ഗാന്ധി വധത്തിന്റെ ഉത്തരവാദി സവർക്കർ ആണെന്ന ആരോപണം ആണ് ഇപ്പോഴും അദ്ദേഹത്തിനെതിരെ ഉയർത്തുന്നത്. എന്നാൽ പണ്ഡിറ്റ് നെഹ്രുവിന്റെ ഭരണത്തിൽ ഉള്ള വിചാരണ കോടതി സവർക്കർക്കെതിരെ തെളിവുകൾ ഇല്ല എന്ന് കണ്ടെത്തി വെറുതെ വിടുകയായിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ ആളുകളെ ഇപ്പോഴും അതിന്റെ പേരിൽ കുറ്റവാളി ആയി നിർത്തുക ആണെങ്കിൽ നമ്മുടെ പല നേതാക്കന്മാരുടെയും അവസ്ഥ എന്തായിരിക്കും! ബൊഫോഴ്‌സ് കേസിൽ ഇപ്പോഴും രാജീവിനെ കുറ്റവാളി ആക്കി അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾ ചിത്രീകരിക്കുന്നുണ്ട് . ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സവർക്കറുടെ പങ്ക് ആർക്കും നിഷേധിക്കാൻ പറ്റാത്തതാണ്. മഹാരാഷ്ട്രയിലെ നാസിക്കിനടുത്ത് 1883 ൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച സവർക്കർ വിദ്യാർത്ഥിയായിരിക്കെ തന്നെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സായുധ സമരങ്ങളിൽ പങ്കെടുത്തിരുന്നു. 1910 ൽ ബ്രിട്ടീഷ് രാജാവിനെതിരെയുള്ള ഗൂഢാലോചന കുറ്റം ചുമത്തി 25 വർഷം തടവും 1911ൽ എം.ടി ജാക്സൺ എന്ന ബ്രിട്ടീഷ് മജിസ്‌ട്രേറ്റ് കൊല്ലപ്പെട്ട കേസിൽ 25 വർഷം തടവും ചേർത്ത് 50വർഷത്തേക്കാണ് അദ്ദേഹത്തെ തടവിന് ശിക്ഷിച്ചത്. അതിൽ 10 വർഷം ആന്റമാനിലെ സെല്ലുലാർ ജയിലിൽ ഏകാന്ത കഠിന തടവുമായിരുന്നു. 28 വയസിൽ സെല്ലുലാറിലെത്തിയ യുവാവായ സവർക്കർ തന്റെ ജീവിതം മുഴുവൻ ജയിലിൽ കഴിച്ചുകൂട്ടേണ്ടി വരുമെന്നറിഞ്ഞു ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ച് ശിക്ഷയിൽ ഇളവു നേടുകയാണുണ്ടായത് . ഇത് പിൽക്കാലത്ത് സവർക്കർക്ക് വിനയായി. സവർക്കർ അടിസ്ഥാനപരമായി ഒരു ഹിന്ദുത്വ രാഷ്ട്രീയചിന്തകനായിരുന്നു . എന്നാൽ സവർക്കറുടെ ഹിന്ദുത്വയും ഇന്നത്തെ RSS ന്റെ ഹിന്ദുത്വയും തമ്മിൽ വ്യത്യാസം ഉണ്ട്. സനാതന ധർമ്മത്തിലോ, ദൈവങ്ങളിലോ അദ്ദേഹം വിശ്വസിച്ചിരുന്നില്ല.എന്നാൽ ഹിന്ദു സംസ്കാരത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. ഇന്ത്യയെ പിതൃഭൂമിയായും പുണ്യഭൂമിയായും കാണുന്നവരെയാണ് അദ്ദേഹം ഹിന്ദുത്വത്തിന്റെ സാംസ്കാരിക നിർവചനത്തിൽ ഉൾപ്പെടുത്തിയത്. സ്വാഭാവികമായും ഇന്ത്യയിൽ ജനിച്ച ക്രിസ്ത്യാനികളും മുസ്ലീങ്ങളും അദ്ദേഹത്തിന്റെ നിർവചനത്തിൽ ഹിന്ദുക്കളായിരുന്നില്ല. ഹിന്ദു രാഷ്ട്രം എന്ന സങ്കല്പം സവർക്കറുടേതായുണ്ട് . എന്നാൽ സവർക്കറുടെ ‘ഹിന്ദുരാഷ്ട്രം’ ഒരു മതാധിഷ്ഠിത ദൈവാധിപത്യ രാഷ്ട്രം എന്ന അർത്ഥത്തിലായിരുന്നില്ല. ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ എല്ലാവർക്കും തുല്യ അവകാശങ്ങളുള്ള, മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രം വിവേചനം കാണിക്കാത്ത ഒന്നായാണ് അദ്ദേഹം ഹിന്ദു രാഷ്ട്രത്തെ വിഭാവനം ചെയ്തത്. ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരിക്കണം എന്ന് നിലപാടെടുത്ത സവർക്കർ പശുവിനെ മാതാവായി കണ്ടില്ല. പുല്ലും ചവറും തിന്നുന്ന ഉപകാരമുള്ള ഒരു ജീവി എന്ന ശാസ്ത്രീയ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. സ്മ്രിതികളെയും, പുരാണ ഇതിഹാസങ്ങളെയും അടിസ്ഥാനമാക്കി ജീവിക്കുന്നത് ഒരു മനോരോഗം ആണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ . ന്യൂന പക്ഷ വികാരങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ പാകിസ്താനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ പണിയെടുത്ത മൗലാനാ ഷബീർ അഹമ്മദ് ഉസ്മാനിയെ പോലുള്ള ആളുകളെ സവർക്കറുമായി ചേർത്ത് വായിക്കുമ്പോൾ ആണ് എത്ര ഉദാത്തമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്ന് മനസിലാകുക . സാമൂഹിക പരിഷ്കരണത്തിന്റെ പല മേഖലകളിലും സവർക്കർ തന്റെ കാലത്തെക്കാൾ മുന്നിട്ടുനിന്ന ഒരു ശക്തമായ പരിഷ്കരണവാദിയായിരുന്നു. ചാതുർവർണ്യത്തെ ഗാന്ധി അനുകൂലിച്ചപ്പോൾ അദ്ദേഹം എതിർത്തു. ഒരു പക്ഷെ മറ്റേതൊരു സാമൂഹിക പരിഷ്കർത്താവിനേക്കാൾ കൂടുതൽ സവർക്കർ ജാതിയെ എതിർത്തിരുന്നു. എല്ലാവർക്കും ആരാധനാ സ്വാതന്ത്ര്യം, സഹ ഭോജനം, അയിത്ത നിർമാർജനം, മിശ്രവിവാഹം, പാരമ്പര്യ തൊഴിലുകൾ ഉപേക്ഷക്കൽ തുടങ്ങി എത്രയോ വിപ്ലവകരമായ ആശയങ്ങൾ സവർക്കർ മുന്നോട്ടു വച്ചു. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ പരിഹസിച്ച 1857 ലെ സമരത്തെ ‘Indian War of Independence’ എന്ന നിലയിൽ ശക്തമായി അവതരിപ്പിച്ചത് സവർക്കർ ആയിരുന്നു. സവർക്കറുടെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചാണ് RSS ഇന്ന് നിലകൊള്ളുന്നത്. അത് കൂടുതൽ മതാടിസ്ഥാനത്തിൽ ചിന്തിക്കുന്നു. ബിജെപി യെ നേരിടാൻ സവർക്കറെ നിരാകരിക്കുക ആണ് ഇന്ന് ബിജെപി വിരുദ്ധ രാഷ്ട്രീയക്കാർ പ്രധാനമായും ചെയ്യുന്നത്. സവർക്കറെ വിമർശിക്കാം. പക്ഷേ അതിന്റെ പേരിൽ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം ഇല്ലാതാക്കുകയോ, അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ മറച്ചുവയ്ക്കുകയോ, ചരിത്രപരമായ വസ്തുതകൾ രാഷ്ട്രീയ സൗകര്യത്തിന് അനുസരിച്ച് തിരഞ്ഞെടുത്ത് ഉപയോഗിക്കുകയോ ചെയ്യുന്നത് ഈ ആധൂനിക ലോകത്ത് ആത്യന്തികമായി ബിജെപി യെ സഹായിക്കുക മാത്രമേ ചെയ്യുകയുള്ളൂ.

2026 ഓഗസ്റ്റ് 8, ശനിയാഴ്‌ച

പോപ്പും ക്രിസ്തുമതവും

ലോക ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച ഒരു മതമാണ് ക്രിസ്തുമതം. യഹൂദൻ ആയിരുന്ന യേശുക്രിസ്തു ആ മതത്തിൽ നടത്താൻ ശ്രമിച്ച പരിഷ്കരണങ്ങൾ അദ്ദേഹത്തിന്റെ ജീവൻ തന്നെ കവർന്നെടുത്തതിന്റെ തുടർ ചരിത്രം ആണ് ക്രിസ്തുമതത്തിന്റേത്. AD 30 ൽ ആണ് യേശുവിന്റെ കുരിശു മരണം ജറുസലേമിൽ സംഭവിച്ചത്. അദ്ദേഹത്തിന്റെ അനുയായികൾ ആയി ആ കാലഘട്ടങ്ങളിൽ ഉണ്ടായിരുന്നത് യഹൂദന്മാർ തന്നെയായിരുന്നു. AD 40 ആയപ്പോഴേക്കും ക്രിസ്തുമതം ജറുസലേമിൽ നിന്നും സിറിയയിലേക്ക് വ്യാപിച്ചു. AD 40 - 44 ആയപ്പോഴേക്കും റോമൻ സിറിയയിൽ പെട്ട അന്ത്യോഖ്യയിൽ വച്ച് ആ വിശ്വാസ കൂട്ടായ്മ ക്രിസ്ത്യാനികൾ എന്ന് ഔപചാരികമായി നാമകരണം ചെയ്യപ്പെട്ടു. തുടർന്ന് ക്രിസ്തുമതത്തിനുണ്ടായത് അത്ഭുതകരമായ വളർച്ചയാണ്. ക്രിസ്തു ശിക്ഷ്യന്മാർ ചെന്നെത്തിയ നാടുകളിൽ എല്ലാം വൻതോതിൽ ക്രിസ്ത്യാനികൾ ഉണ്ടാകാൻ തുടങ്ങി. സെയിന്റ് പീറ്ററും, സെയിന്റ് പോളും വിശ്വാസം പ്രസംഗിച്ച് കൊലചെയ്യപ്പെട്ട റോമയിൽ ക്രിസ്തുമത വിശ്വാസികളുടെ എണ്ണം പെരുകിയപ്പോൾ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ക്രിസ്തുമതത്തിന് നിയമപരമായ അംഗീകാരവും പിന്തുണയും നൽകി പ്രോത്സാഹിപ്പിച്ചു. പിൽക്കാലത്ത് പോപ്പ് എന്നറിയപ്പെട്ട പ്രധാന ബിഷപ്പിന് സഭക്കുള്ളിൽ ആത്മീയ അധികാരങ്ങൾ ഉണ്ടായിരുന്നെങ്കിലും ചക്രവർത്തിയുടെ രാഷ്ട്രീയ അധികാരത്തിന്റെ കീഴിൽ ആയിരുന്നു സ്ഥാനം. 325 AD യിൽ നിഖ്യായിൽ വച്ച് നടന്ന ലോക ക്രൈസ്തവ സമ്മേളനം വിളിച്ചുചേർത്തതും കോൺസ്റ്റന്റൈൻ ചക്രവർത്തിയായിരുന്നു. കോൺസ്റ്റന്റൈന്റെ കാലത്ത് റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന തുർക്കിയിൽ അദ്ദേഹം റോമയോട് കിടപിടിക്കുന്ന ഒരു നഗരം പണിതു. രാജാവിന്റെ പേരോട് ചേർന്ന് കോൺസ്റ്റാന്റിനോപ്പിൾ എന്ന് ആ പട്ടണം അറിയപ്പെട്ടു. ആ പട്ടണത്തേയും ഒരു തലസ്ഥാന നഗരമായി ചക്രവർത്തി അംഗീകരിച്ചു . വലിയൊരു ക്രൈസ്തവ സമൂഹം കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രീകരിച്ച് ക്രമേണ വളർന്നു വന്നു. 395 AD യിൽ തിയോഡോഷ്യസ് ഒന്നാമൻ തന്റെ രണ്ടു മക്കൾക്കുമായി രാജ്യത്തെ വിഭജിച്ചു . അങ്ങനെ കോൺസ്റ്റാന്റിനോപ്പിൾ കേന്ദ്രമായ ഈസ്റ്റേൺ റോമൻ എമ്പയറും , റോമാ കേന്ദ്രമായ വെസ്റ്റേൺ റോമൻ എമ്പയറും രൂപം കൊണ്ടു . കോൺസ്റ്റാന്റിനോപ്പിളിലെ ക്രൈസ്തവ സമൂഹം കോൺസ്റ്റാന്റിനോപ്പിൾ ബിഷപ്പിന്റെ കീഴിലും റോമയിലെ ക്രിസ്താനികൾ റോമയിലെ ബിഷപ്പിന്റെ കീഴിലും ആയി. അന്ത്യോഖ്യ , ജെറുസലേം, അലെക്സിൻഡ്രിയ എന്നീ സ്ഥലങ്ങളിലും സമസ്ഥാനീയർ ആയ ബിഷപ്പുമാരുടെ കീഴിൽ ക്രൈസ്തവ സമൂഹം ഒന്നായി വളർന്നു തുടങ്ങി. 476 AD ആയപ്പോൾ വെസ്റ്റേൺ റോമാ സാമ്രാജ്യം തകർന്നു .എന്നാൽ ഈസ്റ്റേൺ റോമാ സാമ്രാജ്യം ബൈസന്റൈൻ സാമ്രാജ്യം എന്ന പേരിൽ തുടരുകയും ചെയ്തു. വെസ്റ്റേൺ റോമാ സാമ്രാജ്യത്തിന്റെ പതനശേഷം രാഷ്ട്രീയ അരാചകവസ്ഥ റോമയിൽ ഉണ്ടായി. AD 756 ൽ പെപ്പിൻ എന്ന രാജാവ് റോമാ ഉൾപ്പെടെയുള്ള കുറെ പ്രദേശങ്ങൾ പിടിച്ചെടുത്ത് പോപ്പിന് കൈമാറി. തുടർന്ന് പോപ്പ് ആ പ്രദേശങ്ങളുടെ ഭരണാധികാരി ആയി തീർന്നു. എന്നാൽ 800 AD-യിൽ പെപ്പിന്റെ മകനായ ഷാൽമൈനെ പോപ്പ് ലിയോ മൂന്നാമൻ ‘റോമൻ ചക്രവർത്തിയായി’ കിരീടധാരണം ചെയ്തു. ഇതോടെ പാശ്ചാത്യ യൂറോപ്പിൽ റോമൻ സാമ്രാജ്യത്വ പാരമ്പര്യത്തിന് പുതിയ രൂപം ലഭിച്ചു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ വിശുദ്ധ റോമൻ സാമ്രാജ്യത്തിൽ പോപ്പിന്റെ വാക്കുകൾക്ക് വലിയ വില ലഭിച്ചു. ചക്രവർത്തിമാരെ വാഴിക്കാനും വീഴിക്കാനും പോപ്പിന് കഴിഞ്ഞു. 1870 ൽ ഇറ്റലിയുടെ ഏകീകരണം നടന്നപ്പോൾ റോമയും ഇറ്റലിയുടെ ഭാഗമായി. ഇത് പോപ്പിന്റെ കടുത്ത എതിർപ്പിന് ഇടയാക്കി. എന്നാൽ 1929 ൽ പോപ്പ് പയസ് പതിനൊന്നാമൻ മുസോളനിയുമായി ഉണ്ടാക്കിയ ഒരു കരാറിന്റെ വെളിച്ചത്തിൽ വത്തിക്കാൻ സിറ്റിയെ ഒരു പരമാധികാര രാഷ്ട്രമായും പോപ്പിനെ അതിന്റെ ഭരണാധികാരിയായും അംഗീകരിച്ചു. ക്രൈസ്തവ സമൂഹത്തിൽ പോപ്പിന്റെ അംഗീകാരം എപ്രകാരം വളർന്നു എന്നതിന്റെ ചരിത്രം കൂടിയാണിത്. ആദ്യ കാലങ്ങളിൽ പോപ്പും കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസും ഒരുമയോടെ തുടർന്നെങ്കിലും കാലക്രമത്തിൽ വേർപിരിയുകയും കോൺസ്റ്റാന്റിനോപ്പിളിലെ ക്രൈസ്തവർ ഈസ്റ്റേൺ ഓർത്തഡോൿസ് വിഭാഗക്കാർ എന്നറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. അലെക്സിൻഡ്രിയ , ജെറുസലേം , അന്ത്യോഖ്യ തുടങ്ങിയ ക്രിസ്തീയ ഇടങ്ങൾ ഏഴാം നൂറ്റാണ്ടു മുതൽ ഇസ്ലാമിക് ഭരണത്തിന് കീഴിലേക്ക് മാറിയതിനാൽ ബൈസാന്റൈൻ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ ഉണ്ടായിരുന്ന സ്വാധീനവും അംഗീകാരവും അതേപടി നിലനിർത്താനായില്ല. ക്രൈസ്തവരുടെ സംഖ്യ വർധിച്ചതിനെ തുടർന്ന് അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവാൻ തുടങ്ങി. ഈ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ചർച്ചചെയ്തിരുന്നത് ക്രിസ്തുമത സമ്മേളങ്ങൾ വിളിച്ചു കുട്ടിയായിരുന്നു . പിതാവ് , പുത്രൻ പരിശുദ്ധ റൂഹാ, ദൈവ മാതാവ് തുടങ്ങിയവയുടെ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ആണ് പ്രധാന തർക്ക വിഷയങ്ങൾ. ഓരോ സമ്മേളനങ്ങൾ കഴിയുംതോറും സഭക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാകുകയും കാലക്രമത്തിൽ അവർ വേർപിരിഞ്ഞു ഓരോരോ ചർച്ചുകൾ ആയി മാറുകയും ചെയ്തു. അങ്ങനെ ചർച്ച് ഓഫ് ദി ഈസ്റ്റ് , ഓറിയന്റൽ ഓർത്തഡോൿസ് ചർച്ച് , റോമൻ കത്തോലിക്ക ചർച്ച്, ഈസ്റ്റേൺ ഓർത്തഡോൿസ് ചർച്ച് ,പ്രൊട്ടസ്റ്റന്റ് ചർച്ച് എന്നീ വിധം പല ശാഖകൾ ആയി പിരിഞ്ഞു. ഏതാണ്ട് 53, 000 ത്തോളം ക്രൈസ്തവ സഭകൾ നിലവിലുണ്ടെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത് . നമ്മുടെ നാട്ടിലെ രണ്ടു പ്രബല ചർച്ചുകൾ ആണ് റോമൻ കത്തോലിക്ക ചർച്ചും , യാക്കോബായ, ഓർത്തഡോൿസ് വിഭാഗങ്ങൾ അടങ്ങുന്ന ഓറിയന്റൽ ഓർത്തഡോൿസ് ചർച്ചും. യേശുവിനു ദൈവ പ്രകൃതവും മനുഷ്യപ്രകൃതവുമായി രണ്ടു സ്വഭാവങ്ങൾ (nature) ഉണ്ടെന്ന് റോമൻ കത്തോലിക്ക ചർച്ച് വിശ്വസിക്കുമ്പോൾ , ദൈവികതയും മാനുഷികതയും വേർപെടാതെ ഒന്നിച്ചിരിക്കുന്ന ഒരു ഏകീകൃത സ്വഭാവം (one united/incarnate nature) ആണ് യേശുവിനുള്ളതെന്നാണ് ഓറിയന്റൽ ഓർത്തഡോൿസ് ചർച്ചിന്റെ വിശ്വാസം.