കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2026 ഒക്‌ടോബർ 3, ശനിയാഴ്‌ച
SIR ഉം രാഷ്ട്രീയ നാടകങ്ങളും
സംസ്ഥാനത്തും രാജ്യത്തൊട്ടാകെയും അസ്വസ്ഥതകൾ പുകയുന്ന കാലമാണിത്. പ്രധാന വിഷയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി തന്നെ. അതിനെ തുടർന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും ‘പാറ്റ പാർട്ടി’ പോലുള്ള ഓൺലൈൻ രാഷ്ട്രീയ മുന്നേറ്റങ്ങളും ഒക്കെ നിരത്തിലേക്ക് വന്നു കഴിഞ്ഞു. വോട്ടർ പട്ടികകളിൽ നിന്ന് സമ്മതിദായകരെ ബോധപൂർവ്വം നീക്കി കേന്ദ്ര ഗവൺമെന്റിന് ഭരണത്തിൽ തുടരാൻ അവസരം ഒരുക്കിയിരിക്കുകയാണ് ഗ്യാനേഷ് കുമാർ എന്നതാണ് പ്രധാന ആരോപണം.
കേരളം കേഡറിലെ IAS ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ 15 മാർച്ച് 2024-ലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കുന്നത്. ഇലക്ഷൻ കമ്മീഷണർമാരെ നിയമിക്കാൻ 2023-ൽ പാർലമെന്റ് പാസാക്കിയ പുതിയ നിയമമനുസരിച്ചായിരുന്നു അപ്പോയിന്റ്മെന്റ്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ആയിരുന്നു ആ സമിതിയിലെ അംഗങ്ങൾ. അപ്പോഴേക്കും 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ലോക്സഭാ ഇലക്ഷൻ കഴിഞ്ഞ് ഏകദേശം ഒൻപത് മാസത്തിന് ശേഷമാണ് ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കുന്നത്.
അദ്ദേഹം കേവലം ഒരു ഇലക്ഷൻ കമ്മീഷണർ മാത്രം ആയിരുന്ന കാലഘട്ടത്തിൽ ഡൽഹി അസംബ്ലി തിരഞ്ഞെടുപ്പും പാർലമെന്റ് തിരഞ്ഞെടുപ്പും ഉൾപ്പെടെ ആറ് തിരഞ്ഞെടുപ്പുകൾ നടന്നു. ഈ തിരഞ്ഞെടുപ്പുകളിലൊക്കെയും ബിജെപി ഗവൺമെന്റിന് നല്ല മേൽക്കൈ ലഭിച്ചതിനെ തുടർന്ന്, ഇലക്ഷൻ കമ്മീഷൻ ബിജെപി ഗവൺമെന്റിന് വേണ്ടി വോട്ടിംഗ് മെഷീനിലും വോട്ടർ പട്ടികയിലും മറ്റും വ്യാപകമായി കൃത്രിമം കാണിച്ചിട്ടുണ്ട് എന്ന ആരോപണം ഉണ്ടായിരുന്നു. എന്നാൽ ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റതിന് ശേഷം നടന്ന 2025-ലെ ബീഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടർ പട്ടിക പുതുക്കുന്നതിനായി Special Intensive Revision (SIR) നടപ്പിലാക്കിയത്.
20 വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയിരുന്ന വോട്ടർ പട്ടികയിൽ, ബംഗ്ലാദേശിൽ നിന്നും, മ്യാൻമറിൽ നിന്നും, നേപ്പാൾ, ഭൂട്ടാൻ പ്രദേശങ്ങളിൽ നിന്നുമൊക്കെ ഉള്ള പൗരന്മാർ ധാരാളമായി കടന്നുകൂടിയിട്ടുണ്ടെന്നും, വിവിധ നിയോജകമണ്ഡലങ്ങളിൽ ഒരേ വ്യക്തിക്ക് തന്നെ ഒന്നിലധികം വോട്ടുകൾ ഉള്ളത് ശ്രദ്ധയിൽ പെട്ടെന്നും , മരിച്ചവരുടെ പേരുകൾ വ്യാപകമായി വോട്ടർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നും , അവയെല്ലാം തന്നെ പരിശോധിച്ച് തിരുത്തിയ വോട്ടർ പട്ടിക തയ്യാറാക്കാനാണ് SIR നടപ്പാക്കുന്നത് എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. 18 വയസ്സ് കഴിഞ്ഞ, ഇന്ത്യൻ പൗരനായ, മറ്റു തരത്തിൽ അയോഗ്യരല്ലാത്ത എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 326 പ്രകാരം തന്നെയാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടന്നത്. സർക്കാർ പെൻഷൻ രേഖകൾ, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ 11 ഓളം രേഖകൾ യോഗ്യത തെളിയിക്കുന്നതിനായി ആദ്യം സ്വീകരിച്ചപ്പോൾ, സുപ്രീം കോടതി ആധാർ, റേഷൻ കാർഡ്, വോട്ടർ ID എന്നിവ കൂടി പരിഗണിക്കാനും നിർദ്ദേശിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും ഇതിന് കുറെ പോരായ്മകൾ ഉണ്ടായിരുന്നു. പലർക്കും ഡോക്യുമെന്റുകൾ കൃത്യസമയത്ത് ഹാജരാക്കാനോ, ഫോം പൂരിപ്പിച്ച് നൽകാനോ കഴിഞ്ഞില്ല. അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ആളുകളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് പുറത്തുപോയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശ്നമായിരുന്നത് SIR-ന് ഫോമുകൾ പൂരിപ്പിച്ച് കൊടുക്കാനുള്ള സമയം തന്നെയായിരുന്നു. 10.3 കോടി ജനങ്ങളുള്ള, നിരക്ഷരത ഏറെയുള്ള ബീഹാറിനും 3.3 കോടി ജനങ്ങളുള്ള കേരളത്തിനും SIR ഫോമുകൾ സമർപ്പിക്കാൻ പ്രാഥമികമായി ലഭിച്ചത് ഏകദേശം ഒരു മാസമാണ്. ഈ സമയത്ത് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് SIR തന്നെ ആവശ്യമില്ലെന്നും അത് നിർത്തിവയ്ക്കണമെന്നുമായിരുന്നു. ഇക്കാലഘട്ടത്തിൽ SIR ഉം ആയി ബന്ധപ്പെട്ട ജോലി സമ്മർദ്ദം കാരണം രാജ്യത്തൊട്ടാകെ ഈ ജോലിയിൽ വ്യാപൃതരായിരുന്ന BLOമാരിൽ പലരും ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിലും അത്തരത്തിൽ ഒരു ആത്മഹത്യ നടന്നു.
തിരഞ്ഞെടുപ്പുകളിൽ വൻതോതിൽ കൃത്രിമം കാണിച്ച് ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കുകയും, അതുവഴി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിൽ തുടരാൻ ബിജെപിയെ സഹായിച്ചു എന്നുമാണ് ഗ്യാനേഷ് കുമാറി നെതിരെയുള്ള പ്രധാന ആരോപണം. കേരളത്തിൽ PWD സെക്രട്ടറി ആയിരുന്നപ്പോൾ, വർക്ക് ബില്ല് പാസ്സാക്കാത്തതിനെ തുടർന്ന് മലേഷ്യൻ കമ്പനിയായ ‘പതി’യുടെ എഞ്ചിനീയർ ആത്മഹത്യ ചെയ്തതിൽ ഗ്യാനേഷ് കുമാർ കുറ്റാരോപിതൻ ആണ് എന്നതാണ് മറ്റൊരാരോപണം. ഇലക്ഷൻ കമ്മീഷനിലെ മറ്റ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും SIR നടപടികളുമായി മുന്നോട്ട് പോയി എന്നതും അദ്ദേഹത്തിനെതിരെയുള്ള ആരോപണമാണ്. എന്നാൽ ഇവ ഒന്നും തന്നെ കോടതി മുഖേന തെളിയിച്ചിട്ടുള്ള കുറ്റങ്ങളല്ല. ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ, എന്തിന് സുപ്രീം കോടതി ജഡ്ജിമാർ വരെ, രാഷ്ട്രീയ പക്ഷഭേദം കാണിക്കില്ല എന്ന് പറയാൻ മാത്രം നിഷ്കളങ്കരല്ല ജനങ്ങൾ. എന്നാൽ ഒരു പ്രക്ഷോഭവുമായി തെരുവിലേക്കിറങ്ങുന്നതിനു മുമ്പ് ആരോപണങ്ങൾ ചാർജ് ഷീറ്റുകളായി കോടതിയിൽ എത്തിക്കുകയും, അതിന്മേൽ ഒരു തീരുമാനം വരുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യണം. അല്ലെങ്കിൽ, SIR പോലുള്ള നടപടികളുമായി ചർച്ചകളില്ലാതെ മുന്നോട്ടു പോകുന്നെന്നു കണ്ടാൽ ഇലക്ഷൻ ബഹിഷ്‌ക്കരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാൻ പ്രതിപക്ഷ കക്ഷികൾ തയ്യാറാകണമായിരുന്നു.
ഇതിന്റെ ചുവട് പിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തെ വഴിയിൽ തടഞ്ഞു. ബിജെപിക്കാർ അതിനു പകരമായി UDF മന്ത്രിമാരെ തടഞ്ഞു. ഇതൊക്കെ ആണോ രാഷ്ട്രീയ പ്രവർത്തനം? പ്രതിഷേധിക്കുന്നതിൽ കുഴപ്പമില്ല. കരിങ്കൊടിയും കാണിക്കണം. അതൊക്കെ റോഡിന്റെ ഒരു സൈഡിൽ ഒതുങ്ങി നിന്ന് ചെയ്യണം. ഒരു മന്ത്രി ആത്യന്തികമായി ഒരു പൗരൻ കൂടിയാണ്. അയാളുടെ സഞ്ചാര സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഹനിക്കാൻ ആർക്കും അനുവാദമില്ല. ഈ സമരങ്ങൾ കൊണ്ട് ജനങ്ങളെ കയ്യിലെടുക്കാനും അടുത്ത പ്രാവശ്യം അധികാരത്തിലേക്ക് വരാനോ, അല്ലെങ്കിൽ അധികാരം നിലനിർത്താനോ ആണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെങ്കിൽ, അവർ തെറ്റായ പാതയിലൂടെയാണ് നീങ്ങുന്നത് എന്ന് പറയേണ്ടിവരും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)