കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില് ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്ന്ന കമ്പനിയില് പെട്ട ഏവര്ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല് ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2025, ജനുവരി 21, ചൊവ്വാഴ്ച
യുദ്ധവും സമാധാനവും
യുദ്ധവും സമാധാനവും
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം താൽക്കാലികമായി അവസാനിച്ചു. ഗസയിൽ സമാധാനം സ്ഥാപിക്കപ്പെട്ടു. ഹമാസ് പോരാളികൾ ടണലുകളിൽ നിന്ന് പുറത്ത് വന്ന് തെരുവിൽ ആഹ്ലാദ നൃത്തം ചവിട്ടി. ഇസ്രായേൽ അതിന്റെ പ്രഖ്യാപിത ലക്‌ഷ്യം കൈവരിക്കാതെ ഹമാസിന് മുമ്പിൽ അടിയറവു പറഞ്ഞ പരാജിത രാഷ്ട്രമായി പത്രങ്ങളിൽ വാർത്തകൾ വന്നു. ഇതെല്ലാം കണ്ടും കേട്ടും നിൽക്കുന്ന ഒരു സാധാരണക്കാരൻ വല്ലാത്ത കൺഫ്യൂഷനിൽ ആയിരിക്കുക ആണ്. എന്താണിവിടെ സംഭവിക്കുന്നത്? യുദ്ധത്തിലെ വിജയം എന്തായിരുന്നു?
ഇസ്രയേലും പാലസ്റ്റീനും തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ യുദ്ധം നടന്ന ഈ ഒരു വർഷക്കാലത്തിനിടയിൽ സാധാരണക്കാർക്ക്പോലും മനഃപാഠം.1947ൽ ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം ബ്രിട്ടീഷ് മാൻഡേറ്റ്ന് കീഴിലായിരുന്ന പലസ്റ്റീൻ പ്രദേശം ഇസ്രായേൽ എന്നും പലസ്റ്റീൻ എന്നും പേരായ രണ്ടു രാഷ്ട്രങ്ങൾ ആയി വിഭജിക്കപ്പെട്ടു. 1948 മെയ് 14 ന് ഇസ്രായേൽ എന്ന പരമാധികാര രാജ്യം സ്ഥാപിതമായി എങ്കിലും പലസ്റ്റീൻ ആ വിഭജനത്തെ അംഗീകരിക്കാൻ കൂട്ടാക്കാതെ പ്രതിഷേധിക്കുക ആണ് ചെയ്തത്. പലസ്റ്റീനിൽ തങ്ങൾ ആണ് ഭൂരിപക്ഷം എന്നും , ലോകത്തിന്റെ പല ഭാഗത്തു നിന്നും വന്നു കുടിയേറിയ യഹൂദന്മാർക്കു വേണ്ടി തങ്ങളുടെ ഭൂമി വീതിച്ചു കൊടുക്കുകയായിരുന്നു എന്നും ഇത് അനീതി ആണ് എന്നുമായിരുന്നു പലസ്റ്റീന്റെ വാദം. അത് ശരിയുമായിരുന്നു. നാമമാത്രമായ ഒരു യഹൂദ സമൂഹം മാത്രമാണ് പാലസ്റ്റീനിൽ പാർക്കുന്നുണ്ടായിരുന്നുള്ളു. പലസ്റ്റീൻ പ്രദേശത്ത് നിന്ന് ലോകത്തിന്റെ പല ഭാഗത്തേക്കും ചിതറിപ്പോയ യഹൂദന്മാർക്ക് തിരിച്ചു നാട്ടിലേക്ക് വരാൻ ഓട്ടോമൻ ഭരണകാലത്തു അനുവാദം ഉണ്ടായിരുന്നില്ല. എന്നാൽ ബ്രിട്ടീഷ് അധീനതയിൽ ഈ സ്ഥലം വന്നപ്പോൾ യഹൂദന്മാർ പലസ്റ്റീനിലേക്കു സാവധാനം വരാൻ തുടങ്ങി. അവർ നാട്ടുകാരായ പാലസ്റ്റീൻ അറബികളിൽ നിന്ന് സ്ഥലം കാശിനു വാങ്ങി കൃഷി ചെയ്തു ചെറിയ ചെറിയ സെറ്റിൽമെന്റുകൾ തീർത്തുകൊണ്ടിരുന്നു. ക്രമേണ ജൂത സമൂഹം വളർന്നു വരുകയും 1947 ആയപ്പോഴേക്കും യഹൂദരുടെ ജനസംഖ്യ 36 ശതമാനവും അറബികളുടേതു 60 ശതമാനവും ആയിരുന്നു. 36 ശതമാനം ജനസംഖ്യ മാത്രം ഉണ്ടായിരുന്ന യഹൂദർക്ക് ഭൂമിയുടെ 56 ശതമാനവും 60 ശതമാനം ജനസംഖ്യയുണ്ടായിരുന്ന അറബികൾക്ക് 42 % ഭൂമിയും ആയാണ് വീതം വെപ്പ് നടന്നത്. ഇതിൽ മോശമല്ലാത്ത അനീതി നടന്നിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സ്വാധീനവും ഹോളോകോസ്റ്റിന്റെ സഹതാപവും മൂലം യഹൂദന്മാർക്കനുകൂലമായ ഒരന്തരീക്ഷം ഉണ്ടാവുക ആണ് ചെയ്തത്. പാലസ്റ്റീൻ അറബികൾ ഈ അനീതിയെ ചോദ്യം ചെയ്യുകയല്ല ചെയ്തത് ഇസ്രായേൽ എന്ന രാഷ്ട്ര രൂപീകരണത്തെ തന്നെയാണ് അവർ ചോദ്യം ചെയ്തത്. അന്ന് മുതൽ തുടങ്ങിയ സംഘർഷങ്ങൾ ആണ് ഇന്നും തുടരുന്നത് .
പലസ്റ്റീനിൽ സമാധാനം പുലർന്നുകാണാൻ പലസ്റ്റീൻ വിമോചന പോരാളികൾക്കൊഴികെ എല്ലാവർക്കും താൽപ്പര്യം ഉണ്ട്. ഇസ്രായേൽ ഇന്നൊരു ശക്തമായ രാഷ്ട്രമാണ്. സംയുക്ത അറബ് സേനയും ഇസ്രയേലും തമ്മിലുണ്ടായ യുദ്ധത്തിലെ വിജയത്തിന് ശേഷം ധാരാളം പലസ്റ്റിൻ അറബികൾ ആ പ്രദേശം വിട്ടു പോയപ്പോൾ അങ്ങോട്ടേക്ക് പുതിയ ജൂത സമൂഹം കടന്നു വരികയും അവർ നേരത്തെ പലസ്റ്റീൻകാർക്ക് മാർക്ക് ചെയ്തു വച്ചിരുന്ന 36 ശതമാനത്തിൽ പെടുന്ന ഭൂമിയിൽ പ്രവേശിച്ചു സെറ്റിൽമെന്റുകൾ തീർക്കുകയും ആ പ്രദേശങ്ങൾ ഇസ്രയേലിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതൊരു വസ്തുതയാണ് . ഈ വസ്തുതയുടെ പശ്ചാത്തലത്തിൽ നിന്ന് വേണം പലസ്റ്റീൻ പ്രശ്നങ്ങളോടുള്ള പ്രതികരണം. യഹൂദമന്മാർക്ക് മുസ്‌ലിം സമൂഹത്തോട് എതിർപ്പില്ല എന്നത് എടുത്തു പറയേണ്ട കാര്യം ആണ്. കാരണം ഗണ്യമായ ഒരു മുസ്‌ലിം സമൂഹം ഇസ്രായേൽ പൗരന്മാർ ആയിട്ടുണ്ട്. അവർക്ക് എന്തെങ്കിലും വിവേചനകളോ , അസമത്വങ്ങളോ നേരിടേണ്ടി വരുന്നതായി വാർത്തകളിലില്ല . അവരൊക്കെ തന്നെ ഇസ്രായേൽ സൈന്യത്തിലും ഭരണ സംവിധാനത്തിലും ഒക്കെ പങ്കാളികൾ ആണ് താനും. മതം അല്ല രാഷ്ട്രീയ കാരണങ്ങൾ ആണ് പരിഹരിക്കാനുള്ളത്.
പലസ്റ്റീനിനെ ഒരു രാജ്യമായി ഐക്യരാഷ്ട്ര സഭ എന്നല്ല പലസ്റ്റീൻ രാഷ്ട്രീയക്കാർ പോലും അംഗീകരിച്ചിട്ടില്ല. അവിഭക്ത പാലസ്റ്റീൻ ആണ് അവരുടെ രാഷ്ട്രം. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ വരെ സ്വന്തമാക്കി ജൂത രാഷ്ട്രത്തെ ഇല്ലായ്മ ചെയ്യാതെ അവർ ആയുധം താഴെ വയ്ക്കില്ല എന്ന് പ്രതിജ്ഞ എടുത്തിരിക്കുക ആണ്. ഈ പോരാട്ടത്തിന്റെ കുന്ത മുന ഹമാസ് ആണ്. അവർ രാഷ്ട്രീയമായി ഇസ്രയേലിനെ നേരിടാതെ ഗസയിൽ ജനവാസ കേന്ദ്രങ്ങളുടെ അടിയിൽ തുരങ്കങ്ങൾ ഉണ്ടാക്കി ഇസ്രായേലിന്റെ മേൽ അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തി തുരങ്കത്തിലേക്കു പിൻവാങ്ങുക ആണ് പതിവ്. 2023 ഒക്ടോബർ 7 ലെ പ്രഭാതത്തിൽ അവർ ഇസ്രായേലിലേക്ക് ഇരച്ചു കയറി 1200 ഓളം ഇസ്രയേലികളെ കൊല്ലുകയും സ്ത്രീകളും ,കുട്ടികളും വൃദ്ധരുമായ 251 പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ഇസ്രായേൽ തുടർന്നു നടത്തിയ യുദ്ധത്തിൽ 47000 പലസ്റ്റീൻകാർ കൊല്ലപ്പെട്ടു. 110000 ആളുകക്കു പരിക്കുകൾ പറ്റി . 23 ലക്ഷം ആളുകൾ ഭാവനരഹിതരായി. സാധാരണക്കാർ ആണ് ഇരകളായവരിൽ ഏറെയും. ഈ സമയത്തൊന്നും ഹമാസ് പോരാളികൾ നിസ്സഹായരായ ജനങ്ങളെ സഹായിക്കാൻ രംഗത്ത് വന്നില്ല. അവർ മുഖം മൂടിക്കെട്ടി ഇസ്രയേലിനെ എതിർക്കാൻ ശക്തിയില്ലാതെ ലോക ജനതയുടെ ഇടപെടൽ കാത്ത് തുരംഗങ്ങളിൽ കഴിഞ്ഞു. ഇസ്രായേൽ ആവട്ടെ ഗസയുടെമേൽ ഒരു താണ്ഡവം തന്നെയാണ് നടത്തിയത്. ജനവാസ കേന്ദ്രങ്ങളുടെ അടിയിൽ ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരരെ തകർക്കാൻ അവർ ബോംബിട്ടപ്പോൾ മരിച്ചു വീണത് സാധാരണക്കാർ. 21 .5 ലക്ഷം ജനങ്ങൾ തിങ്ങി പാർക്കുന്ന ഗസയിൽ ഒരു വർഷക്കാലം ബോംബ് വര്ഷം നടത്തിയിട്ടും 46000 ആളുകളെ കൊല്ലപ്പെട്ടുള്ളു എന്നതിൽ നിന്നും സാധാരണക്കാരെ കൊല്ലാൻ ഇസ്രായേലിനു താൽപ്പര്യം ഇല്ലായിരുന്നു എന്നാണ് മനസിലാകുന്നത്. അല്ലായിരുന്നെകിൽ ഹമാസിനെ ദിവസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കാൻ ഇസ്രായേലിനു കഴിയുമായിരുന്നു എന്നത് പകൽ പോലെ വ്യക്തം. എന്നിട്ടും ഇസ്രായേൽ ഹമാസിന് മുനമ്പിൽ കീഴടങ്ങി എന്ന വാദം എത്ര ലജ്ജാകരമാണ്. സ്വന്തം ജനതയുടെ കണ്ണീരും ദുരിതവും കാണാത്ത ഹമാസ് എന്ത് പോരാളികൾ ആണ്. 251 പേരെ ഇസ്രായേലിൽ നിന്ന് തട്ടിക്കൊണ്ടു പോകുകയും 1200 പേരെ കൊല്ലുകയും ചെയ്തപ്പോൾ അവർക്കു നഷ്ടപ്പെട്ടത് 46000 പലസ്റ്റീൻകാരെയാണ്. അതിൽ കുറച്ചു ഭീകരന്മാരും ഉണ്ടായിരുന്നിരിക്കണം. ഇപ്പൊൾ സമാധാനം വന്നിരിക്കുന്നു. തങ്ങളുടെ കൈവശം ഉള്ള തടവ് കാരെ വിട്ടുകൊടുത്ത് യാഥാർഥ്യത്തെ ഉൾക്കൊണ്ട് ജനതയുടെ ക്ഷേമത്തിനായുള്ള രാഷ്ട്രീയ ചർച്ചയിലേക്ക് ഹമാസ് കടന്നു വന്നില്ലെങ്കിൽ പലസ്റ്റീൻ ജനതയുടെ ദുരിത പർവ്വങ്ങളുടെ ആവർത്തനം ആയിരിക്കും ഇനിയുമുണ്ടാവുക.
2025, ജനുവരി 5, ഞായറാഴ്‌ച
സനാതന ധർമ്മം
സനാതന ധർമ്മം
സനാതന ധർമ്മത്തെ ചുറ്റിപ്പറ്റി കേരളത്തിലെ ചർച്ചകൾ ചൂട് പിടിക്കുക ആണ്. സനാതന ധർമ്മം അശ്ലീലം ആണെന്ന് ഒരു കൂട്ടരും അങ്ങനെയല്ല അത് ശ്രേഷ്ട്ടമായതാണെന്ന് മറ്റൊരു കൂട്ടരും പറയുന്നു. എന്നാൽ എന്താണ് സനാതന ധർമ്മം എന്ന് മാത്രം ആരും പറയുന്നുമില്ല. അപ്പോൾ ഒരു സാധാരണക്കാരനെ സംബന്ധിച്ച് അതെന്താണെന്ന് അന്വേഷിച്ചിറങ്ങുക അല്ലാതെ മറ്റു മാർഗമില്ല. പതിവ് പോലെ സായിപ്പിനോട് ചോദിക്കുക തന്നെ. ഗൂഗിൾ പറയുന്നത് സനാതനം എന്നാൽ എന്നെന്നേക്കും നിലനിൽക്കുന്നത് എന്നാണ് . അതായതു ലോകാവസാനം വരെ ഇതിനു മാറ്റമില്ല എന്നർത്ഥം . ധർമ്മം എന്നാൽ നിയമം അഥവാ പാലിക്കേണ്ട കടമകൾ എന്നുമാണ്. ചുരുക്കി പറഞ്ഞാൽ ഒരു വ്യക്തി ഒരുസമൂഹത്തിൽ പാലിക്കേണ്ട ശാശ്വതമായ കർമ്മങ്ങളെ അഥവാ കടമകളെ (ഡ്യൂട്ടീസ്) ആണ് സനാതന ധർമ്മം എന്ന വാക്കിനാൽ വിവക്ഷിക്കുന്നത്. ഇനി ഏതൊക്കെയാണ് ഈ ധർമ്മങ്ങൾ എന്ന് നോക്കിയാൽ കാണാൻ കഴിയുന്നത് സത്യസന്ധത , അലിവ്, ക്ഷമ , സ്നേഹം മുതലായവ എന്നാണ് . അപ്പോൾ സനാതന ധർമ്മം എന്നത് ഏതു വിധത്തിൽ ആണ് അശ്ലീലം ആകുന്നത് എന്ന് ഒട്ടും മനസിലാകുന്നില്ല. ഞാൻ ഒരു സനാതന ധാർമ്മി അല്ല എന്ന് സ്റ്റാലിന്റെ പുത്രൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൻമാരും സാംസ്ക്കാരിക നേതാക്കന്മാരും ഒക്കെ ഉറക്കെ വിളിച്ച് പറയുമ്പോൾ, ഞങ്ങൾ ജീവിതത്തിൽ സത്യസന്ധതയോ, ക്ഷമയോ, സ്നേഹമോ, അലിവോ ഒന്നും ഇല്ലാത്തവരും സ്വാർത്ഥമതികളും ആണ് എന്ന് പറയുന്നത് പോലെതോന്നി പോകുന്നു.
വിഷയം രാഷ്ട്രീയം ആണെന്ന് മനസിലാക്കാൻ അധികം ചിന്തിക്കേണ്ടതില്ല. ഹൈന്ദവ രാഷ്ട്രീയം മുറുകെ പിടിച്ച് അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ പോഷക സംഘടനകൾ ഇന്ത്യയിലെ മുഴുവൻ ജനതയുടെയും പൈതൃകം സനാതനധർമ്മമാണെന്നും , ഇതേറ്റവും പഴയതും, ശാശ്വതവുമായ ധർമ്മസംഹിതയാണെന്നുമൊക്കെ പറഞ്ഞുവയ്ക്കുമ്പോൾ എതിർ രാഷ്ട്രീയപ്പാർട്ടികൾക്ക് അപകടം മണക്കുന്നു. സനാതന ധർമ്മം മാങ്ങയാണോ, തേങ്ങയാണോ എന്നൊക്കെ ചിന്തിക്കാൻ നിൽക്കാതെ അവർ അതിനെതിരായ പ്രസ്താവന ഇടുന്നു. സനാതനധർമ്മത്തെ മഹത്വവൽക്കരിച്ച് അവരങ്ങനെ വളരേണ്ട. ഹൈന്ദവരുടെ മനസ്സിൽ ചാഞ്ചാട്ടം ഉണ്ടാവാതെ നോക്കാനും ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനും നടത്തുന്ന വ്യർത്ഥമായ വ്യായാമങ്ങൾ ആയി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. സനാതനധർമ്മത്തെ സ്വധർമ്മമായി ഇക്കൂട്ടർ തെറ്റി ധരിക്കുന്നുണ്ടെന്നാണ് മനസിലാകുന്നത്. സനാതന ധർമ്മം ദാർശനികമൂല്യത്തിൽ അധിഷ്ട്ടിതമായിട്ടുള്ളതും സ്വധർമ്മം ജാതി ചിന്തകളിൽ വേരൂന്നിയ മത നിയമങ്ങളും ആണ്.
മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ദർശന ശാസ്ത്രവും മതവും വേർതിരിച്ചെടുക്കാൻ പറ്റാത്ത വിധം ഒന്ന് ചേർന്നാണ് വളർന്നിട്ടുള്ളത് . ശാശ്വത മായ സത്യം എന്ത് എന്ന അന്വേക്ഷണം ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അത് ദർശന ശാസ്ത്രത്തിൽ പെടുന്നതാണ്. എല്ലാം വെള്ളത്തിൽ നിന്ന് ഉത്ഭവിച്ചെന്ന് യവന ചിന്തകനായ തെയിൽസ് പറയുമ്പോൾ , ഡെമോക്രിറ്റസും ലൂസിപ്പസും, പദാർത്ഥത്തിൽ നിന്നാണ് എല്ലാം ഉത്ഭവിക്കുന്നതെന്നു പറയുന്നു. യൂറോപ്പിൽ ദര്ശനശാസ്ത്രം ഭൗതീകതയിൽ ഊന്നി വികാസം പ്രാപിച്ചപ്പോൾ ഇന്ത്യയിൽ അതിനു ആത്മീയ പരിവവേഷം കൈവന്നു. ചാർവാകൻമാർ എന്നറിയപ്പെടുന്ന ഭൗതീക വാദികൾ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലെയും ഉപനിഷത്തുകളിലെ ആത്മീയ അന്തരീക്ഷത്തിൽ രൂപം കൊണ്ട ഷഡ്‌ദർശനങ്ങൾ ആണ് പ്രധാനമായും ഇന്ത്യയിലെ ദർശന ശാസ്ത്രങ്ങൾ . അതിൽ ഏറ്റവും പ്രാമുഖ്യം നേടിയത് അദ്വൈത വേദാന്തവും അതിന്റെ ഉപജ്ഞാതാവായ ശങ്കരാചാര്യരുമാണ്. പരമമായ സത്യം ബ്രഹ്മമാണെന്നും , എല്ലാവരും ബ്രഹ്മത്തിന്റെ ഭാഗം ആണ് എന്ന് പറയുകയും ചെയ്യുന്നതിലൂടെ എല്ലാ ഉച്ചനീചത്തങ്ങളും, ഭേദഭാവങ്ങളും തുടച്ചു നീക്കപ്പെടുക ആണ്. ഞാനും നീയും ഒന്നാണ് എന്ന സങ്കൽപ്പത്തിൽ രൂപം കൊണ്ടിട്ടുള്ളതാണ് സനാതന ധർമ്മം. ജാതിഭേദവും മതദ്വേഷവും ഒന്നും അവിടെയില്ല. എന്നാൽ ഈ ദാർശനിക പ്രസ്ഥാനങ്ങളോട് ചേർന്ന് വളർന്ന മതവും മത പ്രമാണിമാരും ജാതിയിൽ അധിഷ്ഠിതമായ ഒരു സംസ്ക്കാരം പടുത്തുയർത്തുകയാണുണ്ടായത്. ശങ്കരാചാര്യർ പോലും അതിനു ഇരയായി മാറിയിട്ടുണ്ട്. ജനങ്ങളെ പല വിഭാഗങ്ങൾ ആയി തിരിച്ച് ഓരോ വിഭാഗത്തിത്തിനെയും ഓരോ ജാതിയിൽ പെടുത്തി ചാതുർവർണ്യ വ്യവസ്ഥയിൽ കൊണ്ടെത്തിച്ചത് മതം ആണ്.
ഒരു മതം എന്ന നിലയിൽ പോരായ്മകളുണ്ടെങ്കിലും , മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഹിന്ദുമതം. സമസ്ത ലോകത്തെയും ഒന്നായി കാണാനും എല്ലാ ജീവജാലങ്ങളെയും ഒന്നായി ഗണിക്കാനും ഈ മതത്തിനു സാധിക്കുന്നതാണ്. അതിനു കാരണം പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെ അന്തർലീനമായ കിടക്കുന്ന തത്വമസി എന്ന കാഴ്ചപ്പാടാണ്. അത് കൊണ്ട് തന്നെ എത്ര ദൈവങ്ങളെയും ആരാധിക്കാൻ ഹൈന്ദവർക്ക് മടിയില്ല. ഇസ്ലാമിന്റെയും, ക്രിസ്ത്യാനിയുടെയും ഒക്കെ പള്ളികളിൽ പോകരുത് എന്ന് രാഷ്ട്രീയ നേതൃത്വം വിലക്കിയാലും അതിനു ഹൈന്ദവർ വഴങ്ങാതിരിക്കുന്നതിനു കാരണം അവർ അറിയാതെ തന്നെ അവർക്ക് പകർന്നു കിട്ടിയിരിക്കുന്ന ഈ സാർവ്വ ലൗകീക കാഴ്ചപ്പാടാണ്. അതിനോട് ആദരവോടെ പ്രതികരിക്കുക ആണ് വേണ്ടത്. ഹൈന്ദവ ആചാരങ്ങളെയും, സങ്കല്പങ്ങളെയും ആവശ്യമില്ലാതെ ചോദ്യം ചെയ്ത് സാധാരണ ഹൈന്ദവരിൽ വർഗീയ ചിന്ത ഉണ്ടാവാൻ അവസരം ഒരുക്കരുത്. സനാതന ധർമ്മം ഓരോ ഭാരതീയന്റെയും മാത്രമല്ല ലോകത്തിന്റെ തന്നെ പൈതൃകമായി വേണം കണക്കാക്കാൻ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)