2025, ജനുവരി 5, ഞായറാഴ്‌ച

സനാതന ധർമ്മം

സനാതന ധർമ്മം സനാതന ധർമ്മത്തെ ചുറ്റിപ്പറ്റി കേരളത്തിലെ ചർച്ചകൾ ചൂട് പിടിക്കുക ആണ്. സനാതന ധർമ്മം അശ്ലീലം ആണെന്ന് ഒരു കൂട്ടരും അങ്ങനെയല്ല അത് ശ്രേഷ്ട്ടമായതാണെന്ന് മറ്റൊരു കൂട്ടരും പറയുന്നു. എന്നാൽ എന്താണ് സനാതന ധർമ്മം എന്ന് മാത്രം ആരും പറയുന്നുമില്ല. അപ്പോൾ ഒരു സാധാരണക്കാരനെ സംബന്ധിച്ച് അതെന്താണെന്ന് അന്വേഷിച്ചിറങ്ങുക അല്ലാതെ മറ്റു മാർഗമില്ല. പതിവ് പോലെ സായിപ്പിനോട് ചോദിക്കുക തന്നെ. ഗൂഗിൾ പറയുന്നത് സനാതനം എന്നാൽ എന്നെന്നേക്കും നിലനിൽക്കുന്നത് എന്നാണ് . അതായതു ലോകാവസാനം വരെ ഇതിനു മാറ്റമില്ല എന്നർത്ഥം . ധർമ്മം എന്നാൽ നിയമം അഥവാ പാലിക്കേണ്ട കടമകൾ എന്നുമാണ്. ചുരുക്കി പറഞ്ഞാൽ ഒരു വ്യക്തി ഒരുസമൂഹത്തിൽ പാലിക്കേണ്ട ശാശ്വതമായ കർമ്മങ്ങളെ അഥവാ കടമകളെ (ഡ്യൂട്ടീസ്) ആണ് സനാതന ധർമ്മം എന്ന വാക്കിനാൽ വിവക്ഷിക്കുന്നത്. ഇനി ഏതൊക്കെയാണ് ഈ ധർമ്മങ്ങൾ എന്ന് നോക്കിയാൽ കാണാൻ കഴിയുന്നത് സത്യസന്ധത , അലിവ്, ക്ഷമ , സ്നേഹം മുതലായവ എന്നാണ് . അപ്പോൾ സനാതന ധർമ്മം എന്നത് ഏതു വിധത്തിൽ ആണ് അശ്ലീലം ആകുന്നത് എന്ന് ഒട്ടും മനസിലാകുന്നില്ല. ഞാൻ ഒരു സനാതന ധാർമ്മി അല്ല എന്ന് സ്റ്റാലിന്റെ പുത്രൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൻമാരും സാംസ്ക്കാരിക നേതാക്കന്മാരും ഒക്കെ ഉറക്കെ വിളിച്ച് പറയുമ്പോൾ, ഞങ്ങൾ ജീവിതത്തിൽ സത്യസന്ധതയോ, ക്ഷമയോ, സ്നേഹമോ, അലിവോ ഒന്നും ഇല്ലാത്തവരും സ്വാർത്ഥമതികളും ആണ് എന്ന് പറയുന്നത് പോലെതോന്നി പോകുന്നു. വിഷയം രാഷ്ട്രീയം ആണെന്ന് മനസിലാക്കാൻ അധികം ചിന്തിക്കേണ്ടതില്ല. ഹൈന്ദവ രാഷ്ട്രീയം മുറുകെ പിടിച്ച് അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയപ്പാർട്ടിയുടെ പോഷക സംഘടനകൾ ഇന്ത്യയിലെ മുഴുവൻ ജനതയുടെയും പൈതൃകം സനാതനധർമ്മമാണെന്നും , ഇതേറ്റവും പഴയതും, ശാശ്വതവുമായ ധർമ്മസംഹിതയാണെന്നുമൊക്കെ പറഞ്ഞുവയ്ക്കുമ്പോൾ എതിർ രാഷ്ട്രീയപ്പാർട്ടികൾക്ക് അപകടം മണക്കുന്നു. സനാതന ധർമ്മം മാങ്ങയാണോ, തേങ്ങയാണോ എന്നൊക്കെ ചിന്തിക്കാൻ നിൽക്കാതെ അവർ അതിനെതിരായ പ്രസ്താവന ഇടുന്നു. സനാതനധർമ്മത്തെ മഹത്വവൽക്കരിച്ച് അവരങ്ങനെ വളരേണ്ട. ഹൈന്ദവരുടെ മനസ്സിൽ ചാഞ്ചാട്ടം ഉണ്ടാവാതെ നോക്കാനും ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാനും നടത്തുന്ന വ്യർത്ഥമായ വ്യായാമങ്ങൾ ആയി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. സനാതനധർമ്മത്തെ സ്വധർമ്മമായി ഇക്കൂട്ടർ തെറ്റി ധരിക്കുന്നുണ്ടെന്നാണ് മനസിലാകുന്നത്. സനാതന ധർമ്മം ദാർശനികമൂല്യത്തിൽ അധിഷ്ട്ടിതമായിട്ടുള്ളതും സ്വധർമ്മം ജാതി ചിന്തകളിൽ വേരൂന്നിയ മത നിയമങ്ങളും ആണ്. മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ ദർശന ശാസ്ത്രവും മതവും വേർതിരിച്ചെടുക്കാൻ പറ്റാത്ത വിധം ഒന്ന് ചേർന്നാണ് വളർന്നിട്ടുള്ളത് . ശാശ്വത മായ സത്യം എന്ത് എന്ന അന്വേക്ഷണം ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അത് ദർശന ശാസ്ത്രത്തിൽ പെടുന്നതാണ്. എല്ലാം വെള്ളത്തിൽ നിന്ന് ഉത്ഭവിച്ചെന്ന് യവന ചിന്തകനായ തെയിൽസ്‌ പറയുമ്പോൾ , ഡെമോക്രിറ്റസും ലൂസിപ്പസും, പദാർത്ഥത്തിൽ നിന്നാണ് എല്ലാം ഉത്ഭവിക്കുന്നതെന്നു പറയുന്നു. യൂറോപ്പിൽ ദര്ശനശാസ്ത്രം ഭൗതീകതയിൽ ഊന്നി വികാസം പ്രാപിച്ചപ്പോൾ ഇന്ത്യയിൽ അതിനു ആത്മീയ പരിവവേഷം കൈവന്നു. ചാർവാകൻമാർ എന്നറിയപ്പെടുന്ന ഭൗതീക വാദികൾ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലെയും ഉപനിഷത്തുകളിലെ ആത്മീയ അന്തരീക്ഷത്തിൽ രൂപം കൊണ്ട ഷഡ്‌ദർശനങ്ങൾ ആണ് പ്രധാനമായും ഇന്ത്യയിലെ ദർശന ശാസ്ത്രങ്ങൾ . അതിൽ ഏറ്റവും പ്രാമുഖ്യം നേടിയത് അദ്വൈത വേദാന്തവും അതിന്റെ ഉപജ്ഞാതാവായ ശങ്കരാചാര്യരുമാണ്. പരമമായ സത്യം ബ്രഹ്മമാണെന്നും , എല്ലാവരും ബ്രഹ്മത്തിന്റെ ഭാഗം ആണ് എന്ന് പറയുകയും ചെയ്യുന്നതിലൂടെ എല്ലാ ഉച്ചനീചത്തങ്ങളും, ഭേദഭാവങ്ങളും തുടച്ചു നീക്കപ്പെടുക ആണ്. ഞാനും നീയും ഒന്നാണ് എന്ന സങ്കൽപ്പത്തിൽ രൂപം കൊണ്ടിട്ടുള്ളതാണ് സനാതന ധർമ്മം. ജാതിഭേദവും മതദ്വേഷവും ഒന്നും അവിടെയില്ല. എന്നാൽ ഈ ദാർശനിക പ്രസ്ഥാനങ്ങളോട് ചേർന്ന് വളർന്ന മതവും മത പ്രമാണിമാരും ജാതിയിൽ അധിഷ്ഠിതമായ ഒരു സംസ്ക്കാരം പടുത്തുയർത്തുകയാണുണ്ടായത്. ശങ്കരാചാര്യർ പോലും അതിനു ഇരയായി മാറിയിട്ടുണ്ട്. ജനങ്ങളെ പല വിഭാഗങ്ങൾ ആയി തിരിച്ച് ഓരോ വിഭാഗത്തിത്തിനെയും ഓരോ ജാതിയിൽ പെടുത്തി ചാതുർവർണ്യ വ്യവസ്ഥയിൽ കൊണ്ടെത്തിച്ചത് മതം ആണ്. ഒരു മതം എന്ന നിലയിൽ പോരായ്മകളുണ്ടെങ്കിലും , മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഹിന്ദുമതം. സമസ്ത ലോകത്തെയും ഒന്നായി കാണാനും എല്ലാ ജീവജാലങ്ങളെയും ഒന്നായി ഗണിക്കാനും ഈ മതത്തിനു സാധിക്കുന്നതാണ്. അതിനു കാരണം പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒക്കെ അന്തർലീനമായ കിടക്കുന്ന തത്വമസി എന്ന കാഴ്ചപ്പാടാണ്. അത് കൊണ്ട് തന്നെ എത്ര ദൈവങ്ങളെയും ആരാധിക്കാൻ ഹൈന്ദവർക്ക് മടിയില്ല. ഇസ്ലാമിന്റെയും, ക്രിസ്ത്യാനിയുടെയും ഒക്കെ പള്ളികളിൽ പോകരുത് എന്ന് രാഷ്ട്രീയ നേതൃത്വം വിലക്കിയാലും അതിനു ഹൈന്ദവർ വഴങ്ങാതിരിക്കുന്നതിനു കാരണം അവർ അറിയാതെ തന്നെ അവർക്ക് പകർന്നു കിട്ടിയിരിക്കുന്ന ഈ സാർവ്വ ലൗകീക കാഴ്ചപ്പാടാണ്. അതിനോട് ആദരവോടെ പ്രതികരിക്കുക ആണ് വേണ്ടത്. ഹൈന്ദവ ആചാരങ്ങളെയും, സങ്കല്പങ്ങളെയും ആവശ്യമില്ലാതെ ചോദ്യം ചെയ്ത് സാധാരണ ഹൈന്ദവരിൽ വർഗീയ ചിന്ത ഉണ്ടാവാൻ അവസരം ഒരുക്കരുത്. സനാതന ധർമ്മം ഓരോ ഭാരതീയന്റെയും മാത്രമല്ല ലോകത്തിന്റെ തന്നെ പൈതൃകമായി വേണം കണക്കാക്കാൻ.

അഭിപ്രായങ്ങളൊന്നുമില്ല: