കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2025, ഫെബ്രുവരി 4, ചൊവ്വാഴ്ച
ഉന്നതകുലജാതർ
ഒരു സമൂഹത്തിൽ മതവും ജാതിയും ഒക്കെ രൂപപ്പെടുന്നതിന്റെ വഴികൾ നിരീക്ഷിക്കുന്നത് രസകരമായ കാര്യമാണ്. കേരളത്തിലെ ജാതി വ്യവസ്ഥയും അത് രൂപപ്പെട്ട വഴികളും ആധികാരികമായും ലളിതമായും വിവരിച്ചിട്ടുള്ള ഒരു പുസ്തകമാണ് പി.കെ ബാലകൃഷ്ണന്റെ "ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും' എന്ന പുസ്തകം. കേരളത്തെ കുറിച്ച് അക്കാദമിക് ചരിത്രകാരന്മാർ വരച്ചു കാണിക്കുന്ന ചേരരാജാക്കന്മാരുടെ ഭരണവും മറ്റും വെറും കെട്ടുകഥകൾ ആണെന്നും പ്രാചീന കേരളം ഒരു കേന്ദ്രീകൃത ഭരണത്തിന് കീഴിൽ വരാൻ കഴിയാത്ത വിധം പശ്ചിമ ഘട്ടത്തിനും അറബിക്കടലിനും ഇടയിൽ കുടുങ്ങിക്കിടന്നിരുന്ന ഒരു ഭൂപ്രദേശം ആയിരുന്നു എന്നും ഗ്രന്ഥകാരൻ തെളിവുകൾ സഹിതം വ്യക്തമാക്കുന്നു. ഇടതൂർന്ന കാടുകൾ നിറഞ്ഞ മലനാടും ഇടനാടും കടന്നു കേരളത്തിന്റെ തീരപ്രദേശങ്ങളിലേക്ക് എത്തിപ്പെടുക വളരെ ദുർഘടമായിരുന്നു. ആകെയുണ്ടായിരുന്ന വഴികൾ പാലക്കാടൻ ചുരവും തെക്കേ അറ്റത്തുള്ള ഇന്ന് തമിഴ്‌നാടിന്റെ ഭാഗമായിട്ടുള്ള ആരുവാ മൊഴിപ്പാതയുമായിരുന്നു. മറ്റു വഴികൾ എല്ലാം പിൽക്കാലത്ത് ഉണ്ടായവ ആണ്.
വിദേശ ആക്രമണങ്ങളോ , പിടിച്ചെടുക്കലുകളോ ഇല്ലാതെ പ്രകൃതിരമണീയമായ ഈ സ്വർഗഭൂമികയിൽ നായന്മാർ, ഈഴവർ, പുലയർ, പറയർ , മലയരയർ തുടങ്ങി ധാരാളം ഗോത്രസമൂഹങ്ങൾ പരസ്പര വൈര്യങ്ങൾ ഇല്ലാതെ താമസിച്ചിരുന്നു. അവർക്കൊക്കെ ഓരോ ആചാരങ്ങളും പ്രാദേശിക ദൈവങ്ങളും ഉണ്ടായിരുന്നു. നായന്മാരുടെ പ്രധാന ദൈവങ്ങൾ ഭഗവതി, ഭദ്രകാളി, അയ്യപ്പൻ, നാഗരാജ , വിഷ്ണുമായ, കളിയാട്ടം രക്തേശ്വരി,കടുതസ്വാമി മുതലായവർ ആയിരുന്നു. ഈഴവരുടെ ദൈവങ്ങൾ ശ്രീ മുത്തപ്പൻ, ഭഗവതി, കൊക്കാച്ചി, കള്ളിയങ്കാട്ടുഅമ്മ , മദൻ, കരിങ്കാളി, തമ്പ്രാൻ മുതലായവർ ആയിരുന്നു. അക്കാലത്തെ ആദിവാസി ദൈവങ്ങൾ മുത്തപ്പൻ, അയ്യപ്പൻ, കടുതസ്വാമി , കാരിഞ്ചഅമ്മ, പുലയർഅമ്മ, കള്ളിയങ്കാട്ടുഅമ്മ , കണ്ണകിഅമ്മ, മുതലായവർ ആയിരുന്നു. ഇന്നത്തെ പട്ടിക ജാതിക്കാർ അക്കാലത്തു ആരാധിച്ചിരുന്നത് പുലയർഅമ്മ, കരിങ്കാളി, പറയികാളി, മദൻ, ചേരമർ മുത്തപ്പൻ, കാട്ടാളൻ, കുറവകാളി, കുറവൻ, ഉരളിഅമ്മ, കണ്ണൻ തുടങ്ങിയവരെ ആണ്. ഇത് കൂടാതെ പേരറിയാത്ത മറ്റെത്രയോ ദൈവങ്ങൾ!
ഇങ്ങനെ കേരളീയ ഗോത്രജീവിതം ശാന്തമായി മുന്നോട്ടു പോകുമ്പോഴാണ് AD മൂന്നാം നൂറ്റാണ്ടോടു കൂടി ബ്രാഹ്മണർ കേരള സമൂഹത്തിന്റെ ഭാഗമാകുന്നത്. കൃഷി, വിത്ത് സംരക്ഷണം , വൈദ്യം മുതലായവയെകുറിച്ചൊക്കെ നല്ല അറിവുണ്ടായിരുന്ന സുവർണ്ണ നിറക്കാർ ആയ ബ്രാഹ്മണർ തങ്ങളുടെ സഹായികളായി കൂടെ നിർത്താൻ പറ്റിയ തദ്ദേശീയരെ കണ്ടെത്തുക ആണ് ആദ്യമായി ചെയ്തത്. അതിനുള്ള ചീട്ടു വീണത് നായർ ഗോത്രത്തിനാണ്. അതോടെ മറ്റു ഗോത്രങ്ങളിൽ നിന്നും അവർ പ്രത്യേക വിഭാഗമായി പരിഗണിക്കപ്പെടുകയും ചതുർവണ്യ ശ്രേണിയിൽ ബ്രാഹ്മണന് തൊട്ടു താഴെ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. ബ്രാഹ്മണർ കൃഷിയും വൈദ്യവും മാത്രമല്ല കൊണ്ടുവന്നത് അവരുടെ ദൈവങ്ങളെയും ഒപ്പം കൂട്ടിയിരുന്നു. മഹാവിഷ്ണു, ശ്രീകൃഷ്ണൻ , ശ്രീരാമൻ, ബ്രഹ്മാവ്, ഇന്ദ്രൻ തുടങ്ങിയ ആര്യ ദൈവങ്ങൾ കേരള സമൂഹത്തിൽ പ്രചരിക്കപ്പെട്ടതോടെ മറ്റു ഗോത്ര ദൈവങ്ങളെ ആരാധിച്ചിരുന്ന വിഭാഗങ്ങൾക്ക് തങ്ങളുടെ ദൈവങ്ങൾ അൽപ്പം കുറവുള്ളവർ ആണെന്ന് തോന്നലുണ്ടാവുകയും അവർ തങ്ങളുടെ ഗോത്ര ദൈവങ്ങളെ ആരാധിക്കുന്നത് നിർത്തി പുതുതായി അധിനിവേശം നടത്തിയ ഉന്നത കുലക്കാരുടെ ദൈവങ്ങളെ ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. ബാക്കി ഒക്കെ വർത്തമാനകാല ചരിത്രത്തിന്റെ ഭാഗമാണ്. ബ്രാഹ്മണ ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശത്തിനായി ക്ഷേത്രപ്രവേശന സമരങ്ങൾ വരെയുണ്ടായ മണ്ണാണിത്.
ബ്രാഹ്മണർ വരുന്നതിനു മുമ്പ് കേരള സമൂഹത്തിൽ നിലനിന്നിരുന്ന ഗോത്രങ്ങൾ ഏതു ജാതിയിൽ പെട്ടതായിരുന്നു? അവർ ഹൈന്ദവർ എന്നറിയപ്പെട്ടിരുന്നില്ല എന്ന് വേണം അനുമാനിക്കാൻ. Why I am Not A Hindu എന്ന പുസ്തകത്തിൽ കാഞ്ച ഇലയ്യ പറയുന്നത് അദ്ദേഹത്തിന്റെ ബാല്യകാലത്ത് ഹിന്ദു ദൈവങ്ങളെ കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു എന്നാണ് . ഉത്തരേന്ത്യൻ ആദിവാസികളോട് നിങ്ങൾ ഹിന്ദുവാണോ എന്ന് ചോദിച്ചാൽ അല്ല ഞങ്ങൾ ആദിവാസികൾ ആണ് എന്ന് പറയുന്നത് കേൾക്കാം. തുല്യ പരിഗണനയിൽ ഉള്ള സമൂഹങ്ങൾ കാലക്രമത്തിൽ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് ഉന്നതകുലക്കാരും, താഴ്ന്നകുലക്കാരുമൊക്കെയായി മാറുന്നതെങ്ങനെയെന്നു മനസിലാക്കുന്നത് ജാതിയുടെ പേരിൽ അപകർഷത പേറി നടക്കുന്നതിനും അതിന്റെ പേരിൽ അഭിമാനം കൊള്ളുന്നതിനുമൊക്കെ ഒരു ശമനം ആകുന്നതാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ