കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2025, ഫെബ്രുവരി 10, തിങ്കളാഴ്‌ച
ആപ്പും കോപ്പും
വളരെ പ്രതീക്ഷയോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കുതിച്ചുയർന്ന ഒരു രാഷ്ട്രീയ പരീക്ഷണം ആയിരുന്നു ആപ്. സകല കോപ്പും കൂട്ടി കോൺഗ്രസ്സിന്റെ അഴിമതി ഭരണം അവസാനിപ്പിച്ച് ഇന്ത്യയിൽ ഉടനീളം ഒരു സമാന്തര രാഷ്ട്രീയ സംവിധാനം കൊണ്ടുവരാൻ ഇറങ്ങിത്തിരിച്ച കെജ്‌രിവാളും കൂട്ടരും ഇന്നെത്തി നിൽക്കുന്നത് വല്ലാത്തൊരു അവസ്ഥയിൽ ആണ്. അഴിമതിക്കെതിരെ പട നയിച്ച കെജ്‌രിവാൾ എന്ന പാവങ്ങളുടെ മശിഖ അഴിമതി കേസിൽ ജയിലിനകത്തായി. മുഖ്യമന്ത്രിയായി ജയിലിൽ കിടന്നും ഭരിച്ച് ആളുകളെ സേവിക്കാൻ തയ്യാറായ കെജ്‌രിവാളിന് ജനം വിശ്രമിക്കാൻ അവസരം നല്കിയിരിക്കുക ആണ്. ഡൽഹി രാഷ്ട്രീയത്തിൽ ഇനി ഒരിക്കലും ഒരു പക്ഷെ തിരിച്ചു വരാൻ കഴിയാത്തവണ്ണം ഏതൊരു രാഷ്ട്രീയ പാർട്ടിയെയും പോലെ ആപ്പിലും അന്തച്ഛിദ്രങ്ങൾ ഉടലെടുത്തു കഴിഞ്ഞു.
നല്ലൊരു ഭരണം വരുമെന്നും ഇന്ത്യയിൽ ഉടനീളം പാവങ്ങളുടെ പാർട്ടി അധികാരത്തിൽ എത്തുമെന്നും കണക്കു കൂട്ടി മോഹ ഭംഗത്തിൽ വീണത് ശരിക്കും സാധാരണ ജനങ്ങൾ ആണ് . കെജ്‌രിവാളും കൂട്ടരും ആദ്യത്തെ തവണ സത്യപ്രതിജ്ഞക്കു വന്നത് ഓട്ടോറിക്ഷയിലും മറ്റുമായിരുന്നു. അതും കാലിൽ സാദാ ചപ്പൽ ധരിച്ച് അതി സാധാരണക്കാരുടെ വേഷത്തിൽ. അധികാരത്തിൽ കയറിയ ഉടൻ എന്തെല്ലാം ആണ് കാണിച്ച് കൂട്ടിയത്. ഡ്രഗ്സ് സൂക്ഷിച്ചു എന്ന് ആരോ പറഞ്ഞതിൻ പ്രകാരം പോലീസിനെ ഒന്നും കൂട്ടാതെ മന്ത്രി തന്നെ വന്നു നീഗ്രോ കുടുംബത്തെ തല്ലി ചതക്കുക , മുഖ്യമന്ത്രി നേരിട്ട് ഓഫിസുകൾ കയറി ഇറങ്ങി ജീവനക്കാരുടെ മേൽ കുതിര കയറുക , പ്രശാന്തി ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങിയ നല്ല നേതാക്കളെ എല്ലാം പറഞ്ഞയച്ചു പാർട്ടിയെ പൂർണമായും കൈപ്പിടിയിലാക്കുക തുടങ്ങി ഒരു സാധാരണ മൂന്നാം കിട രാഷ്ട്രീയ പാർട്ടി നേതാവ് എന്തെല്ലാം ചെയ്യുമോ അതെല്ലാം കെജ്‌രിവാളും ചെയ്തു. മുഖ്യമന്ത്രിയുടെ ഭവനം മോടിപിടിപ്പിക്കാൻ എൺപതു കോടിയൊക്കെ എടുത്ത് മുടക്കാൻ ഒരു മടിയും കാണിക്കാത്ത ഒരു മുഖ്യമന്ത്രിയെ ആണ് പിന്നീട് കണ്ടത്. കോൺഗ്രസിനെ കുറ്റം പറഞ്ഞ കെജ്‌രിവാൾ ജയിൽ കിടക്കുമ്പോൾ ഭാര്യയെ മുഖ്യമന്ത്രി ആക്കാൻ ശ്രമിച്ചതും നമ്മൾ കണ്ടതാണ്.
കെജ്‌രിവാളിന്റെ പതനത്തിൽ തീർച്ചയായും ബിജെപി വളരെ വ്യക്തമായ പങ്കു വഹിച്ചിട്ടുണ്ട്. സ്വന്തം ലെഫ്റ്റനന്റ് ഗവർണറെ ഇറക്കി ഭരണം പിടിക്കുക, എൻഫോർസ്‌മെന്റ് ഏജൻസികളെ ഇറക്കി അഴിമതി കേസിൽ പെടുത്തുക , ഉപ മുഖ്യമന്ത്രിയെയും അവസാനം മുഖ്യമന്ത്രിയെയും ജയിലിൽ പിടിച്ചിടുക ഇങ്ങനെ ആ പാർട്ടിക്ക് എന്തെല്ലാം ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്തു. ശരിയാണ്. എന്നാൽ പ്രസക്തമായ ഒരു ചോദ്യം ഉദിക്കുന്നുണ്ട്. എഴുത്തും വായനയും അറിയാത്ത , നിയമ സാക്ഷരതാ ഇല്ലാത്ത സാധാരണക്കാരെ അല്ലല്ലോ ബിജെപി ജയിലിൽ ആക്കിയത്. മദ്യനയത്തിൽ അഴിമതി നടന്നിട്ടില്ല എന്ന് കോടതിയെ ധരിപ്പിക്കാൻ എത്ര അവസരങ്ങൾ ഉണ്ടായിട്ടും, കോടതിയിൽ ഹാജരാവാൻ തുടരെ നോട്ടീസുകൾ ലഭിച്ചിട്ടും അതെല്ലാം അവഗണിച്ച് ജനങ്ങളുടെ കോടതിയിൽ എല്ലാം വെളിപ്പെടുത്തും എന്ന് പറഞ്ഞു ഒടുവിൽ ജയിലിൽ ആയതിന് എന്തിനാണ് ബിജെപി യെ കുറ്റം പറയുന്നത്.
ഒരു ജനകീയ പ്രസ്ഥാനം ഒരിക്കലും പയറ്റരുതാത്ത കളികൾ ആണ് ആപ് ചെയ്തത്. അതിൽ ഒന്നാണ് മത പ്രീണനം. ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും , മുസ്ലീങ്ങൾക്കും അവരുടെ ഇഷ്ട്ട ആരാധനാ സ്ഥലങ്ങളിലേക്ക് തീർത്ഥാടനം സർക്കാർ ചിലവിൽ അനുവദിക്കുമെന്നാണ് ഗോവ ഇലക്ഷന് വച്ച വാഗ്ദാനം. ഡൽഹിയിൽ ഒരു പാട് സൗജന്യങ്ങൾ ആണ് വാരിക്കോരി കൊടുത്തത് . ഒരു ഗവൺമെന്റ് നിലനിൽക്കേണ്ടത് അത് നൽകിയ സൗജന്യങ്ങളുടെ ബലത്തിൽ ആവരുത്. സൗജന്യങ്ങളല്ല , ജനത്തിന് താങ്ങാവുന്ന നിരക്കിൽ സേവനങ്ങൾ നൽകുകയാണ് വേണ്ടത് . മത പ്രീണനം ഒരു നല്ല ഗവൺമെന്റിന്റെ അജണ്ടയിൽ ഒരിക്കലും കടന്നു വരരുതാത്തതാണ്. എന്നാൽ ആപ്പ് ഇക്കാര്യത്തിൽ ബിജെപിയുടെ ബി ടീം ആയി മാറുക ആണ് ചെയ്തത്. ഇത്തരം പരീക്ഷണങ്ങൾ നിലവിൽ ധാരാളം ഉണ്ട്. അതായതു, അത് മാത്രമേ ഇപ്പോൾ ഉള്ളൂ എന്നതാണ് സത്യം.. അതിന്റെ കൂടെ ആപ്പിന്റെ ഒരാവശ്യം ഇല്ല തന്നെ. ആപ്പേ, സന്തോഷത്തോടെ മടങ്ങുക. വരുവാനുള്ളവൻ നീയല്ല .
സൽഭരണം അൽപ്പം വിഷമമുള്ള കാര്യമാണ്. അതിനു ആത്മാർത്ഥത വേണം, അറിവ് വേണം. പ്രായോഗികത വേണം. എല്ലാവരെയും ഒന്നായി കാണാനുള്ള കഴിവുണ്ടാവണം. ഹൃസ്വമായ നേട്ടങ്ങൾക്കു വേണ്ടി പ്രാദേശികമോ, മതപരമോ ആയ പ്രീണനങ്ങൾക്ക് നിന്ന് കൊടുക്കുകയുമരുത് . ഇലക്ഷനിൽ ഒരു പക്ഷെ തോറ്റു പോയാലും ആദർശങ്ങൾ മുറുകെ പിടിച്ച് കൊണ്ട് മുന്നോട്ട് പോയാൽ ആ പ്രസ്ഥാനത്തെ ജനങ്ങൾ മാറോട് ചേർക്കുക തന്നെ ചെയ്യും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ