കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2026 സെപ്റ്റംബർ 15, ചൊവ്വാഴ്ച
കരണ്ടുപോയ കേരളം
കേരളം വീണ്ടും പവർ കട്ടിലേക്ക് മാറിയിരിക്കുകയാണ്. അര മണിക്കൂറും ഒരു മണിക്കൂറും ഒക്കെയായി പവർ കട്ട് വരുന്നു. പണമുള്ളവർ ഇൻവെർട്ടറുകളും ഓഫ് ഗ്രിഡ് സോളാർ പ്ലാന്റുകളും സ്ഥാപിച്ചിരിക്കുന്നതിനാൽ ഇതൊന്നും അറിയുന്നുണ്ടാവില്ല. എന്നാൽ സാധാരണക്കാർ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. സർക്കാർ ആശുപത്രികൾ ഒക്കെ ഇരുട്ടിൽ ആണ് . ഉമ്മൻ ചാണ്ടി ഗവൺമെന്റ് 2014 ൽ ഒപ്പിട്ട 25 വർഷത്തേക്കുള്ള വില കുറഞ്ഞ ദീർഘകാല വൈദുതി കരാറുകൾ പിണറായി വിജയൻ ഗവൺമെന്റ് ക്യാൻസൽ ചെയ്തതാണ് ഇതിനു കാരണം എന്ന് പറഞ്ഞു ഭരണപക്ഷവും , കെടുകാര്യസ്ഥതയും പിടിപ്പുകേടും തങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കേണ്ട എന്ന് പറഞ്ഞു പ്രതിപക്ഷവും പരസ്പരം കൊമ്പു കോർക്കുമ്പോൾ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് സാധാരണ ജനങ്ങൾ വലിച്ചിഴക്കപ്പെടുന്നതിനോടൊപ്പം സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങളും മങ്ങുകയാണ് എന്ന വസ്തുത സൗകര്യപൂർവ്വം ഇക്കൂട്ടർ മറന്നുകളയുകയാണ്.
അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനം ആണ് നമ്മുടേത്. വ്യക്തികളുടെ ജീവിത നിലവാരവും സാമ്പത്തിക സുരക്ഷിതത്വവും പരിഗണിക്കുകയാണെങ്കിൽ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെക്കാളൊക്കെ വളരെ മുന്നിലാണ്. അത് കൊണ്ട് തന്നെ എല്ലാ വീടുകളും വൈദുതീകരിക്കപ്പെടുകയും ഇലക്ട്രിക്ക് വാഹനങ്ങളും ഇലക്ട്രിക്ക് ഉപകരണങ്ങളുമൊക്കെ സർവ്വസാധാരണമായിക്കൊണ്ടിരിക്കുകയുമാണ്. സ്വാഭാവികമായും കറണ്ട് ഉപഭോഗം വർധിക്കും. ഇത്തരം പ്രതിസന്ധികൾ മുന്നിൽ കണ്ട് അതിനുള്ള പരിഹാരം കണ്ടുപിടിച്ച് സംസ്ഥാനത്തെ മുന്നോട്ടു നയിക്കുക എന്നതാണ് നമ്മൾ അതത് കാലത്തെ സർക്കാരുകളിൽ നിന്ന് പ്രതീക്ഷിക്കുന്നത്..
സംസ്ഥാനത്തിന്റെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായത് 2012 ൽ ആണ് . മോശം മഴക്കാലം ആയിരുന്നതിനാൽ ജലസംഭരണികൾ വറ്റി വരണ്ടു. ജലവൈദ്യുതി പദ്ധതികളെ കൂടുതൽ ആശ്രയിക്കുന്നതിനാൽ മോശമായ മൺസൂൺ സംസ്ഥാനത്തെ ഇരുട്ടിലാക്കുക പതിവായി . ഉയർന്ന റേറ്റിൽ വൈദുതി വാങ്ങിച്ചും , പവർ കട്ട് ഏർപ്പെടുത്തിയും വലഞ്ഞ വൈദുതി ബോർഡ് ദീർഘകാല അടിസ്ഥാനത്തിൽ 850 മെഗാവാട്ട് വൈദുതി വാങ്ങാൻ 2014 ൽ ടെൻഡർ ക്ഷണിച്ചു. എന്നാൽ ഇതിനു വേണ്ടി നടത്തിയ ടെണ്ടർ നടപടിക്രമങ്ങളിൽ ബോധപൂർവ്വമോ, അനാസ്ഥ മൂലമോ അപാകതകൾ ഉണ്ടായി. തീപ്പെട്ടി വാങ്ങിക്കാൻ പോലും ടെണ്ടറും കൊട്ടേഷനും ഒക്കെ ക്ഷണിച്ചു ഏറ്റവും കുറഞ്ഞ നിരക്ക് കോട്ടു ചെയ്ത ആളിൽ നിന്ന് വാങ്ങി , തികയാതെ വന്നാൽ അതിൽ നിന്ന് ചെറിയ വ്യത്യാസത്തിൽ കൂടുതലാണ് തൊട്ടടുത്തുള്ള കക്ഷികളുടെ നിരക്കെങ്കിൽ അവരെയും വിളിച്ച് നെഗോഷിയേഷൻ നടത്തി, അതും പറ്റാതെ വന്നാൽ റീ ടെണ്ടർ ചെയ്തുമൊക്കെ വാങ്ങുന്ന സർക്കാർ , കോടിക്കണക്കിനു രൂപയുടെ വൈദുതി വാങ്ങിയപ്പോൾ ഇതൊന്നും പാലിച്ചില്ല.
2014 ൽ വൈദുതി ബോർഡ് 865 മെഗാവാട്ട് വൈദുതിയും 4.26 മുതൽ 4.29 രൂപ വരെയുള്ള താരിഫുകളിൽ വാങ്ങുന്നതിനുള്ള കരാറുകൾ ഉണ്ടാക്കിയെങ്കിലും, 2016 ൽ കേരള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുന്നിലെത്തിയപ്പോൾ, ടെണ്ടറിലെ പാകപ്പിഴകൾ കണ്ടു പിടിച്ചു. 850 മെഗാവാട്ട് വൈദുതി വാങ്ങാൻ ക്ഷണിച്ച ടെണ്ടറിൽ 865 മെഗാവാട്ട് വൈദുതിക്ക് കരാർ ഒപ്പിട്ടു എന്നത് ഒന്നാമത്തെ പ്രശ്‍നം. ഇതിൽ തന്നെ 300 മെഗാവാട്ട് വൈദുതി ക്രമപ്രകാരം ഏറ്റവും കുറഞ്ഞ വില കോട്ട് ചെയ്ത കമ്പനിയിൽ നിന്ന് വാങ്ങിയത് അംഗീകരിച്ചപ്പോൾ 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ വില ക്വോട്ട് ചെയ്ത കമ്പനിയിൽ നിന്ന് അല്ലാതെ വാങ്ങുകയും , ടെണ്ടർ നടപടിക്രമങ്ങളിൽ നിന്ന് ഗുരുതരമായ വ്യതിയാനങ്ങൾ വരുത്തുകയും ചെയ്തതായി കണ്ടെത്തി. എന്നാൽ സംസ്ഥാനത്തിന്റെ വൈദുതി ക്ഷാമം കണക്കിലെടുത്ത് 465 മെഗാവാട്ട് വൈദുതിക്ക് കേന്ദ്ര ഗവണ്മെന്റിന്റെ അംഗീകാരം വാങ്ങിച്ചെടുക്കണം എന്ന നിബന്ധനയിൽ താൽക്കാലികമായി വാങ്ങാൻ അനുമതിക്കുകയും ചെയ്തു. 100 മെഗാവാട്ടിന്റെ ഒരു കരാർ പിന്നീട് പ്ലാന്റ് പ്രവർത്തനം ആരംഭിക്കാത്തതിനാൽ അവസാനിപ്പിക്കുകയും ചെയ്തു. ഇതാണ് വില കുറഞ്ഞ വൈദുതി കരാറിന്റെ ചുരുക്കം.
465 മെഗാവാട്ട് ടെണ്ടറുകളുടെ അംഗീകാരത്തിനായി 2016 ലും 2019 ലും കേന്ദ്ര സർക്കാരിനെ സമീപിച്ചെങ്കിലും, ടെണ്ടർ നടപടിക്രമത്തിലെ വ്യതിയാനങ്ങൾക്ക് മുൻകൂർ അനുമതി വേണമായിരുന്നുവെന്നും, നടന്നുകഴിഞ്ഞ നടപടികളെ പിന്നീട് അംഗീകരിക്കാൻ കഴിയില്ലെന്നുമായി കേന്ദ്രം . 2023 വരെ ഈ താൽക്കാലിക സംവിധാനത്തിൽ വൈദുതി വാങ്ങൽ തുടർന്നു. ഒടുവിൽ 2023 ൽ കേരള വൈദുതി റെഗുലേറ്ററി കമ്മീഷൻ അന്തിമ അംഗീകാരം നിഷേധിച്ചതോടെ 465 മെഗാവാട്ടിന്റെ ഈ കരാറുകൾ നിയമപരമായി നിലനിൽക്കാത്ത അവസ്ഥയിലെത്തി. തുടർന്ന് സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കരാർ പുനർജ്ജീവിപ്പിക്കാൻ നോക്കിയോയെങ്കിലും നടന്നില്ല. വില കൂടിയ വൈദുതി വാങ്ങൽ ആയി പിന്നെ. അതിന്റെ ഭാരം സർക്കാർ പതിയെ ജനങ്ങളിലേക്ക് പകർന്നു. മൺസൂൺ ദുർബലമായതും , പീക്ക് സമയങ്ങളിൽ യൂണിറ്റിന് 30 രൂപക്ക് പോലും വൈദുതി വാങ്ങാൻ സർക്കാർ നിർബന്ധിക്കപ്പെടുന്നിടത്തുമാണ് ഇപ്പോഴത്തെ പവർ കട്ട് . ഇതിനിടയിൽ 2025 ൽ ഉത്തരാഖണ്ഡിലെ തെഹ്‌രി പമ്പ്ഡ് സ്റ്റോറേജ് പ്രോജക്റ്റ് നമുക്ക് പീക്ക് സമയത്ത് യൂണിറ്റിന് 6 രൂപക്ക് വൈദുതി ദീർഘ കാല കരാറിൽ തരാമെന്നു പറഞ്ഞെങ്കിലും നമ്മൾ വാങ്ങിയില്ല. അതിന്റെ യുക്തി എന്താണാവോ ?!
ഭരണ രംഗത്തുണ്ടാകുന്ന ഇത്തരം പ്രതിസന്ധികൾക്കൊക്കെ പ്രധാന കാരണം അറിവും, വിവേകവും ,പ്രായോഗികജ്ഞാനവും ഒത്തിണങ്ങിയ മന്ത്രിമാർ നമുക്കില്ലാത്തതാണ് . ഓരോ പാർട്ടിയും മത്സരിപ്പിക്കുക ഏറ്റവും കർക്കശക്കാരെയും, രാഷ്ട്രീയ സ്വാധീനം ഉള്ളവരെയുമാണ്. അറിവ്, വിവേകം , പ്രായോഗിക ജ്ഞാനം ഇതൊന്നും ഒരു ഘടകം അല്ല. അതിനുള്ള നല്ല ഉദാഹരണമാണ് മൺസൂൺ മോശമായ ഈ കാലത്തും, പ്രകൃതി ക്ഷോഭങ്ങളും , ദുരന്തങ്ങളും ആറ്റൊഴിയാത്ത നമ്മുടെ നാട്ടിൽ വൈദുതി ക്ഷാമം പരിഹരിക്കാൻ കണ്ടു പിടിച്ച മാർഗം. 10 ജല വൈദുത പദ്ധതികൾ ആണ് ഇപ്പോൾ തയ്യാറായിക്കൊണ്ടിരിക്കുന്നത് . 17 എണ്ണം കൂടി പണിയാനുള്ള പദ്ധതികൾ തയ്യാറാക്കുന്നു. ഇവരുടെയൊക്കെ തലയിൽ നെല്ലിക്കാത്തളം തന്നെ വയ്ക്കണോ? ചെലവ് കുറഞ്ഞ സൗരോർജ വൈദുതി വ്യാപിപ്പിക്കുക എന്നതാണ് ഒരു പരിഹാരം. മറ്റൊന്ന് പമ്പിട് സ്റ്റോറേജ് പ്രൊജെക്ടുകൾ . വെള്ളം സ്റ്റോർ ചെയ്യാനുള്ള ഒരു റിസെർവോയർ ഒരു മല മുകളിൽ സൃഷ്ടിക്കുക. താഴെ മറ്റൊരു റിസെർവോയറും. പകൽ സോളാർ വൈദുതി ഉപയോഗിച്ച് താഴെ നിന്ന് വെള്ളം പമ്പു ചെയ്ത് മുകളിലെ മുകളിലെ റിസർവോയറിൽ നിറയ്ക്കണം. രാത്രി പീക്ക് സമയത്ത് ഈ വെള്ളം ജനറേറ്ററുകൾ വഴി കറന്റ് ഉൽപ്പാദിപ്പിച്ചു വിതരണം ചെയ്യുക. ഇപ്പോഴെന്നപോലെ വെള്ളം ഒഴുകി പോകില്ല . ഉത്തരാഖണ്ഡിൽ ഒക്കെ അവർ ഇങ്ങനെ ആണ് കറന്റ് ഉണ്ടാക്കുന്നത്. പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടിന്റെ ഒരു ചെറിയ ഡയഗ്രം കാണൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ