കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2023, ഓഗസ്റ്റ് 30, ബുധനാഴ്‌ച
ശാസ്ത്രവും വിശ്വാസവും
ശാസ്ത്രവും വിശ്വാസവും ഒന്നിച്ച് പോകുക സാധാരണഗതിയിൽ ബുദ്ധിമുട്ടാണ്. ഓരോ പ്രതിഭാസങ്ങളെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അപഗ്രഥിച്ച് മനസിലാക്കുന്നതാണ് ശാസ്ത്രമെങ്കിൽ വിശ്വാസത്തിന് ആധാരമായിട്ടുള്ളത് കേവല വിശ്വാസം മാത്രമാണ്. ശാസ്ത്ര അറിവുകൾ തലമുറകളായി കൈമാറുന്നത് പോലെ വിശ്വാസവും കൈമാറ്റം ചെയ്യപ്പെടുന്നു. മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയ കാലം മുതൽ എന്ന് പറയാം രണ്ടിന്റെയും പ്രാഗ്‌രൂപങ്ങളുടെ ഉത്ഭവം. സാധാരണ മനുഷ്യർ ഒരേ സമയം തന്നെ ശാസ്ത്ര കാര്യങ്ങളിൽ വ്യാപാരിക്കുന്നവരും മതപരമായ കാര്യങ്ങൾ വരുമ്പോൾ ശാസ്ത്രത്തെ പാടെ ഉപേക്ഷിച്ച് വിശ്വാസത്തെ മുറുകെ പിടിക്കുന്നവവരും ആണ്. എന്നാൽ ശാസ്ത്രജ്ഞൻമാരും, ശാസ്ത്രത്തിന്റെ ടൂളുകൾ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളും, ഒക്കെ ശാസ്ത്രവും വിശ്വാസവും കോർത്തിണക്കിയ ഒരു ജീവിതം നയിച്ചു കാണുമ്പോൾ അത് ഒരഭംഗിയായി തോന്നുക സ്വാഭാവികമാണ്. സാധാരണ ജനങ്ങളിൽ അത് സ്രഷ്ട്ടിക്കുന്ന ഒരു കൺഫ്യൂഷൻ ആണ് ഏറ്റവും പ്രധാനം.
നമ്മൾ ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറക്കി. പക്ഷെ അതിന്റെ ക്രെഡിറ്റ് ശാസ്ത്രത്തിന് പൂർണമായും നൽകാതെ ശാസ്ത്രജ്ഞൻമാർ തനി വിശ്വാസികളെ പോലെ പെരുമാറി ആരാധനാമൂർത്തികളെ പ്രാർത്ഥിക്കുന്നതും വഴിപാടുകൾ കഴിക്കുന്നതും ഒക്കെ കാണുമ്പോൾ ഒരസ്വസ്ഥത തോന്നുക സ്വാഭാവികമാണ്. ആസന്നമായ ഭൂമിയുടെ മൃത്യു മുന്നിൽ കണ്ട് ഗോളാന്തര യാത്രകൾ നടത്തി മറ്റു ഗാലക്‌സികളിൽ ജീവനെ പറിച്ച് നടാൻ കഴിയുമോ എന്ന അന്വേക്ഷണം ആണ് ശാസ്ത്രം നടത്തുന്നത്. ഒരു ദൈവത്തിനു പോലും തട്ടിമാറ്റാൻ കഴിയാത്തവണ്ണം അത്ര മാത്രം സുനിശ്ചിതമായ ഒന്നാണ് ഭൂമിയുടെ നാശവും ജീവന്റെയും അന്ത്യവും. അപ്പോൾ ശാസ്ത്രകാരന്മാരുടെ വിശ്വാസം സാധാരണ ജനത്തിന് എന്ത് സന്ദേശം ആണ് നൽകുക? ചെറുപ്പക്കാർ വിശ്വാസം ഉപേക്ഷിച്ച് ശാസ്ത്രത്തിലേക്ക് എങ്ങനെയാണ് വരിക?
ശാസ്ത്രത്തിനു ഒരു ഭൗതീക തലവും ( ഫിസിക്സ്) ഒരു അതിഭൗതീക ( മെറ്റാഫിസിക്സ് ) തലവും ഉണ്ട്. പ്രപഞ്ചത്തിലെ പദാർത്ഥത്തിന്റെ ചലനവും അവയുടെ നിശ്ചലാവസ്ഥയും ഒക്കെ പ്രത്യേക നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്ന് കണ്ടെത്തി ആ നിയമങ്ങൾ എല്ലാം വ്യാഖ്യാനിക്കാനാണ് ശാസ്ത്രം ശ്രമിച്ചത്. എന്നാൽ പദാർത്ഥം എങ്ങനെ ഉണ്ടായി ,ചലനം എങ്ങനെ ഉണ്ടായി, ആരാണ് ചലിപ്പിച്ചത് തുടങ്ങിയ ചോദ്യങ്ങൾ മെറ്റാഫിസിക്സ്ന്റെ തലത്തിൽ ഉള്ളതാണ് . ഇതിന് ശാസ്ത്രത്തിന് കൃത്യമായ ഉത്തരം തരാൻ കഴിയില്ല. പല തിയറികളും ഉണ്ട്. എന്നാൽ അവയൊന്നും തന്നെ അവസാനത്തേതും അല്ല. ഇവിടെയാണ് മതങ്ങൾ പ്രവർത്തിക്കുന്നത്. ഈ ഭൂമിയും സമസ്ത പ്രപഞ്ചവും ദൈവം ആണ് സ്രഷ്ട്ടിച്ചതെന്ന് മതങ്ങൾ സ്ഥാപിച്ചു. മരണാനന്തരം ദൈവം നല്ലവർക്ക് സ്വർഗ്ഗവും ദുഷ്ടന്മാർക്ക് നരകവും ഒരുക്കി വച്ചിട്ടുണ്ടെന്നും വിശ്വാസം. ശാസ്ത്രത്തിന്റെ മെറ്റാഫിസിക്സ് തലത്തിലെ ഈ ദൗർബല്യം മതങ്ങൾക്ക് തഴച്ചു വളരാനുള്ള മണ്ണായി മാറി.
എന്നാൽ ദൈവ വിശ്വാസത്തിന് തത്വ ശാസ്ത്രത്തിൽ നല്ല വ്യാഖ്യാനങ്ങൾ ഉണ്ട്. അരിസ്റ്റോട്ടിൽ ദൈവത്തിനെ പ്രഥമ ചാലകൻ (prime mover) എന്ന് വിളിച്ചു. ഈ ദൈവത്തെ പക്ഷെ പ്രത്യേക ഗുണ ഗണാദികൾ ഇല്ലാത്ത ഒന്നായാണ് അദ്ദേഹം വ്യാഖ്യാനിച്ചത്. ഈ വ്യാഖ്യാനം തന്നെ ആണ് ഭാരതീയർ ദൈവത്തിനു നൽകിയത്. ഉപനിഷത്തുക്കൾ അൾട്ടിമേറ്റ് റീയാലിറ്റിയെ ബ്രഹ്മം എന്ന് വ്യാഖ്യാനിച്ചു. പിന്നീട് ശങ്കരാചാര്യർ അതിന് പ്രചാരം നൽകി. നിർഗുണ ബ്രഹ്മം എന്നത് അരിസ്റ്റോട്ടിൽ ന്റെ prime mover നേക്കാൾ ഒരു പടികൂടി മുകളിൽ ആയി. ലോകത്തിൽ നിറഞ്ഞു നിൽക്കുന്ന ശക്തിയെ ബ്രഹ്‌മമായും, ഓരോ വ്യക്തികളിലും ഉള്ള ശക്തിയെ ആത്മൻ ആയും, മരണത്തെ ആത്മൻ ബ്രഹ്മ്മത്തിൽ ലയിക്കുന്നതായും വ്യാഖ്യാനിച്ചു. ബ്രഹ്‌മജ്ഞാനം ലഭിക്കാത്ത ആളുകൾ മാത്രമാണ് ലോകത്തെ നാമരൂപങ്ങളിലൂടെ അറിയുന്നതെന്നും ബ്രഹ്മത്തെ അറിയും വരെ ഈശ്വര പൂജ ആകാമെന്നും എന്നാൽ ഈശ്വരൻ ബ്രഹ്മത്തെ അറിയാനുള്ള ഒരുപാധി മാത്രമാണെന്നും ബ്രഹ്മജ്ഞാനം ലഭിച്ച ആൾക്ക് പിന്നെ ഈശ്വരന്റെ ആവശ്യം ഇല്ല എന്നും പറഞ്ഞു വച്ചത് ഏതു കാലഘട്ടത്തിലെയും ജ്ഞാനാന്വേക്ഷികൾക്ക് മാതൃക ആയി എടുക്കാവുന്നതാണ്. ഐൻസ്റ്റിൻ ഉൾപ്പെടെ ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞൻമാരൊക്കെ തന്നെ ഇത്തരം പാന്തീയ്സ്റ്റ് (Pantheist) കാഴ്ചപാടുകാരാണ്. ഈ കാഴ്ചപ്പാടിലൂടെ ഓരോ മതക്കാരും അവരവരുടെദൈവത്തെ കാണുമെങ്കിൽ ദൈവങ്ങൾ തമ്മിൽ വേർതിരിവ് ഇല്ലാതാവും. എല്ലാ ദൈവവും ഒന്നിന്റെ പര്യായം ആയി മാറും. പരമമായ അറിവ് ലഭിച്ചു കഴിഞ്ഞാൽ ദൈവവും നമ്മളും പ്രപഞ്ചവും എല്ലാം ഒന്നാണ് എന്ന കാഴ്ചപ്പാടിൽ എത്തി നിൽക്കും. ശാസ്ത്രരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഉണ്ടാവേണ്ടത് ആ അറിവാണ്. അല്ലാതെ അവർ ശാസ്ത്രത്തിന്റെ ദൗർബല്യം ആകാൻ പാടില്ല. വ്യക്തിപരമായ സ്പേസ് ആയി മതത്തെയും ഔദ്യോഗിക സ്പേസ് ആയി ശാസ്ത്രത്തെയും കാണുന്നത് ഇരട്ടത്താപ്പാണ്. ശാസ്ത്രത്തോടും ജനങ്ങളോടും ചെയ്യുന്ന വഞ്ചന ആണത്. മതാധിഷ്ഠിതമായ ഒരു രാഷ്ട്രത്തിൽ അധികാരം കയ്യെത്തി പിടിക്കാനുള്ള ഒരുപാധി മാത്രമാണത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ