കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2023, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച
ചന്ദ്രയാനിലെ അപശ്രുതികൾ
മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയോ എന്നത് ഇപ്പോഴും തർക്കവിഷയം ആണെങ്കിലും ഇന്ത്യയുടെ ചന്ദ്രയാൻ 3 ദക്ഷിണധ്രൂവത്തിൽ സുരക്ഷിതമായി ഇറങ്ങി എന്നത് പകൽ പോലെ സത്യമായിരിക്കുന്നു. ഈ ആഹ്ലാദ നിമിഷങ്ങൾ ലോകമെമ്പാടും ആഘോഷിച്ചെങ്കിലും ഇത് ധൂർത്തല്ലേ വിശക്കുന്ന മനുഷ്യന്റെ അന്നമെടുത്ത് വേണോ ഈ ധൂർത്ത് എന്നോർത്ത് വിലപിക്കുന്നവരും കുറവല്ല. ഈ ദൗത്യത്തിന്റെ പ്രസക്തി എന്താണെന്ന് പലർക്കും അങ്ങ് ബോധ്യമായിട്ടില്ല എന്നാണു തോന്നുന്നത്. ഇനി കുറെ കാശുള്ളവർ ചന്ദ്രനിൽ പോയി ടൂർ അടിച്ചു വരും. അതിനാണ് ഈ തോന്നിയവാസങ്ങൾ. എന്ന് ശുദ്ധഗതിക്കാരും ദൈവത്തിനെ വെല്ലുവിളിക്കുക ആണ് മനുഷ്യൻ, എവിടം വരെ എത്തുമെന്ന് നമുക്ക് കാണാല്ലോ എന്ന് മത വിശ്വാസികളും ചിന്തിക്കുമ്പോൾ ചന്ദ്രനെ ഒരു സ്പേസ് സ്റ്റേഷൻ ആക്കി വികസിപ്പിച്ചെടുക്കാനും അവിടെ നിന്ന് മറ്റൊരു സൗരയൂഥത്തിൽ കുടിയേറി പാർക്കാനും ഉള്ള തയ്യാറെടുപ്പിലാണ് ശാസ്ത്ര ലോകം. ഇതൊന്നും രാഷ്ട്രീയ കാർക്ക് അങ്ങ് കത്തിയിട്ടുണ്ടോ എന്ന് തോന്നുന്നില്ല. മുൻകാല ഭരണാധിപന്മാരുടെ പങ്കിനെകുറിച്ചോന്നും പരാമർശിക്കാതെ തങ്ങളുടെ ഭരണകാലത്തെ മികച്ച നേട്ടം എന്ന നിലയിൽ മാത്രം ആണ് അവർ ഇതിനെ കാണുന്നത് . ഈ ഭൂമിയിൽ തന്നെ ഒരു സുന്ദര ലോകം ഉണ്ടാകും എന്ന് മത വിശ്വാസികളെ പോലെ അവരും ചിന്തിക്കുകയും അക്കാലത്ത് ഭരിക്കാനായി തങ്ങളുടെ പാർട്ടി മാത്രമേ ഉണ്ടാകാവൂ എന്ന് വിചാരിച്ച് പ്രവർത്തിച്ചു പോരുക ആണ് ഓരോ രാഷ്ട്രീയ പാർട്ടികളും. പേടകം വിക്ഷേപിക്കുന്നതിനു മുമ്പ് എല്ലാമറിയുന്ന ശാസ്ത്രജ്ഞൻമാർ ദൈവത്തിന്റെ അനുഗ്രഹം വാങ്ങിയത് ഒരു കല്ലുകടി ആയി. ദൈവം വിചാരിച്ചിരുന്നെങ്കിൽ നമുക്ക് ഈ ഗതി വരില്ലായിരുന്നല്ലോ. രാഷ്ട്രീയ യജമാനൻമാരെ തൃപ്തി പെടുത്താൻ ആയിരിക്കണം അവർ അങ്ങനെ ചെയ്തത്.
സാധാരണ ആളുകൾ മനസ്സിലാക്കിയിട്ടുള്ളത് ഈ ഭൂമിയിൽ എത്ര വർഷം വേണമെങ്കിലും നമുക്ക് ജീവിക്കാൻ പറ്റും എന്നാണ് . മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർക്ക് ദൈവം നൽകിയ ഇടം ആണ് ഭൂമി. ദൈവത്തിന് അനിഷ്ടമായി ജീവിച്ചാൽ ദൈവം ഭൂമിയെ നശിപ്പിക്കും. അങ്ങനെ നശിപ്പിച്ച ചരിത്രം എല്ലാ മതക്കാർക്കും പറയാനുണ്ട് താനും. അങ്ങനെ ദൈവത്തെ പ്രാർത്ഥിച്ച് ദൈവത്തിന് വേണ്ടി മറ്റുള്ളവരോട് പോരടിച്ച് സർവരെയും അവരവരുടെ മതത്തിൽ ചേർത്ത് ദൈവത്തിന്റെ ഇഷ്ടക്കാരൻ ആയി സ്വർഗത്തിൽ സുഖമായി വാഴാം എന്നാണു ചിന്ത. എന്നാൽ എത്ര മൂഢലോകത്താണ് അത്തരക്കാർ കഴിയുന്നതെന്ന് അവർക്കറിയില്ല. ദൈവം ആണ് മനുഷ്യനെ സ്രഷ്ട്ടിച്ചത് എന്നാണ് ഇപ്പോഴും വിശ്വാസം. സൗരയൂഥത്തിലെ ഒരു ഗ്രഹം ആണ് ഭൂമി എന്നും സൂര്യൻ ആണ് ഭൂമിക്ക് ഊർജം പകർന്നു തരുന്നതെന്നും സൂര്യൻ ഇല്ലാതായാൽ ഭൂമി ഉണ്ടാവില്ല എന്നുമുള്ള അറിവ് ഇത്തരക്കാർക്ക് ഉണ്ടോ എന്നറിയില്ല.
സൂര്യനിലെ ഊർജത്തിന്റെ ഉറവിടം ഹൈഡ്രജൻ വാതകം കത്തി ഹീലിയം വാതകം ആയി മാറുന്നതാണ്. 450 കോടി വർഷമായി സൂര്യൻ കത്തിക്കൊണ്ടിരിക്കുന്നു. അതിന്റെ പകുതി ആയുസ് കഴിഞ്ഞിരിക്കുക ആണ്. അതായത് ഇനി ഒരു450 കോടി വർഷത്തേക്ക് കൂടി കത്താനുള്ള ഹൈഡ്രേജൻ മാത്രമാണ് സൂര്യനിൽ ഉള്ളത്. അത് കഴിഞ്ഞാൽ സൂര്യൻ വെളുത്ത കുള്ളൻ എന്ന ഒരു അവസ്ഥയിലേക്ക് മാറുകയും അതിന്റെ ആകർഷണ ശക്തി വളരെ വർധിച്ചു സ്വന്തം ഗ്രഹങ്ങളെയും അതിലേക്ക് വലിച്ചടുപ്പിച്ച് നീണ്ട സമാധിയിലേക്ക് കടക്കുകയും ചെയ്യും . അതിന് എത്രയോ കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവന്റെ കണികകൾ അപ്രത്യക്ഷമായിട്ടുണ്ടാകും. ഇപ്പോൾ തന്നെ ചൂട് കൂടി വരുന്നു. ഇനി ചൂട് വർധിച്ചു ഭൂമിയിലെ സകല ഐസ് പാളികളും ഉരുകി ഒലിച്ച് ഒരു വെള്ളപ്പൊക്കം ഉണ്ടാകും. അന്ന് നോഹിന്റെ പെട്ടകം കൊണ്ടൊന്നും ഒരു രക്ഷയും ഉണ്ടാകില്ല. പിന്നീട് ചൂട് കൂടി വെള്ളം വറ്റി ഭൂമി വരണ്ടുണങ്ങാൻ തുടങ്ങും .അതിനും വളരെ നാളുകൾക്ക് മുമ്പ് മനുഷ്യൻ ഭൂമിയിൽ നിന്ന് മറ്റൊരു സൗരയൂഥത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള വഴിയാണ് ചന്ദ്രയാൻ ഉൾപ്പെടെയുള്ള പര്യവേഷണങ്ങൾ വഴി ശാസ്ത്ര ലോകം തേടുന്നത്. ഇക്കാര്യത്തിനെല്ലാം മനുഷ്യന്റെ കൈ വശം ഇനി അവശേഷിക്കുന്നതോ ആയിരം അല്ലെങ്കിൽ രാണ്ടായിരം വർഷം മാത്രം. അപ്പോൾ മുണ്ടു മുറുക്കി ഉടുത്തിട്ടാണെങ്കിലും മുറുമുറുപ്പില്ലാതെ വരും തലമുറയെ ഓർത്ത് ശാസ്ത്ര ഗവേഷണങ്ങളോട് നമ്മൾ സഹകരിക്കേണ്ടതുണ്ട് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ