കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2023, ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച
ജനാധിപത്യത്തിലെ നല്ല നാളുകൾ
ജനാധിപത്യം മനോഹരമാകുന്നത് ജനങ്ങൾ ബോധപൂർവം തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ ഭരണം നടത്തുമ്പോൾ ആണ്. ഇന്ന് നമ്മുടെ രാജ്യത്തുടനീളം കാണുന്ന ഭരണ വ്യവസ്ഥയെ ജനാധിപത്യം എന്ന് വിളിച്ച് വരുന്നുണ്ടെങ്കിലും അതിൽ ജനതാൽപ്പര്യത്തിന് ഒരു സ്ഥാനവും ഇല്ല. പണ്ട് ജനാധിപത്യത്തെ നിയന്ത്രിച്ചിരുന്നത് ഭൂപ്രഭുക്കൾ ആയിരുന്നെങ്കിൽ ഇന്ന് മതാധിഷ്ടിതമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന പാർട്ടികൾ ആണ് അതിന്റെ അമരക്കാർ എന്ന് മാത്രം. പലവിധ സ്വാധീനങ്ങൾക്കും ഭീഷണികൾക്കും വിധേയരായി സമ്മതിദാനം വിനിയോഗിക്കുന്ന യന്ത്രസമം ആണ് ജനങ്ങൾ ഇന്ന്.
നമ്മൾ പോലും അറിയാതെ നമ്മളോരോരുത്തരും വർഗീയമായി സംഘടിപ്പിക്കപ്പെട്ടിരിക്കുക ആണ് . രണ്ടു തരത്തിലുള്ള രാഷ്ട്രീയമാണ് ഇവിടെ ഉള്ളത്. ഭൂരിപക്ഷ രാഷ്ട്രീയവും ന്യൂനപക്ഷ രാഷ്ട്രീയവും. അവരവരുടെ വോട്ടു ബാങ്കുകൾ ഏതു മതത്തിൽ പെടുന്നവർ ആണ് എന്ന് മനസിലാക്കി അതനുസരിച്ചാണ് വർഗീയ പ്രീണനം നടത്തുന്നത് . ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ വളർച്ച അത്ഭുതകരം തന്നെ ആണ്. ഇനി ഒരു പത്തിരുപത് വര്ഷം ഭരിക്കാനുള്ള ചേരുവകൾ ആ പാർട്ടിക്കുണ്ട്. 70 ശതമാനത്തിനു മുകളിൽ ഹിന്ദുക്കളുള്ള ഈ രാജ്യത്ത് ആ പാർട്ടിയുടെ കരുത്തായിരിക്കുന്നത് ഹൈന്ദവ വിശ്വാസവും അതിന്റെ സംരക്ഷണവും ആണ്. മറ്റു പാർട്ടിക്കാരും വെറുതെയിരുന്നില്ല. വർഗീയ ചേരിതിരിവുകൾ മനസിലാക്കി അതിനെ പ്രതിരോധിച്ച് തങ്ങളുടെ വോട്ടു വിഹിതം നിലനിർത്താൻ അവർ ആവോളം പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. വൈകി ഓടിയവന്റെ കുറവ് ഒരു കുറവായി തന്നെ നിലനിന്നു. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കണോ അതോ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കണോ എന്ന ചിന്താക്കുഴപ്പം അവരെ ഈ മത്സരത്തിൽ വളരെ ദൂരം പിന്നിലാക്കി. എന്നാൽ സംസ്ഥാനങ്ങളിൽ ചില പാർട്ടികൾ ഇതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
എങ്ങോട്ടാണ് നമ്മൾ പോകുന്നത്? എന്തിനും ഏതിനും എന്തിനാണ് മതാടിസ്ഥാനത്തിൽ നമ്മൾ ചിന്തിക്കുന്നത്? ഇന്ത്യയിൽ ന്യൂനപക്ഷങ്ങളിൽ പെടുന്നവരും ഭൂരിപക്ഷത്തിൽ പെടുന്നവരും ഒരേ മതക്കാർ തന്നെയാണ് എന്ന് മനസിലാകാത്തതോ മനസിലാക്കാത്തതോ? ഒന്നും അഞ്ചും നൂറ്റാണ്ടുകളിൽ മാത്രം രൂപം കൊണ്ട രണ്ടു പ്രബല മത സമൂഹമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ ആയി കരുതപ്പെടുന്നത്. അതിനു മുമ്പ് ഇവരുടെ പൂർവികർ ആരായിരുന്നു എന്ന് ചിന്തിച്ചിരുന്നെങ്കിൽ ഈ ഭൂരിപക്ഷ ന്യൂനപക്ഷ ഭീതി നമുക്കുണ്ടാകുമായിരുന്നില്ല. പല നിറത്തിലുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ഒരേ ജനസമൂഹം തന്നെയാണ് നമ്മൾ.
മതം ആണ് ആളുകളെ അകറ്റുന്നത് . മത വിശ്വാസം വേണ്ട എന്ന് വയ്ക്കുക എല്ലാവർക്കും സാധ്യമല്ല. പക്ഷെ മതം വ്യക്തിപരം ആകണം. മതപരമായി സംഘടിക്കുകയോ സമ്മർദ ശക്തിയായി നിൽക്കുകയോ ചെയ്‌താൽ സംഭവിക്കുന്നത് സർവ നാശമായിരിക്കും. അതിന് നിർബന്ധിക്കുന്ന രാഷ്ട്രീയ മത നേതാക്കളെ പുറത്താക്കുക തന്നെ വേണം. ജനങ്ങൾ അങ്ങനെ ചെയ്യുമെങ്കിൽ പിന്നെ രാഷ്ട്രീയക്കാർക്ക് പുതിയ റോൾ ആണുള്ളത് . ന്യൂനപക്ഷ ഭൂരിപക്ഷ ഭീതി ഇല്ലാത്ത സാഹചര്യത്തിൽ അവർ അഴിമതി ഇല്ലാത്ത നല്ല ഭരണം കാഴ്ചവയ്ക്കാൻ നിർബന്ധിക്കപ്പെടും . കഴിവും പ്രാപ്തിയും നല്ല വിദ്യാഭ്യാസവും ഉള്ള മിടുക്കൻ മാർ രാഷ്ട്രീയത്തിലേക്ക് കടന്നു വരും. തെമ്മാടിയുടെ അവസാന അഭയസ്ഥാനം ആണ് രാഷ്ട്രീയം എന്ന അവസ്ഥ മാറും. ജീവിതാവസാനം വരെ ഭരിച്ച് കസേരയിലിരുന്നു മരിക്കുന്ന സാഹചര്യം ഉണ്ടാവില്ല. . രാഷ്ട്രീയം തൊഴിൽ ആയി സ്വീകരിക്കാൻ ആരെയും അനുവദിക്കരുത്. തൊഴിലാളി നേതാവ് വിയർപ്പിന്റെ അസുഖം ഉള്ള ആളാകരുത് . രാജ്യം തീർച്ചയായിട്ടും മാറും. അതിന് ഞാനും നിങ്ങളും നമ്മുടെ ദൈവത്തിനെ വീട്ടിലേക്കും ഹൃദയത്തിലേക്കും കൊണ്ടുപോയാൽ മാത്രം മതി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ