കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2024, നവംബർ 28, വ്യാഴാഴ്‌ച
മതാവിഷ്ടർ
മതങ്ങൾ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷെ മനുഷ്യർ ഇതിലും സന്തോഷത്തോടെ ജീവിക്കുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഹാപ്പിനെസ്സ് ഇൻഡക്സിൽ മുകളിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്നും തന്നെ മതം ഇല്ല എന്നതാണ് അതിനൊരു തെളിവ്. ഇന്ത്യയും, അഫ്ഗാനിസ്ഥാനും , പാകിസ്ഥാനും ഒക്കെ ഉൾപ്പെടുന്ന മതാടിസ്ഥാനത്തിൽ ചിന്തിക്കുന്ന രാജ്യങ്ങൾ ഈ ഇൻഡക്സിൽ വളരെ താഴെ ആണെന്നുള്ളത് ഈ വിശ്വാസത്തിനെ കൂടുതൽ ബലപ്പെടുത്തുന്നു. സഹജീവികളോടുള്ള പെരുമാറ്റങ്ങൾ മതമൂല്യങ്ങളുമായി കൂട്ടിക്കെട്ടി തീരുമാനമെടുക്കുന്നവർ ആണ് മത രാജ്യങ്ങളിൽ ഉള്ളത്. ദൈവം ആണ് അവരെ നയിക്കുന്നത്. ദൈവം വെറുക്കാനും കൊല്ലാനും പറഞ്ഞാൽ രണ്ടാമതൊന്നാലോചിക്കാതെ നടപ്പാക്കാൻ ഇറങ്ങി പുറപ്പെടുക ആണ് ഇക്കൂട്ടർ ചെയ്യുക. സ്വന്തം പുത്രനെ ബലി നൽകാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ ഒരു ഒട്ടകത്തിന്റെ പുറത്ത് പുത്രനെയും ഇരുത്തി , വിറകുമായി ബലിസ്ഥലത്തേക്ക് രണ്ടാമതൊന്നാലോചിക്കുക പോലും ചെയ്യാതെ ഇറങ്ങി പുറപ്പെട്ട ഒരു പിതാവ് യഹൂദനും , ക്രിസ്ത്യാനിക്കും, മുസ്ലീമിനും ഉണ്ട്. വളരെ ഭക്തിയോടെയാണ് ഇക്കൂട്ടർ ഈ സംഭവത്തെ ഓർമപ്പെടുത്തുന്ന ദിവസം ആഘോഷിക്കുന്നത്. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടുള്ള പിതാവായിരുന്നെങ്കിൽ ദൈവത്തെ നിഷേധിക്കുകയും സ്വയം ബലിമൃഗം ആയി മാറുകയും ചെയ്യുമായിരുന്നു. മതവും, ദൈവത്തിന്റെ വാക്കുകളും ആണ് വിശ്വാസികളുടെ പ്രമാണം. അവർക്ക് ജനാധിപത്യ മൂല്യങ്ങളും , പരസ്പര സ്നേഹവും വിശ്വാസവും ഒക്കെ അതിനു താഴെയേ വരുന്നുള്ളു.
കാലം ഏറെ മാറിക്കഴിഞ്ഞു. ഇരുണ്ട കാലഘട്ടത്തിൽ നിന്നും നമ്മൾ വളരെ മുമ്പോട്ടെത്തിക്കഴിഞ്ഞു. നമുക്കറിയാത്ത ഒരു പാട് കാര്യങ്ങൾ ഈലോകത്ത് ഉണ്ട്. എന്നാൽ കുറെ കാര്യങ്ങൾ ഒക്കെ നമ്മൾ ഇതിനോടകം മനസിലാക്കിയിട്ടുമുണ്ട്. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടിയല്ല , മറിച്ച് ദൈവം ആണ് മനുഷ്യന്റെ സൃഷ്ട്ടി എന്ന കാര്യം. നോക്കെത്തുന്ന ദൂരത്തിലുള്ള ആകാശവും, ഭൂമിയും കടലും നൽകിയ പരിമിതമായ അറിവിൽ നിന്നും ഗ്രഹങ്ങളിലേക്കും , അതിനും പുറത്തുള്ള അനന്തമായ വിഹായസിലേക്കും ഒക്കെ കണ്ണെത്തിച്ചു മനുഷ്യൻ മനസിലാക്കിയ ഒരു കാര്യം ഉണ്ട്. നമ്മൾ ആരാലും സൃഷ്ടിക്കപ്പെട്ട ജീവികളല്ല , മറിച്ച് അനുകൂല, ഭൗതീക സാഹചര്യങ്ങളിൽ ചെറു കീടങ്ങൾ രൂപം കൊള്ളുന്നത് പോലെ പരിണമിച്ചുണ്ടായതാണ്. മാത്രവുമല്ല നമ്മുടെ വാസസ്ഥലമായ ഈ ഭൂമി ഇനി അധിക കാലം ഇനി ഉണ്ടാവില്ല . മനുഷ്യൻ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപ്പെടാനുള്ള സാഹചര്യം നാൾക്കുനാൾ രൂപപ്പെട്ടു വരുകയും ചെയ്യുന്നു. പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഇര പിടിക്കാൻ ശ്രമിക്കുന്നത് പോലെ , മനുഷ്യൻ ഇതൊന്നും അറിയാതെ ഇല്ലാത്ത ദൈവത്തിന്റെ അപദാനങ്ങൾ പാടിക്കൊണ്ട് , പരസ്പരം വെറുപ്പും , വൈരവും പടർത്തി ദുസ്സഹമായ ഒരന്തരീക്ഷം തീർക്കുകയാണിവിടെ.
മതങ്ങൾ ഉണ്ടാക്കുന്ന ഈ വെറുപ്പിന്റെ സാമൂഹിക അവസ്ഥ മുതലാക്കുന്നതു രാഷ്ട്രീയ പാർട്ടികൾ ആണ്. കൃത്യമായ രാഷ്ട്രീയം പറഞ്ഞു വോട്ടുപിടിക്കാൻ അവർ ശ്രമിക്കുന്നില്ല. അതിനു പകരം വിവിധ മതങ്ങളെ പ്രാദേശികമായും, ദേശീയമായും ഉപയോഗപ്പെടുത്തി സാങ്കേതികമായ ഭൂരിപക്ഷം ഉണ്ടാക്കി ഭരണം നടത്തുകയാണ്. ഒരു രാജ്യത്തെ ജനത പ്രാഥമികമായും ആ രാജ്യത്തിൻറെ സംസ്ക്കാരത്തിനൊത്ത് വേണം ജീവിക്കാൻ. വേഷത്തിലും, ഭാഷയിലും , സംസ്‌കാരത്തിലും ഏകത്വം വരുമ്പോഴേ ഒന്നാണ് എന്ന തോന്നൽ ഉണ്ടാവൂ. സമൂഹത്തിലെ പൊതു ധാരയിൽ നിന്നും മാറിനിന്ന് ചിന്തിക്കുകയും, വ്യത്യസ്തമായി പെരുമാറുകയും ചെയ്യുമ്പോൾ ഒന്നാണ് എന്ന തോന്നൽ ഉണ്ടാകില്ല. പണ്ട് ദാരിദ്ര്യം കൊടികുത്തിവാണ കാലത്ത് എല്ലാവർക്കും എല്ലാവരെയും വേണമായിരുന്നു. അന്ന് ഹിന്ദുവിനെയും, ക്രിസ്ത്യാനിയെയും , മുസ്ലീമിനെയും കണ്ടാൽ തിരിച്ചറിയുക വളരെ പ്രയാസം ആയിരുന്നു. എന്നാൽ ഇന്ന് അത് എളുപ്പം സാധിക്കും. എല്ലാവരും മതത്തിന്റെ തോടിലേക്ക് വലിഞ്ഞിരിക്കുക ആണ്. ആയുധങ്ങളുമായി മാത്രമേ ഇനി അവർ പുറത്തുവരൂ. നല്ല വിദ്യാഭ്യാസവും , ഉയർന്ന ജോലിയും, സാംസ്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുകയും ഒക്കെ ചെയ്യുന്ന പലരുടെയും പോസ്റ്റുകൾ കാണുമ്പോൾ എത്ര അസഹിഷ്ണുത ഉള്ളവർ ആണ് അവരെന്നും, യാതൊരടിസ്ഥാനവും ഇല്ലാതെ അവർ വിശ്വസിക്കുന്ന മതത്തിന്റെ എന്ത് വലിയ അടിമകൾ ആണ് ഇക്കൂട്ടർ എന്നും വേദനയോടെ ഓർക്കാറുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ