കൊച്ചു വലിയ സര്കീട്ടുകളും കാഴ്ചകളും അതിനിടയില്‍ ആവശ്യത്തിനു തമാശും അനവരതം തീനും പാനീയങ്ങളും എല്ലാം കൂടി ചേര്‍ന്ന കമ്പനിയില്‍ പെട്ട ഏവര്‍ക്കും സു സ്വാഗതം. കാല ദേശ ഭേദമില്ല വെട്ടു വഴിയും രാജ പാതയുമില്ല തട്ട് കടയും അഞ്ചു നക്ഷത്രോം ഇല്ല...കണ്ടതും കേട്ടതും തിന്നതും കുടിച്ചതും ഒപ്പം പറ്റിയ അബദ്ധങ്ങളും പരസ്പരം ഇവിടെ കുറിയ്ക്കാം...ചില്ലറ പാചക വിധികളും.. കോക്ക് ടെയിലുകളും കൂടി ആയാല്‍ ശാപ്പാട്ട് രാമന് ഒരു ഏമ്പക്കം കൂടി....
2024, ജൂലൈ 28, ഞായറാഴ്‌ച
മത പ്രീണനം
മത പ്രീണനം
മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടരുത് എന്ന് രാഷ്ട്രീയക്കാർ പൊതുവെ പറയുമെങ്കിലും മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടി നേട്ടങ്ങൾ കൊയ്യാനാണ് ഈ നാട്ടിലെ ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചിട്ടുള്ളത്. ഇന്ത്യ എന്ന വലിയ ഭൂമികയിൽ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവരുടെ വോട്ട് ആരാണോ സമാഹരിക്കുന്നത് അവരായിരിക്കും രാജ്യം ഭരിക്കുക. ബിജെപി ഈ മത്സരത്തിൽ വലിയ നേട്ടം കൊയ്യുന്നുണ്ട് എന്ന് മനസിലാക്കിയ പാവങ്ങളുടെ ഡൽഹി പാർട്ടി തങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നാൽ ക്രിസ്ത്യാനികൾക്കും , മുസ്ലീങ്ങൾക്കും ഹിന്ദുക്കൾക്കും അവരവരുടെ തീർഥാടന കേന്ദ്രങ്ങളിലേക്ക് സർക്കാർ ചെലവിൽ സൗജന്യ യാത്ര ആണ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തത്. കേരളവും പശ്ചിമ ബംഗാളും ഒക്കെ പോലെ ന്യൂന പക്ഷങ്ങൾക്ക് വലിയ സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ പ്രീണനം നടത്തുന്നത് ന്യൂനപക്ഷങ്ങളെ വശത്താക്കാനാണ് . ന്യൂന പക്ഷങ്ങളിൽ തന്നെ ഏറ്റവും വോട്ടുള്ള ന്യൂന പക്ഷം ഏതാണോ അവരെ പ്രീണിപ്പിക്കാനാണ് ഓരോ രാഷ്ട്രീയ പാർട്ടികളും മത്സരിക്കുന്നത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും ശിലായുഗത്തിൽ നിന്ന് മോചനം ലഭിക്കാത്ത ആളുകളെയാണ് കാണാൻ കഴിയുന്നത്. ഇതിന്റെ പൂർണമായ ഉത്തരവാദിത്വം രാഷ്ട്രീയക്കാർക്ക് മാത്രമാണ്. അവർ പരസ്പരം പഴിചാരി ഏതെങ്കിലും പക്ഷം ചേർന്ന് ജനങ്ങളുടെ മത വിശ്വാസത്തെയും, അന്ത വിശ്വാസത്തെയും ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ ഏറ്റവും വലിയ ശത്രു മത വിമർശകർ ആണ്. അവർ നടത്തുന്ന ഉത്തരവാദിത്വമുള്ള വിമർശനങ്ങളെ മുഖ വിലക്കെടുക്കാതെ കേസിൽ കുടുക്കുവാനും മത മൗലീക വാദികളുടെ ആക്രമണങ്ങൾക്ക് വിട്ടു കൊടുക്കുവാനുമാണ് ഉത്സുകരാകുന്നത് . അന്തമായ മത ചിന്തകളിൽ ജനം മുഴുകി കിടന്നാൽ മാത്രമേ ഭരണത്തിലെ വൈകല്യങ്ങൾ അവർ അറിയാതിരിക്കൂ. അഴിമതിയും, സ്വജന പക്ഷപാതവും യദേഷ്ടം നടത്തണമെങ്കിൽ ജനം മത മത്ത് പിടിച്ച് പരസ്പ്പരം തമ്മിലടിക്കണം.
രാഷ്ട്ര മുന്നേറ്റത്തിന് ഏറ്റവും ആവശ്യമായിട്ടുള്ളത് ഉത്തര വാദിത്തമുള്ള ഒരു ജനതയാണ്. മതങ്ങൾ മനുഷ്യന്റെ സൃഷ്ട്ടിയാണെന്നും, മനുഷ്യത്വവും, സഹകരണവും, സഹോദര്യവുമാണ് ആവശ്യമെന്നും പ്രാദേശികവും , ദേശീയവുമായ ഭിന്നതകൾ മറന്ന് ലോകത്തുള്ള ജനങ്ങൾ എല്ലാം ഹോമോസാപ്പിയൻസ് എന്ന വലിയ കുടുംബത്തിലെ അംഗങ്ങളാണെന്നും മനസിലാക്കി ഒരു പുതിയ ലോകത്തിലേക്ക് ലോക ജനതയെ നയിക്കേണ്ടുന്നവർ ചെന്നായ്ക്കളെപ്പോലെ പതുങ്ങി നിൽക്കുമ്പോൾ ആ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വരുന്നത് സ്വതന്ത്ര ചിന്തകർ ആണ്. ഹിന്ദു മതത്തിലും, ക്രിസ്തു മതത്തിലും ഒക്കെ സ്വതന്ത്ര ചിന്തകരെ കാണാമെങ്കിലും ഇസ്ലാം മതത്തിൽ അത് വളരെ കുറവായിരുന്നു. എന്നാൽ ആ കുറവ് നികത്തി വലിയൊരു നിര തന്നെ ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. ജബ്ബാർ മാഷും , ആരിഫ് ഹുസൈനും ഒക്കെ നയിക്കുന്ന ഈ മുന്നേറ്റം ഇസ്ലാം മതത്തിൽ ഒരു വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്.
മുവാറ്റുപുഴ നിർമല കോളേജിൽ മുസ്‌ലിം വിദ്യാർത്ഥികൾ നിസ്‌കരിക്കാൻ മുറി ആവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പലിനെ ഖൊരാവോ ചെയ്തപ്പോൾ അതിനെ എതിർത്തുകൊണ്ട് ഇസ്ലാം മത സ്വതന്ത്ര ചിന്തകർ തന്നെ മുന്നോട്ടു വന്നത് മനോഹരമായ ഒരു കാഴ്ചയാണ്. വിദ്യാർത്ഥികൾ പഠിക്കാനാണ് വരുന്നത്. പ്രാർത്ഥിക്കാനല്ല. അടുത്തുള്ള മോസ്‌ക്കിൽ പോയി പ്രാർത്ഥിക്കാൻ സർക്കാർ തന്നെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് കൂടുതൽ സമയം അനുവദിക്കുന്നുണ്ട്. എന്നാൽ പെൺകുട്ടികൾക്ക് മോസ്‌ക്കുകളിൽ നിസ്‌കരിക്കാൻ അനുവാദം ഇല്ലാത്തതിനാൽ കോളേജിൽ അതിന് അനുവാദം വേണം എന്ന ആവശ്യം അന്യായമാണെന്നും മോസ്‌ക്കിൽ ആൺകുട്ടികളെപ്പോലെ നിസ്‌ക്കരിക്കാനുള്ള അവകാശത്തിനു വേണ്ടി മത മേധാവികളോട് സംസാരിക്കുക ആണ് വേണ്ടതെന്നും അവർ കുട്ടികളെ ഉപദേശിക്കുമ്പോൾ ആ മതത്തിൽ ഒരു നവോത്ഥാനത്തിന്റെ അലയൊലി കേൾക്കാൻ കഴിയുന്നുണ്ട്. ആത്മീയർ ആയി ജീവിക്കുമ്പോൾ തന്നെ തെറ്റായ മത പഠനങ്ങളിൽ നിന്ന് ഓരോ മതത്തിലും പെട്ട വിദ്യാർത്ഥികൾ പുറത്ത് കടക്കുകയും , രാഷ്ട്രീയക്കാരുടെ കളിപ്പാവകളാകാതെ , രാഷ്ട്രനിർമിതിയിൽ പങ്കു ചേരുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ