2024, ജൂലൈ 17, ബുധനാഴ്‌ച

അഹുര മസ്ദാൻ

അഹുര മസ്ദാൻ അഹൂര മസ്ദാൻ എന്ന് കേൾക്കുമ്പോൾ ഏതോ അധോലോക നേതാവിന്റെ പേരാണ് ആദ്യം മനസിലേക്ക് വരിക. എന്നാൽ ഇത് പാഴ്സികളുടെ ആരാധ്യ ദേവൻ ആണ് എന്നറിയുമ്പോൾ അൽപ്പം കൗതുകം കലർന്ന ആകാംഷ ജനിക്കും. പാഴ്സി മതം ഹിന്ദു , യഹൂദ മതങ്ങളോടൊപ്പം തന്നെ പഴമ അവകാശപ്പെടാവുന്ന ഒരു മതം ആണ്. 40 നൂറ്റാണ്ടുകളുടെ പഴക്കം ഈ മതത്തിനുണ്ട്. എന്നാൽ ഒരു ശരാശരിക്കാരന് ഈ മതത്തെക്കുറിച്ചു കാര്യമായൊന്നും അറിയില്ല. അതിനു കാരണം ഇത് ഒരു മിഷനറി മതം അല്ല എന്നതാണ്. മറ്റു മതക്കാർക്ക് പാഴ്സി മതത്തിലേക്ക് മത പരിവർത്തനം ചെയ്യാൻ കഴിയില്ല. ഇറാനിൽ ആണ് പാഴ്സി മതത്തിന്റെ പിറവി എങ്കിലും ഇസ്ലാം മതം ശക്തി പ്രാപിച്ചതോടെ എട്ടാം നൂറ്റാണ്ടിൽ ഇറാനിൽ നിന്ന് പാഴ്സികൾ പലായനം ചെയ്ത് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും പോയി . ഇന്ത്യയിലുമുണ്ട് ഗണ്യമായ ഒരു പാഴ്സി സമൂഹം. ദാദാഭായ് നവറോജി, ഹോമി ജെ ഭാഭാ , രത്തൻ ടാറ്റ, ഫിറോസ് ഗാന്ധി ഇവരെല്ലാം ഇന്ത്യയിലെ പ്രധാന പാഴ്സി മതക്കാർ ആയിരുന്നു. പാഴ്സി മതത്തെക്കുറിച്ച് പഠിച്ചാൽ മതങ്ങൾ എല്ലാം തന്നെ മനുഷ്യന്റെ നിർമിതികൾ ആണെന്ന് ബോധ്യപ്പെടും. ബിസി 18,00 നും 1500 നുമിടയിൽ കിഴക്കൻ യൂറോപ്പിലെ സ്റ്റെപ്പസ് പ്രദേശത്തു നിന്നും ഭക്ഷണവും, ജലവും സുഖകരമായ താമസവും അന്വേഷിച്ച് പുറപ്പെട്ട ജനസമൂഹത്തിലെ ഒരു കൂട്ടർ സിന്ധു നദി കടന്ന് ഇന്ത്യയിലും മറ്റൊരു കൂട്ടർ ഇറാനിലും എത്തി ചേർന്നു . ഇന്ത്യയിൽ എത്തിച്ചേർന്നവർ ഇൻഡോ ആര്യൻസ് എന്നും ഇറാനിൽ എത്തി ചേർന്നവർ ഇൻഡോ ഇറാനിയൻസ് എന്നും അറിയപ്പെട്ടു. ഒരേ ഭാഷയും ഒരേ വിശ്വാസവും പിന്തുടർന്ന ഇവർ കാലാന്തരത്തിൽ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ ആയി മാറി. ഇന്ത്യയിലെ ഭാഷ സംസ്‌കൃതം ആയപ്പോൾ ഇറാനിൽ അത് അവസ്റ്റൻ എന്നാണ് അറിയപ്പെട്ടത്. ഒരേ പ്രദേശത്തു നിന്ന് വന്നവർ ആയതിനാൽ വേദകാല വിശ്വാസങ്ങളിൽ നമുക്ക് പരിചയമുള്ള അസുരന്മാരും ദേവന്മാരും അവരുടെയും വിശ്വാസത്തിന്റെ ഭാഗമായിരുന്നു. ഒരേയൊരു വ്യത്യാസം ഉള്ളത് ഇന്ത്യയിൽ ദേവന്മാർ സത്ഗുണമുള്ളവർ ആയി അറിയപെട്ടപ്പോൾ ഇറാനിൽ അസുരന്മാർ ആയിരുന്നു നന്മയുടെ അവതാരങ്ങൾ. ഇന്ത്യയിൽ ദേവന്മാരുടെ നേതാവായി ദേവേന്ദ്രൻ ആരാധിക്കപെട്ടപ്പോൾ , ഇറാനിൽ അസുരന്മാരുടെ നേതാവായി വഴിക്കപ്പെട്ടതു വരുണൻ ആയിരുന്നു. സംസ്‌കൃതത്തിൽ എസ് എന്ന ശബ്‍ദം അവസ്റ്റനിൽ ഹ ആയി മാറും. അസുരൻ അങ്ങനെ അഹുരൻ ആയി. അഹുര മസ്ദാൻ എന്നാൽ വരുണാസുരൻ എന്നാണർഥം . ബുദ്ധിയുടെയും അറിവിന്റെയും ദേവൻ . ഇന്ത്യയിൽ വേദകാല ദൈവങ്ങൾക്കും മുകളിൽ ത്രിമൂർത്തികകളും അവർക്കും മുകളിൽ ബ്രമ്മം എന്ന ദാർശനിക സങ്കൽപ്പവും ആയി ഹിന്ദുമതം രൂപം കൊണ്ടപ്പോൾ ഇറാനിൽ അഹുരമസ്ദാൻ എന്ന വരുണാസുരൻ ഏക ദൈവമായി മസ്ദായിസം അഥവാ സൊറാസ്ട്രേണിയിസം എന്ന മതം രൂപമെടുത്തു. ഒരു നാൾ സരാതുഷ്ട്ര എന്ന യുവാവിന് അഹുരമസ്ദാൻ പ്രത്യക്ഷനാകുന്നു. ഈ ലോകവും സർവ ചരാചരങ്ങളും തന്റെ സ്രഷ്ട്ടിയാണെന്നും ഇനി മുതൽ തന്റെ പ്രവാചകൻ ആയി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കണമെന്നും അഹുര മസ്ദാൻ കൽപ്പിക്കുന്നു . അങ്ങനെ സോറാസ്ട്രിയനിസം എന്ന മതം രൂപം കൊള്ളുന്നു. പിൽക്കാല അബ്രഹാമിക് മതങ്ങളിലെ പ്രവാചക സങ്കൽപ്പങ്ങളും സൊറാസ്ട്രിയനിസത്തിൽ നിന്ന് വന്നതാവാനേ തരമുള്ളു. അബ്രഹാമിക്ക് മതങ്ങളിലെ പ്രളയവും, തുടർന്ന് ദൈവം ഭൂമിയിലെ സർവ ചരാചരങ്ങളിലെയും ഓരോന്നിനെ വീതം നോഹിനോടൊപ്പം പേടകത്തിൽ കയറ്റി രക്ഷിക്കുകയും ചെയ്ത കഥ നമുക്കറിയാം. അതേ കഥ തന്നെയാണ് ഈ മതങ്ങൾക്ക് ഒപ്പമോ മുമ്പോ രൂപം കൊണ്ട സരാതുഷ്ട്ര മതത്തിനും പറയാനുണ്ടായിരുന്നത്. അബ്രഹാമിക്ക് മതങ്ങളിൽ നോഹ ആയിരുന്നു രക്ഷകൻ എങ്കിൽ ഹിന്ദു മതത്തിൽ അത് മനു വും ,സൊരാസ്ട്രിയനിസത്തിൽ യിമ യും ആയിരുന്നു രക്ഷകർ. സെൻറ് അവസ്‌റ്റ വായിക്കുമ്പോൾ നമ്മൾ അമ്പരക്കും. ഇസ്ലാം ക്രിസ്ത്യൻ , ജൂദ മതങ്ങൾ തങ്ങളുടെ മത ഗ്രന്ധത്തിൽ പറയാത്ത ഒരു കാര്യവും ലോകത്തിൽ ഇല്ലെന്നും അവരുടെ പുസ്തകങ്ങളിൽ നിന്ന് ഒന്നും വിട്ടു കളയാനും കൂട്ടി ചേർക്കാനും ഇല്ല എന്നും പറയുന്നത് പോലെ തന്നെ ആണ് അഹൂര മസ്ദാന്റെ നിർദേശങ്ങൾ അടങ്ങുന്ന സെൻറ് അവസ്റ്റയും. ഒരു മനുഷ്യന്റെ ജീവിതത്തിൽ വരാവുന്ന എല്ലാ മുഹൂർത്തങ്ങളിലും എങ്ങനെ ഒക്കെ പെരുമാറണം എന്നതുൾപ്പെടെ വിവാഹം, സ്വത്ത്, മൃഗങ്ങളെ അറക്കുന്നത്, പട്ടികളെ കൈകാര്യം ചെയ്യുന്നത് , മരണാന്തര ജീവിതം എന്ന് വേണ്ട ചെറുതും വലുതുമായ സമസ്ത കാര്യങ്ങളെ കുറിച്ചും അവരുടെ വിശുദ്ധ ഗ്രന്ധത്തിൽ ഉണ്ട് എന്നാണു വിശ്വാസം. ഒരു പക്ഷെ ക്രിസ്ത്യൻ , ഇസ്ലാം മതങ്ങളെ പോലെ സൊറാസ്ട്രിയനിസം മിഷനറി മതമായിരിക്കുകയും വെട്ടിപ്പിടിക്കാനും മതം മാറ്റാനും രാജാക്കന്മാർ കൂട്ടിനും ഉണ്ടായിരുന്നെങ്കിൽ ഇന്ന് ലോക ജനതയിലെ ഭൂരിഭാഗവും സൊറസ്ട്രിൻമാരാവുമായിരുന്നു എന്നോർക്കുന്നത് രസകരം തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല: